കുറെ നാള്‍ മുന്‍പ് ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ ഒരു സംഘം ഫേസ്ബുക്ക്‌ അംഗങ്ങളുടെ ചുവരില്‍ കുറെ മലയാളികളുടെ ഒരു ഗ്രൂപ്പ് ഫോട്ടോ പ്രത്യക്ഷമായി. അതിനു മുകളില്‍ ഇങ്ങിനെ ഒരു ശീര്‍ഷകം ഉണ്ടായിരുന്നു: ‘ ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തില്‍ നാവു നഷ്ടപ്പെട്ടവര്‍’. ശ്രീലങ്കയിലെ ആക്രമണം നടന്നയുടന്‍ തന്നെ പ്രതികരിച്ച ഒരാള്‍ ഞാനായിരുന്നിട്ടും എന്റെ പടവും ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. അതിനു മുന്‍പ് സൌദി അറേബ്യയിലോ മറ്റു ഗള്‍ഫ്‌ നാടുകളിലോ എന്തെങ്കിലും സ്വാതന്ത്ര്യ നിഷേധമോ ഏതെങ്കിലും വികാരിയോ ബിഷപ്പോ മുസ്ലീങ്ങളോ ഉള്‍പ്പെട്ട ഒരു അനിഷ്ടസംഭവമോ കാശ്മീരിലെ തീവ്രവാദികളുടെ ആക്രമണമോ പാക്കിസ്ഥാനില്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനോ ദേവാലയത്തിനോ എതിരായ അക്രമമോ ഉണ്ടാകുമ്പോഴൊക്കെ ഈ ഗ്രൂപ്പ് ഫോട്ടോ ഒരേ സമയം പലരുടെയും ടൈം –ലൈനില്‍ പ്രത്യക്ഷപ്പെട്ടു കണ്ടിട്ടുണ്ട്. അവയിലൊക്കെ എന്നെ ‘ടാഗ്’ ചെയ്യാറുമുണ്ട്. എന്നാല്‍ എന്റെ ‘പ്രൈവസി സെറ്റിംഗ്സ്’ ടാഗിംഗ് അനുവദിക്കാത്തതിനാല്‍ അവയൊന്നും എന്റെ ചുവരില്‍ പ്രത്യക്ഷപ്പെടാറില്ല. വല്ലപ്പോഴും ‘ടാഗ് റിവ്യൂ’വില്‍ പോകുമ്പോഴാണ് അവ കാണാറ്. ഇത് തുടങ്ങിയിട്ട് ആറു വര്‍ഷമെങ്കിലും ആയിരിക്കണം. ചിലപ്പോള്‍ പടങ്ങള്‍ മാറി വരും. പക്ഷെ ഗ്രൂപ്പ് ഫോട്ടോയില്‍, എന്നെക്കൂടാതെ സ്ഥിരമായി ഉള്ള ചിലര്‍ ഉണ്ട്. ബി ആര്‍ പി ഭാസ്കര്‍, സനല്‍ മോഹന്‍, ടി ടി ശ്രീകുമാര്‍, ജെ ദേവിക, ഗ്രോ വാസു, സാറാ ജോസഫ്, അരുന്ധതി റോയ്, കെ പി രാമനുണ്ണി,കെ ഈ എന്‍ കുഞ്ഞഹമ്മദ്, പോള്‍ സക്കറിയ, സുനില്‍ ഇളയിടം. തികഞ്ഞ ചിന്താ വൈവിധ്യമുള്ള നല്ല കമ്പനിയാണല്ലോ എന്ന് ഞാന്‍ അപ്പോഴൊക്കെ ആലോചിക്കാറുമുണ്ട്. ഇടയ്ക്കെപ്പോഴോ കുരീപ്പുഴ ശ്രീകുമാര്‍, സെബാസ്റ്റ്യന്‍ പോള്‍, ലക്ഷ്മി രാജീവ്, പിന്നെ ഞാന്‍ മുഖം കൊണ്ട് തിരിച്ചറിയാത്ത ഒന്നുരണ്ടു പേര്‍ എന്നിവരുടെ പടവും കൂട്ടത്തില്‍ കണ്ടു. എന്തിന്, ഒരിക്കല്‍ സുഗതകുമാരിയെപ്പോലും കണ്ടു. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ ‘ഇവരെ കണ്ടാല്‍ വെള്ളത്തില്‍ തള്ളിയിടണം’ എന്ന ആഹ്വാനവുമായാണ്‌ പടം പ്രത്യക്ഷപ്പെട്ടത്.

ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ ഈ ‘സംഘ’ത്തിന്റെ പൊതുസ്വഭാവം എന്താണെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അതില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ മുതല്‍ ഫെമിനിസ്റ്റ്കള്‍ വരെ, കോണ്‍ഗ്രസ്സ്കാര്‍ മുതല്‍ സ്വതന്ത്ര ബുദ്ധിജീവികള്‍ വരെ, പത്രപ്രവര്‍ത്തകര്‍ മുതല്‍ എഴുത്തുകാര്‍ വരെ, പലരും ഉണ്ട്. ഞങ്ങള്‍ എല്ലാവരും പരസ്പരം കണ്ടിട്ടുണ്ടോ എന്ന് തന്നെ എനിക്ക് ഉറപ്പില്ല, ഞാന്‍ ഏതാണ്ട് എല്ലാവരെയും കാണുകയോ അവരോടൊപ്പം വേദി പങ്കിടുകയോ ചെയ്തിട്ടുണ്ടെങ്കിലും. ഇവരില്‍ ഒരാളെപ്പറ്റിപ്പോലുംഏതെങ്കിലും അര്‍ത്ഥത്തില്‍ ഭീകരവാദി എന്ന് പറയാനാവില്ല. അപ്പോള്‍ ഇവരെ യോജിപ്പിക്കുന്ന ഒരൊറ്റ ഘടകമേ ഉള്ളൂ: ഇവരെല്ലാം ഹിന്ദുത്വവാദികളുടെ അക്രമത്തിലും സ്വാതന്ത്ര്യനിഷേധത്തിലും പരസ്യമായി പ്രതിഷേധിക്കുന്നവരാണ്. പ്രസംഗങ്ങളിലും പ്രസ്താവനകളിലും ചിലപ്പോള്‍ സര്‍ഗ്ഗരചനകളിലും കൂടി ജനാധിപത്യത്തിന്റെയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെയു രാഷ്ട്രീയം ഉന്നയിക്കുകയും ഭരണഘടനയില്‍ വിശ്വസിക്കുകയു ചെയ്യുന്നവര്‍ ആണ്. അങ്ങിനെയുള്ള മറ്റുള്ളവരും ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. അവരെ ഇക്കൂട്ടര്‍ കാര്യമായി എടുക്കുന്നില്ല, അഥവാ അവരുടെ എഴുത്തും പ്രവര്‍ത്തനവുമായി ഇവര്‍ക്ക് പരിചയമില്ല എന്ന് കരുതിയാല്‍ മതി. അത്തരത്തില്‍ നോക്കിയാല്‍ ഇത് ഒരു വലിയ അംഗീകാരം ആയി കാണണം- ഞങ്ങള്‍ക്കെല്ലാം ഈ അക്രമിസംഘത്തെ തുടര്‍ച്ചയായി പ്രകോപിപ്പിക്കാനെങ്കിലും കഴിയുന്നുണ്ടല്ലോ. ഞാന്‍ ഈ സംഘത്തില്‍ വന്നത് സാഹിത്യ അക്കാദമിയില്‍ നിന്ന് രാജിവെച്ച ശേഷമാണെന്ന് തോന്നുന്നു; എന്റെ പത്തൊമ്പതാം വയസ്സ് മുതല്‍ ആരംഭിച്ചതാണ് അവരുടെ കപടഹിന്ദുത്വത്തിന്നെതിരായ ചെറുത്തുനില്‍പ്പ്‌ എന്നും ‘മാതൃഭൂമി’ ആഴ്ച്ചപ്പതിപ്പിലെ ലേഖനങ്ങളിലും എന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലുമായി നാല് പതിറ്റാണ്ട് മുന്‍പ് തന്നെ വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് ഞാന്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും അവര്‍ക്ക് അറിയണമെന്നില്ലല്ലോ..

പണ്ടൊക്കെ, കാശ്മീരിലെ ഇന്ത്യന്‍ പട്ടാളത്തിന്റെ അക്രമങ്ങളെക്കുറിച്ചു പോസ്റ്റിട്ടാല്‍ കാശ്മീരി പണ്ഡിറ്റ്‌കളുടെ കാര്യം ഉന്നയിക്കുക മാത്രമാണ് ഈ സംഘം ചെയ്തിരുന്നത്; ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ട കാശ്മീരിപണ്ഡിറ്റ്കള്‍, തങ്ങളുടെ പുനരധിവാസത്തിന്നായി ഒരു ചെറുവിരല്‍ പോലും അനക്കാത്തതിനാല്‍ ബി ജെ പി സര്‍ക്കാരിനെ തള്ളിപ്പറഞ്ഞതു കൊണ്ട് ഇനി അവരെക്കുറിച്ച് പറയില്ലായിരിക്കും. പാവങ്ങള്‍, അവര്‍ക്ക് അറിഞ്ഞു കൂടാ, ചില പ്രശ്നങ്ങള്‍ അവര്‍ പരിഹരിക്കാനല്ലാ, തങ്ങള്‍ക്കു വോട്ടു നേടാനായി നില നിര്‍ത്താനാണ് ആഗ്രഹിക്കുന്നത് എന്ന് : അയോധ്യയിലെ രാമക്ഷേത്രം പോലെ. അല്ലെങ്കില്‍ മറ്റൊരു കാര്യം പറഞ്ഞാല്‍ അപ്പോള്‍ ആ സംഭവമോ, , അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു എന്ന് ചോദിക്കും. ഈ സമീപനത്തിന് ഇപ്പോള്‍ ഇംഗ്ലീഷില്‍ ഒരു പേരുണ്ട്, ‘വാട്ടെബൌട്ടിസം’.

ഈ സൈബര്‍ പോരാളികള്‍ മിക്കവാറും എല്ലാവരും കള്ളപ്പേരുകളിലാണ് ഫേസ് ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകള്‍ തുറന്നിട്ടുള്ളത്. ഇന്ത്യ മുഴുവന്‍ പലപ്പോഴും ശമ്പളം പറ്റുന്ന, മോഡീശ്വരന്റെ നേരിട്ടുള്ള അനുഗ്രഹമുള്ള, ഇത്തരം ഒരു വലിയ സൈബര്‍സേനയുണ്ടെന്നു ഇന്ന് നമുക്ക് പെന്‍ഷന്‍ പറ്റിയ, അഥവാ മോഹമുക്തരായ, പോരാളികളുടെ പുസ്തകങ്ങളില്‍ നിന്നറിയാം.ഇവരുടെ പ്രതികരണങ്ങള്‍ എന്നെ ചിലപ്പോള്‍ ചിരിപ്പിക്കുകയും ചിലപ്പോള്‍ വിസ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട്, ഭയപ്പെടാന്‍ ഞാന്‍ പണ്ടേ മറന്നു പോയതുകൊണ്ട്. “സാംസ്കാരിക നായകള്‍’ എന്ന് അവര്‍ വിശേഷിപ്പിക്കുന്ന ഞങ്ങളില്‍ മിക്കവാറും തന്നെ മുസ്ലീം- ക്രിസ്ത്യന്‍ രാജ്യങ്ങളിലെയും അവകാശധ്വംസനങ്ങളെയും ന്യൂനപക്ഷ പീഡനങ്ങളെയും തുറന്നു കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യാറുള്ളവര്‍ ആണ്. ഞാന്‍ പ്രത്യേകിച്ചും അതില്‍ ശ്രദ്ധിക്കാറുണ്ടെന്നു എന്റെ ‘ടൈംലൈ’നില്‍ നോക്കുന്ന ആര്‍ക്കും ബോദ്ധ്യമാകും. എന്നാല്‍ എന്റെ പോസ്റ്റുകള്‍ അധികവും ഈ പോരാളികളോട് പോരടിക്കാന്‍ സമയമില്ലാത്തതു കൊണ്ട് ഞാന്‍ കൂട്ടുകാര്‍ക്ക് മാത്രമായി സെറ്റ് ചെയ്തിരിക്കുന്നത് കൊണ്ട് അവയൊന്നും ഇവര്‍ കാണാറില്ല.

ഞാന്‍ ഏറ്റവുമധികം ശകാരത്തിനു- ഇത് ഒരു ന്യൂനപ്രസ്താവമാണ്, തെറി എന്നാണു ശരിയായ മലയാളം- വിധേയനായത് ഹാദിയയ്ക്ക് തനിക്കിഷ്ടമുള്ള ഒരു പുരുഷനെ- അയാള്‍ മുസ്ലീം ആയിപ്പോയി, ആ കുട്ടി മുന്‍പ് ഒരു ഹിന്ദുവും- വേണ്ടി ഒരു പ്രസ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോഴാണ്. അത് ഫേസ് ബുക്കില്‍ ‘ലൈവ്’ ആയി പോയിരുന്നു. ഒരു സെക്കണ്ടില്‍ ഒരു തെറി എന്ന തോതിലാണ് ആ സമയത്ത് എനിക്ക് ശകാരം വന്നു കൊണ്ടിരുന്നത്. എന്റെ പ്രായം, ശാരീരികപ്രത്യേകതകള്‍ ഇതെല്ലാം ട്രോളുകള്‍ക്ക് വിഷയമായിരുന്നു. ജീവിതത്തില്‍ കവിത വായിക്കാത്ത , ഒരു പക്ഷെ ഭാഷയില്‍ എത്ര അക്ഷരങ്ങള്‍ ഉണ്ടെന്നു തന്നെ അറിയാത്ത, അവര്‍ ഞാന്‍ കവിയല്ലെന്നും ജിഹാദി ആണെന്നുമെല്ലാം പറഞ്ഞു, ജിഹാദ് ( ധര്‍മ്മയുദ്ധം) എന്ന ആശയം ആദ്യം മുന്നോട്ടു വെച്ചത് ഭഗവദ്ഗീതയാണെന്നും അതിന്റെ മൂലാര്‍ത്ഥം അനീതിക്കെതിരായ പോരാട്ടം എന്നാണെന്നും ഇന്ന് ഐ. എസ്സും മറ്റും വ്യാഖ്യാനിക്കും പോലെ മറ്റു മതങ്ങള്‍ക്കെതിരായ യുദ്ധം എന്നല്ലെന്നും പോലും അറിയാതെ. ( ‘ധര്‍മ്മ’യുദ്ധങ്ങളില്‍ എത്രത്തോളം അധര്‍മ്മം ഉണ്ടായിരുന്നു എന്നത് മറ്റൊരു വിഷയം) അവരില്‍ പലരും ആ പെണ്‍കുട്ടിയുടെ ശുഭകാംക്ഷികളും സംരക്ഷകരുമായാണ് ചമഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞാല്‍ ഉടന്‍ അവള്‍ പഠനം ഉപേക്ഷിച്ച് ഭര്‍ത്താവിന്നൊപ്പം സിറിയയില്‍ ഇസ്ലാമിക് ( എന്റെ അഭിപ്രായത്തില്‍ അണ്‍ -ഇസ്ലാമിക്ക് ) പോരാളിയായി പോകും എന്നായിരുന്നു അവര്‍ ആ കുട്ടിയുടെ പിതാവിനെയും ധരിപ്പിച്ചിരുന്നത്. അതൊക്കെ തെറ്റായിരുന്നു എന്ന് താമസിയാതെ തന്നെ തെളിഞ്ഞു, ആ കുട്ടി ഡോക്ടര്‍ ആയി, അവര്‍ സുഖമായി കഴിയുന്നു, പിന്തുണയ്ക്ക്‌ നന്ദി പറഞ്ഞു ഹാദിയ എനിക്ക് എഴുതുകയും, അവളുടെ പുസ്തകപ്രകാശനത്തിനു ക്ഷണിക്കുകയും ചെയ്തു. ഞാന്‍ ആ വിഷയത്തില്‍ വിശദമായ ഒരു ലേഖനം തര്‍ക്കം നടക്കുന്ന കാലത്തു തന്നെ സിദ്ധാര്‍ഥ് വരദരാജന്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘വയറി’ല്‍ ( thewire.in) എഴുതുകയും ചെയ്തിരുന്നു. പക്ഷെ ആ ശകാരം ഇന്നും അവിടെത്തന്നെ കിടക്കുന്നു!

മറ്റൊരനുഭവം ഏതാണ്ട് മൂന്നു വര്‍ഷം മുന്‍പ് കോഴിക്കോട് നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് തീവണ്ടിയില്‍ സഞ്ചരിക്കുമ്പോഴാണ് ഉണ്ടായത്. ഒരു യാത്രക്കാരന്‍- അല്‍പ്പം ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍- തന്റെ മൊബൈലില്‍ ഒരു പടം കാണിച്ചു തന്നു എന്നോട് ചോദിച്ചു: “ഇത് നിങ്ങളല്ലേ?” ഞാന്‍ “അതെ” എന്നു പറഞ്ഞപ്പോള്‍ അയാള്‍ എന്റെ ചിത്രത്തിന്റെ കൂടെയുള്ള ഒരു ഉദ്ധരണി കാണിച്ചു തന്നു. അത് ഇങ്ങിനെയായിരുന്നു: “ പാക്കിസ്ഥാന്‍ ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം: സച്ചിദാനന്ദന്‍”. എന്നിട്ടയാള്‍ ചോദിച്ചു, ഇത് നിങ്ങള്‍ പറഞ്ഞതാണോ? അപ്പോള്‍ അനേകം കണ്ണുകള്‍ എന്റെ നേരെ തിരിയുന്നത് ഞാന്‍ കണ്ടു, അവര്‍ ഒരു സംഘമായിരുന്നു. ഞാന്‍ പറഞ്ഞു: “ അതെ. പക്ഷെ കുറച്ചു കൂടിയുണ്ട്: എം എഫ് ഹുസൈനും അനന്ത മൂര്‍ത്തിയും ഗിരീഷ്‌ കര്‍ണ്ണാടും ഹബീബ് തന്വീറും ശുഭാ മുദ്ഗലും അമീര്‍ ഖാനും നന്ദിതാദാസും എം ടി വാസുദേവന്‍ നായരും പ്രകാശ് രാജും റൊമീലാ ഥാപ്പറും പി സായിനാഥും പോലെ ഹിന്ദുത്വവാദികള്‍ “പാക്കിസ്ഥാനില്‍ പോ” എന്ന് പറഞ്ഞവരെല്ലാം പാക്കിസ്ഥാനില്‍ പോവുകയാണെങ്കില്‍ അത് ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാകും എന്നാണു ഞാന്‍ തൃശ്ശൂരിലും കോഴിക്കോടുമുള്ള പ്രസംഗങ്ങളില്‍ പറഞ്ഞത്.” അയാള്‍ എന്നെ ഒന്ന് തുറിച്ചു നോക്കി. ഏതായാലും “അങ്ങിനെയാണല്ലേ, ഞാന്‍ കൂട്ടുകാരോട് പറയാം- ഇത് മൊബൈല്‍ ഫോണ്‍ വഴി പ്രചരിക്കുന്നുണ്ട്” എന്ന് പറഞ്ഞു അയാള്‍ കൂട്ടുകാരുടെ അടുത്തേയ്ക്ക് മടങ്ങിപ്പോയി.

എന്നാല്‍ ആ പ്രചാരണം അവിടം കൊണ്ട് നിന്നില്ല. എനിക്ക് കേരള സര്‍ക്കാര്‍ എഴുത്തുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ “എഴുത്തച്ഛന്‍ പുരസ്കാരം” പ്രഖ്യാപിച്ചപ്പോള്‍ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയ ഏറ്റവും വലിയ എതിര്‍പ്പ് ഈ കാരണം തന്നെ പറഞ്ഞായിരുന്നു! ഞാന്‍ ‘എഴുത്തച്ഛന്‍ എഴുതുമ്പോള്‍’ എന്ന കവിത എഴുതിയിട്ടുണ്ടെന്നോ, ഭക്തികവിത എന്റെ ഒരു പ്രധാന പഠന വിഷയമാണെന്നോ, അതിനെക്കുറിച്ച് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ മൂന്നു പുരോഹിത് സ്വാമി സ്മാരകപ്രഭാഷണങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ടെന്നോ, എഴുത്തച്ഛന്റെ ‘അധ്യാത്മ രാമായണ’ത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു പ്രബന്ധം ഗുജറാത്തിലെ ഒരു രാമായണസെമിനാറില്‍ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ടെന്നോ ( അത് സമാഹരിക്കപ്പെട്ടിട്ടുമുണ്ട്), തിരൂര്‍ തുഞ്ചന്‍ പറമ്പിലും മദിരാശി സര്‍വ്വകലാശാലയിലും ഞാന്‍ തുഞ്ചന്‍സ്മാരകപ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നോ, ഇന്ത്യന്‍ ഭക്തികവികളെക്കുറിച്ചു ഞാന്‍ അനേകം കവിതകള്‍ രചിച്ചിട്ടുണ്ടെന്നോ – പുരസ്കാരം എന്റെ മൊത്തം സാഹിത്യ സംഭാവനകള്‍ക്കായിരുന്നെങ്കിലും- നിരക്ഷരരായ അവര്‍ക്ക് അറിയില്ലായിരുന്നു എന്നത് സ്വാഭാവികം.

ഇപ്പോഴും -എന്റെ ഫേസ്ബുക്കില്‍ നിന്ന് അവരെ അധികവും നീക്കിയത് കൊണ്ട്- എന്റെ ‘ഫേസ്ബുക്ക്‌പേജി’ല്‍ വന്നു ഇടയ്ക്കിടെ അവര്‍ തെറി പറഞ്ഞു കൊണ്ടിരിക്കുന്നു. ഞാന്‍ പ്രതികരിക്കാറില്ല, അതിനുള്ള ഭാഷ ഞാന്‍ ഇനിയും വികസിപ്പിച്ചിട്ടില്ല; അവരുടെ ഗ്രൗണ്ടില്‍ തന്നെ – ഹിന്ദു പാരമ്പര്യത്തിന്റെ നന്മ-തിന്മകളെപ്പറ്റി- യുക്തിസഹമായ ഒരു വിവാദത്തിനു ഞാന്‍ എപ്പോഴും തയ്യാറാണെങ്കിലും! എന്നാല്‍ അവര്‍ക്ക് അറിയാവുന്നത് ഹിംസയുടെ ഭാഷ മാത്രമാണ്; ഞാന്‍ ആത്യന്തിക ഹിംസയ്ക്ക് വിധേയനായാല്‍ പോലും ആ ഭാഷ പഠിക്കാനോ പ്രചരിപ്പിക്കാനോ തയ്യാറുമല്ല. ഇരുപതാം നൂറ്റാണ്ടിലെ ചരിത്രത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഏറ്റവും പ്രധാനമായ നീതിപാഠം ഹിംസയിലൂടെ വരുത്തുന്ന സാമൂഹ്യപരിവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ അതിലേറെ ഹിംസ ആവശ്യമായി വരുമെന്നും അങ്ങിനെ ആ പരിവര്‍ത്തനത്തിന്റെ മൂലലക്‌ഷ്യം തന്നെ പരാജയപ്പെടുമെന്നുമാണ്. വിപ്ലവത്തിന് ഹിംസ ആവശ്യമായി വരുന്നതുതന്നെ ജനത കൂടെ ഇല്ലാത്തപ്പോഴാണ്. ജനകീയസാംസ്കാരികവേദി കാലത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അതെനിക്ക് ബോദ്ധ്യമായി : ജനത അന്ന് കാണികള്‍ ആയിരുന്നു, പങ്കാളികള്‍ ആയിരുന്നില്ല. ഇരയാക്കപ്പെടുന്ന ജനതതിയുടെ സംഘടിതശക്തിയെക്കാള്‍ വലിയ ഒരു ശക്തിയുമില്ല. അത് ഏതു ആയുധശക്തിയെയും നിഷ്പ്രഭമാക്കും.

ഇതൊന്നും ഞാന്‍ പറയാന്‍ ആഗ്രഹിച്ചിരുന്നതല്ല, ഒരു ഇരയായി കാണപ്പെടാനോ പോലീസ് സംരക്ഷണയില്‍ ജീവിക്കാനോ എനിക്ക് അല്‍പ്പവും ഇഷ്ടവുമല്ല. ചില ആശയങ്ങള്‍ ചിലര്‍ക്ക് ജീവനേക്കാള്‍ പ്രിയതരമാണ്: അഹിംസയിലൂടെ നേടുന്ന കീഴാളജനാധിപത്യം എന്നെ സംബന്ധിച്ച് അത്തരം ഒരു ആശയമാണ്. ഈ ലേഖനം ഞാന്‍ എഴുതുന്നത്‌ എന്റെ ഒരു ഫേസ്ബുക്ക്‌ പോസ്റ്റ് അല്‍പ്പം വികസിപ്പിച്ചെഴുതാന്‍ ‘നവമലയാളി’യിലെ എന്റെ രണ്ടു സുഹൃത്തുക്കള്‍ -മുരളിയും ( മുരളി വെട്ടത്ത്) രാജനും ( രാജശേഖര്‍ മേനോന്‍) – നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ്.

Comments

comments