24 .ഹിന്ദുത്വത്തിലെ പൗരത്വ സങ്കല്‌പം
……………………………………………………………………..

നാം നേരത്തേ നിരീക്ഷിച്ച പോലെ ആവർത്തനച്ചുഴി കൊണ്ട് നിർമ്മിച്ച വാദമുഖങ്ങൾ ആണ് ” ഹിന്ദുത്വ ” യിൽ ഉള്ളത്. ആവർത്തനത്തിൻ്റെ ഒരു പ്രേരണ, ആശയങ്ങൾ അടിച്ചേല്പിക്കാനുള്ള ത്വരയാണ്. ആവർത്തിക്കുക എന്നാൽ സത്യത്തെ നിർമ്മിച്ചെടുക്കുക എന്ന ഫാസിസ്റ്റ് / നാസി രീതി. അതോടൊപ്പം തന്നെ മനസ്സിലാക്കേണ്ടത് ഹിന്ദുത്വയിലെ ആശയങ്ങൾ സ്വരൂപിക്കപ്പെടുന്നത് ട്രയൽ ആൻഡ് എറർ രീതിയിലാണ്. പ്രതിരൂപനിർമ്മാണമാണ് അതിൽ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അടിച്ചേല്പിക്കുന്ന ഒരു പ്രതിരൂപ നിർമ്മാണം. രണ്ട് കൈകളുള്ള ഒരു ദേവതയെ വരച്ച ശേഷം കുറേക്കാലം കഴിഞ്ഞ് രണ്ട് കൈകൾ കൂടി വരച്ചുചേർക്കാം എന്ന് ചിത്രകാരി / ചിത്രകാരൻ തീരുമാനിക്കും പോലെ ഹിന്ദുത്വത്തിന് വാർഷികവലയങ്ങൾ വരച്ചുചേർക്കുകയാണ് സവർക്കർ. അതോടൊപ്പം 40000 വർഷം പഴക്കം ഹിന്ദു വംശീയതയ്ക്ക് കല്പിച്ചുകൊടുക്കും പോലുള്ള സാഹസികമായ വ്യാജ ചരിത്ര / ഗണിത നിർമ്മാണവും നടത്തുന്നുണ്ട്. സത്യാന്വേഷിയായ ചരിത്രകാരന്റെ സ്വരമല്ല സവർക്കറുടേത്. രാജഗുരുവിൻ്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത പദവിയിലിരുന്ന് ചരിത്രത്തെ കുറിച്ചുള്ള കല്പനകൾ പുറപ്പെടുവിക്കുകയാണ് സവർക്കർ.

“ഹിന്ദുത്വ” ത്തിൻ്റെ തുടക്കത്തിൽ പരാമർശിച്ച ഹിന്ദുയിസത്തിൽ നിന്നും താൻ ഉദ്ദേശിച്ച ബ്രാഹ്മണിസ്റ്റ് ഹിന്ദുത്വ വംശീയതയിലേയ്ക്കുള്ള ദൂരം വീണ്ടും അടയാളപ്പെടുത്തുകയാണ് സവർക്കർ.  ഹിന്ദുയിസം എന്നാൽ മതസംബന്ധിയായ ഒന്ന് മാത്രമല്ലെന്നാണ് സവർക്കർ അവകാശപ്പെടുന്നത്. നിരവധി വൈരുദ്ധ്യങ്ങളും പരസ്പരം പോരടിക്കുന്ന ആശയങ്ങളും ഉള്ളടങ്ങിയ ഒരു വ്യവസ്ഥ ആണത്. അല്ലെങ്കിൽ ഒരു വ്യവസ്ഥാഗണം. പക്ഷെ, ആ വൈരുദ്ധ്യങ്ങളേയും പരസ്പരപോരാട്ടങ്ങളേയും മുൻനിർത്തി ഹിന്ദു രാജ്യം/ രാഷ്ട്രമേ ഇല്ല എന്ന് വാദിക്കുന്നത് തെറ്റാണ്. അതിലും വലിയ തെറ്റാണ് വൈദികവും അവൈദികവുമായ “സഹോദര കുലങ്ങളിൽ ” ഏതെങ്കിലും ഒന്നിനെ അഹിന്ദുവായി മുദ്ര ചാർത്തുന്നത്. ഈ വാദമനുസരിച്ചാണ് ജൈന, ബുദ്ധ, സിക്ക് മതക്കാരെ, വിവിധ ജാതിക്കാർക്കൊപ്പം *ഹിന്ദുരാഷ്ട്രക്കുടക്കീഴിലേയ്ക്ക് നിർബന്ധമായി തള്ളിനീക്കുന്നത്.

തിലക് ഹിന്ദുധർമ്മത്തിന്, ഹിന്ദുയിസത്തിന് നൽകിയ നിർവ്വചനത്തെ സവർക്കർ അംഗീകരിക്കുന്നു. ” വേദങ്ങളിൽ വിശ്വസിക്കുകയും ആരാധനയ്ക്ക് നിശിതനിയമങ്ങൾ ഇല്ല – ഇതാണ് ഹിന്ദുമതത്തിൻ്റെ പ്രത്യേകത ” . തിലക് ചിത്രമയജഗത്ത് എന്ന പത്രികയിലെഴുതിയ ഒരു ലേഖനം കൂടി സവർക്കർ പരാമർശിക്കുന്നു. ആ ലേഖനം ഹിന്ദുത്വയിൽ ഊന്നുന്നില്ലെങ്കിലും ഹിന്ദുധർമ്മത്തിൽ ഊന്നുന്ന ഒന്നാണ്. അതിൽ ഒരു നിർവ്വചനം ഉണ്ട്. യഥാർത്ഥത്തിൽ ഹിന്ദുധർമ്മത്തിൻ്റെ പൂർണ്ണമായ നിർവ്വചനമല്ല. ഹിന്ദുത്വയിലും താഴ്ന്ന ഒന്നാണത്. എന്നാൽ അത് ഹിന്ദുധർമ്മത്തിൻ്റെ ഏറ്റവും ജനകീയമായ സനാതനധർമ്മത്തിൻ്റെ നിർവ്വചനമാണ്. “ശ്രുതി സ്മൃതി പുരാണോക്ത“. ശ്രുതിയും സ്മൃതിയും പുരാണങ്ങളും പറഞ്ഞു തരുന്നത്.

ഇവിടെ നിന്നും ഹിന്ദു ആരാണെന്ന തൻ്റെ നിർവ്വചനത്തിലേയ്ക്ക് സവർക്കർ പോകുന്നു. യഥാർത്ഥത്തിൽ “ഹിന്ദുത്വ ” എന്ന പുസ്തകത്തിൻ്റെ കാതൽ ഈ നിർവ്വചനമാണ്. ഹിന്ദുവാകാൻ ഉള്ള പ്രാഥമികമായ യോഗ്യത ” അവന് സിന്ധു (നദി) മുതൽ സിന്ധു (സമുദ്രം) വരെ നീണ്ടു കിടക്കുന്ന ഭൂമി പിതൃഭൂമിയാണ്, മാതൃഭൂമിയാണ് , അവൻ്റെ തലവന്മാരുടേയും പിതൃക്കളുടേയും ഭൂമിയാണ് ” . രണ്ടാമത്തെ യോഗ്യത ” അവന് ഈ ഭൂമി പിതൃഭൂമി മാത്രമല്ല ,പുണ്യഭൂമി കൂടിയാണ്”

സവർക്കർ ഈ നിർവ്വചനം , ഹിന്ദുവെന്നാൽ സിന്ധുനദി മുതൽ സമുദ്രം വരെയുള്ള ഭൂമി പിതൃഭൂവും പുണ്യഭൂവും ആയിട്ടുള്ളവൻ , നടത്തുന്നത് ഹിന്ദു വംശീയതയെ ഉറപ്പിക്കാൻ മാത്രമല്ല. ഹിന്ദുരാഷ്ട്രത്തിൻ്റെ പൗരനിയമം എന്ന നിലയ്ക്കാണ് . ഇത് പ്രകാരം ഹിന്ദുവായി ജനിക്കുകയും ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്ത വ്യക്തി പോലും ഈ പൗരത്വനിയമത്തിന് പുറത്താകും. പിന്നെ തലമുറകളായി ഇവിടെ ജീവിക്കുന്ന മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും കാര്യം പറയേണ്ടതില്ലല്ലോ. അവരുടെ പുണ്യഭൂമി മെക്കയോ മദീനയോ വത്തിക്കാനോ യെരുശലേമോ ആയിരിക്കുന്നിടത്തോളം കാലം പൗരത്വത്തിൽ അവരുണ്ടായിരിക്കില്ല. അവരുടെ ദേശസ്നേഹം പിളർന്നതാണെന്ന് സവർക്കർ അസന്ദിഗ്ദ്ധമായി അവകാശപ്പെടുന്നു.

മതരാഷ്ട്രങ്ങൾ ഒഴിച്ച് ലോകം അംഗീകരിച്ചിട്ടുള്ള ദേശരാഷ്ട്രങ്ങളിലൊന്നും ഇവ്വിധമുള്ള പൗരത്വം നിലവിലില്ല. ജനാധിപത്യത്തിൻ്റേയും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റേയും കടുത്ത ധ്വംസനമാണത്. പുണ്യഭൂമി എന്ന ദേശീയതയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സങ്കല്പനത്തെ ദേശീയതയുമായി ഏച്ചു കെട്ടുകയാണ് സവർക്കർ ചെയ്യുന്നത്. ഏകദൈവ വിശ്വാസിക്കും ബഹുദൈവ വിശ്വാസിക്കും യുക്തിവാദിക്കും ഇവിടെ ഇടമുണ്ടെന്ന് പറയുന്ന സവർക്കർ മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും പുറം തള്ളുന്നു. സിക്കുകാരേയും ബൗദ്ധരേയും ഉൾക്കൊള്ളുന്നു. സവർക്കർ എഴുതുന്നു ” ഇതാണ് ഹിന്ദുത്വത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ – ഒരു പൊതു രാഷ്ട്രം, പൊതു ജാതി, പൊതു സംസ്കാരം ” . ഇതിൽ രാഷ്ട്രവും ജാതിയും പിതൃഭൂമി എന്ന സങ്കല്പനത്തോട് ചേർന്നു നിൽക്കുന്നു. അതേ സമയം സംസ്കാരം എന്നത് പുണ്യഭൂമി എന്ന സങ്കല്പത്തോടും . പൗരത്വം എന്ന ജനാധിപത്യ സങ്കല്പത്തെ അട്ടിമറിക്കുന്ന സവർക്കറുടെ ഈ തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യൻ പാർലമെൻ്റിൽ പൗരത്വ നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചത് എന്ന് കാണാൻ പ്രയാസമില്ല.

അങ്ങനെ പിതൃഭൂമിയും പുണ്യഭൂമിയും സിന്ധു നദി മുതൽ ഇന്ത്യാ സമുദ്രം വരെയുള്ള പ്രദേശം ആയിട്ടുള്ളവരുടെ ഒരു വംശീയ രാഷ്ട്രീയവും വംശരാഷ്ട്രവുമാണ് സവർക്കർ മുന്നോട്ടു വെയ്ക്കുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുമ്പോൾ ഈ അറിവ് പ്രധാനപ്പെട്ടതാണ്. നമുക്കറിയാം പാകിസ്ഥാൻ പോലുള്ള മതരാഷ്ട്രത്തിൽ പോലും ഇത്തരം പൗരത്വ സങ്കല്പത്തിന് നിലനിൽക്കാനാവില്ല. കാരണം, പാകിസ്ഥാൻ മുസ്ലീങ്ങളുടെ പുണ്യഭൂമിയായ മെക്കയും മദീനയും അവരുടെ ഭൂപരിധിയിൽ അല്ല. അതായത് സവർക്കർ തൻ്റെ പ്രബന്ധത്തിലൂടെ ഉദ്ബോധിപ്പിക്കുന്നത് രണ്ട് തരം അധിനിവേശങ്ങളെ ആണ്. ഒന്ന് ഭൂ അധിനിവേശം. അതായത് സിന്ധു മുതൽ സമുദ്രം വരെയുള്ള പ്രദേശത്തിന് മേലുള്ള അധികാരം ഹിന്ദുവംശത്തിന് നൽകുക. രണ്ടാമതായി പുതിയൊരു പൗരത്വമാനദണ്ഡം കൊണ്ടുവന്ന് ആ പ്രദേശത്തെ സമൂഹത്തിൽ നിന്നും സെമിറ്റിക് മതവിശ്വാസികളെ ഭ്രഷ്ടരാക്കുക. അതേ സമയം തന്നെ വംശീയരാഷ്ട്രീയത്തിൻ്റെ കുടക്കീഴിലേയ്ക്ക് സനാതന ഹിന്ദുക്കൾക്കപ്പുറം അവൈദിക പാരമ്പര്യത്തിൽ വിശ്വസിക്കുന്നവരേയും സിക്ക്, ജൈന, തദ്ദേശീയ വിഭാഗങ്ങളേയും സനാതന ഹിന്ദുമതത്തിന് എതിർ നില്ക്കുന്നവരേയും കൂട്ടിയിണക്കുക. എന്ന് വെച്ചാൽ ഹിന്ദു വംശീയതയ്ക്കുള്ളിൽ വളരെ പ്രാകൃതമെങ്കിലും, ചാതുർവർണ്യ വ്യവസ്ഥയിൽ വിശ്വസിക്കുന്ന സനാതന ഹിന്ദു യാഥാസ്ഥിതികരേക്കാളും , ആധുനികമായ ഒരു ജനാധിപത്യ സങ്കല്പം അവതരിപ്പിക്കുക. അതിന് പുറത്തുള്ളവരോട് ഫാസിസ്റ്റ് മനോഭാവം സ്വീകരിക്കുക. സവർക്കർ എഴുതുന്നത് നോക്കുക.

ഒരേ ചോരയാലും ഒരേ സംസ്ക്കാരത്താലും കെട്ടപ്പെട്ട ഒരു ചരിത്രംകൊണ്ട്  തങ്ങളുടെ പിതൃഭൂമിയും പുണ്യഭൂമിയുമായി മാറിയ ഇന്ത്യയെ തങ്ങളുടെ കർമ്മങ്ങളുടെ അടിസ്ഥാനഭൂമിയാക്കി പ്രവർത്തിക്കുന്ന മുപ്പതുകോടി ജനങ്ങൾക്ക് മുഴുവൻ ലോകത്തോടും അവരുടെ നിബന്ധനകൾ ആജ്ഞാപിക്കാൻ കഴിയും. മനുഷ്യരാശി മുഴുവൻ ആ ശക്തിയെ അഭിമുഖീകരിക്കുന്ന ഒരു ദിവസം വരും

ഇതാണ് ബ്രാഹ്മണിസത്തിൻ്റെ വംശീയ രാഷ്ട്ര പരിണാമം . ഹിന്ദുത്വ യുടെ പരമോന്നതമായ ആശ . അതിനെ യാഥാസ്ഥിതിക ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ സാമൂഹികമേൽക്കോയ്മാ രാഷ്ട്രീയത്തോട് താരതമ്യപ്പെടുത്തിയാൽ, വ്യത്യാസം ഉണ്ട്. അത് അതിൻ്റെ കാതലിൽ ആ യാഥാസ്ഥിതിക ബ്രാഹ്മണരാഷ്ടീയത്തെ ആഗിരണം ചെയ്തിട്ടുണ്ടെങ്കിലും ഹിന്ദുത്വം അത് മാത്രമല്ല. ഹിന്ദുത്വത്തെ യാഥാസ്ഥിതിക ബ്രാഹ്മണ രാഷ്ട്രീയമായി വായിച്ചെടുക്കുന്നവർക്ക് അതിനെ സഫലമായി എതിർക്കാൻ കഴിയാത്തതും അതുകൊണ്ട് തന്നെയാണ്. പിന്നോക്കവിഭാഗത്തിലേയ്ക്കും ദളിതരിലേയ്ക്കും അതിനൊരു വഴിച്ചാലുണ്ട്. പിന്നോക്കവിഭാഗത്തിൽ പെടുന്ന നരേന്ദ്രമോദിക്കും ജൈനനായ അമിത്ഷായ്ക്കും ചേർന്നിരുന്ന് ബ്രാഹ്മണരാഷ്ട്രീയം നടപ്പാക്കാൻ കെല്പ് നൽകുന്ന രാഷ്ട്രീയദർശനം ആണ് അതിനുള്ളത്. അത് മത, ജാതി ഉപവിഭാഗങ്ങളെ രാഷ്ട്രീയ യൂണിറ്റുകൾ ആയാണ് കരുതുന്നത്. അതിനാൽ ദളിതുകളേയും ആദിവാസികളേയും പിന്നോക്കക്കാരേയും സിക്കുകാരേയും ബുദ്ധമതക്കാരേയും ബോറ, ക്വാജാ തുടങ്ങിയ മുസ്ലീം മതസ്പർശം ഉള്ളവരെപ്പോലും സഖ്യകക്ഷികളായി എടുത്ത് തങ്ങളുടെ വംശീയരാഷ്ട്രീയത്തിലേയ്ക്ക് കൂട്ടിച്ചേർക്കാൻ അനുമതി നൽകുന്ന ദർശനമാണ് ഹിന്ദുത്വം എന്നറിയേണ്ടത് അതിൻ്റെ  വിമർശകരുടെ അനിവാര്യതയാണ് . അതേ സമയം തന്നെ വംശീയ രാഷ്ട്രീയത്തിൻ്റെ ഭാഗമാകുന്നതോടെ ആ സഖ്യകക്ഷികൾക്ക് അവരുടെ ചരിത്രം നഷ്ടപ്പെടുകയും ചെയ്യുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ മേൽപ്പറഞ്ഞ സങ്കീർണ്ണത മനസ്സിലാക്കാൻ കഴിയാതെ പോയാൽ അത് അതിനുള്ളിലെ വൈരുദ്ധ്യം കൊണ്ട് വിമർശകരെ ഭ്രമിപ്പിക്കും.

ഉദാഹരണത്തിന് ഹിന്ദുത്വരാഷ്ട്രീയവുമായി ബന്ധപ്പെട് പലപ്പോഴും സംവാദവിഷയമാകാറുള്ള ” പശു രാഷ്ട്രിയം ” പരിശോധിക്കാം. ഒരർത്ഥത്തിൽ തിലകിൻ്റേയും സവർക്കറിൻ്റേയും മറാത്ത, ചിത്പാ വൻ ഭൂമിക പശ്ചാത്തലത്തിന് പുറത്ത് രൂപം കൊണ്ട ദയാനന്ദ സരസ്വതിയുടെ ആര്യസമാജം ആണ് ഗോരാഷ്ടീയത്തെ വ്യാപിപ്പിച്ചത്. ഗോ സംരക്ഷണ സഭകൾ ഉത്തരേന്ത്യയിൽ ആകമാനം സ്ഥാപിക്കപ്പെട്ടു. അക്കാര്യങ്ങൾ നാം നേരത്തെ പരാമർശിച്ചിരുന്നു. കാർഷിക സംസ്ക്കാരവുമായി ബന്ധപ്പെട്ട ,ഇന്ത്യയിലെ കാർഷികോല്പാദനവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്രത്തിലാണ് പശു പ്രത്യക്ഷപ്പെടുന്നത്. പിന്നീടത് സാംസ്കാരികചരിത്രത്തിൻ്റെ ഭാഗവും ആയിത്തീരുന്നു. സനാതനഹിന്ദുമതം എന്ന് വിളിക്കുന്ന ബ്രാഹ്മണകേന്ദ്രീകൃത ഹിന്ദുമതത്തിൻ്റെ പുനരുദ്ധാരണത്തിൻ്റെ ഭാഗമായാണ് പശുവിന് മതവും ജാതിയും ഒക്കെ ലഭിക്കുന്നത്. ആര്യസമാജം പോലും യാഥാസ്ഥിതിക ബ്രാഹ്മണിസത്തിൻ്റെ കൈപ്പിടിയിൽ നിൽക്കുന്ന ഒന്നായിരുന്നില്ല. ബ്രാഹ്മണ്യത്തിൻ്റെ കേന്ദ്രത്തേയും അതിനെ ചുറ്റുന്ന സവർണ്ണവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കണമെങ്കിൽ യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിൻ്റെ ചുറ്റുപാടുകളിൽ തിരിഞ്ഞു കളിച്ചാൽ പോരെന്ന് ആര്യസമാജികൾക്ക് അറിയാമായിരുന്നു. വേദങ്ങളിലേയ്ക്ക് മടങ്ങുക എന്ന മുദ്രാവാക്യമായിരുന്നു അവർ സ്വീകരിച്ചത്. എങ്കിൽപ്പോലും, അവരുടെ പരിഷ്ക്കരണ നടപടികൾ അടക്കം, സനാതന ഹിന്ദു മതത്തിൻ്റെ പുനരുജ്ജീവനം എന്ന ഇടത്ത് മാത്രമാണ് നിന്നിരുന്നത്. അതിനുള്ളിൽ ആണ് പശു വിളങ്ങിയിരുന്നത്.

എന്നാൽ സവർക്കറുടെ ഹിന്ദുത്വ എന്ന വംശീയ രാഷ്ട്രീയത്തിലെത്തുമ്പോൾ, വൈദികരും അവൈദികരും ഒക്കെ ഹിന്ദുവംശത്തിൽ പെടുന്നു. ഹിന്ദുത്വ എന്നത് മതമല്ല, ചരിത്രമാണ് എന്ന് സവർക്കർ നിരന്തരം ഊന്നിപ്പറയുന്നത് ഈ വംശീയ രാഷ്ട്രീയ ലക്ഷ്യം സാധിതമാക്കാനാണ്. ചരിത്രത്തെ രൂപകമാക്കി രചിച്ച ഭാവനാത്മക കൃതിയാണ് ഹിന്ദുത്വം. അതുകൊണ്ട് തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വംശീയഗണത്തിലെ ഒരു പ്രധാനഘടകം ആയ സനാതനബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയ പ്രയോഗം മാത്രമാണ് പശു രാഷ്ട്രീയം. സവർക്കറുടെ ഭാഷയിൽ പറഞ്ഞാൽ ” അവൈദിക സമൂഹ” ങ്ങളുടെ ഭൂരിപക്ഷ പ്രദേശങ്ങളിൽ പശുരാഷ്ട്രീയം ഉയർത്തുന്നത് ഹിന്ദുത്വത്തിൻ്റെ അടിസ്ഥാന നയങ്ങളിൽ ഒന്നല്ല. സവർക്കർ എഴുതിയ പശുരാഷ്ട്രീയത്തെക്കുറിച്ചുള്ള കുറിപ്പിലൂടെ കടന്നു പോയാൽ അത് ബോധ്യപ്പെടുന്നതാണ് . മറാത്തി പത്രമായ ഭാലയിൽ അതിൻ്റെ എഡിറ്റർ എഴുതിയ ഒരു കുറിപ്പിന് മറുകുറിപ്പായാണ് സവർക്കർ പശുരാഷ്ട്രീയത്തെപ്പറ്റിയുള്ള തൻ്റെ ഇംഗിതം വെളിപ്പെടുത്തിയത്. എഡിറ്റർ തൻ്റെ കുറിപ്പിൽ, ആരാണ് ഹിന്ദു ? എന്ന ചോദ്യത്തിന് ഉത്തരമായി രേഖപ്പെടുത്തിയത് ” പശുവിനെ തൻ്റെ മാതാവായി കണക്കാക്കുന്ന ആൾ ” എന്നാണ്. മറുകുറിപ്പ് സവർക്കർ എഴുതിയത് മറ്റൊരു മറാത്തി പത്രികയായിരുന്ന ” കിർലോസ്ക “റിലാണ്. ” പശു ആർക്കെങ്കിലും മാതാവായിരിക്കുന്നുവെങ്കിൽ അത് കാളയ്ക്ക് മാത്രമാണ് . ഹിന്ദുക്കൾക്കല്ല. പശുവിൻ്റെ കാലിലാണ് ഹിന്ദുത്വ നിലനില്ക്കാൻ പോകുന്നതെങ്കിൽ പ്രതിസന്ധിയുടെ ചെറിയൊരു സൂചനയിൽ അത് തകർന്നടിയും” സവർക്കർ എഴുതി. മതാത്മകതയുടെ വൈകാരിക സൂചനകളെ ആശ്രയിച്ചു വളരുന്ന ഒരു രാഷ്ട്രീയത്തിൻ്റെ ദുർബലതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് സവർക്കർ. പശു ഉപകാരപ്രദമായ ഒരു മൃഗമാണ്. പക്ഷെ, അതിനെ ആരാധിക്കുന്നതിൽ കാര്യമില്ല. മാനുഷികേതര കഴിവുള്ള ഒരു ദൈവികശക്തിയെ ആരാധിക്കുന്നതിൽ മാത്രമേ കഴമ്പുള്ളു. എല്ലാ അർത്ഥത്തിലും മൃഗമായ ഒന്നിനെ ആരാധിക്കുന്നത് മനുഷ്യരെ താഴ്ത്തും. ഗോപൂജ എന്ന വിഡ്ഢിത്തം ഉടൻ തന്നെ അവസാനിപ്പിക്കേണ്ടതാണ്. കാരണം അത് ” ബുദ്ധിഹത്യ” യാണ്.  പശുവിനെ പോറ്റുന്നതിൽ സവർക്കർ തെറ്റൊന്നും കാണുന്നില്ല. അത് ദേശീയതലത്തിൽ ഏറ്റെടുക്കേണ്ടതാണ്. അതായത് പശുസംരക്ഷണം തെറ്റല്ല. പക്ഷെ പശുപൂജ എതിർക്കപ്പെടേണ്ടതാണ്. പശുവിൻ്റെ മൂത്രവും, ചിലപ്പോൾ ചാണകവും ഭുജിക്കുന്നതിനെ അദ്ദേഹം ഈ പ്രബന്ധത്തിൽ അപലപിക്കുന്നുണ്ട്. അത്തരം ഏർപ്പാടുകൾ ഇന്ത്യയിൽ തുടക്കം കുറിച്ചത് ശിക്ഷയുടെ ഭാഗമായിട്ടാണ് എന്നും കുറിക്കുന്നു.ഇതു വായിച്ച് തനിക്കെതിരെ മതദ്രോഹം ആരോപിക്കാനിടയുള്ള   യാഥാസ്ഥിതിക ഹിന്ദുക്കൾക്കെതിരെയും അദ്ദേഹം ആരോപിക്കുന്നത് .” നിങ്ങളുടെ മതദ്രോഹം അതിനേക്കാൾ വളരെ വളരെ വലുതാണ്. കണ്ടില്ലേ ,ഒരു പശുവിൻ്റെ വയറ്റിൽ മുപ്പത്തിമൂന്നുകോടി വിഗ്രഹങ്ങളെ കുത്തിനിറച്ച് വെച്ചിരിക്കുന്നത് ”

സവർക്കറുടെ ഹിന്ദുത്വ വെറും മതാത്മക രാഷ്ട്രീയമല്ല എന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും. വെറും മതാത്മക രാഷ്ട്രീയമല്ല ഹിന്ദുത്വ. അത് ഒരു വംശീയ രാഷ്ട്രീയമാണ്. അതിന് നേരിടാനിരിക്കുന്ന ഏറ്റവും  പ്രധാനപ്പെട്ട വിഘാതം ഇന്ത്യയുടെ ബഹുസ്വരഘടനയാണ്. ആ ഘടനയെ മതവൈകാരിക ബിംബങ്ങൾ വെച്ച് നേരിട്ടാൽ, വിദ്യാഭ്യാസത്തിൻ്റേയും അറിവിൻ്റേയും വിസ്ഫോടനത്തിൽ അത് ഒലിച്ചുപോകും എന്ന് സവർക്കർ ഭയപ്പെട്ടിരുന്നു. അതിനാൽ സത്യാനന്തരമായി ചരിത്രത്തിൽ ഇടപെട്ടുകൊണ്ടുള്ള ഫാസിസ്റ്റ് രീതിയാണ് വിജയിക്കുക എന്ന് സവർക്കർ ഉറച്ചു വിശ്വസിച്ചിരുന്നു.

അത്തരം ഒരു ചരിത്ര നോട്ടത്തിൽ മതവൈകാരികതകൾ ബ്രാഹ്മണരാഷ്ട്രീയത്തെ തളർത്തുകയാണുണ്ടായത് എന്ന് സവർക്കർ നിരീക്ഷിക്കുന്നു. മുസ്ലീം ഭടന്മാർ ഹിന്ദു മുന്നേറ്റങ്ങളെ ചെറുത്തത് പലപ്പോഴും ” പശുകവച ” ങ്ങൾ വിന്യസിച്ചാണ്. പതിനെട്ടാം നൂറ്റാണ്ടിൽ കാശിയെ വിമോചിപ്പിക്കാനുള്ള മറാത്താ നായകൻ മൽഹാറാവു ഹോൾക്കറുടെ നീക്കം പരാജയപ്പെട്ടത് അങ്ങനെയാണ്. പശുഹത്യ ഭയന്ന് ഹിന്ദുഭടന്മാർ പിന്മാറി. ഒരു ഹിന്ദുരാഷ്ട്രത്തെ അഹിന്ദുക്കൾ കൈയ്യടക്കുകയാണെങ്കിൽ അവരെ കീഴ്പ്പെടുത്താനായി പോകുമ്പോൾ ,ഭക്ഷ്യഉപരോധം ഉപയോഗിക്കുകയാണെങ്കിൽ, പശുവിനെ കൊന്നു തിന്നുന്നതാണ് ഒരു പോംവഴി എന്നും സവർക്കർ പറയുന്നു. കാരണം, അതിൽ ഹിന്ദുക്കൾ പരാജയപ്പെട്ടാൽ കൂടുതൽ ക്ഷേത്രങ്ങൾ തകർക്കപ്പെടും. ഗോപൂജ ചെയ്യുന്ന ഹിന്ദുക്കൾ വിഡ്ഢികൾ ആകാമെങ്കിൽ പോലും അവർ ക്രൂരരല്ല എന്ന് കൂടി അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. കാരണം കരുതിക്കൂട്ടിയുള്ള കൊല്ലലിൽ ഒരു പ്രാകൃതത്വമുണ്ട്. നന്ദിയില്ലായ്മയും അസുരത്വവുമുണ്ട്. അതിനാൽ പശുസംരക്ഷണം ആകാവുന്നതാണ്

സവർക്കറുടെ ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ ഈ വ്യതിരിക്തത തിരിച്ചറിയാത്തത് കൊണ്ടാണ് ഇന്നത്തെ മതേതര ചിന്തകരിൽ പലരും സവർക്കർ യുക്തിവാദിയായിരുന്നു എന്ന് പറയുന്നത്. പന്നിയിറച്ചി കഴിച്ചിരുന്ന ജിന്നയെപ്പോലെ പശുവിറച്ചി കഴിച്ചിരുന്നു സവർക്കർ എന്നും കേട്ടുകേൾവിയുണ്ട്. സവർക്കറുടെ യുക്തിവാദത്തിനും ശാസ്ത്രീയ യുക്തിക്കും നിദർശനമായി വലതുപക്ഷ യുക്തിവാദികൾ പലതും ചൂണ്ടിക്കാണിക്കുന്ന വാദങ്ങൾ താഴെപ്പറയുന്നവ ആണ്. ഇന്ത്യൻ എക്സ്പ്രസ്സിലും ഇന്ത്യാടുഡേയിലും മറ്റും പത്രപ്രവർത്തകനായിരുന്ന ഉദയ് മഹൂർക്കറും ചിരായു പണ്ഡിറ്റും ചേർന്നെഴുതിയ “വീർ സവർക്കർ : വിഭജനം തടയാൻ കഴിയുമായിരുന്ന മനുഷ്യൻ ” എന്ന പുസ്തകത്തെപ്പറ്റി നാം നേരത്തെ പരാമർശിച്ചിരുന്നു. അതിൽ “ദേശീയവാദിയും യുക്തിവാദിയും : വക്താവും പ്രയോക്താവും ” എന്ന ഖണ്ഡത്തിൽ സവർക്കറുടെ യുക്തിവാദ സമീപനത്തെക്കുറിച്ച് എഴുതുന്നുണ്ട്. സവർക്കറുടെ യുക്തിവാദ സമീപനത്തെ ചൂണ്ടിക്കാട്ടാനായി ഉദയ്  മഹൂർക്കറും ചിരായു പണ്ഡിറ്റും ചൂണ്ടിക്കാണിക്കുന്നത് താഴെപ്പറയുന്നവയാണ്.

1. സവർക്കർ “സംസ്കൃതി സംരക്ഷണ” ത്തിനല്ല,” സംസ്കൃതി സംവർദ്ധന ” ത്തിനാണ് ശ്രമിച്ചത്. അതായത് യാഥാസ്ഥിതിക ബ്രാഹ്മണരെപ്പോലെ “ശ്രുതി- സ്മൃതി – പുരാണോക്തങ്ങ “ളെ സംരക്ഷിക്കാനല്ല അവയെ സമകാലികമായി വ്യാപിക്കാനാണ് അദ്ദേഹം പ്രയത്നിച്ചത്.
2. അതിനാൽ ആധുനികശാസ്ത്രത്തിൻ്റെ ഉരകല്ലിൽ ആചാരാനുഷ്ഠാനങ്ങളെ ഉരച്ചു നോക്കണമെന്നും രാഷ്ട്രത്തിന് ഗുണകരമായ കാര്യങ്ങൾ മാത്രം പിന്തുടരണമെന്നും ആയിരുന്നു അദ്ദേഹത്തിൻ്റെ ദർശനം.
3. താൻ മരണമടയുമ്പോൾ വൈദ്യുതശ്മശാനത്തിൽ തന്നെ ദഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അക്കാലത്തെ അപൂർവ്വം ചില രാഷ്ട്രീയനേതാക്കളിൽ ഒരാളാണ് സവർക്കർ. മാത്രമല്ല തൻ്റെ ശവശരീരം അവിടേയ്ക്ക് ചുമന്നുകൊണ്ട് പോകുന്നതിൽ നാലു വർണ്ണങ്ങളിൽ പെട്ട ആളുകൾ ഉണ്ടായിരിക്കണമെന്നും ഒരു ദളിതൻ ഉണ്ടായിരിക്കണമെന്നും സവർക്കർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
4. ഹിന്ദുസമുദായത്തിൻ്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്ന ഏഴ് നിഷേധങ്ങളെ ( സ്പർശ ബന്ദി, വേദോക്തബന്ധി ,റൊട്ടി ബന്ധി, ബേട്ടി ബന്ദി ,വ്യവസായ ബന്ദി ,സിന്ധു ബന്ദി ,ശുദ്ധി ബന്ദി ) സവർക്കർ നിരാകരിച്ചു.

സവർക്കർ യുക്തിവാദിയായിരുന്നോ എന്ന കാര്യം ആഴത്തിൽ പരിശോധിക്കേണ്ട കാര്യം ആണ്. നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസം തിലകിൻ്റെ കാലം മുതൽ എങ്ങനെയാണ് യാഥാസ്ഥിതിക ബ്രാഹ്മണരിൽ നിന്ന് വ്യത്യാസപ്പെട്ടു നിൽക്കുന്നത് എന്ന് നാം പരിശോധിച്ചു കഴിഞ്ഞു. അതിന് മുമ്പ് ചിത്പാവൻ ബ്രാഹ്മണർ, യാഥാസ്ഥിതിക ബ്രാഹ്മണരായ ദേശസ്ഥ ബ്രാഹ്മണരെ മറികടന്ന് എങ്ങനെ സാമൂഹിക ചലനാത്മകത നേടിയെന്നും. ദേശസ്ഥബ്രാഹ്മണർ അവരുടെ ” കുലധർമ്മ ” ങ്ങളിൽ ഉറച്ചു നിന്നപ്പോൾ ഒരു ഘട്ടം വരെ അവരുടെ സേവകർ ആയിരുന്ന ചിത്പാ വൻ ബ്രാഹ്മണർ പുതുതായി രൂപം കൊണ്ടുവരുന്ന മറാത്താ സാമ്രാജ്യത്തിൻ്റെ ഭാഗഭാക്കായി. യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിൻ്റെ കെട്ടു പൊട്ടിച്ച് വട്ടിപ്പലിശക്കാരും കച്ചവടക്കാരും ഉദ്യോഗസ്ഥരും ആയി. അവസാനം മറാത്താ സാമ്രാജ്യത്തിൻ്റെ ഉടമകൾ ആയി. സാമൂഹികാധികാരത്തിൽ നിന്ന് രാഷ്ട്രീയാധികാരത്തിലേയ്ക്ക് വളർന്നു. അവരുടെ സാമൂഹ്യ യൂണിറ്റ് ഗ്രാമം ആയിരുന്നില്ല. രാജ്യം ആയിരുന്നു. പേഷ്വാമാർ തന്നെ സ്പർശബന്ദി, അയിത്തം, പോലുള്ള യാഥാസ്ഥിതിക ബ്രാഹ്മണമൂല്യത്തെ നിഷേധിച്ചിരുന്നു. യുദ്ധപ്പടയിൽ അത്തരം മൂല്യങ്ങൾ പ്രായോഗികം ആയിരുന്നില്ല. സിന്ധുബന്ദി, സമുദ്രയാനം, യാഥാസ്ഥിതിക ബ്രാഹ്മണർക്ക് നിഷിദ്ധമായിരുന്നു. എന്നാൽ ഹിന്ദുത്വ അതിൻ്റെ തത്വങ്ങൾ ആവിഷ്ക്കരിക്കുന്നതിന് മുമ്പേ തന്നെ സവർക്കറും തിലകും ഗോഖലേയും അടക്കമുള്ള എത്രയോ ചിത്പാവൻ ബ്രാഹ്മണർ കടൽ കടന്നിരുന്നു. പഴയ മട്ടിലുള്ള ലോകം ബ്രിട്ടീഷുകാരുടെ വരവോടെ ഏതാണ്ട് അസ്തമിച്ചിരുന്നു. അതിനാൽ ” ബന്ദികൾ ” ഒന്നും തന്നെ പഴയ കാർക്കശ്യത്തോടെ നിലനിൽക്കില്ല എന്നത് ചിത്പാവനുകൾ ഒരു സമൂഹം എന്ന നിലയിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു.ഇതിൻ്റെ തുടർച്ചയാണ് അവർ ആവിഷ്ക്കരിച്ച നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസവും അതിൻ്റെ തുടർച്ചയായ ഹിന്ദുത്വ എന്ന വംശീയ രാഷ്ട്രീയവും.

യാഥാസ്ഥിതിക ബ്രാഹ്മണരുമായുള്ള ഈ ഇടച്ചിലിനെയാണ് യുക്തിവാദം എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടത് . അതായത് യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിൻ്റെ ആചാരാനുഷ്ഠാനങ്ങളുടെ നിഷേധത്തെയാണ് യുക്തിവാദമായി കാണുന്നത്. സവർക്കർ ഒരിക്കലും ശ്രുതി – സ്മൃതി – പുരാണങ്ങളെ നിഷേധിച്ചില്ലെന്ന് മാത്രമല്ല, തൻ്റെ ജീവിതത്തിലുടനീളം അവയെ ഉപയോഗിക്കുകയും ചെയ്തു. രാമനും സീതയും കൃഷ്ണനും ഒക്കെ യാഥാസ്ഥിതിക ബ്രാഹ്മണരേക്കാൾ മജ്ജയും മാംസവും ഉള്ളവരായി സവർക്കറിൽ തുടർന്നു. സവർക്കറുടെ ഹിന്ദുത്വ പ്രബന്ധത്തിലെ ഏറ്റവും പ്രധാന്നപ്പെട്ട  അടിസ്ഥാനം, പിതൃഭൂമിയുംപുണ്യഭൂമിയും എന്ന ആശയം സാക്ഷാത്ക്കരിക്കാൻ വേണ്ട ഭൂമി ശാസ്ത്ര അടിത്തറ തന്നെ ഐതിഹ്യങ്ങളെ ചരിത്രവല്ക്കരിക്കാൻ ശ്രമിച്ചാണ് നിർമ്മിച്ചിട്ടുള്ളത് . ആര്യാവർത്തത്തെ തെക്കോട്ട് കന്യാകുമാരി വരെ വലിച്ചു നീട്ടാൻ ചരിത്ര വസ്തുതകൾ ഒന്നും ഇല്ലാതിരിക്കേ, ശ്രീരാമചന്ദ്രൻ്റെ ലങ്കാപ്രവേശത്തെയാണ് സവർക്കർ ആശ്രയിക്കുന്നത്. ബേട്ടി ബന്ദി, വിവാഹം സ്വജാതിയിൽ തന്നെ തളച്ചിടുന്ന യാഥാസ്ഥിതിക ബ്രാഹ്മണ്യത്തെ സവർക്കർ എതിർക്കുന്നുണ്ട് . ഹിന്ദുവംശീയത എന്ന ആശയത്തെ പോഷിപ്പിക്കാൻ യാഥാസ്ഥിതിക ബ്രാഹ്മണരുടെ ചാതുർവർണ്യം വലുതായ തടസ്സമായിരുന്നു. പ്രതിലോമ വിവാഹങ്ങൾ വഴി പതുക്കെ പതുക്കെ ചാതുർവർണ്യം നശിക്കുമെന്ന് സവർക്കർ കരുതിയിരുന്നു. അത് കീഴാളരുടെ സാമൂഹ്യചലനാത്മകത മൂലമാകരുതെന്നും. അതിനാൽ കീഴാളരുടെ പണിയായുധങ്ങൾ ഉപയോഗിച്ചല്ല സവർക്കർ ജാതിയെ എതിർക്കുന്നത്- മറിച്ച് പുരാണകഥാപാത്രങ്ങളെ, നേരത്തെ പറഞ്ഞ പോലെ മജ്ജയും മാംസമുള്ളവരുമായി താരതമ്യപ്പെടുത്തിയാണ്. ” ഹിഡുംബിയുമായി ഇണചേരുന്ന ആദ്യത്തെയോ അവസാനത്തേയോ ആര്യനല്ല ഭീമസേനൻ ” എന്നാണ് മിശ്രവിവാഹങ്ങളെ അനുകൂലിച്ചു കൊണ്ടുള്ള തന്റെ നിലപാടിന് സാധുതയായി സവർക്കർ ചൂണ്ടിക്കാട്ടുന്നത് . ” എല്ലാ ഹിന്ദുപ്പെൺകുട്ടികളും കേൾക്കുന്ന ആദ്യ തൊട്ടിൽഗാനങ്ങൾ നന്മയാർന്ന സീതയുടെ ഗീതങ്ങൾ ആണ്. നമ്മളിൽ ചിലർ രാമനെ അവതാരമായ് ആരാധിക്കുന്നു. ചിലർ നായകനായും പടയാളിയായും.  എല്ലാവരും നമ്മുടെ സാമ്രാജ്യത്തിൻ്റെ ഏറ്റവും വർണ്ണോജ്ജ്വലമായ പ്രതിനിധിയായി അദ്ദേഹത്തെ സ്നേഹിക്കുന്നു. മാരുതിയും ഭീമസേനനും ഹിന്ദു യുവതയ്ക്ക്ശക്തിയുടെ ഒരിക്കലും പരാജയപ്പെടാത്ത പ്രഭവവും കായികമായ ഉദാത്തതയും ആണ്. സാവിത്രിയും ദമയന്തിയും ഹിന്ദു വധുവിൻ്റെ നിശ്ചയദാർഢ്യത്തിൻ്റേയും പാതിവ്രത്യത്തിൻ്റേയും ഒരിക്കലും പരാജയപ്പെടാത്ത ആദർശങ്ങളാണ്. ഒരു ഹിന്ദു കാമുകൻ അവൻ്റെ പ്രിയയെ ഉമ്മവെയ്ക്കുമ്പോൾ രാധ ഗോകുലത്തിലെ ദിവ്യനായ പശുപാലകന് നല്കിയതിൻ്റെ പ്രതിധ്വനി അതിൽ കണ്ടെത്തുന്നു. കുരുക്കളുടെ മഹായുദ്ധം , ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കുരുക്ഷേത്രയുദ്ധത്തിൽ സംഭവിച്ച അർജ്ജുനനും കർണ്ണനും ഭീമനും ദുശ്ശാസനും തമ്മിലുള്ള കുടിപ്പക, അതിൻ്റെ എല്ലാ ഉത്സാഹത്തോടും കൂടി കുടിലായ കുടിലുകളിലും കൊട്ടാരങ്ങളായ കൊട്ടാരങ്ങളിലും പരിശീലിക്കപ്പെടുന്നു. അഭിമന്യുവിനോട് നമുക്കുള്ള പ്രിയത്തിൻ്റെ അത്രയും അർജ്ജുനന് അദ്ദേഹത്തോട് ഉണ്ടായിരിക്കില്ല. ആ താമരക്കണ്ണൻ്റെ പതനം സൂചിപ്പിക്കേ അവൻ്റെ അച്ഛൻ ചൊരിഞ്ഞ അതേ പ്രിയത്തോടെയും ദു:ഖഭാരത്തോടെയും സിലോൺ മുതൽ കശ്മീർ വരെയുള്ള ഹിന്ദുസ്ഥാൻ ദിനം പ്രതി അവന് വേണ്ടി ചൊരിഞ്ഞു കൊണ്ടിരിക്കുന്നു ”

ഇത്തരത്തിലുള്ള നിരവധി പരാമർശങ്ങൾ സവർക്കർ സാഹിത്യത്തിൽ ധാരാളം. ഒരു യുക്തിവാദ മനസ്സിൽ നിന്നല്ല അത് പൊട്ടിപ്പുറപ്പെടുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗീതയും മനുസ്മൃതിയും ഭവിഷ്യ പുരാണവും മുട്ടിന് മുട്ടിന് ഉപയോഗിച്ചാണ് തൻ്റെ വാദങ്ങൾ സവർക്കർ കെട്ടിപ്പൊക്കിയിരുന്നത്

മാത്രമല്ല, സവർക്കർ യുക്തി കൊണ്ട് നേരിടണം എന്ന് ഹിന്ദുസമൂഹത്തോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ ,ഹിന്ദുമതത്തിലെ ഏഴ് വിലക്കുകൾ, ബ്രാഹ്മണരേയും കൂടി വന്നാൽ സവർണ്ണരേയും ബാധിക്കുന്ന കാര്യങ്ങൾ മാത്രമാണ്. സവർക്കർ ഹിന്ദുത്വത്തിൻ്റെ കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന പിന്നോക്കക്കാർക്കും ദളിതർക്കും ആദിവാസികൾക്കും സിക്കുകാർക്കും ബുദ്ധമതക്കാർക്കും ജൈനർക്കും ഏഴ് വിലക്കുകൾ ബ്രാഹ്മണരെപ്പോലല്ല. ദളിതർക്കെന്ത് സ്പർശ ബന്ദി ? എന്ത് ആഹാര വിലക്ക് എന്ന റൊട്ടി ബന്ദി. അവരോട് മറ്റുള്ളവർ കാണിക്കുന്നത് അവർ പിൻപറ്റുന്ന ഒന്നല്ല. അതിനാൽ ഹിന്ദുത്വത്തിൻ്റേയും ഹിന്ദുയിസത്തിൻ്റേയും ഭാഗമായി സവർക്കർ കാണിക്കുന്നതൊക്കെ ബ്രാഹ്മണരുടെ മാത്രം പ്രശ്നങ്ങൾ ആണ്.

ഭക്തിയെ സവർക്കർ അനുകൂലിക്കാത്തതിന് ഒറ്റക്കാരണമേ ഉള്ളു. ഭക്തി പ്രസ്ഥാനമാണ് ഇന്ത്യയിൽ കീഴാള മുന്നേറ്റത്തിന് സഹായിച്ചത്. ലാൽദെദും ചൊക്കമേളയും തുക്കാറാമും കബീറും മീരയും അക്കാമഹാദേവിയും ബസവണ്ണയും അല്ലാമപ്രഭുവും ആണ്ടാളും ഒക്കെ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ജാതിവ്യവസ്ഥയെ എതിർത്തവർ ആയിരുന്നു. അതു കൊണ്ട് തന്നെ കീഴാളപ്രസ്ഥാനങ്ങളുടെ ഉപകരണമായ ഭക്തിയെ നിരാകരിച്ചു കൊണ്ടേ ഒരു വംശീയ പ്രസ്ഥാനത്തിന് നിലകൊള്ളാൻ കഴിയൂ എന്ന മട്ടിൽ സവർക്കറുടെ കാഴ്ചപ്പാടിൽ വംശീയമായ പൗരുഷത്തെ ദുർബലപ്പെടുത്തുന്ന ഭക്തിയോട് സന്ധി ചെയ്യുക എളുപ്പമായിരുന്നില്ല. ഇതെല്ലാം ചേർന്നാണ് സവർക്കർക്ക് യുക്തിവാദപ്പട്ടം നൽകുന്നത്. അല്ലാതെ പരദേവതയായ അഷ്ടഭുജലക്ഷ്മിയുടെ പ്രാർത്ഥന എഴുതി കവിതയിലേയ്ക്ക് വന്ന സവർക്കർ ഒരു കാലത്തും ആസ്തിക രാഷ്ട്രീയത്തിൻ്റെ മൂല്യങ്ങൾ കൈവിടാൻ തുനിഞ്ഞിട്ടില്ല.

മറ്റൊരു കാര്യം. ഗാന്ധി, ഹിന്ദുമത മൂല്യങ്ങൾ ഒരു തരത്തിൽ ഇന്ത്യൻ സമൂഹത്തിൽ സവർക്കതേരമായ രീതിയിൽ രാഷ്ട്രീയമായി തന്നെ പടർത്തിയിരുന്നു. അതാണ് തിലകിൻ്റെ രാഷ്ട്രീയത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ചത്. ഗാന്ധിയെ എതിർക്കുന്നതിൻ്റെ ഭാഗമായാണ് ശാസ്ത്ര സാങ്കേതിക പുരോഗതിയെ സവർക്കർ സ്വീകരിച്ചത്. ബ്രിട്ടീഷുകാരോട് കീഴടങ്ങുന്നതിൻ്റെ ഭാഗമായിട്ടുമാകാം. എന്നാൽ തൻ്റെ പ്രധാനപ്പെട്ട രചനകളിൽ, ചരിത്രമെന്ന് ഭാവിക്കുന്ന രചനകളിൽ ഒരു ശാസ്ത്രീയതയും സവർക്കർ പുലർത്തിയതായി നമുക്ക് കാണാൻ കഴിയില്ല. ഹിന്ദുത്വയുടെ പരിശോധനയിൽ നാമത് കണ്ടതാണ് .ചരിത്ര സംഭവങ്ങളെ കെട്ടുകഥകൾ ആക്കുക. കെട്ടുകഥകളെ ചരിത്ര വസ്തുതകൾ എന്ന മട്ടിൽ വിവരിക്കുക. ഇവയെല്ലാം സവർക്കറുടെ എഴുത്തിൽ സാധാരണയാണ്. ഹിന്ദുത്വത്തിൽ തന്നെ മുന്നോട്ടു വെയ്ക്കുന്ന സുപ്രധാന ആശയസങ്കല്പനം, പുണ്യഭൂമി, തന്നെ അങ്ങേയറ്റം ശാസ്ത്രീയ വിരുദ്ധവും യുക്തിരഹിതവുമാണ്. ഭക്തി എന്ന വൈകാരികതയെ ലക്കും ലഗാനമില്ലാതെ ഉപയോഗിച്ചാൽ മാത്രമേ ഒരു രാജ്യത്തെ പുണ്യഭൂമി എന്ന മട്ടിൽ അവതരിപ്പിക്കാൻ കഴിയൂ.

അതായത് സവർക്കറെപ്പറ്റി വലതുപക്ഷ ചരിത്രകാരന്മാരിൽ ചിലർ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ പലപ്പോഴും എതിർ ചേരിയിൽ നിൽക്കുന്നവരും വേണ്ടത്ര പരിശോധന ഇല്ലാതെ ആവർത്തിക്കുന്നതിൻ്റെ ഉദാഹരണമാണ് നാം സവർക്കറുടെ കാര്യത്തിൽ കാണുന്നത്.
———————————————————————————————————————–

*1923 ൽ പുറത്തിറങ്ങിയ ,ഹിന്ദുത്വ എന്ന ചെറിയ പുസ്തകത്തിൻ്റെ പേര് പിന്നീട് ” ഹിന്ദുത്വത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ ” എന്നാക്കി മാറ്റിയാണ് പ്രസിദ്ധീകരിച്ചത് .പിന്നീട് ഹിന്ദുരാഷ്ട്രദർശൻ എന്ന പേരിലും.

25. ഹിന്ദുത്വയും സവർക്കറും മോചിക്കപ്പെടുന്നു.
……………………………………………………………………………

1924 ൽ, നാം നേരത്തെ ചർച്ച ചെയ്ത മാപ്പപേക്ഷകളുടേയും കോൺഗ്രസ്സ് അടക്കമുള്ള സംഘടനകളുടേയും നാരായൺറാവു അടക്കുള്ള കുടുംബാംഗങ്ങളുടേയും ഒക്കെ സമ്മർദ്ദങ്ങളുടേയും ഫലമായി സവർക്കർ വിമോചിക്കപ്പെട്ടു. 50 വർഷം തടവുശിക്ഷ ലഭിച്ച് ജയിലിൽ പോയ സവർക്കർക്ക് ഏതാണ്ട് 14 വർഷത്തോളമേ ജയിലിൽ കഴിയേണ്ടി വന്നുള്ളു. എന്നാൽ നിരുപാധികമായ വിടുതൽ ആയിരുന്നില്ല അത്. അഞ്ചുകൊല്ലം പാലിക്കേണ്ട നിബന്ധനകൾ അംഗീകരിച്ചാണ് സവർക്കർ പുറത്തു വരുന്നത്. ആ നിബന്ധനകൾ ഇപ്രകാരമായിരുന്നു ഗവണ്മെൻ്റ് നിർദ്ദേശിച്ചിരുന്നത്

1 . മേൽപ്പറഞ്ഞ വിനായക് ദാമോദർ സവർക്കർ രത്നഗിരി ജില്ലയിൽ ബോംബെ ഗവർണ്ണറുടെ ഭരണത്തിന് കീഴിലുള്ള സ്ഥലത്ത് താമസിക്കുകയും ഗവണ്മെൻ്റിൻ്റെ അനുവാദമില്ലാതെ ജില്ലാ അതിർത്തി  വിട്ടുപോകുകയും ചെയ്യരുത്. അടിയന്തിരാവശ്യങ്ങൾ വരികയാണെങ്കിൽ  ജില്ലാ മജിസ്ട്രേട്ടിൻ്റെ അനുവാദം വാങ്ങാതെ ജില്ലാ അതിർത്തി കടക്കാൻ പാടില്ല.
2 .അഞ്ചു കൊല്ലക്കാലം ഗവണ്മെൻ്റ് അനുമതിയില്ലാതെ പരസ്യമായോ സ്വകാര്യമായോ  രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹം ഏർപ്പെടാൻ പാടുള്ളതല്ല. കാലാവധി കഴിയുമ്പോൾ ആ നിബന്ധന ഗവണ്മെൻ്റിന് തീരുമാനിച്ച് പുതുക്കാവുന്നതുമാണ്. ഇതേ തുടർന്ന് സവർക്കർ ഒരു പ്രസ്താവന ഒപ്പിട്ടു നൽകുകയുണ്ടായി.

എനിക്ക് മെച്ചപ്പെട്ട  വിചാരണയും നീതിയുക്തമായ വിധിയും ലഭിക്കുകയുണ്ടായെന്നും കഴിഞ്ഞ നാളുകളിൽ  അഭയം തേടിയിരുന്ന അക്രമമാർഗ്ഗങ്ങളെ ഞാൻ ആത്മാർത്ഥമായി തള്ളിക്കളയുന്നുവെന്നും  എൻ്റെ എല്ലാ ശക്തിയുമുപയോഗിച്ച് നിയമവും ഭരണഘടനയും ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്വത്തോട് ഞാൻ പ്രതിബദ്ധനാണെന്നും ( ഗവണ്മെൻ്റിൻ്റെ ) പരിഷ്ക്കരണ നടപടികളെ വിജയിപ്പിക്കാൻ ഇതുവരെ പ്രവർത്തിച്ച പോലെ തന്നെ അനുവദിക്കുകയാണെങ്കിൽ  ഭാവിയിലും പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ ബോധ്യപ്പെടുത്തുന്നു.

അങ്ങനെ 1924 ജനുവരി 6 ന് സവർക്കർ മേൽപ്പറഞ്ഞ നിബന്ധനകൾ പ്രകാരം ജയിൽ മോചിതനായി. താൻ മാപ്പപേക്ഷകളിൽ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ പ്രകാരവും ബ്രിട്ടീഷ് ഗവണ്മെൻ്റ് നിർദ്ദേശിച്ച പ്രകാരവും ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയം പൂർണ്ണമായും സവർക്കർ ഉപേക്ഷിച്ചു. തുടർന്ന് താൻ തന്നെ ഉദ്ഘാടനം ചെയ്ത ഹിന്ദുത്വ എന്ന പേരിലുള്ള വംശീയ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് സവർക്കർ ശ്രമിച്ചത്. അത് ആ സമയത്ത് ബ്രിട്ടീഷുകാർക്ക് കിട്ടാവുന്ന ഏറ്റവും വലിയ സഹായമായിരുന്നു. കാരണം ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ ഉദ്ഘാടനത്തോടെ മുമ്പെങ്ങും കാണാത്ത വിധം ഹിന്ദു – മുസ്ലീം മൈത്രി ഇന്ത്യൻ രാഷ്ട്രീയത്തിൽ രൂപം കൊള്ളുക മാത്രമല്ല, അതിന് വലിയ ആക്കവും കിട്ടിയിരുന്നു. ഈ ഐക്യത്തെ തകർക്കാനാണ് ഹിന്ദുത്വ രാഷ്ട്രീയം ഉപകരിച്ചത്. എന്നാൽ തൻ്റെ ബ്രിട്ടീഷ് വിരുദ്ധ ഭൂതകാലവും അതിനെ തുടർന്നുണ്ടായ ജയിൽവാസവും സമ്മാനിച്ച സാമൂഹിക മൂലധനത്തെ സവർക്കർ ഫലപ്രദമായി ചെലവഴിക്കുകയും ചെയ്തു.
ഗോരാഷ്ട്രീയം പോലുള്ള വൈകാരിക പ്രയോഗങ്ങളോട് സവർക്കർ പുലർത്തിയിരുന്ന പ്രത്യേക സമീപനം നാം നേരത്തെ ചർച്ച ചെയ്തിരുന്നല്ലോ. “ഗോസംരക്ഷണം : കാലി ദിവ്യമല്ല ” എന്ന ലേഖനത്തിൽ വൈകാരിക ഹിന്ദുവിൽ നിന്ന് വംശീയ ഹിന്ദുവിലേയ്ക്കുള്ള അകലം സവർക്കർ വരച്ചുകാണിക്കുന്നുണ്ട് .

ഹിന്ദുത്വത്തിൻ്റെ പ്രതീകം പശുവല്ല. നരസിംഹമാണ്. ദൈവത്തിൻ്റെ ഗുണങ്ങൾ ഭക്തരിലേയ്ക്ക് പടരും. പശുവിനെ ദിവ്യമായി കരുതുന്നതും അവളെ ആരാധിക്കുന്നതും മുഴുവൻ ഹിന്ദുരാജ്യത്തേയും പശുവിനെപ്പോലെ അനുസരണശീലമുള്ളതാക്കും. അത് പുല്ലു തിന്നാൻ തുടങ്ങും. ഒരു മൃഗത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സ്ഥാപിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് സിംഹമാകട്ടെ. തൻ്റെ മൂർച്ചയുള്ള നഖങ്ങളാൽ ഒറ്റച്ചാട്ടത്തിന് സിംഹം തൻ്റെ എതിരാളികൾക്ക് മേൽ മാരകമായി ആഞ്ഞടിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്നു. അത്തരമൊരു നരസിംഹത്തിനെയാണ് നാം പൂജിക്കേണ്ടത്. അതാണ്, പശുവിൻ്റെ കുളമ്പുകൾ അല്ല, ഹിന്ദുത്വയുടെ മുദ്ര. ചൂഷണം ചെയ്യപ്പെടുകയും ഭാവിയിൽ ഭക്ഷിക്കപ്പെടുകയും ചെയ്യുന്ന പശു, നമ്മുടെ ഇന്നത്തെ ദുർബലതയ്ക്ക് പറ്റിയ ചിഹ്നമാണ്. പക്ഷെ, നാളത്തെ ഹിന്ദുരാഷ്ട്രത്തിന് അത്തരം ഒരു സഹതാപം നിറഞ്ഞ ചിഹ്നമല്ല ആവശ്യം  ”

സിംഹത്തിൻ്റെ ക്രൗര്യം നിറഞ്ഞ ഒരു ഹിന്ദു വംശീയതയാണ് ബ്രാഹ്മണിസത്തിൻ്റെ ഭാവിയായി സവർക്കർ ദർശിച്ചത്. എതിരാളിയോട് കരുണയില്ലാത്ത നരസിംഹം . ഈ ഒരു രൂപകം യഥാർത്ഥത്തിൽ ഹിന്ദുത്വയുടെ ആന്തരിക സ്വത്വത്തെ വെളിവാക്കുന്നത് മാത്രമല്ല , സവർക്കറുടെ മന:ശാസ്ത്രത്തെ കുറിക്കുന്നത് കൂടിയാണ്. ഒരു സൈന്യത്തെ അപനിർമ്മിച്ചുണ്ടാക്കുന്ന വംശീയ സ്വത്വവും വ്യക്തിസ്വത്വവും. ഫാഡ്കേയുടേയും ചപേക്കർ സഹോദരുടേയും ദുരഭിമാനത്തിൻ്റെ ലക്ഷം മടങ്ങ് വലിപ്പമുള്ള ദുരഭിമാനം. അതായിരുന്നു സവർക്കറുടെ വംശീയ സ്വത്വ സങ്കല്പം. അത് അതുമായി പൊരുത്തപ്പെടാത്ത എല്ലാറ്റിനേയും നശിപ്പിക്കും, മുറിവേല്പിക്കും. മറ്റൊരു വംശം എന്ന നിലയ്ക്ക് കരുണാലേശമന്യേ പെരുമാറും.

രത്നഗിരി ജില്ലയിൽ പ്രാന്തത്തടവുകാരനായി കഴിയുമ്പോൾ അവിടെ പ്ലേഗ് ബാധയുണ്ടായി. 1924 മെയ് 27 ന് രോഗം പിടിപെടാതിരിക്കാൻ അവിടെ നിന്നും മാറിത്താമസിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് ബോംബെ ഗവണ്മെൻ്റിന് സവർക്കർ എഴുതുകയുണ്ടായി. തൻ്റെ ബാല്യത്തിൽ ബ്രാഹ്മണ്യത്തിൻ്റെ സംരക്ഷണത്തിനായി പിതാവിൻ്റെ പ്ലേഗുബാധ മറച്ചുവെച്ച് വീട്ടിൽ കഴിഞ്ഞതും ബ്രിട്ടീഷ് വിരുദ്ധതയുടെ ബീജം മനസ്സിൽ മുളച്ചതിനെപ്പറ്റിയും ഒക്കെ ആത്മകഥയിൽ വാചാലനായ സവർക്കർ തന്നെയാണ്  തൻ്റെ ആരോഗ്യം സംരക്ഷിക്കാൻ ഗവണ്മെൻ്റിനോട് ആവശ്യപ്പെടുന്നത്. ലണ്ടൻ വാസകാലത്ത് പ്ലേഗ് നിയന്ത്രിക്കാൻ ബ്രാഹ്മണരുടെ വീട് കയറിയതിന് പ്ലേഗ് നിയന്ത്രണ ഉദ്യോഗസ്ഥരായ റാൻഡിനേയും അയേഴ്സ്റ്റിനേയും വധിച്ച ചപേക്കർ സഹോദരരെ യുവ വിപ്ലവകാരികൾക്ക് മുമ്പിൽ ധീര രക്തസാക്ഷികളായി അവതരിപ്പിച്ച അതേ സവർക്കർ തന്നെയാണ് ഈ അപേക്ഷ സമർപ്പിക്കുന്നത്. എന്തായാലും അത് അനുവദിക്കപ്പെട്ടു. 1924 ജൂൺ 10ന് നാസിക്കിലേയ്ക്ക് മാറിത്താമസിക്കാനുള്ള അനുമതി സവർക്കർക്ക്  കിട്ടി. മൂന്ന് മാസത്തേയ്ക്കാണ് ഈ അനുമതി ലഭിക്കുന്നത്. അതനുസരിച്ച് 1924 ജൂലൈ 1 ന് സദാശിവ് റാനഡേയ്ക്കൊപ്പം സവർക്കർ നാസിക്കിലേയ്ക്ക്, അഭിനവ് ഭാരത് രൂപം കൊണ്ട പട്ടണത്തിലേയ്ക്ക് യാത്ര പുറപ്പെട്ടു. അവിടെ താമസിക്കുന്ന കാലത്ത് തന്റെ ജന്മഗ്രാമമായ ഭാഗൂരും സമീപപ്രദേശങ്ങൾ ആയിരുന്ന ഇയോളയും ത്രയംബക്കും സവർക്കർ സന്ദർശിക്കുകയുണ്ടായി. 1924 ജൂലൈ 29 ന് ഇയോളയിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ നിന്ന് ഹിന്ദുത്വരാഷ്ടീയത്തിൻ്റെ ചില സവിശേഷതകൾ നമുക്ക് പിടി കിട്ടും.

ഒന്നാംലോകയുദ്ധത്തിന് മുമ്പ് ഹിന്ദുക്കളുടെ ജനസംഖ്യ 60 കോടിയായിരുന്നു എന്നാണ് ആ പ്രസംഗത്തിൽ സവർക്കർ മുന്നോട്ടുവെയ്ക്കുന്ന കണക്ക്. എന്നാൽ ഇപ്പോൾ അത് 22 കോടിയായി ഇടിഞ്ഞു. അതിൽ തന്നെ 7 കോടിപ്പേർ അസ്പൃശ്യജാതിയിൽ പെട്ടവരാണ്. ഇപ്പോൾ തന്നെ അതൃപ്തരായ അവർ, വീണ്ടും അസ്വസ്ഥതപ്പെട്ടാൽ ഹിന്ദു കുടക്കീഴിൽ നിന്നും പോകുമെന്നും ആ കുട ചുരുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യാഥാസ്ഥിതിക ബ്രാഹ്മണിസവും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഹിന്ദുത്വ വംശീയതയും തമ്മിലുള്ള വ്യത്യാസം ഇതിൽ നിന്നും പിടി കിട്ടും. സവർക്കർ പങ്കെടുത്ത യോഗങ്ങൾ മിക്കതും ബ്രാഹ്മണയോഗങ്ങൾ ആയിരുന്നു എന്നോർക്കണം. പഴയ തിലകൈറ്റുകളും അഭിനവ് ഭാരത് പ്രവർത്തകർ ഒക്കെയുമാണ് ഇതിൽ പങ്കെടുത്തിരുന്നത്. ബ്രാഹ്മണമേൽക്കോയ്മ ഏതെങ്കിലും തരത്തിൽ നിലനിൽക്കണമെങ്കിൽ ഒരു ഹിന്ദുമണ്ഡലത്തിൻ്റെ നിലനില്പ് അനിവാര്യമാണ്. കീഴാളർക്ക് മറ്റൊരു തരത്തിൽ അവരുടെ കർത്തൃത്വനിർമ്മിതിയിൽ ഏർപ്പെടുന്നുണ്ട്. ആ കർത്തൃത്വനിർമ്മിതിയെ അധിനിവേശപ്പെടുത്തിയില്ലെങ്കിൽ ഇപ്പോൾ നിലവിലുള്ള മേൽക്കോയ്മ തന്നെ നഷ്ടപ്പെടും. എന്നാൽ ആ അധിനിവേശം നടത്താൻ സാധിച്ചാൽ വളരെ നന്നായ് നെയ്തെടുത്ത ഒരു ഹിന്ദുമണ്ഡലം ബ്രാഹ്മണമേൽക്കോയ്മയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ സജ്ജമായിത്തീരും. അത് മാത്രമാണ് രാഷ്ടീയ മേലാളത്തത്തിലേയ്ക്കും അധികാരത്തിലേയ്ക്കും ബ്രാഹ്മണരെ നയിക്കുക.

രാഷ്ട്രീയം 5 കൊല്ലത്തേയ്ക്ക് സവർക്കർക്ക് നിഷേധിച്ചുവെങ്കിലും ഹിന്ദുസംഘടന വംശീയമായി കെട്ടിപ്പടക്കാനുള്ള സ്വാതന്ത്ര്യം സവർക്കർക്ക് ബ്രിട്ടീഷ് ഭരണകൂടം നൽകിയിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിയും കൂട്ടരും നടത്തുന്ന സമരത്തെ ദുർബലപ്പെടുത്തുന്ന ഒന്നായതിനാൽ, ആ പ്രവർത്തനം നടത്തുന്നതിനെ ഒരിക്കലും ബ്രിട്ടീഷുകാർ തടഞ്ഞിരുന്നില്ല. പല മുസ്ലീം വിരുദ്ധ പ്രസംഗങ്ങളും ലേഖനങ്ങളും ഇക്കാലയളവിൽ സവർക്കർ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും ദേശജീവിതത്തെ താറുമാറാക്കുന്ന രാഷ്ട്രീയ ഉള്ളടക്കം അടങ്ങിയതാണെന്ന്  താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുമ്പോഴൊക്കെ അതെല്ലാം രാഷ്ട്രീയ രഹിതമാണെന്ന ഹിന്ദുത്വാനുകൂല റിപ്പോർട്ടാണ് മോണ്ട് ഗോമറിയും കൂട്ടരും സ്വീകരിച്ചത്. അവർ രാഷ്ട്രീയം എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത് ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയമാണ്. അത്തരം ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കില്ല എന്ന ഉറപ്പ് ബ്രിട്ടീഷ് ഗവണ്മെൻ്റിന് നൽകിയത് ജീവിതത്തിലുടനീളം സവർക്കർ പാലിച്ചു. അതോടൊപ്പം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് സാമ്രാജ്യതന്ത്രത്തിന് തൻ്റേതായ നിരവധി വിഭവങ്ങൾ നൽകുകയും ചെയ്തു.

ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് സവർക്കർ പുറത്തെത്തിയത് നിരവധി വിമർശനങ്ങൾ ബ്രാഹ്മണവാദികൾക്ക് ഇടയിൽ നിന്നു തന്നെ ഉണ്ടാക്കി. 1928 ൽ ഗണേഷ് ശങ്കർ വിദ്യാർത്ഥി, ഹിന്ദു പത്രികയായ “ശ്രദ്ധാനന്ദി” നെഴുതിയ കത്തിൽ ഇന്ത്യൻ പ്രശ്നങ്ങൾ പരിഹരിക്കാനായി രക്തസാക്ഷികൾ ആകാൻ തുനിഞ്ഞിറങ്ങിയ മനുഷ്യർ എന്ത് കൊണ്ടാണ് മാപ്പുചോദിക്കാനുള്ള ഓട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തുന്നത് എന്ന മട്ടിൽ ചോദ്യം ഉന്നയിക്കുകയുണ്ടായി. എന്തുകൊണ്ടാണ് അവർ ജയിലറകളിൽ മരണത്തെ പുൽകാൻ മടിക്കുന്നത് ? സർക്കാരിലേക്ക് നിരന്തരം അപേക്ഷകൾ അയച്ചത് . അതിന് മുമ്പ് 1924 ൽ ത്തന്നെ ചിത്പാവൻ ബ്രാഹ്മണരിലെ തന്നെ പുരോഗമനവാദികൾ ഈ ചോദ്യം ഉയർത്തുകയുണ്ടായി. അതിൻ്റെ പശ്ചാത്തലം രത്നഗിരി ജില്ലയിൽ താമസിക്കുന്ന സവർക്കറിന് വേണ്ടി ചിത്പാവൻ ബ്രാഹ്മണരിൽ ഒരു വിഭാഗത്തിൻ്റെ മുൻ കൈയ്യിൽ സാമ്പത്തിക സമാഹരണത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോഴാണ്. 1924 ൽ ബോംബെ ലെജിസ്ലേറ്റീവ് കൗൺസിലിൽ തന്നെ സവർക്കർക്ക് വേണ്ടിയുള്ള സഹായാഭ്യർത്ഥന ബ്രാഹ്മണർ ഉയർത്തിയെങ്കിലും അത് നിരാകരിക്കപ്പെട്ടു. തുടർന്ന് തിലക് തുടങ്ങിവെച്ച നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ മുഖപത്രമായ കേസരിയുടെ അന്നത്തെ പത്രാധിപർ എൻ സി കേൽക്കർ എന്ന ചിത്പാവൻ ബ്രാഹ്മണൻ ” സവർക്കർ സഹോദരരുടെ സഹായ നിധി ” യ്ക്ക് വേണ്ടി ആഹ്വാനം ചെയ്തു. തിലകിൻ്റെ മരണശേഷം തിലക് ഉയർത്തിയ ബ്രാഹ്മണ രാഷ്ട്രീയത്തെ നയിച്ചിരുന്നത് കേൽക്കർ ആണ്. ഈ അഭ്യർത്ഥനയെ തുടർന്ന് ചിത്പാവൻ ബ്രാഹ്മണരിൽ തന്നെ പുരോഗമനകാരിയായിരുന്ന മഹാദേവ് ഗോവിന്ദ് റാനഡേ സ്ഥാപിച്ച ” ഇന്ദുപ്രകാശ് ” എന്ന പത്രിക അതിനെതിരെ പ്രതികരിച്ചു. സവർക്കറുടെ പാത പൂർണ്ണമായും തെറ്റായിരുന്നു എന്ന് ആ പ്രതികരണം പ്രഖ്യാപിച്ചു. അതോടൊപ്പം അദ്ദേഹത്തിൻ്റെ മാപ്പപേക്ഷയോടെ  കുറ്റം ഇരട്ടിച്ചു. ബ്രിട്ടീഷുകാർക്ക് മുന്നിൽ മുട്ടുകുത്തി ദയയ്ക്ക് വേണ്ടി  സമ്പൂർണ്ണമായി യാചിച്ച
ഇത്തരം മനുഷ്യർക്ക് വേണ്ടി സംഭാവന പിരിക്കുന്നത് ഇന്നത്തെ ഇന്ത്യയിലെ ഉത്തമമൂല്യങ്ങൾ ആയ ധീരതയേയും ദേശസ്നേഹത്തേയും നിരാകരിക്കുന്നതിന് തുല്യമാണ് എന്ന് ഇന്ദുപ്രകാശ് എഴുതി.

എങ്കിലും പിരിവുമായി തിലകൈറ്റുകൾ മുന്നോട്ടുപോയി. 1924 ആഗസ്റ്റ് 28 ന് നാസിക്കിൽ വെച്ച് മഹാരാഷ്ട്രയിൽ നിന്ന് പിരിച്ചെടുത്ത 12,757 രൂപയും വിദേശത്ത് നിന്ന് പിരിച്ച 210 രൂപയും ചേർത്ത് 12,967 രൂപയുടെ പണക്കിഴി നാസിക്കിലെ ബ്രഹ്മാനന്ദ് തിയ്യേറ്ററിൽ വെച്ച് സവർക്കർക്ക് കൈമാറി. എൻ സി കേൽക്കർ കൂടാതെ പിൽക്കാലത്ത് ഹിന്ദുത്വരാഷ്ട്രീയത്തിൽ പ്രധാന പങ്ക് വഹിച്ച ബാലകൃഷ്ണ ശിവറാം മുഞ്ജേ എന്ന ബി എസ് മുഞ്ജേ, കാർവാർ പീഠത്തിലെ ആചാര്യ പദവി വഹിക്കുന്ന ഡോ. കുർട്ട് കോട്ടി തുടങ്ങിയ ബ്രാഹ്മണർ  പങ്കെടുത്തു.

നാസിക്കിൽ താമസിച്ചിരുന്ന കാലത്ത് ഇന്ത്യാ ഹൗസ് താമസക്കാലത്തെ സഹചാരിയായിരുന്ന സേനാപതി ബാപ്പട്ട് എന്ന പാണ്ഡുരംഗ് മഹാദേവ് ബാപ്പട്ട് സവർക്കറെ സന്ദർശിക്കുകയുണ്ടായി. അക്കാലത്ത് ഗാന്ധി തൻ്റെ വികസന രാഷ്ട്രീയം വ്യക്തമാക്കുന്ന സമരങ്ങളിൽ ഏർപ്പെട്ടിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്ന് ബ്രിട്ടീഷ് സർക്കാരും ടാറ്റയും ചേർന്ന് നിർമ്മിക്കാൻ തുടങ്ങിയ മുൽഷിയിലെ ജലവൈദ്യുത പദ്ധതിക്കെതിരെയുള്ള സമരം ആയിരുന്നു. നിരവധി ഏക്കറുകളോളം വരുന്ന കർഷകഭൂമി കവർന്നുകൊണ്ടായിരുന്നു ആ പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഗാന്ധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൽഷി സത്യാഗ്രഹ മാർഗ്ഗദർശക കമ്മറ്റി, സേനാപതി ബാപ്പട്ടിനെ അതുമായി സഹകരിക്കുന്നതിൽ നിന്നും തടഞ്ഞു. അക്രമമാർഗ്ഗം പിന്തുടരുന്നവർ അഹിംസയെ മുൻനിർത്തിയുള്ള സമരത്തിൽ പങ്കെടുക്കുന്നത് അതിൻ്റെ ഉദ്ദേശശുദ്ധിയെ സംശയത്തിൻ്റെ നിഴലിലാക്കും എന്നാണ് ഗാന്ധി പ്രഖ്യാപിച്ചത്. ബോപ്പട്ടിൻ്റെ സവർക്കറുമായുള്ള കൂടിക്കാഴ്ച ഈ പശ്ചാത്തലത്തിൽ ആയിരുന്നു. അതേ തുടർന്ന് ഗാന്ധിയുടെ സമരത്തെ തകർക്കാനായി പുതിയൊരു സത്യാഗ്രഹം മുൾഷിയിൽ ബോപ്പട്ട് പ്രഖ്യാപിച്ചു. ആയുധമെടുക്കാൻ ആഹ്വാനം ചെയ്യുന്ന സമരം ആയിരുന്നു അത്. ബാപ്പട്ടും സഹപ്രവർത്തകരും മുൾഷി ജലവൈദ്യുത പദ്ധതിയിലെ, തൊഴിലാളികൾ കയറിയ തീവണ്ടി ആക്രമിച്ചു. അതെ തുടർന്ന് ബോപ്പട്ട് അറസ്റ്റിലായി.

ബ്രിട്ടീഷുകാരുടെ സഹാനുഭൂതിയെ തുടർന്ന് 1924 ൽ രത്നഗിരി ജില്ലയിൽ എത്തിച്ചേർന്ന ഉടൻ സവർക്കർ താൻ പുതുതായി എത്തിച്ചേർന്ന ഹിന്ദു വംശീയ രാഷ്ട്രീയത്തിൻ്റെ പ്രായോഗിക പ്രവർത്തനങ്ങൾ തുടങ്ങി വെച്ചു. ഹിന്ദു സംഘടനാ നീക്കങ്ങൾ അതിന് മുമ്പേ തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഉടലെടുത്തിരുന്നു. 1909 ൽ പഞ്ചാബിൽ ഹിന്ദുസഭ എന്ന പേരിൽ ഒരു സംഘടന പഞ്ചാബ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയായ പ്രതുൽ ചന്ദ്ര ചാറ്റർജി തുടങ്ങിവെച്ചിരുന്നു. അതിൻ്റെ ആദ്യ സമ്മേളനത്തിൽ ലാലാ ലജ്പത് റായ് അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ഹിന്ദുസഭയുടെ പ്രവർത്തനങ്ങളുടെ തുടർച്ചയായി അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒരു ഹിന്ദു സംഘടന എന്ന ആശയം ഉരുത്തിരിഞ്ഞു വന്നിരുന്നു. 1915 ൽ അങ്ങനെ സർവ്വ ദേശക് ഹിന്ദുസഭ ഉടലെടുത്തു. പിന്നീട് 1920 ൽ അത് അഖിലേന്ത്യാ ഹിന്ദു മഹാസഭ ആയി പരിണമിക്കുകയുണ്ടായി. നിരവധി ഹിന്ദു നാട്ടുരാജ്യങ്ങളുടെ സഹായം അതിന് ലഭിക്കുകയുണ്ടായി. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ , ആര്യസമാജക്കാരനും പിന്നീട് ഹിന്ദു വർഗ്ഗീയ വാദിയുമായി പരിണമിച്ച സ്വാമി ശ്രദ്ധാനന്ദ് തുടങ്ങിയവർ സാർവ്വദേശക് ഹിന്ദു സഭയുടെ രൂപീകരണത്തിൽ സംബന്ധിക്കുകയുണ്ടായി. ഹരിദ്വാരിൽ വെച്ചു നടന്ന ആദ്യ സമ്മേളനത്തിൽ ഈ അഖിലേന്ത്യാ ഹിന്ദു സംഘടനയുടെ ലക്ഷ്യങ്ങളായി അംഗീകരിക്കപ്പെട്ടത് താഴെപ്പറയുന്ന കാര്യങ്ങൾ ആണ്

1 . ഹിന്ദു സമുദായത്തിൻ്റെ എല്ലാ വിഭാഗങ്ങളും തമ്മിൽ കൂടുതൽ ഐക്യവും ഒന്നിപ്പും ഉണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കുകയും  ഒരു ജൈവ ഏകകത്തിൻ്റെ ഘടകങ്ങളായി മാറത്തക്കവിധം അവയെ ഒന്നിപ്പിക്കുകയും ചെയ്യുക.

2. ഹിന്ദുസമുദായത്തിലെ അംഗങ്ങളിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.

3. ഹിന്ദുസമുദായത്തിൻ്റെ എല്ലാ വിഭാഗങ്ങളുടേയും അവസ്ഥ കൂടുതൽ മെച്ചപ്പെട്ടതാക്കുക

4 . എവിടെ എപ്പോൾ ഹിന്ദുതാത്പര്യങ്ങൾ സംരക്ഷിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും അവശ്യമാകുന്നുവോ, അവിടെ അപ്പോൾ അത് നടപ്പിലാക്കുക.

5. ഇന്ത്യയിൽ ഹിന്ദുക്കൾക്കിടയ്ക്ക് തമ്മിൽ തമ്മിലും ഹിന്ദുക്കളും അന്യസമുദായങ്ങളും തമ്മിലും സദ് വികാരങ്ങൾ ഉണർത്തുന്ന മട്ടിൽ ചങ്ങാത്ത മനോഭാവത്തോടെ പ്രവർത്തിക്കുക. അതോടൊപ്പം സർക്കാരുമായി അനുസരണാ മനോഭാവത്തോടെയുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക.

6. ഹിന്ദുസമുദായത്തിൻ്റെ മതപരവും ധാർമ്മികവും സാമൂഹികവും വിദ്യാഭ്യാസപരവും രാഷ്ട്രീയപരവും ആയ താത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പൊതു നടപടികൾ സ്വീകരിക്കുക.

സവർക്കറുടെ “ഹിന്ദുത്വ ” പുസ്തകം കൊണ്ടുവന്ന വംശീയ രാഷ്ട്രീയത്തിനേക്കാൾ വളരെ വളരെ ലഘുവായ ബ്രാഹ്മണ രാഷ്ട്രീയമാണ് സാർവ്വദേശക് ഹിന്ദു സഭയ്ക്ക് ഉണ്ടായിരുന്നതെന്ന് ഈ ലക്ഷ്യങ്ങൾ കണ്ണോടിച്ചാൽ മനസ്സിലാകും. ജാതിഘടനയിൽ കടുംപിടിച്ചു കൊണ്ടുള്ള മേൽക്കോയ്മ ഇനിമേൽ സാധ്യമല്ലെന്ന തിരിച്ചറിവ് ഈ പുതിയ ലക്ഷ്യങ്ങൾ വെളിവാക്കുന്നു. എന്നാൽ ഹിന്ദുരാഷ്ട്രത്തിനായുള്ള ഒന്ന് എന്നതിനേക്കാൾ ഒരു വിലപേശൽ രാഷ്ട്രീയത്തിനുള്ള എന്ന മട്ടിൽ മാത്രമേ ഹിന്ദു സംഘടനാ ബോധവും രാഷ്ട്രീയ ബോധവും എത്തി നിന്നിരുന്നുള്ളു. അന്യസമുദായങ്ങളുടെ സാമൂഹികാസ്തിത്വം അത് നിരാകരിക്കുന്നില്ല. സ്വയം ശക്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ ആരായുമ്പോഴും ഈ മേൽക്കോയ്മാ സംരക്ഷണ ശക്തികൾ അന്യ സമുദായങ്ങളുമായി ധാരണയിൽ പ്രവർത്തിക്കണം എന്ന മന:സ്ഥിതിക്കാരാണ്. അതായത് തങ്ങളുടെ മേൽക്കോയ്മ നഷ്ടപ്പെടാതിരിക്കാൻ പ്രാകൃതമെങ്കിലും ഒരു ജനാധിപത്യബോധം സംഘടന വെച്ചു പുലർത്തുന്നുണ്ട്.

എന്നാൽ ഈ സഭ പ്രവർത്തനത്തിൽ ഈ ജനാധിപത്യം കാഴ്ചവെച്ചു എന്ന് പറയാനാവില്ല. ഹിന്ദുത്വ രാഷ്ട്രീയ മണ്ഡലത്തിൽ മറാത്താ ചിത്പാവൻ നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ പ്രയോക്താക്കൾ മുന്നോട്ടു വെച്ച രാഷ്ട്രീയത്തിൻ്റെ കൗശലം മനസ്സിലാക്കാത്ത പരിഷ്കൃത സനാതനികൾ മാത്രമായിരുന്നു അവർ. 1916 ൽ തിലക് ഉണ്ടാക്കിയ ലക്നോ സന്ധിയുടെ ഹിന്ദു രാഷ്ട്രീയ ഉള്ളടക്കം അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല . അതേ തുടർന്ന് ഇവരും തിലകിൻ്റെ ചിത്പാവൻ രാഷ്ട്രീയവുമായി ഈ പരിഷ്കൃത സനാതനികളുടെ നേതാവായിരുന്ന മദൻ മോഹൻ മാളവ്യ സംഘർഷത്തിലാവുകയും അതിന് തിലക് വിശദീകരണം നൽകിയതുമൊക്കെ നാം നേരത്തേ വിശദീകരിച്ചല്ലോ.

1920 ൽ ഹരിദ്വാരിൽ നടന്ന ഹിന്ദുമഹാസഭ കൺവെൻഷനിൽ കോൺഗ്രസ്സും മുസ്ലീംലീഗും തമ്മിലുണ്ടാക്കിയ ലക്നൗ സന്ധിയെ നേരിടാൻ ഈ നവ സനാതനികൾ തീരുമാനിച്ചു. അതോടെ അഞ്ചാം ലക്ഷ്യത്തിൽ, അന്യമതങ്ങളും ഗവണ്മെൻ്റുമായുള്ള സഹകരണം പ്രഖ്യാപിക്കുന്ന വിഭാഗത്തിൽ , വ്യത്യാസം വരുത്തുകയുണ്ടായി. ” ഗവണ്മെൻറുമായുള്ള അനുസരണാപൂർവ്വമുള്ള സഹകരണം ” എന്നതിന് പകരം ” പരിമിതമായെങ്കിലും  സ്വയംഭരണശേഷിയുള്ള ഇന്ത്യാ രാജ്യത്തെ വാർത്തെടുക്കുക ” എന്ന ലക്ഷ്യമാക്കി അതിനെ മാറ്റിയെഴുതി. അതോടൊപ്പം തന്നെ തങ്ങളുടെ ബ്രാഹ്മണസ്വത്വത്തെ മറച്ചുവെയ്ക്കാനായി അംഗങ്ങളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡത്തിൽ “താഴ്ന്ന ജാതി ” യേയും ഉൾപ്പെടുത്തുകയുണ്ടായി. അതോടൊപ്പം ” ശുദ്ധിപ്രക്രിയ ” യെ അംഗീകരിക്കുകയും ചെയ്തു. അതായത് തങ്ങൾ എടുത്തിരുന്ന ജനാധിപത്യ നിലപാടിൽ നിന്നും വ്യതിചലിച്ച് വർഗ്ഗീയ നിലപാടിലേയ്ക്ക് കൂടുതൽ കൂടുതൽ നീങ്ങുകയായിരുന്നു ഹിന്ദുമഹാസഭ . അതിനെ ത്വരിപ്പിക്കുന്നതിനായി ശുദ്ധിപ്രസ്ഥാനത്തെ, ഹിന്ദുമതത്തിലേയ്ക്ക് അന്യമതങ്ങളിൽ നിന്ന് മതം മാറ്റുന്ന പ്രക്രിയയെ മുന്നോട്ടുകൊണ്ടു പോകുന്ന പ്രസ്ഥാനത്തെ, തങ്ങളുടെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രയോഗം ആക്കുകയും ചെയ്തു. കാർവാറിലെ ശങ്കരപീഠ മഠാധിപതി ഡോ. കുർട്ട് കോട്ടി, സ്വാമി ശ്രദ്ധാനന്ദ് , ഡോ.ബി.എസ്. മുഞ്ജേ, ഭായ് പരമാനന്ദ് , ലാലാ ലജ്പത് റായ് തുടങ്ങിയവർ ഒക്കെ ശുദ്ധി പ്രസ്ഥാനത്തിൻ്റെ വ്യക്താക്കളായി. അപ്പോൾ തിലകിൻ്റെ മുൻ കൈയ്യിൽ ഉണ്ടായ ലക്നൗ സന്ധിയെ എതിർക്കാൻ വേണ്ടി വർഗ്ഗീയ പാതയിലേയ്ക്ക് നീങ്ങിയ ഹിന്ദുമഹാസഭ യഥാർത്ഥത്തിൽ തിലകിൻ്റെ രാഷ്ട്രീയത്തോട് കൂടുതൽ അടുക്കുകയാണ് ചെയ്തത്.


 

Comments

comments