1.
അവരവരുടെ ലോകത്തു മാത്രം ജീവിക്കുന്ന മൃഗസാകല്യത്തോട് ജന്മവാസനകളുടേതായ ഒരു ഐക്യം സൂക്ഷിക്കുമ്പോള്‍ത്തന്നെ മനുഷ്യർ ആദിമകാലം മുതല്ക്കേ അവയില്‍നിന്നു ഭിന്നമായ ചില ലോകങ്ങളിലേക്കുകൂടി പ്രവേശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചുറ്റുപാടുകളെക്കുറിച്ചും തങ്ങളെക്കുറിച്ചുതന്നെയുമുള്ള ആലോചനകളുമായി അവർ ആ മൃഗചേതനയില്‍നിന്ന് മിക്കപ്പോഴും പുറത്തുകടക്കാന്‍ തുടങ്ങി; അത്തരത്തില്‍ തങ്ങളുടേതല്ലാത്ത ഒരു ലോകവും അവർ കൂടെക്കൊണ്ടുനടന്നു. അറിയാനുള്ള ആഗ്രഹം കൂടിയപ്പോള്‍ ചോദ്യങ്ങളുടെ എണ്ണവും ഏറെയായി. അന്വേഷിക്കപ്പെടേണ്ട വിഷയങ്ങളും അന്വേഷണരീതിയും അതോടെ സങ്കീർണ്ണമാവുകയും ചെയ്തു. പല കാലങ്ങളിലായി അവർ ഏറെത്തവണ ചോദിച്ച ചോദ്യങ്ങള്‍ ഇവയായിരിക്കണം:
നാം ജീവിക്കുന്ന ഈ പ്രപഞ്ചം ഉണ്ടായതെങ്ങനെ?
പ്രപഞ്ചത്തെ നിലനിർത്തുന്നതാരാണ്?
പ്രപഞ്ചത്തിനു പരിണാമം സംഭവിക്കുന്നത് എങ്ങനെയാണ്?
സ്ഥലത്തിന്‍റെയും കാലത്തിന്‍റെയും നിലയും പരിണാമവും എങ്ങനെയാണ്?
മനുഷ്യർക്കു ജനനത്തിനു മുമ്പും മരണത്തിനു പിൻപുമായി ഏതെങ്കിലും തരത്തിലുള്ള അസ്തിത്വമുണ്ടോ? ഉണ്ടെങ്കിൽ അതിന്‍റെ സ്വഭാവം എന്താണ്?
മനുഷ്യരുടേയും മറ്റു ചരാചരങ്ങളുടേയും അസ്തിത്വത്തേയും പെരുമാറ്റത്തേയും നിർണ്ണയിക്കുന്നത് ആരാണ്? അത്തരത്തില്‍ ഏതെങ്കിലും അതീതശക്തിയുണ്ടോ?
മറ്റു ചരാചരങ്ങളിൽനിന്നു ഭിന്നമായി മനുഷ്യർക്ക് എന്തെങ്കിലും സവിശേഷതകളുണ്ടോ?
മനുഷ്യാസ്തിത്വത്തിന്‍റെ അർത്ഥമെന്താണ്? അതിന്‍റെ സ്വഭാവം എന്താണ്?
മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യം എന്താണ്?
ജീവിതലക്ഷ്യം സാക്ഷാത്കരിക്കേണ്ടത് എങ്ങനെയാണ്?
ജീവിക്കേണ്ടത് എങ്ങനെയാണ്? അതിനു പിന്തുടരേണ്ട മൂല്യങ്ങൾ എന്തൊക്കെയാണ്?
ജീവിതത്തില്‍ കർമ്മങ്ങൾക്കുള്ള പങ്കെന്താണ്?
ജ്ഞാനത്തിന്‍റെ പ്രാധാന്യം എന്താണ്?
ജ്ഞാനത്തിന്‍റെയും ജ്ഞാനാർജ്ജനത്തിന്‍റെയും സ്വഭാവം എന്താണ്?
യഥാർത്ഥജ്ഞാനത്തെ മിഥ്യാജ്ഞാനത്തിൽനിന്നു വേർതിരിച്ചറിയുന്നതെങ്ങനെയാണ്? അതിനുള്ള ഉപകരണങ്ങൾ എന്തൊക്കെയാണ്?
ഇന്ദ്രിയങ്ങളിലൂടെയുള്ള അറിവ്, ഇന്ദ്രിയാതീതമായ അറിവ് എന്നിവയെ വേർതിരിക്കാനാവുമോ? നശ്വരവും ഇന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയാനാവുന്നതുമായ ഈ ലോകത്തിന് അനശ്വരവും ഇന്ദ്രിയാതീതവുമായ അപരങ്ങളുണ്ടോ?
ഇന്ദ്രിയബദ്ധമായ ഈ ശരീരമാണോ സത്യം? അതിനപ്പുറം ആത്മാവ്, മനസ്സ്, ജീവൻ എന്നിവയ്ക്ക് അസ്തിത്വമുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയാണ്?

ഇന്ത്യയിൽ തത്ത്വചിന്തയും മതവും (religion) പൊതുവേ ഉന്നയിക്കുന്ന ചില ചോദ്യങ്ങളാണ് മേല്‍പറഞ്ഞവയെല്ലാം. ഇവയുടെ ഉത്തരങ്ങളാണ് ഓരോ ദർശനത്തേയും, ഓരോ മതത്തേയും വ്യത്യസ്തമാക്കുന്നത്; ഓരോന്നിനുമുള്ളിൽത്തന്നെ നിരവധി പിരിവുകൾ ഉണ്ടാക്കുന്നതും അവതന്നെ. ഇന്ത്യൻ സാഹചര്യത്തിൽ ഭൗതികവാദം/ ആത്മീയവാദം എന്ന വേർതിരിവിനു വലിയ പ്രസക്തിയില്ല. യുക്തിയെ ആശ്രയിക്കുന്നതും ഭൗതികവാദമെന്നു തോന്നിക്കുന്നതുമായ ദർശനങ്ങൾ ചിലപ്പോൾ അതിഭൗതികമായ സങ്കല്പനങ്ങളെ ഒപ്പം ചേർക്കുന്നത് സാധാരണമാണ്. ആത്മീയവാദപരമായ ദർശനങ്ങളാകട്ടെ, പലപ്പോഴും അതിഭൗതികകാര്യങ്ങളുടെ അസ്തിത്വം സമർത്ഥിക്കുന്നതിനായി ഭൗതികമായ യുക്തിയെ ആശ്രയിക്കുന്നതും കാണാം. ന്യായശാസ്ത്രം എന്നറിയപ്പെടുന്ന ഇന്ത്യന്‍ യുക്തിചിന്തയെ അടിസ്ഥാനമാക്കി ഉദയനാചാര്യർ ന്യായകുസുമാഞ്ജലി എന്ന ഗ്രന്ഥത്തിലൂടെ ഈശ്വരന്‍റെ അസ്തിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നത് ഒരുദാഹരണം മാത്രം.

ഭൌതികമായ യുക്തിചിന്തയേക്കാൾ അതിഭൌതികമായ വിശ്വാസത്തെ പരമപ്രധാനമായി കാണുന്ന മതങ്ങൾ പലപ്പോഴും ഈ പ്രശ്നങ്ങൾക്ക് സരളമായ ഉത്തരങ്ങൾ നല്കിയെന്നു വരാം. ചോദ്യങ്ങൾ ഉന്നയിക്കുന്നതിനു മുമ്പുതന്നെ എല്ലാറ്റിനും ഉത്തരങ്ങൾ അവിടെ ലഭ്യമായെന്നും വരാം. ആ നിലയിൽ മതങ്ങളുടെ വിശ്വാസസംഹിത അതിൽത്തന്നെ പൂർണമാണ്. തങ്ങളുടേതായ യുക്തിയെ പ്രമാണമാക്കുന്ന ഇന്ത്യയിലെ പല പ്രാചീനമതങ്ങളിലും ദൈവം ഒരു പ്രധാനകഥാപാത്രമേ ആവുന്നില്ല എന്നുകാണാം. യഥാർത്ഥജ്ഞാനത്തെ അന്വേഷിച്ചു ചെല്ലുമ്പോൾ ഒടുവിൽ ചെന്നെത്തുന്ന കേവലമായ ഇടമായി ഈട്ട്, ബ്രഹ്മം, ശൂന്യത, നിയതി എന്നിങ്ങനെ ചില സങ്കല്പങ്ങളുണ്ട്. പക്ഷേ അവയ്ക്ക് മനുഷ്യരുടേയോ ചരാചരങ്ങളുടേയോ ഇച്ഛകളിൽ ഇടപെടുകയും പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ നടപ്പാക്കുകയും, നിന്ദിച്ചാൽ കോപിക്കുകയുമൊക്കെച്ചെയ്യുന്ന ദൈവമെന്ന പതിവുമതകല്‍പനയുമായി വലിയ ബന്ധമൊന്നുമില്ല. അതിഭൌതികമായ മറ്റു ചില മതകല്‍പനകളിലാകട്ടെ, ദൈവം ഒരേ സമയം മനുഷ്യസമാനവും മനുഷ്യാതീതവുമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു. അവിടെ ദൈവത്തിന്‍റെ ഇച്ഛ നിഗൂഢമാണ്. ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം ഇന്ദ്രിയാതീതമാണ്. അതു മനുഷ്യചിന്തയ്ക്ക് അപ്രാപ്യമാണ്. അത് അനാദിയും അനന്തവുമാണ്. മനുഷ്യരെ സംബന്ധിച്ച്, തങ്ങൾക്ക് അതീതവും തങ്ങളിൽനിന്നു ഭിന്നവുമാണ്. അതേസമയം മനുഷ്യരുടേതായ ചില സവിശേഷതകൾ ദൈവത്തിൽ ആരോപിക്കപ്പെടാറുമുണ്ട്. അങ്ങനെ ദൈവം അനാദിയും അനന്തവും അനശ്വരവും പ്രപഞ്ചവിധാതാവും സർവ്വജ്ഞനും സർവ്വവ്യാപിയുമായ ശക്തിയായിരിക്കെത്തന്നെ തങ്ങളെപ്പോലെ സ്നേഹിക്കുകയും കാമിക്കുകയും കോപിക്കുകയും പ്രസാദിക്കുകയും ദ്രോഹിക്കുകയും രക്ഷിക്കുകയും ചെയ്യുന്നയാളുമാണ്.

ഇപ്പറഞ്ഞത് പ്രബലമതങ്ങളുടെ കാര്യം. ജി. ഡബ്ലിയു. എഫ്. ഹെഗലിനെപ്പോലുള്ള തത്ത്വചിന്തകർ, കേവലമനസ്സിന്‍റെ ഭാവനയുടെ രൂപത്തിലുള്ള സ്വയംപ്രകാശനമെന്ന നിലയില്‍ മതത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഹെഗലിനെ സംബന്ധിച്ച്, അപൂർണ്ണതയെ പടിപടിയായി കീഴ്പ്പെടുത്തിക്കൊണ്ടുള്ള ബോധത്തിന്‍റെ വികാസമാണ് മതം. മന്ത്രവാദത്തിന്‍റെ തലത്തിലുള്ള പ്രാകൃതമതങ്ങളും (Natural Religions) വൈയക്തികമായ ആത്മീയതയ്ക്കു പ്രാധാന്യം നല്കുന്ന മതങ്ങളും (Religions of spiritual individuality) പല വികാസഘട്ടങ്ങള്‍ കടന്നാണ് സത്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ആത്മീയതയുടേയും ഉയർന്ന ബോധത്തിന്‍റെ തലത്തിലെത്തുന്നത് എന്നു ഹെഗല്‍ കരുതി. അദ്ദേഹത്തെ സംബന്ധിച്ച് ആ ഉന്നതസ്ഥാനമുള്ളതു ക്രിസ്തുമതത്തിനാണ്. തീർച്ചയായും ഈ കാഴ്ചപ്പാട് ഒരു പരിധിവരെ വ്യക്തിപരവും വലിയൊരളവില്‍ യൂറോകേന്ദ്രിതവുമാണ്. മാക്സ് മുള്ളറുടെ ഗോത്രമതങ്ങള്‍, ദേശീയമതങ്ങള്‍, ലോകമതങ്ങള്‍ എന്നൊരു വിഭജനവും ഇതിനൊപ്പം ഓർക്കാവുന്നതാണ്. ഇത്തരം പ്രബലമായ സങ്കല്‍പനങ്ങൾ ഉണ്ടെങ്കില്‍പ്പോലും മതങ്ങള്‍ക്കു തരതമഭേദം കല്പിക്കാത്ത ഒരു നിലപാടിനാണ് സമകാലികമായി ഏറെ പ്രസക്തിയുള്ളത്. ലോകത്തിന്‍റെ പലയിടങ്ങളിലും ഉള്ള ആദിവാസി ഗോത്രങ്ങളിൽ ഓരോന്നിനും അതാതിന്റേതായ ജീവിതസാഹചര്യങ്ങള്‍ക്കും ജീവിതസമീപനത്തിനുമനുസരിച്ച് സവിശേഷമായ മതസങ്കല്പങ്ങളുണ്ട്. ഒരുതരത്തില്‍ പ്രാദേശികമായിരിക്കെത്തന്നെ പൊതുസ്വഭാവം പുലർത്തുന്ന ദേവതാസങ്കല്പങ്ങളും അവയ്ക്കുണ്ട്. പക്ഷേ മിഥോളജിയിലും ദൈവസങ്കല്പത്തിലും ആചാരങ്ങളിലുമെല്ലാം പ്രകൃതിയുടെ ചുറ്റുപാടുകളോടിണങ്ങുന്നതും തങ്ങളുടെതന്നെ ജീവിതരീതിയോടു ബന്ധപ്പെട്ടതുമായ വിശ്വാസങ്ങളാണ് അവയെ നിർണ്ണയിക്കുന്നത്. തുടക്കത്തിലുന്നയിച്ച ചോദ്യങ്ങളില്‍പ്പലതും അവയും അഭിമുഖീകരിക്കുന്നുണ്ട്. അപ്പോഴും സാമാന്യമായ യുക്തിബോധത്തെക്കാള്‍ നൈസർഗ്ഗികമായ ഭാവനയ്ക്കാണ് അവിടെ പ്രാധാന്യം എന്നുമാത്രം.

2.
ഇന്ത്യയിൽ അറുനൂറിലേറെ ഗോത്രസമുദായങ്ങളുണ്ട്. പ്രബലമായ സവർണേതരസമുദായങ്ങള്‍ വേറെയുമുണ്ട്. പ്രകൃതിയിലെ അജ്ഞേയവും നിഗൂഢവുമായിരുന്ന പ്രതിഭാസങ്ങള്‍ക്കെല്ലാം ദേവതാരൂപം നല്‍കുന്നതും അവയെ ആരാധിക്കുന്നതും ഇത്തരം സമുദായങ്ങളില്‍ സാധാരണമാണ്. വെളിച്ചം, മഴ, കാറ്റ് തുടങ്ങി മനുഷ്യജീവിതത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്ന സംഗതികള്‍ക്കെല്ലാം ദേവതകളുണ്ടാവുന്നു. വെളിച്ചത്തിന്‍റെ ഉറവിടങ്ങളായ സൂര്യനും ചന്ദ്രനും ആരാധനാമൂർത്തികള്‍ ആകുന്നത് അങ്ങനെയാണ്. സൂര്യനേയും ചന്ദ്രനേയും ഗ്രഹണത്തേയും കുറിച്ച് ഇന്ത്യയിലെ മിക്ക ഗോത്രസമുദായങ്ങളിലേയും മിത്തുകൾക്കു തമ്മിൽ സമാനതകളുണ്ടെന്ന് Verrier Elwin നിരീക്ഷിക്കുന്നു. (Tribal Myths of Orissa) ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്തെ പ്രബലസമുദായമായ നാഗന്മാരുടെ പ്രധാനദൈവം തന്നെ സൂര്യദേവനായ സിങ്ബോംഗ ആണ്.

ഒറീസയിലെ ബോണ്ടോ എന്ന ഗോത്രത്തിന്‍റെ വിശ്വാസമനുസരിച്ച് ആകാശത്തിന്‍റെ ദേവതയായ ഭിമായി ആണ് മഴ പെയ്യിക്കുന്നത്. ആകാശത്തിൽ ഉറങ്ങുന്ന ഭിമായി എഴുന്നേറ്റ് സ്നാനം ചെയ്യുമ്പോഴാണ് മഴ പെയ്യുന്നതെന്നാണ് അവർക്കിടയിലെ വിശ്വാസം. ജയ്പൂരിലെ ഗോണ്ടുകൾ മഴയുടെ ദേവതയായ ഇസ്പുറിനെ ആരാധിക്കുന്നു. തമിഴ്നാട്ടിലെ ഗ്രാമീണജനതയ്ക്ക് മഴയും സന്താനസൗഭാഗ്യവും നല്‍കുന്ന ദേവതയാണ് ശെല്ലിയമ്മൻ. (എസ്. എം. എല്‍. ലക്ഷ്മണന്‍ ചെട്ടിയാർ, തമിഴ്നാട്ടിലെ നാടോടി സംസ്കാരം) മഴ ആ നിലയ്ക്ക് ഉർവ്വരതയുടേയും സമൃദ്ധിയുടേയും പ്രതീകം കൂടിയായിത്തീരുന്നു. ഉർവ്വരതയുടേയും പുനരുല്പാദനത്തിന്‍റെയും മറ്റൊരു പ്രതീകമാണ് വൃക്ഷം. ഹിമാചല്‍ പ്രദേശിലെ ഗോത്രവർഗ്ഗക്കാർ സെമാല്‍, വടവൃക്ഷം, പീപ്പല്‍ എന്നീ വൃക്ഷങ്ങളെ ആരാധിക്കുന്നു. (Goutam Sharma ‘Vyathit’, Folklore of Himachal Pradesh) ആസ്സാമിലെ ബോഡോ ഗോത്രക്കാർക്ക് സിജോ എന്ന വൃക്ഷം അവരുടെ സർവ്വവ്യാപിയായ ദൈവത്തിന്‍റെതന്നെ മൂർത്തരൂപമാണ്. ആന്ധ്രാപ്രദേശും മധ്യപ്രദേശും ഉത്തർപ്രദേശുമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ താമസിക്കുന്ന ഗോണ്ട് സമുദായം സജാ, മഹുവാ എന്നീ വൃക്ഷങ്ങളെ വിശുദ്ധമായി കാണുന്നു. അവരുടെ മലദൈവമാണ് ലിംഗോ. ഗ്രാമം എന്ന ഇടവുമായി ബന്ധപ്പെട്ടും ദേവതകളുണ്ട്. അകി പെന്‍ എന്ന ദേവത ഗ്രാമരക്ഷകനും നാട്ട് ഔവാല്‍ ഗ്രാമമാതാവുമാണ്. സിവ മാർകേ ആവട്ടെ അവർക്ക് ഗ്രാമാതിർത്തിയുടെ ദേവതയാണ്. (Ajit Kumar, The clan- caste Gond Society and its Religion) ചുടലമാടൻ, കരിങ്കുട്ടി, അയ്യനാർ, കറുപ്പസ്വാമി എന്നിങ്ങനെ തമിഴകത്തു പ്രചാരത്തിലുള്ള ഗ്രാമദേവതകള്‍ ഏറെയുണ്ട്. കോനാര്, മറവർ, പറയർ എന്നീ സമുദായങ്ങള്‍ ആരാധിക്കുന്ന ചുടലമാടന്‍ അഥവാ ചാത്തന് തൃശ്ശിനാപ്പള്ളിയിലെ പുതുക്കുളം ഗ്രാമത്തിൽ പ്രശസ്തമായൊരു കോവിലുണ്ട്. ചിലപ്പതികാരത്തിലും ചാത്തനെപ്പറ്റി പരാമർശം കാണാം. ഇത്തരത്തില്‍ സകലചരാചരങ്ങളിലും ദേവതാസാന്നിധ്യം കല്‍പിക്കുന്നതിന് സർവാത്മവാദം (animism) എന്നാണ് ആധുനികപണ്ഡിതർ പേരു പറയുന്നത്. നരവംശശാസ്ത്രപഠനത്തിന്‍റെ തുടക്കക്കാരിലൊരാളായ എഡ്വേഡ് ബി ടെയ്ലർ സർവാത്മവാദത്തെയാണ് പ്രാചീനമതവിശ്വാസത്തിന്‍റെ പ്രബലരൂപമായി കാണുന്നത്. (Primitive Culture -1871) അതിഭൗതികശക്തികളിലുള്ള വിശ്വാസമെന്ന് അനിമിസത്തെ നിർവ്വചിക്കുന്ന അദ്ദേഹം സകലചരാചരങ്ങളിലും ആത്മാവെന്നോ ചേതനയെന്നോ പറയാവുന്ന ഒരു ശക്തി കുടികൊള്ളുന്നു എന്നത് പ്രാചീനമതങ്ങളുടെ ഒരു പൊതുസ്വഭാവമായി കരുതുന്നു.

പരേതാത്മാക്കളിലും മരണാനന്തരജീവിതത്തിലുമുള്ള വിശ്വാസത്തേയും ടെയ്‌ലര്‍ അനിമിസത്തിന്‍റെ പരിധിയിലാണ് ഉള്‍പ്പെടുത്തുന്നത്. ഗോണ്ട്ഗോത്രക്കാർ പ്രേതാത്മാക്കളിലും വിശ്വസിക്കുന്നു. അത്തരം പ്രേതാത്മാക്കൾ ഹനാല്‍ എന്ന പൊതുപ്പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലും മ്യാൻമറിലുമുള്ള താഡോ കുകി എന്ന ഗോത്രവും പരേതാത്മാക്കളില്‍ വിശ്വസിക്കുന്നവരാണ്. അവരുടെ സങ്കല്‍പമനുസരിച്ച് പരേതരുടെ വാസസ്ഥാനമാണ് മിതിഖോ. പയ്തേ ഗോത്രക്കാർക്ക് പരേതരുടെ ലോകം മിസി ഖുവ ആണെങ്കിൽ മിസോ ഗോത്രക്കാർക്ക് അത് പിയാരല്‍ ആണ്. നാഗന്മാരും ഭൂമിയുടെ സമാനസാഹചര്യങ്ങൾതന്നെയുള്ള പരേതരുടെ ലോകത്തിൽ വിശ്വസിക്കുന്നു. നാഗന്മാർക്ക് ആത്മാവ് ഒരു അമൂർത്തസങ്കല്പമല്ല; അതു ശരീരത്തിന്‍റെ പ്രതിരൂപംതന്നെയാണ്. ശരീരത്തിന്‍റെ നിഴലാണ് ആത്മാവ് എന്നാണ് അവരിൽ ചില വിഭാഗങ്ങളുടെ വിശ്വാസം. ആത്മാവിനെക്കുറിച്ചുള്ള ഈ സങ്കല്പം കൌതുകകരമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

3.
മൃഗാരാധനയാണ് ആദിമഗോത്രങ്ങളുടെ മറ്റൊരു സവിശേഷത. ഗോണ്ടുകള്‍ കടുവയെ ആരാധിക്കുന്നത് ഉദാഹരണം. അവരുടെ ബാഘ് ദിയോ അത്തരത്തിലുള്ള ദൈവമാണ്. ഹിമാലയത്തിലെ ചില ഗോത്രവർഗ്ഗക്കാർ വെളുത്ത പാമ്പുകളേയും പശുവിനേയും വിശുദ്ധമായി കരുതുന്നു. തമിഴ്നാട്ടില്‍ നീലഗിരിയിലെ തോടന്മാർ എരുമയെ ആരാധിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും പ്രചുരമായ നാഗാരാധനയെയും ഈ വകുപ്പില്‍പ്പെടുത്താം. പ്രകൃതിവസ്തുക്കളുമായും മൃഗങ്ങളുമായും ബന്ധപ്പെട്ട ജീവിതവും വിശ്വാസങ്ങളുമുള്ള സാന്താൾ ഗോത്രം കുലചിഹ്നങ്ങൾക്കു വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അവരിലെ പല വിഭാഗങ്ങളും മൃഗങ്ങളുടെ പേരുകൾ കുലചിഹ്നങ്ങളായി സ്വീകരിക്കുന്നു. കുലചിഹ്നപരത (totemism) എന്നറിയപ്പെടുന്ന ഈ സവിശേഷതയാണ് സാമൂഹികശാസ്ത്രകാരന്മാരിൽ പ്രധാനിയായ എമീൽ ഡർഖെയിം ആദിമമത സ്വഭാവമായി കാണുന്നത്. കുലചിഹ്നം ഒരു മാന്ത്രികശക്തിയുടെ പ്രതീകമാകുന്നു; അതിനെ കേന്ദ്രീകരിച്ചുള്ള ആചാരാനുഷ്ഠാനങ്ങൾ നിഗൂഢവും ഒപ്പം സാമൂഹികവുമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രാചീനകാലം മുതലുള്ള മതാത്മകപ്രതീകമായ കുംഭം അഥവാ കുടം ഗർഭപാത്രത്തിന്‍റെ പ്രതീകമാണെന്ന സൂചന കഥാസരിത്സാഗരത്തിൽ തന്നെയുണ്ട് എന്നു ചൂണ്ടിക്കാണിക്കുന്ന ഡി. ഡി. കൊസാംബി കർണാടകത്തിലെ കരഗെ എന്ന അനുഷ്ഠാനത്തില്‍ അതിന്‍റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. (Myth and Reality) തമിഴ്നാട്ടിലെ കരകാട്ടത്തേയും കേരളത്തിലെ കുംഭകുടത്തേയും ഈ നിലയില്‍ത്തന്നെ കാണാവുന്നതാണ്. ആദിമമാതൃസങ്കല്പമായ കാളിയുമായി ബന്ധപ്പെട്ടതാണല്ലോ ഈ ആചാരങ്ങള്‍. സിന്ധുനദീതടസംസ്കാരത്തിന്‍റെ ഭാഗമായി മോഹന്‍ജൊദാരോയില്‍നിന്നു ലഭിച്ച മൂന്നു ശിരസ്സുള്ള മൂർത്തിയുടെ ചിഹ്നവും നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ ശില്പവും പോലുള്ള നിരവധി അവശിഷ്ടങ്ങളിലും ഇത്തരം വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങളുണ്ടാവാം .

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

മൂന്നു ശിരസ്സുള്ള മൂർത്തി

ഓരോ പ്രകൃതിവസ്തുക്കള്‍ക്കും ദേവതകളുള്ളതുപോലെ മനുഷ്യർക്കു സംഭവിക്കാറുള്ള രോഗങ്ങള്‍ക്കും മറ്റ് ആപത്തുകള്‍ക്കും ദേവതകളുണ്ട്. ചന്ദയിലെ ഗോണ്ടുകളുടെ മരൈ അത്തരമൊരു ദുർദ്ദേവതയാണ്. വസൂരി, വിഷൂചിക, ജ്വരം എന്നീ രോഗങ്ങളുടെ ദേവതയുമുണ്ട്. ഹിമാലയത്തിലെ ഗോത്രവർഗ്ഗക്കാരുടെ ദുർദ്ദേവതയാണ് ചിഡൈല്‍. പുറകിൽ മുലകൾ, തിരിഞ്ഞ കാൽവിരലുകൾ എന്നിങ്ങനെ വിലക്ഷണരൂപത്തിലുള്ള ഈ ദേവത അഴകുള്ള ആണുങ്ങളിലും പെണ്ണുങ്ങളിലും ആവേശിക്കുന്നു. വീടിനു തീവയ്ക്കുകയും ഭക്ഷ്യവസ്തുക്കൾ അപ്രത്യക്ഷമാക്കുകയുമൊക്കെ ചെയ്യുന്ന ഒരു ദേവതയാണ് പഹാഡിയ. തമിഴരുടെ കുരുളയും കേരളത്തിലെ കുട്ടിച്ചാത്തനും സമാനമായ സ്വഭാവം പ്രദർശിപ്പിക്കുന്നരാണല്ലോ. ജീവിതായോധനത്തിനു സഹായകമായ വസ്തുക്കള്‍ക്കും പ്രവൃത്തികള്‍ക്കുമൊക്കെ ഇങ്ങനെ ദേവതകളുണ്ട്. പ്രാചീനതമിഴ് സംസ്കാരത്തിലെ കൊറ്റവൈ യുദ്ധദേവതയാണ്. ഇത്തരം ദേവതകളെ തൃപ്തിപ്പെടുത്താനും ഇവരുടെ ബാധയൊഴിക്കാനുമാണ് മന്ത്രവാദം പോലുള്ള പ്രതീകാത്മകമായ ആരാധനകള്‍ രൂപപ്പെടുന്നത്. ഹിമാചൽ പ്രദേശിലെ ചമ്പാ താഴ്വരയിലുള്ള ഡാഗികൾ ആഭിചാരക്രിയകളിൽ പ്രാവീണ്യമുള്ളവരാണ്. പണിയർ, കുറിച്യർ, വണ്ണാന്‍, മലയന്‍, മുന്നൂറ്റാന്‍ എന്നിങ്ങനെ കേരളത്തിലും മന്ത്രവാദം ചെയ്യുന്ന വിവിധസമുദായങ്ങളുണ്ട്. നരബലിയും മൃഗബലിയുംപോലുള്ള പ്രാചീനമായ അനുഷ്ഠാനങ്ങളും മന്ത്രവാദത്തിന്റെ ഭാഗമാണ്. Golden Bough (1911) എന്ന പ്രശസ്തകൃതിയുടെ കർത്താവായ ജയിംസ് ജി. ഫ്രേസർ മതത്തിനു മുമ്പുതന്നെ പ്രചാരമുണ്ടായിരുന്ന മന്ത്രവാദത്തിനാണ് കൂടുതൽ പ്രാധാന്യം കല്പിക്കുന്നത്. എന്നാല്‍ പ്രകൃതിയോടുള്ള മനുഷ്യരുടെ വൈകാരിക പ്രതികരണമായാണ് മതങ്ങളുടെ തുടക്കം എന്നു നിരീക്ഷിക്കുന്ന എമീൽ ഡർഖെയിം ആകട്ടെ, സഭ എന്ന സ്ഥാപനത്തെ മതത്തിന്‍റെ ആധാരശിലയായി കരുതുകയും അതിൽ മന്ത്രവാദത്തിന്‍റെ പ്രസക്തിയെ കുറച്ചുകാണുകയും ചെയ്യുന്നു. മതത്തെ അദ്ദേഹം നിർവ്വചിക്കുന്നതിങ്ങനെ:
വിശുദ്ധമെന്നു കരുതപ്പെടുന്ന വിശ്വാസങ്ങളും ആചാരങ്ങളും പരസ്പരം ആശ്രയിച്ചു നില്ക്കുന്ന ഒരു വ്യവസ്ഥയാണു മതം; അത് വിലക്കപ്പെട്ട ആചാരങ്ങളിൽനിന്നും വിശ്വാസങ്ങളിൽനിന്നുമകന്ന്, സഭ എന്ന സദാചാരപരമായ ഒരൊറ്റ കൂട്ടായ്മയിൽ അനുയായികളെയെല്ലാം ഏകോപിപ്പിക്കുന്നു.” (The Elementary Form of Religious Life- 1912)

4.
പ്രാചീനമതങ്ങളുടെ മറ്റൊരു സ്വഭാവം, മിത്തുകളിലുള്ള വിശ്വാസമാണ്. പ്രപഞ്ചോത്പത്തിയെക്കുറിച്ചുതന്നെ പല ഗോത്രസമുദായങ്ങളില്‍ പല മിത്തുകളുണ്ട്. ദിദായി, കുട്ടിയ കോണ്ട് എന്നിങ്ങനെ ഒറീസയിലെ ഏറ്റവും പ്രാചീനമായ ഗോത്രസമുദായങ്ങളിൽ ലോകാരംഭത്തിനു മുമ്പ് എല്ലായിടത്തും ജലമായിരുന്നു എന്ന വിശ്വാസം പ്രബലമാണ്. നിരന്തലി, കപന്തലി എന്നീ രണ്ടു ദൈവങ്ങളെയാണ് കുട്ടിയ കോണ്ട് ഗോത്രക്കാർ സൃഷ്ടികർത്താക്കളായി കരുതുന്നത്. ദിദായികളെ സംബന്ധിച്ച് റുംറോക്ക് ആണ് സൃഷ്ടികർത്താവായ ദൈവം. താഡോ കുകി ഗോത്രക്കാരുടെ വിശ്വാസമനുസരിച്ച് ചുങ് – പാതെന്‍ എന്ന ദൈവമാണ് പ്രപഞ്ചത്തിലുള്ള സർവചരാചരങ്ങളെയും
സൃഷ്ടിച്ചത്. ഗോണ്ട് സമുദായക്കാരുടെ സർവ്വശക്തനായ ദൈവം ബാരാ ദിയോ ആണ്. മണ്ണ്, വെള്ളം, വായു, തീയ്, ആകാശം എന്നിവ സൃഷ്ടിച്ചത് ബാഥൗബ്വാരൈ എന്ന പ്രപഞ്ചവിധാതാവായ ദൈവമാണെന്ന് ബോഡോ ഗോത്രക്കാർ വിശ്വസിക്കുന്നു.

മിത്തുകളുടെ ഘടനയെക്കുറിച്ച് വിശദമായ പഠനംനടത്തിയ ക്ലൗഡ് ലെവിസ്ട്രൗസ്, മുന്‍കാലപഠിതാക്കളായ ടെയ്‌ലറും ഫ്രേസറും ഡർഖെയിമും മനഃശാസ്ത്രതത്ത്വങ്ങളെയാണ് ആധാരമാക്കുന്നതെന്നും എന്നാൽ മനോവിജ്ഞാനീയത്തിന്‍റെ വളർച്ചയ്ക്കനുസൃതമായി ഇവരുടെ വിശകലനങ്ങൾ വികാസം പ്രാപിച്ചില്ലെന്നും വിമർശിക്കുന്നുണ്ട്. മിത്തിനെ ഭാഷയുമായാണ് അദ്ദേഹം ചേർത്തുവയ്ക്കുന്നത്. (The Structural Study of Myth- 1955) ഭാഷ പ്രവർത്തിക്കുന്നതിനു സമാനമാണ് മിത്തിന്‍റെ പ്രവർത്തനം. അതുകൊണ്ടു തന്നെ ഭാഷയിലെന്നപോലെ മിത്തിന്‍റെയും സൂചിതങ്ങൾ സ്ഥിരമല്ല; അവ പല സന്ദർഭങ്ങളിൽ പല അർത്ഥങ്ങൾ എന്ന നിലയിൽ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അത്തരത്തില്‍ ഭാഷയെന്നപോലെ സവിശേഷമായ ചില ആശയങ്ങള്‍ വിനിമയം ചെയ്യുന്ന വ്യവഹാരമായാണ് മിത്തുകളെ അദ്ദേഹം കാണുന്നത്.

പ്രാചീനഗോത്രങ്ങളുടെ മതാത്മകമായ വിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ കാലക്രമമനുസരിച്ചു സംഭവിച്ച പരിണാമങ്ങളല്ല ഇവിടെ വിവരിക്കാന്‍ ശ്രമിച്ചത്; പ്രാചീന മതങ്ങളുടെ ഘടകങ്ങളോ സ്വഭാവങ്ങളോ ആയി പില്‍ക്കാലത്തു തിരിച്ചറിയപ്പെട്ട അനിമിസം, ടോട്ടെമിസം, മാജിക്ക്, മിത്ത് തുടങ്ങിയവയുടെ സാന്നിധ്യം ഇന്ത്യയിലെ ആദിമഗോത്രങ്ങളുടെ വിശ്വാസങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനു ചില ഉദാഹരണങ്ങൾ നല്‍കാനാണ്. ഇത്തരം സാമാന്യവത്കരണത്തിനുള്ളിൽത്തന്നെ നിലനിന്നുപോരുന്ന വൈവിധ്യങ്ങളേയും സവിശേഷതകളേയും ഊന്നിപ്പറയേണ്ടതും ആവശ്യമാണ്.

പല ഗോത്രവിശ്വാസങ്ങള്‍ക്കും പില്‍ക്കാലത്തു പ്രബലമായ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയവയുടെ സ്വാധീനംകൊണ്ടു പരിവർത്തനം സംഭവിച്ചിട്ടുണ്ട്. ക്രിസ്തുമതത്തിലേക്കും മറ്റും പരിവർത്തനം ചെയ്ത പല ഗോത്രവിഭാഗങ്ങളും അത്തരം മതങ്ങളുടെ വിശ്വാസങ്ങള്‍ക്കൊപ്പംതന്നെ തങ്ങളുടെ ഗോത്രദേവതകളേയും ആരാധിക്കുന്നതിനും ധാരാളം ഉദാഹരണങ്ങളുണ്ട്. എങ്കിലും ഇവിടെ സൂചിപ്പിച്ച പല ഗോത്രവിഭാഗങ്ങളും ആര്യന്മാർക്കു മുമ്പുതന്നെ ഇവിടെ സ്ഥാനമുറപ്പിച്ചവരാണ്. ഋഗ്വേദത്തിലും മറ്റും കാണുന്ന പല മന്ത്രങ്ങളും പ്രാചീനഗോത്രസമുദായങ്ങളുടേതിനു സദൃശമായ വിശ്വാസങ്ങളെ ഓർമ്മിപ്പിക്കുന്നു. അഗ്നി, വരുണന്‍ യുദ്ധത്തിന്‍റെയും മഴയുടെയും ദേവനായ ഇന്ദ്രന്‍ എന്നിങ്ങനെയുള്ള വൈദികദേവതകള്‍ക്കും മേല്‍പ്പറഞ്ഞ ഗോത്രദേവതകളുമായുള്ള സാദൃശ്യം യാദൃച്ഛികമല്ല എന്നു വ്യക്തം.


ആന്വീക്ഷികി Part1 – Read here https://navamalayali.com/2020/04/16/column-manoj-kuroor/ തത്ത്വചിന്തയ്ക്ക് ഒരാമുഖം

Comments

comments