ലിബറല്‍ ജനാധിപത്യസമൂഹങ്ങള്‍ നേരിടേണ്ടിവരുന്ന മിക്ക പ്രതിസന്ധികളിലും പ്രശ്നപരിഹാരം സാധ്യമാക്കുന്നതില്‍ സാങ്കേതിക വൈദഗ്ധ്യത്തിന് കാതലായ പങ്കുണ്ട്. ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ ഒരു സംഘം ഗവണ്മെന്‍റിനെ ഉപദേശിക്കാനായി ഭരണകൂടസംവിധാനമെന്ന നിലയില്‍തന്നെ നിലവിലുണ്ട്. കോവിഡ് മഹാമാരിയെ നിയന്ത്രണ വിധേയമാക്കാന്‍ വിവിധയിനം വിദഗ്ധരുടെ (ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനാരോഗ്യവിദഗ്ധര്‍, വൈറോളജിസ്റ്റുകള്‍, സാമ്പത്തികശാസ്ത്ര വിദഗ്ധര്‍, മനഃശാസ്‌ത്രജ്ഞർ, സാമൂഹ്യശാസ്ത്രജ്ഞര്‍ തുടങ്ങിയവർ) സേവനം ഗവണ്മെന്‍റ് തേടിയത് ഇതിനുദാഹരണമാണ്.

മുമ്പൊരു ലക്കത്തില്‍ വിശദീകരിച്ചതുപോലെ1 ഈ നയകാര്യശാസ്ത്രസംവിധാനം (regulatory science or policy relevant science) ഒരു പ്രതിസന്ധി നേരിട്ടുകൊണ്ട് ഇരിക്കുകയാണ് ഇന്ന്. ജനിതകമാറ്റം വരുത്തിയ വിളകള്‍, നാനൊടെക്നൊളജി, നിർമ്മിത ബുദ്ധി തുടങ്ങിയ പുത്തന്‍ സാങ്കേതികവിദ്യകളുടെ രൂപീകരണത്തിലും പ്രയോഗത്തിലും അടങ്ങിയിരിക്കുന്ന സാമൂഹികവും സാങ്കേതികവും മൂല്യപരവും നിയമപരവുമായ സങ്കീര്‍ണതകളും സന്ദിഗ്ധതകളും ഇവയെ സംബന്ധിച്ച സാങ്കേതിക തീരുമാനങ്ങളെയും നയരൂപീകരണത്തെയും ദുഷ്കരമാക്കുന്നു. സമാനമാണ് കോവിഡ്-19 പോലുള്ള പൊതുജനാരോഗ്യ റിസ്കുകളുടേയും പ്രകൃതി ദുരന്തങ്ങളുടേയും കാര്യവും.

സമകാലിക നയകാര്യശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ മുന്‍കാലത്തെ അപേക്ഷിച്ച് വൈവിധ്യപൂര്‍ണ്ണമായ വൈദഗ്ധ്യങ്ങള്‍ പ്രശ്നപരിഹാരത്തിനായി ഏകോപിപ്പിക്കേണ്ടി വരുന്നുണ്ട് എന്നു കാണാം. പരിസ്ഥിതിയും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട റിസ്കുകളും ഭരണപരമായ പ്രതിസന്ധികളും ഇന്ന് വർധിച്ചിരിക്കുന്നു. പുത്തൻ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന റിസ്കുകളുടെ പ്രശ്നം വേറെ. ആണവവിദ്യയും ജനിതക എഞ്ചിനീയറിങും ഒക്കെ ഇന്ന് വൻ വിവാദങ്ങൾക്കും ജനകീയ പ്രതിരോധത്തിനും കാരണമാകുന്നത് അവയുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും ആശയക്കുഴപ്പങ്ങളുമാണ്. റിസ്കുകളെ ശാസ്ത്രീയമായി മനസിലാക്കുകയും മാനേജ് ചെയ്യുകയുമാണ് ഗവൺമെന്‍റുകളുടെ ഇന്നത്തെ ഒരു പ്രധാന പണി. കേരളത്തിൽത്തന്നെ നിപ്പ, പ്രളയം എന്നീ പ്രതിസന്ധികളെ കോവിഡ്-19 ന് മുമ്പ് ഗവൺമെന്‍റിന് രണ്ടുവട്ടം വീതം കൈകാര്യം ചെയ്യേണ്ടി വന്നു എന്ന് ഓർക്കുക. ആവർത്തിച്ചെത്തുന്ന പ്രകൃതിദുരന്തങ്ങളേയും മറ്റിനം റിസ്കുകളേയും നേരിടുന്നത് പഴയ രീതിയിൽ ഗവേഷണശാസ്ത്രത്തിൽ (research science) പരിശീലനം സിദ്ധിച്ച ഒരുപറ്റം വിദഗ്‌ധരെ മാത്രം ആശ്രയിച്ചുകൊണ്ട് തീരെ സാധ്യമല്ല എന്ന് ഗവൺമെന്റുകളും നയകാര്യ ശാസ്ത്ര സ്ഥാപനങ്ങളും ഇന്ന് തിരിച്ചറിയുന്നുണ്ട്. റിസ്കുകളുടെ സങ്കീർണതയ്ക്കനുസരിച്ച് വിവിധയിനം വൈദഗ്ധ്യങ്ങളുടെ കാര്യക്ഷമമായ ഏകോപനം അവയുടെ ഫലപ്രദമായ നിയന്ത്രണത്തിന് ആവശ്യമാണ്.

വൈദഗ്ധ്യത്തെക്കുറിച്ചുള്ള ഈ പുതിയ ധാരണപ്രകാരം സ്വാനുഭവങ്ങളിൽ നിന്നും ജീവനവൃത്തികളില്‍ നിന്നും മനുഷ്യര്‍ ആർജിക്കുന്ന ജ്ഞാനവൈദഗ്ധ്യവും (lay expertise/ജീവനവൈദഗ്ധ്യം) ശാസ്ത്രവൈദഗ്ധ്യത്തോടൊപ്പംതന്നെ പ്രാധാന്യമുള്ളതാണെന്ന് ബ്രയാൻ വെയ്ന്‍ പറയുന്നു (Wynne 1996).2 കർഷകർക്ക് കൃഷിയെ കുറിച്ചുളള അറിവുകൾ ഇത്തരത്തിലുള്ളതാണ്. ഇതിൽ നിന്നും വ്യത്യസ്തമാണ് കാർഷികശാസ്ത്ര ഗവേഷകരുടെ അറിവുകൾ (‘ശാസ്ത്രീയ’മെന്ന അംഗീകാരം പക്ഷേ കൃഷി ശാസ്ത്രജ്ഞർക്കാണ് പൊതുവേ ലഭിക്കുക). സാമൂഹിക സംഘങ്ങൾ അവരേർപ്പെട്ടിരിക്കുന്ന ജീവിനോപാധികളുമായും അവരുടെ ജീവിത പരിസരങ്ങളുമായും ബന്ധപ്പെട്ട് ആർജിക്കുന്ന ഇത്തരം ജ്ഞാനനൈപുണ്യങ്ങളെ കണക്കിലെടുക്കേണ്ടത് നയകാര്യശാസ്ത്ര സംവിധാനത്തിന്‍റെ കാര്യക്ഷമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇന്ന് തിരിച്ചറിയപ്പെടുന്നുണ്ട്.

പരമ്പരാഗത അറിവുകൾ മാത്രമല്ല, സയൻസുമായി ബന്ധപ്പെട്ടും ജീവന വിദഗ്ധർ ഉണ്ടായി വരാം. എൺപതുകളുടെ അവസാനത്തോടെ എയിഡ്സ് ഗവേഷണ രംഗത്ത് സ്വവർഗ്ഗാനുരാഗികളുടെ സംഘടനകൾ നടത്തിയ ഇടപെലുകൾ ഇത്തരം ശാസ്ത്രേതര വൈദഗ്ധ്യത്തിന്റെ പ്രാധാന്യത്തിനുദാഹരണമായി സ്റ്റീവന്‍ എപ്സ്റ്റീൻ ചൂണ്ടിക്കാട്ടുന്നു (Epstein 1996). എച്ച്ഐവി ബാധിതരായ ഗേ ആക്ടിവിസ്റ്റുകൾ മരുന്നു പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടു വന്നത് ക്ലിനിക്കൽ ട്രയലിന്‍റെ രീതിശാസ്ത്ര സമീപനങ്ങളെ തന്നെ ജനാധിപത്യപരമായി പരിഷ്കരിക്കുന്നതിനിടയായി. ഗവേഷക സമൂഹവുമായി നിരന്തരം ഇടപഴകുക വഴി എയിഡ്സ് ഗവേഷണവുമായി ബന്ധപ്പെട്ട ഗഹനമായ ശാസ്ത്രചർച്ചകൾപ്പോലും ആക്ടിവിസ്റ്റുകൾക്ക് വഴങ്ങിത്തുടങ്ങി. അവർ പ്രസ്ഥാനത്തിന്‍റെ ഭാഗമായിത്തന്നെ ശാസ്ത്രീയ ഗവേഷണത്തിൽ ജ്ഞാനപരമായി ഇടപെട്ടു തുടങ്ങിയത് മരുന്ന് ഗവേഷണത്തെ ഗുണപരമായി സ്വാധീനിച്ചെന്നാണ് എപ്സ്റ്റീന്‍റെ കണ്ടെത്തല്‍.

Steven Epstein

വിദഗ്ധരെന്നാൽ ശാസ്ത്രഗവേഷകർ മാത്രമല്ലെന്ന ഈ ഉള്‍ക്കാഴ്ച വൈദഗ്ധ്യത്തെ നിർവ്വചിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചില പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ശാസ്ത്രേതരമായ വൈദഗ്ധ്യങ്ങളുടെ കടന്നുവരവ് ‘വിദഗ്ധർ’ എന്ന സംവർഗത്തെത്തന്നെ പ്രശ്നത്തിലാക്കുന്നു. കൂടങ്കുളത്തെ ജനങ്ങൾക്ക് ആണവനിലയത്തിന്‍റെ സാങ്കേതിക നിർവ്വഹണത്തിൽ അഭിപ്രായപ്രകടനം നടത്താനും ഇടപെടാനുമുള്ള ജ്ഞാനശാസ്ത്രപരമായ ഇടം രൂപപ്പെടുത്തുന്നുണ്ട് വൈദഗ്ധ്യത്തെക്കുറിച്ചുള്ള ഈ പുതിയ ധാരണ (Varughese 2020). ആണവസാങ്കേതിക വിദഗ്ധർക്കും സാമൂഹികശാസ്ത്രജ്ഞർക്കും, ആക്ടിവിസ്റ്റുകൾക്കും, മത്സ്യബന്ധനം ഉപജീവനമാർഗമായ കൂടങ്കുളത്തെ ഗ്രാമീണർക്കും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ആണവനിലയത്തിന്‍റെ സാങ്കേതിക പ്രശ്നങ്ങൾ ചർച്ച ചെയ്യാനാകുമെന്ന് വരുന്നു. ഒറീസയിലെ തീരദേശ ജനതയ്ക്ക് സൈക്ലോണുകളെക്കുറിച്ച് സാങ്കേതികമായി സംസാരിക്കാനുള്ള താൻപോരിമ കൈവരുന്നു (Dash 2014). സാങ്കേതിക മേൻമയുള്ള പ്രശ്നപരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാന്‍ എൻഡോസൾഫാൻ ബാധിതർക്ക് കഴിയുമെന്ന് ഗവൺമെന്‍റിന് സമ്മതിക്കേണ്ടി വരുന്നു.

സാങ്കേതിക പ്രതിസന്ധികളുടെ ജനാധിപത്യപരമായ പരിഹാരത്തിന് വൈദഗ്ധ്യങ്ങളുടെ ബഹുലതയെ അംഗീകരിക്കുന്ന ഈ സമീപനം സഹായകരമാണ് എന്നാണ് സംവാദ ജനാധിപത്യത്തെ (deliberative democracy) പിന്തുണയ്ക്കുന്ന ശാസ്ത്രസാമൂഹികതാ പഠിതാക്കൾ വാദിക്കുന്നത്. ഏതൊരു സാങ്കേതിക പ്രശ്നത്തെക്കുറിച്ചും എത്ര തീവ്രമായി പൊതുസംവാദം നടക്കുന്നുവോ, പ്രശ്നപരിഹാരവും അത്ര കണ്ട് ജനാധിപത്യപരമാവും എന്നവർ അഭിപ്രായപ്പെടുന്നു. അതായത്, സാങ്കേതികോപദേശം എന്ന പ്രവൃത്തി തന്നെ ജനാധിപത്യത്തിനുള്ളിലാവുന്നു. അത് ശാസ്ത്രജ്ഞരുടെ കുത്തകയല്ല. വിവിധയിനം വൈദഗ്‌ധ്യങ്ങളിൽ ഒരിനം മാത്രമാണ് ശാസ്ത്രജ്ഞരുടേത്. ശാസ്ത്രേതരമായ വൈദഗ്ധ്യങ്ങളോട് സംവദിക്കാനുള്ള ജനാധിപത്യപരമായ ശേഷി ശാസ്ത്രലോകം ആർജിക്കേണ്ടത് സയൻസിന്‍റെതന്നെ ജ്ഞാനസിദ്ധാന്തപരവും നൈതികവുമായ മെച്ചപ്പെടലിന് അവശ്യമാണ് എന്നവർ അഭിപ്രായപ്പെടുന്നു.3

എന്നാൽ, ഈ ചർച്ചയിൽ ഇടപെട്ടുകൊണ്ട് വൈദഗ്ധ്യങ്ങളെയെല്ലാം ഗുണപരമായി സമീകരിക്കുന്ന സമീപനത്തെ ഹാരി കൊളിന്‍സ്, റോബര്‍ട്ട് ഇവാന്‍സ് എന്നീ ശാസ്ത്ര സാമൂഹികതാ ഗവേഷകർ വിമർശിക്കുന്നു (Collins 2014; Collins and Evans 2007, 2017).4  ‘വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുമാരാ’കുന്ന അവസ്ഥ രൂപപ്പെടാനേ എല്ലാവരും ‘വിദഗ്‌ധരാ’കുന്ന ജനാധിപത്യം സഹായിക്കൂ എന്നാണിവരുടെ അഭിപ്രായം. ശാസ്ത്രവൈദഗ്ധ്യം (scientific expertise), ജീവനവൈദഗ്ധ്യം (lay expertise) എന്നിങ്ങനെ വൈദഗ്‌ധ്യങ്ങളെ അലസമായി വേർതിരിച്ച് അവയ്ക്കിടയിൽ ജ്ഞാനസിദ്ധാന്തപരമായ സംവാദത്തിന് സാധ്യതയുണ്ട് എന്ന് സ്ഥാപിക്കുന്നതിന്‍റെ അപകടത്തിലേക്ക് കോളിൻസും ഇവാൻസും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ചുള്ള തുറന്ന ചർച്ച അത്യന്താപേക്ഷിതമാണ് എന്നതിൽ ഇവർക്ക് വിയോജിപ്പില്ല. പക്ഷേ, സംവാദത്തിന്‍റെ ഉയർന്ന ഘട്ടത്തിൽ സാങ്കേതികതയുടെ മണ്ഡലത്തെ സവിശേഷമായി പരിഗണിക്കേണ്ടത് പ്രശ്നപരിഹാരത്തിന് സഹായകരമാവാൻ ഒഴിച്ചുകൂടാനാവാത്തതാണ് എന്നാണ് അവരുടെ അഭിപ്രായം.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സാങ്കേതികതയെ കേവലശാസ്ത്രവാദപരമല്ലാതെ, സാമൂഹികതയുടെ മണ്ഡലമായി വേർതിരിച്ചടയാളപ്പെടുത്താൻ സാമൂഹ്യശാസ്ത്രപരമായി കൂടുതൽ സൂക്ഷ്മമായ നിർവ്വചനം വൈദഗ്ധ്യങ്ങളുടെ കാര്യത്തില്‍ ആവശ്യമാണെന്നാണ് ഇവിടെ വാദം. പൊതുസമൂഹത്തിൽ ശാസ്ത്ര-സാങ്കേതിക കാര്യങ്ങളെക്കുറിച്ച് ജനാധിപത്യപരമായ സംവാദം തീവ്രമായിത്തന്നെ നടക്കണം. പക്ഷേ, ഈ സംവാദത്തിന് സാമൂഹികം, സാങ്കേതികം എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ഉണ്ടാവേണ്ടതുണ്ട്. സാമൂഹികതയുടേതായ പ്രാഥമിക ഘട്ടത്തിൽ തുറന്ന ചർച്ച നടത്തുകയും, അതില്‍നിന്നും തിരഞ്ഞടുത്ത വിദഗ്ധരെ ഉൾപ്പെടുത്തി സാങ്കേതികത ഘട്ടത്തിലെ ചർച്ചകൾ സംഘടിപ്പിക്കുകയും വേണം.

സാങ്കേതിക ഘട്ടത്തിൽ ചർച്ചകൾ നിയന്ത്രിതവും പ്രശ്നപരിഹാരത്തിലൂന്നുന്നതുമാണ്. ആദ്യഘട്ടത്തിലെ തുറന്ന ചർച്ച പ്രശ്നത്തിന്‍റെ വിവിധ വശങ്ങൾ വെളിച്ചത്തു കൊണ്ടു വരുന്നതിന് സഹായകരമാണെങ്കിലും പ്രശ്നപരിഹാരത്തിന് ഉതകാറില്ല; പലരു കൂടിയാൽ പാമ്പു ചാകാറില്ലല്ലോ. എന്നാൽ കൂടുതൽ നിയന്ത്രിതമായ, പ്രശ്നപരിഹാരത്തിന് ഉപകാരപ്രദമായതെന്ന് തിരിച്ചറിയപ്പെടുന്ന വൈദഗ്ധ്യങ്ങൾ മാത്രം പരിഗണിക്കപ്പെടുന്ന സാങ്കേതിക ഘട്ടം നയകാര്യശാസ്ത്ര സംവിധാനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് എന്ന് കോളിൻസും ഇവാൻസും അഭിപ്രായപ്പെടുന്നു. ആദ്യഘട്ട സംവാദത്തിലുയർന്ന മുഖ്യപ്രതികരണങ്ങളോടും നിർദ്ദേശങ്ങളോടും സർഗാത്മകമായി പ്രതികരിക്കുന്നതിന് രണ്ടാം ഘട്ടത്തില്‍ വിദഗ്ധസംഘം പ്രതിബദ്ധമായിരിക്കണം.

സംവാദത്തിന്‍റെ ഉയർന്ന തലമായ സാങ്കേതികതയുടെ മണ്ഡലത്തിൽ ‘ഇടപഴകൽ വൈദഗ്ധ്യ’മുള്ളവർക്ക് (interactive expertise) മാത്രമേ പ്രവേശനമുള്ളൂ. വിവിധ ജ്ഞാനമണ്ഡലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ആഴത്തിലറിയുന്നതിനും, ഈ ജ്ഞാനമണ്ഡലങ്ങളുടെ ഭാഷയിൽ സംവദിക്കുന്നതിനുമുള്ള ശേഷിയെയാണ് ഇടപഴകൽ വൈദഗ്ധ്യം എന്ന് വിളിക്കുന്നത്. ഇത് ഒരു മേഖലയിൽ നിരന്തരം അറിവുല്പാദനം നടത്തുന്നവർക്കുള്ള ‘സംഭാവനാവൈദഗ്ധ്യ’ (contributory expertise) ത്തിൽ നിന്നും വ്യത്യസ്തമാണ്. ഒരു ജ്ഞാനമണ്ഡലത്തിൽ നിരന്തരം പ്രവർത്തിക്കുക വഴി പുതിയ അറിവുല്പാദിപ്പിക്കുന്നവരാണ് സംഭാവനാവിദഗ്ധർ.

ഡോ. എ.പി.ജെ അബ്ദുൾ കലാമിനെ ഇക്കാര്യം മനസിലാക്കാൻ ഉദാഹരണമായിട്ടെടുക്കാം. ഡോ. കലാം Indian Space Research Organisation (ISRO) -ൽ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ആയിരുന്നു. ISRO യിലെ ഒരു ഗവേഷണ പ്രോജക്ടിൽ വിവിധ സംഘം വിദഗ്ധർ വിവിധ പണികളിലേർപ്പെട്ടിരിക്കുന്നു. ഈ വൈദഗ്ധ്യങ്ങളുടെ ഭരണ നിർവ്വഹണപരമായ ഏകോപനമാണ് പ്രോജക്ട് കോര്‍ഡിനേറ്ററുടെ ജോലി. ഓരോ വിദഗ്ധസംഘവും ചെയ്യുന്ന പണികൾ എന്തെന്നുള്ള ശരാശരി ധാരണ, അവരുൾപ്പെടുന്ന ശാസ്ത്ര/എഞ്ചിനീയറിങ് മേഖലയുടെ സാങ്കേതിക ഭാഷയിൽ അവരോടിടപഴകാനുള്ള നൈപുണ്യം എന്നിവയാണ് കലാമിന്‍റെ സവിശേഷ വൈദഗ്ധ്യത്തിന്‍റെ കാതൽ. അദ്ദേഹം ഒരു ശാസ്ത്രമേഖലയിലും സംഭാവനാവൈദഗ്ധ്യമുള്ള ആളല്ല; പ്രോജക്ട് കോര്‍ഡിനേറ്റര്‍   എന്ന നിലയിൽ വിവിധ മേഖലകളിലെ ഗവേഷകരോട് ഇടപഴകാനുള്ള കഴിവായിരുന്നു അദ്ദേഹത്തിന്‍റെ പ്രത്യേകത.

A. P. J. Abdul Kalam

സംഭാവനാവൈദഗ്ധ്യമുണ്ടാവണമെങ്കിൽ ഒരു ജ്ഞാനമേഖലയിൽ ദീർഘകാലത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. നിരന്തരമായി ആ ഫീൽഡിൽ മൗലിക സംഭാവനകളുണ്ടാകണം. ഇടപഴകൽ വൈദഗ്ധ്യം വികസിപ്പിക്കാൻ ആ ഫീൽഡിന്‍റെ ഭാഷ മനസിലാക്കാനായാൽ മാത്രം മതിയെങ്കിലും ആ മേഖലയിലെ ഗവേഷണങ്ങളോടുള്ള ദീർഘകാലത്തെ പരിചയം അതിനും ആവശ്യമാണ്. ഒരു പഠനമേഖലയിലെ സാങ്കേതിക കാര്യങ്ങളിലും ആ മേഖലയിലെ അറിവിന്‍റെ വികാസത്തെക്കുറിച്ചും സാമാന്യം ആഴത്തിലറിവുണ്ടെങ്കിലും, ഗവേഷണവൃത്തിയിലേർപ്പെട്ട് ആ മേഖലയിലെ ജ്ഞാനശീലങ്ങൾക്കനുസരിച്ച് മൗലികമായ സംഭാവനകൾ നല്കുന്നില്ലെങ്കിൽ ആ ഫീല്‍ഡില്‍ സംഭാവനാവൈദഗ്ധ്യം ഒരാൾക്ക് അവകാശപ്പെടാനാവില്ല എന്നു ചുരുക്കം.5 അബ്ദുൾ കലാമിന് സ്പെയ്സ് റിസേര്‍ച്ചില്‍ സംഭാവനാവൈദഗ്ധ്യമില്ലാത്തത് അതുകൊണ്ടാണ്. എന്നാൽ, ഒരു പ്രത്യേക മേഖലയിൽ സംഭാവനാവൈദഗ്ധ്യമുള്ള ഗവേഷകന് സമീപസ്ഥിതമായ ചില മേഖലകളിൽ എങ്കിലും ഇടപഴകൽ നൈപുണ്യം ഉള്ളതായിട്ടാണ് കാണപ്പെടുന്നത്. അതായത് മൈക്രോബയോളജിസ്റ്റായ ഒരാൾക്ക് ജീവശാസ്ത്രത്തിലെ മറ്റു ചില മേഖലകളിൽ കൂടിയെങ്കിലും സാമാന്യധാരണ (ഇടപഴകൽ വൈദഗ്ധ്യം) ഉണ്ടാവുന്നത് തന്‍റെ സവിശേഷ മേഖലയായ മൈക്രോബയോളജിയിൽ മൗലിക സംഭാവനകൾ നല്കാൻ സഹായകരമാണ്.

നയകാര്യശാസ്ത്രമണ്ഡലത്തിലെ പ്രശ്നപരിഹാരങ്ങളുടെ കാര്യത്തിലേക്ക് നമുക്ക് മടങ്ങിവരാം. ഈ മേഖലയിലിടപെടുന്ന വിദഗ്ധർക്ക് ഇടപഴകൽ വൈദഗ്ധ്യമാണ് ഉണ്ടാവേണ്ടത് എന്നു പറയുന്നതിന്‍റെ അർത്ഥമെന്താണ്? ഗവേഷണശാസ്ത്രമാണ് സംഭാവനാവിദഗ്ധരുടെ പ്രവർത്തന മേഖല. റെഗുലേറ്ററി സയൻസ് ഇതിൽ നിന്നും തുലോം വ്യത്യസ്തമായ കളിയിടമാണ് (Jasanoff 1990). ശാസ്ത്രീയവും രാഷ്ട്രീയപരവും സാമൂഹികവും നിയമപരവും ധാർമ്മികവുമായ വിവിധ വശങ്ങൾ കണക്കിലെടുത്തും പരിശോധിച്ചും ഒരു സാങ്കേതിക പ്രശ്നത്തിന് ജനാധിപത്യപരമായി ഉചിതമായ പരിഹാരം നിർദേശിക്കുക എന്നതാണ് നയകാര്യശാസ്ത്രജ്ഞരുടെ ധർമ്മം. ഇതിനായി അവർക്ക് പ്രാഥമികമായി ഉണ്ടാവേണ്ടത് ഗവേഷണരംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർക്കുള്ള നൈപുണ്യങ്ങളല്ല. മറിച്ച്, പ്രശ്നപരിഹാരത്തിന് സഹായകരമായ വിവിധ അറിവുപാരമ്പര്യങ്ങളുമായും സാമൂഹികതാസംബന്ധവും രാഷ്ട്രീയപരവും നൈതികപരവുമായ നിലപാടുകളുമായും സംവദിക്കാനുള്ള ശേഷിയാണ് അവർക്ക് ഉണ്ടാവേണ്ടത്. സംഭാവനാ വൈദഗ്ധ്യമുള്ളവർക്ക് ഇടപഴകൽ നൈപുണ്യം ഒരു ദ്വിതീയശേഷിയായിരിക്കുമ്പോൾ, റെഗുലേറ്ററി സയൻസിൽ പ്രവർത്തിക്കുന്നവർക്ക് അത് പ്രാഥമിക വൈദഗ്ധ്യമാണ്.

ചിലയിനം ജീവനവൈദഗ്ധ്യങ്ങൾ സംഭാവനാവൈദഗ്ധ്യങ്ങളാണ്; മറ്റു ചിലവ ഇടപഴകൽ വൈദഗ്ധ്യങ്ങളും. കർഷകരുടേയോ മീൻപിടുത്തക്കാരുടേയോ വൈദഗ്ധ്യം ആദ്യയിനമാണ് (ശാസ്ത്ര ഗവേഷകരുടെ സംഭാവനാവൈദഗ്ധ്യത്തിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമാണുതാനും). എന്നാൽ എയിഡ്സ് ഗവേഷണ രംഗത്ത് വിമർശനാത്മകമായി ഇടപെട്ട ഗേ ആക്ടിവിസ്റ്റുകളുടേത് രണ്ടാമത്തേതും. കൂടങ്കുളം ഗ്രാമവാസികൾ ആണവനിലയത്തിനെതിരെ സാമൂഹിക പ്രസ്ഥാനം ആരംഭിക്കുമ്പോൾ ആണവനിലയം കടലിലെ താപനില വർധിപ്പിക്കുക വഴി ജൈവവൈവിധ്യത്തേയും തദ്വാരാ അവരുടെ ജീവനോപാധിയേയും നശിപ്പിക്കുന്നതെങ്ങനെയെന്ന ജ്ഞാനപരമായ വിമർശം ഉയർത്താനുള്ള ഇടപഴകൽ വൈദഗ്ധ്യം ആർജിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവരെ സംവാദപങ്കാളികളായി സ്വീകരിക്കാനുള്ള ഇടപഴകൽ വൈദഗ്ധ്യമുള്ളവരല്ല ആണവ റെഗുലേറ്ററി കമ്മറ്റികളിലിരിക്കുന്നത്. ഇന്ത്യൻ നയകാര്യശാസ്ത്ര സംവിധാനം പൊതുവേ പരാജയമാകുന്നത് ഇങ്ങനെയാണ്. ഡോ.അബ്ദുൾ കലാം അദ്ദേഹത്തിന് യാതൊരു വൈദഗ്ധ്യവും അവകാശപ്പെടാനാവാത്ത ആണവോർജ മേഖലയുടെ പ്രതിനിധിയായി കൂടങ്കുളത്തെ ആണവനിലയങ്ങൾ സുരക്ഷിതമാണ് എന്ന് പ്രഖ്യാപിക്കാൻ 2011-ൽ ശ്രമിക്കുകയുണ്ടായല്ലോ (Kalam and Singh 2011). ആണവനിലയ പ്രശ്നത്തിൽ ചര്‍ച്ചയുടെ സാങ്കേതിക ഘട്ടത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിനല്ല, കൂടങ്കുളത്തെ മീൻപിടുത്തക്കാർക്കാണ് ജ്ഞാനപരമായ വൈദഗ്ധ്യമുള്ളതെന്ന് തിരിച്ചറിയാൻ ശാസ്ത്രസാമൂഹികതാപഠനരംഗത്തെ ഈ രീതിശാസ്ത്ര ചർച്ചകൾ നമ്മെ സഹായിക്കുന്നു.

കോളിൻസിന്‍റെയും ഇവാൻസിന്‍റെയും വാദമുഖങ്ങൾ ലിബറൽ ജനാധിപത്യത്തിന്‍റെ രാഷ്ട്രീയ യുക്തിക്കുള്ളിലാണ് പ്രവർത്തനക്ഷമമാകുന്നത് എന്നത് ഒരു പരിമിതിയാണ്. അതേസമയംതന്നെ, ജനാധിപത്യത്തെ ആഴമുള്ളതാക്കാനുള്ള രാഷ്ട്രീയ പരിശ്രമങ്ങൾക്ക് ഈ ഉൾക്കാഴ്ചകൾ മിഴിവ് പകരുന്നുണ്ടുതാനും.

റിസ്കുകളെക്കുറിച്ച് സജീവമായ സംവാദങ്ങൾ കേരളത്തിൽ നടക്കാറുണ്ട്. ഈ ‘ശാസ്ത്ര പൊതുമണ്ഡല’ത്തോട് സർഗാത്മകമായ ബന്ധം പുലർത്തുന്ന നയകാര്യശാസ്ത്ര സംവിധാനം വികസിപ്പിക്കേണ്ടത് പെരുകുന്ന റിസ്കുകളുടെ കാര്യക്ഷമമായ മാനേജ്മെന്‍റിന് അത്യന്താപേക്ഷിതമാണ്. സങ്കീർണമായ സാമൂഹിക മാനങ്ങളുള്ള സാങ്കേതിക പ്രതിസന്ധികൾ കൈകാര്യം ചെയ്യണമെങ്കിൽ ഗവൺമെന്‍റുകൾ അവരുടെ റെഗുലേറ്ററി സയൻസ് സംവിധാനം ഇടപഴകൽ വൈദഗ്ധ്യത്തിലൂന്നുന്ന ഒന്നായി പുനഃസംഘടിപ്പിക്കേണ്ടതുണ്ട്.

പരാമര്‍ശിത പഠനങ്ങള്‍

വറുഗീസ്, ഷിജു സാം. 2018. “ജനങ്ങള്‍ ശാസ്ത്രത്തില്‍ ഇടപെടുമ്പോള്‍”. ഡൂള്‍ന്യൂസ് ഏപ്രില്‍ 11. https://www.doolnews.com/dr-shiju-sam-varughese-coloumnthpublic-engagement-with-science258.html

Collins, Harry M. 2014. Are We All Scientific Experts Now? Cambridge, UK; Malden, Massachusetts: Polity Press.

Collins, Harry M. and Evans, Robert. 2007. Rethinking Expertise. Chicago and London: The University of Chicago Press.

Collins, Harry M. and Evans, Robert. 2017. Why Democracies Need Science. Cambridge, UK and Malden, Massachusetts: Polity Press.

Dash, Biswanath. 2014. “Public Understanding of Cyclone Warning in India: Can Wind be Predicted?” Public Understanding of Science 24(8): 1–18.

Epstein, Steven. 1996. Impure Science: AIDS, Activism, and the Politics of Knowledge. Berkeley, Los Angeles and London: University of California Press.

Jasanoff, Sheila. 1990. The Fifth Branch: Science Advisers as Policymakers. Cambridge, MA and London: Harvard University Press.

Kalam, A.P.J. Abdul, and Srijan Pal Singh. 2011. “Nuclear Power is Our Gateway to a Prosperous Future”. The Hindu November 6, pp. 10–11. https://www.thehindu.com/opinion/op-ed/nuclear-power-is-our-gateway-to-a-prosperous-future/article2601471.ece

Varughese, Shiju Sam. 2017. Contested Knowledge: Science, Media, and Democracy in Kerala. New Delhi: Oxford University Press.

Varughese, Shiju Sam. 2020. “Expertise at the ‘Deliberative Turn’: Multiple Publics and the Social Distribution of Technoscientific Expertise”, Dialogue: Science, Scientists, and Society. Vol. 2, forthcoming. Online preprint, 06 February. http://www.dialogue.ias.ac.in/article/21998/21998-expertise-at-the-deliberative-turn-multiple-publics-and-the-social-distribution-of-technoscientific-expertise

Wynne, Brian. 1996. “Misunderstood Misunderstandings: Social Identities and Public Uptake of Science”. In Misunderstanding Science? The Public Reconstruction of Science and Technology, edited by Alan Irwin and Brian Wynne, 19–46. Cambridge: Cambridge University Press.

കുറിപ്പുകൾ

[1] നയകാര്യശാസ്ത്രത്തെക്കുറിച്ച് (Regulatory science) കൂടുതല്‍ അറിയാന്‍ ഈ പംക്തിയില്‍ നേരത്തെ പ്രസിദ്ധീകരിച്ച “സാങ്കേതികതയുടെ രാഷ്ട്രീയം :  റെഗുലേറ്ററി സയന്‍സ്” (October 8, 2019)എന്ന ലേഖനം കാണുക. https://navamalayali.com/2019/10/08/column-shiju-sam-varugheese/

[2] ഇദ്ദേഹത്തിന്‍റെ ഗവേഷണങ്ങളെക്കുറിച്ച് മലയാളത്തില്‍ വായിക്കാന്‍ വറുഗീസ് 2018 കാണുക.

[3] കൂടുതല്‍ ചര്‍ച്ചകള്‍ക്ക് Varughese 2017 കാണുക.

[4] ശാസ്ത്രജ്ഞർ പരീക്ഷണങ്ങളിലേർപ്പെടുന്നതിനെ എത്നോഗ്രഫിയുടെ മാർഗങ്ങളുപയോഗിച്ച് നിരീക്ഷിച്ച് പഠിക്കുന്നവരാണ് ഇവർ. ബ്രൂണോ ലാതൂർ, കാരിൻ നോർ-സെറ്റിന തുടങ്ങിയവർക്കൊപ്പം ലബോറട്ടറി പഠനങ്ങൾക്ക് ഇവർ 1980-കളില്‍ തുടക്കമിട്ടു. ഈ ഗവേഷണമേഖലയിലെ Empirical Programme of Relativism (EPOR) എന്ന പഠനപദ്ധതി ഇവരുടേതാണ്.

[5] മറ്റൊരുദാഹണം: ഞാന്‍ മലയാളത്തില്‍ Science, Technology and Society (STS) Studies-നെക്കുറിച്ചെഴുതുന്ന ഈ ജനപ്രിയ ലേഖനം (popular article) ശാസ്ത്ര സാമൂഹികതാ പഠനമേഖലയിലെ എന്‍റെ മൌലിക സംഭാവനയല്ല (ഇതില്‍ മുഴുവന്‍ മൌലികചിന്തയാണെന്ന് ഞാന്‍ അവകാശവാദമുന്നയിച്ചാല്‍പ്പോലും!). ഈ മേഖലയില്‍ ഗവേഷണത്തിലേര്‍പ്പെടുകയും പിയര്‍റിവ്യൂവിന് വിധേയമാക്കപ്പെട്ട പ്രബന്ധങ്ങള്‍ STS Studies-ലെ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പൊള്‍ മാത്രമേ ഞാനീ മേഖലയില്‍ സംഭാവനാവിദഗ്ധനായി കണക്കാക്കപ്പെടുകയുള്ളൂ.


Comments

comments