(ആന്വീക്ഷികി അധ്യായം 7)1. ബുദ്ധമതത്തിന്റെ പ്രാധാന്യം ഇന്ത്യയിൽ തത്ത്വചിന്തയിലൂടെ ബ്രാഹ്മണമതത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ നാസ്തികമതമാണ് ബുദ്ധമതം. യാഗാദികർമ്മങ്ങളിലെ ഹിംസയോടുള്ള വിമർശനം, ആത്മാവിന്റെ നിരാസം, ശാശ്വതമായ ഏതെങ്കിലും ആധാരസത്തയിലുള്ള അവിശ്വാസം എന്നീ ബുദ്ധമതതത്ത്വങ്ങൾ വേദപാരമ്പര്യത്തോടു വിയോജിക്കുന്നു. ഇന്ത്യയിൽ ജ്ഞാനശാസ്ത്രത്തിനു വികാസമുണ്ടായ സി. ഇ. ആദ്യസഹസ്രാബ്ദത്തിൽ മീമാംസകരും വേദാന്തികളും ന്യായവൈശേഷികരും ഉൾപ്പെടെയുള്ള ഇതരദാർശനികരുമായി ബൗദ്ധപണ്ഡിതർ നടത്തിയ സംവാദങ്ങൾ ഇന്ത്യൻ ജ്ഞാനശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും ബഹുമുഖമായ വളർച്ചയ്ക്ക് വലിയ സംഭാവനയാണു നല്കിയത്. ചാതുർവർണ്യത്തോടും ജാതിവ്യവസ്ഥയോടും വിയോജിച്ച ബുദ്ധമതം സാമൂഹികജീവിതത്തിലും അതിന്റെ പ്രസക്തി നിലനിർത്തി.2. ഗൗതമബുദ്ധന്റെ ജീവിതം ഗൌതമബുദ്ധനാണ് ബുദ്ധമതത്തിന്റെ സ്ഥാപകന്‍ എന്നു പ്രസിദ്ധമാണല്ലോ. ചരിത്രപുരുഷനായ ബുദ്ധന്റെ കാലത്തെപ്പറ്റി പല അഭിപ്രായഭേദങ്ങളുമുണ്ടെങ്കിലും ബി. സി 563 മുതൽ ബി. സി. 483 വരെ എന്നാണ് ചരിത്രകാരന്മാർ പൊതുവേ കരുതുന്നത്. ശാക്യരാജവംശത്തിലെ ശുദ്ധോദനന്റെയും അദ്ദേഹത്തിന്റെ രണ്ടു പത്നിമാരിൽ ഒരാളായ മായാദേവിയുടെയും പുത്രനായാണ് അദ്ദേഹം ജനിച്ചത്. സിദ്ധാർത്ഥൻ എന്നായിരുന്നു കുട്ടിയുടെ പേര്. ഗോതമൻ (ഗൗതമൻ) എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. കപിലവാസ്തുവിലെ കൊട്ടാരത്തിലല്ല, ലുംബിനിയിലെ ഉദ്യാനത്തിലാണ് സിദ്ധാർത്ഥന്റെ ജനനം. സിദ്ധാർത്ഥൻ ജനിച്ച് ഏഴാം ദിവസം മായാദേവി മരണപ്പെട്ടു. മായാദേവിയുടെ സഹോദരിയും ശുദ്ധോദനപത്നിയുമായ ഗൗതമിയാണ് സിദ്ധാർത്ഥനെ പിന്നീടു വളർത്തിയത്.സിദ്ധാർത്ഥന്റെ ആദ്യകാലജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ മജ്ജിമനികായത്തിലെ ആച്ചരിയാബ്ഭുതധമ്മ സുത്ത, ദീഘനികായത്തിലെ മഹാപദാന സുത്ത എന്നീ സൂത്രങ്ങളിൽനിന്നാണു ലഭിക്കുന്നത്. പാലി തിപിടകത്തിലെ ജാതകകഥകളുടെ ആമുഖമായ നിദാനകഥയെ ആസ്പദമാക്കി രചിക്കപ്പെട്ട അശ്വഘോഷന്റെ ബുദ്ധചരിതം, കൂടാതെ മഹാവസ്തു, ലളിതാവിസ്താര തുടങ്ങിയ കൃതികളിലും സിദ്ധാർത്ഥകഥയുടെ വിവരണമുണ്ട്. എങ്കിലും അദ്ഭുതസംഭവവിവരണങ്ങളടങ്ങിയ ഈ കഥകളിൽനിന്ന് ചരിത്രപുരുഷനായ സിദ്ധാർത്ഥനെ വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്.
ചെറുപ്പത്തിൽ കൊട്ടാരത്തിന്റെ സുഖസൗകര്യങ്ങൾ അനുഭവിച്ചു ജീവിച്ച സിദ്ധാർത്ഥൻ, ലോകദുരിതങ്ങളറിഞ്ഞാൽ പരിത്യാഗിയാകുമെന്ന ഭയം മൂലം ശുദ്ധോദനരാജാവ് അത്തരം സങ്കടങ്ങൾ അറിയിക്കാതെയാണ് ആ രാജകുമാരനെ വളർത്തിയത്. ഭാവിയില്‍ സിദ്ധാർത്ഥന്‍ ഒന്നുകില്‍ ചക്രവർത്തിയോ അല്ലെങ്കില്‍ മതസ്ഥാപകനായ തത്ത്വജ്ഞാനിയോ ആകും എന്നു ശുദ്ധോദനന്റെ ഗുരുവായ അസിതകാലദേവലന്‍ പ്രവചിച്ചതും ഇതിനൊരു കാരണമായി. എന്നാൽ പിന്നീടു കൊട്ടാരത്തിനു പുറത്ത് നാട്ടിലൂടെ യാത്ര ചെയ്തപ്പോൾ സിദ്ധാർത്ഥൻ പ്രധാനമായും നാലു കാഴ്ചകൾ കണ്ടു. ഒരു രോഗി, ഒരു വൃദ്ധൻ, ഒരു മൃതശരീരം, ഒരു സന്ന്യാസി എന്നീ കാഴ്ചകളിൽ ആദ്യത്തെ മൂന്നെണ്ണം രോഗം, വാർദ്ധക്യം, മരണം എന്നീ മനുഷ്യാവസ്ഥകളെക്കുറിച്ചു ധാരണയുണ്ടാക്കിയെന്നും നാലാമത്തെ കാഴ്ച അദ്ദേഹത്തെ കൊട്ടാരം വിട്ട് ജീവിതദുഃഖങ്ങൾക്കു ശാശ്വതപരിഹാരം തേടിയുള്ള യാത്രയ്ക്കു പ്രേരിപ്പിച്ചു എന്നുമാണ് പ്രസിദ്ധമായ കഥ. പത്നിയായ യശോധരയെയും പുത്രനായ രാഹുലനെയും ഉപേക്ഷിച്ച് അദ്ദേഹം ഒളിച്ചു നാടുവിട്ടു എന്ന കഥയോട് അഭിപ്രായവ്യത്യാസമുള്ള പണ്ഡിതരുണ്ട്. യശോധരയുടെ സമ്മതത്തോടെയാണ് സിദ്ധാർത്ഥന്‍ സന്ന്യാസജീവിതം തിരഞ്ഞെടുത്തത് എന്ന് ആദ്യകാലബൌദ്ധകൃതികളെ അടിസ്ഥാനമാക്കി വാദിക്കുന്നവരുണ്ട്. ഇതുവരെയുള്ള പൂർവ്വകഥയെയാകെത്തന്നെ സംശയകരമായി കരുതുന്നവരുമുണ്ട്.
എന്തായാലും ഇരുപത്തിയൊമ്പതാം വയസ്സില്‍ സുഖജീവിതമുപേക്ഷിച്ച്, മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള ഉത്കണ്ഠകളുമായി ഊരുചുറ്റിയ സിദ്ധാർത്ഥൻ വേശാലിയിലെത്തി. അവിടെ ആളാരകാലാമൻ, ഉദ്ദകരാമപുത്തൻ എന്നിവരെ ഗുരുക്കന്മാരായി വരിച്ച് യോഗവിദ്യയിൽ അദ്ധ്യയനം നടത്തി. എന്നാൽ അതുകൊണ്ട് തൃപ്തനാകാതെ അദ്ദേഹം ജ്ഞാനാന്വേഷണം തുടർന്നു. പിന്നീട് അദ്ദേഹം രാജഗൃഹത്തിലെത്തി. ബിംബിസാരമഹാരാജാവ് സ്ഥാനമാനങ്ങൾ നല്കി ആദരിക്കാൻ തയ്യാറായെങ്കിലും അദ്ദേഹം അതു സ്നേഹത്തോടെ നിരസിച്ച്ഉരുവേലത്തിലെത്തി തപസ്സു ചെയ്യുകയാണുണ്ടായത്. കഠിനമായ ഉപവാസമനുഷ്ഠിച്ച അദ്ദേഹത്തിന്റെ സിദ്ധിയോട് ആദരവു തോന്നിയ കൊണ്ടണ്ണ (കൗണ്ഡിന്യൻ), ഭദ്ദിയ, വപ്പ, മഹാനാമ, അസ്സജി (അശ്വജിത്) എന്നിങ്ങനെ അഞ്ചു പേർ അദ്ദേഹത്തെ ശുശ്രൂഷിച്ചു. കർക്കശമായ ജീവിതചര്യകൊണ്ട് ശരീരക്ലേശമുണ്ടായി എന്നല്ലാതെ ജ്ഞാനം ലഭിക്കുന്നില്ല എന്നു കണ്ടപ്പോൾ അദ്ദേഹം മിതമായി ഭക്ഷണം കഴിച്ചു തുടങ്ങി. അതോടെ അദ്ദേഹത്തിന്റെ മഹത്വത്തിൽ സംശയം തോന്നിയ ആ അഞ്ചു പേർ അദ്ദേഹത്തെ വിട്ടുപോയി. അതികഠിനമായ തപശ്ചര്യയോ അമിതമായ സുഖലോലുപതയോ അല്ല, ഇവയ്ക്കിടയിലുള്ള മധ്യമമാർഗ്ഗമാണ് ജ്ഞാനാർജ്ജനത്തിനു സഹായകമാകുന്നത് എന്നദ്ദേഹം തിരിച്ചറിഞ്ഞു. ബുദ്ധദർശനത്തിന്റെ അടിസ്ഥാനപരമായ ഒരു നിലപാടാണ് ഈ മധ്യമമാർഗ്ഗം. പിന്നീട് ബുദ്ധമതത്തിന്റെ വികാസഘട്ടങ്ങളിൽ അതിന്റെ പല വിധത്തിലുള്ള തത്ത്വങ്ങളുടെ രൂപവത്കരണത്തിൽ മധ്യമമാർഗ്ഗം എന്ന സങ്കല്പനത്തിനു വലിയ പ്രാധാന്യം ഉണ്ടാകുന്നു.വീണ്ടും ആറു വർഷം സിദ്ധാർത്ഥൻ ധ്യാനം തുടർന്നു. ഉച്ചയ്ക്കുമുമ്പ് ഒരു നേരം മാത്രം ആഹാരം കഴിച്ച്, ഉച്ച കഴിഞ്ഞുള്ള സമയം മുതല്‍ മിക്കവാറും രാത്രി വൈകുംവരെ ധ്യാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇതു പില്ക്കാലത്ത് ബുദ്ധഭിക്ഷുക്കളുടെ ദിനചര്യയായി മാറുന്നുണ്ട്. അങ്ങനെ ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ ധ്യാനനിരതനായിരിക്കെ ഒരു അർദ്ധരാത്രിയിൽ ബോധോദയം സംഭവിച്ചതോടെ സിദ്ധാർത്ഥൻ ബുദ്ധനായി. ബുദ്ധത്വം നേടുന്നതിനു മുമ്പുളള ജീവിതകാലത്ത് അദ്ദേഹത്തെ കുറിക്കാൻ ബോധിസത്വൻ എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. ബോധി അഥവാ ജ്ഞാനം നേടാനായി പ്രവർത്തിക്കുന്ന സത്വം അഥവാ ജീവി എന്നാണ് ഈ വാക്കിന്റെ അർത്ഥം. മുപ്പത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹത്തിനു ബോധോദയം സംഭവിച്ചത് എന്നാണു വിശ്വാസം. ത്രിപിടകസൂത്രങ്ങളനുസരിച്ച്, മൂന്നു കാര്യങ്ങളിലുള്ള ജ്ഞാനമാണ് അദ്ദേഹത്തിനു ലഭിച്ചത്: 1. സ്വന്തം മുജ്ജന്മങ്ങളെക്കുറിച്ചുള്ള വിശദമായ ഓർമ്മ. 2. മറ്റു ജീവജാലങ്ങളുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ജന്മങ്ങളെക്കുറിച്ചുള്ള അറിവ്. 3. എല്ലാ പ്രമാദങ്ങളില്‍നിന്നും മിഥ്യകളില്‍നിന്നും മുക്തനായ തനിക്ക് പുനർജന്മമുണ്ടാവില്ലെന്ന ബോധ്യം. ഈ മൂന്നാമത്തെ ജ്ഞാനമാണ് നിർവ്വാണം (നിബ്ബാണം).തനിക്കു ലഭ്യമായ ഈ കേവലജ്ഞാനം വാക്കുകളിലൂടെ മറ്റുള്ളവർക്കു പകർന്നു നല്കാന്‍ വിഷമമായതുകൊണ്ട് ബുദ്ധന്‍ ആദ്യം നിഷ്ക്രിയനായിരുന്നെങ്കിലും പല ദേവന്മാർ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം ജ്ഞാനോപദേശത്തിനു തയ്യാറായി. എന്നാല്‍ ഇത് ആരെ അറിയിക്കുമെന്നായി അടുത്ത ആശങ്ക. അദ്ദേഹത്തിന്റെ ഗുരുക്കന്മാരായ ആളാരകാലാമനും ഉദ്ദകരാമപുത്തനും അപ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു. തന്നെ ശുശ്രൂഷിക്കാനെത്തിയിട്ട് മടങ്ങിപ്പോയ ആ അഞ്ചു പേർക്ക് ജ്ഞാനം പകർന്നുനല്കാം എന്നു കരുതി ബുദ്ധന്‍ അവരെത്തേടി യാത്രയായി. വാരാണസിക്കടുത്തുള്ള സാരാനാഥില്‍വച്ച് അവരെ കണ്ടെത്തിയെങ്കിലും അവർ ബുദ്ധന്റെ സിദ്ധിയില്‍ ആദ്യം സംശയം പ്രകടിപ്പിക്കുകയാണു ചെയ്തത്. എങ്കിലും പിന്നീടു മനംമാറ്റം സംഭവിച്ച അഞ്ചുപേരും ബുദ്ധന്റെ ധർമ്മോപദേശം ഗ്രഹിക്കാന്‍ തയ്യാറായി. അങ്ങനെ ആദ്യത്തെ ധർമ്മോപദേശത്തിലൂടെ ആ അഞ്ചുപേരെയും അദ്ദേഹം തന്റെ അനുയായികളാക്കി മാറ്റി. ധർമ്മചക്രപ്രവർത്തനസൂത്രം ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. മധ്യമമാർഗ്ഗത്തിന്റെ പ്രാധാന്യമാണ് ആ ധർമ്മോപദേശത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്. കൂടാതെ അസ്തിത്വത്തിന്റെ മൂന്ന് അടയാളങ്ങളായ അനിച്ച (അനിത്യം), അനത്താ (അനാത്മം), ദുക്ഖം (ദുഃഖം) എന്നീ ത്രിലക്ഷണകളെക്കുറിച്ചും ദുഃഖം, ദുഃഖകാരണം (സമുദയം), ദുഃഖനിരോധം, ദുഃഖനിരോധമാർഗ്ഗം എന്നീ നാല് ആര്യസത്യങ്ങളെക്കുറിച്ചും അദ്ദേഹം അവരോടു സംസാരിച്ചു. പില്ക്കാലത്തു ബുദ്ധദർശനത്തിന്റെ അടിസ്ഥാനമായിത്തീർന്ന തത്ത്വങ്ങളാണിവ. തുടർന്നുള്ള നാല്പത്തിയഞ്ചു വർഷക്കാലം തന്റെ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുകയാണ് ബുദ്ധന്‍ ചെയ്തത്. അങ്ങനെ ധാരാളം പേരെ അദ്ദേഹം തന്റെ ശിഷ്യന്മാരോ അനുയായികളോ ആക്കി. മഗധയിലെ ബിംബിസാര മഹാരാജാവ് ബുദ്ധനു പൂർണ്ണപിന്തുണ നല്കി. ബിംബിസാരന്റെ പുത്രനായ അജാതശത്രു സ്വപിതാവിൽനിന്ന് അധികാരം കൈക്കലാക്കുന്ന കാലത്ത് ബുദ്ധനോട് ഏറെ താത്പര്യം കാണിച്ചില്ലെങ്കിലും പില്ക്കാലത്ത് അദ്ദേഹവും ബുദ്ധാനുയായിയായി. ബുദ്ധന്റെ ശിഷ്യന്മാരില്‍ ശാരീപുത്രന്‍, മൌദ്ഗല്യായനന്‍, മഹാകാശ്യപന്‍, സുഭൂതി, പൂർണ്ണമൈത്രായനിപുത്രന്‍, കാത്യായനന്‍, അനിരുദ്ധന്‍, ഉപാലി, സ്വന്തം പുത്രനായ രാഹുലന്‍, ആനന്ദന്‍ എന്നിവരാണു പ്രധാനികള്‍. എണ്‍പതു വർഷത്തോളം ജീവിച്ച ഗൌതമബുദ്ധന്‍ കുശിനഗരത്തില്‍വച്ച് പരിനിർവ്വാണം പ്രാപിച്ചു.3. ബുദ്ധമതവികാസംബുദ്ധന്റെ പരിനിർവാണത്തിനു ശേഷം പല കാലത്തായി രാജഗൃഹം, വേശാലി, പാടലീപുത്രം, ശ്രീലങ്ക, കാശ്മീർ എന്നിവിടങ്ങളില്‍വച്ചു നടന്ന സമ്മേളനങ്ങളിലൂടെയാണ് ബുദ്ധമതത്തിലെ പ്രധാനശാഖകള്‍ രൂപപ്പെട്ടത്. ബുദ്ധമതത്തിനു പ്രധാനഗ്രന്ഥങ്ങളുണ്ടായതും ഇതേ കാലത്തുതന്നെ. ഹീനയാനം, മഹായാനം എന്നീ പ്രധാനശാഖകള്‍ക്കു പുറമേ ധാരാളം അവാന്തരവിഭാഗങ്ങളും ബുദ്ധമതത്തിനുണ്ടായിട്ടുണ്ട്. ഹീനയാനക്കാർ പൊതുവേ പാലി ഭാഷയിലും മഹായാനക്കാർ സംസ്കൃതത്തിലുമാണ് അവരവരുടെ ഗ്രന്ഥങ്ങള്‍ രചിച്ചത്. പാലി ഭാഷയില്‍ സുത്തപിടകം (സൂത്രപിടകം), വിനയപിടകം, അഭിധമ്മപിടകം (അഭിധർമ്മപിടകം) എന്നീ മൂന്നു ഭാഗങ്ങളായിട്ടാണ് ബുദ്ധമതതത്ത്വങ്ങള്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്. ഇവ ചേർത്ത് തിപിടകം (ത്രിപിടകം) എന്നു പറയുന്നു. പിടകം എന്നാല്‍ കൂട എന്നർത്ഥം. ഓരോ വിഭാഗത്തിനും അവരവരുടേതായ ത്രിപിടകമുണ്ട്. അവയുടെ വ്യാഖ്യാനഭേദങ്ങളും അനേകമുണ്ട്. ഇവയില്‍ സാമാന്യമായി കാണുന്ന അടിസ്ഥാനതത്ത്വങ്ങള്‍ മാത്രം ഇവിടെ വിശദീകരിക്കാം.4. ബുദ്ധധർമ്മംധർമ്മം (ധമ്മം) എന്ന വാക്കിന് വൈവിധ്യമുള്ള പല അർത്ഥങ്ങളാണ് ബുദ്ധദർശനത്തിലുള്ളത്. ബുദ്ധന്റെ ഉപദേശങ്ങളെയെല്ലാം ചേർത്ത് ധർമ്മം എന്നു വിളിക്കാറുണ്ട്. ത്രിലക്ഷണ, നാല് ആര്യസത്യങ്ങള്‍, അഷ്ടാംഗമാർഗ്ഗം എന്നിവയെല്ലാം ആ അർത്ഥത്തില്‍ ധർമ്മങ്ങളാണ്. ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി എന്നതാണ് ബൌദ്ധരുടെ ശരണത്രയം. ബുദ്ധത്വം നേടണമെങ്കില്‍ ധർമ്മത്തെ സ്വാംശീകരിക്കണം. സംഘത്തെയും അതിന്റെ പ്രവർത്തനത്തെയും നിർണ്ണയിക്കുന്ന നിയമാവലിയുമാണ് ധർമ്മം. ആത്യന്തികമായ വർത്തമാനമെന്ന നിലയില്‍ ധർമ്മം നിലനില്ക്കുന്നു എന്നു ബുദ്ധന്‍ പറഞ്ഞതായി പാലി സൂത്രങ്ങളില്‍ കാണാം. ഉപദേശിക്കാന്‍ ബുദ്ധന്‍ ഉണ്ടായാലും ഇല്ലെങ്കിലും, പ്രവർത്തിക്കാന്‍ സംഘം ഉണ്ടായാലും ഇല്ലെങ്കിലും ധർമ്മം നിലനില്ക്കുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ആ അർത്ഥത്തില്‍, പ്രപഞ്ചനിയമത്തെയും ക്രമത്തെയും കുറിക്കുന്ന വാക്കാണ് ധർമ്മം. ഇക്കാണുന്ന പ്രപഞ്ചത്തിന്റെ അടിസ്ഥാനമാകുന്ന ഘടകങ്ങളാണവ. പ്രാതിഭാസികമായ ലോകത്തെ രൂപപ്പെടുത്തുന്ന, പരസ്പരം ബന്ധിക്കപ്പെട്ട പ്രതിഭാസങ്ങളാണ് ധർമ്മങ്ങള്‍ എന്നർത്ഥം. വസുബന്ധുവിന്റെ വ്യാഖ്യായുക്തി എന്ന കൃതിയില്‍ ധർമ്മത്തിന്റെ പത്ത് അർത്ഥങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 1. ജ്ഞേയം- അറിയാവുന്നതും അറിയപ്പെടേണ്ടതുമായ വ്സതുക്കളും വിഷയങ്ങളും അറിവിന് ആധാരമാകുന്ന പ്രതിഭാസങ്ങളുമാണ് ജ്ഞേയങ്ങള്‍. 2. മാർഗ്ഗം- ദുഃഖത്തില്‍നിന്നു മോചനം നേടി നിർവ്വാണം പ്രാപിക്കുന്നതിനുള്ള അഷ്ടാംഗമാർഗ്ഗമാണ് ഇവിടെ വിവക്ഷിക്കുന്നത്. 3. നിർവ്വാണം- രാഗം, ദ്വേഷം, മോഹം തുടങ്ങിയ ദുഃഖഹേതുക്കളില്‍നിന്നു മോചനം നേടി സംസാരബന്ധത്തില്‍നിന്നും, പുനർജന്മത്തില്‍നിന്നും മുക്തനാകുന്നതിനാണ് നിർവ്വാണം എന്നു പറയുന്നത്. 4. മനോവിഷയം- ഇന്ദ്രിയങ്ങളെ ആശ്രയിക്കാതെ മനസ്സുകൊണ്ടു മാത്രം അറിയുന്ന വസ്തുക്കളെയും വിഷയങ്ങളെയുമാണ് ഈ വാക്ക് കുറിക്കുന്നത്. 5. പുണ്യം- വാക്കുകൊണ്ടും മനസ്സുകൊണ്ടും ശരീരംകൊണ്ടും നിർവ്വാണത്തിനുതകുന്ന തരത്തില്‍ ചെയ്യുന്ന കർമ്മങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 6. ആയുസ്സ്- വർത്തമാനകാലത്തിലുള്ള ഈ ജന്മത്തിന്റെ ജീവിതകാലമാണ് ആയുസ്സ്. 7. ബുദ്ധോപദേശങ്ങള്‍- ലോകജീവിതത്തെയും നിർവ്വാണത്തെയും സംബന്ധിച്ച് ബുദ്ധന്‍ നല്കിയ ഉപദേശങ്ങളെല്ലാം ഇതില്‍പ്പെടുന്നു.5. ബുദ്ധദർശനത്തിലെ പ്രധാനതത്ത്വങ്ങള്‍:മധ്യമമാർഗ്ഗം:ബുദ്ധന്റെ ആദ്യധർമ്മോപദേശത്തില്‍ത്തന്നെ മധ്യമമാർഗ്ഗത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. ഇന്ദ്രിയസുഖങ്ങള്‍ക്ക് അമിതപ്രാധാന്യം നല്കുന്ന സാധാരണജനങ്ങളുടെ രീതിക്കും ശരീരത്തെ വല്ലാതെ ക്ലേശിപ്പിക്കുന്ന യോഗികളുടെ രീതിയ്ക്കും നിർവ്വാണം എന്ന പരമമായ ലക്ഷ്യം നേടാനാവാത്തതിനാല്‍ ഇവയ്ക്കിടയിലുള്ള മധ്യമമാർഗ്ഗമാണ് അതിനുതകുന്നത് എന്നു ബുദ്ധന്‍ പറയുന്നതായി ധർമ്മചക്രപ്രവർത്തനസൂത്രത്തില്‍ കാണാം. ശാന്തിയും ഉള്‍ക്കാഴ്ചയും നിർവ്വാണവും പ്രാപിക്കാന്‍ മധ്യമമാർഗ്ഗമാണു നല്ലത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പാലി തിപിടകത്തിലൊന്നായ സുത്തപിടകത്തിലെ അംഗുത്തരനികായത്തില്‍ മധ്യമമാർഗ്ഗത്തിന്റെ പ്രസക്തി സൂചിപ്പിക്കുന്ന ഒരു കഥയുണ്ട്:ഏകാകിയായി വനമധ്യത്തിലിരുന്ന് ഏറെക്കാലം ധ്യാനിച്ചെങ്കിലും ലക്ഷ്യം നേടാനാവാതെ വിഷമിച്ച് ഒരു ഭിക്ഷു ഒരിക്കല്‍ ബുദ്ധന്റെ സമീപത്തെത്തി. ബുദ്ധന്‍ അയാളോടു ചോദിച്ചു:“നിങ്ങൾ പണ്ടു വീണ വായിക്കാറുണ്ടായിരുന്നില്ലേ?”“ഉണ്ടായിരുന്നു” എന്നു ഭിക്ഷു മറുപടി പറഞ്ഞു.“വീണക്കമ്പികള്‍ നല്ലവണ്ണം മുറുകിയിരുന്നാല്‍ അതില്‍നിന്നു ശ്രുതിബദ്ധമായ സംഗീതം പുറപ്പെടുമോ?”“ഇല്ല.”“വീണക്കമ്പികള്‍ വല്ലാതെ അയഞ്ഞിരുന്നാലോ?”“അപ്പോഴും വേണ്ട രീതിയില്‍ സ്വരങ്ങള്‍ പുറപ്പെടില്ല.”ഇതുകേട്ട് ബുദ്ധന്‍ പറഞ്ഞു:“അതുപോലെ ശരീരത്തെ വല്ലാതെ ക്ലേശിപ്പിച്ചാല്‍ അത് അശാന്തിയിലേക്കാവും നയിക്കുക.വല്ലാതെ സുഖഭോഗങ്ങളില്‍ മുഴുകിയിരുന്നാല്‍ അത് അലസതയിലേക്കും നയിക്കും. അതുകൊണ്ടു മധ്യമമാർഗ്ഗം ശീലിക്കുക. ലക്ഷ്യപ്രാപ്തിക്കുതകുന്ന ശ്രദ്ധ നേടുന്നതിന് അതാണു സഹായകമാവുക.” ബുദ്ധന്റെ മറ്റൊരു പ്രധാനസിദ്ധാന്തമായ പ്രതീത്യസമുത്പാദം (പടിച്ചസമുപ്പാദം) വിവരിക്കുന്ന സന്ദർഭത്തില്‍ ശാശ്വതവാദത്തിന്റെയും ഉച്ഛേദവാദത്തിന്റെയും ആത്യന്തിതകള്‍ക്കിടയിലുള്ള മധ്യമമാർഗ്ഗത്തെപ്പറ്റിയും സൂചനകളുണ്ട്. (വിശുദ്ധിമഗ്ഗ). ഇത്തരത്തില്‍ പ്രായോഗികമായ ജീവിതരീതി എന്ന നിലയിലും തത്ത്വചിന്താപരമായ നിലപാട് എന്ന നിലയിലും മധ്യമമാർഗ്ഗത്തിന് ബുദ്ധമതത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്.ത്രിലക്ഷണമനുഷ്യാസ്തിത്വത്തെ സംബന്ധിച്ച മൂന്നു പ്രധാനപ്പെട്ട അടയാളങ്ങള്‍ അഥവാ ലക്ഷണങ്ങള്‍ ആണ് ത്രിലക്ഷണ എന്നറിയപ്പെടുന്നത്. അനിത്യം, അനാത്മം, ദുഃഖം എന്നിവയാണ് ഇവ. ഇവയെ അടിസ്ഥാനമാക്കി വിപുലമായ തത്ത്വവിചാരങ്ങൾ പില്ക്കാല ബൗദ്ധപണ്ഡിതർ നടത്തിയിട്ടുണ്ട്.1. അനിത്യം (അനിച്ച)ഈ ലോകത്തുള്ളവയെല്ലാം അനിത്യങ്ങളാണ് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉണ്ടാകുന്നവയെല്ലാം ഇല്ലാതാകുന്നവയുമാണ് എന്നർത്ഥം. ഇതു രണ്ടു തരത്തിലാണ് സംഭവിക്കുന്നത്. ഒന്ന്, കാലത്തിലൂടെയുള്ള പരിണാമമാണ്. ബുദ്ധദർശനത്തില്‍ കാലം സ്ഥിരമല്ല. ഓരോ ക്ഷണവും ഉണ്ടാവുകയും അപ്പോള്‍ത്തന്നെ ഇല്ലാതാവുകയും ചെയ്യുന്നു. കാലത്തിന്റെ ഏറ്റവും ചെറിയ ഏകകമാണ് ക്ഷണം. ഓരോ ക്ഷണവും ഉണ്ടാവുകയും ഉടന്‍ ഇല്ലാതാവുകയും ചെയ്യുന്നതുകൊണ്ട് കാലം ക്ഷണികമാണ്. ഒരു തീക്കൊള്ളിയെടുത്തു ചുഴറ്റുമ്പോള്‍ ഒരു വലയം രൂപപ്പെടുന്നതുപോലെ (അലാതവലയം) അതിന് ഒരു തുടർച്ചയും ക്രമവും ഉണ്ടെന്നു തോന്നുന്നതാണ്. ഇതിനു ക്ഷണികവാദം എന്നു പറയുന്നു. എല്ലാ പ്രപഞ്ചവസ്തുക്കള്‍ക്കും ഇതു ബാധകമാണ്. ഓരോ വസ്തുവും ഓരോ ക്ഷണവും ജനിച്ചു മരിക്കുകയാണ്. അങ്ങനെയാണ് ഓരോന്നും പരിണമിക്കുന്നത്; അതായത് കാലവും സ്ഥലവും അവയെ ആശ്രയിച്ചുനില്ക്കുന്ന എല്ലാ പ്രതിഭാസങ്ങളും ഓരോ നിമിഷവും ജനിച്ചു മരിക്കുന്നതിനെയാണ് നാം പരിണാമം എന്നു മനസ്സിലാക്കുന്നത്. രണ്ട്, എല്ലാ വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും പരസ്പരാശ്രിതത്വമാണ്. ഓരോന്നും ഉണ്ടാകുന്നതും നിലനില്ക്കുന്നതും, അല്ലെങ്കില്‍ നിലനില്ക്കുന്നു എന്നു തോന്നിക്കുന്നതും, മറ്റോരോന്നിനെയും ആശ്രയിച്ചാണ്. ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല എന്ന നിലയില്‍ എല്ലാം അനിത്യമാണ്.അനിത്യമായതിനെ നിത്യമെന്നു കരുതി മനുഷ്യർ ഓരോന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും അതിനോടു മമത പുലർത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഈ അനിത്യത ദുഃഖത്തിനു ഹേതുവായിത്തീരുന്നു. പില്ക്കാലത്തെ ബുദ്ധമതശാഖകളെല്ലാംതന്നെ അനിത്യം എന്ന ഈ സങ്കല്പനത്തെ അംഗീകരിക്കുന്നുണ്ട്. അവരെ സംബന്ധിച്ച് നിത്യമായത് നിർവ്വാണം മാത്രമാണ്. ഉണ്മ, ഇല്ലായ്മ എന്ന ദ്വന്ദ്വത്തിനപ്പുറമാണ് നിർവ്വാണത്തിന്റെ നില. അനിത്യതയെക്കുറിച്ചുള്ള അറിവാണ് നിർവ്വാണത്തിലേക്കു നയിക്കുന്നത്. അതിന് ഉല്പത്തിയോ പരിണാമമോ ഇല്ല എന്നതുകൊണ്ട് അനിത്യം എന്ന സങ്കല്പനം അതിനു ബാധകമല്ല എന്നാണു വിശദീകരണം.2. അനാത്മം (അനത്താ)അനുഭവത്തിലൂടെയോ യുക്തിയിലൂടെയോ സ്ഥാപിക്കാനാവാത്ത, അവയുടെ പരിധിക്കപ്പുറമുള്ള തത്ത്വങ്ങളെപ്പറ്റി വിശദീകരിക്കുന്നതില്‍ ബുദ്ധന്‍ പൊതുവേ തത്പരനായിരുന്നില്ല. എങ്കിലും ശാശ്വതമായ ഒരാത്മാവില്ല എന്ന് അദ്ദേഹം കരുതി. വേദോപനിഷത്തുകളില്‍ ആത്മാവിനെക്കുറിച്ചു പൊതുവായിക്കാണുന്ന ആത്മാവിന്റെ അനശ്വരത്വം എന്ന സങ്കല്പനത്തിനു വിരുദ്ധമാണിത്. ആത്മം എന്ന വാക്ക് ബുദ്ധമതഗ്രന്ഥങ്ങളില്‍ ചിലയിടത്തു കാണാമെങ്കിലും അതു ശാശ്വതമായ ആത്മാവിനെയല്ല കുറിക്കുന്നത്. ബുദ്ധദർശനമനുസരിച്ച് പ്രപഞ്ചത്തിലെ ജീവനുള്ളതോ ഇല്ലാത്തതോ ആയ എല്ലാ വസ്തുക്കളും അവയെക്കുറിച്ചുള്ള മനോവ്യാപാരങ്ങളുമെല്ലാം പല ഘടകങ്ങള്‍ കൂട്ടിച്ചേർത്തു നിർമ്മിക്കപ്പെട്ടവയാണ്. അവയെയെല്ലാം ചേർത്തു സംസ്കൃതം എന്ന പേരിലാണ് വർഗ്ഗീകരിക്കുന്നത്. നിർമ്മിക്കപ്പെട്ടത്, സമാഹരിക്കപ്പെട്ടത്, സംസ്കരിക്കപ്പെട്ടത് എന്നിങ്ങനെയുള്ള അർത്ഥങ്ങളിലാണ് ഇവയെ സംസ്കൃതം എന്നു വിളിക്കുന്നത്. നിർവ്വാണം മാത്രമാണ് അതില്‍നിന്നു വ്യത്യസ്തമായുള്ളത്. അതിനെ അസംസ്കൃതം എന്നാണു പറയുക. നിർമ്മിതമായവയെ (സംസ്കൃതം) അഞ്ചു സ്കന്ധങ്ങള്‍, പന്ത്രണ്ട് ആയതനങ്ങള്‍, പതിനെട്ടു ധാതുക്കള്‍ എന്നിങ്ങനെ വർഗ്ഗീകരിച്ചുകൊണ്ട് പിന്നീടുള്ള ബൌദ്ധദാർശനികർ വിശദമായ ചർച്ചകള്‍തന്നെ നടത്തുന്നുണ്ട്. അവയെക്കുറിച്ചുള്ള വിശദാംശങ്ങളിലും നിലപാടുകളിലും പല ബുദ്ധമതദാർശനികർ തമ്മില്‍ അഭിപ്രായഭേദങ്ങളും കാണാം.അഞ്ചു സ്കന്ധങ്ങള്‍സ്കന്ധങ്ങള്‍ എന്നാല്‍ സമാഹാരങ്ങളാണ്. പല ഘടകങ്ങള്‍ ചേർന്ന ഈ സമാഹാരങ്ങള്‍കൊണ്ടാണ് മനുഷ്യാസ്തിത്വം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. രൂപം, വേദന, സംജ്ഞ, സംസ്കാരം, വിജ്ഞാനം എന്നിവയാണ് അഞ്ചു സ്കന്ധങ്ങൾ.രൂപസ്കന്ധം: ഭൂമി, ജലം, അഗ്നി, വായു എന്നീ നാലു ഭൂതങ്ങൾകൊണ്ടു നിർമ്മിക്കപ്പെട്ട എല്ലാ രൂപങ്ങളും- മനുഷ്യശരീരങ്ങളും- രൂപസ്കന്ധത്തിൽ ഉൾപ്പെടുന്നു. അത്തരത്തിൽ രൂപങ്ങളുടെ (forms) സമാഹാരമാണ് രൂപസ്കന്ധം. ഭൌതികമായ മൂർത്തവസ്തുക്കളാണ് രൂപം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. പില്ക്കാലബൌദ്ധദാർശനികരില്‍ പ്രമുഖനായ വസുബന്ധുവിന്റെ അഭിധർമ്മകോശശാസ്ത്രത്തിലെ വിശദീകരണമനുസരിച്ച്, അതിസൂക്ഷ്മമായ രൂപ- പരമാണുക്കള്‍കൊണ്ടാണ് ഭൗതികവസ്തുക്കളെല്ലാം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പരമാണുക്കള്‍ ചേര്‍ന്ന് ദ്രവ്യങ്ങള്‍ ഉണ്ടാകുന്നു. ഇവയെല്ലാം രൂപസ്കന്ധത്തില്‍ ഉള്‍പ്പെടുന്നു. ഓരോന്നിന്റെയും സ്വഭാവവും ധർമ്മവും ഇങ്ങനെ സംഗ്രഹിക്കാം:ഭൂതം സ്വഭാവം ധര്‍മ്മംപൃഥിവി ഖരത്വം ധാരണഅപ് (ജലം) സ്നേഹത്വം സംഗ്രഹംതേജസ്സ് ഉഷ്ണത പക്തി (വികാസം)വായു ഈരണം (ചലനം) വ്യൂഹനം (വ്യാപനം)ബാക്കി നാലു സ്കന്ധങ്ങളും ആന്തരികമായ മനോവ്യാപാരങ്ങളെ സംബന്ധിച്ചതാണ്.വേദനാസ്കന്ധം: ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ് വേദനകൾ (sensation) ഉണ്ടാകുന്നത്. സുഖം നല്കുന്ന വേദന, ദുഃഖം നല്കുന്ന വേദന, സുഖമെന്നോ ദുഃഖമെന്നോ വേർതിരിക്കാനാവാത്ത വേദന എന്നിങ്ങനെ അവ മൂന്നു വിധമുണ്ട്. അഭിധർമ്മകോശശാസ്ത്രത്തില്‍, ഇന്ദ്രിയാനുഭവങ്ങളെ അടിസ്ഥാനമാക്കി വേദനകളെ തരംതിരിക്കുന്നു. മനസ്സിനെയും ഇന്ദ്രിയങ്ങളിലൊന്നായിത്തന്നെയാണ് ബൌദ്ധപണ്ഡിതർ പരിഗണിക്കാറുള്ളത്. അത്തരത്തില്‍ ആറ് ഇന്ദ്രിയങ്ങള്‍ വഴിയുള്ള സ്പര്‍ശ(സമ്പര്‍ക്കം)ത്തിലൂടെ ചക്ഷുസംസ്പര്‍ശജവേദന, ശ്രോത്രസംസ്പര്‍ശജവേദന, ഘ്രാണസംസ്പര്‍ശജവേദന, ജിഹ്വാസംസ്പര്‍ശജവേദന, കായസംസ്പര്‍ശജവേദന, മനഃസംസ്പര്‍ശജവേദന എന്നിങ്ങനെ ആറു തരം വേദനകളുണ്ടാകുന്നു. ഇവ ചേര്‍ന്നതാണ് വേദനാസ്കന്ധം.സംജ്ഞാസ്കന്ധം: വസ്തുക്കൾ, അനുഭവങ്ങൾ, അവസ്ഥകൾ തുടങ്ങിയവയെ വിവേചിച്ചറിയുന്നത് സംജ്ഞ(perception)യിലൂടെയാണ്. വിവിധങ്ങളായ ഇന്ദ്രിയാനുഭവങ്ങളിലൂടെ വസ്തുക്കളെ ഗ്രഹിക്കുമ്പോള്‍ അവ വേറിട്ടറിയാന്‍ പാകത്തിന് ഉള്ളില്‍ ചില ധാരണകള്‍ രൂപപ്പെടുന്നു. അവയാണ് സംജ്ഞകള്‍. (സംജ്ഞാ നിമിത്തോദ്ഗ്രഹണാത്മികാ- അഭിധര്‍മ്മകോശകാരിക) പച്ച, മഞ്ഞ തുടങ്ങി പല തരം നിറങ്ങള്‍, വലുത്, ചെറുത്, ആണ്, പെണ്ണ്, യോജിക്കാവുന്നത്, വിയോജിക്കാവുന്നത്, സുഖകരം, ദുഃഖകരം എന്നിങ്ങനെ അനുഭവത്തിനനുസരിച്ച് വിഷയങ്ങള്‍ (നിമിത്തങ്ങള്‍) ഗ്രഹിക്കപ്പെടുന്നു. ആറ് ഇന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കുന്നതുകൊണ്ട് ഇവയും ചക്ഷുസംസ്പര്‍ശജസംജ്ഞ, ശ്രോത്രസംസ്പര്‍ശജസംജ്ഞ, ഘ്രാണസംസ്പര്‍ശജസംജ്ഞ. ജിഹ്വാസംസ്പര്‍ശജസംജ്ഞ, കായസംസ്പര്‍ശജസംജ്ഞ, മനഃസംസ്പര്‍ശജസംജ്ഞ എന്നിങ്ങനെ ആറു തരമുണ്ട്. വേദന, സംജ്ഞ എന്നീ സ്കന്ധങ്ങള്‍, ആഗ്രഹങ്ങളോടു ബന്ധം പുലര്‍ത്തുന്നവയും (കാമാധ്യവസാനം) തെറ്റായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നവയും (ദൃഷ്ട്യഭിഷ്വംഗം) ആണ്. അങ്ങനെ ആളുകള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാക്കുന്നതിനു കാരണമാകുന്നതുകൊണ്ടും (വിവാദമൂലം) പുനർജന്മത്തിനു ഹേതുവാകുന്നതുകൊണ്ടും (സംസാരഹേതു) ഇവ മറ്റു സ്കന്ധങ്ങളില്‍നിന്നു വ്യത്യസ്തമാണ്. അത്തരത്തില്‍ വേദനയെ ഭോജനത്തോടും സംജ്ഞയെ അതിന്റെ രുചിയോടുമാണ് വസുബന്ധു താരതമ്യപ്പെടുത്തുന്നത്.സംസ്കാരസ്കന്ധം: ലോഭം (അത്രാഗ്രഹം), ദോഷം (വെറുപ്പ്), മോഹം (അജ്ഞാനം) എന്നിവയിൽനിന്നുണ്ടാകുന്ന അകുശലകർമ്മങ്ങൾ, അത്തരം തിന്മകളിൽനിന്നു മുക്തമായ കുശലകർമ്മങ്ങൾ, നന്മയോ തിന്മയോ എന്നു വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള അവ്യാകൃതകർമ്മങ്ങൾ എന്നിവയും അനുഭവങ്ങളും മനസ്സിൽ പതിഞ്ഞുകിടക്കുന്നു. ആ നിലയിലുള്ള രൂപങ്ങൾ ചേർന്നതാണ് സംസ്കാരസ്കന്ധം. വസുബന്ധു സംസ്കാരസ്കന്ധത്തെ വിശദീകരിക്കുന്നതിങ്ങനെ: ചൈതസികധര്‍മ്മങ്ങള്‍ ചിത്തത്തിലുണ്ടാകുന്ന പ്രതിഭാസങ്ങളാണ്. ഭൂതകാലത്തിലോ വര്‍ത്തമാനകാലത്തിലോ ഭാവികാലത്തിലോ നിലനില്ക്കുന്ന, ഒരാളുടെ സ്വന്തമോ ബാഹ്യമോ ആയ, സ്ഥൂലമോ സൂക്ഷ്മമോ ആയ, ഉത്കൃഷ്ടമോ നിന്ദ്യമോ ആയ, അടുത്തുള്ളതോ അകലെയുള്ളതോ ആയ എല്ലാറ്റിന്റെയും മാനസികമായ രൂപപ്പെടലുകള്‍ സംസ്കാരത്തിലുള്‍പ്പെടുന്നു. ഇന്ദ്രിയങ്ങളെ അടിസ്ഥാനമാക്കി ആറു തരം ഇച്ഛാശക്തികളെ- ചേതനകളെ- സംസ്കാരങ്ങള്‍ എന്നു വിളിക്കുന്നു. സംസ്കാരസ്കന്ധത്തിലുള്‍പ്പെടുന്ന ധര്‍മ്മങ്ങളുടെ എണ്ണത്തില്‍ വിവിധബുദ്ധമതശാഖകള്‍ തമ്മില്‍ ഭിന്നതയുണ്ട്. ഥേരാവാദികള്‍ക്ക് ധര്‍മ്മങ്ങള്‍ അമ്പത് ആണെങ്കില്‍ സര്‍വ്വാസ്തിവാദികള്‍ക്ക് അവ നാല്പത്തിയാറ് ആണ്. ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്ന ബോധവുമായി ബന്ധപ്പെട്ടതാണ് ഈ ധര്‍മ്മങ്ങള്‍.വിജ്ഞാനസ്കന്ധം: നിരന്തരമായ ചിന്തയാണ് ബോധം അഥവാ ചേതന (consciousness). അതിനു ചൈതന്യവുമുണ്ട്. ഇന്ദ്രിയാനുഭവങ്ങളിലൂടെ ചേതനയിൽ പ്രവർത്തിക്കുന്ന ചക്ഷുർവിജ്ഞാനം, ശ്രോത്രവിജ്ഞാനം, ഘ്രാണവിജ്ഞാനം, ജിഹ്വാവിജ്ഞാനം, കായവിജ്ഞാനം, മനോവിജ്ഞാനം എന്നിവ വിജ്ഞാനസ്കന്ധത്തിൽ ഉൾപ്പെടുന്നു. ഇന്ദ്രിയാനുഭവങ്ങളില്‍നിന്നു ലഭ്യമായ ബോധത്തെ വിവേചിച്ചറിയുന്നതാണ് വിജ്ഞാനം. മനസ്സും (ചിത്തം) അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും (ചൈത്തം) എന്നാണ് ഹ്യുവാന്‍ സാങ് അദ്ദേഹത്തിന്റെ വിജ്ഞാപ്തിമാത്രതാസിദ്ധിശാസ്ത്രം എന്ന കൃതിയില്‍ വിജ്ഞാനത്തെ വ്യാഖ്യാനിക്കുന്നത്.രൂപം ഒഴിച്ചുള്ള നാലു സ്കന്ധങ്ങളെയും ചേർത്ത് നാമം എന്നും വ്യവഹരിക്കാറുണ്ട്. അതായത് മനോവ്യാപാരങ്ങളെല്ലാം നാമം എന്ന വിഭാഗത്തിലും ഭൌതികാവസ്ഥകള്‍ രൂപം എന്ന വിഭാഗത്തിലും ഉള്‍പ്പെടുന്നു. ഇവയെല്ലാം ചേർത്ത് നാമ-രൂപം എന്നും പറയാറുണ്ട്. ഈ സ്കന്ധങ്ങളിലൊന്നും ആത്മാവ് എന്ന സാന്നിധ്യമില്ല.ആയതനങ്ങള്‍ആഗമനത്തെക്കുറിക്കുന്ന ആയം, വ്യാപനത്തെയും തിരോധാനത്തെയും സൂചിപ്പിക്കുന്ന തനം എന്നിവ ചേര്‍ന്നതാണ് ആയതനം എന്ന വാക്ക്. ബോധം സ്വരൂപിക്കപ്പെടുന്ന സ്ഥാനത്തെ അഥവാ മേഖലയെയും ഇന്ദ്രിയാനുഭവജ്ഞാനത്തിനുള്ള ശേഷിയെയുമാണ് ഇതു കുറിക്കുന്നത്. ആയതനത്തിന്‍റെ ധര്‍മ്മം സ്വതന്ത്രമല്ല. ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയവിഷയം, ബോധം എന്നിവയുടെ സംയോജനത്തെ ആശ്രയിച്ചാണ് അതു നില്ക്കുന്നത്. ഇന്ദ്രിയാനുഭവത്തിന്റെ പ്രവേശനസ്ഥാനവും ബോധത്തിന്റെ ആധാരസ്ഥാനവുമായി ആയതനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ദ്രിയങ്ങളോ ഇന്ദ്രിയവിഷയങ്ങളോ അല്ല, ഇന്ദ്രിയാനുഭവശേഷിയെ നിർണയിക്കുന്ന മേഖലയാണ് ആയതനം എന്ന് ഓർമ്മിക്കേണ്ടതുണ്ട്. കണ്ണ്, ചെവി, മൂക്ക്, നാക്ക്, കായം (ശരീരം), മനസ്സ് എന്നിവയിലൂടെയുള്ള അനുഭവത്തിനും ജ്ഞാനത്തിനും ആധാരമായി ആറ് ആയതനങ്ങള്‍ സങ്കല്പിക്കപ്പെടുന്നു. ചക്ഷുരായതനം, ശ്രോത്രായതനം, ഘ്രാണായതനം, ജിഹ്വായതനം, കായായതനം, മനോ ആയതനം എന്നിങ്ങനെ ആറെണ്ണമാണ് ഷഡായതനം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവ ആന്തരികമായ, ആഭ്യന്തരമായ ആയതനങ്ങളാണ്. ഓരോ ഇന്ദ്രിയത്തിനും വിഷയമായ വസ്തുക്കള്‍ക്കും ഇത്തരത്തില്‍ ആയതനങ്ങളുണ്ട്. ഓരോ ഇന്ദ്രിയത്തിനുമനുസരിച്ച് യഥാക്രമം രൂപായതനം, ശബ്ദായതനം, ഗന്ധായതനം, രസായതനം, സ്പർശായതനം (സ്പ്രഷ്ടവ്യായതനം), ധർമ്മായതനം എന്നിവയാണ് അത്തരത്തില്‍ ബാഹ്യമായ ആയതനങ്ങള്‍. അങ്ങനെ ആകെ പന്ത്രണ്ട് ആയതനങ്ങളാണുള്ളത്.പതിനെട്ടു ധാതുക്കള്‍അനുഭവങ്ങളുടെയും അറിവിന്റെയും അടിസ്ഥാനപരമായ മൂലകങ്ങളാണ് ധാതുക്കള്‍ എന്നറിയപ്പെടുന്നത്. ഇന്ദ്രിയവിഷയങ്ങള്‍, ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിജ്ഞാനം എന്നിവയ്ക്ക് ഇങ്ങനെ ധാതുക്കള്‍ കല്പിക്കപ്പെടുന്നു.ഇന്ദ്രിയവിഷയങ്ങളുമായി ബന്ധപ്പെട്ട രൂപധാതു, ശബ്ദധാതു, ഗന്ധധാതു, രസധാതു, സ്പർശധാതു (സ്പ്രഷ്ടവ്യധാതു), ധർമ്മധാതു എന്നിങ്ങനെ ആറെണ്ണവും ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ചക്ഷുർധാതു, ശ്രോത്രധാതു, ഘ്രാണധാതു, ജിഹ്വാധാതു, കായധാതു, മനോധാതു എന്നീ ആറെണ്ണവും ഇന്ദ്രിയവിജ്ഞാനവുമായി ബന്ധപ്പെട്ട ചക്ഷുർവിജ്ഞാനധാതു, ശ്രോത്രവിജ്ഞാനധാതു, ഘ്രാണവിജ്ഞാനധാതു, ജിഹ്വാവിജ്ഞാനധാതു, കായവിജ്ഞാനധാതു, മനോവിജ്ഞാനധാതു എന്നിവ ആറെണ്ണവും ചേർന്നതാണ് പതിനെട്ടു ധാതുക്കള്‍. പ്രപഞ്ചവുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും ഇങ്ങനെ സൂക്ഷ്മമായ ധാതുക്കളിലായി സംഗ്രഹിച്ചിരിക്കുന്നു.ഇത്തരത്തില്‍ പ്രപഞ്ചത്തിലെ പ്രതിഭാസങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും അറിവുകള്‍ക്കും ആധാരമായ ഘടകങ്ങള്‍ നിർണ്ണയിച്ചുകൊണ്ട് അനശ്വരമായ ആത്മാവ് എന്ന സങ്കല്പത്തെ നിഷേധിക്കുകയാണ് ബുദ്ധദർശനം. പ്രപഞ്ചവിധാതാവായി ഒരു ഈശ്വരനെയും ബുദ്ധമതം സങ്കല്പിക്കുന്നില്ല. മരണാനന്തരജീവിതം, സ്വർഗ്ഗനരകങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും ബുദ്ധന്റെ നിലപാട് ഇങ്ങനെതന്നെ. ഇത്തരം അതിഭൌതികമായ കാര്യങ്ങളില്‍ ഒരുതരം സന്ദേഹവാദമാണ് ബുദ്ധന്റേത് എന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിസഹം. പാലി സുത്തപിടകത്തിലെ ദീഘനികായത്തില്‍ ഉള്‍പ്പെടുന്ന ബ്രഹ്മജാലസൂത്രത്തില്‍ ഇന്ത്യയിലെ ഭിക്ഷുക്കളുടെ വിശ്വാസങ്ങളെപ്പറ്റി വിവരിക്കുന്ന ഒരു ഭാഗമുണ്ട്. അതില്‍ മരണാനന്തരജീവിതമുണ്ടോ എന്ന സംശയത്തിനു ബുദ്ധന്‍ പറയുന്ന മറുപടിയെ അടിസ്ഥാനമാക്കി, 1. അതുണ്ട്, 2. അതില്ല, 3. അതുണ്ട്, അതില്ല, 4. അതില്ല; അതില്ലായ്കയില്ല എന്നിങ്ങനെ നാല് സംശയങ്ങള്‍ (ചതുഷ്കോടി) അദ്ദേഹം പ്രകടിപ്പിച്ചതായി വ്യാഖ്യാനിക്കാറുണ്ട്. മനസ്സുകൊണ്ടോ ബുദ്ധികൊണ്ടോ മനസ്സിലാക്കാനാവാത്ത കാര്യങ്ങളില്‍ അദ്ദേഹം ഒരു സന്ദേഹവാദിയായി പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ പുനർജ്ജന്മത്തില്‍ ബുദ്ധമതം വിശ്വാസം പുലർത്തുകയും ചെയ്യുന്നു. ബുദ്ധദർശനത്തിലെ ഒരു പ്രധാനതത്ത്വമായ പ്രതീത്യസമുത്പാദത്തില്‍ കാര്യ-കാരണബന്ധത്തെ അടിസ്ഥാനമാക്കി ഇതിനുള്ള യുക്തി അവതരിപ്പിക്കുന്നു.പ്രതീത്യസമുത്പാദം“പ്രതീത്യസമുത്പാദം (പാലി ഭാഷയില്‍- പടിച്ചസമുപ്പാദം) അറിയുന്നയാള്‍ ധർമ്മത്തെ അറിയുന്നു, ധർമ്മത്തെ അറിയുന്നയാള്‍ പ്രതീത്യസമുത്പാദം അറിയുന്നു” എന്നു മജ്ജിമനികായത്തിലെ മഹാഹത്ഥിപദോപമസുത്തത്തില്‍ പറയുന്നതില്‍നിന്ന് ഈ തത്ത്വത്തിനുള്ള പ്രാധാന്യം മനസ്സിലാക്കാം. ഒന്നിനെ ആശ്രയിച്ച് (പ്രതീത്യ) മറ്റൊന്നുണ്ടാകുന്നു (സമുത്പാദം) എന്നതാണ് പ്രതീത്യസമുത്പാദത്തിന്റെ പ്രധാന ആശയം. ഒന്നിനോടുള്ള ഇച്ഛാപൂർണ്ണമായ ബന്ധം സമാനസ്വഭാവമുള്ള മറ്റൊന്നിന്റെ അസ്തിത്വത്തിലേക്കു നയിക്കുന്നു എന്നായാലേ അർത്ഥം പൂർണ്ണമാകൂ. പന്ത്രണ്ടു ധർമ്മങ്ങളുടെ (പ്രതിഭാസങ്ങളുടെ) കാര്യ-കാരണബന്ധത്തെ അടിസ്ഥാനമാക്കി ഒന്നു മറ്റൊന്നിനെ ആശ്രയിച്ച് ഉണ്ടാകുന്നതെങ്ങനെ എന്നു വിശദീകരിക്കുകയാണ് പ്രതീത്യസമുത്പാദത്തില്‍. ഈ പ്രതിഭാസങ്ങള്‍ തമ്മില്‍ ഒരു ശൃംഖലാബന്ധമാണ് സങ്കല്പിക്കപ്പെടുന്നത്. ഒന്നു നശിച്ച് മറ്റൊന്നുണ്ടാവുകയാണ് ഇവിടെ. അതായത് കാരണം നശിച്ച് കാര്യം ഉണ്ടാകുന്നു. ആ കാര്യം അടുത്തതിനു കാരണമായിത്തീരുന്നു. ഇവയില്‍ ഒന്നുണ്ടെങ്കില്‍ അടുത്തതുമുണ്ട്; അതില്ലെങ്കില്‍ അടുത്തതുമില്ല എന്ന യുക്തിയാണുള്ളത്. അവിദ്യ, സംസ്കാരം, വിജ്ഞാനം, നാമ-രൂപം, ഷഡായതനം, സ്പർശം, വേദന, തൃഷ്ണ, ഉപാദാനം, ഭവം, ജാതി, ജരാമരണം എന്നീ പന്ത്രണ്ടു ധർമ്മങ്ങളുടെ കാര്യ-കാരണബന്ധം, സംയുത്തനികായത്തിലെ പടിച്ചസമുപ്പാദസുത്തത്തിലെ വരികള്‍ക്കൊപ്പം താഴെ കൊടുക്കുന്നു:1-2. അവിദ്യയെ ആശ്രയിച്ചു സംസ്കാരം ഉണ്ടാകുന്നു. (അവിജ്ജാ പച്ചയാ സംഖാര)2-3. സംസ്കാരത്തെ ആശ്രയിച്ചു വിജ്ഞാനം ഉണ്ടാകുന്നു. (സംഖാര പച്ചയാ വിഞ്ഞാണം)3-4. വിജ്ഞാനത്തെ ആശ്രയിച്ചു നാമ-രൂപം ഉണ്ടാകുന്നു. (വിഞ്ഞാണ പച്ചയാ നാമ-രൂപം)4-5. നാമ-രൂപത്തെ ആശ്രയിച്ചു ഷഡായതനം ഉണ്ടാകുന്നു. (നാമ-രൂപ പച്ചയാ സലായതനം)5-6. ഷഡായതനത്തെ ആശ്രയിച്ചു സ്പർശം ഉണ്ടാകുന്നു. (സലായതന പച്ചയാ ഫസ്സോ)6-7. സ്പർശത്തെ ആശ്രയിച്ചു വേദന ഉണ്ടാകുന്നു. (ഫസ്സ പച്ചയാ വേദനാ)7-8. വേദനയെ ആശ്രയിച്ചു തൃഷ്ണ ഉണ്ടാകുന്നു. (വേദനാ പച്ചയാ തണ്ഹാ)8-9. തൃഷ്ണയെ ആശ്രയിച്ച് ഉപാദാനം ഉണ്ടാകുന്നു. (തണ്ഹാ പച്ചയാ ഉപാദാനം)9-10. ഉപാദാനത്തെ ആശ്രയിച്ചു ഭവം ഉണ്ടാകുന്നു. (ഉപാദാന പച്ചയാ ഭവോ)10-11. ഭവത്തെ ആശ്രയിച്ചു ജാതി ഉണ്ടാകുന്നു. (ഭവ പച്ചയാ ജാതി)11-12. ജാതിയെ ആശ്രയിച്ചു ജരാമരണം ഉണ്ടാകുന്നു. (ജാതി പച്ചയാ ജരാമരണം)(ഒന്നിനെ ആശ്രയിച്ചു മറ്റൊന്നുണ്ടാകുന്നു എന്ന് ഇവിടെ പറഞ്ഞതുപോലെ ഒന്നു കാരണമായി മറ്റൊന്നുണ്ടാകുന്നു, ഒന്നു മറ്റൊന്നിനെ നിർണ്ണയിക്കുന്നു, ഒന്നിനാല്‍ മറ്റൊന്നു നിബന്ധിക്കപ്പെടുന്നു എന്നിങ്ങനെ വ്യാഖ്യാനം പല വിധമുണ്ട്. അത്തരം വ്യാഖ്യാനങ്ങളും ഉള്ളില്‍ കരുതാവുന്നതാണ്)പ്രതീത്യസമുത്പാദത്തിന്റെ സാധാരണ ക്രമം (1-12) ആണിവിടെ സൂചിപ്പിച്ചത്. 7-8 മുതല്‍ 12 വരെയുള്ള ഭാഗം പ്രത്യേകമായി പറയുന്ന രീതിയുമുണ്ട്. കാര്യത്തില്‍നിന്നു കാരണത്തിലേക്ക് എന്ന രീതിയില്‍ (ഉദാഹരണം: ജരാമരണത്തിനു ജാതി കാരണമാകുന്നു) ഇതിന്റെ വിപരീതക്രമത്തിലും (12- 1) പ്രതീത്യസമുത്പാദം വിശദീകരിക്കാറുണ്ട്. ഇതേ വിപരീതക്രമത്തില്‍ 8 മുതല്‍ 1 വരെ ഭാഗങ്ങള്‍ എടുത്തുപറയുന്ന രീതിയും കാണാം. ഇതില്‍ ഓരോ ധർമ്മത്തിന്റെയും അർത്ഥം താഴെ കൊടുക്കുന്നു:1. അവിദ്യ (അവിജ്ജാ)– അനിത്യം, ദുഃഖം, അനാത്മം എന്നീ ലക്ഷണങ്ങളുള്ള അസ്തിത്വത്തിന്റെ അർത്ഥമോ നാല് ആര്യസത്യങ്ങളോ അറിയാതെ സുഖഭോഗങ്ങളില്‍ മുഴുകുന്ന അവസ്ഥയാണ് അവിദ്യ. അത് സംസ്കാരം എന്ന അടുത്ത പ്രതിഭാസത്തിനു കാരണമാകുന്നു.2. സംസ്കാരം (സംഖാര)– ശരീരം, വാക്ക്, മനസ്സ് എന്നിവയുടെ കർമ്മത്തില്‍ പ്രകടിപ്പിക്കപ്പെടുന്ന, ആരോഗ്യകരമോ അനാരോഗ്യകരമോ ആയ ഇച്ഛ(ചേതന)യാണ് സംസ്കാരം. (സംസ്കാരസ്കന്ധത്തെക്കുറിച്ചുള്ള വിശദീകരണം നോക്കുക) സംസ്കാരമാണ് വിജ്ഞാനത്തെ നിർണയിക്കുന്നത്.3. വിജ്ഞാനം (വിഞ്ഞാണം)– കർമ്മങ്ങളുടെ ഫല(വിപാകം)ത്തില്‍നിന്നുണ്ടാകുന്ന വിജ്ഞാനം (conscisouness) ആറു വിധം. (വിജ്ഞാനസ്കന്ധം നോക്കുക) ഭൂത-വർത്തമാന-ഭാവികാലങ്ങളിലുള്ള, ശാരീരികമോ മാനസികമോ ആയ, യഥാതഥമോ ഭാവനാത്മകമോ ആയ ഏതെങ്കിലും വസ്തുവിനെക്കുറിച്ചുള്ള ചിന്ത കർമ്മങ്ങള്‍ക്കു പിന്തുണയോ പ്രേരണയോ (ഉപനിസ്സയ- ഉപനിശ്രയം) ആയിത്തീരുന്നു. അങ്ങനെ ഉപനിശ്രയം കർമ്മങ്ങളെ നിർണ്ണയിക്കുന്നു. ഉപനിശ്രയങ്ങളാലും കർമ്മങ്ങളാലും നിർണ്ണയിക്കപ്പെട്ടതും പുനർജന്മത്തിനു കാരണമായതുമായ വിജ്ഞാനത്തെ ഥേരാവാദാ ബുദ്ധമതവിഭാഗക്കാർ, പ്രതിസന്ധി വിജ്ഞാനം (പടിസന്ധി വിഞ്ഞാണ) എന്നാണു പറയുന്നത്. ബുദ്ധമതത്തിലെ യോഗാചാരശാഖക്കാർ പുനർജന്മത്തിനു കാരണമായ വിജ്ഞാനത്തെ ആലയവിജ്ഞാനം എന്നു വിളിക്കുന്നു. വിജ്ഞാനമാണ് തുടർന്നുള്ള ജന്മത്തില്‍ മാതാവിന്റെ ഗർഭപാത്രത്തിലേക്കു സംക്രമിക്കുന്നത്.4. നാമ-രൂപം– വികാരങ്ങള്‍, ഇന്ദ്രിയാനുഭവങ്ങള്‍, ഇച്ഛകള്‍ എന്നിങ്ങനെയുള്ള മാനസികമായ ഘടകങ്ങളെ ചേർത്തു നാമം എന്നും ഭൌതികമായ എല്ലാറ്റിനെയും ചേർത്തു രൂപം എന്നും വിളിക്കുന്നു. അങ്ങനെ ഭൌതികവും മാനസികവുമായ അവസ്ഥകള്‍ ചേർന്നതാണ് നാമ-രൂപം. പൂർവ്വജന്മത്തില്‍നിന്നു സംക്രമിച്ച വിജ്ഞാനമാണ് നാമ-രൂപങ്ങളെ നിർണ്ണയിക്കുന്നത്.5. ഷഡായതനം (സലായതന)- ഇന്ദ്രിയങ്ങളുടെയും ഇന്ദ്രിയവിഷയങ്ങളുടെയും ആധാരസ്ഥാനങ്ങളാണ് ആയതനങ്ങള്‍. ആറ് ഇന്ദ്രിയങ്ങള്‍ക്കും അതതിന്റെ ആയതനങ്ങളുണ്ട്. അവയെ ചേർത്ത് ഷഡായതനം എന്നു വിളിക്കുന്നു. (ആയതനങ്ങള്‍ എന്ന ഭാഗം നോക്കുക) നാമരൂപങ്ങള്‍ ആയതനങ്ങളെ നിർണ്ണയിക്കുന്നു.6. സ്പർശം (ഫസ്സാ)– സ്പർശത്തെ സമ്പർക്കം എന്ന അർത്ഥത്തിലാണ് പൊതുവേ വ്യവഹരിക്കാറുള്ളത്. ആയതനങ്ങള്‍ അഥവാ ഇന്ദ്രിയജ്ഞാനമേഖലമളാണ് സ്പർശത്തെ നിർണ്ണയിക്കുന്നത്. അഞ്ച് ഇന്ദ്രിയങ്ങളില്‍ ഓരോന്നിനും വസ്തുവുമായി സമ്പർക്കമുണ്ടാകുന്നു. അതിന്റെ ഫലമായി ഇന്ദ്രിയാനുഭവങ്ങളുണ്ടാകുന്നു.7. വേദന– ഇന്ദ്രിയങ്ങള്‍ക്കു വസ്തുക്കളുമായുള്ള സമ്പർക്കത്തിലൂടെ വേദന (sensation) ഉണ്ടാകുന്നു. (വേദനാസ്കന്ധം നോക്കുക)8. തൃഷ്ണ (തണ്ഹാ)– സുഖവും ദുഃഖവും നല്കുന്ന വേദനകളാണ് തൃഷ്ണയ്ക്കുു കാരണമായിത്തീരുന്നത്. ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന വിഷയങ്ങളോടു തോന്നുന്ന ആഗ്രഹമോ ആസക്തിയോ ആണ് തൃഷ്ണ. ഇന്ദ്രിയവിഷയങ്ങള്‍ക്കനുസരിച്ച് അവയും ആറു തരത്തിലുണ്ട്. ഇന്ദ്രിയസുഖങ്ങളോടുള്ള തൃഷ്ണയെ കാമതൃഷ്ണ എന്നു വിളിക്കുന്നു. വൈയക്തികമായ അസ്തിത്വത്തെ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്ന മറ്റൊരു തരം തൃഷ്ണയുമുണ്ട്. അതാണു വിഭവതൃഷ്ണ. വേദനാജനകമായ വികാരങ്ങളും തൃഷ്ണയ്ക്കു കാരണമാവാം.സുഖത്തോടുള്ള തൃഷ്ണയാണല്ലോ അതിലും അടങ്ങിയിരിക്കുന്നത്. തൃഷ്ണയ്ക്ക് ബുദ്ധദർശനത്തില്‍ വലിയ പ്രാധാന്യമുണ്ട്. പ്രപഞ്ചവസ്തുക്കളെല്ലാം അനിത്യമായതുകൊണ്ട് അവയെ അടിസ്ഥാനമാക്കുന്ന തൃഷ്ണ ദുഃഖകാരണമായിത്തീരുന്നു. തൃഷ്ണയാണ് ഉപാദാനത്തിനു കാരണമായിത്തീരുന്നത്.9. ഉപാദാനം– തൃഷ്ണയുടെ ഫലമായി പ്രപഞ്ചവിഷയങ്ങളോടു ബന്ധനം സംഭവിക്കുന്നു. ഇന്ദ്രിയാനുഭവങ്ങളുടെ ഫലമായി പ്രപഞ്ചവസ്തുക്കളോടുണ്ടാകുന്ന ബന്ധനം, ലോകവും ആത്മാവും മറ്റും അനശ്വരമാണെന്ന വിശ്വാസത്തില്‍നിന്നുണ്ടാവുന്ന ബന്ധനം, ആചാരാനുഷ്ഠാനങ്ങള്‍ മുക്തി നല്കുമെന്ന വിശ്വാസത്തില്‍നിന്നുണ്ടാകുന്ന ബന്ധനം, ആത്മാവില്ലാത്ത വസ്തുക്കളുമായുള്ള താദാത്മീകരണത്തില്‍നിന്നുണ്ടാകുന്ന ബന്ധനം എന്നിങ്ങനെ ഉപാദാനം നാലു വിധത്തിലുണ്ട്. ഉപാദാനമാണ് ഭവത്തെ നിർണ്ണയിക്കുന്നത്.10. ഭവം– പരിണാമപ്രക്രിയയാണ് ഭവം. ഇതു രണ്ടു തരത്തിലുണ്ട്. ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തില്‍ അസ്തിത്വത്തിന്റെ സകർമ്മകമായ വശമാണ്, അഥവാ കർമ്മപരിണാമമാണ് കർമ്മഭവം. കർമ്മഫലമെന്ന നിലയില്‍ പുനർജന്മത്തിനു കാരണമാകുന്ന, അസ്തിത്വത്തിന്റെ അകർമ്മകമായ പരിണാമമാണ് ഉത്പത്തിഭവം.11. ജാതി– ജനനമാണ് ജാതി. അതായത് ഭവത്തിന്റെ ഫലമായി പുനർജ്ജനിക്കുന്നതിനെയാണ് ഇവിടെ ജാതി എന്നു വിവക്ഷിക്കുന്നത്. അഞ്ചു സ്കന്ധങ്ങളുടെ പ്രകാശനമെന്ന നിലയിലാണ് ഒരാള്‍ ജനിക്കുന്നത്.12. ജരാമരണം– ജനനഫലമായി ഒരാള്‍ വൃദ്ധനാവുകയും മരിക്കുകയും ചെയ്യുന്നു. അങ്ങനെ ജാതി, ജരാമരണത്തിനു കാരണമായിത്തീരുന്നു.ജരാമരണത്തിനു കാരണം ജാതിയും ജാതിക്കു കാരണം ഭവവും ഭവത്തിനു കാരണം ഉപാദാനവും ഉപാദാനത്തിനു കാരണം തൃഷ്ണയും തൃഷ്ണയ്ക്കു കാരണം വേദനയും വേദനയ്ക്കു കാരണം സ്പർശവും സ്പർശത്തിനു കാരണം ഷഡായതനവും ഷഡായതനത്തിനു കാരണം നാമ-രൂപവും നാമ-രൂപത്തിനു കാരണം വിജ്ഞാനവും വിജ്ഞാനത്തിനു കാരണം സംസ്കാരവും സംസ്കാരത്തിനു കാരണം അവിദ്യയുമാണ് എന്നിങ്ങനെ ഈ ശൃംഖലാബന്ധത്തെ വിപരീതക്രമത്തിലും മനസ്സിലാക്കാം. ഇവയില്‍ അവിദ്യയെ ഇല്ലായ്മ ചെയ്താല്‍ തുടർന്നുള്ളതെല്ലാം ഇല്ലാതാവുന്നു. അത്തരത്തില്‍ ഏതൊന്നില്ലാതായാലും കാര്യകാരണബന്ധത്തിലൂന്നിയ ഈ ശൃംഖലാബന്ധം മുറിഞ്ഞുപോകുന്നു. അങ്ങനെ പുനർജന്മത്തില്‍നിന്നു മുക്തി നേടാം എന്നതാണ് പ്രതീത്യസമുത്പാദത്തിന്റെ അടിസ്ഥാനപരമായ ആശയം.നാല് ആര്യസത്യങ്ങള്‍ (Four Noble Truths)ബുദ്ധദർശനത്തിന്റെ ആധാരംതന്നെ നാല് ആര്യസത്യങ്ങളാണ് എന്നു പറയാറുണ്ട്. ത്രിലക്ഷണങ്ങളിലൊന്നായ ദുഃഖത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ തത്ത്വം വിശദീകരിക്കുന്നത്. ദുഃഖം, ദുഃഖകാരണം (സമുദയം), ദുഃഖനിരോധം, ദുഃഖനിരോധമാർഗ്ഗം എന്നിവയാണ് ആര്യസത്യങ്ങള്‍. ദുഃഖം നിലനില്ക്കുന്നു എന്ന സത്യമാണ് ആര്യസത്യങ്ങളില്‍ ആദ്യത്തേതായ ദുഃഖം. ദുഃഖത്തിന് അതിന്റെ പ്രസിദ്ധമായ അർത്ഥത്തിനൊപ്പംതന്നെ പീഡ, ദുരിതം, അതൃപ്തി എന്നിങ്ങനെയും അർത്ഥങ്ങളുണ്ട്. ദുഃഖത്തിന്റെ കലർപ്പില്ലാത്ത കേവലസുഖം ഈ പ്രപഞ്ചത്തിലില്ല. അനിത്യമായ സുഖം നഷ്ടപ്പെടുമെന്ന ആധി അതിനെയും ദുഃഖമാക്കിത്തീർക്കുന്നു. രണ്ടാമത്തേത് ദുഃഖകാരണം അഥവാ ദുഃഖസമുദയമാണ്. ദുഃഖത്തിനു കാരണമുണ്ട് എന്ന സത്യമാണിത്. ദുഃഖം എന്തില്‍നിന്നുണ്ടാകുന്നു എന്നതാണ് ഇതിലൂടെ അന്വേഷിക്കുന്നത്. പ്രപഞ്ചം അനിത്യവും അനാത്മവുമാണ്. അനിത്യമായ വസ്തുക്കളോട് തൃഷ്ണയും അതിന്റെ ഫലമായി ബന്ധനവും (ഉപാദാനം) സംഭവിക്കുമ്പോള്‍ ദുഃഖമുണ്ടാകുന്നു. ഓരോ ജന്മത്തിനുമൊപ്പം അതിന്റെ ഭാഗമായി തൃഷ്ണയും സംസാരബന്ധനവുമുണ്ടാകുന്നു. ഇത്തരത്തില്‍ പ്രതീത്യസമുത്പാദത്തില്‍ പ്രധാനമായി വിവരിക്കുന്ന കാര്യ-കാരണബന്ധം പുനർജന്മത്തിലേക്കും ഒപ്പം ദുഃഖത്തിലേക്കും നയിക്കുന്നു. മൂന്നാമത്തേതാണ് ദുഃഖനിരോധം. ദുഃഖത്തെ ഇല്ലാതാക്കാം എന്ന സത്യമാണിത്. പുനർജന്മത്തിനും തൃഷ്ണയ്ക്കും അടിസ്ഥാനമായ ശൃംഖലാബന്ധത്തിലെ ഘടകങ്ങളില്‍ ഒന്നില്ലാതായാല്‍ അടുത്തതും ഇല്ലാതാകുന്നു. അവിദ്യയെയും തൃഷ്ണയെയും തടയുകയും ഇല്ലാതാക്കുകയും ചെയ്താല്‍ ദുഃഖനിരോധം സാധിക്കാം. പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വഭാവമായ അനിത്യതയെയും സംസാരബന്ധത്തെ നിർണയിക്കുന്ന ഘടകങ്ങളെയും ഇതിനായി തിരിച്ചറിയേണ്ടുണ്ട്. നിർവാണം നേടുന്നതിലൂടെയാണ് അതു സാധ്യമാവുന്നത്. ദുഃഖനിരോധത്തിനു മാർഗ്ഗമുണ്ട് എന്നതാണ് നാലാമത്തെ ആര്യസത്യം. നിർവ്വാണം നേടാനായി ധ്യാനവും സ്മൃതി(മനോനിയന്ത്രണം)യുമാണ് പ്രധാനം. ദുഃഖനിവാരണത്തിനുള്ള ഉപായമായാണ് അഷ്ടാംഗമാർഗ്ഗം കല്പിക്കപ്പെട്ടിരിക്കുന്നത്. അഷ്ടാംഗമാർഗ്ഗമുള്‍പ്പെടെ നിർവാണത്തിനുതകുന്ന വിവിധ ധർമ്മങ്ങളെപ്പറ്റി വിപുലമായ വിചാരങ്ങളും ബുദ്ധമതത്തിലുണ്ട്. ബോധിപക്ഷധർമ്മം (ബോധിപക്ഖീയധമ്മാ) അത്തരം ധർമ്മങ്ങള്‍ ചേർന്നതാണ്. ഥേരാവാദികളും മഹായാനക്കാരും ഒരുപോലെ ഇതിനെ അംഗീകരിക്കുന്നു. ബോധി (നിർവാണം) നേടാനുതകുന്ന ആകെ മുപ്പത്തിയേഴു ധർമ്മങ്ങളെ ഏഴു വിഭാഗങ്ങളായി അടുക്കിയിരിക്കുന്നു.ബോധിപക്ഷധർമ്മംമജ്ജിമനികായത്തിലെ സാമഗാമസുത്തം, കിംതിസുത്തം എന്നിവയില്‍, താന്‍ നേരിട്ടറിഞ്ഞ കാര്യങ്ങളാണ് ബോധിപക്ഷധർമ്മത്തിലുള്ളതെന്നു ബുദ്ധന്‍ പറയുന്നുണ്ട്. മാത്രമല്ല, പരിനിർവാണത്തിനു മുമ്പ് ബുദ്ധന്‍ തന്റെ അനുയായികളോട് ബോധിപക്ഷധർമ്മം പരിശീലിക്കാനും വികസിപ്പിക്കാനും പറയുന്നതായി ദീഘനികായത്തിലും കാണാം. അതുകൊണ്ടുതന്നെ ബുദ്ധധർമ്മത്തില്‍ ഇതിനു സവിശേഷമായ സ്ഥാനമുണ്ട്. ബോധിപക്ഷധർമ്മത്തിന്റെ ഏഴു വിഭാഗങ്ങള്‍ താഴെക്കൊടുക്കുന്നു:1. നാല് സ്മൃത്യുപസ്ഥാനങ്ങള്‍സൂക്ഷ്മതയെ ഉണർത്തുന്ന ഘടകങ്ങളാണിവ.1. കായാനുപസ്ഥാനം- ശരീരത്തിന്റെ കാര്യത്തിലുള്ള സൂക്ഷ്മത. 2. വേദനാനുപസ്ഥാനം- വേദനകളി (feelings)ലുള്ള സൂക്ഷ്മത. 3. ചിത്താനുപസ്ഥാനം- മനോനിലകളിലുള്ള സൂക്ഷ്മത. 4. ധർമ്മാനുപസ്ഥാനം- മനോഗുണങ്ങളിലുള്ള സൂക്ഷ്മത.2. നാല് സമ്യക് പ്രധാനങ്ങള്‍ശരിയായ പ്രയത്നങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. 1. സംവരപ്രധാനം (ഇന്ദ്രിയനിയന്ത്രണം). 2. പ്രഹനപ്രധാനം (ക്ലേശനിർമ്മാർജ്ജനം). 3. ഭാവനാപ്രധാനം (സ്മതി, ധർമ്മപ്രവിചയം, വീര്യം, പ്രീതി, പ്രശ്രബ്ധി, സമാധി, ഉപേക്ഷ എന്നിങ്ങനെ ഉദ്ബുദ്ധതയ്ക്കുതകുന്ന ഏഴു ഘടകങ്ങളുടെ പരിപോഷണം). 4. അനുരക്ഷണപ്രധാനം (ഏകാഗ്രതയുടെ സംരക്ഷണം).3. നാല് ഋദ്ധിപാദങ്ങള്‍ഇന്ദ്രിയാതീതമായ ശക്തി നേടുന്നതിനുള്ള അടിസ്ഥാനഘടകങ്ങളാണിവ. 1. ഛന്ദസ്സ് (ഉദ്ദേശ്യം അഥവാ താത്പര്യം). 2. വീര്യം (സിദ്ധി നേടാനുള്ള ഉത്സാഹം). 3. ചിത്തം (ബോധം). 4. മീമാംസ (വിശകലനശേഷി)4. പഞ്ചേന്ദ്രിയങ്ങള്‍സാത്വികമായ ശേഷിയെ ആണ് ഇവിടെ ഇന്ദ്രിയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവ അഞ്ചെണ്ണം. 1. ശ്രദ്ധ (വിശ്വാസം) 2. വീര്യം (ഊർജ്ജം) 3. സ്മൃതി (സൂക്ഷ്മത). 4. സമാധി. 5. പ്രജ്ഞ5. പഞ്ചബലങ്ങള്‍ധ്യാനത്തിലേർപ്പെടുന്നയാള്‍ നേടുന്ന ബലങ്ങളാണിവ. ഇവ അഞ്ചെണ്ണമുണ്ട്. 1. ശ്രദ്ധ (വിശ്വാസം) 2. വീര്യം (ഊർജ്ജം) 3. സ്മൃതി (സൂക്ഷ്മത). 4. സമാധി. 5. പ്രജ്ഞ6. സപ്തബോധ്യംഗംഉദ്ബുദ്ധതയ്ക്കുതകുന്ന ഏഴു ഘടകങ്ങളാണിവ. സ്മൃതി (യാഥാർത്ഥ്യത്തെക്കുറിച്ചുള്ള സൂക്ഷ്മത), ധർമ്മപ്രവിചയം (യാഥാർത്ഥ്യത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അന്വേഷണം), വീര്യം (പ്രയത്നം), പ്രീതി (ആനന്ദം), പ്രശ്രബ്ധി (ശരീരത്തിന്റെയും ചിത്തത്തിന്റെയും പ്രശാന്തത), സമാധി (വ്യക്തമായ അവബോധം), ഉപേക്ഷ(തൃഷ്ണയോ ജുഗുപ്സയോ ഇല്ലാതെ യാഥാർത്ഥ്യത്തെ അതായിത്തന്നെ അംഗീകരിക്കാനുള്ള സന്നദ്ധത)7. അഷ്ടാംഗമാർഗ്ഗം 1. സമ്യക് ദൃഷ്ടിശരിയായ കാഴ്ചയാണ് സമ്യക് ദൃഷ്ടി. തൃഷ്ണയുടെ ഫലമായാണ് ദുഃഖമുണ്ടാകുന്നതെന്നും അതാണു പുനർജന്മത്തിനു കാരണമാകുന്നതെന്നും സത്യത്തിലൂടെയും സമത്വത്തിലൂടെയും സദാചാരത്തിലൂടെയും ദുഃഖത്തെ നശിപ്പിച്ച് ശാന്തിയും സമാധാനവും കൈവരിക്കാമെന്നുമുള്ള അറിവാണ് സമ്യക് ദൃഷ്ടി എന്നതിലൂടെ അർത്ഥമാക്കുന്നത്.2. സമ്യക് സങ്കല്പംശരിയായ ഉദ്ദേശ്യം അഥവാ ലക്ഷ്യമാണിത്. കാമം, ക്രോധം, ലോഭം, മോഹം തുടങ്ങിയവ മനസ്സിലുണ്ടാകാതെ സ്നേഹവും സാഹോദര്യവും നേടാനായി ശരിയായ സങ്കല്പം ആവശ്യമാണ്. ഗാർഹസ്ഥ്യജീവിതം വെടിഞ്ഞ് ഭിക്ഷുവാകുന്നതും സമ്യക് സങ്കല്പം നേടുന്നതിനായാണ്. അനിത്യം, ദുഃഖം, അനാത്മം എന്നിവ(ത്രിലക്ഷണ)യെപ്പറ്റി വിചാരം ചെയ്ത്, ദുസ്സങ്കല്പങ്ങളെ അകറ്റി സമ്യക് സങ്കല്പത്തെ വളർത്തിയെടുക്കേണ്ടതുണ്ട്.3. സമ്യക് വാക്യംശരിയായ വാക്യം അഥവാ ശരിയായ ഭാഷയാണ് സമ്യക് വാക്യം. നുണയും പരുഷവാക്കുകളും മറ്റുള്ളവരുടെ സൌഹൃദത്തെ തകർക്കുന്ന ഏഷണികളും മറ്റും പറയാതെ സ്നേഹവും സാഹോദര്യവും പുലർത്തുന്ന രീതിയില്‍ സംസാരിക്കുന്നതാണ് സമ്യക് വാക്യം. ആവശ്യമില്ലാതെ സംസാരിക്കാതിരിക്കുകയും ആവശ്യമുള്ളിടത്തു മിതമായി സംസാരിക്കുകയും ചെയ്യുക എന്നതും പ്രധാനമാണ്.4. സമ്യക് കർമ്മംശരിയായ പ്രവൃത്തിയാണ് സമ്യക് കർമ്മം. ഹിംസ, മോഷണം, കാമപ്രേരിതമായ ദുഷ്പ്രവൃത്തികള്‍ എന്നിങ്ങനെയുള്ള കർമ്മങ്ങൾ ചെയ്യാതെ സത്കർമ്മങ്ങള്‍ ചെയ്യുക എന്നതാണ് സമ്യക് കർമ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.5. സമ്യക് ആജീവംശരിയായ ജീവിതവൃത്തിയില്‍ അഥവാ തൊഴിലില്‍ ഏർപ്പെടുന്നതാണ് സമ്യക് ആജീവം. ആയുധങ്ങളും ലഹരിവസ്തുക്കളും വില്ക്കുക തുടങ്ങി മറ്റുള്ളവർക്കു ദ്രോഹമുണ്ടാക്കുന്ന തൊഴിലുകള്‍ ചെയ്യാതെ, അന്യർക്കുകൂടി ഉപകാരപ്രദമായ ജീവിതവൃത്തിയില്‍ ഏർപ്പെടുകയാണു വേണ്ടത്.6. സമ്യക് വ്യായാമംശരിയായ വ്യായാമമാണ് സമ്യക് വ്യായാമം. ഇവിടെ മാനസികമായ വ്യായാമങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അനാരോഗ്യകരമായ മനോവിചാരങ്ങള്‍ ഉണ്ടാവാന്‍ ഇട നല്കാതിരിക്കുക, അത്തരത്തിലുള്ള മനോവികാരങ്ങള്‍ ഒഴിവാക്കുക, ആരോഗ്യകരമായ വിചാരങ്ങള്‍ക്ക് ഇടം നല്കുക, അത്തരത്തിലുള്ള മനോവികാരങ്ങള്‍ പോഷിപ്പിക്കുക എന്നിവയിലൂടെയാണ് സമ്യക് വ്യായാമം ശീലിക്കേണ്ടത്.7. സമ്യക് സ്മൃതിശരിയായ സ്മൃതിയാണിത്. ഇവിടെ സ്മൃതി എന്നതിന് വിശ്വാസം, ജാഗ്രത തുടങ്ങിയ അർത്ഥങ്ങള്‍കൂടിയുണ്ട്. ബുദ്ധോപദേശങ്ങളായ ധർമ്മങ്ങളില്‍ വിശ്വസിക്കുക എന്നതിനൊപ്പം ശരീരത്തെയും ചിത്തത്തെയും മലിനമാക്കുന്ന വികാരങ്ങളില്‍നിന്നൊഴിഞ്ഞു നില്ക്കണമെങ്കില്‍ സ്വന്തം മനോവ്യാപാരങ്ങളെ സശ്രദ്ധം നിരീക്ഷിക്കണം. സംസാരദുഃഖമുളവാക്കുന്ന ബന്ധനങ്ങളെക്കുറിച്ചും അവയെ ഇല്ലാതാക്കാനുള്ള വഴികളെക്കുറിച്ചും ആലോചിക്കുന്നത് സമ്യക് സ്മൃതിയില്‍പ്പെടുന്നു.8. സമ്യക് സമാധിശരിയായ സമാധി എന്നാല്‍ ധ്യാനത്തിലൂടെ ചിത്തത്തെ ഏകാഗ്രമാക്കി പ്രശാന്തതയെ പ്രാപിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. തന്റെ ശരീരം, മൃതദേഹം തുടങ്ങിയ വസ്തുക്കള്‍, മൈത്രിയും കരുണയും പോലുള്ള മനോഭാവങ്ങള്‍ എന്നിങ്ങനെയുള്ള ഏതെങ്കിലുമൊന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏകാഗ്രത. ധ്യാനത്തിന്റെ പല ഘട്ടങ്ങളും ഇതില്‍ പ്രധാനമാണ്. അത്തരത്തില്‍ സുഖ-ദുഃഖങ്ങള്‍ ബാധിക്കാത്ത നിലയിലെത്തുന്നതാണ് ഇതിന്റെ പരിണതി.ഇത്തരത്തില്‍ ഓരോ സങ്കല്പനത്തിനും വിഭാഗങ്ങളും ഉപവിഭാഗങ്ങളും കല്പിച്ച് ധർമ്മങ്ങളുടെ ഒരു വിപുലസഞ്ചയംതന്നെ ബുദ്ധദർശനത്തിന്റെ ഭാഗമായി രൂപപ്പെട്ടിട്ടുണ്ട്. പില്ക്കാലത്ത് ബുദ്ധമതത്തിലെ പല വിഭാഗങ്ങള്‍ ഇവയെ അവരവരുടെ കാഴ്ചപ്പാടിനനുസരിച്ചു വ്യാഖ്യാനിക്കുകയും വീണ്ടും ഉപവിഭാഗങ്ങള്‍ കല്പിക്കുകയും ചെയ്യുന്നതു കാണാം. ഈ വ്യാഖ്യാനഭേദങ്ങളിലൂടെ വിപുലവും സങ്കീർണവുമായ പല തത്ത്വചിന്താപരിസരങ്ങള്‍ രൂപപ്പെടുന്നതാണ് ബുദ്ധദർശനത്തിന്റെ പില്ക്കാലചരിത്രം.
Be the first to write a comment.