കാലടി സംസ്കൃതസര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡോ. ദിലീപ് കുമാര്‍ കെ.വിയുടെ വിരമിക്കലിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ഒരുമിച്ചു ചേരുന്ന ഒരു  വൃത്തപഠനഗ്രന്ഥമാണ് വൃത്തം:  വിചാരം വർത്തമാനം എഡിറ്റർ ആദർശ് സി. ഈ പുസ്തകത്തില്‍ വൃത്തവും ആധുനികാനന്തരകവിതയും ഒരു സിമ്പോസിയം എന്ന ഭാഗത്ത് വിവിധ ചോദ്യങ്ങളോടു പ്രതികരിച്ചുകൊണ്ട് ഏഴു കവികള്‍ സംസാരിക്കുന്നുണ്ട്. സിമ്പോസിയം തയ്യാറാക്കിയിരിക്കുന്ന . അരുണ്‍കുമാര്‍ ചോദിച്ച ചോദ്യവും അതിനോട് കവി അൻവർ അലിയുടെ പ്രതികരണ ലേഖനവും ആണ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്


ദ്യത്തിലും ഗദ്യത്തിലും അന്‍വര്‍ അലിയുടെ കവിതകള്‍ വേറിട്ടു കേള്‍ക്കുന്നത് അതില്‍ ലീനമായിരിക്കുന്ന ഒരാത്മതാളത്തിന്റെ പ്രത്യേകതകൊണ്ടാകും. ‘കൊണ്ടോട്ടി എയർപോർട്ടിൽനിന്ന് അവിശ്വാസിയായ ഒരിടത്തരം വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ’ എന്ന കവിത ഗദ്യത്തിലാണ്. അല്ലാഹുവല്ലാതെ ഇല്ല മറ്റൊരില്ലാഹ് എന്ന ചൊല്ല് ഇല്ല, ഇല്ലാഹ് എന്നൊക്കെ മുറിച്ചും പ്രാസപ്പെടുത്തിയും ആവര്‍ത്തിക്കുന്നു. മുസ്തഫ എന്ന കവിതയില്‍ ജനപ്രിയ സിനിമാഗാനമായ മുസ്തഫാ മുസ്തഫാ ഒരു വൃത്തമായി സ്വീകരിച്ച് അതില്‍ കവിത കെട്ടുന്നു. മഹബൂബ് എക്സ്പ്രസ് – ഒരു ജീവിതരേഖയില്‍ കൊല്ലത്തെ പപ്പടം ഗണ്ടന്‍പപ്പടം എന്നു പതിയെ ഓടിത്തുടങ്ങുന്ന തീവണ്ടി ഗണ്ടന്‍പപ്പടം ഗണ്ടന്‍പപ്പടം എന്നു വേഗമെടുക്കുന്നു. (തെയ്ക്കതിന്തകം തേയ്ക്കതിന്തകം തെയ്ക്കതിന്തകം വല്ല്യന്നം വന്നേ – എന്നിങ്ങനെ ഇതിന്റെ പൂര്‍വ്വരൂപം പടയണിയില്‍ കാണാം). ഇത്തരത്തില്‍ ജനപ്രിയനാടോടിവഴക്കങ്ങളെ മുന്‍പു കേട്ടട്ടില്ലാത്തവിധം പുതുമയോടെ അവതരിപ്പിക്കാന്‍ അന്‍വര്‍ അലി എല്ലാ കാലത്തും പരിശ്രമിച്ചിട്ടുണ്ട്. പൊതുവേ പെര്‍ഫോമേറ്റീവാണ് ഈ കവിതകള്‍. കൂടാതെ ഗാനാത്മകങ്ങളുമാണ്. കേകയുടെ യതികള്‍ തടസ്സപ്പെടുത്തി എഴുതിയ ഏകാന്തതയുടെ 50 വര്‍ഷങ്ങള്‍പോലും ഗാനാത്മകമാണ്. ‘തത്ത തിത്തിരി കാക്ക മാടത്ത കുയിലൊപ്പം’, ‘രഘുപതി രാഘവ’ തുടങ്ങിയ ഗാനങ്ങളും ‘ദേ പയ്യു പെറ്റടീ പാറൂ’ എന്ന രൂപത്തിലുള്ള ഇമ്പമാര്‍ന്ന സംഭാഷണങ്ങളും യതി മുറിഞ്ഞ കേകയില്‍ ഗാനാത്മകമായി മേളിക്കുന്നു. എന്താണ് അന്‍വര്‍ അലിയുടെ വൃത്തസങ്കല്പം?

പാരമ്പര്യം എന്ന ‘ഹൈന്ദവ’ഭാരം ഇല്ലാതെ കവിതയിലെ മലയാളത്താളത്തിൻ്റെ ഇടറോഡുകളിൽ വണ്ടിയുരുട്ടിപ്പഠിക്കലാണ് എനിക്ക് വൃത്തം; കൊച്ചിലേയും ഇന്നും,

“അങ്കുശക്കാൽവിരൽത്തുമ്പുകൾ, കമ്പിയിൽ സങ്കടം കൊണ്ടങ്ങമർത്തിടുന്നു” എന്ന ഈരടി പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഞാനെഴുതിയതാണ്. ആ വരി എഴുതിക്കഴിഞ്ഞ നിമിഷം പൊട്ടിക്കിളിർത്ത ഉൾക്കുളിർ ഇപ്പോഴും ഉള്ളിൽ. 1980 ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ കവിതയെഴുത്തു മത്സരവേദിയിൽ വച്ചാണ് സംഭവം. പാലക്കാട് വിക്ടോറിയ കോളേജിലെ വിശാലമായ ക്ലാസ് മുറി. സാക്ഷാൽ വൈലോപ്പിള്ളിയാണ് പരീക്ഷകൻ. അദ്ദേഹം വിഷയം തന്നു – കൂട്ടിലടച്ച കിളി. പാഠപുസ്തകത്തിൽ നിന്നു കഷ്ടിച്ച് പഠിച്ചെടുത്ത കേകയും കാകളിയും കളകാഞ്ചിയുമൊക്കെയേ അന്നു കൈമുതലായുള്ളൂ. അക്കൊല്ലം പഠിക്കാനുണ്ടായിരുന്ന ‘ജലസേചന‘ത്തിലെ “പൊങ്ങീ ദധിമഥനോത്സവസംഗീതം /കങ്കണരിംഖണ സങ്കലിതം…” പോലെയുള്ള ശബ്ദശയ്യ, നേരേ മുന്നിൽ നിൽക്കുന്ന വൈലോപ്പിള്ളിയുടെ അബോധത്തിൽ നിന്ന് പകർന്നുകിട്ടിയിട്ടാവാം, അന്ന് ഞാനെഴുതി:

“അങ്കുശക്കാൽവിരൽത്തുമ്പുകൾ, കമ്പിയിൽ

സങ്കടം കൊണ്ടങ്ങമർത്തിടുന്നു

ചെഞ്ചുണ്ടു കോച്ചുന്നു ഹാ കഷ്ട!മാമുഖം

കാഞ്ചനച്ചേലൊളി കൈവിടുന്നു ”

ആധുനികത അരയും തലയും മുറുക്കി രംഗത്തുണ്ടെങ്കിലും, കവികൾ പൊതുവേ ഹിന്ദുക്കളും കവിത പൊതുവേ സന്ധ്യയ്ക്ക് വിളക്കു കത്തിച്ചിരുന്നു വായിക്കുന്ന കിളിപ്പാട്ടുമാണെന്ന മാമൂൽ അവസാനിച്ചിട്ടുണ്ടായിരുന്നില്ല. ഞാനന്ന് ഒരു മാതൃകാ തിരുവനന്തപുരം നായർ സെറ്റിൽമെന്റിൻ്റെ നടുക്കു പാർപ്പാക്കിയ ഒരേയൊരു മേത്തകുടുംബത്തിലെ 14-15 വയസ്സുള്ള ചിന്നപ്പയൽ. മതപരമായ അപരത്വത്തിൻ്റെ മൊത്തമോ ചില്ലറയോ അപകർഷങ്ങൾ അബോധത്തിലുണ്ട്. രണ്ടുരണ്ടരക്കൊല്ലം മുമ്പ് – അതായത് ജനസംഘക്കാരുൾപ്പെട്ട അടിയന്തിരാവസ്ഥാനന്തര കേന്ദ്രസർക്കാരിൻ്റെ കാലത്ത് – ഞങ്ങൾ ഓടിക്കളിച്ചിരുന്ന മുറ്റം എനിക്ക് പ്രവേശനമില്ലാത്ത ‘ശാഖ’ എന്ന ഏർപ്പാടായി മാറിയതിൻ്റെ നടുക്കമുണ്ട്. പക്ഷേ, പാഠപുസ്തകത്തിലെ എല്ലാ കവിതകളും കാണാപ്പാഠം. ചങ്ങമ്പുഴയുടെ ഓമനക്കുട്ടൻ മുതൽ ശീവൊള്ളി നമ്പൂതിരിയുടെ ശാർദ്ദൂലവിക്രീഡിതം വരെ നമ്മുടെ സ്വന്തം. വീട്ടുപരിസരത്തും സ്ക്കൂളിലുമുണ്ടായിരുന്ന ‘മേത്ത’സങ്കോചം മലയാള പാഠാവലിയിലെ കവിതകളുടെ കാര്യത്തിൽ തരിമ്പുമുണ്ടായില്ല. എന്നാൽ സിലബസിനു പുറത്തുള്ള കാവ്യപാരമ്പര്യമാവട്ടെ പൂജ്യവും.

എത്ര വയസ്സ് മുതലാണു കവിത തിരിച്ചറിഞ്ഞു തുടങ്ങിയതെന്നു കൃത്യമായി പറയാനാകുന്നില്ല. ഓര്‍മ്മ തുടങ്ങുന്നിടത്ത് അതുണ്ടായിരുന്നു. ശീലുകള്‍ കേട്ടാല്‍ അതിലങ്ങു മുഴുകും. തുളച്ചുകേറും പോലെ അത് ഉള്ളിലെത്തും. കൂട്ടിവായിക്കാന്‍ തുടങ്ങിയപ്പോള്‍, ‘നമ്മുടെ സ്വന്തം‘ എന്നൊരു സ്വാതന്ത്ര്യത്തോടെ ചുറ്റുമുണ്ട്, കവിതയുടെ ഛായയുള്ളതെല്ലാം. വാപ്പ കുറേശ്ശെ പാടുമായിരുന്നു. അപൂർവ്വമായി കവിതകളും മൂളും. ഒന്നാംപാഠത്തിലെ ശങ്കരക്കുറുപ്പിൻ്റെ ഒരു വരി എന്നെ വല്ലാതെ ചൊടിപ്പിച്ചത് നല്ല ഓര്‍മ്മയുണ്ട്. ‘വാലില്ലാത്തവര്‍ നിങ്ങളറിഞ്ഞാല്‍ വാല്‍ പൊക്കിക്കൊണ്ടോടും,’ എന്നോ മറ്റോ ആണ് ആ വരി. വാലില്ലാത്തവര്‍ വാല്‍ പൊക്കിക്കൊണ്ട് ഓടും എന്നായിരുന്നു എൻ്റെ അന്വയം. ഇല്ലാത്ത വാലും പൊക്കി ഓടുകയോ? എനിക്കത് ദഹിച്ചില്ല. വാപ്പ എൻ്റെ അന്വയത്തിനു മുമ്പില്‍ വിസ്മയത്തോടെ ഇരിക്കുന്നത് ഇപ്പോഴും ചിത്രം പോലെ മനസ്സിലുണ്ട്. എൻ്റെ അസുഖം കവിതയുടേതാണെന്ന് വാപ്പ ആണ് ആദ്യം മനസ്സിലാക്കിയത്. നാലിലോ അഞ്ചിലോ മറ്റോ പഠിക്കുമ്പോള്‍ എതോ വാരികയില്‍ വന്ന ഖലീല്‍ ജിബ്രാന്റെ ഒരു കവിത വാപ്പ എനിക്ക് വായിക്കാന്‍ തന്നു. ഉറക്കെ വായിക്കാന്‍ പറഞ്ഞു “അതു ഞാനായിരുന്നു./ അത് ഞാനാണ്/ അത് ഞാനായിരിക്കും/… ബോധിവൃക്ഷത്തിന്റെ തണലില്‍ ഞാനിരുന്നു/ കണ്‍ഫ്യൂഷസ്സിന്റെ കൂടെ ഞാന്‍ നടന്നു… “ഞാനത് ഉറക്കെ ഒരു പ്രത്യേകശൈലിയില്‍ വായിക്കും. വീട്ടില്‍ വരുന്ന പലരുടെയും മുന്‍പില്‍ വാപ്പ എന്നെക്കൊണ്ട് അത് വിസ്തരിപ്പിച്ചു. ഓരോ തവണ ചൊല്ലുമ്പോഴും ‘അവാച്യമായ ആനന്ദം‘ എന്നൊക്കെ പറയാറില്ലേ, ആ അവസ്ഥയിലെത്തും ഞാന്‍. ജിബ്രാന്റെ കവിതയെ അനുകരിച്ച് എന്തോ ഒന്ന് രഹസ്യമായി എഴുതുകയും ചെയ്തു. സങ്കോചത്തോടെ വാപ്പയെ കാണിച്ചു. അതേതായലും അതിഥികളുടെ മുന്നില്‍ എന്നെക്കൊണ്ട് വാപ്പ വായിപ്പിച്ചില്ല. ഇപ്പോള്‍ ഒരു വരി പോലും ഓര്‍മ്മയും ഇല്ല. ആയിടെ മനോരമ വാരികയില്‍, പില്‍ക്കാലത്ത് നിത്യകന്യകയെത്തേടി എന്ന വിശ്രുത പുസ്തകമായി മാറിയ, പി. കുഞ്ഞിരാമന്‍ നായരുടെ കോളം ആരംഭിച്ചിരുന്നു. ചോദ്യോത്തരഘടനയിലുള്ള, നിറയെ രൂപകങ്ങള്‍ കൊണ്ട് ചമല്‍ക്കരിച്ച, ആ എഴുത്ത് എന്നെ ഹരം പിടിപ്പിച്ചു. വാപ്പയും ഞാനും ഒന്നിച്ചിരുന്നാണ് വായന. ‘കവി എന്തു കുടിക്കുന്നു? ഭാരതപ്പുഴ’ എന്നൊക്കെ വായിച്ച് ആകെ അന്തംവിട്ടുപോയി. പിന്നെ ഏഴിലോ മറ്റോ പി ഉള്ളൂരിനെ കുറിച്ചെഴുതിയ ഒരു പുസ്തകം ഉപപാഠപുസ്തകമായി കിട്ടി. അക്ഷയദീപം എന്നാണെന്നു തോന്നുന്നു അതിൻ്റെ പേര്. കയ്യില്‍ കിട്ടിയ ഉടൻ പലയാവര്‍ത്തി വായിച്ചു. അതിലെ ‘കവി‘ യോളമാവുക എന്നതാണ് ലോകത്തിലെ ശ്രേഷ്ഠമായ മനുഷ്യാവസ്ഥ എന്നുതന്നെ കവിഞ്ഞുപോയി ഞാന്‍. ക്ലാസ്സില്‍ അത് പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് ആദ്യ അദ്ധ്യായങ്ങളൊക്കെ കാണാപ്പാഠമായിരുന്നു. ഇന്നാലോചിക്കുമ്പോള്‍ ഒരു വസ്തുത തെളിയുന്നു. ഞാന്‍ ആദ്യം കവിത കണ്ടത് പതിവുപദ്യരൂപത്തിലല്ല. പരമ്പരാഗതമായി മലയാളത്തിലെ കവിക്കുട്ടികള്‍ മുങ്ങാറുള്ള, പാട്ടിൻ്റെയും പദ്യത്തിൻ്റെയും പുഴകളില്‍ മുങ്ങിനിവരാന്‍ എനിക്ക് അവസരമുണ്ടായില്ല. അതിൻ്റെ ദോഷങ്ങളുണ്ടാവാം. പക്ഷേ ചില്ലറ ഗുണങ്ങൾ അതുകൊണ്ട് ഉണ്ടായിട്ടുണ്ട്. കോളേജിലൊക്കെ എത്തിയപ്പോള്‍ ‘പാരമ്പര്യമില്ലാ‍യ്മ’യുടെ ആധി, അതായത്, കവിത എഴുതുന്ന മറ്റ് പലര്‍ക്കുമുള്ള കുട്ടിക്കാലം – സംസ്കൃതവും കിളിപ്പാട്ടും ശ്ലോകവും ഒക്കെ പരിചയിച്ചുള്ള കുട്ടിക്കാലം – എനിക്കില്ലല്ലോ എന്ന ആധി കുറേശ്ശെ അലട്ടിയിരുന്നെങ്കിലും, അതെനിക്ക് ഒരുപാട് സ്വാതന്ത്ര്യവും അനുവദിച്ചുതന്നുവെന്ന് ഇന്നെനിക്കറിയാം. അതുമൂലം ഒരുതരം സാഹസം ബോധപൂര്‍വ്വമല്ലാതെ എൻ്റെ എഴുത്തില്‍  വന്നിട്ടുണ്ടെന്ന് തോന്നുന്നു.

ശരിക്കും കവിത എന്നു തീരുമാനിച്ച് എഴുതിത്തുടങ്ങുന്നത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ഞാന്‍ മുന്‍കയ്യെടുത്ത് ഒരു കയ്യെഴുത്തു മാസിക തുടങ്ങി. ഞാനാണ് ഓള്‍ ഇന്‍ ഓള്‍… ക്ലാസ്സിലെ രണ്ടോ മൂന്നോ പേരൊഴികെ ആരും ഒന്നും എഴുതിത്തരുന്നില്ല. പല പേരുകളില്‍ പല ലൊട്ടുലൊടുക്കുകളും ഞാന്‍ തന്നെ എഴുതി. രാജുമോന്‍ ടി മാവുങ്കല്‍ എന്ന കുട്ടി ഒരു കവിത തന്നു; ബാലരമയിലൊക്കെ വരുന്ന തരം. മറ്റു കൂട്ടുകാരൊക്കെ അത് അത്ഭുതത്തോടെ അംഗീകരിച്ചെങ്കിലും എനിക്ക് ചില്ലറ പുച്ഛമാണ് ഉള്ളില്‍ തോന്നിയത്. ഇതുപോലെ എത്ര വേണമെങ്കിലും എനിക്ക് എഴുതാം എന്ന ഒരു ഹുങ്ക്. എന്നാലും അവൻ്റെ കവിതയിലുണ്ടായിരുന്ന താളവും മറ്റും തെറ്റില്ല എന്നും തോന്നി. അത് അവനോടു പറഞ്ഞു. മറ്റേത് പറഞ്ഞില്ല. അതൊന്നും അവന് പറഞ്ഞാല്‍ മനസ്സിലാവില്ല, കവിതയുടെ മര്‍മ്മം എനിക്കല്ലേ അറിയൂ എന്ന ഒരു മട്ട്! രണ്ടു ദിവസത്തികം ഞാന്‍ മൂന്നു കവിത മാസികയ്ക്കായി എഴുതി. സത്യത്തില്‍ അന്നുവരെ കവിതയെന്ന നിലയില്‍ ഒന്നും എഴുതിയിട്ടില്ല. പക്ഷേ അങ്ങനെയൊരങ്കലാപ്പ് എനിക്കുണ്ടായതേയില്ല. പാഠപുസ്തകങ്ങളിലെ മുഴുവന്‍ കവിതയും ഹൃദിസ്ഥമാക്കലൊഴികെ മറ്റ് വായനയൊന്നും ഇല്ല എനിക്കന്ന്. എങ്കിലും, കവിത എന്റെ ഉള്ളിലുള്ള അപൂര്‍വ്വ വിദ്യയാണെന്നും അതുകൊണ്ടുതന്നെ ഞാന്‍ മറ്റു കുട്ടികളെക്കാള്‍ സ്പെഷ്യലാണെന്നും കുമാരനാശാനും വൈലോപ്പിള്ളിയും വള്ളത്തോളുമൊക്കെ എൻ്റെ സ്വന്തമാണെന്നും എനിക്കെങ്ങനെയോ അറിയാമായിരുന്നു. അതുകൊണ്ടായിരിക്കാം, പതിവായി ചെയ്യുന്ന എന്തോ കാര്യത്തിൻ്റെ തുടര്‍ച്ച പോലെയായിരുന്നു ഒറ്റത്തച്ചിന് മൂന്നെണ്ണം എഴുതിയത്. പാഠപുസ്തകത്തില്‍ വള്ളത്തോളും ആശാനുമെല്ലാം വായിക്കുമ്പോള്‍ ഞാന്‍ അവ എഴുതുക തന്നെയായിരുന്നിരിക്കണം. വായന എഴുത്ത് തന്നെ എന്നു ചുരുക്കം.

വായിച്ച് സ്വന്തമാക്കല്‍ ഇന്നും എൻ്റെ പ്രധാന കാവ്യവൃത്തികളിലൊന്നാണ്. കവിയെന്നാല്‍ കുട്ടിക്കാലത്തു വിചാരിച്ച പോലെ അഭൌമശ്രേഷ്ഠമായ ജന്മമൊന്നുമല്ലെന്ന് ഇപ്പോള്‍ എനിക്കറിയാം. പക്ഷേ ഒരുകാര്യം ഉറപ്പ്, കവി ഒരു രുചിയാണ്. ഭാവുകത്വമാണ്. ചിലര്‍ ചിലപ്പോള്‍ അത് എഴുതുന്നു. ചിലര്‍ വായിക്കുന്നു. ചിലര്‍ രണ്ടിലും ചെന്നുപെടുന്നു. പലപ്പോഴും വ്യവച്ഛേദിക്കാനാവാത്തവിധം രണ്ടും കലര്‍ന്നുപോവുന്നു. എന്നില്‍ അതായിരിക്കും കുട്ടിക്കാലത്ത് സംഭവിച്ചത്. ഏതായാലും ഇന്നും എനിക്ക് ഒരുപാട് എഴുതാനൊന്നും താല്‍പ്പര്യമില്ല. ആശാനോ റില്‍കെയോ ഷിംബോസ്കയോ ആറ്റൂരോ വായിച്ചുകൊണ്ടിരുന്നാല്‍ അതുമതി. ഉള്ളിലെ ആ ജന്തുവിൻ്റെ വിശപ്പടക്കാന്‍ കൊറ്റ് തേടുക. അതാണെന്നു തോന്നുന്നു, കാവ്യവൃത്തി. പറയുമ്പോള്‍ കഴിഞ്ഞു; പക്ഷേ ആ വൃത്തിയും ശിക്ഷയും അത്ര സുലളിതമല്ല.സുഗമമല്ല. അതിൻ്റെ വിശപ്പ് ഭ്രാന്തമാണ്. വന്യമാണ്. നിങ്ങളിലെ ആ പാവം വ്യവഹാരമനുഷ്യൻ്റെ ചോര, ആത്മാവ് എല്ലാം അത് ഊറ്റിക്കുടിക്കും. ജീവിതത്തിൻ്റെ സകലകോശവും അത് കയ്യടക്കും. എങ്കിലും ആ അര്‍ബുദം ഉന്മാദകരവും ആനന്ദകരവുമാണ് .

നമ്മുടെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കവിതകളെക്കാള്‍ നമ്മള്‍ വരുതിയില്‍  നിര്‍ത്തിയവ നന്നാവുമ്പോള്‍ ചില്ലറ അഹങ്കാരം വരും. കാരണം, നമ്മുടെ സെല്‍ഫിന് ഒരു റോളുണ്ടെന്ന് തോന്നും. മറ്റേത് നമ്മള്‍ എഴുതിയതാണെന്ന് ഉറപ്പില്ല. അസൂത്രണമുള്ള തരം എഴുത്തില്‍  നമ്മള്‍ വച്ച കല്ലല്ലേ ആ അണക്കെട്ടില്‍ എന്ന മേസ്തിരി ഓതര്‍ഷിപ്പ് വരും. രണ്ടായാലും കവിതയാവല്‍ ഭാഷയിലെ ഒരു കോണ്‍ഫിഗറേഷന്‍ മാത്രമാണെന്നു തോന്നുന്നു. ജീവിതം അപ്പടി കവിതയ്ക്കായുള്ള ഒരുക്കവും അണിയലും തോറ്റവും ഉറയലും അഴിയലും ആണ് എൻ്റെ അനുഭവത്തില്‍. ഒരു ജയിലും ദേവാലയവുമുണ്ട് അതില്‍. കുറേക്കൂടി ഡിറ്റാച്ച്ഡ് ആയാല്‍ നല്ലതാണെന്ന തോന്നലുമുണ്ട്. അതിനായി പല ആചാരങ്ങളും അനുഷ്ഠിച്ചുനോക്കുന്നുമുണ്ട്.

വൃത്തസങ്കൽപ്പം എന്ന വിഷയത്തിലേക്ക് മടങ്ങിവരാം. എനിക്കങ്ങനെ നിയതമായ ഒരു വൃത്തസങ്കൽപ്പമുണ്ടോ? സ്ഥായിയായ ഒരാത്മതാളമുണ്ടോ?

കുട്ടിക്കാലത്ത് എൻ്റെ കാവ്യകലയുടെ ‘ഏഴാമിന്ദ്രിയം’ പാഠപുസ്തകത്തിലും ഗദ്യത്തിലും പരിമിതപ്പെട്ടെങ്കിൽ കൗമാരത്തിലേക്ക് കടന്നതോടെ അത് വായനാചരിത്രത്തിൻ്റെ കാലാനുക്രമം പിടികിട്ടാതെയും പാലിക്കാതെയും ഒഴുകിനടന്നു. ഒടുക്കം പൊങ്ങുതടിപോലെത്തിപ്പെട്ടത് ചുള്ളിക്കാടിലും കടമ്മനിട്ടയിലും അയ്യപ്പപ്പണിക്കരിലും. പ്രീഡിഗ്രി ഒന്നാം വർഷത്തിനു ചേർന്ന കാലത്ത് പോക്കുവെയിൽ എന്ന സിനിമ കണ്ടിരുന്നു. ഒരു കഥയുമില്ലെങ്കിലും അതിഷ്ടമായി. അതിലെ കവിതകൾ വേതാളം പോലെ കൂടെ കൂടി. രമേശ് എന്ന കൂട്ടുകാരൻ ഗവ. ആർട്ട്സ് കോളേജിലെ ഒരു മരച്ചോട്ടിലിരുന്ന് ആ കവിതകൾ ചൊല്ലുന്നു. അത്ഭുതമായി. വേനൽ എന്ന സിനിമയിൽ നെടുമുടി വേണു പാടുന്ന അയ്യപ്പപ്പണിക്കർക്കവിതയും രമേശന് അറിയാം. ഒരു നോട്ടുബുക്കിൽ അതെല്ലാം കേട്ടുപകർത്താൻ തുടങ്ങിയപ്പോൾ രമേശൻ പറഞ്ഞു. ‘രാത്രികൾ പകലുകൾ‘ പകർത്താം. മറ്റേതു രണ്ടും പതിനെട്ടു കവിതകൾ എന്ന പുസ്തകത്തിലുണ്ട്. കറന്റ് ബുക്സിൽ അഞ്ചു രൂപയ്ക്ക് കിട്ടും. അതായിരുന്നു ഞാൻ ആദ്യമായി കാശു കൊടുത്തു വാങ്ങിയ പുസ്തകം. നക്സലൈറ്റ് പ്രസിദ്ധീകരണങ്ങളായ പ്രേരണയും കോറസും ഒരാൾ രഹസ്യമായി തരുമായിരുന്നു. അയാളാണെന്നു തോന്നുന്നു, ഒരിക്കൽ ബോധി എന്ന മാസികയുടെ പഴയൊരു ലക്കം തന്നിട്ട് ഇതിൽ കടമ്മനിട്ടയുടെ ‘കുറത്തി‘യുണ്ട്, വായിക്കൂ എന്ന് ആവേശഭരിതനായി. ആയിടെ കൂട്ടുകൂടിയ പി.കെ. രാജശേഖരൻ വഴിയാണ് സംക്രമണത്തിൻ്റെ പോളിഷ് പതിപ്പിൽ വന്ന കവിതാവിവർത്തനങ്ങളും സച്ചിദാനന്ദൻ്റെ രാഷ്ടീയകവിതകളും പുതിയൊരു ഗദ്യബിംബഭാഷയും പരിചിതമായത്. അങ്ങനെ 15-17 വയസ്സിൽ ഞാൻ ആർജ്ജിച്ചത് ഒരവിയൽ താളബോധമാണെന്നു പറയാം. അതു വച്ച് ചില കവിതകൾ അന്നാളുകളിൽ എഴുതിയെങ്കിലും അതൊന്നും ശരിപ്പെട്ടില്ല. യൂണിവേഴ്സിറ്റി കോളേജിൽ മലയാളം ബിരുദവിദ്യാർത്ഥിയായി എത്തിയപ്പോൾ വിനയചന്ദ്രൻസാറു പറഞ്ഞു, ആദ്യം എഴുത്തച്ഛനും നമ്പ്യാരും ഉണ്ണായിയും വായിക്കണം. പിന്നെ ആശാൻ വള്ളത്തോൾ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി, പി, ബാലാമണിയമ്മ…. തുടർന്നുള്ള അഞ്ചാറു കൊല്ലം പരമ്പരാഗതവൃത്തതാളപദ്ധതികളിൽ മുങ്ങിയും പൊങ്ങിയുമാണ് ജീവിച്ചത്. അക്കാലത്ത് പാട്ടുവൃത്തങ്ങൾ മിക്കവയും അവയുടെ പതിവു സെമിട്രിയിൽ അനായാസം എഴുതാൻ ശീലിച്ചുവെങ്കിലും പദശയ്യയിലോ സംസ്കൃതീകൃതമായ സമസ്തപദച്ചേരുവകളിലോ ശൈലീപരമായ പാരമ്പര്യത്തുടർച്ചയിലോ ഒന്നും കടമ്മനിട്ട, ബാലചന്ദ്രൻ തുടങ്ങിയ മാതൃകാകവികളുടെ വടിവ് ഒത്തുവന്നില്ല. മാത്രമല്ല, ക്ലാസിക്കൽ വർണ്ണവൃത്തങ്ങൾ വച്ചുള്ള കുമാരനാശാൻ്റെ ബദൽ രചനാരീതിയുടെ ഇരുണ്ട ആഴങ്ങൾ തരുണാധുനികതയുടെ ബിംബഭാഷയെക്കാൾ എന്നെ മോഹിപ്പിക്കാനും തുടങ്ങിയിരുന്നു. ചിന്താവിഷ്ടയായ സീതയിലെ “കനിവാർന്നനുജാ പൊറുക്ക ഞാൻ / നിനയാതോതിയ കൊള്ളിവാക്കുകൾ”, “പ്രണയം തലപൊക്കിട്ടാതെയായി-/ന്നണലിപ്പാമ്പു കണക്കെ നിദ്രയായ്”, “പുരികം പുഴുപോൽ പിടഞ്ഞകം ഞെരിയും തൻതല താങ്ങി കൈകളാൽ” എന്നിങ്ങനെയുള്ള പദബന്ധങ്ങളിൽ നിന്ന് ആന്തരികവും ആധുനികവുമായ പൊരുളുകൾ പത്തിവിടർത്താടുന്നതു കണ്ട് എൻ്റെ കണ്ണുതള്ളിപ്പോയി. ക്രമേണ ബാലചന്ദ്രനിൽ നിന്ന് കുമാരനാശാനിലേക്കും നവോത്ഥാന – കാൽപ്പനിക കാലത്തിൽ നിന്ന് മദ്ധ്യകാല – പ്രാചീന കാവ്യങ്ങളിലേക്കുമുള്ള പൂർവ്വായനങ്ങൾ എൻ്റെ വായനയുടെ ആർത്തികളെ കുറെയൊക്കെ തൃപ്തിപ്പടുത്തിയെങ്കിലും എഴുത്തിൻ്റെ അദമ്യമായ ഇച്ഛകൾക്ക് അതൊന്നും ലളിത പരിഹാരങ്ങളായില്ല. 1980കളിൽ കേകയിലും കാകളിയിലും പരന്ന ഗദ്യത്തിലും നീണ്ട ചില ആഖ്യാനകവിതകൾ എഴുതി നോക്കി. തിരുത്തിത്തിരുത്തി രണ്ടും മൂന്നും കൊല്ലം കയ്യിൽ വച്ചശേഷം അതെല്ലാം നിഷ്കരുണം ഉപേക്ഷിച്ചു.

കവിതയ്ക്കുള്ളിലെ താളാവതാളങ്ങളിൽ കുടുങ്ങിയതിനു സമാന്തരമായി അരങ്ങിൻ്റെ ബാധയുമുണ്ടായി. 1984-90 കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി കോളേജ് കാമ്പസ് തിയറ്ററിലെ നാടകങ്ങൾക്കായി ചില ശീലുകൾ പാടിയാടുകയും നരേന്ദ്രപ്രസാദ് സാറിൻ്റെ നാടകചൊൽക്കാഴ്ചാവതരണങ്ങളുടെ അരങ്ങിലും അണിയറയിലും പണിയെടുക്കുകയും വിനയചന്ദ്രഗുരുവിൻ്റെ ശിഷ്യനായി ഇടയ്ക്കിടെ ചൊൽക്കവിതയുടെ താവഴി തെണ്ടുകയും ചെയ്തിരുന്നു. ഈ താളജീവിതത്തിനിടയിലായിരിക്കണം, നാടത്തത്തിൻ്റെ ഒരിതരലോകം കൂടി എൻ്റെ കാവ്യപരിശ്രമങ്ങളിൽ തെളിഞ്ഞുവരാൻ തുടങ്ങിയത്. അതോ, തിരുവനന്തപുരം പോലുള്ള ചെറുപട്ടണങ്ങൾക്കകത്ത് നിരവധി ഗ്രാമങ്ങൾ നിശബ്ദം അധിവസിച്ചിരുന്നതു പോലെ, അപാരമ്പര്യത്തറയിൽ ഞാനുയർത്താൻ ശ്രമിച്ച താളത്തിൻ്റെ താൽക്കാലിക എടുപ്പുകൾക്കടിയിൽ നാടത്തത്തിൻ്റെ ഒരാവാസവ്യവസ്ഥ അന്തർഹിതമായിരുന്നെന്നു വരുമോ? അറിഞ്ഞുകൂട.

വ്യക്തിപരമായ ചില സങ്കടങ്ങൾക്കും കടുത്ത റൈറ്റേഴ്സ് ബ്ലോക്കിനും ആറേഴു കൊല്ലത്തെ മുഴുസമയ വീഡിയോ-സിനിമാപ്പണിക്കും ശേഷമാണ് 1997ൽ ‘ഏകാന്തതയുടെ അമ്പതു വർഷങ്ങൾ‘ എഴുതുന്നത്. അതിന് ഏതാനും കൊല്ലം മുമ്പ് ആഫ്രിക്കൻ കവിതകളുടെ വിവർത്തനകാലത്ത്, ഉഗാണ്ടയുടെ ദേശീയകവി ഒകോത് പി ബിതെകിനെ “പള്ളിക്കൂടപ്പടിയിന്നേ/വരെയുമവർ കണ്ടിട്ടില്ല / പള്ളിക്കൂടപ്പടി യിനിയവ/രൊരുനാളും കാണുകയില്ല / അവർ വളരും പൊന്തകൾ വിട്ട-/ങ്ങുയരെപ്പെരുമരനിരയൊപ്പം / അവർ പടു,മൊരു കാട്ടുകടുന്തീ / പടരും വരൾനാളുകളൊന്നിൽ “(തടവുകാരൻ്റെ പാട്ട് ) എന്ന് കടമ്മനിട്ട രാമകൃഷ്ണനിലേക്കും നൈജീരിയൻ കവി മൈക്കിൾ ഇകേറുവിനെ “മണലിലാണ്ടു നീ അമ്പിളിക്കീറിൻ്റെ / തണലിൽ മൈതാനവിസ്തൃതിയിൽ കിട-/ന്നിമകൾ പൂട്ടാതെ മിന്നാമിനുങ്ങുകൾ-/ക്കിട കൊടുക്കണം കണ്ണിൽ പറക്കുവാൻ” (ഉറക്കുപാട്ട്) എന്ന്  ബാലചന്ദ്രൻ ചുള്ളിക്കാടിലേക്കും ഞാൻ പരാവർത്തനം ചെയ്തിരുന്നു. അന്നത്തെ ആഫ്രിക്കൻ വിവർത്തനങ്ങളോടെ ആധുനികതയുടെ ചൊല്ലരങ്ങു ശൈലിയോടുള്ള ആർത്തി ഏറെക്കുറെ അടങ്ങിയെന്നു വേണം കരുതാൻ. അങ്ങനെ, കൗമാരകാലത്തിൻ്റെ രൂപമാതൃകളെ ഉച്ചാടനംചെയ്ത്, ഒരിടവേളയ്ക്കു ശേഷമാണ് ‘ഏകാന്തതയുടെ അമ്പതു വർഷങ്ങ’ളുടെ വരവ്.

ഒരു സ്വാതന്ത്ര്യസമരക്കാരൻപയ്യൻ്റെ ജീവിതകഥാഖ്യാനത്തിലൂടെ കേകയുടെ ദുഃസ്വാതന്ത്ര്യത്തിലേറി അനായാസം നീങ്ങുമ്പോൾ എനിക്കു മനസ്സിലായി, എന്റേതായൊരു നാട്ടുവഞ്ചിയാണ് ഞാൻ തുഴയുന്നതെന്ന്. എന്നാൽ ആ തന്നിഷ്ടക്കേകയ്ക്ക് പ്രചോദനമായ മറ്റൊരു ആഖ്യാന മാതൃകയുണ്ടെന്നും എനിക്കറിയാമായിരുന്നു. ആ തിരിച്ചറിവിനെക്കുറിച്ച് മുമ്പെഴുതിയിട്ടുണ്ട്. അതിൽ നിന്നൊരു ഭാഗം ഉദ്ധരിക്കട്ടെ: ….മകളെക്കുറിച്ചുള്ള  നാടകീയാഖ്യാനമാണ് ‘തലമുറകൾ‘. തേക്കടിയിലെ എ.ജെ. തോമസിൻറെ ക്വാർട്ടേഴ്സിലെ ഒരു തണുരാത്രിയിലിരുന്ന് അതു വായിച്ചത് പകൽത്തെളി പോലെ ഓർമ്മയുണ്ട്. ഇടത്തരക്കാരുടെ ജീവിതത്തിലെ ഒരു സാധാരണ സന്ദർഭം എന്തൊരൊഴുക്കോടെ കവിതയായി മാറുന്നുവെന്ന് ആ ആദ്യ വായന വന്ന് ഉൾക്കാതിലലയ്ക്കുന്നത് ഇപ്പോഴും എനിക്കു കേൾക്കാം. കവിതയുടെ മറുഭാഷയിലും ആന്തരലയത്തിലും കഥ പറയുന്ന കാവ്യകലാസങ്കേതത്തിൻ്റെ അപാരമായ ശക്തിയാണ് അന്ന് എന്നിലേക്ക് ഇരച്ചു കയറിയതെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടത് നാലഞ്ചു കൊല്ലം കഴിഞ്ഞ് ‘ഏകാന്തതയുടെ അമ്പതു വർഷങ്ങൾ’ എഴുതിയ വേളയിലാണ്. ആ ദീർഘമായ കഥനകവിതയിലേക്കു കടക്കാൻ സച്ചി മാഷ്  എനിക്കു തന്ന പേശീദാർഢ്യമുള്ള പാലമായിരുന്നു ‘തലമുറക‘ളുടെ ആഖ്യാനഘടന. അതിൻറെ ആദ്യ ഈരടികൾ ഇങ്ങനെ –

ഇല്ലൊരിക്കലും നിങ്ങൾക്കാവില്ല മനസ്സിലാ-

വില്ലെന്നെ’ ശ്ശബ്ദം കേട്ടു തിരിഞ്ഞുനോക്കുന്നച്ഛൻ.

നിൽക്കയാണിളയവൾ സങ്കടം തന്റേടത്തിൽ

മുട്ടുന്നൊതിർത്തിയിൽ പുലരിസ്സൂര്യൻ പോലെ.

വൈദ്യുതാഘാതത്തിനാൽ തരിച്ചുനില്പാണമ്മ

കണ്മണി പെട്ടെന്നന്യയായപോൽ, മരിച്ച പോൽ.

‘പ്രായപൂർത്തിയായിന്നു മകളേ നിനക്കെ’ന്നു

നീരവമച്ഛൻ നിന്നു പെയ്യുന്നു സകൗതുകം.

 

1997ൽ ഞാൻ ‘ഏകാന്തത…’ എഴുതുമ്പോൾ, എനിക്കറിയുമായിരുന്നില്ല, ദൃശ്യചിത്രണ രീതിയിൽ, ഗാനത്വം കുറഞ്ഞ കേകയിൽ, ഗദ്യത്തോടടുത്ത വാക്യഘടനയിൽ, രൂപകാത്മകതയും വ്യവഹാരഭാഷയും ഇടകലരുന്ന വിവരണത്തിൽ, മുഹൂർത്തത്തിൻ്റെയും സംഭാഷണത്തിലെയും നാടകീയതയിൽ ഒക്കെ എൻ്റെ അബോധത്തിൻറെ റഫറൻസ് പോയിൻറ് ‘തലമുറക’ളായിരുന്നുവെന്ന്. ആ സത്യം ഇന്നെനിക്കറിയാം. ‘ഏകാന്തത…’ യിൽ നിന്ന് ഒരുദാഹരണം മാത്രം:

‘ഗാന്ധിജി ഒറ്റയ്ക്കാവാൻ പോകുന്നു ചേച്ചീ’ പുര

കത്തുന്നൊരുച്ചയ്ക്കൂണുപാത്രത്തിൽ കണ്ണുംനട്ട്

നൊന്തവൻ; വെറിക്കാറ്റ് മൂത്ത നെല്ലോല തൂർത്തും

നാദമാണവനിപ്പോൾ; മിണ്ടിയില്ലൊന്നും പാറു.

മേൽപ്പുര തുള,ച്ചർക്കനാര്യനൂലൂടിൽ ധൂമ

പാളി പാവിട്ടു നെയ്യുന്നുഷ്ണപടങ്ങൾ, പണ്ട്

കപ്പയും കമ്പൻപുല്ലും വെന്ത ചട്ടിയിൽനിന്നും

കളിയായവൻ കോരി വീർപ്പിച്ച വെയിൽപ്പോള

നെറ്റിയിൽ വീണുപൊട്ടി വേർപ്പുചാലിലൂടിറ്റു

വറ്റിൽ വീഴുന്നൂ, ‘ചോറു തണുക്കും മോനേ’ പുക-

ക്കമ്പളം കീറുമിടർത്തൊണ്ടയിൽ നീറുന്നമ്മ.

(‘തലമുറകളുടെ സച്ചിദാനന്ദൻ‘ എന്ന സ്വന്തം ലേഖനത്തിൽ നിന്ന്)

എന്നിലെ പാട്ടുനാടത്തം ഒരേ സമയം പഴയതും പുതിയതുമായതു കൊണ്ടാവാം ‘മുസ്തഫാ‘ പോലൊരു കവിത എഴുതാനായത്. നാട്ടുദൂഷണചരിത്രവും ജനപ്രിയ സിനിമാപ്പാട്ടും ഇടകലർന്ന് അതുണ്ടായത് വളരെ യാദൃച്ഛികമായിരുന്നു. റഹ്മാൻ-വാലിപ്പാട്ട് എനിക്കൊരു കഥാവണ്ടിയായി മാറുന്ന പ്രക്രിയ പെരുത്ത് ആവേശകരവുമായിരുന്നു. ഒരു കോമിക് പരമ്പരയുടെ ഹരത്തിൽ ചൊല്ലിയും കഥകെട്ടിയും ഞാനത് പൂർത്തിയാക്കി. എന്നാൽ, ബാബറി മസ്ജിദ് തകർക്കപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ, പല പ്രായത്തിലുള്ള മുസ്തഫയുടെ പലായനങ്ങൾക്കടിയിൽ ആധിയുടെ ചില മൈനുകൾ കൂടി കുഴിച്ചിടപ്പെട്ടിരുന്നു. ചൊല്ലരങ്ങുകളിൽ ഓളമുണ്ടാക്കിയ ആ കവിത പക്ഷേ, ആറ്റൂരും കെ.സി. നാരായണനുമുൾപ്പെടെയുള്ള നിരവധി ക്ലാസിക്കൽ അഭിരുചിക്കാർക്ക് അന്ന് ബോധിച്ചിരുന്നില്ല. രാഷ്ട്രത്തിനുള്ളിലെ തന്നെ അപരത്വദേശങ്ങളിലേക്ക് മുസ്ലീം സ്വത്വം നാടുകടത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മുസ്തഫാക്കവിതയുടെ ഡപ്പാങ്കൂത്തുതാളം, ഒരു പക്ഷേ, പുതിയൊരു ഐറണിയായി മാറിക്കൂടായ്കയില്ല.

പാട്ടുകവിതകളിലെക്കാൾ താളാവതാള സങ്കലനങ്ങൾ എൻ്റെ പാടാക്കവിതകളെ അലട്ടാറുണ്ട്. ഓത്തും പേച്ചും പുലഭ്യവും കൊണ്ട് ശൈലീകരിച്ച പരപ്പൻ ഗദ്യത്തിലാണ് ‘കൊണ്ടോട്ടി എയർ പോർട്ടിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് അവിശ്വാസിയായ ഒരിടത്തരം വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ‘ എന്ന ദീർഘനാമധാരിയായ കവിത നിവർന്നു നിൽക്കുന്നത്. മലപ്പുറത്തിൻ്റെ പ്രകൃതിയിൽ മൂർച്ചയുള്ളൊരു പരദേശിമൊഴി കൊണ്ട് നെടുകെയും കുറുകെയും വരഞ്ഞ മുറിവുകൾ പോലെയാണ് അതിൻ്റെ ഘടനയെന്ന് ഇപ്പോൾ തോന്നുന്നു. അതിലെ മാപ്പിളവിമർശനം ഇത്തിരി കടുത്തുപോയി എന്നും തോന്നാറുണ്ട്.

മെഹബൂബ് എക്സ്പ്രസ്സ് – ഒരു ജീവിതരേഖ‘ ഏറെ ചർച്ച ചെയ്യപ്പെട്ട കവിതയാണല്ലോ. അതിലെ പാൻ ഇന്ത്യൻ രാഷ്ട്രീയ ഉള്ളടക്കവും അതിൻ്റെ വർദ്ധിച്ചുവരുന്ന കാലികപ്രസക്തിയുമൊക്കെയാണ് മിക്ക വായനക്കാരെയും ആകർഷിച്ചതെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം രൂപത്തിലെ അയഞ്ഞു നീണ്ട തീവണ്ടിത്തമാണ് പ്രധാനം. ഉജ്ജ്വല കാവ്യശകലങ്ങൾ മുതൽ ക്ഷുദ്രമുദ്രാവാക്യങ്ങൾ വരെ എന്തും കുത്തിനിറയ്ക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അത് ആ കവിത തന്നു. താളം സ്വാതന്ത്ര്യമാണ്. എഴുതുമ്പോഴും വായിക്കുമ്പോഴും.

ഇപ്പോൾ ഞാൻ പാട്ടുകളുമെഴുതുന്നു. ഈണത്തിനു വരിയെഴുതുമ്പോൾ ഓരോ പാട്ടും ഓരോ ഏകാന്തവൃത്തമാണ്. തൻമട്ടിൽ വാക്കു കെട്ടുമ്പോഴാകട്ടെ, പള്ളിക്കൂടത്തിൽ പോയി പഠിച്ച പാനകളിലും പദ്യങ്ങളിലും നാടലഞ്ഞുകേട്ട പാട്ടുകൾ യഥേഷ്ടം കലരുന്നു; കൃഷിപ്പാട്ടും ശാസ്താംപാട്ടും ജൂതപ്പാട്ടും മാപ്പിളപ്പാട്ടും തെക്കു-വടക്കൻ പാട്ടുകളും കപ്പപ്പാട്ടും കാറ്റുവിളിപ്പാട്ടും പുത്തൻ പേച്ചു (rap) പാട്ടുകളുമെല്ലാം …. അപ്പോൾ, എന്താകും എൻ്റെ വൃത്ത സങ്കൽപ്പം ?

എനിക്ക് സ്ഥായിയായൊരു വൃത്തസങ്കൽപ്പമില്ലെന്നു തോന്നുന്നു. ഓരോ എഴുത്തിലും ഏതോ താളം കടന്നുവന്ന് അതിന്റെ സെമിട്രിയും അസെമിട്രിയും പ്രവർത്തിപ്പിക്കുന്നുണ്ടാവണം. മൊഴിയുടെ ലക്ഷോപലക്ഷം വർഷം പഴക്കമുള്ള ജൈവപേടകങ്ങൾ നമ്മളെപ്പോലുള്ള സാദാ നൈമിഷികസ്രാങ്കുകളുടെ നിയന്ത്രത്തിലല്ലെന്നു മാത്രം അറിയാം.

Comments

comments