സംഗീതത്തെക്കുറിച്ചുള്ള അനേകം നിരീക്ഷണങ്ങളുള്ളതിൽ വ്യത്യസ്തവും കൗതുകകരവുമായ ഒന്ന് ശെമ്മാങ്കുടി ശ്രീനിവാസയ്യരുടേതാണ്. ‘Reshaping Art’ എന്ന പുസ്തകത്തിൽ ടി എം കൃഷ്ണ തൻ്റെ ഗുരുനാഥൻ എപ്പോഴും പറയാറുണ്ടായിരുന്ന ആ വാക്കുകൾ ഓർക്കുന്നുണ്ട് –“മനസ്സിൽ വയ്ക്കേണ്ട ഒരു കാര്യമുണ്ട് – സംഗീതം ഒരു ആവശ്യകതയല്ല, അതൊരു ആർഭാടമാണ്“ (Remember, music is not a necessity, it is a luxury). സംഗീതമില്ലെങ്കിൽ ജീവിതം ഒരു തെറ്റാണെന്ന നീത്ചെയിൽ തുടങ്ങുന്ന, ആത്മാവിൻ്റെ ഭക്ഷണമാണെന്നുമെല്ലാമുള്ള, ഹൃദയം കൊണ്ട് നാം കേൾക്കുകയും മനസ്സുകളിലും ഭാവുകത്വങ്ങളിലുമായി കുറിച്ചിട്ട് സ്വാഭാവികബോധത്തിൻ്റെ ഭാഗവുമായി മാറിയ, സംഗീതത്തെക്കുറിച്ചുള്ള നിർവചനങ്ങളെയെല്ലാം തകിടം മറിക്കുന്ന ഒന്ന് ആ വാചകത്തിലുണ്ട്. അതൊരു ഗുരു തൻ്റെ പിൻഗാമിക്ക് കൈമാറുന്ന രഹസ്യമന്ത്രത്തകിടാണ്. അനേകം സംഗീതസദസ്സുകളിൽ അകെ മുങ്ങി നനഞ്ഞ ഒരു സംഗീതജ്ഞൻ ആ ലോകത്തെക്കുറിച്ച് തൻ്റെ ശിഷ്യനായ ഒരാൾക്ക് ചൊല്ലിക്കൊടുക്കുന്ന സംഗീതരഹസ്യം. ബോബ് മാർലി പറയുന്നതുപോലെ മഴ വെറുതേ നനയുന്നവരും അത് അനുഭവിക്കുന്നവരും തമ്മിലുള്ള ബോധവ്യത്യാസത്തിൽ നിന്നുമാണത്, ഒരു പടി കൂടിപോയാൽ മഴ അനുഭവിക്കുന്നവരിലും ഉപരി മേഘങ്ങളെ ക്ഷണിച്ചുവരുത്തുകയും ആ മഴ പെയ്യിക്കുകയും ചെയ്യിക്കുന്നവർക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഒരറിവാണത്. ശെമ്മാങ്കുടി പറയുന്നത് ഇതാണ് – പാട്ടുകാരായ നിങ്ങൾ നിങ്ങളുടെ സംഗീതം കേൾക്കുന്ന കേൾവിക്കാരോട് എല്ലായ്പ്പോഴും കടപ്പെട്ടിരിക്കണം. എപ്പോഴും അവരോട് നന്ദിയുണ്ടായിരിക്കണം, അങ്ങേയറ്റം ശ്രദ്ധയോടെയും ബഹുമാനത്തോടെയും വേണം അവർക്കായി പാടേണ്ടത് –ഒഴിച്ചുകൂടാൻ കഴിയാത്തവരേയല്ല നിങ്ങൾ, ഏത് സമയത്തും നിങ്ങളെ അവർക്ക് കൈയ്യൊഴിയാവുന്നതേയുള്ളൂ.
ഒരിക്കലും കൈയ്യൊഴിയാതെ പലതലമുറ ഇന്ത്യൻ കേൾവിലോകം ലതയുടെ പാടലിനെ തങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കി ചേർത്തുപിടിച്ച് വച്ചത് അവരുടെ എല്ലാ പ്രതിഭയ്ക്കുമപ്പുറം, ശെമ്മാങ്കുടി പറഞ്ഞ, കേൾവിക്കാരോടുള്ള വലിയ ആദരവും ബഹുമാനവും അതിൽ നിന്നും വരുന്ന ശ്രദ്ധയുമെന്ന, ലത ഉൾക്കൊണ്ട ആ ബോധം കൊണ്ടാണ്. പോയ നൂറ്റാണ്ടുകളൊന്നും ഒരിക്കലും കണ്ടിട്ടില്ലാത്ത ആവേഗങ്ങളും തലമുറമാറ്റങ്ങളും നിറഞ്ഞ ഒരു കാലഘട്ടത്തിൻ്റെ എട്ട് പതിറ്റാണ്ടാണ് (!) ലത മങ്കേഷ്കർ ഇന്ത്യൻ കേൾവിക്കാരുടെ ലോകത്തെ മധുരശബ്ദമായി നിറഞ്ഞുനിന്നത്. മാറ്റങ്ങളില്ലാത്തത് മാറ്റത്തിനു മാത്രമാണെന്നോർത്താൽ ആ മാറ്റങ്ങളുമാണ് ലത.
അനന്ദകൂമാരസാമി “ഇന്ത്യൻ സംഗീതം‘ എന്ന തൻ്റെ പഠനത്തിൽ പറയുന്ന രാജകീയരക്ഷകർതൃത്വങ്ങളുടെ വളരെ ചെറിയ ലോകങ്ങളിൽ നിന്നും പിന്നീട് ശാസ്ത്രീയരായ കേൾവിക്കാരുടെ കുലീനസദസ്സുകളിലേയ്ക്കും അവിടെ നിന്നും കേൾവിയുടെ വിശാലമായ സമൂഹത്തിലേക്കുമുള്ള ഇന്ത്യൻ സംഗീതത്തിൻ്റെ സഞ്ചാരം ശെമ്മാങ്കുടിയുടെ പറച്ചിലിലുണ്ട്. സംഗീതത്തിൻ്റെ ആ ജനാധിപത്യയാത്രയുടെ വലിയ സ്റ്റേജാണ് സിനിമാസംഗീതത്തിൻ്റേത്. എന്നാൽ സിനിമാസംഗീതത്തിൻ്റെ കേൾവിലോകം സംഗീതജ്ഞാനം കുറഞ്ഞവരുടേതാണെന്ന നിഗമനം അബദ്ധമാകും. രാജസദസ്സുകളുടെ പുറത്ത്, തങ്ങൾ വന്ന വഴിയിലെ കഥകളെല്ലാം പാട്ടുകളായി പാടിവച്ച് തലമുറകളിലേക്ക് പകർന്ന നാടോടിസംഗീതത്തിൻ്റെ നോവും നനവും മന്ദഹാസങ്ങളുമെല്ലാം സമ്പന്നരാക്കിയ കേൾവിക്കാരാണ് ആ കേൾവിലോകം നിറയെ. മലകളുടെ മുഴക്കം പോലെ പ്രതിധ്വനിക്കുന്ന, കുന്ന് കയറുന്ന, പർവ്വതഗോത്രങ്ങളുടെ പഹാഡി കൊണ്ടും അലഞ്ഞുതിരിയുന്ന സന്യാസജീവിതങ്ങളുടെ വലിയ യാത്രകളുറങ്ങുന്ന ജോഗ് കൊണ്ടും ഞാറ്റുപാട്ടുകൾ കൊണ്ടുമെല്ലാം നീണ്ട പാത. ആ പാതയുടെ പാട്ടുകാരായ കേൾവിക്കാർ. അതുകൊണ്ട്, പാട്ടു പാടുന്നയാളേ മാറുന്നുള്ളൂ, മാറേണ്ടതുള്ളൂ, സ്വയം പുതുക്കേണ്ടതുള്ളൂ –ജീവസംഗീതം കൊണ്ട് സമ്പന്നരായ കേൾവിക്കാർ അനുഭവലോകം കൊണ്ട് കൂടുതൽ സമ്പന്നരായി അവിടെ തുടരുകയാണ്. ഇന്ത്യൻ സംഗീതമെന്ന് ഇവിടെ വിവക്ഷിക്കുന്നത് യൂറോപ്യൻ സംഗീതത്തിൽ നിന്നും വ്യതിരിക്തമായ, ഉപഭൂഖണ്ഡത്തിൻ്റെ വിശാലമായ സംഗീതസ്വഭാവങ്ങളെയാണ്.
കാലഘട്ടത്തിലെ പാട്ടുലോകത്തെ ഏറ്റവും നല്ല ശബ്ദത്തിൻ്റെ ഉടമയായിരിക്കുമ്പോഴും ആ ശബ്ദത്തിൻ്റെ ആഴം കൊണ്ടും സഞ്ചാരം കൊണ്ടും ലത വിശാലവും സമ്പന്നവുമായ ഇന്ത്യൻ കേൾവിക്കാരുടെ അനുഭവലോകത്തെയാകെ ഉൾക്കൊണ്ടു എന്നതാണ് കൂടുതൽ പ്രധാനം. ശബ്ദത്തിലുപരി പാട്ടിനെ ശ്രദ്ധിക്കുന്ന ഒരു വലിയ സമൂഹത്തിൻ്റെ മോഹങ്ങളെയും മോഹഭംഗങ്ങളെയുമെല്ലാം അങ്ങനെ പ്രതിഫലിപ്പിക്കുന്നതിനാലുമാണ് ലത റാഫിയെയും മറ്റും പോലെ കാലഘട്ടത്തിൻ്റെ പാട്ടുകാരിയാകുന്നത്. വിശാലമായ ആ ലോകത്തിൻ്റെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടുകഴിയുന്നതുകൊണ്ടാണ് “ലതാജിയാണ് പാടുന്നതെങ്കിൽ എനിക്ക് അഭിനയിക്കേണ്ടതുകൂടിയില്ല“ എന്ന് മീനാകുമാരിയെപ്പോലെ കവിയായ ഒരു അഭിനേതാവ് പറയുന്നത്.
എന്തുകൊണ്ടായിരിക്കാം മീനാകുമാരി അങ്ങനെ പറയുന്നത് എന്ന ചോദ്യത്തിന് സാക്കിർ ഹുസൈൻ എന്ന സംഗീതത്തിലെ ജനാധിപത്യവാദി, തബല മാന്ത്രികൻ, പറയുന്ന ഉത്തരം ലതയിലുപരി വഴങ്ങലുകൾക്കിടയിലും സിനിമാസംഗീതം കാട്ടുന്ന, ശുദ്ധസംഗീതജ്ഞരിലെ യാഥാസ്ഥിതികർ നിരാകരിക്കുന്ന, മികവിനെയും കൂടി കണ്ടെടുക്കുന്നുണ്ട്. മീനാകുമാരി അഭിനയിക്കുന്നതിനു മുൻപേ തന്നെ ലതാജി വേണ്ടതെല്ലാം ചെയ്തുകഴിഞ്ഞുകാണുമെന്നാണ് ഹുസൈൻ സന്തോഷിക്കുന്നത്. തനിക്ക് അവതരണത്തിന് ഒരു മണിക്കൂർ സമയം കിട്ടുന്നെങ്കിൽ ലതാജിക്ക് കിട്ടുന്നത് മൂന്ന് മിനിട്ടാണ്. വാക്കുകളുടെ നിരവധി അനുഭവപരിസരങ്ങളെയെല്ലാം കൂടിയാണ് സമയത്തിൻ്റെ ആ ചെറിയ തുണ്ടിൽ അവർ പ്രതിഫലിപ്പിക്കുന്നത്. Mora Naadan balma na jaane dil ki bat (ശുദ്ധതകൊണ്ട് ചിന്താശൂന്യനായ എൻ്റെ കാമുകന് ഹൃദയത്തിൻ്റെ വഴികളൊന്നും മനസ്സിലാകുന്നില്ല) എന്ന് പാടുമ്പോൾ അതിലെ വികാരങ്ങളെല്ലാം പ്രകടിപ്പിക്കാൻ കിട്ടുന്നത് എട്ട് സെക്കൻഡാണ്. എന്താണ് എങ്ങനെയാണ് എന്ന് ആലോചിക്കുകയല്ല, അവരത് ചെയ്യുകയാണ്. വികാരങ്ങളെ വ്യാഖ്യാനിക്കാനും പ്രതിഫലിപ്പിക്കാനുമുള്ള അനിതരസാധാരണമായ കഴിവിൻ്റെ ഫലമായി ലത പാടുമ്പോൾ ആ ശബ്ദം വാസ്തവത്തിൽ തന്നെ നർഗീസ്സിൻ്റെയും മധുബാലയുടെയും ചുണ്ടിൽ നിന്ന് വരികയാണെന്ന് തോന്നുമെന്നും. ധൃതിയില്ലാതെ തങ്ങി നിന്നുകൊണ്ട് പൂർണ്ണതയ്ക്കായി വിളംബത്തിലമരുകയും, വലിഞ്ഞിഴയുകയും ചെയ്തിരുന്ന ഒരു സമയക്രമത്തിൻ്റെ പ്രതിനിധികളുടെയും, മഹാപ്രതിഭകളുടെയുമൊപ്പം സ്ഫുടം ചെയ്തെടുത്ത ലതയോ ലതയെപ്പോലെയുള്ളവരോ ഇനി ആവർത്തിക്കപ്പെടുമെന്ന് വേഗത്തിൻ്റെ ഈ ലോകത്തിരുന്ന് കരുതാൻ വയ്യ.
പാട്ടിൻ്റെ വിശദാംശങ്ങൾക്കായി ലത, പുതിയ തലമുറയിലെ ആളുകളെപ്പോലെ, നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും സാക്കിർ ഹുസൈൻ പറയുന്നുണ്ട്. സംഗീതസംവിധായകൻ പാട്ട് പറഞ്ഞുകൊടുക്കുന്നതിനൊപ്പം അതിൻ്റെ വരികളെഴുതിയ കടലാസ്സിൽ ലതാജി അടയാളങ്ങളും കുറിപ്പുകളും ഇട്ടുവയ്ക്കും. ആ പാട്ടിനായി താൻ സഞ്ചരിക്കാൻ പോകുന്ന വഴിയുടെ ഭൂപടം നിർമ്മിക്കുന്നതു പോലെ വിശദമാണത്. ഇവിടെ താൻ അല്പനേരം നിൽക്കും, ഇവിടെ ശ്വാസമെടുക്കും, ഈ വരി ഇത്ര നീളമുള്ളതായതിനാൽ ഇവിടെയാണിതിൻ്റെ ശ്വാസം എന്ന മട്ടിൽ. അല്പസമയം കൊണ്ടു തന്നെ ഈ ഭൂപടനിർമ്മാണം കഴിയും. അപ്പോഴേയ്ക്കും മുഴുവൻ നഗരവും അതിൽ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ജലസ്ഥാനങ്ങൾ, ഊണുമുറികൾ, വിശ്രമനേരങ്ങൾ… അവിശ്വസനീയമായ ഒരു പാടവമാണത് എന്നാണ് ഹുസൈൻ ഓർക്കുന്നത്. ഒരു വാസ്തുശില്പി ഒരു നഗരം പണിയുന്നതുപോലെ, ശ്രദ്ധയോടെ, അതീവശ്രദ്ധയോടെ ഒരു പദ്ധതി തയ്യാറാക്കുന്നതുപോലെ. ഈ ശ്രദ്ധയാണ് ലതയെ പാട്ടുകുലത്തിലെ മികച്ച പാട്ടുകാരിയാക്കുന്നത്. ഈ ശ്രദ്ധയെക്കുറിച്ചാണ് ശെമ്മാങ്കുടി പറഞ്ഞത്. അത് കേൾവിക്കാരോടുള്ള വലിയ ഭയഭക്തിബഹുമാനങ്ങളിൽ നിന്നും ഉയിരെടുക്കുന്നതാണെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട്, ലതയുടെ മഹിമ വലിയ അളവിൽ അവരിലുള്ള പ്രതിഭയുടെ ആലസ്യത്തിൽ നിന്നുമുള്ളതല്ല, അരിസ്റ്റോട്ടിലിയൻ പ്രജ്ഞയിലത് കൃത്യമായ ഉദ്ദേശ്യത്തോടെയുള്ള, കഠിനമായ പരിശ്രമത്തിൻ്റെയും, ബുദ്ധിപരമായ നടപ്പാക്കലിൻ്റെയുമാണ്. ഇത്രയും വർഷങ്ങൾ സർവ്വ ആദരങ്ങളും നേടിക്കൊണ്ടുള്ള ലതയുടെ നിൽപ്പ് ആകസ്മികമായ ഒന്നല്ല.
വാസ്തുശില്പിയെന്ന കല്പനയ്ക്കൊപ്പം ചോദിക്കാതെ മനസ്സിലേക്ക് കടന്നുവരുന്നൊരാൾ ഹരിപ്രസാദ് ചൗരസ്യയാണ്. Castles in the wind എന്ന മട്ടിൽ കാറ്റുകൊണ്ട് കൊട്ടാരങ്ങളും നഗരങ്ങളും ചത്വരങ്ങളും തീർക്കുന്ന ആ മാന്ത്രികനു വേണ്ടി കരുതിവച്ച ഈണമാണ് ഇളയരാജ കമലഹാസൻ്റെ ആവശ്യപ്രകാരം സത്യ എന്ന സിനിമയിലെ വലൈയോസൈ എന്ന പാട്ടാക്കിയത് എന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ, സമൃദ്ധമായി ഉപകരണസംഗീതം ഉപയോഗിക്കുന്ന രാജയുടെ മനസ്സിൽ പുല്ലാങ്കുഴലിൻ്റെ മധുരത്തോടൊപ്പം മനസ്സിൽ വന്നത് ലതയുടെ ശബ്ദമാണ് എന്നത് ആരെയെല്ലാം സന്തോഷിപ്പിക്കില്ല!
സംഗീതജ്ഞാനത്തിൻ്റെ വലിയ സമുദ്രങ്ങളിൽ മുങ്ങിനിവർന്ന ലതയുടെ വളയങ്ങളിലൂടെയുള്ള ചാട്ടങ്ങളിലും നമ്മിലേയ്ക്ക് തെറിച്ചുവീഴുന്നത് ആ സമുദ്രത്തുള്ളികളാണ്. അത് മുൻപ് പറഞ്ഞതുപോലെ ഇന്ത്യൻ വികാരലോകങ്ങളുടെ നീരാവി കൂടി പേറി വന്ന് പെയ്യുന്ന തുള്ളികളാണ്. അങ്ങനെയാണ് ചാന്ദ് എന്ന് റാഫിയോ ലതയോ പാടിയാൽ ചന്ദ്രൻ്റെ മധുരമുള്ളൊരു കഷ്ണം തൊട്ടതുപോലെ നമുക്കത് തോന്നുന്നത്, ലഗ് ജാ ഗലേ എന്ന് ലത പാടുമ്പോൾ ഈ രാവല്ല, ഈ ലോകം തന്നെ അവസാനിച്ചുപോയലോയെന്ന് വിങ്ങി ഹൃദയം കൊണ്ട് സ്നേഹങ്ങളെ കെട്ടിപ്പിടിക്കുന്നത്, ദിൽ ഹൂം ഹൂം കരേയെന്ന് പാടുമ്പോൾ പതിതജീവിതങ്ങളുടെ പ്രണയമോഹങ്ങളെല്ലാം നിറയുന്നതും ആ ജീവിതങ്ങളുമായി നാം താദാത്മ്യപ്പെടുകയും ചെയ്യുന്നത്. അനുപമായ ആകാശത്തെ ഒരു പൊട്ടുകുത്തി ചന്ദ്രൻ കൂടുതൽ മനോഹരമാക്കുന്നു എന്നതുപോലെയാണ് സ്വന്തമെന്ന് ഇന്ത്യ ആഹ്ലാദിച്ച ആ ശബ്ദം അതിസുന്ദരം കൂടിയാകുന്നു എന്നത്.
ലതയുടെ ശബ്ദം പക്ഷേ ഇന്ത്യയെന്ന അതിരുകളെയും കവിഞ്ഞ് പുറത്തേയ്ക്കും തുളുമ്പുന്നു. അങ്ങനെയാണ് നെഹ്രുവിൻ്റെ കണ്ണുകളിലൊരു തുള്ളി പകരാൻ പോന്ന ശബ്ദസമുദ്രത്തെ മോഹിച്ച് സുൾഫിക്കർ അലി ഭൂട്ടോ കശ്മീരിനു പകരം ലതയുടെ ശബ്ദത്തെ ചോദിക്കുന്നത്. അതിരുകളെ മായ്ച്ച് കളയുന്ന സംഗീതത്തിൻ്റെ പതാകവാഹകയാണ് ലത. ഇന്ത്യൻ ദേശീയോദ്ഗ്രഥനത്തിൻ്റെ അടയാളവുമായിരുന്നു ലതയെന്ന് ആദരമർപ്പിച്ചുള്ള കുറിപ്പിൽ സ്പീക്കർ എം ബി രാജേഷ് ഓർമ്മിപ്പിക്കുന്നു. ദേശീയതയുടെ അടയാളമായ ലതയെയാണ്, ലതയുടെ ശബ്ദത്തെയാണ് ഭൂട്ടോ ചോദിക്കുന്നത്. അതിരുകളെക്കുറിച്ചുള്ള മനുഷ്യരുടെ പിടിവാശികളെല്ലാം ആ ചോദ്യത്തിൽ തട്ടി തകർന്ന് പോകുന്നുണ്ട് എന്നത് എത്ര സന്തോഷകരമാണ്, സംഗീതത്തിനു അതിരുകളില്ലല്ലോ. ഇന്ത്യൻ ദേശീയതയെന്നത് സാർവ്വദേശീയതയിലേക്കുള്ള വളർച്ച കൂടിയാണെന്ന് കെ ആർ നാരായണൻ വളരേ പണ്ട് ദേശീയതയെക്കുറിച്ച് എഴുതിയതുകൂടി ഇതോടൊപ്പം ഓർമ്മിക്കട്ടെ. ലതയെന്ന ഓർമ്മയ്ക്കൊപ്പം സ്വാഭാവികമായും സംഗീതമെന്നും, കൂടെ സാർവ്വദേശീയമായ ദേശീയതയെന്നും ഈ നിമിഷത്തിൽ ഓർക്കാതിരിക്കാനാവുന്നില്ല. സംഗീതത്തിൻ്റെ മഹാപ്രതിഭകൾ ആ വിചാരം നമ്മളിൽ നിറയ്ക്കുന്നവരാണ്, അവരിലൊരാളാണ് ലത മങ്കേഷ്കറും. അപാരമായ സ്വാതന്ത്ര്യത്തിൻ്റെ സംഗീതലത കൊണ്ടാണ് നമ്മുടെ ദേശീയതയെ ചേർത്തു കെട്ടിയിരിക്കുന്നത് എന്ന കല്പന എത്ര സുന്ദരമാണ്.
ലതയെക്കുറിച്ചുള്ള കുറിപ്പ് എത്ര നീട്ടിയാലും കുറുക്കിയാലും ലതയിലൊതുങ്ങി നിൽക്കാൻ മടിച്ചു നിൽക്കുമെന്നും അത് പൊതുവിൽ സംഗീതത്തെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെയും വിചാരങ്ങളുടെയും ഭാഗമായി മാറുകയും ചെയ്യുമെന്നും ഇതെഴുതുമ്പോൾ പരാജയപ്പെടുന്നുണ്ട്. എന്നാൽ സംഗീതം പോലെ ഒരു രംഗത്ത് വിശാലമായ ഒരു കാലഭൂപടം വരയ്ക്കുന്ന ലത മങ്കേഷ്കറെ പോലെയൊരാൾ ഇക്കണ്ട കാലത്തിലും സ്പേയ്സിലുമായി നിറഞ്ഞ് നിൽക്കുമ്പോൾ അതൊരു സ്വാഭാവികതയാകാം എന്ന് സമാധാനിക്കുകയും ചെയ്യുന്നു. ലതയുടെ പാട്ടുകളുടെ മനോഹാരിതയും പരപ്പും ആഴവും ചർച്ച ചെയ്യാനോ നിശ്ചിതമായ പാട്ട് മുഹൂർത്തങ്ങൾ തെരഞ്ഞെടുക്കാനോ ഇതെഴുതുന്നയാളോ നവമലയാളിയുടെ പേജുകളോ മതിയാകുമെന്ന് കരുതുന്നില്ല. എന്നിട്ടും ഇതെഴുതുന്നത് ലത മങ്കേഷ്കർ വിടവാങ്ങുന്നു എന്നത് ഒരു ചരിത്രനിമിഷമാണ് എന്നതിനാലാണ്. സംഗീതത്തിൻ്റെ ഒരിക്കലും അവസാനിക്കാത്ത അലകൾ അവരുടെ മധുരമായ ശബ്ദത്തിൽ തിരയടിക്കുമ്പോൾ ലത മങ്കേഷ്കർ എന്ന മഹാഗായിക ഇന്നേദിവസം മരിച്ചുപോയി എന്ന ചിന്തയോ സങ്കൽപ്പമോ നശ്വരജീവികളായ ഞങ്ങളുടെ വൈകാരികത മാത്രമാണ് എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാകാതെ പോകുന്നു എന്നതുകൊണ്ടാണ്. കാലഘട്ടത്തിൻ്റെ പാട്ടുകാരിക്ക് നവമലയാളി നന്ദിയും ആദരവും അർപ്പിക്കുന്നു.