ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന് വോട്ട് ചെയ്യാത്തവരുടെ വീടും ജീവനും ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ബുള്‍ഡോസര്‍ കേറ്റി നിരത്തും എന്ന് തെലുങ്കാനയിലെ അവരുടെ എം.എല്‍.എ രാജാസിങ്ങ് പറഞ്ഞത് ക്രൂരമായ ഫലിതമായും നാക്ക് പിഴയായും കണക്കാക്കിയവരുണ്ട്. യഥാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ നയപരമായി തീരുമാനിച്ചുറപ്പിച്ച ഒരു രാഷ്ട്രീയ പദ്ധതിയെ തന്റേതായ സത്യസന്ധതയാല്‍ വിശദീകരിക്കുകയായിരുന്നു രാജാസിങ്ങ് എന്ന് തിരിച്ചറിയാതെ പോയത്  ജനാധിപത്യത്തേയും മതേതരത്വത്തെയും കുറച്ചുള്ള ചില മൗഢ്യപ്രതീക്ഷകള്‍ നമുക്ക് ഇപ്പോഴും ബാക്കിയുള്ളത് കൊണ്ടാണ്. അത് തന്നെയാണ് സംഘപരിവാറിന്റെ പദ്ധതിയും ആസൂത്രണവും. തങ്ങള്‍ക്ക് വോട്ട് ചെയ്യാത്ത മനുഷ്യരെ ഇല്ലാതാക്കുക എന്ന ലളിതമായ ഉന്മൂലന പരിപാടി. ഉത്തര്‍പ്രദേശില്‍ അത് കഴിഞ്ഞ ഭരണകാലത്ത് യോഗി ആരംഭിച്ചതാണ്.

മുഖ്താര്‍ അന്‍സാരി, അതീഖ് അഹ്മദ്, അസംഖാന്‍ എന്നിങ്ങനെയുള്ള പ്രതിപക്ഷനേതാക്കളുടെ ബന്ധത്തിലോ പരിചയത്തിലോ ഉള്ള മുസ്ലീങ്ങളായ മനുഷ്യരുടെ മുഴുവന്‍ അനധികൃത കെട്ടിടങ്ങള്‍ ജെ.സി.ബിയുമായി എത്തി യോഗി ആദിത്യനാഥിന്റെ പണിയാളുകള്‍ 2022 ലെ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ പൊളിച്ച് നീക്കി. ജെസിബി കി ഖുദായി എന്ന പേരില്‍ ട്വീറ്ററില്‍ ആഘോഷമായി ഇത് മാറി. വംശീയ കലാപങ്ങളില്‍ പ്രതികളായി കണ്ടെത്തുന്ന മുഴുവന്‍ മുസ്ലീങ്ങളുടെ  വീടുകളും ജെ.സി.ബിയുടെ യന്ത്രതുമ്പികൈ തകര്‍ത്തെറിഞ്ഞു. ഒളിച്ചോടി എന്ന് കോടതി വരെ പ്രഖ്യാപിച്ച മുന്‍ എം.പി ധനജ്ഞയ് സിങ്ങിനെ പോലുള്ളവരുടെ കെട്ടിടങ്ങള്‍ യു.പി സര്‍ക്കാര്‍ തച്ചുതകര്‍ക്കാത്തത് അദ്ദേഹം മുഖ്യമന്ത്രിയുടെ ജാതിക്കാരനായതു കൊണ്ടാണോ എന്ന ചോദ്യമൊന്നും ആരും വകവച്ചില്ല. താക്കൂര്‍മാരുടെ മാത്രമല്ല, ഹിന്ദുക്കളുടെ വീടുകള്‍ മുഴുവന്‍ സുരക്ഷിതമാണെന്ന ബോധ്യം സമൂഹത്തില്‍ പടര്‍ത്താന്‍ ബി.ജെ.പിക്ക് അപ്പോഴേയ്ക്കും ആയിരുന്നു. അതുകൊണ്ടാണ് താമരയല്ല, ജെ.സി.ബിയാണ് ബി.ജെ.പിയുടെ പുതു ചിഹ്നമെന്ന് അഖിലേഷ് യാദവടക്കമുള്ള പ്രതിപക്ഷം യു.പിയില്‍ ആരോപിച്ചത്.

ബുൾഡോസറുകൾ കൊണ്ട് വീട് തകർക്കപ്പെട്ട വാസീം ഷേഖ്

കുറച്ച് കാലമായി ഗുജറാത്തില്‍ നിന്ന് ആരംഭിച്ചത് ഇന്ത്യയില്‍ പടര്‍ത്തുക എന്നതായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യം. മുസ്ലീം വംശഹത്യ മുതല്‍ വികസനത്തെ കുറിച്ചുള്ള കള്ള പ്രചരണങ്ങളും ഫോട്ടോഷോപ് ദൃശ്യങ്ങളും വരെയുള്ള ആ കറപുരണ്ട വഴികളിലൂടെയാണ് ബി.ജെ.പി തങ്ങളുടെ ഭരണം മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംഘപരിവാര്‍ ഇന്ത്യയിലെ ബി.ജെ.പിയുടെ കേന്ദ്രമായി ഉത്തര്‍പ്രദേശിനേയും പുതിയ മാതൃകാ ബിംബമായി യോഗി ആദിത്യനാഥിനേയും മാറ്റി. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഗുജറാത്തും മധ്യപ്രദേശും പോലുള്ള നേരത്തേ തന്നെ സംഘപരിവാറിന് ആഴത്തില്‍ വേരുകളുള്ള സംസ്ഥാനങ്ങള്‍ പോലും മാതൃകകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ട മുഴുവന്‍ സംസ്ഥാനങ്ങളിലും -ഡല്‍ഹിയിലും ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും- ഈ രാമനവമി മുസ്ലീം വിരുദ്ധ കലാപത്തിനുള്ള, സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും പടര്‍ത്തുന്നതിനുള്ള അവസരമായി സംഘപരിവാര്‍ ഉപയോഗിച്ചു. ഇതേ തുടര്‍ന്നുള്ള മുഴുവന്‍ സംഘര്‍ഷങ്ങളിലും മുസ്ലീങ്ങളെ മാത്രം പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ജഹാംഗീര്‍ പുരിയില്‍ തോക്കുമായി സംഘ് പരിവാറിൻ്റെ രാമനവമി പ്രകടനം

ഗുജറാത്തിലെ ആനന്ദ് ജില്ലിയിലെ ഹിമ്മത് നഗറില്‍ നിന്നും ഖമ്പാട്ട് പ്രദേശത്തെ മുസ്ലീം കോളനികളിലേയ്ക്ക് രാമനവമി മാര്‍ച്ച് നടത്തിയതിന്റെ ഉദ്ദേശ്യം തന്നെ കലാപമായിരുന്നു. അത് എല്ലായിടത്തും അങ്ങനെ തന്നെ. മുസ്ലീം ചേരികളിലൂടെ അക്രമാസക്തമായി, പ്രകോപനമായി മുദ്രവാക്യം വിളിച്ച് അഴിഞ്ഞാട്ടം നടത്തിയതിന് ശേഷമുണ്ടായ കലാപത്തില്‍ കല്ലെറിഞ്ഞുവെന്ന പേരില്‍ പല മുസ്ലീങ്ങളുടെ പേരിലും കേസെടുത്തു. അവരുടെ വീടുകള്‍ മാത്രമല്ല, പ്രദേശത്ത് അരക്കിലോമീറ്റര്‍ നീളത്തില്‍ വര്‍ഷങ്ങളായി നിലകൊള്ളുന്ന മുസ്ലീം വീടുകള്‍ എല്ലാം പൊളിച്ച് നീക്കാന്‍ ആനന്ദ് ജില്ലാ കളക്ടര്‍ മനോജ് ദാക്ഷിണി ഉത്തരവിട്ടു. ബുള്‍ഡോസറുകള്‍ അതിന്റെ പണി ചെയ്തു. ശിവരാജ് സിങ് ചൗഹാന്‍ ഭരിക്കുന്ന മധ്യപ്രദേശിലെ ഖര്‍ഗാവില്‍ ഇത്തരത്തില്‍ വീട് പൊളിച്ച് നീക്കപ്പെട്ട വാസീം ഷേഖ് എന്നയാളും കല്ലേറില്‍ പ്രതിയാണ്. പക്ഷേ അതിലൊരു പ്രശ്‌നമുണ്ടായിരുന്നു, 2005-ല്‍ ഒരു അപകടത്തില്‍ പെട്ട് രണ്ട് കൈകളും നഷ്ടമായ ആളാണ് വാസീം ഷേഖ്. രണ്ട് കൈകളുമില്ലെങ്കിലും കല്ലേറ് കേസില്‍ പ്രതിയായി, വീട് ബുള്‍ഡോസറിനാല്‍ തകര്‍ക്കപ്പെട്ടു. ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയില്‍ സംഘപരിവാര്‍ ഹിന്ദുത്വ കൈകളില്‍ വാളും തോക്കുമായി രാമനവമി പ്രകടനം നടത്തുന്നത് ലോകം മുഴുവന്‍ കണ്ടതാണ്. അവിടെയാണ് ബി.ജെ.പി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മുസ്ലീം വീടുകള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടതും സുപ്രീം കോടതി വിധിയെ പോലും പരിഗണിക്കാത്ത ഉദ്യോഗസ്ഥരെ ജെ.സി.ബിക്കൊപ്പം വിട്ടതും.

ഇതിലൊരു പാറ്റേണുണ്ട്. അത് മുസ്ലീം സമൂഹത്തിന് നേരെയുള്ള സംഘപരിവാര്‍ നിലപാടുകളോട് പൊതുസമൂഹം ആര്‍ജ്ജിച്ച നിര്‍വ്വികാരതയാണ് അതിന്റെ മൂലാധാരം. ഉത്തര്‍പ്രദേശില്‍ രാമക്ഷേത്രനിര്‍മ്മാണ സമരത്ത് പൂജയും ആഘോഷുമായി ഒത്തുചേരാന്‍ പ്രിയങ്കാഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനും സാധിക്കുന്നത് അതുകൊണ്ടാണ്. ഉത്തര്‍പ്രദേശ് പോലെയല്ല, മധ്യപ്രദേശും ഗുജറാത്തും. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമാണ്. മധ്യപ്രദേശില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തി മറിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയായി തുടര്‍ന്നേനെ. എന്നിട്ടും ഇരു സംസ്ഥാനങ്ങളിലും മുസ്ലീം സമൂഹത്തിന് നേരെ അതിക്രമം ഉണ്ടാകുമ്പോള്‍ കോണ്‍ഗ്രസ് രംഗത്തില്ല. ഗുജറാത്തില്‍ കലാപം നടന്ന ഹിമ്മത്ത് നഗറും ഖമ്പാട്ടും കോണ്‍ഗ്രസ് ചെറിയ മാര്‍ജിന് മാത്രം ബി.ജെ.പിക്ക് മുന്നില്‍ പരാജയപ്പെട്ട മണ്ഡലങ്ങളാണ്. അടുത്തുള്ള ജില്ലയിലെ അംമ്രേലി മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ പരേഷ് ധാനാനി ഹിന്ദുസ്ഥാന്‍ റ്റൈംസ്  പ്രതിനിധിയോട് പറഞ്ഞത്, യാത്ര ചെയ്യുന്നതിനാല്‍ സംഭവങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ല എന്നാണ്. ലോകത്തിന്റെ ഏത് മൂലയിലാണെങ്കിലും തങ്ങളുടെ സംസ്ഥാനത്തെ മുസ്ലീം ജനതയ്ക്ക്  മേല്‍ ഭരണപക്ഷം അക്രമം അഴിച്ചുവിടുമ്പോള്‍ പ്രതിപക്ഷത്തുള്ള എം.എല്‍.എയ്ക്ക് കാര്യങ്ങളെ കുറിച്ച് അറിയാനുള്ള ബാധ്യതയുണ്ട് എന്ന് അറിയാതെയല്ല, ഈ ആക്രമണങ്ങളോട് നിര്‍വ്വികാരത കലര്‍ന്ന ഒരു സ്വഭാവികസമീപനം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൈവരുന്നു. ഒരു ജനാധിപത്യ-മതേതര സമൂഹത്തിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യമാണത്.

ഗോശാലകൾ വാഗ്ദാനം ചെയ്യുന്നു – കമൽ നാഥിൻ്റെ ട്വിറ്റർ സന്ദേശം

ഇതേ കാലത്താണ് കമല്‍നാഥ് മധ്യപ്രദേശില്‍ ഹൈന്ദവതയുടെ അടയാളങ്ങള്‍ പേറുന്നത്. രാമനവമിയോട് അനുബന്ധിച്ച് മധ്യപ്രദേശില്‍ സംഘപരിവാര്‍ മുസ്ലീം സമൂഹത്തിന് നേരെ ആക്രമണം അഴിച്ച് വിടുന്ന അതേ ദിവസങ്ങളായിലാണ് തന്റെ മണ്ഡലമായ ചിന്ത്‌വാഡയില്‍ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ കമല്‍നാഥ് തീരുമാനിക്കുന്നത്. 2023 ആദ്യം നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഒരുക്കമായാണ് ഇതിനെ കാണുന്നത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നാണ് ചിന്ത്‌വാഡയില്‍ കമല്‍നാഥ് പൂജയ്ക്ക് ബ്രാഹ്മണരെ എത്തിക്കുന്നത്. രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ നടത്തുന്നതും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ്. ഭരണത്തിലേയ്ക്കുള്ള വഴി അതാണെന്നും മുസ്ലീങ്ങള്‍ക്ക് ഒപ്പം നില്‍ക്കലല്ല എന്നും കോണ്‍ഗ്രസിനും കമല്‍നാഥിനുമറിയാം. രാഹുലിനും പ്രിയങ്കയ്ക്കുമറിയാം. ട്വീറ്ററിലൂടെ അല്ലാതെ പൊതുസമൂഹത്തില്‍ ഒന്നും ചെയ്യാനൊട്ട് അവര്‍ ഒരുക്കവുമല്ല. ഇക്കാര്യത്തില്‍ അതേ വ്യക്തത ആംആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനുമുണ്ട്. ഡല്‍ഹിക്ക് പുറമേ പഞ്ചാബ് കൂടി കരസ്ഥമാക്കി അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തും പിന്നീട് ഹിമാചല്‍ പ്രദേശും ഹരിയാണയും ലക്ഷ്യമിടുന്ന ആംആദ്മി പാര്‍ട്ടിയുടെ പരിഗണനയിലും മുസ്ലീം സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ ആക്രമണങ്ങളോ മതേതരത്വത്തിനേല്‍ക്കുന്ന മുറിവുകളോ ഇല്ല. ഹനുമാന്‍ ചാലിസ ചൊല്ലിയും രാമഭക്തനായും കൂടുതല്‍ മെച്ചപ്പെട്ട ഹിന്ദുവായി നിന്ന് വോട്ട് പിടിക്കുക തന്നെയാണ് അവരുടെ ലക്ഷ്യം.

ഹനുമാൻ ചാലിസ ചൊല്ലുന്ന കെജ്രിവാൾ – courtesy: ABP News

ബി.ജെ.പിയോട് നേരിട്ട് ഏറ്റുമുട്ടുന്ന മമതബാനര്‍ജി ഇന്ത്യന്‍ മുസ്ലീങ്ങളുടെ രക്ഷക്കെത്തുമെന്ന് കരുതുന്നത് അതിലും വലിയ ഭോഷ്‌കാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ കൊല്‍ക്കത്തയ്ക്കടുത്ത ബാലിഗഞ്ചില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അടുത്ത കാലം വരെ ബി.ജെ.പി നേതാവായിരുന്ന കടുത്ത വര്‍ഗ്ഗീയവാദിയും വംശീയ അധിക്ഷേപങ്ങളുടെ പേരില്‍ വിവാദനായകനുമായ ബാബുല്‍സുപ്രിയോയ്ക്കാണ് മമതബാനര്‍ജി സീറ്റ് നല്‍കിയത്.

മമതയ്ക്കൊപ്പം ബാബുൽ സുപ്രിയോ

മുസ്ലീം സമൂഹത്തിനോടുള്ള ഒരു ചെറുകരുതല്‍ പോലും ഇല്ലാതെ തിരഞ്ഞെടുപ്പിന്റേയും അധികാരത്തിന്റേയും യുക്തിമാത്രം മനസിലാകുന്നത് കൊണ്ടാണത്. അതുകൊണ്ട് തന്നെയാണവിടെ സൈറാ ഷാ ഹാലിം എന്ന സി.പി.ഐ.എം സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത് എത്തിയതും. കഴിഞ്ഞ കുറേ കാലത്തിന് ശേഷം സി.പി.ഐ.എം പശ്ചിമബംഗാളില്‍ നടത്തിയ വലിയ തിരിച്ച് വരവ് എന്നതിനേക്കാള്‍ വോട്ടിങ് പാറ്റേണിലുള്ള ഒരു വലിയ മാറ്റവും നമുക്ക് കാണാം. ബാലിഗഞ്ചില്‍ പരമ്പരാഗതമായി തൃണമൂലിന് വോട്ട് ചെയ്തിരുന്ന ഒരു വലിയ വിഭാഗം മുസ്ലീം സമൂഹവും പുരോഗമന സമൂഹവും ഇത്തവണ സി.പി.ഐ.എമ്മിന് വോട്ട് ചെയ്യുകയും ബാബുല്‍സുപ്രിയ എന്ന വര്‍ഗ്ഗീയവാദിക്കനുകൂലമായി നേരത്തേ ബി.ജെ.പിക്ക് ലഭിച്ചിരുന്ന വോട്ടുകളില്‍ ഒരു വലിയ ശതമാനവും നീങ്ങിയെന്നാണ് വ്യക്തമാകുന്നത്. ബി.ജെ.പിയുടെ വോട്ടുകളുടെ എണ്ണത്തിലുണ്ടായ കുറവും സി.പി.ഐ.എമ്മിന് വോട്ട് അധികം ലഭിച്ച ബൂത്തുകളുടെ സ്വഭാവവും കണക്കിലെടുത്താണ് ഈ നിഗമനം. മാത്രമല്ല, ആനിസ് ഖാന്‍ എന്ന വിദ്യാര്‍ത്ഥി നേതാവിനെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നെറിഞ്ഞ് പോലീസ് കൊലപ്പെടുത്തിയ സംഭവത്തിലായിക്കൊള്ളട്ടെ, ബീര്‍ഭൂം ജില്ലയില്‍ ആറു സ്ത്രീകളേയും ഒരു കുഞ്ഞിനേയും അടക്കം എട്ടുപേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുട്ടുകൊന്ന സംഭവത്തിലാകട്ടെ പ്രതിപക്ഷം എന്നനിലയില്‍ രംഗത്തിറങ്ങാനുണ്ടായിരുന്നത് ഇടത്പക്ഷമാണ്. ഈ രണ്ട് സംഭവങ്ങളിലും ഇരകളായിട്ടുള്ളത് മുസ്ലീങ്ങളായതിനാല്‍, മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്ക്, ഇതിലുള്ള താത്പര്യം തുലോം തുച്ഛമായത് കൊണ്ടുതന്നെ നിയമസഭയില്‍ സാന്നിധ്യമില്ലാത്ത ഇടത്പക്ഷമായിരുന്നു സമരമുഖത്ത് സജീവമായുണ്ടായിരുന്നത്.

ഡല്‍ഹിയിലും ഇടത്പക്ഷത്തിന്റെ സാന്നിധ്യം തുച്ഛമാണ്. 2004-2009 കാലയളവില്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ നിയന്ത്രണം ഇടതുപക്ഷത്തിനുണ്ടായിരുന്നതൊഴിച്ചാല്‍ ജെ.എന്‍.യു കാമ്പസിലും എം.പിമാരുടെ പഴയ വസതിയായ വി.പി ഹൗസിലുമായിരുന്നു ഇടത്പക്ഷവും ചുവന്ന കൊടിയും കണ്ടിരുന്നത്. എന്നിട്ടും ഡല്‍ഹിയെ ഇളക്കി മറിച്ച വിദ്യാര്‍ത്ഥി സമരങ്ങളിലാകട്ടെ, പൗരത്വബില്ലിനെതിരെയുള്ള ജനകീയ മുന്നേറ്റങ്ങളിലാകട്ടെ, കര്‍ഷക സമരപ്രക്ഷോഭങ്ങളിലാകട്ടെ ഇടത്പക്ഷത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 74 കാരിയായ ബൃന്ദകാരാട്ടും 76 വയസുള്ള ഹനന്‍മൊല്ലയും വീടുകളെ പിഴുതെറിയുന്ന, മനുഷ്യ ജീവിതങ്ങളെ അരച്ചടുക്കുന്ന വലിയ ജെ.എസി.ബി യന്ത്രങ്ങള്‍ക്ക് മുന്നില്‍ കോടതിയുടെ ഒരു കടലാസും ഉയര്‍ത്തി പിടിച്ച് നിര്‍ഭയരായി നിന്നത് ഇന്നാട്ടിലെ ജനാധിപത്യത്തിലും മതേതരത്വത്തിലും നമ്മുടെ ഭരണഘടനയിലും ഉള്ള ഉറച്ച ബോധ്യം കൊണ്ടാണ്. ആരുമില്ലാത്ത മനുഷ്യര്‍ക്ക്, തുണയായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയത്തിന്റെ സാന്നിധ്യമാണത്. പാര്‍ലമെന്റിലെ ബലാബലത്തിലും വോട്ടെണ്ണുമ്പോഴുള്ള ശതമാന കണക്കിലും അല്ല, അരക്ഷിതരും അശരണരും അസഹായരുമായ മനുഷ്യക്കൊപ്പം അവരുടെ ജീവിതസമരങ്ങളില്‍ അണിചേരുമ്പോഴാണ് ജനാധിപത്യത്തിന്‍ കീഴില്‍ രാഷ്ട്രീയം പ്രവര്‍ത്തിക്കേണ്ടത്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ബൃന്ദകാരാട്ടിന്റെ ചിത്രത്തെ കുറിച്ച് അധ്യാപകനും എഴുത്തുകാരനുമായ റഫീഖ് ഇബ്രാഹിം നടത്തിയ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. ”നോക്കൂ, ഫോട്ടോഗ്രഫി മിസ്റ്റേക്കിന്റെ എല്ലാ ലക്ഷണങ്ങളും ഈ ചിത്രത്തില്‍ ചേര്‍ന്നിട്ടുണ്ട്. ക്രമം തെറ്റിയ ഘടന, ഫ്രെയിം തിരഞ്ഞെടുത്തതിലെ വീഴ്ച്ച, വെളിച്ചത്തിന്റെ അപര്യാപ്തത, സന്ദര്‍ഭത്തിന്റെ വിധ്വംസകത കാണുന്നവരിലെത്തിക്കാന്‍ പ്രാപ്യമായ നിലയിലുള്ള അലങ്കാരങ്ങളുടെ അഭാവം. തടിച്ചുകൂടിയവരിലാരോ ഫോണില്‍ ക്ലിക്ക് ചെയ്ത ഒട്ടുമേ പ്രൊഫഷണലല്ലാത്ത ചിത്രം. എവിടെ നിന്ന്, രാഷ്ട്രീയപ്രവര്‍ത്തനമെന്നാല്‍ കാമറയ്ക്കു മുന്നിലെ ഗിമ്മിക്കുകളാണെന്നു കരുതുന്ന, ഓരോ സന്ദര്‍ഭവും ഫ്‌ലാഷ് ലൈറ്റുകളുടെ പ്രഫഷണലിസത്തിനുള്ളില്‍ ശ്രദ്ധാപൂര്‍വ്വം സംവിധാനം ചെയ്യപ്പെടുന്ന അതേ ഡല്‍ഹിയില്‍ നിന്ന്. ഇന്ത്യയാസകലം ശ്രദ്ധിക്കാന്‍ പോകുന്ന ചിത്രം കംപോസ് ചെയ്യാന്‍ ഒരു ഫോട്ടോഗ്രാഫറില്ലാതെ അനുപാതം തെറ്റിയിരിക്കുന്നു. അനുപാതത്തിലെ ആ തെറ്റ് ഒരു സൂചകമാണ്. തങ്ങള്‍ ചെയ്യുന്നത് പ്രതിരോധസമരമാണെന്ന, തങ്ങളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഘടനയെന്താണെന്ന സൂചിതത്തെ അത് പ്രതിനിധാനം ചെയ്യുന്നു.”– റഫീഖ് ഫേസ്ബുക്കില്‍ എഴുതി.

ഒരോ രാഷ്ട്രീയ മുഹൂര്‍ത്തവും, കണ്ണീരൊപ്പുന്നത് മുതല്‍ മുദ്രവാക്യം വിളിക്കുന്നത് വരെ-തലകറങ്ങി വീഴുന്നത് മുതല്‍ പോലീസിന് കീഴടങ്ങുന്നത് വരെ, ചരിത്രത്തില്‍ രേഖപ്പെടുന്ന മനോഹര ദൃശ്യങ്ങളായി മാറുന്ന വിഷ്വലൈസ്ഡ്, റ്റൈലിവൈസ്ഡ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കാലത്താണ് ഒബി വാനുകളും നൂറുകണക്കിന് ഫോട്ടോഗ്രാഫര്‍മാരുമില്ലാത്ത ജനങ്ങളുടെ ഇടയിലേയ്ക്ക് ചിലര്‍ ഇറങ്ങി ചെല്ലുന്നത്. എന്തുകൊണ്ടാണ് ഇവിടെ ഒബി വാനുകളും ലൈവ് കവറേജുകളും ഫോട്ടോഗ്രാഫര്‍മാരും ഇല്ലാത്തത് എന്നതും എന്തുകൊണ്ടാണ് ജെ.സി.ബിയായി രൂപാന്തരം പ്രാപിക്കുന്ന താമരയ്ക്കടിയില്‍ പെട്ടരഞ്ഞ് പോകുന്ന ഇന്ത്യന്‍ മുസ്ലീം ജീവിതങ്ങള്‍ക്ക് തുണയായി രാഷ്ട്രീയപാര്‍ട്ടികള്‍ ഇല്ലാതെ പോകുന്നത് എന്നുള്ളതും പരസ്പര പൂരകങ്ങളായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ്.

Comments

comments