1951ല്‍പുറത്തുവന്ന ‘ജീവിതനൗക‘ നേടിയ പ്രദര്‍ശന വിജയത്തിനുശേഷം കേരളത്തിന്റെ സാമൂഹിക ജീവിതചിത്രങ്ങള്‍ മലയാളസിനിമയില്‍ സജീവമാകുന്നു. അന്നോളം പുറത്തുവന്നിരുന്ന അന്യഭാഷാചിത്രങ്ങളുടെ അനുകരണങ്ങളില്‍നിന്നുംവഴിമാറിനടക്കല്‍ ഇക്കാലത്തെ ചിത്രങ്ങളില്‍ പ്രകടമായി. കേരളത്തിന്റെ ഗ്രാമീണജീവിത പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ പിന്നീട് പുറത്തു വരുന്നു. ഗ്രാമീണ ജീവിതമായിരിക്കുമ്പോഴും സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ മിക്കപ്പോഴും സമ്പന്ന കുടുംബങ്ങളില്‍പ്പെട്ടവര്‍ തന്നെയായിരുന്നു. സമ്പന്നരുടെ ജീവിതലീലകളുടെ പ്രേക്ഷകരായിരുന്നു കര്‍ഷക തൊഴിലാളികളും മറ്റും ഉള്‍പ്പെടുന്ന പ്രേക്ഷക സമൂഹം. ജീവിതനൗകയില്‍ നായികയായ ലക്ഷ്മിയെ ഉപദ്രവിക്കുന്ന വില്ലനായ മുതലാളി ഒഴികെ മറ്റ് ചിത്രങ്ങളിലെ സമ്പന്നകഥാപാത്രങ്ങള്‍ മിക്കവാറും അതിപ്രതാപഗുണവാന്‍മാരായിരുന്നുവെന്ന് കാണാം. പുരോഗമന സാഹിത്യത്തിന്റെ മാറ്റൊലിയായാണ് 1951ല്‍ നവലോകം പുറത്തുവരുന്നത്. നവലോകത്തെ ഒരു രാഷ്ട്രീയ ചിത്രമയാണ് ചലച്ചിത്ര ചരിത്രകാരന്‍മാർ രേഖപ്പെടുത്തുന്നത്. അത്തരമൊരു നിഗമനത്തിന്റെ അടിസ്ഥാനം ചിത്രത്തിന്റെ രചയിതാവിനെ സംബന്ധിക്കുന്ന മുന്‍വിധിയാവാനാണു സാധ്യത. പൊന്‍കുന്നം വര്‍ക്കിയായിരുന്നു നവലോകത്തിന്റെ തിരക്കഥാകൃത്ത്. പൊന്‍കുന്നം വര്‍ക്കിയുടെ രചന ‘പുരോഗമന‘മാകാതെ തരമില്ലെന്ന ധാരണയാണ് നവലോകത്തിന് രാഷ്ട്രീയ ചിത്രമെന്ന സ്ഥാനം നേടിക്കൊടുക്കുന്നത്. പരമ്പരാഗത പുരോഗമനരചനയുടെ രീതീശാസ്ത്രമനുസരിച്ച് ഉള്ളവരും ഇല്ലാത്തവരുമെന്ന് ‘വര്‍ഗ്ഗപരമായി‘ വിഭജിക്കപ്പെട്ടതാണ് ഇതിലെ കഥാപാത്രങ്ങള്‍. ജന്‍മിത്തത്തിന്റെ ചൂഷണത്തിനെതിരെ ബോധമാര്‍ജ്ജിക്കുന്നവരാണ് ചൂഷിതര്‍. മര്‍ദ്ദകനായ ജന്‍മിയെ കീഴടക്കുന്ന തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ ആവേശമൊന്നും ചലച്ചിത്രം മുന്നോട്ടുവലയ്ക്കുന്നില്ല. ഒരുപക്ഷെ അക്കാലത്തെ നാടകവേദികളില്‍ സാധ്യമായിരുന്ന ‘മുദ്രാവാക്യസമാനമായ അന്തിമരംഗങ്ങള്‍‘ പുരോഗമന രാഷ്ട്രീയ‘ സിനിമകളില്‍ സാധ്യമായിരുന്നില്ല. ജന്‍മി മാനസാന്തരം വന്ന് തൊഴിലാളികള്‍ക്കൊപ്പം ചേരുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. സമൂഹത്തിന്റെ രക്ഷാകര്‍തൃത്വം വഹിച്ചിരുന്ന സമ്പന്ന വരേണ്യവിഭാഗത്തിന്അപ്രിയമായതൊന്നും സിനിമയില്‍ സംഭവിച്ചിരുന്നില്ലെന്നു വേണം മനസ്സിലാക്കാന്‍. ഒരു വ്യവസായം എന്ന നിലയില്‍ സിനിമ പുലര്‍ത്തിയിരുന്ന മനോഭാവം അതിന്റെ പ്രാരംഭ ദശയില്‍ത്തന്നെ പ്രകടമായിരുന്നുവെന്നു സാരം. സാഹിത്യത്തിലുംനാടകത്തിലുമെല്ലാം നവോത്ഥാന മൂല്യങ്ങളുടേയും കമ്യൂണിസ്റ്റ് ‘പുരോഗമനാ‘ശയങ്ങളുടേയും അന്തര്‍ധാര ശക്തമായിരുന്ന ആ കാലഘട്ടത്തിന്റെയും പ്രതിഫലനമൊന്നും ചലച്ചിത്രത്തില്‍ സംഭവിക്കുന്നില്ല. സിനിമ ഒരു സാമ്പത്തിക-സാംസ്‌കാരിക സ്ഥാപനമാണ്. സാമ്പത്തികസ്ഥാപനം എന്ന നിലയില്‍ ചലച്ചിത്രം മൂലധന പ്രത്യയശാസ്ത്രത്തെ ചലച്ചിത്ര വ്യവഹാരത്തിലേക്ക് കൊണ്ടുവന്ന് മൂലധനശക്തികളുടെ മൂല്യവിശ്വാസങ്ങള്‍ക്കും ലോകവീക്ഷണത്തിനും സദാചാര സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ച് പ്രേക്ഷകരെ രൂപപ്പെടുത്താൻ ശ്രമിക്കുന്നു. മൂലധനവ്യവസ്ഥ സ്ഥിരവും ശാശ്വതവുമാണെന്നും അതില്‍ നിലനില്‍ക്കുന്ന സാമൂഹ്യബന്ധങ്ങളും, അസന്തുലിതമായ സാമൂഹ്യശ്രേണികളും സ്വാഭാവികമായ അനുഭവങ്ങള്‍ മാത്രമാണെന്നും വരുത്തിത്തീര്‍ക്കുന്ന കാഴ്ചകളാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. അങ്ങനെ അധികാരസ്ഥാപനങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന, അതിന്റെ ക്രിയാപദ്ധതികളോട് വിയോജിപ്പില്ലാത്ത പ്രേക്ഷകസമൂഹത്തെ സൃഷ്ടിക്കാന്‍ ചലച്ചിത്രത്തിന് കഴിയുന്നു. സിനിമകാണല്‍ എന്ന പ്രക്രിയതന്നെ പ്രേക്ഷകരില്‍ നിന്നും നിരുപാധികമായ വിധേയത്വം ആവശ്യപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ‘പ്രദര്‍ശനശാലയ്ക്കു മുന്‍പില്‍ ‘ചൊല്‍പ്പടി‘ പ്രകാരമുള്ള കാത്തുനില്‍പ്പില്‍ നിന്നു തുടങ്ങി സ്വന്തം വിവേചനശേഷിയെ അടിയറവെച്ചുകൊണ്ട് നായകന്റെ മനോവൃത്തിയുമായി താദാത്മ്യം പ്രാപിച്ച്, സിനിമയുടെ അന്തിമനിഗമനത്തെ നിര്‍ബാധം അംഗീകരിക്കുന്നതു വരെ അനുഷ്ഠിക്കപ്പെടുന്ന ഒരു വിധേയ്വമാണത്. സിനിമാപ്രദര്‍ശനവും പ്രദര്‍ശന ഇടങ്ങളും രൂപപ്പെടുന്നതിന്റെ ചരിത്രം വിധേയത്വവല്‍ക്കരണത്തിന്റെ പ്രത്യയശാസ്ത്ര താല്പര്യങ്ങളെ വെളിപ്പെടുത്തുന്നതായാണു മലയാള സിനിമയുടെ പ്രേക്ഷകസമൂഹത്തെ മുന്‍നിര്‍ത്തി കാണലിന്റെ രാഷ്ട്രീയം വിശകലനം ചെയ്യുമ്പോള്‍ ബോധ്യപ്പെടുന്നത്.
പ്രേക്ഷകസമൂഹങ്ങളിലുണ്ടായ പരിണാമവും ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. ആദ്യകാല ചലച്ചിത്ര പ്രദര്‍ശന ഇടങ്ങളിലെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനസമ്പ്രദായം വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ടവരില്‍ താല്പര്യം ജനിപ്പിക്കുന്നതിന് സഹായകമായിരുന്നു. ചെറുപട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും
Be the first to write a comment.