പുതിയ അറിവുകളുടെ ഉൽപാദനത്തിലൂന്നുന്ന ‘അക്കാദമിക ശാസ്ത്ര’ത്തിൽ നിന്നും തികച്ചും വ്യത്യസ്തമായതും ജനാധിപത്യ ഭരണകൂടങ്ങൾക്ക് ഒഴിച്ചുകൂടാന്‍ ആവാത്തതുമായ ഒരു ശാസ്ത്രമണ്ഡലമാണ് റെഗുലേറ്ററി സയൻസ്. നയപരിപാടികളുടെ രൂപീകരണത്തിനായി ശാസ്ത്രവിദഗ്ധർ സാങ്കേതികോപദേശങ്ങൾ നല്‍കുന്ന സംവിധാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ‘നയകാര്യ ശാസ്ത്രം‘ എന്നും ഈ മണ്ഡലത്തെ വിളിക്കാം.

പാശ്ചാത്യ രാജ്യങ്ങളിൽ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതലേ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി ഗവൺമെന്റുകൾ ശാസ്ത്രജ്ഞരിൽ നിന്നും സാങ്കേതിക സഹായം സ്വീകരിക്കുന്നതിന് പ്രത്യേകം സ്ഥാപനങ്ങൾ ആരംഭിക്കുന്നുണ്ട്. 1902-ൽ നെതർലൻഡ്സിൽ പൊതുജനാരോഗ്യവും ആയി ബന്ധപ്പട്ട ഉപദേശങ്ങൾ സർക്കാരിന് നല്‍കാനായി Gezondheidsraad എന്ന സ്ഥാപനം നിലവിൽ വരുന്നു (Bijker Bal, and Hendriks 2009). 1906-ൽ അമേരിക്കൻ ഐക്യനാടുകളിൽ FDA (Food and Drugs Adminstration) യുടെ മുൻഗാമിയായ സ്ഥാപനം രൂപീകരിക്കപ്പെട്ടു (Jasanoff 1990). പരിസ്ഥിതി പ്രതിസന്ധികളെ നേരിടാനായി സഹായിക്കുന്ന Environmental Protection Agency (USA) പോലെയുള്ള റെഗുലേറ്ററി സയൻസ് സംവിധാനങ്ങൾ ഇന്ന് മിക്ക രാജ്യങ്ങൾക്കുമുണ്ട്. ഇന്ത്യയിലെ ദുരന്ത നിവാരണ അതോറിറ്റി (National Disaster Management Authority), Atomic Energy Regulatory Board, Drug Controller General of India തുടങ്ങിയവയൊക്കെ നയകാര്യശാസ്ത്ര സ്ഥാപനങ്ങളാണ്

.

ദേശരാഷ്ട്രങ്ങളുടെ ഭരണനിർവ്വഹണ സംവിധാനത്തിന്‍റെ ഒഴിച്ചുകൂടാന്‍ ആവാത്ത ഘടകമായി ഇരുപതാം നൂറ്റാണ്ടിൽ റെഗുലേറ്ററി സയൻസ് മാറി. ലിബറൽ ജനാധിപത്യത്തിൽ ആധുനിക ശാസ്ത്രം ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടു കൂടി ജ്ഞാനസിദ്ധാന്തപരമായ ഒരു സവിശേഷ സ്ഥാനം കൈവരിക്കുന്നുണ്ട്. സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സയൻസ് ഉല്‍പാദിപ്പിക്കുന്ന അറിവുകളെ ഉപയോഗിക്കാനാവും എന്ന ദേശരാഷ്ട്ര ഭരണകൂടങ്ങളുടെ തിരിച്ചറിവിനെ തുടർന്നായിരുന്നു ഇത്. പതിനെട്ട് – പത്തൊമ്പത് നൂറ്റാണ്ടുകളിലെ വ്യാവസായിക വിപ്ലവത്തിന് ശാസ്ത്രജ്ഞാനം തുണയായിരുന്നെങ്കിലും ഭരണകൂടങ്ങൾ ശാസ്ത്രത്തെ ഏറ്റെടുത്തത് ഇരുപതാം നൂറ്റാണ്ടിലായിരുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ സയൻസ് നല്കിയ സംഭാവനകൾ ദേശരാഷ്ട്രങ്ങൾക്ക് അതിനോടുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കി.

ശാസ്ത്രത്തിന്‍റെ വൻതോതിലുള്ള രൂപമാറ്റമാണ് ഇതിനെത്തുടർന്ന് ഉണ്ടായത്. മുൻ നൂറ്റാണ്ടുകളിലെ ‘ചെറു ശാസ്ത്രം’ (little science) ഭരണകൂടം വൻതോതിൽ പണം മുടക്കി പരിപാലിക്കുന്ന സുസംഘടിതമായ ഒരു സങ്കീർണപ്രവൃത്തിയായി മാറിയത് അങ്ങനെയാണ്. ‘ഭീമാകാര ശാസ്ത്രം‘ (big science) എന്നാണ് ഈ പുതിയ സയൻസ് അറിയപ്പെടുന്നത്. ഗലീലിയോയുടേയോ ന്യൂട്ടന്റേയോ ജഗദീശ് ചന്ദ്രബോസിന്റേയോ കാലത്തെ ശാസ്ത്രമല്ല ഇരുപതാം നൂറ്റാണ്ടിലേത്. വലിയ മുതൽമുടക്ക്, വമ്പൻ ഗവേഷക സംഘം, സങ്കീർണമായ പരീക്ഷണ യന്ത്രങ്ങൾ തുടങ്ങിയവയൊക്കെ ആവശ്യമായ ഒന്നാണ് ഇന്നത്തെ സയൻസ്. ഭരണകൂടാധികാരവുമായി അത് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക സ്റ്റേറ്റിന്‍റെ ജ്ഞാനശാസ്ത്രപരമായ അടിത്തറ സയൻസിലും കൂടിയാണ് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്.

സാമൂഹിക പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനുള്ള ഉത്തരവാദിത്തം ശാസ്ത്രസമൂഹത്തിന്‍റെ മേൽ വന്നു ചേരുന്നത് അങ്ങനെയാണ്. സ്വതന്ത്ര ഇന്ത്യയിലെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി ‘ഹരിതവിപ്ലവം‘ എന്ന സാങ്കേതിക പരിഹാരം നിർദ്ദേശിക്കപ്പെടുകയും അത് വിജയകരമായി നടപ്പിലാക്കി ഭക്ഷ്യോല്പാദനം വർധിപ്പിച്ചതും ഓർക്കുക. അതായത്, സാങ്കേതിക പരിഹാരങ്ങളുടെ ശ്രോതസായി സയൻസ് ജനാധിപത്യ രാഷ്ട്രീയത്തിൽ പരിഗണിക്കപ്പെട്ടു.

സയൻസ് ഉല്പാദിപ്പിക്കുന്ന അറിവുകളുപയോഗിച്ച് ഭരണനിർവ്വഹണം നടത്തുക എന്ന ഈ ആശയം, ആദ്യം സൂചിപ്പിച്ച പോലെ, ഇതിനായി സ്ഥിരം സംവിധാനങ്ങൾ ഉണ്ടാക്കുന്നതിന് ഭരണകൂടങ്ങളെ പ്രേരിപ്പിച്ചു. FDA പോലുള്ള സ്ഥാനങ്ങൾ ഗവൺമെന്റിന് സാങ്കേതികോപദേശം നല്കുന്നതിനായി നിലവിൽ വരുന്നത് അങ്ങനെയാണ്. അടിസ്ഥാനശാസ്ത്ര ഗവേഷണത്തിൽ നിന്നും തുലോം വ്യത്യസ്തമായ ഒരു പ്രവർത്തനമായിരുന്നു ഈ സ്ഥാപനങ്ങളുടേത്. പെട്ടന്ന് രൂപപ്പെടുന്ന ഒരു പ്രതിസന്ധിയെ ശാസ്ത്രീയാപഗ്രഥനത്തിന് വിധേയമാക്കുക, സാങ്കേതിക പരിഹാരങ്ങൾ നിർദ്ദേശിക്കുക എന്നീ ഉത്തരവാദിത്തങ്ങളിലാണ് റെഗുലേറ്ററി സയൻസ് സ്ഥാപനങ്ങളുടെ ഊന്നൽ. പുതിയ സാങ്കേതികവിദ്യകളുടെ റിസ്ക് സാധ്യതാ പരിശോധനയും കാലക്രമേണ റെഗുലേറ്ററി സയൻസിന്‍റെ ചുമതലയായി മാറി. അടിസ്ഥാന ഗവേഷണം അതിന്‍റെ പരിധിയിൽ പെടുന്നില്ല. ലഭ്യമായ ഡാറ്റ ഉപയോഗിച്ച് നിർദ്ദേശിക്കപ്പെട്ട സമയത്തിനുള്ളിൽ വിശകലനവും ഉപദേശവും എന്നതിലാണ് ഇവിടെ ശ്രദ്ധ. ഇതിനായി പക്ഷേ പുതിയ അറിവുകൾ ഉല്പാദിപ്പിക്കപ്പെടുന്നുമുണ്ട്; അവയുടെ സ്വഭാവം ഗവേഷണ ശാസ്ത്രത്തിൽ നിർമ്മിക്കപ്പെടുന്ന ജ്ഞാനത്തിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നു മാത്രം. നയകാര്യപരമാണ് ഈ അറിവുകൾ. പശ്ചിമഘട്ട പരിരക്ഷണവുമായി ബന്ധപ്പെട്ട് ഗാഡ്ഗിൽ കമ്മറ്റി രൂപീകരിച്ച അറിവുകൾ ഉദാഹരണം. എന്നു മാത്രമല്ല, പുതിയൊരു സാങ്കേതിക വിദ്യയുടെ റെഗുലേഷനാണ് ലക്ഷ്യമെങ്കിൽ (ജനിതക വ്യതിയാനം വരുത്തിയ വിളകൾ ഉദാഹരണം) ആ സാങ്കേതിക വിദ്യ ഭാവിയിൽ പരിസ്ഥിതികമായും, സാമൂഹികമായും സാമ്പത്തികമായും സൃഷ്ടിക്കാൻ പോകുന്ന സാധ്യതകളും ഭവിഷ്യത്തുകളും പ്രവചിക്കുകയും വേണം. അടിസ്ഥാന ഗവേഷണത്തില്‍ ഏര്‍പ്പെടുന്നവർക്ക് ഇത്തരം ബാധ്യതകൾ ഇല്ലല്ലോ.

എന്നാൽ പ്രവർത്തനോദ്ദേശത്തിൽ ഗവേഷണ ശാസ്ത്രവുമായുള്ള റെഗുലേറ്ററി സയൻസിന്‍റെ ഈ അടിസ്ഥാന വ്യത്യാസം മറച്ചുവെയ്ക്കാനാണ് ഭരണകൂടവും ശാസ്ത്രസമൂഹവും എക്കാലവും ശ്രമിച്ചിട്ടുള്ളത്. സയൻസിന്‍റെ ജ്ഞാനശാസ്ത്രപരമായ മേൽക്കോയ്മയുടെ പ്രത്യയശാസ്ത്രപരമായ അടിസ്ഥാനം ഭരണകൂടവുമായി അതിനുള്ള അഭേദ്യബന്ധമാണ്: അതിന്‍റെ കാര്യനിർവ്വഹണരൂപമായിരുന്നു റെഗുലേറ്ററി സയൻസ്. ഗവേഷണശാസ്ത്രത്തിനും ഭരണകൂടത്തിനും ഇടയിൽ അവ രണ്ടിനേയും ഒരേപോലെ ആശ്രയിച്ചായിരുന്നു അതിന്‍റെ നിലനില്‍പ്പ്. ആധുനിക സയൻസിന്‍റെ പ്രയോജനാത്മകതയെ ഉയർത്തിക്കാട്ടാൻ സ്റ്റേറ്റിന്‍റെ നയരൂപീകരണ പരിപാടികളിലുള്ള റെഗുലേറ്ററി സയൻസിന്‍റെ പങ്കാളിത്തം സഹായകമാകുമ്പോൾ സ്റ്റേറ്റിന്‍റെ ഭരണശേഷിയുടെ ആധാരം പ്രധാനമായും റെഗുലേറ്ററി സയൻസാണ്.

ഈ ഇട-നില കാരണം സാങ്കേതികതയും രാഷ്ട്രീയതയും നയരൂപീകരണ ശാസ്ത്രത്തിൽ സങ്കീർണമായി കെട്ടുപിണഞ്ഞു. ഗവേഷണശാസ്ത്രത്തിന്‍റെ അറിവുല്‍പാദന പ്രക്രിയയിൽ രാഷ്ട്രീയതയും സാമൂഹികതയും പ്രവർത്തിക്കുന്നതിൽ നിന്നും തുലോം വ്യത്യസ്തമായി, പ്രത്യക്ഷമായി തന്നെ സാമൂഹിക-രാഷ്ട്രീയ ഘടകങ്ങളെ അതിന് പരിഗണിക്കേണ്ടതുണ്ട്. ശാസ്ത്രേതരമായ അനേകം സാമൂഹിക സ്ഥാപനങ്ങളോട് അതിന് ഇടപഴകേണ്ടതുണ്ട്. പാർലമെന്റ്, ഭരണ സ്ഥാപനങ്ങൾ, മാർക്കറ്റ്, വ്യാവസായിക ലോകം, കോടതി, മാധ്യമങ്ങൾ, പൊതുമണ്ഡലം, സിവിൽ സമൂഹ സ്ഥാപനങ്ങൾ തുടങ്ങിയവയോട് റെഗുലേറ്ററി സയൻസിന് ഉത്തരവാദിത്തമുണ്ട്. നയകാര്യ ശാസ്ത്രം രൂപപ്പെടുത്തുന്ന അറിവുകൾ, വിശകലനരീതികൾ, നിർദ്ദേശങ്ങൾ, പ്രവചനങ്ങൾ എന്നിവയുടെ മൂല്യനിരൂപണമാവട്ടെ (validation) ഗവേഷണശാസ്ത്രത്തിന്‍റെ പിയർ റിവ്യൂ പ്രക്രിയയിൽ നിന്നും തുലോം വ്യത്യസ്തമാണ് താനും. പൊതുമണ്ഡലത്തിലേക്കും ഭരണകൂട സ്ഥാപനങ്ങളിലേക്കും കോടതി മുറികളിലേക്കും അതിന്‍റെ മൂല്യനിരൂപണ പ്രക്രിയ തുറന്നു കിടക്കുന്നു. ശാസ്ത്ര സമൂഹത്തിനുള്ളിൽ നടക്കുന്ന സാമ്പ്രദായിക പിയർ റിവ്യൂ റെഗുലേറ്ററി സയൻസിൽ പ്രായോഗികമല്ല. അതിനുള്ള ശ്രമങ്ങൾ പലപ്പോഴും ഗവേഷണ ശാസ്ത്രജ്ഞരും നയകാര്യ ശാസ്ത്ര വിദഗ്ധരും തമ്മിലുള്ള അഭിപ്രായ വത്യാസങ്ങളിലാണ് കലാശിക്കാറ്. രണ്ടിനം ജ്ഞാന സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷമെന്നാണ് ഷീല ജസനോഫ് ഇതിനെ വിശേഷിപ്പിക്കുന്നത് (Jasanoff 1990: 80).

എന്നാൽ ഇത്തരം പ്രവർത്തന പ്രത്യേകതകളെ അംഗീകരിക്കാൻ തയ്യാറാകാത്ത ടെക്നോക്രാറ്റിക് സമീപനം പലപ്പോഴും റെഗുലേറ്ററി സയൻസിന്‍റെ കാര്യക്ഷമതയെ സാരമായി ബാധിച്ചു. ലഭ്യമായ ഡാറ്റയുടെ പരിമിതികൾ, അനിശ്ചിതത്വം നിറഞ്ഞ പ്രശ്നങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ വിശകലനാത്മകമായി ഇടപെടേണ്ടി വരുന്നതിനാൽ സംഭവിക്കുന്ന സാങ്കേതിക പാകപ്പിഴകൾ, സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ മനസിലാക്കുന്നതിലുള്ള അപര്യാപ്തകൾ, ശാസ്ത്രേതരമായ അറിവു പാരമ്പര്യങ്ങളുമായി കൈകോർക്കുന്നതിനുള്ള വിമുഖത എന്നിവയൊക്കെ ഈ സംവിധാനത്തെ ജനങ്ങളുടെ മുന്നിൽ അപഹാസ്യമാക്കി. FDA-ക്ക് ചില സാങ്കേതിക റിപ്പോർട്ടുകൾ അതിന് പുറത്തുള്ള വിദഗ്ധരുടെ വിമർശനം മൂലം പിൻവലിക്കേണ്ടതായി വന്നിട്ടുണ്ട് (Jasanoff 1990). പലപ്പോഴും ഈ സ്ഥാപനങ്ങളുടെ വിശകലനങ്ങൾ ഉയർത്തിയ വിവാദങ്ങൾ കോടതി ഇടപെടലുകളിലേക്ക് നയിച്ചു (ibid). ഈ പശ്ചാത്തലത്തിൽ, നയകാര്യശാസ്ത്ര സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കണമെങ്കിൽ ശാസ്ത്രഗവേഷകരുടെ സഹായം നേരിട്ടു തേടേണ്ടതുണ്ട് എന്ന വാദം ഉന്നയിക്കപ്പെട്ടു. റെഗുലേറ്ററി സയൻസും ഗവേഷണ ശാസ്ത്രവും അടിസ്ഥാനപരമായി രണ്ടിനം പ്രവർത്തനങ്ങളാണ് എന്നതിനാൽ തന്നെ അത്തരം പരീക്ഷണങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു. പക്ഷേ നയരൂപീകരണത്തിനും ഭരണനിർവ്വഹണത്തിനും അത്യന്താപേക്ഷിതം ആയതിനാൽ റെഗുലേറ്ററി സ്ഥാപനങ്ങളെ ഭരണകൂടങ്ങൾ വികസിപ്പിച്ചുകൊണ്ടേയിരുന്നു. പുതിയയിനം പ്രതിസന്ധികൾ നേരിടാൻ പുതിയ സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടു.

പരിസ്ഥിതി പ്രശ്നങ്ങളുടെ ആവിർഭാവം 1960-കൾ മുതൽ റെഗുലേറ്ററി സയൻസ് സ്ഥാപനങ്ങളുടെ മുമ്പിൽ പുതിയ വെല്ലുവിളികൾ ഉയർത്തി. Environment Protection Authorities സ്റ്റേറ്റിന് പരിസ്ഥിതി പരിരക്ഷണം സംബന്ധിച്ചുള്ള സാങ്കേതിക പിന്തുണ നല്കാനായി മിക്ക രാജ്യങ്ങളിലും നിലവിൽ വന്നു. എന്നാൽ ഇക്കാലം മുതൽ ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഉപയോഗം തന്നെയാണ് പാരിസ്ഥിതിക പ്രതിസന്ധികളുടെ യഥാർത്ഥ കാരണമെന്ന തിരിച്ചറിവ് ശക്തമായി രൂപപ്പെട്ടുവരുന്നത് സാങ്കേതികോപദേശം എന്ന പ്രകിയയുടെ തന്നെ അപര്യാപ്തതയെ കുറിച്ചുള്ള പൊതുചർച്ചകൾക്ക് കാരണമായി. റെഗുലേറ്ററി സയൻസ് കൈകാര്യം ചെയ്തിരുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. സാങ്കേതിക ഉപദേശങ്ങളും പരിഹാര നിർദ്ദേശങ്ങളും വിവാദ കാരണങ്ങളായി. സൈലൻറ് വാലി ജലവൈദ്യുതി പദ്ധതിക്ക് എതിരായി കേരളത്തിൽ എഴുപതുകളുടെ അവസാനം രൂപപ്പെട്ട സമരം പദ്ധതി സംബന്ധിച്ച സാങ്കേതികോപദേശത്തിന്‍റെ വിമർശനത്തില്‍ ഊന്നിയതായിരുന്നല്ലോ. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് ഗവൺമെന്റിനെ സഹായിച്ച സാങ്കേതിക വിദഗ്ധർ ജൈവ വൈവിധ്യം, പരിസ്ഥിതി എന്നിവയുടെ മേലുള്ള അതിന്‍റെ പ്രഭാവത്തെ പരിഗണിച്ചില്ല എന്നതായിരുന്നു വിമർശനത്തിന്റെ കാതൽ.

ജനിതക എഞ്ചിനീയറിങ്, ജൈവസാങ്കേതികവിദ്യ, നാനോടെക്നോളജി, കൃത്രിമബുദ്ധി, ക്ലോണിങ് തുടങ്ങിയ ഗവേഷണ മേഖലകളിലെ പുത്തനറിവുകൾ ധാരാളം റിസ്കുകൾ സൃഷ്ടിക്കുന്നു എന്നതിനാൽ റെഗുലേറ്റ് ചെയ്യപ്പെടണം എന്ന പൊതു ധാരണയും ഇതേത്തുടർന്ന് രൂപപ്പെട്ടു. ശാസ്ത്രജ്ഞർക്ക് മാത്രമായി ഈ സാങ്കേതിക വിദ്യകളുടെ ഉത്തരവാദിത്തം വിട്ടുകൊടുക്കാനാവില്ല എന്നും അപകടകരമായ ഇത്തരം ശാസ്ത്രീയാറിവുകളുടേയും സാങ്കേതിക വിദ്യകളുടേയും നിർമ്മാണ ദശയിൽ തന്നെ ഇടപെടുന്ന പുതിയ റെഗുലേറ്ററി സംവിധാനങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട് എന്ന വാദം പൊതുവേ ഭരണകൂടങ്ങൾക്ക് അംഗീകരിക്കേണ്ടി വന്നു.

അതായത്, സാങ്കേതികത തന്നെ ഒരു രാഷ്ട്രീയ പ്രശ്നമാണെന്നുള്ള തിരിച്ചറിവ് ആഗോളതലത്തിൽ രൂപപ്പെട്ടു തുടങ്ങിയത് എഴുപതുകളിലെ പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ്. തുടർച്ചയായി റെഗുലേറ്ററി സയൻസ് പൊതുവിമർശനത്തിന് പാത്രീഭവിക്കുകയും വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തു. കേവല ശാസ്ത്രവാദത്തിൽ ഊന്നിയുള്ള ടെക്നോക്രാറ്റിക് സമീപനത്തിന് പരിസ്ഥിതി പ്രതിസന്ധികളെ ഫലപ്രദമായി നേരിടാനാവില്ല എന്ന് കൂടുതൽ വ്യക്തമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എഴുപതുകളിൽ തന്നെ ഇത് തിരിച്ചറിഞ്ഞിരുന്നു; അവർ മുന്നോട്ടുവെച്ച ബദൽ സമീപനം പരിമിതികള്‍ ഉള്ളതായിരുന്നെങ്കിലും. കൂടുതൽ സങ്കീർണമായ റിസ്കുകളുടെ പ്രത്യക്ഷപ്പെടൽ പ്രശ്നപരിഹാരത്തിനായി നിലവിലുള്ള സാങ്കേതിക സംവിധാനങ്ങൾ പോര എന്ന തിരിച്ചറിവിലേക്ക് രാഷ്ട്രങ്ങളെ ഇന്ന് നയിക്കുന്നുണ്ട്.

കൂടുതൽ മെച്ചപ്പെട്ട ഒരു റെഗുലേറ്ററി സയൻസ് സംവിധാനം രൂപപ്പെടുത്തണമെങ്കിൽ അത് ഗവേഷണശാസ്ത്രത്തിൽ നിന്നും വ്യത്യസ്തമായ ഒരു അറിവിടപെടൽ പ്രവർത്തനമാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട് എന്ന് ചുരുക്കം. ഒരു വലിയ പറ്റം വൈദഗ്ധ്യങ്ങളെ (നാട്ടറിവുകളും സാമൂഹികശാസ്ത്രങ്ങളും ഉൾപ്പടെ) റെഗുലേറ്ററി സയൻസ് സംവിധാനത്തിൽ സംവാദാത്മകമായി പരിഗണിക്കുകയാണ് റിസ്കുകളെ നേരിടാൻ കൂടുതൽ ഫലപ്രദമാവുക എന്ന് ശാസ്ത്രസാമൂഹികതാ പഠിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഒപ്പം തുറന്ന സംവാദത്തിലും ജനപങ്കാളിത്തത്തിലും ഊന്നേണ്ടതുമുണ്ട്‌. അതായത്, ജനാധിപത്യത്തിൽ അടിസ്ഥാനമുറപ്പിച്ച ഒരു പുതിയ നയകാര്യ ശാസ്ത്രത്തിന്‍റെ രൂപീകരണമാണ് രാഷ്ട്രീയപരമായി സംഭവിക്കേണ്ടത്.

ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും റെഗുലേറ്ററി സയൻസിന്‍റെ സ്വഭാവ സവിശേഷതകൾ എന്തൊക്കെയാണ്? ഇന്ത്യയിലെ സംവിധാനം ഇന്നും സാങ്കേതികതയെ രാഷ്ട്രീയതയ്‌ക്ക് പുറത്താണ് സങ്കല്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ റിസ്കുകളുടെ സങ്കീർണ പശ്ചാത്തലത്തിൽ ഉയർന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങൾ മുന്നോട്ടു വെയ്ക്കുന്ന വിമർശനങ്ങളെ ഗൗരവമായിട്ട് എടുക്കാൻ നയകാര്യശാസ്ത്ര സംവിധാനങ്ങൾക്കാവുന്നില്ല. കൂടങ്കുളം ആണവനിലയ പദ്ധതിക്കും നർമ്മദാനദിയിലെ അണക്കെട്ടുകൾക്കും എതിരെ രൂപപ്പെട്ട ജനകീയ സമരങ്ങൾ സാങ്കേതിക തീരുമാനങ്ങൾ കൂടുതൽ ജനാധിപത്യപരം ആവണം എന്നാണ് ആവശ്യപ്പെടുന്നത്. പക്ഷേ ഇത്തരം സമരങ്ങളെ അടിച്ചമർത്തുന്നതിന് ഭരണകൂടത്തിന് സഹായമൊരുക്കി കൊടുക്കുകയാണ് ഇന്ത്യയിലെ റെഗുലേറ്ററി സയൻസ് വിദഗ്ധർ. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ തന്നെ ജനാധിപത്യപരമായ ആഴമില്ലായ്മയിലേക്കാണിത് വിരൽ ചൂണ്ടുന്നത്.

നമ്മുടെ റെഗുലേറ്ററി സ്ഥാപനങ്ങൾ പ്രശ്നപരിഹാരത്തിനായി സാങ്കേതിക വൈദഗ്ധ്യങ്ങളുടെ വൈവിധ്യത്തെ ഉപയോഗപ്പെടുത്തുന്നതിൽ വിമുഖരാണ്. പാരിസ്ഥിതികാഘാത പഠനപ്രക്രിയയുടെ അവിഭാജ്യ ഘടകമായി പദ്ധതിപ്രദേശത്തെ ജനങ്ങളുമായുള്ള സംവാദത്തെ (public hearing) ഇന്ത്യൻ പരിസ്ഥിതി സംരക്ഷണചട്ടങ്ങളിൽ (1997 മുതൽ) നിർദ്ദേശിക്കുന്നുണ്ടെങ്കിലും സംവാദ സാധ്യതകളെ മുളയിലേ നുള്ളാനാണ് സാങ്കേതിക വിദഗ്ധരും സർക്കാർ ഉദ്യോഗസ്ഥരും ശ്രമിച്ചു വരുന്നത്. ഇതിന് ഏക അപവാദം കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ജയറാം രമേഷ് മന്ത്രിയായിരുന്നപ്പോൾ വിശദമായ ജനസമ്പർക്ക പരിപാടികളിലൂടെ ജനിതകമാറ്റം വരുത്തിയ വഴുതനയിനത്തിന്‍റെ ഫീൽഡ് പരീക്ഷണാനുമതി ചർച്ച ചെയ്തതാണ് (2010). കർഷകരുടെയും ആക്ടിവിസ്റ്റുകളുടേയും ഒരു വലിയ സംഘം സാങ്കേതിക വിദഗ്ധരുടേയും അഭിപ്രായങ്ങൾ പരിഗണിച്ച്, മോൺസാന്റോ എന്ന ജനിതക എഞ്ചിനീയറിങ് കോർപ്പറേഷൻ നിയന്ത്രിക്കുന്ന മാഹികോ (Mahyco) എന്ന ഇന്ത്യൻ കമ്പനിക്ക് ഈ രംഗത്തെ റെഗുലേറ്ററി സയൻസ് സംവിധാനമായ Genetic Engineering Appraisal Committee (GEAC) നേരത്തേ നല്‍കിയിരുന്ന പരീക്ഷണാനുമതി മന്ത്രാലയം തടഞ്ഞു. എന്നാൽ ഇത്തരമൊരു തുറന്ന സംവാദ സാധ്യത അതിനുശേഷം ഒരു സാങ്കേതിക തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. തീർത്തും ജനാധിപത്യവിരുദ്ധമായ വിധത്തിൽ നിയമിതമാവുന്ന സാങ്കേതിക വിദഗ്ധരുടെ കമ്മറ്റികൾക്ക് തീരുമാനം വിടുകയാണ് കാലാകാലങ്ങളായി ഇന്ത്യൻ ഗവൺമെന്റുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ റെഗുലേറ്ററി സയൻസ് സ്ഥാപനങ്ങളൊന്നും തന്നെ ഈ മേഖലയുടെ പരിഷ്കരണത്തെക്കുറിച്ച് ആഗോളതലത്തിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. കേവല ശാസ്ത്രവാദത്തിന്റെ വരണ്ട മണൽപ്പരപ്പിലാണ് അവർ തല പൂഴ്ത്തിയിരിക്കുന്നത്.

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് സാങ്കേതികോപദേശം നല്കാനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ, മാധവ് ഗാഡ്ഗിൽ ചെയർപേഴ്സണായുള്ള പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനൽ ജനാധിപത്യപരമായ ഒരു പുതിയ പ്രവർത്തന ശൈലിയാണ് മുന്നോട്ടു വെച്ചത്. ഇന്ത്യൻ റെഗുലേറ്ററി സയൻസിന്‍റെ ടെക്നോക്രാറ്റിക്ക് ആയ സമീപനരീതി അത് പിന്തുടർന്നില്ല. വിശാലമായ ജനപങ്കാളിത്തത്തിലൂടെയാണ് ഡാറ്റ ശേഖരിച്ചതും വിശകലനം ചെയ്തതും. ഒരു വലിയ പറ്റം വിദഗ്ധരുടെ പിന്തുണയും പാനൽ തേടുകയുണ്ടായി. എന്നാൽ ഈ പുതിയ പ്രവർത്തനരീതിയെ തള്ളിക്കളഞ്ഞു കൊണ്ട് പഴയ ടെക്നോക്രാറ്റിക് ശൈലിയിലേക്കുള്ള മടക്കമാണ് പാനലിന്‍റെ നിർദ്ദേശങ്ങൾ പുന:പരിശോധിക്കാനായി (!) തുടർന്ന് ഗവൺമെന്റ് നിയമിച്ച കസ്തൂരിരംഗൻ കമ്മറ്റി നടത്തിയത്. ഇന്ത്യൻ റെഗുലേറ്ററി സയൻസ് സംവിധാനത്തിന്‍റെ ജനാധിപത്യ വിരുദ്ധതയുടേയും കാര്യശേഷി ഇല്ലായ്മയുടേയും ഏറ്റവും നല്ല ഉദാഹരണമാണിത്.

കേരളത്തിലെ സ്ഥിതിയും ഈ പൊതു ചിത്രത്തിൽ നിന്നും ഏറെ വ്യത്യസ്തമല്ല. ഒരു റിസ്ക് പ്രശ്നം രൂപപ്പെടുമ്പോൾ സർക്കാർ പെട്ടന്നൊരു അന്വേഷണക്കമ്മീഷനെ നിയമിക്കുകയും ‘ശാസ്ത്രീയ’ പഠന റിപ്പോർട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. പൊതുവേ ഈ കമ്മീഷന്‍ അംഗങ്ങൾ ഔദ്യോഗിക ഗവേഷണശാസ്ത്ര സ്ഥാപനങ്ങളിൽ പെട്ടവരായിരിക്കും. ചിലപ്പോൾ ഏതെങ്കിലുമൊരു ശാസ്ത്ര സ്ഥാപനത്തെ ആയിരിക്കും ഈ ചുമതല ഏല്‍പ്പിക്കുക. രണ്ടിലേതായാലും ഗവേഷണ ശാസ്ത്രജ്ഞരുടെ മേലാണ് സാങ്കേതികോപദേശ ചുമതല വന്നു വീഴുക. തന്മൂലം, തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ മാറ്റിവെച്ച് അവർക്ക് നയകാര്യ ശാസ്ത്രത്തിന്‍റെ മേഖലയിൽ പ്രവർത്തിക്കേണ്ടി വരുന്നു. ഗവേഷണശാസ്ത്ര രംഗത്തെ വൈദഗ്ധ്യത്തിൽ നിന്നും വ്യത്യസ്തമായി, ശാസ്ത്രീയവും രാഷ്ട്രീയവും നിയമപരവും സാമ്പത്തികവും ധാർമ്മികവും സാമൂഹികവുമായ അനേകം ഘടകങ്ങളെ സംയോജിപ്പിച്ച് അപഗ്രഥിച്ച് സമയബദ്ധമായി പൂർത്തീകരിക്കേണ്ട പ്രവർത്തനമാണത്. അതിനുള്ള സവിശേഷ പാടവം ഗവേഷണ ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്നവർക്കില്ല.

വളരെ ശക്തമായ ഒരു ശാസ്ത്ര-പൊതുമണ്ഡലം (scientific public sphere) റെഗുലേറ്ററി സയൻസ് സംബന്ധിച്ച ചർച്ചകൾക്കായി കേരളത്തിൽ നിലനില്‍ക്കുന്നുണ്ട് എന്നതാണ് ശുഭോദർക്കമായ കാര്യം (Varughese 2017). അതായത്, നിരന്തരമായ ജനകീയ ശ്രദ്ധ ഈ മേഖലയിൽ പതിയുന്നുണ്ട് എന്നതിനാൽ റെഗുലേറ്ററി സയൻസിന്‍റെ അപര്യാപ്തതകൾ പെട്ടന്ന് വിമർശനവിധേയമാകുന്നു. എന്നാൽ ശാസ്ത്ര-പൊതുമണ്ഡലത്തിൽ രൂപപ്പെടുന്ന ജനകീയാഭിപ്രായങ്ങളേയും നിർദ്ദേശങ്ങളേയും ഗൗരവമായിട്ട് എടുക്കാന്‍ ആവശ്യമായ ജനാധിപത്യ തുറവി റെഗുലേറ്ററി ശാസ്ത്ര സംവിധാനത്തിന് കേരളത്തിൽ കൈവന്നിട്ടുമില്ല.

പ്രളയവും ചുഴലിക്കാറ്റും പോലെയുള്ള അങ്ങേയറ്റം സങ്കീർണമായ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട റിസ്കുകളുടെ വ്യാപനമാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. ഇവയെ നേരിടമെങ്കിൽ കേവലശാസ്ത്രവാദത്തില്‍ ഊന്നുന്ന ടെക്നോക്രാറ്റിക്കായ സമീപനം നമ്മൾ ഉപേക്ഷിച്ചേ പറ്റൂ. റെഗുലേറ്ററി സയൻസ്, ഗവേഷണശാസ്ത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജ്ഞാനമേഖലയാണെന്ന ബോധം രൂപപ്പെടണം. രണ്ടിലും സാമൂഹികതയുടെ പ്രവർത്തനം രണ്ട് രീതിയിലാണ് എന്നും നമ്മൾ തിരിച്ചറിയണം. ശാസ്ത്രത്തിന്‍റെ വസ്തുനിഷ്ഠത, സയൻസിന്‍റെ ജ്ഞാന സിദ്ധാന്തപരമായ ഉദാത്തത എന്നിവയെ കുറിച്ചുള്ള മേനിപറയൽ കൊണ്ട് സാങ്കേതികതയുടെ രാഷ്ട്രീയത്തെ മറച്ചുവെക്കാനാവില്ല. കേവല ശാസ്ത്രവാദപരമായ ഇത്തരം വാചാടോപങ്ങളെല്ലാം മിക്കപ്പോഴും റെഗുലേറ്ററി സയൻസിനെക്കുറിച്ചാണ് കേരളത്തിൽ നടക്കുന്നത് എന്നതാണ് തമാശ! വിവിധയിനം വൈദഗ്ധ്യങ്ങളേയും സാമൂഹിക ശേഷികളേയും ഏകോപിപ്പിക്കുകയും പൊതുജനാഭിപ്രായത്തെ ഗൗരവമായി സമീപിക്കുകയും വഴി റിസ്കുകളെ നേരിടുന്നതിന് കെല്‍പുറ്റ ഒരു റെഗുലേറ്ററി സയൻസ് സംവിധാനം ഗവേഷണ ശാസ്ത്രത്തോടൊപ്പം തന്നെ നമ്മൾ വളർത്തിക്കൊണ്ടു വരേണ്ടതുണ്ട്. സമൂഹത്തിന്‍റെ ജനാധിപത്യാടിത്തറയെ അത് ശക്തമാക്കും.


കൂടുതൽ വായനയ്ക്ക്:

Bijker, Wiebe E., Roland Bal, and Ruud Hendriks. 2009. The Paradox of Scientific Authority: The Role of Scientific Advice in Democracies. Cambridge and London: The MIT Press.

Hilgartner, Stephen. 2000. Science on Stage: Expert Advice as Public Drama. Stanford: Stanford University Press.

Jasanoff, Sheila. 1990. The Fifth Branch: Science Advisers as Policymakers. Cambridge and London: Harvard University Press.

Varughese, Shiju Sam. 2014. ‘The Public Life of Expertise’, Seminar 654, February: 21-26.

Varughese, Shiju Sam. 2017. Contested Knowledge: Science, Media, and Democracy in Kerala. New Delhi: Oxford University Press

Comments

comments