പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ , അതിന്റെ മനുഷ്യവിരുദ്ധമായ വിദേശനയങ്ങളുടെ പ്രധാന വിമർശകനായിരുന്ന ഓസ്‌ത്രേലിയൻ വംശജനായ ജോൺ പിൽഗെർ, തന്റെ പ്രവർത്തന മേഖലയോട് തികച്ചും പ്രതിജ്ഞാബദ്ധവും, നിർഭയവും, സത്യസന്ധവുമായ സമീപനം ആജീവനാന്തം അനുവർത്തിച്ചു പോന്നിരുന്നു. 1962-നു ശേഷം ജോൺ പിൽഗെർ തന്റെ മുഖ്യ പ്രവർത്തനം ബ്രിട്ടനിൽ കേന്ദ്രീകരിച്ചു. യുദ്ധഭൂമികയിൽ നിന്നുള്ള നിരന്തരമായ റിപ്പോർട്ടിങ് അനുഭവങ്ങളിലൂടെ, യുദ്ധഭീകരതയിൽ നിന്ന് ലാഭം കൊയ്യുന്ന സാമ്രാജ്യത്ത മനോഭാവത്തെക്കുറിച്ചു വ്യക്തമായ അവബോധം പിൽഗെർ ആർജ്ജിച്ചിരുന്നു. ബ്രിട്ടനിലെ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ മികച്ച പ്രചാരകനായിരുന്നു അദ്ദേഹം. ഇടതുപക്ഷ സഹയാത്രികരായിരുന്ന ടോണി ബെൻ MP,  ജെറമി കോർബിൻ MP തുടങ്ങിയ സമാനചിന്തകരോടൊപ്പം 1990-91 ലെ ഒന്നാം ഗൾഫ് യുദ്ധത്തിൽ യുദ്ധത്തിനെതിരായ മാധ്യമ പ്രവർത്തകരടങ്ങിയ പ്രതിരോധനിരയുടെ സ്ഥാപകനായിരുന്നു പിൽഗെർ. അവിടെ ലോകശക്തികളുടെ സ്തുതിപാഠകരായ മാധ്യമപ്രവർത്തകരെ തുറന്നു കാട്ടണമെന്നും പിൽഗെർ തീരുമാനിച്ചിരുന്നു.

യുദ്ധകാലങ്ങളിലെ  കംബോഡിയയും  (Return to Zero, 1993), വിയറ്റ്നാമും (The Last Battle, 1995)   ഡോക്യുമെന്റ്  ചെയ്തതിലൂടെ അദ്ദേഹം മനുഷ്യപക്ഷ ചിന്തകരുടെ ശ്രദ്ധയിലേക്കെത്തിപ്പെട്ടു. തുടർന്ന് ചെഗോസ് ദ്വീപുവാസികളുടെ ജീവിതം  (Stealing a Nation, 2004), ബ്രിട്ടനിലെ NHS -ന്റെ ദുരവസ്ഥയെ പ്രതിപാദിക്കുന്ന “The Dirty War on the National Health Service. 2019)”, തന്റെ ജന്മനാടായ ഓസ്‌ട്രേലിയയിലെ തദ്ദേശവാസികളുടെ അടിമ ജീവിതാവസ്ഥകൾ (Utopia, 2013), സാമ്രാജ്യ ശക്തികളാൽ ഗൂഢാലോചക്കുറ്റം ആരോപിക്കപ്പെട്ടു ബ്രിട്ടനിലെ ബെൽമാർഷ്  ജയിലിൽ മൃതപ്രായനായി ജീവിതം കഴിക്കുന്ന  സ്വദേശീയനും സമാനചിന്തകനുമായ ജൂലിയൻ അസാൻജിന്റെ  സ്വതന്ത്ര ചിന്തയും ജീവിതവും (Julian Assange in Conversation with John Pilger, 2010 തുടങ്ങി, ഏറ്റവും പുതിയ The True Betrayers of Julian Assange are closer to Home, March 2023 വരെ) എന്നിങ്ങനെ വൈവിധ്യമാർന്ന ഡോക്യുമെന്ററികളിലൂടെ അദ്ദേഹം തന്റെ മനുഷ്യാവകാശചിന്തകളുടെ  പ്രചാരകനായി. പ്രസ്തുത വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ ആഗോള ശ്രദ്ധ നേടിയിരുന്നു.

എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹത്തിന്റെ  മികവുകൾ ഒരുപക്ഷേ, യുദ്ധത്തോടും അതിന്റെ അനന്തരഫലങ്ങളോടുമുള്ള അദ്ദേഹത്തിന്റെ നിരന്തരമായ സമരങ്ങളിലൂടെയാവും ഓർമ്മിക്കപ്പെടുക. The Guardian, New Statesman എന്നിവയ്‌ക്കായി അദ്ദേഹം വിവിധ സമയങ്ങളിൽ എഴുതിയിരുന്നു,  പക്ഷേ  Daily Mirror എന്ന പത്രത്തിന്റെ മുഖ്യ വിദേശ റിപ്പോർട്ടർ എന്ന നിലയിലാണ് പിൽഗെർ പ്രധാനമായും അറിയപ്പെടുന്നത്, കൂടാതെ അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ ITV യുടെ World In Action പരമ്പരയിലേയ്ക്കായി നിർമ്മിച്ചിരുന്നു.

ബ്രിട്ടീഷ് മാധ്യമഭീമൻ റോബർട്ട് മാക്‌സ്‌വെൽ മിറർ ന്യൂസ് പേപ്പർ ഗ്രൂപ്പ് സ്വന്തമാക്കിയതിനു  ശേഷം മിറർ ഗ്രൂപ്പിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും, തന്റെ ശക്തവും സ്വതസിദ്ധവുമായ പത്രപ്രവർത്തന ശൈലി പിൽഗെർ അനുസ്യൂതം തുടർന്നു. ബ്രിട്ടന്റെ പ്രധാനമന്ത്രി ടോണി ബ്ലെയറിൻ്റെ കരങ്ങളിൽ രക്തം പുരണ്ടതായി 2003- ൽ ഇറാക്ക് യുദ്ധത്തെക്കുറിച്ചുള്ള മുഖക്കുറിപ്പിൽ പിൽഗെർ ആരോപിച്ചു.

ഇന്ന് വളരെ പ്രസക്തമായ പലസ്തീൻ വിഷയത്തെക്കുറിച്ചുള്ള “Palestine is Still the Issue, Part 1 (1973)  & Part 2 (2002)” കൂടാതെ പസഫിക് മേഖലയിൽ വളരുന്ന സൈനികതയെക്കുറിച്ചുള്ള The Coming War on China (2016) എന്നീ ഡോക്യൂമെന്ററികൾ കാലത്തിനു മുൻപേ നടക്കുന്ന പ്രതിഭാധനനായ മനുഷ്യസ്നേഹിയുടെ സാക്ഷ്യപത്രങ്ങളാണ്. യുദ്ധങ്ങൾ അവസാനിപ്പിക്കാനായുള്ള പ്രവർത്തനങ്ങളുടെ മൂലധനസമാഹരണങ്ങളുടെ മുൻനിരയിൽ എന്നും അദ്ദേഹമുണ്ടായിരുന്നു. അവിടെ The Coming War on China (2016) പ്രദർശിപ്പിച്ചു. ബ്രിട്ടനിലെ  യുദ്ധവിരുദ്ധ പ്രകടനങ്ങളിലെയും പൊതുയോഗങ്ങളിലെയും മികച്ച പ്രഭാഷകനായിരുന്നു പിൽഗെർ. യൂണിവേഴ്സിറ്റികളിൽ ഗസ്റ്റ് ലെക്ചറർ എന്ന നിലയിലും അദ്ദേഹം വ്യത്യസ്ത തലമുറയിലെ സമാന ചിന്തകരുമായി സംവദിച്ചു. തത്വാധിഷ്ഠിത, അന്വേഷണാത്മക  മാധ്യമപ്രവർത്തനത്തിന്റെ  ജീവിക്കുന്ന പ്രതീകമായിരുന്നു ജോൺ പിൽഗെർ – സഹപ്രവർത്തകർക്കും, സ്നേഹിതർക്കും, കുടുംബാംഗങ്ങൾക്കും സ്നേഹസമ്പന്നനായ വഴികാട്ടിയും.

ലോകചിന്തയിൽ തൻ്റേതായ സ്വാധീനം ചെലുത്തിയ അരനൂറ്റാണ്ടിന്റെ  വിപ്ലവകരമായ മാധ്യമപ്രവർത്തനങ്ങൾക്കൊടുവിൽ  എൺപത്തിനാലാം വയസ്സിൽ ലോകത്തോട് വിട പറയുമ്പോൾ, ജോൺ പിൽഗെർ എന്ന ‘പ്രചരണജേർണലിസത്തിൻ്റെ അതികായൻ’ മാധ്യമ പ്രവർത്തന മേഖലയിൽ നികത്താനാവാത്ത ഒരു വിടവ് അവശേഷിപ്പിക്കുന്നു.

2005 – ൽ എഡിറ്റു ചെയ്ത Tell Me No Lies: Investigative Journalism and its Triumphs, എന്ന പുസ്തകത്തിൽ പിൽഗെർ എഴുതി: “രഹസ്യാത്മകമായ അധികാരരൂപങ്ങൾ തങ്ങളുടെ ജോലി ചെയ്യുന്ന പത്രപ്രവർത്തകരെ, തിരശീലകൾ മാറ്റുന്നവരെ, സൂക്ഷ്മമായി ശ്രദ്ധിക്കുന്നവരെ, അത്യദ്ധ്വാനം ചെയ്യുന്നവരെ എല്ലാം അപകീർത്തിപ്പെടുത്തുന്നു” [“Secretive power loathes journalists who do their job, who push back screens, peer behind facades, lift rocks.”]. പിൽഗെർ തന്റെ കുറിപ്പ് ഇങ്ങന ഉപസംഹരിക്കുന്നു: “ അത്തരത്തിലുള്ള അപകീർത്തിപ്പെടുത്തലുകൾ ഒരു ജേർണലിസ്റ്റിനുള്ള ആദരവുകളാണ് [“Opprobrium from on high is their  (journalists’) badge of honour”].

Courtesy: https://johnpilger.com, Counterfire , Frontline, The Guardian

Comments

comments