- ഗോത്രമതങ്ങളും വേദങ്ങളും
‘അഗ്നിമീളേ പുരോഹിതം
യജ്ഞസ്യ ദേവമൃത്വിജം
ഹോതാരം രത്നധാതമം’
(ഋഷി- മധുച്ഛന്ദാഃ വൈശ്വാമിത്രഃ, ഛന്ദസ്സ്- ഗായത്രീ, ദേവതാ- അഗ്നി)
(യജ്ഞത്തിന്റെ പുരോഹിതനും ദേവനും ഋത്വിക്കും ഹോതാവും രത്നയുക്തനുമായ അഗ്നിയെ ഞാൻ സ്തുതിക്കുന്നു)
ഋഗ്വേദസംഹിതയുടെ ആരംഭം ഇങ്ങനെയാണ്. അഗ്രണി, ദീപ്തിമാൻ, ധനം നല്കുന്നവൻ, പോഷകൻ, വീരത്വം പ്രദാനം ചെയ്യുന്നവൻ, സത്യസംരക്ഷകൻ, സഹജമായി വികാസം പ്രാപിക്കുന്നവൻ എന്നിങ്ങനെ പല നിലകളിൽ അഗ്നി ഋഗ്വേദത്തിൽ പടരുന്നതു കാണാം. യജുർവേദത്തിലും അഗ്നി ഊർജ്ജപതിയും അന്നപതിയുമാകുന്നു.
ഋഗ്വേദത്തിൽ അഗ്നിയെക്കൂടാതെ ഇന്ദ്രൻ, വായു, വരുണൻ, മരുത്തുക്കൾ, മിത്രൻ, വരുണൻ, അശ്വിനികൾ, പൂഷാവ്, രുദ്രൻ, സവിതാവ്, ഉഷസ്സ്, ബ്രഹ്മണസ്പതി, തപസ്സു ചെയ്തു ദേവത്വം പ്രാപിച്ചവരായ ഋഭുക്കൾ, പ്രജാപതി, സോമൻ, സരസ്വതി എന്നിങ്ങനെ വേറെയും ധാരാളം ദേവതകളുണ്ട്. ശതക്രതുവായ ഇന്ദ്രൻ വജ്രായുധധാരിയും മേഘങ്ങളെ ഛിന്നഭിന്നമാക്കി മഴ പെയ്യിക്കുന്നവനുമാണ്. സ്വർണ്ണസമാനമായ രൂപഗുണമുള്ളവൻ, സമ്പത്തു നല്കുന്നവൻ, ദൈത്യന്മാരുടെ നാശകൻ, തന്റെ നിന്ദകന്മാരെ നാടിന്റെ അങ്ങേയറ്റത്തേക്ക് പലായനം ചെയ്യിക്കുന്നവൻ, ധനവും സൽബുദ്ധിയും തരുന്നവൻ, ഉറപ്പേറിയ കോട്ടകളുടെ ഭേദകൻ എന്നിങ്ങനെ ഇന്ദ്രന്റെ വിശേഷണങ്ങൾ വിപുലമാണ്. വളരെ ദൂരേയ്ക്കു കാണുന്നതിനുവേണ്ടി ഇന്ദ്രനാണ് സൂര്യനെ സ്ഥാപിച്ചത്. (1.7.3) വലന്റെ ഗുഹയിൽ ഒളിപ്പിക്കപ്പെട്ടിരുന്ന ഗോക്കളെ മരുത്ഗണങ്ങളുടെ സഹായത്തോടെ വീണ്ടെടുത്തതും (1.6.5), (1.11.5) സ്വന്തം മായയാൽ മായാവിയായ ശുഷ്ണന്റെ മേൽ വിജയം നേടിയതും (1.11.7) ചയമാനന്റെ പുത്രനായ അഭ്യാവർത്തിക്കു ധനം നല്കുന്നതിനായി വരശിഖന്റെ പുത്രന്മാരെ വധിച്ചതും (6.27.5) ഇന്ദ്രന്റെ യുദ്ധവീര്യത്തിന് ഉദാഹരണങ്ങളാണ്. സൂര്യരൂപത്തിൽ പ്രകാശിക്കുന്ന ഇന്ദ്രന്റെ അഹിംസകമായ രൂപത്തോട് എല്ലാ പദാർത്ഥങ്ങളും ബന്ധിക്കപ്പെട്ടിരിക്കുന്നു. എല്ലാ ലോകങ്ങളിലെലേയും ജീവികളും ഇന്ദ്രനോട് ബന്ധപ്പെട്ടിരിക്കുന്നു. (1.6.1) മരുത്തുക്കൾ ഇന്ദ്രന്റെ സഹഗാമികളാണ്. പരസ്പരം തുല്യതേജസ്സുള്ള അവർ എല്ലായിടങ്ങളിലും സഞ്ചരിക്കുന്നവരാണ്. മിത്രാവരുണന്മാർ ഋതത്തിന്റെയും സത്യത്തിന്റെയും സംരക്ഷകരാണ്. ഇങ്ങനെ പ്രപഞ്ചക്രമത്തേയും പ്രാപഞ്ചികപ്രതിഭാസങ്ങളേയും നിയന്ത്രിക്കുന്ന ശക്തികൾ മുതൽ യജ്ഞത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ വരെ ഋഗ്വേദത്തിൽ സ്തുതിക്കപ്പെടുന്നുണ്ട്. മൂർത്തവും അമൂർത്തവുമായ വിവിധരൂപങ്ങളിൽ, വിവിധശക്തികളുടേയും ഗുണങ്ങളുടേയും വാഹകരായി ഈ ദേവതകൾ വേദങ്ങളിൽ പ്രത്യക്ഷപ്പെടുുന്നു.
ഒരു തരത്തിൽ ഗോത്രമതങ്ങളിൽ പൊതുവേ കാണുന്ന സർവ്വാത്മവാദവും അനുഷ്ഠാനപരതയും മിഥോളജിയുമൊക്കെ ഈ വേദമന്ത്രങ്ങളിലുമുണ്ട്. വൈദികാനുഷ്ഠാനങ്ങളെ മാത്രമല്ല, പ്രാചീനമന്ത്രവാദത്തേയും അനുസ്മരിപ്പിക്കുന്ന പല ഭാഗങ്ങളും അഥർവ്വവേദത്തിലുണ്ട്. പ്രപഞ്ചോത്പത്തിയെപ്പറ്റി ഒന്നിലധികം കഥകളും ഋഗ്വേദത്തിൽ കാണാം. യജ്ഞവുമായി ബന്ധപ്പെട്ട പുരോഹിതരുടേയും വസ്തുക്കളുടേയും ക്രിയകളുടേയും സൂചനകള്‍ മന്ത്രഭാഗങ്ങളിലുമുണ്ട്. എന്നാൽ ഈ മന്ത്രസമാഹാരങ്ങളേയും അനുഷ്ഠാനങ്ങളേയും അടിസ്ഥാനമാക്കി വിപുലവും ഒട്ടൊക്കെ സങ്കീർണ്ണവുമായ ചിന്താപദ്ധതികളും കർക്കശമായ കർമ്മപദ്ധതികളും വികസിക്കുന്നതോടെ വേദങ്ങൾക്ക് ഇന്ത്യൻ സാഹചര്യത്തിൽ വലിയ അപ്രമാദിത്വം കൈവരുന്നു. ഇന്ത്യൻ തത്ത്വചിന്താപാരമ്പര്യത്തേയും സാംസ്കാരികവും രാഷ്ട്രീയവുമായ അധികാരത്തേയും സ്വാധീനിക്കാനും നിർണ്ണയിക്കാനും പില്ക്കാലത്തു വൈദികപാരമ്പര്യത്തിനു കഴിഞ്ഞു. വൈദികപാരമ്പര്യത്തിന്റെ ഏകദേശസ്വഭാവമാണ് ഇനി വിശദീകരിക്കാൻ ശ്രമിക്കുന്നത്.
2. കാലവും ഘടനയും
വേദങ്ങളുടെ രചനാകാലത്തെപ്പറ്റി ധാരാളം മതഭേദങ്ങള്‍ നിലവിലുണ്ട്. ബി.സി. 2500 മുതലുള്ള കാലത്ത് എഴുതപ്പെട്ടവയാണവ എന്നു കരുതുന്നുവരുണ്ട്. ആധുനികചരിത്രരചയിതാക്കളുടെ കൃതികളില്‍ പൊതുവേ ബി.സി. 1500 മുതല്‍ ബി. സി. 500 വരെയുള്ള കാലയളവിലാണ് വേദങ്ങളുടെ രചനയും വൈദികകൃതികളുടെ സമാഹരണവും നടന്നതായി കാണുന്നത്. ഇന്നത്തെ സിറിയ, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നു ലഭ്യമായ ചില തെളിവുകളേയും ആര്യസംസ്കൃതിയുമായുള്ള സാദൃശ്യങ്ങളേയും അടിസ്ഥാനമാക്കി മധ്യേഷ്യയില്‍നിന്ന് ഇന്ത്യയിലേക്കു കുടിയേറിയവരാണ് ആര്യന്മാർ എന്നും അവരുടെ യാത്രാകാലത്തും പിന്നീട് ഇന്ത്യയില്‍ ആവാസമുറപ്പിക്കുന്ന കാലത്തുമായി അവർ എഴുതിയവയാണ് വേദങ്ങള്‍ എന്നുമുള്ള നിരീക്ഷണമാണ് ഇന്നത്തെ ചരിത്രകാരന്മാർ പൊതുവേ പങ്കുവയ്ക്കുന്നത്. ഇന്ത്യയില്‍ മുമ്പുതന്നെ വാസമുറപ്പിച്ചവരുമായി ആര്യന്മാർക്കുണ്ടായ സാംസ്കാരികവിനിമയം, സംസ്കൃത-പ്രാകൃതഭാഷകള്‍ തമ്മിലുള്ള ബന്ധം എന്നിങ്ങനെ വിവിധവിഷയങ്ങളില്‍ ഇനിയും അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.
ജ്ഞാനാർത്ഥകമായ വിദ് ധാതുവിൽനിന്നാണ് വേദശബ്ദം ഉണ്ടായത്. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെ വേദങ്ങൾ നാലാണ്. ആരംഭത്തില്‍ ഒറ്റ സമാഹാരമായിരുന്ന വേദങ്ങള്‍ വിഭജിച്ചത് കൃഷ്ണദ്വൈപായനന്‍ എന്നുകൂടി അറിയപ്പെടുന്ന വേദവ്യാസനാണ് എന്നു വിശ്വസിക്കപ്പെടുന്നു. മഹാഭാരതത്തിലും വിഷ്ണുപുരാണത്തിലും ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങള്‍ കാണാം. ബ്രഹ്മാവില്‍നിന്നു പരമ്പരാഗതമായി ലഭിച്ച വേദത്തെ മനുഷ്യര്‍ക്കുവേണ്ടി വ്യാസന്‍ നാലായി പകുത്ത് പൈലന്‍, വൈശമ്പായനന്‍, ജൈമിനി, സുമന്തു എന്നിവരെ ഉപദേശിച്ചു എന്നാണു പ്രസിദ്ധമായ കഥ. ഈ കഥയെ ചോദ്യം ചെയ്യുന്ന പണ്ഡിതന്മാരുമുണ്ട്. ദുർഗ്ഗാചാര്യന്റെ നിരുക്തടീക, മഹാഭാരതത്തിലെതന്നെ ശകുന്തളോപാഖ്യാനം എന്നിവയിലെ സൂചനകളെ അടിസ്ഥാനമാക്കി വേദങ്ങള്‍ ആരംഭത്തില്‍ത്തന്നെ നാലെണ്ണമുണ്ടെന്നു വേദബന്ധു സമർത്ഥിക്കുന്നത് ഒരുദാഹരണം (ഋഗ്വേദപ്രവേശിക). വ്യാസശിഷ്യന്മാരായ ജൈമിനിയുടേയും പൈലന്റെയും പേരില്‍ ഇന്നും അറിയപ്പെടുന്ന വേദശാഖകള്‍ മൂലസംഹിതയല്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വൈദികമതാനുയായികളുടെ പരമ്പരാഗതവിശ്വാസമനുസരിച്ച് വേദങ്ങള്‍ അപൌരുഷേയങ്ങളാണ്. അതായത് അവയിലെ മന്ത്രങ്ങള്‍ ഏതെങ്കിലും ഋഷിമാർ എഴുതിയതല്ല; അനാദിയും ശാശ്വതവുമായ വേദങ്ങള്‍ ഓരോ കല്പാരംഭത്തിലും ബ്രഹ്മാവിനും തപസ്വികളായ ദൈവ്യ ഋഷിമാർക്കും പ്രത്യക്ഷമാവുകയാണു ചെയ്യുക. അതുകൊണ്ട് ഓരോ സൂക്തത്തോടും ചേർന്ന് അതതിന്റെ ഋഷി എന്നു കാണുന്നുവെങ്കിലും അവരെ മന്ത്രസ്രഷ്ടാക്കളായല്ല, മന്ത്രദ്രഷ്ടാക്കളായാണു കണക്കാക്കാറുള്ളത്.
ഓരോ വേദത്തിനും അടിസ്ഥാനപരമായി സംഹിത, ബ്രാഹ്മണം എന്നീ രണ്ടു ഭാഗങ്ങളുണ്ട്. മന്ത്രങ്ങളുടെ സമാഹാരമാണ് സംഹിതകള്‍. ജ്ഞാനാർത്ഥകമായ മന് ധാതുവിൽനിന്നാണ് മന്ത്രശബ്ദത്തിന്റെ ഉത്പത്തി. ഏതൊന്നുവഴിക്ക് ഈശ്വരാജ്ഞ അറിയുന്നുവോ അതാണ് മന്ത്രം (മന്യതേ ജ്ഞായതേ ഈശ്വരാദേശഃ അനേന ഇതി മന്ത്രഃ) ‘മന്ത്രഃ മനനാത്‘ എന്നാണു വേദശബ്ദങ്ങള്‍ക്കു നിരുക്തമെഴുതിയ യാസ്കന്‍ പറയുന്നത്. അതനുസരിച്ച് മനനസാധനമായതാണ് മന്ത്രം. പൂർവ്വപദത്തിന്റെ അന്തിമാക്ഷരവുമായി അടുത്ത പദത്തിന്റെ ആദ്യത്തെ അക്ഷരത്തിന് അവ്യവഹിതമായ ചേർച്ചയുണ്ടായിരിക്കുക എന്നതാണ് സംഹിതയുടെ ലക്ഷണം (വേദബന്ധു, ഋഗ്വേദപ്രവേശിക). അതായത് മന്ത്രസമാഹാരമായിരിക്കെത്തന്നെ ആ മന്ത്രങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൂടി സംഹിത എന്ന പദം സൂചിപ്പിക്കുന്നു. ഓരോ വേദത്തിലും മന്ത്രംകൊണ്ട് സൂചിതമായ അർത്ഥങ്ങളെ അതാതിന്റെ ബ്രാഹ്മണങ്ങള്‍ വിശദമാക്കുന്നു. കർമ്മപ്രതിപാദകം, ജ്ഞാനപ്രതിപാദകം എന്നിങ്ങനെ ബ്രാഹ്മണങ്ങളെ രണ്ടായി വിഭജിക്കാം. വേദമന്ത്രങ്ങളുമായി ബന്ധപ്പെട്ട യജ്ഞാനുഷ്ഠാനങ്ങളുടെ വിവരണങ്ങളാണ് കർമ്മപ്രതിപാദകമായ ബ്രാഹ്മണങ്ങളിലുള്ളത്. മന്ത്രങ്ങളിലെ ആത്മതത്ത്വങ്ങള്‍ വിവരിക്കുന്നവയാണ് ജ്ഞാനപ്രതിപാദകമായ ബ്രാഹ്മണങ്ങള്‍. അവയെ പൊതുവേ ഉപനിഷത്തുകള്‍ എന്നാണു പറയാറുള്ളത്. അതായത് കർമ്മപ്രതിപാദകമായ ബ്രാഹ്മണങ്ങള്‍ പൊതുവേ ബ്രാഹ്മണങ്ങള്‍ എന്നും ജ്ഞാനപ്രതിപാദകമായവ ഉപനിഷത്തുകള്‍ എന്നും അറിയപ്പെടുന്നു. ഇവ കൂടാതെ ആരണ്യകങ്ങള്‍ എന്നറിയപ്പെടുന്ന മറ്റൊരു വിഭാഗംകൂടിയുണ്ട്. ലൌകികജീവിതം ത്യജിച്ച് വാനപ്രസ്ഥം അനുഷ്ഠിക്കുന്നവർ ചെയ്യേണ്ട ഉപാസനാകർമ്മങ്ങളുടേയും വേദമന്ത്രങ്ങളുടേയും വൈദികക്രിയകളുടേയും തത്ത്വവിചാരവുമാണ് പ്രധാനമായും ആരണ്യകങ്ങളിലുള്ളത്. ഗുരുമുഖത്തുനിന്നു മന്ത്രങ്ങള്‍ ഗ്രഹിക്കുന്ന ബ്രഹ്മചര്യാശ്രമകാലത്തെ സംഹിതകളുമായും കർമ്മങ്ങള്‍ക്കു പ്രാമുഖ്യമുള്ള ഗൃഹസ്ഥാശ്രമകാലത്തെ ബ്രാഹ്മണങ്ങളുമായും ഉപാസനകളും തത്ത്വവിചാരവുമായിക്കഴിയുന്ന വാനപ്രസ്ഥാശ്രമത്തെ ആരണ്യകങ്ങളുമായും ലൌകികവിഷയങ്ങളില്‍ വിരക്തിവന്ന സന്ന്യാസാശ്രമകാലത്തെ ഉപനിഷത്തുകളുമായും ബന്ധിപ്പിച്ചു പറയാറുണ്ട്. പില്ക്കാലത്ത് കർമ്മത്തിനു പ്രാധാന്യം നല്കുന്ന പൂർവ്വമീമാംസ അഥവാ കർമ്മമീമാംസ, ജ്ഞാനത്തിനു പ്രാധാന്യം നല്കുന്ന ഉത്തരമീമാംസ അഥവാ ജ്ഞാനമീമാംസ എന്നിങ്ങനെ വൈദികപദ്ധതിയെ അടിസ്ഥാനമാക്കി രണ്ടു ശാഖകള്‍ വികസിച്ചു വരുന്നതും കാണാം. ഇവരില്‍ പൂർവ്വമീമാംസ പിന്തടരുന്നവരെ മീമാംസകർ എന്നും ഉത്തരമീമാംസയുടെ വക്താക്കളെ വേദാന്തികള്‍ എന്നുമാണ് പൊതുവേ വ്യവഹരിച്ചുപോരുന്നത്.
വേദങ്ങള്‍ക്കു യജ്ഞകർമ്മങ്ങളുമായി അഭേദ്യബന്ധമുണ്ട്. എന്നാല്‍ വേദങ്ങള്‍ക്കു യജ്ഞവുമായി ബന്ധപ്പെടുത്തി അർത്ഥം പറയുന്ന പരമ്പരാഗതരീതിയെ അരവിന്ദഘോഷ് വിമർശിക്കുന്നുണ്ട്. ജ്ഞാനികള്‍ക്കു ധ്യാനത്തിലൂടെ തെളിഞ്ഞുകിട്ടുന്ന വേദമന്ത്രങ്ങളുടെ ഗൂഢാർത്ഥം മനസ്സിലാവാത്തുകൊണ്ടാണ് ഇത്തരം വ്യാഖ്യാനങ്ങളുണ്ടായത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്തായാലും വേദവിഭാഗങ്ങളില്‍പ്പോലും ഈ ബന്ധം നിലനില്ക്കുന്നു. ഹോതാവ്, അദ്ധ്വർയ്യു, ഉദ്ഗാതാവ്, ബ്രഹ്മന്‍ എന്നിങ്ങനെ നാലു തരം പുരോഹിതരാണ് യാഗത്തില്‍ പങ്കെടുക്കുന്നത്. ഇവരെയെല്ലാം ചേർത്ത് പൊതുവേ ഋത്വിക്കുകൾ എന്നു പറയുന്നു. ഇവരില്‍ വേദഭാഗങ്ങള്‍ ചൊല്ലുന്ന ഹോതാവ് എന്ന പുരോഹിതന് ആവശ്യമായ മന്ത്രങ്ങളാണ് ഋഗ്വേദത്തിലുള്ളത്. അധ്വർയ്യു യജ്ഞക്രിയകള്‍ ചെയ്യുന്നയാളാണ്. ആ പുരോഹിതന് ഉപയുക്തമായ മന്ത്രങ്ങള്‍ യജുർവേദത്തില്‍ ഉള്‍പ്പെടുന്നു. യജ്ഞവേദിയില്‍ വേദമന്ത്രങ്ങള്‍ ഉറക്കെ ആലപിക്കുന്ന ഉദ്ഗാതാവ് എന്ന പുരോഹിതനു വേണ്ടിയുള്ള മന്ത്രങ്ങളാണ് സാമവേദത്തിലുള്ളത്. യാഗകർമ്മങ്ങള്‍ക്കു വിഘ്നം വരാതെ നോക്കുന്ന ബ്രഹ്മന്‍ എന്ന പുരോഹിതന് ആവശ്യമായ മന്ത്രങ്ങളാണ് അഥർവ്വവേദത്തില്‍. ഇവയില്‍ ഋഗ്വേദമന്ത്രങ്ങള്‍ പദ്യരൂപത്തിലും യജുർവേദമന്ത്രങ്ങള്‍ ഗദ്യരൂപത്തിലും സാമവേദമന്ത്രങ്ങള്‍ ഗാനരൂപത്തിലുമാണെന്നു സാമാന്യമായി പറയാറുണ്ട്. അഥർവ്വവേദം പദ്യഗദ്യമിശ്രിതരൂപത്തിലാണ്. പൂർവ്വമീമാംസകർ വേദങ്ങളെ മറ്റൊരു തരത്തില്‍ വിഭജിക്കാറുണ്ട്. അത് ധർമ്മത്തിനും അതിനനുസരിച്ചുള്ള കർമ്മത്തിനും പ്രാധാന്യം നല്കുന്ന അവരുടെ തത്ത്വചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു. മന്ത്രം, വിധായകവാക്യം, അർത്ഥവാദം എന്നിങ്ങനെയാണ് അവരുടെ വിഭജനക്രമം. ഉച്ചരിക്കുന്നതിനും മനനത്തിനുമുതകുന്നതു മന്ത്രം. അനുവദനീയവും അല്ലാത്തതുമായ കർമ്മങ്ങള്‍ വ്യക്തമാക്കുന്ന വേദഭാഗങ്ങളാണ് വിധായകവാക്യങ്ങള്‍. ഇത്തരം കർമ്മങ്ങളുടെ ഗുണദോഷങ്ങളെ വിശദീകരിക്കുന്ന വേദഭാഗങ്ങളാണ് അർത്ഥവാദങ്ങള്‍. വിധിക്കപ്പെട്ട കർമ്മങ്ങള്‍ സാത്വികമോ രാജസമോ താമസമോ എന്നു നിർണ്ണയിക്കാന്‍ അർത്ഥവാദങ്ങള്‍ സഹായിക്കുന്നു.
3. സംഹിതകള്‍
വേദങ്ങളുടെ പ്രധാനഭാഗം മന്ത്രസമാഹാരമായ സംഹിതയാണ്. ഇവയില്‍ പ്രഥമവും പ്രധാനവുമായത് ഋഗ്വേദസംഹിതതന്നെ. ഋക്കുകളുടെ അഥവാ സ്തുതികളുടെ സമാഹാരമാണ് ഋഗ്വേദം. ആദ്യം ദൈവ്യഋഷിമാർ ദർശിച്ച മന്ത്രങ്ങള്‍ പിന്നീട് ശാകലന്‍ എന്ന ഋഷി അഭ്യസിക്കുകയും തുടർന്നു തന്റെ ശിഷ്യന്മാരെ അഭ്യസിപ്പിക്കുകയും ചെയ്തു എന്നാണ് പരമ്പരാഗതവിശ്വാസം. ശിശിരന്‍, ബാഷ്കലന്‍, ശാങ്ഖ്യന്‍, വാത്സ്യായനന്‍ എന്നീ ശാകലശിഷ്യന്മാരുടെ പേരില്‍ ഋഗ്വേദശാഖകളുണ്ട്. മൂലസംഹിത ശാകലന്റെ പേരില്‍ത്തന്നെ അറിയപ്പെടുന്നു. അദ്ധ്യാപനസൗകര്യത്തിന് ഋഗ്വേദസംഹിതയെ പത്തു മണ്ഡലങ്ങളായും മണ്ഡലത്തെ സൂക്തങ്ങളായും സൂക്തത്തെ മന്ത്രങ്ങളായും വിഭജിച്ചിരിക്കുന്നു. മണ്ഡലത്തിനും സൂക്തത്തിനുമിടയ്ക്ക് അനുവാകങ്ങളുമുണ്ട്. ഋക് സംഹിതയിൽ എൺപത്തിയഞ്ച് അനുവാകങ്ങളുണ്ടെന്ന് ശൗനകന്റെ അനുവാകാനുക്രമണിയില്‍ പറയുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ പരമ്പരാഗതമായി വേദർഷിമാരെ സൂക്തങ്ങളുടെ സ്രഷ്ടാക്കളായി കണക്കാക്കാറില്ലെങ്കിലും ആധുനികപണ്ഡിതർ അവരെ അതതു സൂക്തങ്ങളുടെ രചയിതാക്കളായിത്തന്നെ കരുതുന്നു. അപ്പോഴും വേദാനുക്രമണികളില്‍ സൂക്തങ്ങളുമായി ബന്ധപ്പെട്ടു കാണുന്ന ഋഷിനാമങ്ങള്‍ക്ക് മറ്റു തെളിവുകളുടെ അഭാവത്തില്‍ രചയിതാക്കൾ എന്ന നിലയിലുള്ള വിശ്വാസ്യതയില്ലെന്നാണ് മോറിസ് വിന്റർനിറ്റ്സിനെപ്പോലുള്ള ചില പാശ്ചാത്യപണ്ഡിതരുടെ അഭിപ്രായം. ഋഗ്വേദത്തിലെ പത്തു മണ്ഡലങ്ങളില്‍ രണ്ടു മുതൽ ഏഴു വരെയുള്ള മണ്ഡലങ്ങൾ ഓരോ ഋഷികുലം എഴുതിയതാണെന്നാണു കരുതപ്പെടുന്നത്. രണ്ടാം മണ്ഡലം ഭാർഗ്ഗവകുലവും മൂന്നാം മണ്ഡലം വിശ്വാമിത്രകുലവും നാലാം മണ്ഡലം വാമദേവകുലവും അഞ്ചാം മണ്ഡലം അത്രികുലവും ആറാം മണ്ഡലം ഭരദ്വാജകുലവും ഏഴാം മണ്ഡലം വസിഷ്ഠകുലവും രചിച്ചു എന്നു കരുതപ്പെടുന്നു. ആറാം മണ്ഡലത്തില്‍ സരസ്വതി, ഗംഗ എന്നീ നദികള്‍ പരാമർശിക്കപ്പെടുന്നുണ്ട്. എട്ടാം മണ്ഡലത്തിലെ കൂടുതൽ മന്ത്രങ്ങളും കാണ്വകുലത്താൽ രചിക്കപ്പെട്ടതാണ്. എട്ടാം മണ്ഡലത്തിന് ഇറാനിയന്‍ ആര്യന്മാരുടെ സെൻഡ് അവസ്തയുമായുള്ള സാദൃശ്യം പലരും ചൂണ്ടിക്കാട്ടുന്നു. ഈ മണ്ഡലത്തിലെ പല ഭാഗങ്ങളും അഫ്ഗാനിസ്ഥാനിലെ ഭൂപ്രകൃതിയേയും ജീവജാലങ്ങളേയും അനുസ്മരിപ്പിക്കുന്നവയാണെന്നും നിരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. എട്ടാം മണ്ഡലത്തിലെ അഞ്ചാം സൂക്തത്തില്‍ ഒട്ടകത്തെ പരാമർശിക്കുന്നത് മറ്റൊരുദാഹരണം. വിവിധ ഋഷികള്‍ രചിച്ച ഒമ്പതാം മണ്ഡലം സോമരസത്തേയും സോമന്‍ എന്ന ദേവതയേയും പ്രകീർത്തിക്കുന്നതാണ്. യജ്ഞാനുഷ്ഠാനങ്ങളില്‍ സോമലതയില്‍നിന്നു നിർമ്മിക്കുന്ന സോമരസത്തിനു പ്രമുഖമായ സ്ഥാനമുണ്ട്. സോമരസത്തിനും സോമന്‍ എന്ന ദേവതയ്ക്കും ലഭിക്കുന്ന പ്രാധാന്യത്തെ വിന്റർനിറ്റ്സ്, ഇന്ത്യയിലേയും ഇറാനിലേയും ആര്യന്മാർ തമ്മിലുള്ള ബന്ധത്തിനു തെളിവായി കണക്കാക്കുന്നു. പ്രാചീന ഇറാനിലെ യജ്ഞദേവതയാണു ഹോമന്‍. (സംസ്കൃതത്തിലെ സകാരം ഇറാനിയന്‍ ആര്യന്മാരുടെ സെന്‍ഡ് അവസ്തയില്‍ ഹകാരമാകുന്നത് സിന്ധു-ഹിന്ദു, അസുര-അഹുർ തുടങ്ങിയ വാക്കുകളിലും കാണാമല്ലോ). ഋഗ്വേദത്തിലെ ഭാഷയെ അടിസ്ഥാനമാക്കി അതിലെ ഒന്നും പത്തും മണ്ഡലങ്ങള്‍ പില്ക്കാലത്തു കൂട്ടിച്ചേർത്തതാണെന്നും വിന്റർനിറ്റ്സ് അഭിപ്രായപ്പെടുന്നുണ്ട്. (A History of Indian Literature) ഋഗ്വേദത്തെ ആകെ എട്ട് അഷ്ടകങ്ങളായി കണക്കാക്കുന്ന മറ്റൊരു വിഭജനരീതിയുമുണ്ട്. ഇതനുസരിച്ച് ആകെയുള്ള എട്ട് അഷ്ടകങ്ങളില്‍ ഓരോ അഷ്ടകത്തേയും എട്ട് അദ്ധ്യായങ്ങളായും ഓരോ അദ്ധ്യായത്തേയും വർഗ്ഗങ്ങളായും തിരിക്കുന്നു. കേരളത്തിലെ ബ്രാഹ്മണർക്കിടയില്‍ ഈ വിഭജനരീതിക്കു പ്രചാരമുണ്ട്. അഷ്ടകത്തെ അട്ടം എന്ന വാക്കുകൊണ്ടാണ് അവർ സൂചിപ്പിക്കാറുള്ളത്.
ഋഗ്വേദത്തിലെ ആദ്യത്തെ സൂക്തത്തെ ചിലർ അഗ്നിസൂക്തം എന്നു വിളിക്കുന്നു. ഇതേപോലെ പില്ക്കാലത്തു പ്രസിദ്ധമായ സൂക്തങ്ങള്‍ വേറെയുമുണ്ട്. വിഷ്ണുസൂക്തം (1.22), ഇന്ദ്രസൂക്തം (1.32), ശാന്തിസൂക്തം (1.89), മധുസൂക്തം (1.90), അഗ്നി-ദുർഗ്ഗാസൂക്തം (1.99), അശ്വമേധസൂക്തം (1.162), നദീസ്തുതി സൂക്തം (10.75.), വിശ്വകർമ്മസൂക്തം (10.81), മന്യുസൂക്തം (10. 83), ആംഭൃണീസൂക്തം അഥവാ ദേവീസൂക്തം (10.125) എന്നിവ ഉദാഹരണങ്ങള്‍. മൂന്നാം മണ്ഡലത്തിലെ അറുപത്തിരണ്ടാം സൂക്തത്തില്‍ ‘തത്സവിതുർവരേണ്യം‘ എന്നു തുടങ്ങുന്ന മന്ത്രം ഗായത്രീമന്ത്രം എന്ന പേരിൽ പ്രശസ്തമാണ്. പത്താം മണ്ഡലത്തിലെ ‘ആപോ ഹിഷ്ഠാ മയോഭുവ‘ (10. 9) എന്നു തുടങ്ങുന്ന സൂക്തത്തിലെ ആദ്യത്തെ നാലു മന്ത്രങ്ങള്‍ പുണ്യാഹമന്ത്രം എന്ന നിലയില്‍ അനുഷ്ഠാനപ്രധാനമാണ്. ഏഴാം മണ്ഡലത്തില്‍ ‘പ്രാതരഗ്നിം പ്രാതരിന്ദ്രം‘ എന്നു തുടങ്ങുന്ന നാല്പത്തിയൊന്നാം സൂക്തമാണ് പ്രസിദ്ധമായ ഭാഗ്യസൂക്തം. ‘മുഞ്ചാമിത്വാഹവിഷാ ജീവനായകം‘ (10.161) എന്നാരംഭിക്കുന്ന ആയുസ്സൂക്തത്തിനും അനുഷ്ഠാനപരമായി ഇന്നും പ്രചാരമുണ്ട്, ‘സംസമിദ്യുവസേ‘ എന്നു തുടങ്ങി ‘സുസഹാസതി’ എന്നവസാനിക്കുന്ന, ഋഗ്വേദത്തിലെ അവസാനസൂക്തം (10.191), സംവാദസൂക്തം എന്നാണ് അറിയപ്പെടുന്നത്.
ധർമ്മം, സത്യം, ഋതം, ജ്ഞാനം, സത്, അസത് എന്നിങ്ങനെ പില്ക്കാലത്തു പല മട്ടില്‍ വികസിച്ച തത്ത്വചിന്താപരമായ സങ്കല്പനങ്ങള്‍ ഋഗ്വേദത്തിലുണ്ട്. പ്രാഥമികമായി പ്രപഞ്ചക്രമത്തെ സൂചിപ്പിക്കുന്ന ഋതം എന്ന വാക്ക് ഇവയില്‍ പ്രധാനമാണ്. ഋതു, ഋതുമതി എന്നു തുടങ്ങി ഇംഗ്ലീഷില്‍ താളലയത്തെ സൂചിപ്പിക്കുന്ന rhythm വരെയുള്ള വാക്കുകള്‍ക്ക് ഋതം എന്ന സങ്കല്പനവുമായി ബന്ധം കല്പിക്കുന്നവരുണ്ട്. ഇത്തരം സങ്കല്പനങ്ങള്‍ക്കൊപ്പം ലൌകികമായ ധർമ്മചിന്തയും ജീവിതവീക്ഷണവും ചില ഋഗ്വേദസൂക്തങ്ങള്‍ക്കു വിഷയമാകുന്നുണ്ട്. പത്താം മണ്ഡലത്തിലെ പത്താം സൂക്തം ഉദാഹരണം. സഹോദരങ്ങളായ യമനും യമിയും തമ്മിലുള്ള സംഭാഷണമാണത്. അതില്‍ സഹോദരനായ യമനോടൊപ്പം രമിക്കാനാഗ്രഹിക്കുന്ന യമിയെ യമന്‍ വിലക്കുന്നതു കാണാം. പത്താം മണ്ഡലം നൂറ്റിനാല്പത്തഞ്ചാം സൂക്തത്തില്‍ സപത്നീപീഡനമാണു വിഷയം. പത്താം മണ്ഡലത്തിലെ അഞ്ചാം സൂക്തത്തില്‍ ഏഴു പാപങ്ങളെ പരാമർശിക്കുന്നു. എല്ലാ പാപങ്ങളില്‍നിന്നും രക്ഷിക്കുന്നത് അഗ്നിയാണെന്ന വിശ്വാസവും ഇതിലുണ്ട്. പത്താം മണ്ഡലം തൊണ്ണൂറ്റഞ്ചാം സൂക്തത്തില്‍ ഉർവശിയും പുരൂരവസ്സും തമ്മിലുള്ള പ്രശസ്തമായ പ്രണയകഥയാണ് പ്രതിപാദ്യം. ‘അരായി കാണേ വികടേ‘ എന്നു തുടങ്ങുന്ന സൂക്തം അലക്ഷ്മിയായ മൂശേട്ട(ജ്യേഷ്ഠ)യെ ഒഴിവാക്കാനുള്ളതാണ് (10.155). വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തില്‍ ഈ സൂക്തം പരാമർശിക്കുന്നത് ഓർമ്മയുണ്ടാവുമല്ലോ.
പല തരം പ്രപഞ്ചോത്പത്തിക്കഥകള്‍ ഋഗ്വേദത്തില്‍ കാണാം. പത്താം മണ്ഡലം എഴുപത്തിരണ്ടാം സൂക്തത്തില്‍ ദേവന്മാരുടെ ഉദ്ഭവം വിവരിക്കുന്നു. പത്താം മണ്ഡലം 129 ആം സൂക്തത്തിലും പ്രപഞ്ചോത്പത്തിയാണ് പ്രതിപാദ്യം. നാസദീയസൂക്തം എന്നാണ് ഇതറിയപ്പെടുന്നത്. ഈ സൂക്തത്തില്‍ ‘പ്രളയകാലത്തില്‍ സത്തില്ലായിരുന്നു. അസത്തുമില്ലായിരുന്നു’ എന്ന് ഒന്നാം മന്ത്രത്തിലും ‘അന്ന് അമരത്വവും മൃത്യുവുമില്ലായിരുന്നു’ എന്നു രണ്ടാം മന്ത്രത്തിലും പറയുന്നതു കാണാം. ഇന്ത്യന്‍ ജ്ഞാനശാസ്ത്രത്തെ സംബന്ധിച്ച് ഈ പരാമർശങ്ങള്‍ പ്രധാനമാകുന്നു. ഒന്നിന്റെ സത്തയെപ്പറ്റി നാലുവിധം സംശയങ്ങള്‍ ഉന്നയിക്കുന്ന ചതുഷ്കോടി (tetralemma) എന്ന ജ്ഞാനശാസ്ത്രരീതിയുമായി ഈ സൂക്തത്തെ ബന്ധിപ്പിക്കാറുണ്ട്. ‘1. അതുണ്ട്, 2. അതില്ല, 3. അതുണ്ട്; അതില്ല, 4. അതില്ല; അതില്ലായ്കയില്ല’ എന്നിങ്ങനെ നാലു സാദ്ധ്യതകള്‍ ഉന്നയിക്കുന്നതാണ് ചതുഷ്കോടി. ബുദ്ധമതത്തില്‍ പ്രധാനമായ ബ്രഹ്മജാലസൂത്രത്തെ അവലംബമാക്കി നാഗാർജ്ജുനന്‍ ശൂന്യതാവാദം എന്ന ദർശനത്തെ വികസിപ്പിക്കുന്നതില്‍ ചതുഷ്കോടിക്കു പ്രധാനപങ്കുണ്ട്. ജൈനമതവുമായി ബന്ധപ്പെട്ട സ്യാദ് വാദത്തിലും ഈ രീതിയുടെ മറ്റൊരു രൂപം കാണാം. സ്യാദ് എന്നത് സാദ്ധ്യതയെ സൂചിപ്പിക്കുന്ന പദമാണ്. ‘1. സ്യാദ് അസ്തി ഏവ (ഉണ്ടാവാം), 2. സ്യാദ് നാസ്തി ഏവ (ഉണ്ടാവാതിരിക്കാം), 3. സ്യാദ് അസ്തി ഏവ സ്യാദ് നാസ്തി ഏവ (ഉണ്ടാവാം ഉണ്ടാവാതിരിക്കാം), 4. സ്യാദ് അവക്തവ്യം ഏവ (അത് അവക്തവ്യം -പറയാനാവാത്തത്- ആവാം), 5. സ്യാദ് അസ്തി ഏവ സ്യാദ് അവക്തവ്യം ഏവ (ഉണ്ടാവാം, അവക്തവ്യമാവാം), 6. സ്യാദ് നാസ്തി ഏവ സ്യാദ് അവക്തവ്യം ഏവ (ഉണ്ടാവാതിരിക്കാം, അവക്തവ്യമാവാം), 7. സ്യാദ് അസ്തി ഏവ സ്യാദ് നാസ്തി ഏവ സ്യാദ് അവക്തവ്യം ഏവ (ഉണ്ടാവാം, ഉണ്ടാവാതിരിക്കാം, അവക്തവ്യമാവാം)’ എന്നിങ്ങനെയാണു സ്യാദ് വാദത്തിന്റെ രീതി. യാഥാർത്ഥ്യത്തെ പല തരത്തില്‍ സമീപിക്കാവുന്നതാണ് എന്നു വിശദീകരിക്കുന്ന ജൈനചിന്തകരുടെ അനേകാന്തവാദം ഈ സ്യാദ് വാദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പത്താം മണ്ഡലത്തിലെ ഹിരണ്യഗർഭസൂക്തം (10.121) മറ്റൊരു പ്രപഞ്ചോത്പത്തിക്കഥയാണു പറയുന്നത്. ഇതേ മണ്ഡലത്തിലെ ‘സഹസ്രശീർഷാ പുരുഷഃ‘ (10.90) എന്നു തുടങ്ങുന്ന പുരുഷസൂക്തത്തിലും പ്രപഞ്ചസൃഷ്ടിയാണ് പ്രതിപാദ്യം. ഇതില്‍ പന്ത്രണ്ടാം മന്ത്രത്തിലെ,
ബ്രാഹ്മണോസ്യ മുഖമാസീദ്
ബാഹൂ രാജന്യഃ കൃതഃ
ഊരൂ തദസ്യ യദ് വൈശ്യഃ
പദ്ഭ്യാം ശൂദ്രോ അജായത
(അദ്ദേഹത്തിന്റെ (വിരാട് പുരുഷന്റെ) മുഖം ബ്രാഹ്മണനും കൈകള്‍ ക്ഷത്രിയനും ഊരുക്കള്‍ വൈശ്യനും പാദങ്ങള്‍ ശൂദ്രനുമായി) എന്ന ഭാഗം ചാതുർവർണ്യവ്യവസ്ഥയ്ക്ക് അടിസ്ഥാനമാകുന്നു എന്ന കാരണത്താല്‍ വളരെയേറെ വിമർശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഡോ. ബി. ആർ. അംബേദ്കറുടെ ‘ശൂദ്രർ ആരായിരുന്നു?’ എന്ന പ്രബന്ധത്തില്‍ ഈ മന്ത്രത്തെ ആ നിലയില്‍ സാമൂഹികമായ അധികാരവ്യവസ്ഥയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നുണ്ട്.
യജുർവേദത്തിനു പ്രധാനമായി രണ്ടു ശാഖകളുണ്ട്. 1. ശുക്ലയജുർവേദം, 2. കൃഷ്ണയജുർവേദം. ഇവയില്‍ കൂടുതല്‍ വ്യക്തവും ക്രമബദ്ധവുമായതു ശുക്ല (വെളുത്ത) യജുർവേദം എന്നും അത്ര ക്രമബദ്ധമല്ലാത്ത മന്ത്രസമാഹാരം കൃഷ്ണ (കറുത്ത) യജുർവേദം എന്നും അറിയപ്പെടുന്നു. അതായത് കൃഷ്ണയജുർവേദത്തിന്റെ ശാഖകളിൽ മന്ത്രഭാഗങ്ങളും അർത്ഥവാദങ്ങൾ ഉൾപ്പെടുന്ന ബ്രാഹ്മണഭാഗങ്ങളും കൂടിക്കലർന്നു കിടക്കുമ്പോൾ ശുക്ലയജുർവേദശാഖകളിൽ മന്ത്രഭാഗങ്ങളും അർത്ഥവാദങ്ങളും ഒരിടത്തായും ബ്രാഹ്മണഭാഗം വേറെയായും ക്രമപ്പെടുത്തി കൂടുതൽ തെളിച്ചം നല്കിയിരിക്കുന്നു. സൂര്യപ്രസാദത്താല്‍ ലഭിച്ച വേദമായതുകൊണ്ടാണ് ശുക്ലയജുർവേദത്തിന് ആ പേരു വന്നതെന്നു കരുതുന്നവരുമുണ്ട്. ശുക്ലയജുർവേദത്തിനുതന്നെ പ്രധാനമായും രണ്ടു ശാഖകളുണ്ട്. മാദ്ധ്യന്ദിനവാജസനേയീസംഹിത, കണ്വസംഹിത എന്നിവയാണവ. തൈത്തിരീയസംഹിത, മൈത്രായണീസംഹിത, കാഠകസംഹിതകള്‍ എന്നിവ കൃഷ്ണയജുർവേദത്തിന്റെ ശാഖകളാണ്. ഇവയില്‍ തൈത്തിരീയശാഖയ്ക്ക് ആപസ്തംബസംഹിത, ഹിരണ്യകേശീസംഹിത എന്നു വീണ്ടും രണ്ടു ശാഖകളുണ്ട്. ഊഖന്‍ എന്ന ആചാര്യന്‍ ആത്രേയനെ ഉപദേശിച്ച തൈത്തിരീയശാഖയാണ് ആത്രേയശാഖ. യജുർവേദത്തിന് ഇത്തരത്തില്‍ ആകെ നൂറ്റിയൊന്നു ശാഖകളുണ്ടെന്നു കരുതപ്പെടുന്നു. ഇവയില്‍ ശുക്ലയജുർവേദത്തിന്റെ മാദ്ധ്യന്ദിനവാജസനേയിസംഹിതയാണ് ഏറ്റവും പ്രശസ്തം. നാല്പത് അദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഈ സംഹിതയില്‍ വിവിധയജ്ഞകർമ്മങ്ങള്‍ക്ക് ആവശ്യമായ മന്ത്രങ്ങള്‍ സമാഹരിച്ചിരിക്കുന്നു. ദർശപൂർണമാസി യാഗം, അഗ്നിഷ്ടോമം, വാജപേയയാഗം, രാജസൂയയാഗം, അശ്വമേധയാഗം, പുരുഷമേധയാഗം എന്നിവയുടെ കർമ്മങ്ങളുമായി ബന്ധപ്പെട്ട മന്ത്രങ്ങളാണ് ഇവയിൽ പ്രധാനം. ഇതിന്റെ നാല്പതാം അദ്ധ്യായമാണ് പ്രശസ്തമായ ഈശാവാസ്യോപനിഷത്ത്. മന്ത്രങ്ങളുടെ എണ്ണത്തില്‍ ചില വ്യത്യാസങ്ങളുണ്ടെന്നതൊഴിച്ചാല്‍ മാദ്ധ്യന്ദിനവാജസനേയിസംഹിതയ്ക്കു സമാനമാണ് കണ്വസംഹിത. കണ്വസംഹിതയ്ക്ക് കേരളത്തിലും പ്രചാരമുണ്ട്. കൃഷ്ണയജുർവേദത്തിലെ പ്രധാനശാഖയായ തൈത്തിരീയസംഹിതയെ ഏഴു കാണ്ഡമായി വിഭജിച്ചിരിക്കുന്നു. ഓരോ കാണ്ഡത്തേയും പ്രപാഠകങ്ങളായും തിരിച്ചിരിക്കുന്നു. വിവിധയാഗകർമ്മങ്ങളുടെ വിവരണമാണ് തൈത്തിരീയസംഹിതയിലേയും പ്രതിപാദ്യം. മൈത്രായണീസംഹിതയില്‍ നാലു കാണ്ഡങ്ങളാണുള്ളത്. ഓരോ കാണ്ഡത്തേയും പ്രപാഠകങ്ങളായും തിരിച്ചിരിക്കുന്നു. കാഠകസംഹിതയിലെ ചരകശാഖ്ക്ക് അഞ്ചു ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗം ഇഠിമികാ, രണ്ടാം ഭാഗം മധ്യമികാ, മൂന്നും നാലും ഭാഗങ്ങള്‍ ഓരമികാ, അഞ്ചാം ഭാഗം അശ്വമേധവചനം എന്നിങ്ങനെയാണ് ഇവയുടെ ക്രമം. ഇന്നു പൂർണ്ണരൂപത്തില്‍ ലഭ്യമല്ലാത്ത കപിഷ്ഠലകഠസംഹിത ആറ് അഷ്ടകങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ സംഹിതാശാഖകളിലെല്ലാം ഋഗ്വേദത്തിലുള്ള ധാരാളം മന്ത്രങ്ങള്‍ ഏറിയും കുറഞ്ഞും കാണാം.
യാഗാദികർമ്മങ്ങളില്‍ ഗാനാത്മകമായി ആലപിക്കുന്നതിനുള്ള മന്ത്രങ്ങളാണ് സാമവേദത്തിലുള്ളത് എന്നു സാമാന്യമായി പറയാറുണ്ട്. സാമവേദത്തില്‍ ആകെയുള്ള 1875 മന്ത്രങ്ങളുള്ളതില്‍ 1778 എണ്ണവും ഋഗ്വേദത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് എടുത്തുചേർത്തിട്ടുള്ളവയാണ്. കുറച്ചു മന്ത്രങ്ങള്‍ സാമവേദത്തില്‍ മാത്രമായുണ്ടെങ്കിലും ഋഗ്വേദത്തെ പ്രാചീനഗാനസമ്പ്രദായങ്ങളുമായി ബന്ധപ്പെടുത്തി രൂപപ്പെടുത്തിയതാണ് സാമവേദത്തിന്റെ പ്രധാനഭാഗങ്ങള്‍ എന്നു പറയാം. സാമവേദത്തെ ഗാനാത്മകം, മന്ത്രാത്മകം എന്നു രണ്ടായി തിരിച്ചിരിക്കുന്നു. 640 മന്ത്രങ്ങള്‍ ഗാനം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. അവതന്നെ ഗ്രാമഗേയം (ഗ്രാമങ്ങളില്‍ പാടാനുള്ളത്), ആരണ്യഗേയം (വനങ്ങളില്‍ പാടാനുള്ളത്) എന്നിങ്ങനെ രണ്ടു തരമുണ്ട്. മന്ത്രാത്മകമായ രണ്ടാം വിഭാഗമാണ് ആർച്ചികങ്ങള്‍. 1235 മന്ത്രങ്ങള്‍ ഈ വിഭാഗത്തിലുള്‍പ്പെടുന്നു. ആർച്ചികങ്ങളെ പൂർവ്വാർച്ചികം, ഉത്തരാർച്ചികം എന്നു രണ്ടായി തിരിച്ചിരിക്കുന്നു. പൂർവ്വാർച്ചികത്തെ ആറു പ്രപാഠകങ്ങളും ഉത്തരാർച്ചികത്തെ ഒമ്പതു പ്രപാഠകങ്ങളുമായി വീണ്ടും വിഭജിച്ചിരിക്കുന്നു. പൂർവ്വാർച്ചികത്തെ മൂന്നു പർവ്വങ്ങളായും തിരിക്കാറുണ്ട്. സ്തുതിക്കപ്പെടുന്ന ദേവതകളെ അടിസ്ഥാനമാക്കി അവയെ അഗ്നിപർവ്വം, ഇന്ദ്രപർവ്വം, സോമപർവ്വം അഥവാ പവമാനപർവ്വം എന്നിങ്ങനെ വിളിച്ചുപോരുന്നു. പൂർവ്വാർച്ചികത്തിനു ഛന്ദാർച്ചികം എന്നു മറ്റൊരു പേരുമുണ്ട്. സാമവേദത്തിനു പ്രധാനമായും മൂന്നു ശാഖകളുണ്ട്. കൌതുമശാഖ, രാണായനീയശാഖ, ജൈമിനീയശാഖ എന്നിങ്ങനെയാണ് അവയെ വ്യവഹരിക്കാറുള്ളത്. കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ ജൈമിനീയശാഖയ്ക്കാണു കൂടുതല്‍ പ്രചാരം.
അഥർവ്വവേദത്തിന് ബ്രഹ്മവേദം എന്നു മറ്റൊരു പേരുകൂടിയുണ്ട്. യജ്ഞങ്ങളിൽ ഉണ്ടാകുന്ന വിഘ്നങ്ങൾ തടയാൻ ഉദ്ദേശിച്ചുള്ള മന്ത്രങ്ങളാണ് ഈ വേദത്തിൽ സമാഹരിച്ചിരിക്കുന്നത്. അഥർവ്വന്‍ എന്ന മുനിയാണ് ഈ വേദത്തിന്റെ ദ്രഷ്ടാവ് എന്നാണു വിശ്വാസം. അഥർവ്വവേദത്തിന് പ്രാചീനമായ ഒമ്പതു ശാഖകളുണ്ടായിരുന്നതില്‍ പൈപ്പലാദം, ശൌനകീയം എന്നീ രണ്ടു ശാഖകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇരുപതു കാണ്ഡമായി വിഭജിക്കപ്പെട്ടിരിക്കുന്ന അഥർവ്വവേദത്തില്‍ എഴുനൂറ്റിമുപ്പതു സൂക്തങ്ങളാണുള്ളത്. ഈ വേദത്തിലും കുറച്ചു ഭാഗങ്ങളില്‍ ഋഗ്വേദമന്ത്രങ്ങള്‍ ഉള്‍പ്പെടുന്നു. ആകെ ആറായിരത്തോളം മന്ത്രങ്ങളുള്ളതില്‍ 1200 എണ്ണം ഇത്തരത്തിലുള്ളവയാണ്. ഭൂതപ്രേതപിശാചങ്ങള്‍, അസുരന്മാർ, രാക്ഷസന്മാർ, നാഗങ്ങള്‍ എന്നിവരില്‍നിന്നൊക്കെ രക്ഷപ്പെടുവാനുള്ള മന്ത്രങ്ങള്‍ ഈ വേദത്തിലുള്‍പ്പെടുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട ആവാഹനം, ഉച്ചാടനം, മാരണം, വശീകരണം തുടങ്ങിയവയ്ക്കു വേണ്ടിയാണ് ചില മന്ത്രങ്ങള്‍. ശരീരത്തിനുണ്ടാകുന്ന വിവിധരോഗങ്ങള്‍ക്കുള്ള പരിചരണരീതികള്‍ വിവരിക്കുന്ന ഭാഗങ്ങളും ഈ വേദത്തിലുണ്ട്. അതുകൊണ്ടുതന്നെ ആയുർവേദത്തിനടിസ്ഥാനം അഥർവ്വവേദമാണെന്നു കരുതുന്നവരുണ്ട്.
4. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും
യജ്ഞവുമായി ബന്ധപ്പെട്ട മന്ത്രങ്ങളുടെ ക്രിയാഭാഗമാണ് ബ്രാഹ്മണങ്ങളില്‍ വിവരിക്കുന്നത്. വേദം മന്ത്രങ്ങളും ബ്രാഹ്മണം വേദവ്യാഖ്യാനവുമാണെന്നർത്ഥം. ഓരോ വേദത്തിനും പ്രത്യേകം ബ്രാഹ്മണങ്ങളുണ്ട്. ജൈമിനിയുടെ മീമാംസാസൂത്രങ്ങള്‍ക്കു ഭാഷ്യം രചിച്ച ശബരസ്വാമി ബ്രാഹ്മണങ്ങള്‍ക്ക് പത്തു സവിശേഷതകളുള്ളതായി പറയുന്നു. ഹേതു, നിർവ്വചനം, ഭർത്സനാ, പ്രശംസ, സംശയം, വിധി, ഉദാഹരണങ്ങള്‍, ഉപവ്യാഖ്യാനങ്ങള്‍, പുരാകല്പം, പൂർവ്വപരാലോചന വഴിയായുള്ള അർത്ഥവ്യവധാരണം എന്നിവയാണവ (വി. ബാലകൃഷ്ണന്‍, ആമുഖം, ഐതരേയബ്രാഹ്മണം). ഇത്തരത്തില്‍ ഇന്ത്യന്‍ ജ്ഞാനശാസ്ത്രത്തിന്റെ ഒരു പ്രത്യേകപദ്ധതി ബ്രാഹ്മണങ്ങളില്‍ കാണാം.
ഋഗ്വേദത്തിന് രണ്ടു ബ്രാഹ്മണങ്ങളുണ്ട്. 1. ഐതരേയബ്രാഹ്മണം. 2. കൌഷീതകീബ്രാഹ്മണം. കൌഷീതകിക്ക് ശാംഖായനം അഥവാ സാംഖ്യായനം എന്നു നാമാന്തരവുമുണ്ട്. ബാഷ്കലശാഖയുമായി ബന്ധപ്പെട്ടതാണ് കൌഷീതകീബ്രാഹ്മണം. ഇവയില്‍ ഐതരേയബ്രാഹ്മണത്തെയാണ് കൂടുതല്‍ പ്രധാനമായി കണക്കാക്കാറുള്ളത്. യജുർവേദത്തിനു രണ്ടു പ്രധാനശാഖകളുള്ളതില്‍ ശതപഥബ്രാഹ്മണം ശുക്ലയജുർവേദത്തിന്റെയും തൈത്തിരീയബ്രാഹ്മണം കൃഷ്ണയജുർവേദത്തിന്റെയും ബ്രാഹ്മണങ്ങളാണ്. ജൈമിനീയം, താണ്ഡ്യം, സാമവിധാനം, ആർഷേയം, മന്ത്രം, ദേവതാദ്ധ്യായം, വംശം, സംഹിതോപനിഷത്ത് ഇവയാണ് സാമവേദത്തിന്റെ ബ്രാഹ്മണങ്ങള്‍. അഥർവ്വവേദത്തിന്റെ ബ്രാഹ്മണമാണ് ഗോപഥബ്രാഹ്മണം. ഓരോ വേദത്തിന്റെയും ആരണ്യകങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ:
ഋഗ്വേദം- 1. ഐതരേയ ആരണ്യകം, 2. കൌഷീതകീ ആരണ്യകം. ശുക്ലയജുർവേദം- ബൃഹദാരണ്യകം (മാധ്യന്ദിന, കണ്വ ശാഖകള്‍). കൃഷ്ണയജുർവേദം- 1. തൈത്തിരീയം, 2. മൈത്രായനീയം (മൈത്രായനീയശാഖ), 3. കഠാ (ചരക- കാഠകശാഖ). സാമവേദം- 1. തലവകാര ആരണ്യകം അഥവാ ജൈമിനീയ ഉപനിഷത് ബ്രാഹ്മണം (തലവകാര അഥവാ ജൈമിനീയ ശാഖ), 2. ആരണ്യകസംഹിത. അഥർവവേദം- പ്രത്യേക ആരണ്യകങ്ങള്‍ ലഭ്യമല്ല. അഥർവ്വ (പൈപ്പലാദ)ശാഖയുടെ ഭാഗമായ ഗോപഥബ്രാഹ്മണത്തെ ആരണ്യകമായും കണക്കാക്കുകയാണു ചെയ്യുന്നത്.
5. ഉപനിഷത്തുകൾ
ഉപ, നി എന്നീ ഉപസർഗ്ഗങ്ങളോടുകൂടിയ സദ് ധാതുവില്‍നിന്നാണ് ഉപനിഷത്ശബ്ദത്തിന്റെ ഉത്പത്തി. ഉപ- അടുത്ത്, നിഷദിക്കുക- ഇരിക്കുക എന്നീ അർത്ഥങ്ങളെ ആസ്പദമാക്കി ഗുരുസമീപത്തിരുന്നു തത്ത്വവിചാരം ചെയ്യുക എന്നൊരർത്ഥവും ഉപനിഷത്തിനുണ്ട്. വേദങ്ങളുടെ ജ്ഞാനകാണ്ഡത്തെയാണ് ഉപനിഷത്തുകള്‍ പ്രതിനിധീകരിക്കുന്നത്. പല കാലങ്ങളിലായി രചിക്കപ്പെട്ട ധാരാളം ഉപനിഷത്തുകളുണ്ട്. അവയില്‍ നൂറ്റിയെട്ടെണ്ണത്തെ പ്രധാനമായി കണക്കാക്കുന്നു. അവയില്‍ത്തന്നെ പ്രധാനമാണ് ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്ന പത്തെണ്ണം. അവ ഓർമ്മിക്കുന്നതിനു പ്രയോജനപ്പെടുന്ന,
ഈശ കേന കഠ പ്രശ്നം
മുണ്ഡ മാണ്ഡൂക്യ തിത്തരി
ഐതരേയം ച ഛാന്ദോഗ്യം
ബൃഹദാരണ്യകം തഥാ
എന്നൊരു ശ്ലോകവും പ്രസിദ്ധമാണ്. ഇവയില്‍ ഐതരേയോപനിഷത്ത് ഋഗ്വേദത്തിന്റെയും ഈശാവാസ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് എന്നിവ ശുക്ലയജുർവേദത്തിന്റെയും കഠോപനിഷത്ത്, തൈത്തിരീയോപനിഷത്ത് എന്നിവ കൃഷ്ണയജുർവേദത്തിന്റെയും കേനോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത് എന്നിവ സാമവേദത്തിന്റെയും പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിവ അഥർവവേദത്തിന്റെയും ഉപനിഷത്തുകളാണ്. നാലു വേദങ്ങളില്‍ ഓരോന്നിന്റെയും ഭാഗമായി ഉപനിഷത്തുകളിലുള്ള നാലു മഹാവാക്യങ്ങളില്‍ വേദാന്തദർശനം അടങ്ങിയിരിക്കുന്നതായി കരുതപ്പെടുന്നു. സാമവേദത്തിന്റെ ഭാഗമായ ഛാന്ദോഗ്യോപനിഷത്തിലെ ‘തത്ത്വമസി’ എന്ന മഹാവാക്യത്തിനാണ് ഇവയില്‍ ഏറ്റവും പ്രാധാന്യം. ഉദ്ദാലകമഹർഷി തന്റെ പുത്രനായ ശ്വേതകേതുവിനു നല്കുന്ന ഉപദേശമായാണ് ഇത് ഉപനിഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ‘തത് (അത്) ത്വം (നീ) അസി (ആകുന്നു)‘ എന്ന മഹാവാക്യത്തിലൂടെ ജീവാത്മാവും പരബ്രഹ്മവും ഒന്നുതന്നെയാകുന്നു എന്ന ആശയമാണു വെളിവാക്കുന്നത്. അഥർവ്വവേദത്തിന്റെ മാണ്ഡൂക്യോപനിഷത്തിലെ അനുസന്ധാനവാക്യമാണ് ‘അയമാത്മാ ബ്രഹ്മഃ‘ എന്ന മഹാവാക്യം. ‘ആത്മാവ് ബ്രഹ്മമാണ്’ എന്നാണ് ഈ വാക്യത്തിന്റെ അർത്ഥം. ഋഗ്വേദത്തിന്റെ ഭാഗമായ ഐതരേയോപനിഷത്തിലുള്ള ലക്ഷണവാക്യമാണ് ‘പ്രജ്ഞാനം ബ്രഹ്മഃ‘ എന്നത്. ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്നീ ത്രിപുടിക്കപ്പുറം അവശേഷിക്കുന്ന കേവലജ്ഞാനമാണ് ബ്രഹ്മം എന്ന് ഈ മഹാവാക്യം സൂചിപ്പിക്കുന്നു. യജുർവേദത്തിലെ ബൃഹദാരണ്യകോപനിഷത്തിലുള്ള ‘അഹം ബ്രഹ്മാസ്മി’ എന്ന അനുഭവവാക്യത്തിലൂടെ ‘ഞാന്‍ എന്ന ജീവാത്മാവ് ബ്രഹ്മംതന്നെയാകുന്നു’ എന്ന ആശയം വ്യക്തമാക്കുന്നു. പില്ക്കാലത്ത് അദ്വൈതദർശനത്തിന്റെ വികാസത്തോടെ ഈ മഹാവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കൈവരുന്നു. മേല്പറഞ്ഞ ഉപനിഷത്തുകള്‍ കൂടാതെ ശ്വേതാശ്വതരോപനിഷത്ത്, കൈവല്യോപനിഷത്ത്, വജ്രസൂചികോപനിഷത്ത് എന്നിങ്ങനെ വേറെയും ഉപനിഷത്തുകളുണ്ട്.
6. വേദാംഗങ്ങള്‍
വേദങ്ങളുടെ അവയവങ്ങള്‍ എന്ന അർത്ഥത്തിലാണു വേദാംഗം എന്നു പറയാറുള്ളത്. ശിക്ഷ, കല്പം, നിരുക്തം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഷം എന്നിങ്ങനെ ആറെണ്ണമാണ് വേദാംഗങ്ങള്‍. ഛന്ദസ്സ് വേദത്തിന്റെ പാദങ്ങളും കല്പം കൈകളും ജ്യോതിഷം ചക്ഷുസ്സും നിരുക്തം ശ്രോത്രവും ശിക്ഷ ഘ്രാണവും വ്യാകരണം മുഖവുമാണ് എന്നു പാണിനീയശിക്ഷയില്‍ കാണാം. ഇവയില്‍ കല്പവും ജ്യോതിഷവുമൊഴിച്ചുള്ള നാലും ഭാഷയെ സംബന്ധിച്ചതാണ്.
ശിക്ഷ
സ്വരവർണ്ണോപദേശകശാസ്ത്രമാണു ശിക്ഷ. സ്വരവർണ്ണങ്ങളുടെ ഉച്ചാരണത്തിലുള്ള ശിക്ഷണമാണിത്. അഥവാ ഓരോ സ്വരവും വർണ്ണവും എങ്ങനെയൊക്കെ ഉച്ചരിക്കണം എന്നതാണ് ശിക്ഷയുടെ വിഷയം. ഉദാഹരണത്തിനു വേദം ചൊല്ലുമ്പോള്‍ സ്വരങ്ങള്‍ക്കു സാമാന്യമായി ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെ മൂന്നു ഭേദങ്ങള്‍ കല്പിക്കാറുണ്ട്. ഇത്തരം വിഷയങ്ങളാണ് ശിക്ഷയില്‍ ഉള്‍പ്പെടുന്നത്. വർണ്ണങ്ങളുടെയും സ്വരങ്ങളുടെയും വിഭാഗങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും ഈ ഗ്രന്ഥങ്ങളിലുണ്ട്. ചാന്ദ്രശിക്ഷ, ശൌനകീയശിക്ഷ എന്നീ ഗ്രന്ഥങ്ങളാണ് ഈ വിഭാഗത്തിലെ പ്രാചീനഗ്രന്ഥങ്ങള്‍. പാണിനീയശിക്ഷ, നാരദീയശിക്ഷ, യാജ്ഞവല്ക്യശിക്ഷ എന്നിങ്ങനെ ഇതേ വിഷയത്തില്‍ വേറെയും കൃതികളുണ്ട്. വേദങ്ങളുടെ ഉപാംഗങ്ങളായി കരുതപ്പെടുന്ന പ്രാതിശാഖ്യങ്ങളിലും ഉച്ചാരണനിയമങ്ങള്‍ ചർച്ച ചെയ്യുന്നുണ്ട്. ഋഗ്വേദപ്രാതിശാഖ്യം, തൈത്തിരീയപ്രാതിശാഖ്യം (കൃഷ്ണയജുർവേദം), വാജസനേയീപ്രാതിശാഖ്യം (ശുക്ലയജുർവേദം), ഋക് തന്ത്രവ്യാകരണം (സാമവേദം), അഥർവ്വപ്രാതിശാഖ്യം എന്നിവയാണ് ഓരോ വേദത്തിന്റെയും പ്രാതിശാഖ്യങ്ങള്‍.
കല്പം
വൈദികകർമ്മാനുഷ്ഠാനത്തെ പ്രതിപാദിക്കുന്ന സൂത്രങ്ങളാണ് കല്പസൂത്രങ്ങള്‍. ശ്രൌതസൂത്രങ്ങള്‍, ഗൃഹ്യസൂത്രങ്ങള്‍, ധർമ്മസൂത്രങ്ങള്‍, ശൂല്‍ബസൂത്രങ്ങള്‍ എന്നിങ്ങനെ നാലു തരത്തിലുള്ള സൂത്രങ്ങള്‍ ഇവയിലുള്‍പ്പെടുന്നു. വേദത്തെ അടിസ്ഥാനമാക്കിയുള്ള കർമ്മങ്ങള്‍ വിവരിക്കുന്നവയാണ് ശ്രൌതസൂത്രങ്ങള്‍. യാഗാഗ്നികളുടെ ആരാധനാക്രമങ്ങള്‍, ചില യാഗങ്ങളുടെ അനുഷ്ഠാനക്രമങ്ങള്‍ എന്നിവ ഇത്തരം സൂത്രങ്ങളിലുണ്ട്. വിവാഹം, ഗർഭാധാനം, പുംസവനം, സീമന്തം, ജാതകർമ്മം, നാമകരണം തുടങ്ങിയ ഷോഡശക്രിയകളും ബ്രഹ്മചാരി, ഗൃഹസ്ഥന്‍, ആചാര്യന്‍, ശിഷ്യന്‍ എന്നിവർ അനുഷ്ഠിക്കേണ്ട വിവിധകർമ്മങ്ങളും ഗൃഹ്യസൂത്രങ്ങളില്‍ പ്രതിപാദിക്കുന്നു. വർണ്ണാശ്രമധർമ്മങ്ങളാണ് ധർമ്മസൂത്രങ്ങളില്‍ വിശദീകരിക്കുന്നത്. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും പിന്തുടരേണ്ട ആചാരക്രമങ്ങള്‍ ഇവയിലുണ്ട്. പലതരം യജ്ഞവേദികളുടെ അളവുകളും മറ്റുമാണ് ശൂല്‍ബസൂത്രങ്ങളില്‍ പ്രതിപാദിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയെ ശ്രൌതസൂത്രങ്ങളുടെ ഭാഗമായി കരുതുന്നവരുമുണ്ട്. ഇപ്പറഞ്ഞ വിഷയങ്ങള്‍ക്കപ്പുറം വൈദികമായ ദർശനത്തെയും ആചാരാനുഷ്ഠാനങ്ങളെയും ഗാർഹികവും സാമൂഹികവുമായ ജീവിതവുമായി ബന്ധിപ്പിക്കുന്നു എന്ന പ്രാധാന്യം കല്പസൂത്രങ്ങള്‍ക്കുണ്ട്. ചാതുർവർണ്യവ്യവസ്ഥയിലെ വിവേചനം, ബ്രാഹ്മണരുടെ മാംസഭക്ഷണമുള്‍പ്പെടെയുള്ള പ്രാചീനജീവിതരീതികള്‍ എന്നിവയെക്കുറിച്ചു വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നത് കല്പസൂത്രങ്ങളില്‍നിന്നാണ്. ബൌധായനശ്രൌതസൂത്രം, ആശ്വലായനഗൃഹ്യസൂത്രം, ഗൌതമന്‍, ബൗധായനന്‍, വസിഷ്ഠന്‍, ആപസ്തംബന്‍ എന്നിവരുടെ ധർമ്മസൂത്രങ്ങള്‍, ബൌധായനന്‍, ആപസ്തംബന്‍, കാത്യായനന്‍ തുടങ്ങിയവരുടെ ശൂല്‍ബസൂത്രങ്ങള്‍ എന്നിവ കല്പസൂത്രങ്ങളില്‍ പ്രധാനങ്ങളാണ്.
നിരുക്തം
നിരുക്തത്തിനു നിഘണ്ടു, നിരുക്തം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്. വൈദികപദങ്ങളുടെ സമാഹാരങ്ങളാണ് നിഘണ്ടുക്കള്‍. പദങ്ങളുടെ ഉത്പത്തി തുടങ്ങി അവയുടെ വ്യാഖ്യാനങ്ങളാണ് നിരുക്തങ്ങള്‍. കാശ്യപന്‍ നിർമ്മിച്ച അഞ്ച് അദ്ധ്യായങ്ങളുള്ള നിഘണ്ടു പ്രധാനമാണ്. നൈഘണ്ടുകം, നൈഗമം, ദൈവതം എന്നീ മൂന്നു കാണ്ഡങ്ങള്‍ ചേർന്ന യാസ്കന്റെ നിരുക്തമാണ് പിന്നീട് ഏറെ പ്രസിദ്ധമായത്.
വ്യാകരണം
ഭാഷയുടെ വിവിധഘടകങ്ങളെ വിശകലനം ചെയ്യുകയും അവയുടെ സാധുത പരിശോധിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് വ്യാകരണം. ഐന്ദ്രം, ശൈവം എന്നിങ്ങനെ വ്യാകരണപഠനത്തില്‍ പ്രസിദ്ധമായ രണ്ടു സമ്പ്രദായങ്ങളുണ്ട്. പാണിനി രചിച്ച അഷ്ടാധ്യായിയും അതിനു പതഞ്ജലി രചിച്ച ഭാഷ്യവും കാത്യായനന്‍ എഴുതിയ വാർത്തികവുമാണ് ഈ മേഖലയിലെ പ്രധാനകൃതികള്‍.
ഛന്ദസ്സ്
വേദമന്ത്രങ്ങളുടെ ഛന്ദസ്സിന് ഏറെ പ്രാധാന്യമുണ്ട്. ഗായത്രി, ബൃഹതി, ഉഷ്ണിക്, ജഗതി, ത്രിഷ്ടുപ്പ്, അനുഷ്ടുപ്പ്, പംക്തി തുടങ്ങി വിവിധഛന്ദസ്സുകളില്‍ എഴുതിയ വേദമന്ത്രങ്ങളുണ്ട്. ഇവയുടെ ഘടന വിവരിക്കുകയാണ് ഛന്ദഃശാസ്ത്രത്തില്‍ ചെയ്യുന്നത്. ഈ വിഭാഗത്തിലെ പ്രാചീനകൃതികളില്‍ പിംഗളന്റെ ഛന്ദഃശാസ്ത്രമാണ് ഏറെ പ്രസിദ്ധം. വൈദികവും ലൌകികവുമായ ഛന്ദസ്സുകളെ സമഗ്രമായി വിവരിക്കുന്ന കൃതിയാണത്.
ജ്യോതിഷം
ജ്യോതിഷം കാലവിജ്ഞാനശാസ്ത്രം എന്നും അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാരുടെയും മറ്റു ഗ്രഹങ്ങളുടെയും വിവരങ്ങളും അവയ്ക്കു മനുഷ്യജീവിതത്തിലുള്ള സ്വാധീനവും വിശദീകരിക്കുകയാണ് ഈ വിഭാഗത്തിലുള്ള കൃതികള്‍ ചെയ്യുന്നത്. ലഗധാചാര്യന്റെ വേദാംഗജ്യോതിഷമാണ് ഈ മേഖലയിലെ പ്രധാനഗ്രന്ഥം. ജ്യോതിഷത്തിന് ഗണിതം, സംഹിത, ഹോര എന്നീ മൂന്നു സ്കന്ധങ്ങളാണുള്ളത്. വേദാനുഷ്ഠാനങ്ങള്‍ക്ക് ഉചിതമായ സമയം നിർണ്ണയിക്കുക എന്ന ധർമ്മമാണ് ജ്യോതിഷത്തെ വേദാംഗമായി കണക്കാക്കുന്നതിനു കാരണമാകുന്നത്.
വേദങ്ങളും വേദാംഗങ്ങളും പ്രാചീനകാലത്തുണ്ടായ കൃതികളാണെങ്കിലും അവയ്ക്കു സമകാലികമായ ജീവിതപരിസരത്തേക്കും വിവിധവിഷയങ്ങളുടെ ചിന്താപദ്ധതികളിലേക്കും നീളുന്ന തുടർച്ചകളുണ്ട്. ജോണ്‍ കേയ് ചൂണ്ടിക്കാണിക്കുന്നതുപോലെ വേദമന്ത്രങ്ങള്‍ ഇപ്പോഴും ഉച്ചരിക്കപ്പെടുന്നു; പ്രാചീനേതിഹാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ടെലിവിഷന്‍ സീരിയലുകള്‍ക്ക് ഒരു രാജ്യത്തെ മുഴുവന്‍ നിശ്ശബ്ദവും നിശ്ചലവുമാക്കാനുള്ള ശേഷിയുണ്ടാവുന്നു. (John Keay, India: A History from the Earliest Civilisations to the Boom of the Twenty-First Century) ഒരു വശത്ത് ഗഹനവും വിശാലവുമായ ആശയങ്ങളും മറുവശത്തു വിവേചനപരമായ സാമൂഹികക്രമങ്ങളും ചേരുന്ന, ജീവിതത്തിന്റെയും ചിന്തയുടെയും വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും പേറുന്ന വലിയൊരു വ്യവസ്ഥയായി വൈദികസംസ്കൃതി ഇന്നും ഇന്ത്യയിൽ നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ അതിന് സാമൂഹികമായ അധികാരവ്യവസ്ഥയെപ്പോലും നിർണ്ണയിക്കാനുള്ള ശേഷിയുണ്ടാകുന്നു. നവോത്ഥാനകാലഘട്ടത്തിൽ ദയാനന്ദ സരസ്വതി മുതൽ ചട്ടമ്പി സ്വാമി വരെയുള്ള പലരും വൈദികദർശനവും ചാതുർവർണ്യവ്യവസ്ഥയും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു കുറേക്കൂടി മൂർത്തമായ രീതിയിൽ അദ്വൈതദർശനത്തെ സാമൂഹികതലത്തിൽ പ്രയോഗിക്കാനും മുതിർന്നു. എങ്കിലും ചാതുർവർണ്യത്തിന്റെ അടയാളങ്ങൾ ഇപ്പോഴും ശേഷിക്കുന്നു; വൈദികദർശനത്തിലെ വിശാലമായ സങ്കല്പനങ്ങൾ ആശയലോകത്ത് അഭംഗുരം തുടരുകയും ചെയ്യുന്നു. വൈദികസംസ്കൃതിയിൽ കർമ്മവും ജ്ഞാനവും തമ്മിൽ പണ്ടേയുള്ള ഈ വൈരുദ്ധ്യം പരിഹരിക്കാനായാലേ വൈദികദർശനത്തിന് സമകാലികമായി പ്രസക്തിയുണ്ടാവൂ. ഇന്ത്യൻതത്ത്വചിന്ത ജീവിതത്തിൽ പ്രയോഗിക്കാനുള്ളതാണ് എന്നാണല്ലോ നാം നിരന്തരം പറയാറുള്ളത്.
ആന്വീക്ഷികി ഇതുവരെ വന്ന ഭാഗങ്ങൾ വായിക്കുവാൻ:
ഭാഗം ഒന്ന്: തത്വചിന്തയ്ക്ക് ഒരാമുഖം
ഭാഗം രണ്ട്: ആദിമമായ ചില ആകാംക്ഷകളും ഗോത്രവിശ്വാസങ്ങളും
Be the first to write a comment.