55. വിചാരണ
…………………
ഡെൽഹിയിലെ ചെങ്കോട്ടയിലാണ് ഗാന്ധിവധത്തിന്റെ വിചാരണയ്ക്ക് വേണ്ടിയുള്ള പ്രത്യേക കോടതി ഒരുക്കിയത്. ചെങ്കോട്ട അതിന് മുമ്പും ബ്രിട്ടീഷ് ഭരണകാലത്ത് പ്രത്യേക കോടതിയായി രണ്ടു വട്ടം പ്രവർത്തിച്ചിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് അവസാനത്തെ മുഗൾ രാജാവായിരുന്ന ബഹദൂർഷാ സഫറിൻ്റെ വിചാരണ നടന്നത് അവിടെയാണ്. അതുപോലെത്തന്നെ 1945 ൽ സുഭാഷ് ചന്ദ്രബോസിൻ്റെ  ഐ എൻ എ യിൽ പ്രവർത്തിച്ചിരുന്നവരിൽ തടവുകാരായി പിടിക്കപ്പെട്ടവരുടെ വിചാരണയും അവിടെയാണ് നടന്നത്. ചെങ്കോട്ടയിലെ ഏറ്റവും മുകളിലെ നിലയിലെ 100 അടി നീളവും 23 അടി വീതിയുമുള്ള മുറിയായിരുന്നു കോടതിയാക്കി മാറ്റിയത്. 8 അടി പൊക്കമുള്ള കമ്പിവേലി ചെങ്കോട്ടയ്ക്ക് ചുറ്റും കെട്ടിയിരുന്നു. മരം കൊണ്ടുള്ള ഒരു പ്ലാറ്റ്ഫോം ജഡ്ജിയുടെ ഇരിപ്പിടമായി സജ്ജീകരിച്ചിരുന്നു. മുറിയുടെ വലതുവശത്ത് മൂന്ന് ബഞ്ചുകൾ സജ്ജീകരിച്ച് തിരിച്ചുകെട്ടിയ ഭാഗമായിരുന്നു പ്രതിക്കൂടായി മാറ്റിയത്. സാക്ഷിക്കൂട് ഇടതുഭാഗത്തും. പത്രക്കാർക്കും സന്ദർശകർക്കും വേണ്ടി 200 ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു.1948 മെയ് 24 ന് പ്രതികളെ ബോംബെയിൽ നിന്നും ഡെൽഹിയിലെത്തിച്ചു. 1948 മെയ് 27 നാണ് വിചാരണ തുടങ്ങിയത്. ജസ്റ്റീസ് എച്ച്. ആത്മചരൺ ആയിരുന്നു പ്രത്യേക കോടതി ജഡ്ജി. ചീഫ് പ്രോസിക്യൂട്ടർ ഡഫ്തരി ആയിരുന്നു. ഹിന്ദുമഹാസഭാ നേതാവായിരുന്ന എൽ ബി ബോപ്പട്ക്കറോട് തനിക്ക് വേണ്ടി ഹാജരാകാൻ സവർക്കർ അഭ്യർത്ഥിച്ചു. ബോപ്പട്ക്കർ അതിന് സമ്മതം മൂളി. പ്രതികൾക്ക് വേണ്ടിയുള്ള വക്കീലന്മാരിൽ ഏറ്റവും മുതിർന്നയാളായ ബോപ്പട്ക്കറുടെ നേതൃത്വത്തിൽ ഒരു സംഘം വക്കീലന്മാരാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്. ഹിന്ദുമഹാസഭയുടെ മഹാരാഷ്ട്ര പ്രവിശ്യാ കമ്മറ്റി ഒരു ‘നിയമ സഹായ കമ്മറ്റി’ രൂപികരിക്കുകയുണ്ടായി. ബോപ്പട്ക്കർ പ്രസിഡണ്ടും രാംബാവു മണ്ഡലിക് കൺവീനറും  ജി വി കേത്ക്കർ ഖജാൻജിയുമായാണ് കമ്മറ്റി രൂപീകരിച്ചത്. കമ്മറ്റി ഡോ. ജയക്കറോട് സവർക്കർക്ക് വേണ്ടി ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും നിരാകരിക്കപ്പെട്ടു. യെർവാദാ ജയിലിൽ തടവിൽ കിടക്കുന്ന വി ബി ഗോഘട്ടെയെ തനിക്ക് വേണ്ടി വാദിക്കാൻ കർക്കരേ ആവശ്യപ്പെട്ടതനുസരിച്ച് കമ്മറ്റി ഗോഘട്ടെയെ മാപ്പു നൽകിയോ പരോൾ നൽകിയോ ജയിൽ വിമുക്തനാക്കാൻ ബോംബെ പ്രവിശ്യാ ഗവണ്മെൻ്റിന് നിവേദനം നൽകിയെങ്കിലും നിരാകരിക്കപ്പെട്ടു. താഴെപ്പറയുന്നവരായിരുന്നു അഖിലേന്ത്യാ നിയമസഹായ  കമ്മറ്റിയിൽ ഉണ്ടായിരുന്നത്.
1. എൽ ബി ബോപ്പട്ക്കർ, പ്രസിഡണ്ട്
2. ലാലാ നാരായൺ ദത്ത്, ഖജാൻജി
3. ജി വി കേത്ക്കർ, ഖജാൻജി
4. രാംബാവു മണ്ഡലിക്, കൺവീനർ
5. ജമുനാദാസ് മേത്ത
6. ദേവേന്ദ്രകുമാർ മുഖർജി
7. ക്യാപ്റ്റൻ കേശവ് ചന്ദ്ര
8. പഞ്ചനാദൻ
9. ഗണപതി അയ്യർ.
10. ലക്ഷ്മി ശങ്കർ വർമ്മ
11. ആർ എ കനിത്കർപ്രതികളുടെ ഫോട്ടോകൾ എടുക്കാൻ ജസ്റ്റീസ് ആത്മചരൺ അനുമതി നൽകുകയുണ്ടായി. സവർക്കർ വലിഞ്ഞുമുറുകി മ്ലാനിയായി കാണപ്പെട്ടു; ഗോഡ്സേയും. അതേ സമയം ആപ്തേയും മറ്റുള്ളവരും ഉല്ലാസത്തോടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ആദ്യദിവസം വെറും രണ്ടുമണിക്കൂർ മാത്രമേ കോടതി നടപടികൾ നീണ്ടുനിന്നുള്ളു. അന്നു തന്നെ ബോപ്പട്ക്കർ സവർക്കറുടെ ആരോഗ്യം ക്ഷയിച്ചിരിക്കുകയാണെന്നും കുഷ്യനുള്ള പ്രത്യേക ഇരിപ്പിടം അദ്ദേഹത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു. അത് കോടതി അനുവദിച്ചു. അതോടെ മറ്റ് പ്രതികളിൽ നിന്ന് മാറിയിരിക്കാൻ അദ്ദേഹത്തെ സഹായിച്ചു.ചീഫ് പ്രൊസിക്യൂട്ടറായ ഡഫ്തരി പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വായിച്ചു. വധം, വധശ്രമം, വധഗൂഢാലോചന, വധ സഹായം, നിയമപരമല്ലാത്ത ആയുധങ്ങൾ കൈവശം വെയ്ക്കൽ, സ്ഫോടകവസ്തുക്കളുടെ സമ്പാദനവും കടത്തലും, തുടങ്ങിയവയായിരുന്നു കുറ്റപത്രത്തിലെ ആരോപണങ്ങൾ. പ്രതികൾക്ക് നിയമസഹായം ഗവണ്മെൻ്റ് ഏർപ്പെടുത്തണമോ എന്ന് കോടതി ആരാഞ്ഞപ്പോൾ ഗോഡ്സേയും മറ്റ് ആറ് പ്രതികളും അത് നിരാകരിക്കുകയും ബോപ്പട്ക്കർ അത് ഏർപ്പെടുത്തിയിട്ടുണ്ട് എന്നറിയിക്കുകയുമുണ്ടായി. ബഡ്ഗെയും മദൻലാലും തങ്ങൾക്ക് വക്കീലിൻ്റെ സേവനം ആവശ്യമില്ല എന്നറിയിച്ചു. കിസ്തയ്യ ആദ്യം ഗവണ്മെൻ്റ് വക്കീലിനെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ബോപ്പട്ക്കർ തനിക്കുള്ള വക്കീലിനെ ഏർപ്പെടുത്തുന്നുണ്ട് എന്നു ചൂണ്ടിക്കാട്ടി ആ ആവശ്യം പിൻവലിച്ചു.ബഡ്ഗെയും കർക്കരേയും തങ്ങൾക്ക് മറാത്തി മാത്രമേ അറിയൂ എന്ന് കോടതിയെ ബോധിപ്പിച്ചു. കിസ്തയ്യയ്ക്ക് തെലുങ്ക് മാത്രമേ അറിയാമായിരുന്നുള്ളു. അവർക്കെല്ലാം വേണ്ടി വിവർത്തകരെ സജ്ജമാക്കി.

രണ്ടാമത്തെ ദിവസവും വലിയ വാദങ്ങൾ ഒന്നും നടന്നില്ല. മദൻലാൽ തനിക്ക് വേണ്ടി ബോപ്പട്കർ വക്കീലിനെ ഏർപ്പാടാക്കും എന്ന് കോടതിയെ അറിയിച്ചു.

1948 ജൂൺ 14 നാണ് യഥാർത്ഥത്തിൽ വാദം ആരംഭിച്ചത്.

ബോംബെ പ്രവിശ്യയിലെ അഡ്വക്കേറ്റ് ജനറൽ ആയിരുന്ന  ചന്ദ്ര കിഷൻ ദഫ്തരിയായിരുന്നു ചീഫ് പ്രൊസിക്യൂട്ടർ എന്ന് നാം കണ്ടു. അദ്ദേഹത്തിനെ സഹായിക്കാനായി എൻ കെ പെറ്റിഗര, എൻ ജി വ്യവ്ഹാർകർ, എന്നിവർ ബോംബെയിൽ നിന്നും റായ് ബഹാദൂർ ജ്വാലാ പ്രസാദ് പഞ്ചാബിൽ നിന്നും പണ്ഡിറ്റ് താക്കൂർദാസ് ഡെൽഹിയിൽ നിന്നും ഉണ്ടായിരുന്നു.

സവർക്കർക്ക് വേണ്ടി ഹാജരായത് പൂനെയിലെ എൽ ബി ബോപ്പട്ക്കർ ആണെന്ന് നാം കണ്ടുവല്ലോ. നാഥുറാം ഗോഡ്സേയ്ക്ക് വേണ്ടി ബോംബെയിൽ നിന്നും ബാരിസ്റ്റർ വി.വി ഓക്ക്, നാരായൺ ആപ്തേയ്ക്ക് വേണ്ടി ബോംബെയിൽ നിന്നുള്ള കെ എച്ച് മെംഗ്ലേ, ജി.കെ. ദുവ, വിഷ്ണു കർക്കരേയ്ക്ക് വേണ്ടി ബോംബെയിൽ നിന്നുള്ള നർഹർ ദാജി ഡാംഗേ, ജി. കെ.ദുവ, മദൻലാൽ പഹ് വ യ്ക്ക് വേണ്ടി പൂർണ്ണചന്ദ്ര ബാനർജി, ശങ്കർ കിസ്തയ്യയ്ക്ക് വേണ്ടി ഹൻസ് രാജ് ആർ മേത്ത, ഗോപാൽ ഗോഡ്സേയ്ക്ക് വേണ്ടി മോഹൻലാൽ ബി മണിയാർ, വി.ഡി. സവർക്കറിന് വേണ്ടി ബോപ്പട്ക്കറിന്റെ കൂടെ ജമ്നാദാസ് മേത്ത, ഗൺപത് റായ്, എന്നിവരാണ് ഹാജരായത്. പർച്ചൂരേയ്ക്ക് വേണ്ടി പി.എൽ ഇമാംദാറും.

1948 ജൂൺ 24 മുതൽ നവംബർ 6 വരെ പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നുള്ള തെളിവുകൾ രേഖപ്പെടുത്തപ്പെട്ടു. 149 സാക്ഷികളെ വിസ്തരിച്ചു. 404 തെളിവ് രേഖകളും 80 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. 1948 നവംബർ 8 മുതൽ 22 വരെ പ്രതികളുടെ ഭാഗത്തു നിന്നുള്ള പ്രസ്താവനകൾ രേഖപ്പെടുത്തപ്പെട്ടു. പ്രതിഭാഗം 119 രേഖകൾ സമർപ്പിച്ചു. 1948 ഡിസംബർ 1 മുതൽ 30 വരെ പ്രതിഭാഗത്തെ കോടതി കേട്ടു.

ചാർജ്ജ് ഷീറ്റിനെ മറാത്തിയിലേയ്ക്ക് തർജ്ജമ ചെയ്തത് എം എ നവാൽക്കറും തെലുങ്കിലേയ്ക്ക് തർജ്ജമ ചെയ്തത് ബെല്ലാരിയിലെ  എം കമലമ്മയുമാണ്. പഞ്ചാബിയിലേയ്ക്കും ഹിന്ദുസ്ഥാനിയിലേയ്ക്കും തർജ്ജമ ചെയ്തത് എം ആർ ഹാൻഡയും. എല്ലാ ചോദ്യോത്തരങ്ങളും ഇവരുടെ സഹായത്തോടെ അതത് ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്തു.

കുറ്റപത്രം വായിച്ച ശേഷം ദിഗംബർ ബഡ്ഗേ പ്രോസിക്യൂഷൻ ഭാഗത്തേയ്ക്ക് കൂറുമാറിയെന്നും അദ്ദേഹത്തിന് നിബന്ധനകളോട് കൂടിയ മാപ്പു നൽകിയെന്നും പ്രതിപ്പട്ടികയിൽ നിന്ന് അദ്ദേഹത്തെ ഉടൻ തന്നെ നീക്കം ചെയ്യണമെന്നും ജസ്റ്റീസ് ആത്മചരൺ പ്രസ്താവിച്ചു. കുറ്റപത്രം വായിച്ചു കേട്ട ശേഷം നാഥുറാം ഗോഡ്സേ ഒഴികെയുള്ള  ബാക്കി പ്രതികൾ തങ്ങൾ നിരപരാധികളാണെന്നും വിചാരണയ്ക്ക് വിധേയമാക്കണമെന്നും അപേക്ഷിച്ചു. നാഥുറാം ഗോഡ്സേ തന്നെ വിചാരണ ചെയ്യണം എന്ന് ആവശ്യപ്പെട്ടു. പർച്ചൂരേ താൻ ഗ്വാളിയർ സംസ്ഥാനത്തെ പൗരനായത് കൊണ്ട് പ്രത്യേകകോടതിയുടെ നിയമപരിധിയിൽ വരുന്നില്ല എന്ന് കൂടി അഭ്യർത്ഥിച്ചു.

ഗ്വാളിയർ സംസ്ഥാനത്തെ ഈശ്വർ ദത്ത് മുൾച്ചന്ദ് എന്ന 30 വയസ്സുള്ള ഹെഡ് കോൺസ്റ്റബിളിനെയാണ് ആദ്യമായി സാക്ഷി വിചാരണ നടത്തിയത്. ഷെറീഫ് ഹോട്ടലിലെ ജീവനക്കാരേയും ബന്ധപ്പെട്ടവരേയുമാണ് പിന്നീട് സാക്ഷി വിചാരണ നടത്തിയത്. ഒപ്പം ശാന്താറാം അംച്ചേക്കറേയും. അവരെല്ലാവരും തന്നെ കർക്കരേ, പഹ് വ യേയും തിരിച്ചറിഞ്ഞു. ഗോപാലിനേയും തിരിച്ചറിഞ്ഞവർ ഉണ്ടായിരുന്നു. അംച്ചേക്കർ കർക്കരേയ്ക്കും പഹ് വയ്ക്കുമൊപ്പമുള്ള അദ്ദേഹത്തിൻ്റെ യാത്രയും താമസവും കോടതിയിൽ പുനരാവിഷ്ക്കരിച്ചു. ശങ്കർ കിസ്തയ്യയുമായി ഇടപെടാൻ ബഡ്ഗെയെ അനുവദിക്കരുതെന്ന നാഥുറാമിൻ്റെ അപേക്ഷ കോടതി സ്വീകരിച്ചു.

1948 ജൂൺ 28 ന് സാക്ഷികളായി വിസ്തരിച്ചത് രാമചന്ദ്ര, നാരായൺ സിംഗ് തുടങ്ങിയ മറീനഹോട്ടലിലെ വെയ്റ്റർമാരേയാണ്. അവർ എസ്.ദേശ്പാണ്ഡേ, എം. ദേശ്പാണ്ഡേ എന്നീ പേരുകളിൽ ഹോട്ടലിൽ താമസിച്ചിരുന്ന  നാഥുറാമിനേയും ആപ്തേയേയും തിരിച്ചറിഞ്ഞു. പിറ്റേന്ന് ഹിന്ദുമഹാസഭയ്ക്ക് പിന്നിലുള്ള വനപ്രദേശത്ത് പ്രതികൾ വെടിവെയ്പു പരിശീലനം നടത്തുമ്പോൾ അതിലേ കടന്നുപോയ മെഹർ സിംഗ്, പ്യാരേലാൽ, കപ്താൻ തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരേയാണ്. മറീന ഹോട്ടലിലെ വെയ്റ്റർമാരായ ഗോവിന്ദ് റാം, കേലേറാം, മാനേജർ പച്ചെക്കോ എന്നിവരെയും അന്ന് വിസ്തരിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ പ്രതികൾ  യാത്ര ചെയ്തിരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ, ബിർളാ ഹൗസിലെ സുലോചനാദേവി, ഛോട്ടുറാം, ഭുർസിംഗ്, ഇരുപതാം തീയതി ബിർള ഹൗസിൽ ഉണ്ടായിരുന്ന മജിസ്ട്രേട്ട് കെ.എം. സാഹ്നി, ഫ്രോണ്ടിയർ ഹിന്ദു ഹോട്ടലിലെ മാനേജർ രാംപ്രകാശ് തുടങ്ങിയവരേയും സാക്ഷി വിസ്താരം നടത്തി. 1948 ജൂലൈ 7 ന് സാക്ഷിയായി വന്ന സ്ഫോടകവസ്തു വിദഗ്ദ്ധൻ ആഗ്രയിലെ എസ് സി. റായ് , കണ്ടെടുത്ത കൈബോംബുകളും ഗൺകോട്ടൺ സ്ലാബും മാരകമായ സ്ഫോടനശേഷി ഉള്ളവയാണെന്ന് സാക്ഷ്യപ്പെടുത്തി. അന്നുതന്നെ ടെലഫോൺ വകുപ്പിലെ പി.ആർ. കൈലാഷിനേയും വിസ്തരിച്ചു. 1948 ജനുവരി 19 ന് ,ഡെൽഹി ഹിന്ദു മഹാസഭാ ഓഫീസിലെ 8024 നമ്പർ ടെലഫോണിൽ നിന്നും 60201 എന്ന ബോംബെ’നമ്പറിലേയ്ക്ക് ( സവർക്കർ സദൻ ) രാവിലെ 9.20 ന് ഒരു ട്രങ്ക് കോൾ വിളിക്കുകയും ഡാംലെയേയോ കസിയയേയോ (കസാർ എന്ന സവർക്കറുടെ അംഗരക്ഷകനെ ആണ് ഉദ്ദേശിച്ചത് ) ആവശ്യപ്പെടുകയും ചെയ്തു എന്ന് കൈലാഷ് കോടതിയിൽ പറഞ്ഞു –

പിറ്റേ ദിവസം പ്രധാനമായും റെയിൽവേ ഉദ്യോഗസ്ഥരേയാണ് വിസ്തരിച്ചത്. ബിർള ഹൗസിലെയും തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലേയും. പോലീസ് ഉദ്യോഗസ്ഥരേയും.

1948 ജൂലൈ 12 ന്  ബിർള ഹൗസിലെത്തി ഗാന്ധിയുടെ ശവശരീരപരിശോധന നടത്തിയ ഇർവിൻ ആശുപത്രിയിലെ സിവിൽ സർജൻ ലെഫ്റ്റനൻ്റ് കേണൽ ഡോ. പി എൻ തനേജയെ വിസ്തരിച്ചു. ” തൊട്ടടുത്തു നിന്നുള്ള വെടിവെയ്പിലെ വെടിയുണ്ടകൾ ഉണ്ടാക്കിയ ആന്തരികമായ ക്ഷതങ്ങളുടെ ആഘാതത്തിലാണ് ഗാന്ധിജി മരിച്ചത്. ഗാന്ധിജിയുടെ ശവശരീരം ഡോ. ജീവരാജ് മേത്ത പരിശോധിച്ചത് എൻ്റെ മുന്നിൽ വെച്ചാണ്. അഞ്ചു മുറിവുകൾ ഞാൻ ആ ശവശരീരത്തിൽ കണ്ടു. വെടിയുണ്ടകൾ പ്രവേശിച്ച മൂന്ന് മുറിവുകൾ നെഞ്ചിലും വെടിയുണ്ടകൾ പുറത്തു പോയ രണ്ട് മുറിവുകൾ പുറംഭാഗത്തും. അദ്ദേഹത്തിൻ്റെ നെഞ്ചിൻ്റെ വലതു ഭാഗത്ത് ആഴത്തിൽ ഒരു മുറിവുണ്ടായിരുന്നു. അത് ദേഹത്തെ ദീർഘവൃത്താകൃതിയിൽ കുഴിച്ചിരുന്നു. അതിന് ഇടത്തായി രണ്ട് മുറിവുകളും. വെടിയുണ്ട പ്രവേശിച്ചുണ്ടായ മുറിവുകൾ 1/4 ഇഞ്ച് x 1/6 ഇഞ്ച് വലിപ്പമുള്ളവയും വെടിയുണ്ട പുറത്തേയ്ക്ക് പോയ യഥാക്രമമുള്ള മുറിവുകൾ 1/3 ഇഞ്ച് x 1/4 ഇഞ്ച് വലിപ്പമുള്ളവയുമായിരുന്നു. പുറം ഭാഗത്തെ രണ്ടു മുറിവുകൾ രണ്ട് വെടിയുണ്ടകൾ ശരീരത്തിൽ തുളഞ്ഞു കയറി പുറകിലൂടെ പുറത്തേക്ക് വന്നതിൻ്റെ ഫലമായുണ്ടായതാണ് .


ബെറെറ്റാ തോക്ക് വിറ്റ ജഗദീഷ് പ്രസാദ് ഗോയൽ, ഡെൽഹി ടെലഫോൺ എക്സ്ചേഞ്ചിലെ ലേഡി ഓപ്പറേറ്റർ കുൽവന്ത് കൗർ, മറ്റൊരു ടെലിഫോൺ ഓപ്പറേറ്റർ ആയ ജി. ഫുർനെസ്സ്, തുടങ്ങിയവരേയും അന്ന് വിസ്തരിച്ചു. 1941 മുതൽ പർച്ചൂരെയെ പരിചയമുണ്ടെന്നും അദ്ദേഹം ഹിന്ദു രാഷ്ട്ര സേന എന്ന തീവ്രവാദ സംഘടനയുടെ തലവനാണെന്നും ഗോയൽ മൊഴി കൊടുത്തു. പിറ്റേന്ന് ഗ്വാളിയറിലെ കുതിരവണ്ടിക്കാരായ  ഗാരിബ, ജുമ്മ എന്നിവരുടേയും സാക്ഷി വിസ്താരം നടന്നു. കാൺപൂർ തീവണ്ടിയാപ്പീസിലെ ഇൻസ്പെക്ഷൻ ക്ലർക്കുമാരും ആപ് തേയ്ക്കും ഗോഡ്സേയ്ക്കുമെതിരെ മൊഴി കൊടുത്തു. ഹിന്ദുരാഷ്ട്ര സേനാ പ്രവർത്തകനായിരുന്ന മധുകർ കാലേയും പർച്ചൂരെയ്ക്കെതിരെ മൊഴി കൊടുക്കുകയുണ്ടായി. ഗ്വാളിയറിലെ രാജ്പുത് സേവാ സംഘിന്റെ പ്രസിഡണ്ടായ രാംദയാൽ സിംഗ്, സുഹൃത്ത് ജഗന്നാഥ് സിംഗ്, എന്നിവരും പർച്ചൂരെയ്ക്ക് എതിരെ മൊഴി കൊടുത്തു. ഗ്വാളിയറിൽ തടവിലായപ്പോൾ പർച്ചൂരേ കുറ്റസമ്മത പ്രസ്താവന ഒപ്പിട്ടു നൽകിയിരുന്നു. അവിടുത്തെ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ടായ ആർ ബി അടൽ ആയിരുന്നു പർച്ചൂരേയ്ക്കെതിരെ മൊഴി നൽകിയ മറ്റൊരു സാക്ഷി.

1948 ജൂലൈ 20നാണ് മാപ്പുസാക്ഷിയായ ദിഗംബർ രാമചന്ദ്ര ബഡ്ഗെ സാക്ഷിക്കൂട്ടിൽ കയറി നിന്നത്. അടുത്ത ദിവസം തൻ്റെ കുറ്റസമ്മതം ബഡ്ഗെ വായിക്കുകയുണ്ടായി. ബോപ്പട്ക്കറുടെ ഒരു ചോദ്യത്തിനുത്തരമായി ബഡ്ഗെ ഇങ്ങനെ പറഞ്ഞു:

ഹിന്ദുമഹാസഭയുടെ അവസാന സമ്മേളനം നടന്നത് 1946 ഡിസംബറിൽ ഗോരഖ്പൂരിലായിരുന്നു. കഴിഞ്ഞ മൂന്നോ നാലോ വർഷമായി അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിച്ചത് കൊണ്ട് സവർക്കർ സമ്മേളനത്തിൽ പങ്കെടുത്തില്ല. അതുകൊണ്ടുതന്നെ ഹിന്ദുമഹാസഭയുടെ നടത്തിപ്പിലും അദ്ദേഹം സജീവമായി പങ്കെടുക്കാറില്ല. സവർക്കർ അദ്ദേഹത്തിൻ്റെ വീട് വിട്ടിറങ്ങാറില്ല എന്നത് ശരിയല്ല. കാരണം കഴിഞ്ഞ മൂന്നുവർഷങ്ങൾ ആയി അദ്ദേഹത്തിൻ്റെ വസതിയിലോ തൊട്ടടുത്ത പ്രദേശങ്ങളിലോ നടക്കുന്ന ചെറിയ സ്വകാര്യ സമ്മേളനങ്ങളിലും പൊതുസമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. മറാത്തി സാഹിത്യത്തിലെ പ്രസിദ്ധ എഴുത്തുകാരനും കവിയുമാണ് അദ്ദേഹം. ഹിന്ദുക്കളുടെ ഒരു നേതാവായി മാത്രമല്ല ഞാൻ അദ്ദേഹത്തെ പരിഗണിക്കുന്നത്. എനിക്ക് അദ്ദേഹം ദൈവമാണ്

(1947 ൽ ഡെൽഹിയിൽ വെച്ചു നടന്ന അഖിലേന്ത്യാ ഹിന്ദുസമ്മേളനത്തിൽ സവർക്കർ പങ്കെടുത്തിരുന്നു. അതിന് വേണ്ടി ഗോഡ്സേയ്ക്കും ആപ്തേയ്ക്കുമൊപ്പം അദ്ദേഹം ഡെൽഹിയിലേയ്ക്ക് പറന്നിരുന്നു. അത് ബഡ്ഗെയ്ക്ക് അറിയില്ലായിരുന്നു.)

1948 ജൂലൈ 22 ന് ബഡ്ഗെ തൻ്റെ കുറ്റസമ്മത പ്രസ്താവന വായിക്കുന്നത് തുടർന്നു. ” 1948 ജനുവരി 31 ന് രോഷാകുലരും അക്രമാസക്തവുമായ ജനക്കൂട്ടം എൻ്റെ വീടും കടയും ആക്രമിച്ചു. എൻ്റെ എല്ലാ ചരക്കുകളും  കണക്കു പുസ്തകങ്ങളും തീയിൽ നശിച്ചു. ഗാന്ധിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന എല്ലാ ഹിന്ദുമഹാസഭാ നേതാക്കളുടേയും വീടുകളും ഓഫീസുകളും രോഷാകുലരായ ജനക്കൂട്ടം ആക്രമിച്ചു. “

1948 ജൂലൈ 23 ന് ജസ്റ്റീസ് ആത്മചരൺ തന്നെ വധിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന ഊമക്കത്ത് തനിക്ക് ലഭിച്ചതായി കോടതിയെ അറിയിച്ചു. ദഫ്തരിയും ബി.ബാനർജിയും അവർക്കും ഭീഷണിക്കത്തുകൾ കിട്ടിയതായി അറിയിച്ചു. സുരക്ഷാ നടപടികളിൽ എന്തെങ്കിലും ഇളവ് കൊണ്ടുവരുന്നതിന് താൻ കല്പിക്കുകയില്ലെന്ന് ജഡ്ജി ഇക്കാര്യത്തിൽ കല്പന നൽകി.

1948 ജനുവരി ഇരുപതാം തീയ്യതി നടന്ന സംഭവങ്ങൾ ബഡ്ഗെ വിവരിച്ചു. 1948 ജൂലൈ 30 വരെ ബഡ്ഗെയുടെ കുറ്റസമ്മത പ്രസ്താവനയും അതിന് മേൽ പ്രതിഭാഗം വക്കീൽമാരുടെ ചോദ്യം ചെയ്യലും നടന്നു.

1948 ആഗസ്റ്റ് 2 ന് കിഴക്കൻ പഞ്ചാബിലെ സയൻ്റിഫിക് ലബോറട്ടറിയുടെ ഡയറക്ടർ ഡോ. ഡി. എൻ. ഗോയൽ കണ്ടെടുത്ത വെടിയുണ്ടകളും തോക്കും പരിശോധിച്ചു. അതേ തോക്കിൻ്റെ ഉണ്ടകൾ തന്നെയാണവ എന്ന് സ്ഥിരീകരിച്ചു. ബോംബെയിലെ സീ ഗ്രീൻ ഹോട്ടലിൻ്റെ മാനേജരായ സത്യവാൻ ഭിലാജി റാലേയെ കൂടി അന്ന് വിസ്തരിച്ചു. അദ്ദേഹം ആപ്തേയെ തിരിച്ചറിഞ്ഞു.

1948 ആഗസ്റ്റ് 3 നാണ് ബിംബ എന്ന ശാന്താ ഭാസ്കർ മോദക്കിനെ വിസ്തരിച്ചത്. അക്കാലത്തെ പ്രശസ്ത സിനിമാ അഭിനേത്രിയായിരുന്ന ബിംബ 1948 ജനുവരി 14 ന് പൂനെ എക്സ്പ്രസ്സിൽ വെച്ച് ഗോഡ്സേയേയും ആപ്തേയേയും കണ്ടുമുട്ടിയ കാര്യം വിവരിച്ചു. അവരെ രണ്ടുപേരെയും തിരിച്ചറിയുകയും ചെയ്തു. അന്നു തന്നെ ബോംബെയിലെ എൽഫിൻസ്റ്റോൺ ഹോട്ടലിലെ ഉടമസ്ഥപങ്കാളിയായ കശ്മീരിലാൽ, പൂനെയിലെ ബോംബെ ലോൺഡ്രി ഉടമ നരസിംഹ് ബാഗ്ജി, ബോംബെയിലെ ആര്യ പഥിക് ആശ്രം മാനേജർ ഗയാപ്രസാദ് ഡ്യൂബേ, എൽഫിൻസ്‌റ്റോൺ അനക്സ് ഹോട്ടലിലെ ബോയ് ആയ ഗോവിന്ദ് വിശ്വനാഥ് മാലേക്കർ എന്നിവരേയും സാക്ഷി വിസ്താരം നടത്തി. 1948 ആഗസ്റ്റ് 5 ന് പൈർക്സ് അപ്പോളോ ഹോട്ടലിലെ ഗുമസ്തൻ കാൻഡിഡോ പിൻ്റോയേയും വിസ്തരിച്ചു.

അന്നുതന്നെയാണ് പ്രൊഫ. ജഗദീഷ് ചന്ദ്ര ജെയിനിനേയും വിസ്തരിച്ചത്. പഹ് വ തന്നോട് വെളിപ്പെടുത്തിയ കാര്യങ്ങൾ മൊറാർജി ദേശായിയെ അറിയിച്ചത് ജെയിൻ വിശദീകരിച്ചു. 1948 ആഗസ്റ്റ് 9 നാണ് മഹന്ത് കൃഷ്ണാജി ജീവൻജി മഹാരാജ് എന്ന ദാദാ മഹാരാജിനെ വിസ്തരിച്ചത്. അടുത്ത ദിവസവും അത് നീണ്ടു. ബോപ്പട്ക്കറുടെ ചോദ്യത്തിനുത്തരമായി 1947 ആഗസ്റ്റ് 9 ന് സവർക്കർ അദ്ധ്യക്ഷത വഹിച്ച അഖിലേന്ത്യാ കൺവെൻഷനിൽ പങ്കുകൊണ്ടിരുന്നുവെന്നും ആ സമ്മേളനത്തിൽ നെഹ്റുവിനെ പിന്തുണയ്ക്കുന്ന പ്രമേയം പാസ്സാക്കിയോ ഇല്ലയോ എന്ന് ഓർമ്മിക്കുന്നില്ലെന്നും ദാദാ മഹാരാജ് വിശദീകരിച്ചു. 1948 ആഗസ്റ്റ് 13 ന് എയർഹോസ്റ്റസായ ലോർണ ബെയ്ൻ ബ്രിഡ്ജ് ആപ്തേയേയും ഗോഡ്സേയേയും തിരിച്ചറിഞ്ഞു. 1948 ആഗസ്റ്റ് 16 ന് ഗൺപത് റാവു ഭീംറാവു അഫ്സുൽപുർക്കാറും ചരൺദാസ് മേഘ്ജി മധുരാദാസും വിചാരണയ്ക്ക് വിധേയരായി. രണ്ടു പേരും ഹിന്ദുമഹാസഭയ്ക്ക് വേണ്ടി സംഭാവന പിരിക്കുന്ന ആളെന്ന നിലയിൽ ബഡ്ഗെയെ നേരത്തേ അറിയാമെന്നും 1948 ജനുവരിയിൽ സംഭാവനക്കായി തങ്ങളുടെ അടുത്ത് വന്നിരുന്നുവെന്നും ബോധിപ്പിച്ചു.

1948 ആഗസ്റ്റ് 20 നാണ് രഘുനാഥ് നായിക്ക് എന്ന ബിർളാ ഹൗസിലെ തോട്ടക്കാരനെ സാക്ഷി വിചാരണ ചെയ്തത്. അദ്ദേഹമാണ് ഗാന്ധിയെ വെടിവെച്ചിട്ട ഗോഡ്സേയെ തൻ്റെ പണിയായുധം കൊണ്ട് ആക്രമിച്ചത്. അരിവാളിൻ്റെ മറുഭാഗം കൊണ്ടാണ് താൻ ആക്രമിച്ചത് എന്ന് അദ്ദേഹം മൊഴി നൽകി. ദീക്ഷിത് മഹാരാജിനേയും അന്നു തന്നെ സാക്ഷി വിചാരണ ചെയ്തിരുന്നു. ആപ്തേയുമായുള്ള തൻ്റെ ഇടപെടലുകൾ അദ്ദേഹം പ്രസ്താവിച്ചു. “ഹിന്ദുമഹാസഭയുടെ എല്ലാ നയങ്ങളോടും വിശ്വാസങ്ങളോടും ഞാൻ യോജിക്കുന്നില്ലെങ്കിലും ഹിന്ദുക്കളെ സംരക്ഷിക്കുക എന്ന അവരുടെ തത്വശാസ്ത്രത്തോട് ഞാൻ യോജിക്കുന്നു ” . അദ്ദേഹം തുടർന്നു. ബഡ്ഗേ തബലകളിലും ഡഗ്ഗകളിലും കത്തികൾ നിറച്ച് തനിക്ക് എത്തിച്ചു തരാറുണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. നാഥുറാം ചോദിച്ച ചോദ്യത്തിനുത്തരമായി സോഷ്യലിസ്റ്റ് നേതാക്കളുമായി തനിക്ക് അടുപ്പമുണ്ടെന്ന് ദീക്ഷിത് മഹാരാജ് പറഞ്ഞു. അവർ ഹിന്ദുവിൻ്റെ അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നവരോ തീവ്രവാദ ഹിന്ദുയിസം പാലിക്കുന്നവരോ അല്ല. എന്നാൽ മാതൃഭൂമിയുടെ പിളർപ്പ് എന്ന ആശയം തനിക്ക് ഒരിക്കലും ഇഷ്ടപ്പെടാനായില്ല എന്നും അദ്ദേഹം പറഞ്ഞു. 1948 ആഗസ്റ്റ് 23 ന് മദൻലാലിൻ്റെ വക്കീൽ ബാനർജി മദൻലാൽ ഹിന്ദുമഹാസഭ അംഗമായിരുന്നുവെന്ന് ദീക്ഷിത് മഹാരാജ് പറഞ്ഞതിനെ ഖണ്ഡിച്ചു. പാകിസ്ഥാന് 55 കോടി രൂപ നൽകാൻ ഗാന്ധി സമ്മർദ്ദം ചെലുത്തിയതിൽ പ്രതിഷേധിക്കാനാണ് തൻ്റെ കക്ഷി ഗൺ കോട്ടൻ സ്ലാബ് പൊട്ടിച്ചത് എന്ന് പ്രഖ്യാപിച്ചു.

മൊറാർജി ദേശായിയെയാണ് തുടർന്ന് വിസ്തരിച്ചത്. പ്രൊഫ. ജെയിനിൻ്റെ വെളിപ്പെടുത്തലിനെ തുടർന്ന് താൻ എടുത്ത നടപടികൾ അദ്ദേഹം വിശദീകരിച്ചു. ജി എം ജോഷിയുടെ മകനായ വസന്ത് ജോഷിയെ വിസ്തരിച്ചപ്പോൾ 1948 ജനുവരി 25 ന് ഗോഡ്സേ, ആപ് തേ, കർക്കരേ എന്നീ മൂന്നുപേർ തൻ്റെ വീട്ടിൽ വന്നിരുന്നതായി വെളിപ്പെടുത്തി. ഗോപാൽ ഗോഡ്സേയേയും തനിക്കറിയാമെന്ന് വസന്ത് പ്രഖ്യാപിച്ചു. ആപ്തേയും കർക്കരേയും 1948 ഫെബ്രുവരി 13 വരെ തൻ്റെ വസതിയിൽ തങ്ങിയതായും വസന്ത് മൊഴി കൊടുത്തു.

56. വിചാരണയുടെ തുടർച്ചയും ശിക്ഷയും
………………………………….1948 ആഗസ്റ്റ് 26 ന് സാക്ഷി വിചാരണ നടത്തിയത് ബോംബെയിലെ ടാക്സി ഡ്രൈവർ ആയ അയ്ത്തപ്പ കൃഷ്ണ കോട്ടിയനെ ആണ്. 1948 ജനുവരി 17 ന് ഗോഡ്സേയും കൂട്ടരും തൻ്റെ വാഹനത്തിൽ നടത്തിയ യാത്രയെപ്പറ്റി വിശദമായി കോട്ടിയൻ കോടതിയിൽ ബോധിപ്പിച്ചു. 1948 ആഗസ്റ്റ് 30 ന് വിചാരണയ്ക്ക് വിധേയനായ ഗുർബച്ചൻ സിംഗ്, 1948 ജനുവരി 30 ന് ബിർളാ ഹൗസിൽ താൻ സാക്ഷ്യം വഹിച്ച ഗാന്ധിയുടെ വധത്തെ വാക്കുകളിലൂടെ വരച്ചു കാണിച്ചു. തുടർന്ന് ഗോപാൽ ഗോഡ്സേയുടെ തോക്ക് ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് പാണ്ഡുരംഗ്‌ വിനായക് ഗോഡ്ബോളേ, ഗോവിന്ദ് വിഷ്ണു കാലേ എന്നിവരെ വിചാരണ ചെയ്യുകയുണ്ടായി. 1948 സെപ്തംബർ 2 ന് വിചാരണ ചെയ്തത് റെയിൽവേ ഉദ്യോഗസ്ഥരെയാണ്. 1948 ജനുവരി 30 ന് ബോംബെയിൽ നിന്ന് താനേ വരെ സഞ്ചരിച്ച ഒരു ടിക്കറ്റ് ആപ്തേ വ്യാജത്തെളിവാക്കി ഹാജരാക്കിയിരുന്നു. ഗാന്ധിയുടെ വധം നടന്ന ദിവസം താൻ ഡെൽഹിയിൽ ഇല്ലായിരുന്നു എന്ന് കാണിക്കാനാണ് അത്തരമൊരു നാടകത്തിന് ആപ്തേ മുതിർന്നത്. എന്നാൽ റെയിൽവേ ഉദ്യോഗസ്ഥരുടെ സാക്ഷിമൊഴിയിൽ നിന്നും അത് ആപ്തേ യാത്ര ചെയ്ത ടിക്കറ്റല്ലെന്ന് തെളിഞ്ഞു.1948 സെപ്തംബർ 8 ന് പൂനെയിലെ തയ്യൽക്കടയായ ഡാബ്കേ ആൻ്റ് കമ്പനിയുടെ ഉടമയായ നാരായൺ ഗണേഷ് ഡാബ്കേ കോടതിയിൽ പ്രോസിക്യൂഷൻ നിക്ഷേപിച്ച കമ്പിളി സൂട്ട് ആപ്തേയുടേതാണ് എന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ മൂന്നു വർഷങ്ങളായി ആപ്തേയുടെ തയ്യൽ ജോലികൾ ചെയ്യുന്നത് താനാണെന്നും തൻ്റെ കട ആപ്തേയുടെ വസതിയുടെ തൊട്ടടുത്താണെന്നും ഡാബ്കേ പറഞ്ഞു. പ്രസ്തുത കോട്ടിന് സാമാന്യത്തിലധികം വലിയ കീശ വേണമെന്ന് ആപ്തേ പറഞ്ഞതും ഡാബ്കേ വെളിപ്പെടുത്തി. ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനം അലങ്കോലപ്പെടുത്തിയുള്ള പ്രതിഷേധത്തിന് ആപ്തേ തന്നെ ക്ഷണിച്ചതായും ഡാബ്കേ ഓർത്തെടുത്തു.1948 സെപ്തംബർ  9 ന് ഗ്വാളിയർ പോലീസിലെ ഉദ്യോഗസ്ഥരേയാണ് സാക്ഷി വിചാരണ നടത്തിയത്. സെപ്തംബർ 14 ന് ബിർള ഹൗസിൽ ഉണ്ടായിരുന്ന പോലീസുകാരായ ദസ്വന്ത സിംഗിനെ വിസ്തരിച്ചു. സെപ്തംബർ 14 ന് ബിർള ഹൗസിൽ ഉണ്ടായിരുന്ന ഡി എസ് പി സർദാർ ജസ്വന്ത് സിങ്ങ്, സെപ്തംബർ 20ന് ഡി എസ് പി ഡ്യൂൽക്കർ എന്നിവരേയും വിസ്തരിച്ചു. തുടർന്ന് ഗ്വാളിയറിലെ ആസ്ഥാന ജ്യോത്സ്യൻ സൂര്യനാരായണൻ വ്യാസിൻ്റെ വിസ്താരം നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇൻസ്പെക്ടർ ഹാൽദിപ്പൂർ ആപ്തേയേയും കർക്കരേയേയും അറസ്റ്റ് ചെയ്തത് വിവരിച്ചു.സവർക്കർ കോടതിയിൽ നൽകിയ പ്രസ്താവനയിൽ ഒരു വിശദീകരണം നൽകാനായി ബോപ്പട്ക്കർ ഒരു അപേക്ഷ നൽകുകയുണ്ടായി. സവർക്കറുടെ പ്രസ്താവനയിൽ ” ഏതെങ്കിലും  പ്രതികളുമായി ഏതെങ്കിലും തരത്തിലുള്ള ഒരു ബന്ധവും ഞാൻ പുലർത്തിയിട്ടില്ല ” എന്ന അവകാശവാദം ഉണ്ടായിരുന്നു. ഗോഡ്സേ, ആപ്തേ, പർച്ചൂരേ, ബഡ്ഗേ എന്നിവരുടെ ഹിന്ദുമഹാസഭാ പശ്ചാത്തലം വെച്ച് ദീർഘകാല ബന്ധം അവരോട് സവർക്കർക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ അത് അവരുമായി ചേർന്ന് ഗൂഢാലോചന നടത്തി എന്ന് അർത്ഥമാക്കുന്നതല്ല എന്നാണ് ബോപ്പട്ക്കർ വിശദീകരണമായി നൽകിയത്.

പിന്നീട് സി ഐ ഡി ഇൻസ്പെക്ടർ പ്രധാൻ ആണ് തൻ്റെ സാക്ഷ്യപത്രം സമർപ്പിച്ചത്. സവർക്കർ സദൻ നിരീക്ഷിക്കാനും കർക്കരെയെ അറസ്റ്റ് ചെയ്യാനും നാഗർവാല നൽകിയ നിർദ്ദേശങ്ങൾ’ പ്രധാൻ അനുസ്മരിച്ചു. അതേ തുടർന്ന് ഗ്വാളിയറിലെ സി ഐ ഡി ഇൻസ്പെക്ടർ മണ്ഡലിക്കും സാക്ഷിക്കൂട്ടിലെത്തി.

നാഗർവാലയുടെ സാക്ഷി വിസ്താരം നടന്നതായിരുന്നു ആ ദിവസങ്ങളിലെ പ്രധാനപ്പെട്ട വാർത്ത. തൻ്റെ അന്വേഷണത്തെപ്പറ്റി വിശദമായി നാഗർവാല കോടതിയിൽ പ്രതിപാദിച്ചു. സവർക്കർ സദൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ സവർക്കർ കുറ്റവാളിയെപ്പോലെ സംസാരിച്ചതും രോഗം അഭിനയിച്ചതും നാഗർവാല കോടതിയിൽ വെളിപ്പെടുത്തി. 1948 ഒക്ടോബർ 8 നാണ് നാഗർവാലയുടെ സാക്ഷി വിസ്താരം അവസാനിച്ചത്. ആപ്തേ മനോരമ സാൽവിക്ക് എഴുതിയ ഒരു കത്ത് മോഷ്ടിച്ചതിന് ലാൻസ് നായിക് കദമിനെ സസ്പെൻ്റ് ചെയ്തത് പരാമർശിച്ചാണ് നാഗർവാല അവസാനിപ്പിച്ചത്.

നവരാത്രി, വിജയദശമി, ബക്രീദ് തുടങ്ങിയ ഉത്സവനാളുകൾ കാരണം 1948 ഒക്ടോബർ 18 നാണ് കോടതി പുന:രാരംഭിച്ചത്. ജസ്റ്റീസ് ആത്മ ചരണിൻ്റെ ബന്ധു മരണമടഞ്ഞതിനാൽ അദ്ദേഹത്തിന് കാൺപൂർ വരെ പോകേണ്ടി വന്നു. അതിനാൽ 1948 ഒക്ടോബർ 21നാണ് വിചാരണ വീണ്ടും തുടങ്ങിയത്. അന്നേ ദിവസം ഹാജരായ കൈയെഴുത്തു വിദഗ്ദ്ധൻ  ഗജ്ജാർ കാൺപൂർ റെയിൽവേ സ്റ്റേഷനിലെ സഞ്ചാരികളുടെ രജിസ്റ്ററിലെ കൈയ്യക്ഷരം നാഥുറാമിൻ്റെ ആണെന്ന് തിരിച്ചറിഞ്ഞു. അതുപോലെ തന്നെ എൽഫിൻസ്റ്റോൺ അനക്സ് ഹോട്ടൽ രജിസ്റ്ററിലെ നാഥുറാമിൻ്റെ കൈയ്യക്ഷരവും. ഗാന്ധി വധോദ്യമവുമായി ആദ്യം പുറപ്പെടുമ്പോൾ തന്നെ നാഥുറാം ഗോഡ്സേ ഓറിയൻറൽ ഗവണ്മെൻ്റ് സെക്യൂരിറ്റി ലൈഫ് ഇൻഷുറൻസിൽ നിന്നും 3000 രൂപയുടേയും 2000 രൂപയുടേയും രണ്ട് പോളിസികൾ  എടുത്തിരുന്നു. അതിൽ ഒന്നിന്  അവകാശിയായി ആപ്തേയുടെ ഭാര്യ ചമ്പയുടേയും മറ്റതിൻ്റെ അവകാശിയായി ഗോപാലിൻ്റെ ഭാര്യ സിന്ധുവിൻ്റേയും പേരാണ് നാഥുറാം ചേർത്തിരുന്നത്. സാക്ഷിയായി ഒപ്പിട്ടത് ആപ്തേയും. ആ കൈയ്യക്ഷരം അടിസ്ഥാനപ്പെടുത്തിയാണ് ഗോഡ്സേയുടെ കൈയ്യക്ഷരമുള്ള തെളിവുകൾ ഗജ്ജാർ പരിശോധിച്ചത്. ഐ എന്ന ഇംഗ്ലീഷ് അക്ഷരം എഴുതുമ്പോൾ മുകൾഭാഗം ചെരിച്ചു മാത്രമേ നാഥുറാം എഴുതാറുള്ളൂ. അക്കാര്യവും ഗജ്ജാർ വിശദീകരിച്ചു.

ബോംബെ പോലീസിലെ സി ഐ ഡി ഇൻസ്പെക്ടർ ചാൾസ് ആൻ്റണി പിൻ്റോ ആണ് അടുത്തതായി സാക്ഷി വിചാരണയ്ക്ക് പാത്രമായത്. അദ്ദേഹമാണ് ഗോപാൽ ഗോഡ്സെയെ ഉക്സാനിൽ നിന്നും അറസ്റ്റ് ചെയ്തത്.

പർച്ചൂരേയുടെ ഗ്വാളിയർ പൗരത്വവുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ചില സാക്ഷി വിചാരണകൾ, കൊട്ടാരം ജോത്സ്യൻ്റേതുപോലുള്ളവ നടന്നിരുന്നെങ്കിലും, അതിന് തുടർച്ചയായ സാക്ഷി വിചാരണകൾ നടക്കുന്നത് ഈ അവസാന ഘട്ടത്തിലാണ്. 1948 ഒക്ടോബർ 29 ന് നൂറ്റി മുപ്പത്തി ഒമ്പതാം സാക്ഷിയായി ഹാജരായത് എഴുപത്തെട്ട് വയസ്സുള്ള, ഗ്വാളിയറിൽ നിന്നുള്ള റിട്ടയേർഡ് മേജർ ആയ ദാദാബായ് മനേക്ജി ആണ്. ഡോ. പർച്ചൂരേയുടെ പിതാവായ സദാശിവ് ഗോപാൽ പർച്ചൂരെയുടെ പൗരത്വം സംബന്ധിച്ചുള്ള കാര്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഗ്വാളിയറിൽ നിന്നിറങ്ങുന്ന ജിയാജി പ്രതാപ് എന്ന പത്രത്തിൻ്റെ എഡിറ്റർ ആയിരുന്ന രാം പ്രസാദ് ആയിരുന്നു അവസാനത്തെ ഔദ്യോഗിക സാക്ഷി. അതിന് ശേഷം 1948 നവംബർ 5 ന്‌ കൂട്ടിച്ചേർത്ത സാക്ഷികളെ കൂടി വിസ്തരിച്ചു.

1948 നവംബർ 8 ന് പ്രധാനപ്രതിയായ നാഥുറാം വിനായക് ഗോഡ്സേ തൊണ്ണൂറ്റി മൂന്ന് പേജുള്ള പ്രസ്താവന വായിച്ചു. രാവിലെ 10.15 നാണ് വായന ആരംഭിച്ചത്. ആറു ഭാഗങ്ങളുള്ള പ്രസ്താവന ആയിരുന്നു അത്. നാഥുറാമിൻ്റെ തന്നെ മൊഴി പ്രകാരം ആദ്യഭാഗം ഗൂഢാലോചനയേയും അനുബന്ധ കാര്യങ്ങളേയും സംബന്ധിച്ചുള്ളതായിരുന്നു. രണ്ടാംഭാഗം ഗാന്ധിയുടെ ആദ്യഘട്ട രാഷ്ട്രീയത്തെപ്പറ്റിയും മൂന്നാംഭാഗം ഗാന്ധിയുടെ അവസാന ഘട്ട രാഷ്ട്രീയത്തെ പറ്റിയും ഹിന്ദുത്വ ശക്തികളുടെ കാഴ്ചപ്പാടിൽ എഴുതപ്പെട്ടതായിരുന്നു. നാലാം ഭാഗം ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യവും എന്ന വിഷയത്തെ സംബന്ധിച്ചും. അഞ്ചാം ഭാഗം സ്വാതന്ത്ര്യം എന്ന സ്വപ്നം തകർന്നതിനെപ്പറ്റിയും ആറാം ഭാഗം മുസ്ലീം പ്രീണനം എങ്ങനെ ദേശവിരുദ്ധമാകുന്നു എന്നതിനെപ്പറ്റിയും.

ഒരു പക്ഷെ ഈ പ്രസ്താവനയും ഷിംല അപ്പീൽകോടതിയിൽ ഗോഡ്സേ വായിച്ച പ്രസ്താവനയുമാണ് സ്വതന്ത്ര ഇന്ത്യയിലെ ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രത്തിൻ്റെ കാതൽ എന്നു പറയാം. അഞ്ചു മണിക്കൂർ കൊണ്ടാണ് നാഥുറാം ഇത് വായിച്ചത്. തുടക്കത്തിൽ നാഥുറാമിന് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും കുറച്ച് വിശ്രമിച്ച ശേഷം പതിനൊന്നു മണിയോടെ വായന ആരംഭിക്കുകയാണുണ്ടായത്. കേസിനെ സംബന്ധിച്ച് അതിൽ ആകെയുണ്ടായിരുന്നത് താൻ മാത്രമാണ് ഗാന്ധി വധത്തിന് ഉത്തരവാദിയെന്നും യാതൊരു ഗൂഢാലോചനയും അതിന് പിന്നിൽ നടന്നിട്ടില്ല എന്നുമാണ്. പക്ഷെ, നാഥുറാം തന്നെ വിവരിക്കും പോലെ അത് ഒരു രാഷ്ട്രീയക്കൊല ആയിരുന്നു. അതിൻ്റെ കാരണങ്ങൾ ആയിരുന്നു ആ പ്രസ്താവനയുടെ ബാക്കി ഭാഗങ്ങൾ. രാജ്യത്തിന് മേലും ജനതയ്ക്ക് മേലും അനിയന്ത്രിതമായ അധികാരങ്ങൾ ഉണ്ടെന്ന് കരുതുന്ന ബ്രാഹ്മണിക ബോധത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് അത്. സവർക്കറുടെ വംശീയ, സൈനിക, ബ്രാഹ്മണ രാഷ്ട്രീയം യാതൊരു മറയുമില്ലാതെ അതിൽ പ്രകാശിക്കുന്നുണ്ട്. തൻ്റെ യുക്തിയെ സംരക്ഷിക്കാൻ മരണം വരിക്കുന്ന ഒരാളെ മെഗഫോണാക്കിക്കൊണ്ട് ഹിന്ദുത്വ സ്വയം സംസാരിക്കുന്നതായി നമുക്ക് മനസ്സിലാക്കാം. ദിംഗ്രയുടെ കേസ് മുതൽ സവർക്കർ തൻ്റെ ജീവിതത്തിൽ ചെയ്തിരുന്ന, ഒരു ബലിയാടിനെ സൃഷ്ടിച്ച് തൻ്റെ അധികാരാശയത്തെ അവരിലൂടെ മറയില്ലാതെ പ്രകാശിപ്പിക്കുക എന്ന രീതി വിന്യാസത്തിൻ്റെ ആവർത്തനം ഇവിടെയും കാണാം. അതുകൊണ്ടുതന്നെയാണ് തൻ്റെ ജീവിതത്തിലൊരിക്കലും ഗൗരവമായ മട്ടിൽ രാഷ്ട്രീയ വിചാരം നടത്തിയിട്ടില്ലാത്ത നാഥുറാം ഗോഡ്സേ അല്ല, മറിച്ച് സവർക്കർ തന്നെയാണ് ഈ പ്രസ്താവനയുടെ യഥാർത്ഥ കർത്താവ് എന്ന് വലിയൊരു വിഭാഗം സംശയിക്കുന്നത്. ഷിംല കോടതിയിൽ നാഥുറാം നടത്തിയ പ്രസ്താവനയും ഏതാണ്ട് ഇതിൻ്റെ ആവർത്തനം ആയതു കൊണ്ട് ആ സന്ദർഭത്തിൽ അതിൻ്റെ ഉള്ളടക്കത്തിലേയ്ക്ക് നമുക്ക് പ്രവേശിക്കാം. ഒരിക്കൽപ്പോലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലോ ബ്രിട്ടീഷ് വിരുദ്ധ സമരത്തിലോ ലോകബോധം ആർജ്ജിച്ചതിന് ശേഷം താൻ പങ്കെടുത്തിട്ടില്ല എന്ന കുറ്റബോധം ഇന്ത്യയുടെ അധികാരം ജന്മനാ ഞങ്ങളുടെ കാഴ്ചപ്പാടിനനുസരിച്ച് ചലിക്കണം എന്ന ഗോഡ്സേയുടെ ബ്രാഹ്മണിക ബോധത്തിന് മേൽ സ്പർശിക്കുന്നേ ഇല്ല. കോടതിയുടെ സാങ്കേതികതയുക്തിക്ക് വേണ്ടി താനൊറ്റയ്ക്ക് കൊല ചെയ്തു എന്ന് പറയുന്നതോടൊപ്പം കാരണമായി നിരത്തുന്നത് രാഷ്ട്രീയമായ കാരണങ്ങളും. അവ ഒട്ടും തന്നെ വ്യക്തിപരമല്ലാത്തതിനാൽ കോടതിയുടെ സാങ്കേതികത്വത്തിന് പുറത്തു നിന്ന് പരിശോധിക്കുകയാണെങ്കിൽ ഗാന്ധി കൊല്ലപ്പെട്ടത് വിശാലമായ ഹിന്ദുത്വ ഗൂഢാലോചനയുടെ ഫലമാണെന്ന് മറയില്ലാതെ മനസ്സിലാക്കാം.

“എനിക്ക് ഇന്ത്യയിലെ വർത്തമാന ഗവണ്മെൻ്റിൽ യാതൊരു ബഹുമാനവുമില്ല. കാരണം അത് മുസ്ലീങ്ങളോട് ചാഞ്ഞുനിൽക്കുന്ന ഒന്നാണ് ” എന്ന മട്ടിലുള്ള പ്രസ്താവനയിലെ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ദഫ്തരി ആവശ്യപ്പെട്ടെങ്കിലും കോടതിയിൽ അത്തരത്തിലുള്ള കീഴ്‌വഴക്കങ്ങൾ ഇല്ലാത്തത് കൊണ്ട് അത് ജസ്റ്റീസ് ആത്മചരൺ നിഷേധിച്ചു.

ജസ്റ്റീസ് ആത്മചരൺ 28 ചോദ്യങ്ങളാണ് നാഥുറാമിനോട് ചോദിച്ചത്. നാഥുറാമിൻ്റെ ഉത്തരങ്ങളുടെ കാതൽ താനൊറ്റക്കാണ് വധം നടത്തിയതെന്നും യാതൊരു ഗൂഢാലോചനയും ഇതിന് പിന്നിൽ ഇല്ല എന്നുമാണ്. 1948 ജനുവരി 20 ലെ സ്ഫോടനവുമായി 30 ലെ വധത്തിന് യാതൊരു ബന്ധവുമില്ല. 1948 ജനുവരി 17 ന് സവർക്കറെ താനും കൂട്ടാളികളും സന്ദർശിച്ചിട്ടില്ല. ഗാന്ധിയോട് യാതൊരു വ്യക്തി ശത്രുതയും ഇല്ല. അതേ സമയം മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയും ഹിന്ദു താത്പര്യങ്ങളെ അവഗണിക്കുകയും ചെയ്യുന്ന അദ്ദേഹത്തിൻ്റെ നയങ്ങളാണ് രാജ്യത്തിൻ്റെ വിഭജനത്തിലെത്തിച്ചത്. പാക്കിസ്ഥാന് 55 കോടി രൂപ നൽകാൻ വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഉപവാസ സമരം രാജ്യസ്നേഹികളെ വേദനിപ്പിച്ചു എന്നും ഗോഡ്സേ പറഞ്ഞു.

മാപ്പുസാക്ഷിയായ ദിഗംബർ ആർ ബഡ്ഗേയെപ്പറ്റി, അദ്ദേഹം ആശ്രയിക്കാൻ കൊള്ളാത്ത വ്യക്തിയാണെന്നും അത്തരമൊരു വ്യക്തിയുടെ തെളിവുകളിലാണ് ഈ കേസ് കെട്ടിപ്പൊക്കിയിരിക്കുന്നതെന്നും ഗോഡ്സേ പറയുകയുണ്ടായി. ജനുവരി 20 ന് യാതൊരു ആയുധവും താൻ ഏന്തിയിരുന്നില്ലെന്നും സ്വന്തം തടി രക്ഷിക്കാനായി ബഡ്ഗെ കെട്ടിച്ചമച്ച കഥയാണ് അതെന്നും ഗോഡ്സേ കൂട്ടിച്ചേർത്തു. മദൻലാൽ പഹ് വയുമായി തനിക്ക് ഒരു ബന്ധവുമില്ല.

സവർക്കറെ രക്ഷിക്കാനാണ് ഗോഡ്സേ ഏറ്റവും വലിയ വ്യഗ്രത കാണിച്ചത്. സവർക്കറുടെ കാഴ്ചപ്പാടുകൾ തൻ്റെ പ്രസ്താവനയായി അവതരിപ്പിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന് രക്ഷാമാർഗ്ഗം ഒരുക്കുന്നതിനും ഗോഡ്സേ ശ്രമിച്ചത്, അദ്ദേഹത്തിന് സവർക്കറോടുണ്ടായിരുന്ന അനുപാതരഹിതമായ ആധർമ്മണ്യത്തെ കാണിക്കുന്നു. ഗാന്ധിജിയുടെ നേർക്ക് വെടിയുണ്ടകൾ പായിച്ച തൻ്റെ അകാലിക പ്രവൃത്തിയെക്കുറിച്ച് സവർക്കർക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. താനോ ആപ്തേയോ ഗാന്ധിജിയേയും നെഹ്റുവിനേയും സുഹ്രവർദ്ദിയേയും അവസാനിപ്പിക്കാൻ സവർക്കർ ആജ്ഞ തന്നു എന്ന മട്ടിൽ ബഡ്ഗേയോട് സംസാരിച്ചിട്ടില്ല. ഞങ്ങൾ ബഡ്ഗെയെക്കൂട്ടി സവർക്കറുടെ വസതിയിൽ അവസാന ദർശനത്തിനായി ചെന്നുവെന്നും സവർക്കർ ” യശസ്വീ ഹോൺ യാ ” എന്ന് ആശംസിച്ചു എന്ന് പറയുന്നതും സത്യമല്ല. തൻ്റെ സാന്നിദ്ധ്യത്തിൽ ആപ്തേയോ അല്ലെങ്കിൽ താൻ തന്നെയോ ബഡ്ഗെയോട് ഗാന്ധിയുടെ നൂറ് വർഷങ്ങൾ അവസാനിച്ചുവെന്നും അതിനാൽ വിജയം സുനിശ്ചിതമാണെന്നും സവർക്കർ പറഞ്ഞതായി ഒരിക്കലും അറിയിച്ചിട്ടില്ല.

ജസ്റ്റീസ് ആത്മചരൻ്റെ ഒരു ചോദ്യത്തിന് ഉത്തരമായി ബന്ദോപാന്ദ് എന്ന് താൻ ഡയറിയിൽ പരാമർശിക്കുന്നത് ബഡ്ഗെയെ അല്ല, പൂനെയിലെ തൻ്റെ ജോലിക്കാരനെ ആണ് എന്നും ഗോഡ്സേ പറഞ്ഞു.

ഗോഡ്സേയുടെ ഗാന്ധിവിരോധം, പ്രാർത്ഥനാസമ്മേളനങ്ങളിൽ ഖുർ ആൻ വായിക്കുന്നതിനെ ചൊല്ലിയും കൂടിയായിരുന്നു. അത് തൻ്റെ ഹിന്ദു അഭിമാനത്തെ മുറിവേൽപ്പിച്ചു എന്നാണ് ഗോഡ്സേ പറയുന്നത്. അത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ താനും ആപ്തേയും ഡെൽഹിയിലെ ഭാംഗികോളനിയിൽ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ആപ്തേ ഒരു സംഘം അഭയാർത്ഥികളുമായി ചേർന്ന് ഗാന്ധിയേയും സുഹ്രവർദ്ദിയേയും അപലപിക്കുകയും പ്രാർത്ഥനാ സമ്മേളനം കലക്കുകയും ചെയ്തു. ഇതറിഞ്ഞപ്പോൾ അഭിനന്ദിക്കുന്നതിന് പകരം സവർക്കർ തന്നെ ശാസിക്കുകയാണ് ചെയ്തത്. ഹിന്ദു സംഘടനാവാദികളുടെ പേരിൽ അത്തരം ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തരുതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഗോഡ്സേ കൂട്ടിച്ചേർത്തു. അതുപോലെത്തന്നെ പുതിയ ഗവണ്മെൻ്റിനെ കോൺഗ്രസ്സ് ഗവണ്മെൻ്റ് ആയല്ല, സ്വതന്ത്ര ഇന്ത്യയുടെ ഗവണ്മെൻ്റായി കാണണം എന്ന് സവർക്കർ പറഞ്ഞു. അതോടെ ഞാനും എൻ്റെ സുഹൃത്തുക്കളും സവർക്കറോട് വിട പറയേണ്ട സമയമായി എന്ന് മനസ്സിൽ പറഞ്ഞു. പിന്നീട് ഞങ്ങൾ ഒന്നും സവർക്കറുമായി പങ്കുവെച്ചിട്ടില്ല. അഖണ്ഡ് ഭാരത് അമർ രഹേ എന്നും വന്ദേ മാതരം എന്നും ഉച്ചരിച്ചു കൊണ്ടാണ് ഗോഡ്സേ തൻ്റെ പ്രസ്താവന അവസാനിപ്പിച്ചത്.

അത്ഭുതാവഹമെന്ന് പറയട്ടെ, ഗോഡ്സേ തൻ്റെ പ്രസ്താവനയിൽ സവർക്കറെ കുറ്റവിമുക്തനാക്കാൻ ഉപയോഗിച്ച വാദങ്ങൾക്ക് അനുസൃതമായാണ് സവർക്കർ തൻ്റെ എഴുതിക്കൊണ്ടു വന്ന പ്രസ്താവന കോടതിയിൽ അവതരിപ്പിച്ചത്. തന്റെ മേൽ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങൾ എല്ലാം സവർക്കർ നിഷേധിച്ചു . രണ്ടരമണിക്കൂർ എടുത്ത് അതിനാടകീയമായാണ് തൻ്റെ പ്രസ്താവന സവർക്കർ വായിച്ചത്. ഇടയ്ക്കിടെ കരയുകയും തൂവാല കൊണ്ട് കണ്ണു തുടയ്ക്കുകയും ചെയ്തു.

ബഡ്ഗെയുടെ ആരോപണങ്ങൾ ആപ്തെയും ഗോഡ്സേയും നിരാകരിച്ചതോടെ അത് കെട്ടിച്ചമച്ച ഒന്നാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 1946ൽ സവർക്കർ സദനിൽ വെച്ചു നടന്ന യോഗത്തിൽ മുസ്ലീങ്ങൾ ആക്രമിക്കുകയാണെങ്കിൽ ഹിന്ദുക്കൾ ചെറുക്കണം എന്ന ആഹ്വാനം താൻ നൽകുകയുണ്ടായി എന്ന് ബഡ്ഗെ പറഞ്ഞത് അപ്പാടെ തെറ്റാണ്. അങ്ങനെ ഒരു യോഗം നടന്നിട്ടേ ഇല്ല. ബഡ്ഗേ തന്നെ കേസിലേയ്ക്ക് അടിസ്ഥാനമൊന്നുമില്ലാതെ വലിച്ചിടുകയാണ്. താൻ ഹിന്ദുമഹാസഭാ പ്രസിഡണ്ട് ആയതോടെ ഹിന്ദു ഐക്യ പ്രത്യയശാസ്ത്രത്തിന് ചുറ്റും ലക്ഷക്കണക്കിന് പേർ തടിച്ചു കൂടി. ഹിന്ദുമഹാസഭ വികസിപ്പിച്ചെടുത്തതും പ്രചരിപ്പിച്ചതുമായ ആ മാർഗ്ഗം സവർക്കറിസം എന്ന പേരിൽ ജനകീയവത്ക്കരിക്കപ്പെട്ടു. അഗ്രണി തൻ്റെ പത്രം എന്നതിനേക്കാൾ ഹിന്ദുമഹാസഭയുടെ പത്രമാണ്. തനിക്ക് ബന്ധമുള്ള നിരവധി ഹിന്ദുമഹാസഭാ പ്രവർത്തകരിൽ രണ്ടു പേർ മാത്രമാണ് ഗോഡ്സേയും ആപ്തേയും. മദൻലാലിനെ താൻ അറിയില്ല.

57 പേജുകളുള്ള പ്രസ്താവനയിൽ കുറേ പത്രവാർത്തകൾ ഉദ്ധരിച്ച്  സവർക്കർ ഇങ്ങനെ പറയുന്നു .” ഇതെല്ലാം കാണിക്കുന്നത് മഹാത്മാഗാന്ധിയേയും പണ്ഡിറ്റ് നെഹ്റുവിനേയും അവരുടെ ദേശാഭിമാനപ്രവർത്തനങ്ങളുടേയും ത്യാഗങ്ങളുടേയും പേരിൽ എത്ര ഉയരത്തിലാണ് ഞാൻ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ്. പൊതുതാത്പര്യത്തിനു വേണ്ടി അവർ അറസ്റ്റിലായപ്പോൾ എങ്ങനെ ‘ബ്രിട്ടീഷ് ഗവണ്മെൻ്റിനെ ഞാൻ അപലപിച്ചുവെന്ന്, ഗാന്ധിജിയുടെ സ്വകാര്യ ദു:ഖങ്ങളിലും ബന്ധുമരണങ്ങളിലും ഞാനെങ്ങനെ ദു:ഖം പങ്കിട്ടിരുന്നുവെന്ന്, അദ്ദേഹം ജയിൽ വിമുക്തനായപ്പോൾ ഞാനെത്രമാത്രം സന്തോഷിച്ചുവെന്ന് അദ്ദേഹം എഴുപത്തഞ്ചാം വയസ്സിൽ എത്തിയപ്പോൾ ദീർഘായുസ്സിന് വേണ്ടി ഞാനെത്ര പ്രാർത്ഥിച്ചുവെന്ന്, ഇതെല്ലാം കാണിച്ചു തരുന്നു

തൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഗാന്ധിയെപ്പറ്റി ഇത്രയും നല്ല വാക്കുകൾ സവർക്കർ പറയുന്നത്. ശിക്ഷയ്ക്ക് മുന്നിൽ ഒരിക്കൽ ബ്രിട്ടീഷുകാർ നന്മയുള്ളവർ ആയ പോലെ, ശിക്ഷാ ഭീഷണിക്ക് മുന്നിൽ ഗാന്ധിയും നല്ലവനായി. ഗോഡ്സേ തൻ്റെ പ്രസ്താവനയിൽ പ്രഖ്യാപിച്ചതിന് അനുസൃതമായി സവർക്കറും കോടതിയിൽ പറയുകയുണ്ടായി. ” ഈ ലക്ഷ്യത്തോടു കൂടി ( അത്യാപത്താർന്ന പാർട്ടി തർക്കങ്ങളിൽ നിന്നും ആഭ്യന്തര യുദ്ധങ്ങളിൽ നിന്നും ഭരണകൂടത്തെ രക്ഷിക്കുക ) രണ്ട് പ്രധാന സംഘടനകൾ, യഥാർത്ഥത്തിൽ വളരെ അടുപ്പത്തിലുള്ള രണ്ട് സംഘടനകൾ, കോൺഗ്രസ്സും ഹിന്ദുമഹാസഭയും ഒന്നിച്ച് ഒരു മുന്നണിയുണ്ടാക്കി നമ്മുടെ രാജ്യത്തിൻ്റെ ഗവണ്മെൻ്റിൻ്റെ കരങ്ങളെ ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു. അതിനാലാണ് ഞാൻ ദേശീയ പതാകയെ സ്വീകരിച്ചത്. ”

മഹാത്മാഗാന്ധി വധിക്കപ്പെട്ടപ്പോൾ അതിനെ സമാനതകളില്ലാത്ത ഭ്രാതൃഹത്യയായിട്ടാണ് താൻ പ്രസ്താവനയിൽ വിശേഷിപ്പിച്ചത് എന്നതും സവർക്കർ ചൂണ്ടിക്കാട്ടി.

സവർക്കറെ പോലെത്തന്നെ മറ്റ് പ്രതികളും പ്രോസിക്യൂഷൻ കെട്ടിച്ചമച്ച കേസ് ആണ് ഇത് എന്ന നിലപാടാണ് സ്വീകരിച്ചത്. മഹാത്മാഗാന്ധിയുടെ മുസ്ലീം പ്രീണനത്തിനെതിരെ പ്രകടനം നടത്തുക മാത്രമായിരുന്നു തൻ്റെ ലക്ഷ്യം എന്ന് ആപ്തേയും ഗാന്ധിയെ വധിക്കാനല്ല പ്രതിഷേധം അറിയിക്കാനാണ് സ്ഫോടനം നടത്തിയത് എന്ന് മദൻലാലും അറിയിച്ചു.

1948 ഡിസംബർ 3 ന് ആരംഭിച്ച പ്രൊസിക്യൂഷൻ വാദം 9 വരെ നീണ്ടു നിന്നു. പ്രതികളെല്ലാം കുറ്റക്കാരാണ് എന്ന് സ്ഥാപിക്കുന്ന സുശക്തമായ വാദമാണ് ദഫ്തരി നടത്തിയത്.

വീണ്ടും പ്രതിഭാഗത്തിന് വേണ്ടിയുള്ള വാദം ഉണ്ടായി. പി.ആർ. ദാസ് ആണ് സവർക്കർക്ക് വേണ്ടി വാദിച്ചത്. 1948 ജനുവരി 14 ന് ഗോഡ്സേയും ആപ്തേയും സവർക്കറെ സന്ദർശിച്ചതിന് ഉപോദ്ബലകത്തെളിവുകൾ ഇല്ലെന്ന് ദാസ് വാദിച്ചു. 17 ന് സവർക്കറെ സന്ദർശിച്ചത് ഗോഡ്സേയും ആപ്തെയും സവർക്കറും നിഷേധിച്ചിട്ടുണ്ട്. 5 മിനിറ്റ് കൊണ്ട് തിരിച്ചു വന്നു എന്നാണ് ഡ്രൈവർ പറഞ്ഞിട്ടുള്ളത്. ഇനിയിപ്പോൾ ഗോഡ്സേയും ആപ്തേയും സവർക്കറെ സന്ദർശിച്ചിട്ടുണ്ടെങ്കിൽ തന്നെ അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ അവർ ചർച്ച ചെയ്തത് എന്തായിരിക്കും? ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ചേരാതെ മാറിനിൽക്കുന്നത് ആ സമയത്തെ ചൂടുപിടിച്ച പ്രശ്നം ആയിരുന്നു. അതോടൊപ്പം ഗോഡ്സേയുടെ പത്രം സാമ്പത്തികമായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നില്ല. അതിനാൽ അവയെ സംബന്ധിച്ചാകണം അവർ സംസാരിച്ചിട്ടുണ്ടാകുക. 1947- 48 വർഷങ്ങളിൽ ആപ്തേയും ഗോഡ്സേയും സവർക്കറെ സന്ദർശിച്ചതായി യാതൊരു തെളിവുമില്ല. ശാന്താമോദക് ആകട്ടെ സവർക്കർ സദൻ്റെ പടിവാതിലിൽ ഗോഡ്സേയേയും ആപ്തേയേയും ഇറക്കിവിട്ടു എന്നേ പറഞ്ഞിട്ടുള്ളു. സവർക്കർ സദൻ്റെ ഉള്ളിലേയ്ക്ക് അവർ പ്രവേശിക്കുന്നത് കണ്ടതായി പറഞ്ഞിട്ടില്ല.

സവർക്കർക്കെതിരെ പ്രോസിക്യൂഷനും പോലീസും ഹാജരാക്കിയ തെളിവുകളുടെ അപര്യാപ്തതകളാണ് വർഷങ്ങൾക്ക് ശേഷം ഈ കേസിലൂടെ കടന്നുപോകുന്ന ഒരാൾക്ക് ലഭിക്കുക. സവർക്കറുടെ സെക്രട്ടറി ഡാംലേയേയും അംഗരക്ഷകനായ അപ്പാ രാമചന്ദ്ര കസാറിനേയും ബോംബെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പക്ഷെ, അവരുടെ മൊഴികൾ കേസ് രേഖകളിൽ ഇടം പിടിച്ചിരുന്നില്ല. പിൽക്കാലത്ത് കപൂർ കമ്മീഷന് മുമ്പാകെ അവർ മൊഴി കൊടുത്തപ്പോൾ ഗോഡ്സേയുടേയും ആപ്തേയുടേയും സന്ദർശനം സത്യമാണെന്ന് പറയുകയുണ്ടായി. 1947 ആഗസ്റ്റിൽ ഡൽഹിയിൽ നടന്ന അഖിലേന്ത്യാ ഹിന്ദു കോൺഫറൻസിൽ സവർക്കർ പങ്കെടുത്തത് ദാദാ മഹാരാജും സവർക്കർ തന്നെയും കോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ അതിൽ പങ്കെടുക്കാൻ ഡെൽഹിയിലേയ്ക്കുള്ള വിമാനയാത്രയിൽ സവർക്കറെ അനുഗമിച്ചിരുന്നത് ആപ്തേയും ഗോഡ്സേയുമാണെന്ന് കപൂർ  കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. 1947 – 48 വർഷത്തിൽ അവർ സവർക്കറെ കണ്ടിട്ടില്ല എന്ന ദാസിൻ്റെ വാദം പോലീസ് അന്വേഷണത്തിൻ്റെ വീഴ്ചയ്ക്ക് മുകളിൽ കെട്ടിപ്പൊക്കിയതാണ് എന്ന് വ്യക്തമാകുന്നു.

പ്രതികൾക്ക് വേണ്ടിയുള്ള വക്കീലന്മാരുടെ വാദത്തിൻ്റെ സാരം അവരെല്ലാം നിരപരാധികൾ ആണ് എന്നതായിരുന്നു.

1949 ഫെബ്രുവരി 10 ന് രാവിലെ 11.30 ന് ജസ്റ്റീസ് ആത്മചരൺ വിധി പ്രഖ്യാപിച്ചു.

നാഥുറാം വിനായക് ഗോഡ്സേയ്ക്കും നാരായൺ ദത്താത്രേയ ആപ് തേയ്ക്കും തൂക്കുമരമാണ് ആത്മചരൺ വിധിച്ചത്. വിഷ്ണു ആർ കർക്കരേ , മദൻലാൽ കെ പഹ് വ , ശങ്കർ കിസ്തയ്യ, ഗോപാൽ വി ഗോഡ്സേ , ഡോ. ദത്താത്രേയ എസ് പർച്ചൂരേ എന്നിവർക്ക് ജീവപര്യന്തം തടവ് വിധിച്ചു.ശങ്കർ കിസ്തയ്യ കുറ്റകൃത്യത്തെക്കുറിച്ച് ബോധവാൻ അല്ലാത്തതിനാൽ അദ്ദേഹം ഏഴു വർഷം ശിക്ഷ അനുവദിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ ഉണ്ടായിരുന്നു.

വിനായക് ദാമോദർ സവർക്കറെ കോടതി വെറുതെ വിട്ടു. മറ്റ് പ്രതികളുടെ കാര്യത്തിൽ എന്ന പോലെ സവർക്കറുടെ കുറ്റകൃത്യം കാര്യക്ഷമമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ല എന്ന് കോടതി നിരീക്ഷിച്ചു. മാപ്പുസാക്ഷിയായ ബഡ്ഗെയുടെ മൊഴി അതിൻ്റെ കാലാനുക്രമമായ ചേർച്ചകൾ കൊണ്ട് വിശ്വസനീയമാണെങ്കിൽ പോലും സവർക്കറുടെ കാര്യത്തിൽ ഉപോദ്ബലകത്തെളിവുകളുടെ അഭാവത്താൽ കുറ്റം പൂർണ്ണമായും തെളിയിക്കാനായില്ല. മാപ്പുസാക്ഷിയായ ബഡ്ഗെയേയും വെറുതെ വിട്ടു.

പ്രതിക്കൂട്ടിൽ നിന്നും നീക്കം ചെയ്യും മുമ്പ് പ്രതികളെല്ലാം ചേർന്ന് ” ഹിന്ദുധർമ്മം ജയിക്കട്ടെ ” എന്നും ” പാകിസ്ഥാൻ തുലയട്ടെ” എന്നും “ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ ” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി .പ്രതികൾക്ക് മേൽക്കോടതിയിൽ അപ്പീൽ പോകാൻ അവകാശമുണ്ടെന്നും ജഡ്ജി വിധിച്ചു.

204 പേജ് ഉണ്ടായിരുന്നു വിധിയ്ക്ക്.

https://www.youtube.com/watch?v=qc7LXisoJIU

( Mahatma Gandhi Murder Trial AKA Gandhi’s Assassin’s Trial (1948) )

1949 ഫെബ്രുവരി 10 ൻ്റെ സായാഹ്നത്തിൽ പഞ്ചാബ് പൊതു സുരക്ഷാ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഡെൽഹി ജില്ലാ മജിസ്ട്രേട്ട് വി.ഡി.സവർക്കറോട് ഡെൽഹി വിടാൻ ആവശ്യപ്പെട്ടു. മൂന്നുമാസത്തേയ്ക്ക് സവർക്കർക്ക് ഡെൽഹിയിൽ പ്രവേശിക്കാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടു.

ശിക്ഷയ്ക്ക് പുറമേ തൻ്റെ വിധിന്യായത്തിൽ ആത്മചരൺ ഊന്നിപ്പറഞ്ഞ കാര്യം പോലീസിൻ്റെ വീഴ്ചയാണ് . ” 1948 ജനുവരി 20നും 30നുമിടയ്ക്ക് കാര്യങ്ങൾ അന്വേഷിക്കുന്നതിൽ പോലീസ് കാണിച്ച ഞെട്ടിപ്പിക്കുന്ന കാര്യക്ഷമതയില്ലായ്മയിലേയ്ക്കും പ്രവർത്തിക്കാനുള്ള അലംഭാവത്തിലേയ്ക്കും ഞാൻ കേന്ദ്രഗവണ്മെൻ്റിൻ്റെ ശ്രദ്ധ ക്ഷണിക്കുന്നു. മദൻലാലിൻ്റെ അറസ്റ്റിന് ശേഷം അദ്ദേഹം നൽകിയ സമഗ്രമായ മൊഴിയിൽ നിന്ന് ഡെൽഹി പോലീസിന് ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയെപ്പറ്റി വിശദമായ വിവരം ലഭിക്കുകയുണ്ടായി. ഡോക്ടർ ജെ സി ജയിൻ മഹാത്മാഗാന്ധിയെ വധിക്കാൻ ഉള്ള ഗൂഢാലോചനയുടെ നിലനിൽപ്പിനെക്കുറിച്ച് ബഹുമാനപ്പെട്ട മന്ത്രി മൊറാർജി ദേശായിയെ അറിയിക്കുകയും ആ വിശദവിവരങ്ങൾ ബോംബെ പോലീസിനെ ഏല്പിക്കുകയും ചെയ്തു. പക്ഷെ, ഈ രണ്ട് പ്രസ്താവനകളിൽ നിന്നും എന്തെങ്കിലും ഗുണഫലം ഊറ്റിയെടുക്കാൻ പോലീസിന് കഴിഞ്ഞില്ല .ആ സമയത്തെ അന്വേഷണങ്ങൾ കാര്യക്ഷമതയോടെയും കുറച്ച് ഉത്സാഹത്തോടെയും നടത്തുകയായിരുന്നുവെങ്കിൽ ഈ ദുരന്തം ഒഴിവാക്കാൻ സാധ്യമാകുമായിരുന്നു ”

ഇത്ര കടുത്ത പരാമർശം പോലീസിനെതിരെ ഉണ്ടായിട്ടും ഗവണ്മെൻ്റ് യാതൊരു നടപടിയും അവർക്കെതിരേ എടുത്തില്ല. സഞ്ജീവിയും റാണയും ഒരു തടസ്സവും കൂടാതെ സർവ്വീസിൽ നിന്നും വിരമിച്ചു. ജാംഷെഡ് ഡി നാഗർവാലാ വിരമിച്ചത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായാണ്. പിൽക്കാലത്ത് ഗാന്ധിവധത്തിൻ്റെ നാൾവഴികൾ എഴുതിക്കൊണ്ടിരിക്കുന്ന കാലത്ത്, അടിയന്തരാവസ്ഥക്കാലത്ത്, മനോഹർ മാൽഗോങ്കർ എന്ന പ്രസിദ്ധ എഴുത്തുകാരൻ നാഗർവാലയെ സന്ദർശിക്കുകയുണ്ടായി. സവർക്കർ ആയിരുന്നു ഗൂഢാലോചനയുടെ ആണിക്കല്ല് എന്ന കാര്യത്തിൽ മരിക്കും വരെ തനിക്ക് വീണ്ടുവിചാരം ഉണ്ടാകില്ലെന്ന് നാഗർവാല മാൽഗോങ്കറിനോട് പറഞ്ഞു.

വിധി വന്ന് നാലുദിവസത്തിനകം പ്രതികളെല്ലാം പഞ്ചാബ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. വി.ഡി .സവർക്കറെ വിട്ടയച്ചതിനെതിരെ സർക്കാർ അപ്പീൽ പോയില്ല. നാഥുറാം ഗോഡ്‌സേ താനൊറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും ഗൂഢാലോചന നടന്നിട്ടില്ലെന്നും ആരോപിച്ചാണ് അപ്പീൽ സമർപ്പിച്ചത്. ഷിംലയിലാണ് വാദം നടന്നത്. ജസ്റ്റീസ് എ എൻ ഭണ്ഡാരി, ജസ്റ്റീസ് അച്ച്റുറാം, ജസ്റ്റീസ് ജി.ഡി.ഖോസ് ല എന്നിവർ അടങ്ങിയ മൂന്നംഗ ബഞ്ചാണ് വാദം കേട്ടത്. പിന്നീട് ജസ്റ്റീസ് ഖോസ് ല ആ ദിനങ്ങളെ പറ്റി ” മഹാത്മാവിൻ്റെ വധം ” (The murder of Mahatma) എന്നൊരു പുസ്തകം എഴുതുകയുണ്ടായി. അതിൽ പറയുന്ന പ്രകാരം ഷിംലയിലെ, മുമ്പ് വൈസ്റോയി വേനൽക്കാലവസതിയായി ഉപയോഗിച്ചിരുന്ന ” പീറ്റർഹോഫ് ” എന്ന കെട്ടിടമാണ് ഹൈക്കോടതിയാക്കി മാറ്റിയത്. ആപ്തേയ്ക്കും മദൻലാലിനും വേണ്ടി ഹാജരായത് കൽക്കട്ടയിലെ സീനിയർ അഭിഭാഷകനായ ബാനർജി ആണ്. കർക്കരേയ്ക്ക് വേണ്ടി ഡാങ്കേയും പർച്ചൂരേയ്ക്കും ഗോപാലിനും വേണ്ടി ഇനാംദാറും ഹാജരായി. കിസ്തയ്യയ്ക്ക് അഭിഭാഷകനെ ഏർപ്പെടുത്താനുള്ള കെല്പ് ഇല്ലാത്തതിനാൽ പഞ്ചാബ് ഹൈക്കോടതിയിലെ അവസ്തിയെ കോടതി തന്നെ ഏർപ്പാടാക്കി കൊടുത്തു. നാഥുറാം സ്വന്തം നിലയിൽ കേസുവാദിക്കാൻ അനുവദിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുകയും കോടതി അതിന് അനുമതി നൽകുകയും ചെയ്തു. പ്രൊസിക്യൂഷന് വേണ്ടി ദഫ്തരി തന്നെയാണ് ഹാജരായത്. ഒപ്പം പെറ്റിഗര, വ്യവഹാർകർ, കർത്താർ സിംഗ് ചൗള എന്നിവരും.

താൻ എന്തുകൊണ്ട് ഗാന്ധിയെ കൊന്നു എന്നതിനെപ്പറ്റി നാഥുറാം ഗോഡ്സേ നടത്തിയ പ്രസ്താവനയാണ് ഷിംലകോടതിയിലെ വിചാരണയിൽ നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. ചെങ്കോട്ടയിലെ വിചാരണയിൽ നാഥുറാം നടത്തിയ പ്രസ്താവനയുടെ തന്നെ മറ്റൊരു രൂപം ആണിത്. ഒരു പക്ഷേ, സവർക്കർ എഴുതിയേക്കാവുന്ന ഒന്ന്. ഗോഡ്സേയുടെ പ്രസ്താവന വായിച്ചു തീർന്നത് 1949 മെയ് 11 നാണ്. തുടർന്ന് 1949 ജൂൺ 6 വരെ വാദപ്രതിവാദങ്ങൾ നടന്നു. ജഡ്ജിമാരിൽ ഭണ്ഡാരിയും അച്ച്റുറാമും തമ്മിൽ ഉണ്ടായ ചില അസ്വാരസ്യങ്ങളെപ്പറ്റി ഖോസ് ലേ തൻ്റെ പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാകണം അച്ച്റുറാം ഒറ്റയ്ക്ക് ഒരു വിധിപ്രസ്താവനയും ഭണ്ഡാരിയും ഖോസ് ലയും ചേർന്ന് മറ്റൊരു വിധിപ്രസ്താവനയും പ്രകാശിപ്പിക്കുകയുണ്ടായി. ആത്മചരണിൻ്റെ വിധിയിൽ നിന്നും വ്യത്യസ്തമായി ശങ്കർ കിസ്തയ്യയേയും ഡോ. പർച്ചൂരെയേയും ഹെക്കോടതി വെറുതെ വിട്ടു. ബാക്കി ജസ്റ്റീസ് ആത്മചരൺ വിധിച്ച ശിക്ഷകൾ അംഗീകരിക്കപ്പെട്ടു.

ഇന്നു നാം കാണുന്ന ഇന്ത്യൻ ജുഡീഷ്യൽ വ്യവസ്ഥകൾ നിലവിൽ വന്നിട്ടില്ലാത്തത് കൊണ്ട് പ്രൈവി കൗൺസിൽ എന്ന സാമ്രാജ്യത്ത സമ്പ്രദായം അന്നും നിലനിന്നിരുന്നു. അഞ്ചുപ്രതികളും ഹൈക്കോടതി വിധിക്കെതിരെ പ്രൈവി കൗൺസിലിൽ അപ്പീൽ പോകുകയുണ്ടായി. പാപ്പർ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ, സമ്പത്തില്ലാത്തവർക്ക് നിയമ സഹായം നൽകുന്ന വ്യവസ്ഥയ്ക്കനുസരിച്ചാണ് അവർ അപ്പീൽ സമർപ്പിച്ചത്. സ്വയം പ്രഖ്യാപിത “ദേശസ്നേഹികൾ ” ആണ് സാമ്രാജ്യത്ത നിയമത്തിൻ്റെ കനിവ് തേടിയത് എന്ന് തുഷാർ ഗാന്ധി ഈ സന്ദർഭത്തെ പരിഹസിക്കുന്നുണ്ട്. ജോൺ മെഗ ആണ് അവർക്ക് വേണ്ടി പ്രൈവി കൗൺസിലിൽ വാദിച്ചത്. പ്രധാനമായും നാലു കാര്യങ്ങളെ മുൻനിർത്തിയാണ് അപ്പീൽ സമർപ്പിച്ചത്.

1. മാപ്പുസാക്ഷിയ്ക്ക് നല്കിയ നിയമപരമായ മാപ്പ് നിയമവിരുദ്ധവും തെറ്റായതുമാണ്. അതിനാൽ മാപ്പുസാക്ഷിയുടെ വെളിപ്പെടുത്തലുകൾക്ക് ഉപോദ്ബലകമായി സാക്ഷിമൊഴികൾ നൽകിയ എല്ലാ സാക്ഷികളേയും അസാധുവായി പ്രഖ്യാപിക്കണം
2. ഗൂഢാലോചനക്കുറ്റം നിയമപരമായി നിലനിൽക്കുന്നതല്ല. വ്യത്യസ്ത കുറ്റങ്ങളെ ഒന്നിച്ച് ചേർക്കുന്നത് ക്രിമിനൽ നിയമത്തിൻ്റെ ആശയങ്ങൾക്ക് എതിരാണ്. ധാരാളം സാക്ഷിമൊഴികൾ, ഇന്ത്യൻ സാക്ഷി നിയമത്തിന് വിരുദ്ധമായി രേഖപ്പെടുത്തപ്പെട്ടവയാണ്.
3. ഒരു ക്രിമിനൽ കേസിലെ കുറ്റം സ്ഥാപിച്ചെടുക്കുന്നതിൽ ഇന്ത്യയിലെ കോടതികൾ നടപടികളുടെ കൃത്യത പാലിക്കുന്നില്ല.
4. മദൻലാലിൻ്റെ പേരിലുള്ള ഗൂഢാലോചനക്കുറ്റം, അദ്ദേഹം മറ്റൊരു ഗൂഢാലോചനാക്കുറ്റത്തിൽ കുറ്റവാളിയല്ലെന്ന് കണ്ടതിനാൽ, നിലനിൽക്കുന്നതല്ല.
പ്രൈവി കൗൺസിലിലെ ജുഡീഷ്യൽ കമ്മറ്റി അപ്പീൽ കേൾക്കുകയും 1949 ഒക്ടോബർ 12 ൽ തള്ളുകയും ചെയ്തു.

അതോടെ ഡെൽഹിയിലെ പ്രത്യേക ജഡ്ജി എസ് എസ് ദുലാർ 1949 ഒക്ടോബർ 26 ന് നാഥുറാം വി ഗോഡ്സേയ്ക്കും നാരായൺ ഡി ആപ്തേയ്ക്കുമെതിരെ മരണവാറണ്ട് പുറപ്പെടുവിക്കുകയുണ്ടായി. ഇപ്പോൾ ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന അംബാല ജെയിലിൽ വെച്ച് 1949 നവംബർ 15 ന് വിധി നടപ്പാക്കാനായിരുന്നു കല്പന.

നാഥുറാമിൻ്റെ മാതാപിതാക്കളും നാഥുറാം ആപ് തേയുടെ ഭാര്യയും ഗവർണ്ണർ ജനറലിന് മുൻപാകെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദയാഹർജി സമർപ്പിക്കുകയുണ്ടായി. 1949 നവംബർ 7 ന് 11.30 ന് ഗവർണ്ണർ ജനറലിൻ്റെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ ” ഗവർണ്ണർ ജനറൽ ഇക്കാര്യത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെ” ന്ന കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഗാന്ധിയുടെ പുത്രന്മാരായ മണിലാലും രാംദാസും ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിൻ്റെ ആണിക്കല്ലായ ” പാപത്തിനെ ശിക്ഷിക്കുക, പാപിയെയല്ല ” എന്ന വചനത്തെ മുൻനിർത്തി ഗോഡ്സേയുടേയും ആപ്തേയുടേയും വധശിക്ഷ റദ്ദാക്കാൻ പ്രധാനമന്ത്രിയോടും ഗവർണ്ണർ ജനറലിനോടും അഭ്യർത്ഥിച്ചെങ്കിലും അത് തള്ളിക്കളഞ്ഞു. അതേ തുടർന്ന് 1949 നവംബർ 15 ന് വിധി നടപ്പാക്കി. ജസ്റ്റീസ് ഖോസ് ല തൻ്റെ പുസ്തകത്തിൽ ആ അന്ത്യനിമിഷങ്ങളെ രേഖപ്പെടുത്തിയത് ഇങ്ങനെ :

” രണ്ട് കുറ്റവാളികളേയും കൈകൾ പിന്നിൽ മുറുകെ കെട്ടി ജയിൽ മുറിയുടെ പുറത്തേയ്ക്ക് ആനയിച്ചു. ഗോഡ്സേയാണ് മുന്നിൽ നടന്നത്. അദ്ദേഹത്തിൻ്റെ പാദങ്ങൾ ഇടയ്ക്കിടെ ഇടറുന്നുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പെരുമാറ്റവും പൊതുവേയുള്ള പ്രത്യക്ഷവും വലിഞ്ഞുമുറുകലിനേയും ഭയത്തേയും വെളിവാക്കുന്നതായിരുന്നു. അതിനെ ചെറുക്കാനും ധൈര്യമാർന്ന ബാഹ്യരൂപം ആർജ്ജിക്കാനും ഏതാനും നിമിഷങ്ങൾ കൂടുമ്പോൾ ” അഖണ്ഡ ഭാരത് ” എന്ന് മുദ്രാവാക്യം വിളിച്ച് അദ്ദേഹം ശ്രമിച്ചു. പക്ഷെ,അദ്ദേഹത്തിൻ്റെ ശബ്ദം ഇടറുകയും തൻ്റെ കേസ് വാദിച്ചപ്പോൾ അദ്ദേഹം വിചാരണക്കോടതിയിലും ഹൈക്കോടതിയിലും കാണിച്ച വീറ് പോയ്പ്പോയതായി കാണപ്പെടുകയും ചെയ്തു. ആ ദയനീയമായ കരച്ചിലിനെ ആപ്തേ ഏറ്റെടുക്കുകയും, ഉറക്കെ ” അമർ രഹേ ” ( നീണാൾ വാഴട്ടെ ) എന്ന് വിളിച്ചു പറയുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഉറക്കെയുള്ളതും ഉറച്ചതുമായ ശബ്ദം,ഗോഡ്സേയുടെ ദയനീയമായ മന്ത്രണത്തോട് വിരുദ്ധമായി കാണപ്പെട്ടു.

ഹൈക്കോടതിയുടെ കല്പനപ്രകാരമുള്ള വധശിക്ഷ സാക്ഷ്യപ്പെടുത്താൻ എത്തിയവധസ്ഥലത്തിൻ്റെ ചുമതല വഹിക്കുന്ന സൂപ്രണ്ടും അംബാലയിലെ ജില്ലാ മജിസ്ട്രേട്ടും നടത്തിയ പരിശോധനയിൽ ഗോഡ്സേയ്ക്ക് വിരുദ്ധമായി ആപ്തേ സ്വബോധത്തിൽ ഉറച്ചും ലേശം പോലും പരിഭ്രമമില്ലാത്തവനുമായി കാണപ്പെട്ടു. ശിരസ്സ് ഉയർത്തിപ്പിടിച്ച് തോളുകൾ വിടർത്തി ഉറച്ച കാൽവെയ്പുകളോടെയാണ് അദ്ദേഹം നടന്നത്. ഗോഡ്സേയേക്കാൾ ഏതാനും ഇഞ്ചുകൾ ഉയരമുള്ള അദ്ദേഹം ഗോഡ്സേയ്ക്ക് മേൽ ആധിപത്യം ഉറപ്പിക്കുന്നതായി തോന്നിപ്പിച്ചു. ജയിലിലെ അവസാന ദിവസങ്ങളിൽ താൻ ചെയ്ത കൃത്യത്തിൽ ഗോഡ്സേ പശ്ചാത്താപം പ്രകടിപ്പിക്കുകയും ഇനിയൊരവസരം കിട്ടുകയാണെങ്കിൽ സമാധാനം പ്രചരിപ്പിക്കുന്നതിനും തൻ്റെ രാജ്യത്തെ സേവിക്കുന്നതിനും ശിഷ്ടജീവിതം നീക്കിവെക്കുമെന്നും പറഞ്ഞതായി പിന്നീട് കേട്ടു. അതിൽ നിന്നും വ്യത്യസ്തമായി പശ്ചാത്താപരഹിതമായ നിലയായിരുന്നു ആപ്തേ കൈക്കൊണ്ടിരുന്നത്. അവസാനം വരെ തൻ്റെ കുറ്റം സമ്മതിക്കാനോ തോല്പിക്കപ്പെട്ട ശത്രുവിനെപ്പോലെ ദയനീയ ശബ്ദത്തിൽ തൻ്റെ നിഷ്ക്കളങ്കതയ്ക്ക് അപേക്ഷിക്കാനോ അദ്ദേഹം മുതിർന്നില്ല.

രണ്ടു പേരുടേയും വധശിക്ഷ നടപ്പാക്കുന്നതിനായി ഒരു തൂക്കുമരം ആണ് ഒരുക്കിയിരുന്നത്. ഉയരത്തിൽ വിലങ്ങനെയുള്ള,സമാന്തരമായ ബാറുകളിൽ നിന്ന് രണ്ട് കയർക്കുടുക്കുകൾ തൂങ്ങിക്കിടന്നിരുന്നു. ഗോഡ്സേയേയും ആപ്തേയേയും വശങ്ങളിൽ ഒരുമിച്ചു നിർത്തി കറുത്ത സഞ്ചികൾ അവരുടെ തലമൂടി ഇട്ടതിന് ശേഷം കഴുത്തിൽ കെട്ടി. കയർ കുടുക്കുകൾ അവരുടെ കഴുത്തിൽ ഇട്ട ശേഷം ആരാച്ചാർ പ്ലാറ്റ്ഫോമിൽ കയറി നിന്ന് പ്രതികളുടെ കാലിന്നടിയിലെ വാതിലുകൾ തുറക്കും വിധം ലിവർ വലിച്ചു.

ആപ്തേ അപ്പോൾ തന്നെ മരിക്കുകയും അദ്ദേഹത്തിൻ്റെ നിശ്ചല ശരീരം പതുക്കെ അങ്ങോട്ടുമിങ്ങോട്ടും ആടുകയും ചെയ്തു. പക്ഷെ ഗോഡ്സേ, അബോധത്തിൽ ആണെങ്കിൽ പോലും പതിനഞ്ചു മിനിറ്റോളം  പിടയുകയും കാലുകളുടെ വിറയൽ കൊണ്ട് ജീവൻ്റെ അടയാളം ദൃശ്യപ്പെടുത്തുകയും ചെയ്തു.

ശവശരീരങ്ങൾ ജയിലിനുള്ളിൽ തന്നെ ചിതയൊരുക്കി അടക്കം ചെയ്യുകയും ആ ഭാഗം (തിരിച്ചറിയാൻ പറ്റാത്ത വിധം )ഉഴുകുകയും ചെയ്തു. ചിതാഭസ്മം ഗഗ്ഗർ നദിയുടെ ഒറ്റപ്പെട്ട ഒരിടത്ത് ഒഴുക്കിക്കളയുകയും ചെയ്തു

ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിഷ്ണു കർക്കരേ അഹ്മദ് നഗറിൽ തൻ്റെ ഹോട്ടൽ ബിസിനസ്സിലേയ്ക്കും ദൃശ്യകലാപ്രവർത്തനങ്ങളുടെ സംഘാടനത്തിലേയ്ക്കും മടങ്ങി. 1974 ഏപ്രിൽ 4 ന് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിൻ്റെ പത്നി 2003 ലാണ് അന്തരിച്ചത്. അതിന് ശേഷം ഡെക്കാൺ ഗസ്റ്റ് ഹൗസിൻ്റെ നടത്തിപ്പ് തുടർന്നത് അദ്ദേഹത്തിൻ്റെ ദത്തുപുത്രിയാണ്. ജയിൽ മോചിതനായ ശേഷം രാഷ്ട്രീയത്തിൽ അദ്ദേഹം ഇടപെട്ടതായി അറിയില്ല.

ജയിലിൽ നിന്നും വന്ന മദൻലാൽ പഹ് വ മുംബൈയിൽ ആണ് ശിഷ്ടജീവിതം കഴിച്ചത്. കോട്ടൺ തുണികളും പേപ്പറുകളും വീടുകളിൽ നിന്നും ശേഖരിച്ച് മില്ലുകളിൽ എത്തിച്ചു കൊടുക്കുന്ന ജോലിയിലാണ് മദൻലാൽ വ്യാപൃതനായത്. കുറച്ച് മദ്യം വാങ്ങിക്കൊടുത്താൽ ഗ്വാളിയറിൽ താൻ പണ്ട് നടത്തിയ ‘വീരകൃത്യ’ങ്ങളെക്കുറിച്ചും ഗാന്ധി വധത്തിൽ താൻ വഹിച്ച പങ്കിനെക്കുറിച്ചും ആരോടും വാചാലനാകുന്ന പഹ് വയെ തുഷാർ ഗാന്ധി ചൂണ്ടിക്കാണിക്കുന്നുണ്ട്. 2001ലാണ് പഹ് വ ലോകം വെടിഞ്ഞത്. ജയിലിൽ നിന്ന് വന്നതിന് ശേഷം വിവാഹിതനായിരുന്നു. പഹ് വയും രാഷ്ട്രീയത്തിൽ ഏതെങ്കിലും തരത്തിൽ ഇടപെട്ടതായി അറിയില്ല.

ബോംബെ പോലീസ് കമ്മീഷണറുടെ ഓഫീസ് വളപ്പിൽ ഒരു ചെറിയ കെട്ടിടത്തിൽ സംരക്ഷണയോടെയാണ് ബഡ്ഗെ ജീവിതം കഴിച്ചത്. ചങ്ങല കൊണ്ടുണ്ടാക്കിയ അടിക്കുപ്പായവും പുലിനഖ രൂപത്തിലുള്ള കത്തികളും ഉണ്ടാക്കുന്ന കച്ചവടം അദ്ദേഹം തുടർന്നു. പിന്നീട് എന്ത് സംഭവിച്ചു എന്ന് രേഖപ്പെടുത്തി കണ്ടിട്ടില്ല.

ഹൈക്കോടതി വെറുതെ വിട്ടതിനെ തുടർന്ന് ഡോ. ദത്താത്രേയ പർച്ചൂരേ ഗ്വാളിയിൽ വൈദ്യവൃത്തിയിലേയ്ക്ക് തന്നെ തിരിച്ചു പോയി. പാർക്കിൻസൺ രോഗം പിടിപെട്ട് 1980 കളിലാണ് അദ്ദേഹം അന്തരിച്ചത്. മരിക്കും വരെ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു താനെന്ന് പർച്ചൂരെ സമ്മതിച്ചിട്ടില്ല.

ശങ്കർ കിസ്തയ്യയെ കുറിച്ച്, കോടതി വെറുതെ വിട്ട ശേഷം, രേഖകൾ ഒന്നുമില്ല. ഇന്ത്യയിലെ ദരിദ്ര കോടികളുടെ അറിയപ്പെടാത്ത ജീവിതത്തിൽ അദ്ദേഹം അലിഞ്ഞു പോയി.

ഗോപാൽ ഗോഡ്സേ മാത്രമാണ് മരണം വരെ ഹിന്ദുത്വവാദിയായി തുടർന്നത്. എന്നാൽ ഗാന്ധിവധത്തിൻ്റെ കരിനിഴൽ വീണു കിടക്കുന്നതിനാൽ അദ്ദേഹത്തെ ഹിന്ദുത്വ രാഷ്ട്രീയക്കാർ ഏറ്റെടുത്തില്ല. ആർ എസ് എസ് നാഥുറാം ഗോഡ്സെ യെ തള്ളിപ്പറഞ്ഞതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. മരിക്കും വരെ നാഥുറാം ആർ എസ് എസുകാരനായിരുന്നു എന്നും അത് ഏറ്റെടുക്കാൻ ആർ എസ് എസിന് കഴിയാത്തത് അവരുടെ ഭീരുത്വം കൊണ്ടാണെന്നും ഫ്രണ്ട് ലൈന് വേണ്ടി അർവിന്ദ് രാജഗോപാലിന് കൊടുത്ത അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി. ഗാന്ധിവധത്തെ ന്യായീകരിച്ചു കൊണ്ട് അദ്ദേഹം എഴുതിയ പുസ്തകങ്ങളാണ് ചരിത്രമെന്ന നിലയിൽ പല നവ സവർക്കറിസ്റ്റുകളും ഉദ്ധരിക്കുന്നത്. 2005 നവംബർ 26 നാണ് അദ്ദേഹം അന്തരിച്ചത്.

ആപ്തേയുടെ കാമുകിയായിരുന്ന മനോരമാ സാൽവിയെ 1977 ൽ മനോഹർ മാൽഗോങ്കർ സന്ദർശിച്ചുവെങ്കിലും അവർ ഒന്നും വെളിപ്പെടുത്താൻ തയ്യാറായില്ല. തൻ്റെ സഹോദരൻ നടത്തിയിരുന്ന മെഡിക്കൽ ഷോപ്പിൽ സഹായിയായി കഴിയുകയായിരുന്നു അവർ എന്നാണ് മാൽഗോങ്കർ പറയുന്നത്. അവർക്ക് ആപ്തേയിലുണ്ടായ പെൺകുഞ്ഞ് ബാല്യത്തിൽ തന്നെ മൃതിയടഞ്ഞു എന്നും പറയപ്പെടുന്നു.

57 .ഗോഡ്സെയുടെ പ്രസ്താവന
…………………………………….

ഷിംലാ കോടതിയിലെ വിചാരണയ്ക്കിടയിൽ നടന്ന രാഷ്ട്രീയപ്രാധാന്യമുള്ള ഏറ്റവും പ്രധാനപ്പെട്ട സംഭവം ഗോഡ്സെയുടെ പ്രസ്താവനയാണ് എന്ന് നാം കണ്ടു. ആ പ്രസ്താവനയിലേയ്ക്കും അതിൻ്റെ സത്യാനന്തരതയിലേയ്ക്കും പോകുക എന്നത്സ, വർക്കറുടെ ഹിന്ദുത്വരാഷ്ട്രീയം എങ്ങനെയാണ് ഗോഡ്സെയെപ്പോലുള്ള ഒരു കൊലയാളിയെ സൃഷ്ടിച്ചതെന്ന് മനസ്സിലാക്കാൻ അത് ഉപകാരപ്പെടും. നിയമത്തിൻ്റെ കണ്ണികൾക്കിടയിലൂടെ സവർക്കർ ഗാന്ധിവധത്തിൻ്റെ പ്രതിസ്ഥാനത്തു നിന്നും ഊരിപ്പോന്നെങ്കിലും, ഈ പ്രസ്താവന സൂക്ഷ്മതയോടെ വായിച്ചാൽ അനന്തമായ ഹിംസ ഉല്പാദിപ്പിച്ച ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ ആധുനികകാല തലവനായി സവർക്കറെ വ്യക്തതയോടെ കാണാൻ കഴിയും. സവർക്കർ എന്ന തോക്കിൽ നിന്നും പുറപ്പെട്ട വെറും ഒരു ഉണ്ട മാത്രമാണ് ഗോഡ്സേ എന്നും. ഗാന്ധിയുടെ പുറം പിളർന്ന് പുറത്തേയ്ക്ക് പോയ അതേ ഉണ്ട തന്നെയാണ് നമ്മുടെ കാലത്ത് നരേന്ദ്ര ഢബോൽക്കറെ, ഗോവിന്ദ് പൻസാരെയെ, എം എം കൽബുർഗിയെ, ഗൗരി ലങ്കേഷിനെ ഒക്കെ വകവരുത്തിയത്1949 മെയ് 8 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ആണ് ഗോഡ്സേ ഈ പ്രസ്താവന ഷിംലയിൽ ചേർന്ന പഞ്ചാബ് ഹൈക്കോടതിയിൽ നടത്തിയത്. ജസ്റ്റീസ് ഖോസ് ലയുടെ പുസ്തകത്തിൽ അതിനെപ്പറ്റി വിവരിക്കുന്നത് ഇങ്ങനെ :

”  ആദ്യം കേസിൻ്റെ വസ്തുതകളെക്കുറിച്ചും പിന്നീട് മഹാത്മാ ഗാന്ധിയുടെ ജീവനെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചും ചർച്ച ചെയ്ത് അദ്ദേഹം നിരവധി മണിക്കൂറുകളോളം സംസാരിച്ചു. വിചാരണക്കോടതിയിൽ നീണ്ട പ്രസ്താവന ഫയൽ ചെയ്ത അതേ രീതി തന്നെ അദ്ദേഹം പിന്തുടർന്നു

ഇതാണ് ഗോഡ്സേ നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം.

“ദൈവഭക്തി നിറഞ്ഞു നിൽക്കുന്ന ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചതിനാൽ ഞാൻ ഹിന്ദുമതത്തെയും ഹിന്ദുചരിത്രത്തേയും ഹിന്ദു സംസ്കാരത്തേയും സ്വാഭാവികമായി ആദരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദുമണ്ഡലത്തെച്ചൊല്ലി ഞാൻ അഭിമാനിച്ചിരുന്നു. എങ്കിലും  ഞാൻ വളർന്നപ്പോൾ രാഷ്ട്രീയമോ മതപരമോ ആയ ഏതെങ്കിലും “ഇസ “ങ്ങളോട്  അന്ധവിശ്വാസപരമായ ആധർമ്മണ്യം വെച്ചു പുലർത്താതെ സ്വതന്ത്രമായി ചിന്തിക്കുന്നതിനുള്ള ഒരു പ്രവണത വികസിപ്പിച്ചെടുത്തിരുന്നു. അതു കൊണ്ടാണ് ജാതിനിർമ്മാർജ്ജനത്തിന് വേണ്ടിയുള്ള ആർ എസ് എസിൻ്റെ ഉപവിഭാഗത്തിൽ ഞാൻ പരസ്യമായി ചേരുകയും എല്ലാ ഹിന്ദുക്കൾക്കും സാമൂഹികവും മതപരവുമായ ഒരേ അവകാശമാണ് ഉള്ളതെന്നും അവർ യദൃശ്ചയാ ജനിച്ചുവീണ ജാതിയുടേയോ തൊഴിൽവിഭാഗത്തിൻ്റേയോ അടിസ്ഥാനത്തിലല്ലാതെ അവരുടെ ഗുണത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഉയർച്ചയും താഴ്ചയും നിശ്ചയിക്കേണ്ടതെന്ന് കരുതുകയും ചെയ്തു. ആയിരക്കണക്കിന് ഹിന്ദുക്കൾ – ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ചാമറുകൾ, ഭാംഗികൾ – പങ്കെടുത്ത പന്തിഭോജനങ്ങളിൽ പരസ്യമായി പങ്കു കൊള്ളുക പതിവായിരുന്നു. രാവണൻ, ചാണക്യൻ, ദാദാബായ് നവറോജി, വിവേകാനന്ദൻ, ഗോഖലേ, തിലക് തുടങ്ങിയവരുടെ എഴുത്തുകൾക്കും പ്രഭാഷണങ്ങൾക്കുമൊപ്പം ഇംഗ്ലണ്ട്, ഫ്രാൻസ്, അമേരിക്ക, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുടേയും പുരാതനവും ആധുനികവുമായ ചരിത്രങ്ങൾ പ്രതിപാദിക്കുന്ന പുസ്തകങ്ങളും ഞാൻ വായിച്ചു. കൂടാതെ സോഷ്യലിസത്തിൻ്റേയും മാർക്സിസത്തിൻ്റേയും ആശയസംഹിതകളും ഞാൻ പഠിച്ചു.

പക്ഷെ, എല്ലാറ്റിനുമുപരിയായി ഞാൻ സൂക്ഷ്മമായി പഠിച്ചത് വീർ സവർക്കറും ഗാന്ധിയും എഴുതിയും പറഞ്ഞും പരസ്യപ്പെടുത്തിയ കാര്യങ്ങൾ ആണ്. എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മുപ്പതു വർഷങ്ങളായി ഇന്ത്യൻ മനസ്സിൻ്റെ ചിന്തയേയും പ്രവൃത്തിയേയും വാർത്തെടുക്കുന്നതിൽ  മറ്റേത് ഒറ്റയായ സ്വാധീനഘടകങ്ങൾ ചെയ്തതിനേക്കാളും  ഈ പ്രത്യയശാസ്ത്രങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്.

ഈ വായനകളും ചിന്തകളും, ഒരു രാജ്യസ്നേഹി എന്ന നിലയിലും ആഗോളപൗരൻ എന്ന നിലയിലും ഹിന്ദുധർമ്മത്തേയും ഹിന്ദുക്കളേയും സേവിക്കലാണ് എൻ്റെ ആദ്യകടമ എന്ന വിശ്വാസത്തിലേയ്ക്ക് എന്നെ നയിച്ചു. മുപ്പതുകോടിയോളം വരുന്ന ഹിന്ദുക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുകയും താത്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നത്  മനുഷ്യരാശിയുടെ അഞ്ചിലൊന്ന് ഉൾക്കൊള്ളുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യവും ആരോഗ്യവും താനെ ഉറപ്പു വരുത്തുന്നു. ഈ ബോധ്യം ഹിന്ദു സംഘടനാ ( ഐക്യ ) വാദ പ്രത്യയശാസ്ത്രത്തിലേയ്ക്കും പദ്ധതിയിലേയ്ക്കും എന്നെ നയിക്കുകയും അതുമാത്രമാണ് എൻ്റെ മാതൃഭൂമിയായ ഹിന്ദുസ്ഥാന് സ്വാതന്ത്ര്യം നേടിത്തരൂ എന്നും മാനവരാശിക്ക് യഥാർത്ഥ സേവനം പ്രദാനം ചെയ്യാൻ അവളെ (രാജ്യത്തെ) പ്രാപ്തമാക്കൂ എന്നും ഞാൻ വിശ്വസിക്കാൻ തുടങ്ങുകയും ചെയ്തു.

1920 മുതൽ, അതായത് ലോകമാന്യ തിലകിൻ്റെ വേർപാട് മുതൽ, കോൺഗ്രസ്സിൽ ഗാന്ധിയുടെ സ്വാധീനം ആദ്യം വർദ്ധിക്കുകയും പിന്നീട് പരമോന്നതിയിലെത്തുകയും ചെയ്തു. പൊതുജനങ്ങളുടെ ഉണർച്ചയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ ചെയ്തികൾ അവയുടെ തീവ്രതയിൽ പ്രാതിഭാസികവും രാജ്യത്തിന് മുന്നിൽ അദ്ദേഹം വിശാലമായി എഴുന്നെള്ളിച്ച സത്യത്തിൻ്റേയും അഹിംസയുടെയും മുദ്രാവാക്യങ്ങളാൽ മാറ്റുകൂട്ടുന്നവയും ആയിരുന്നു. വിവേകിയോ പ്രബുദ്ധനോ ആയ ഒരാൾക്കും ആ മുദ്രാവാക്യങ്ങളെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല. യഥാർത്ഥത്തിൽ അവയിൽ പുത്തനോ മൗലികമോ ആയി ഒന്നും തന്നെയുണ്ടായിരുന്നില്ല. ഭരണഘടനാപരമായി നടത്തുന്ന എല്ലാ പൊതുജനപ്രസ്ഥാനങ്ങളിലും അവ ഉൾച്ചേർന്നിരുന്നു. പക്ഷെ മനുഷ്യരാശിയിൽ ഭൂരിഭാഗത്തിനും തങ്ങളുടെ നിത്യജീവിതത്തിൽ ഇത്തരം ഉദാത്തമായ സങ്കല്പങ്ങളോട് ഒട്ടി നിൽക്കാൻ കഴിയും  എന്ന്  സങ്കല്പിക്കുന്നത് വെറും സ്വപ്നമല്ലാതെ മറ്റൊന്നുമല്ല.

യഥാർത്ഥത്തിൽ, സ്വന്തം ബന്ധുക്കളോടും കുലത്തോടും രാജ്യത്തോടുമുള്ള ആദരവും  കടപ്പാടും സ്നേഹവും അഹിംസയെ അതിലംഘിക്കാനും ബലം പ്രയോഗിക്കാനും പലപ്പോഴും നമ്മെ പ്രേരിപ്പിക്കുന്നു. ഒരു കടന്നുകയറ്റത്തിനെതിരെ നടത്തുന്ന സായുധമായ ചെറുത്തുനില്പിനെ ഞാനൊരിക്കലും അനീതിയായി സ്വീകരിക്കില്ല. അത്തരം ഒരു ശത്രുവിനെതിരെ ചെറുത്തു നിൽക്കുക എന്നതും സാധ്യമെങ്കിൽ മറിച്ചിടുക എന്നതും മതപരവും ധാർമ്മികവുമായ കടമയായാണ് ഞാൻ കാണുന്നത്.(രാമായണത്തിൽ ) രാമൻ രാവണനെ ഉജ്ജ്വലമായ പോരാട്ടത്തിലൂടെ കൊല്ലുകയും സീതയെ വീണ്ടെടുക്കുകയും ചെയ്തു.  (മഹാഭാരതത്തിൽ കംസൻ്റെ ) ക്രൂരതയ്ക്ക് അന്ത്യം വരുത്തുന്നതിനായി കൃഷ്ണൻ കംസനെ കൊന്നു. അക്രമികളുടെ ഭാഗത്ത് നിലയുറപ്പിച്ചതിനാൽ അർജ്ജുനന് അഭിവന്ദ്യനായ ഭീഷ്മരടക്കമുള്ള ബന്ധുമിത്രാദികളോട് യുദ്ധം ചെയ്യേണ്ടിവരികയും അവരിൽ പലരേയും കൊല്ലേണ്ടിയും വന്നു. രാമനേയും കൃഷ്ണനേയും അർജ്ജുനനേയും കുറ്റവാളികളായി മാറ്റിയെഴുതുക വഴി മനുഷ്യപ്രവർത്തനത്തിൻ്റെ ഉറവിടങ്ങളെ സമ്പൂർണ്ണമായി നിരാകരിക്കുന്ന ചതിയാണ് മഹാത്മാ ചെയ്തതെന്നത് എൻ്റെ ഉറച്ച വിശ്വാസമാണ്.

കുറേക്കൂടി സമീപസ്ഥമായ ചരിത്രത്തിൽ ഇന്ത്യയിലെ മുസ്ലീം ഭീകരതയെ ആദ്യം വെല്ലുവിളിച്ചതും പിന്നീട് നശിപ്പിച്ചതും ഛത്രപതി ശിവജിയുടെ വീരോചിതമായ പോരാട്ടമാണ്. അക്രമിയായ അഫ്സൽഖാനെ കീഴടക്കുകയും കൊല്ലുകയും ചെയ്യേണ്ടത് ശിവജിയുടെ ആവശ്യമായിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിന് സ്വന്തം ജീവൻ നഷ്ടപ്പെട്ടേനെ. ചരിത്രത്തിലെ ഉജ്ജ്വലപോരാളികളായ ശിവജിയേയും റാണാപ്രതാപനേയും ഗുരു ഗോബിന്ദ് സിങ്ങിനേയും വഴി തെറ്റിയ രാജ്യസ്നേഹികൾ ആയി അപലപിക്കുക വഴി ഗാന്ധി അദ്ദേഹത്തിൻ്റെ ആത്മപ്രശംസാ പ്രദർശനമാണ് നടത്തുന്നത്. വൈരുദ്ധ്യമെന്ന്  തോന്നാം, സത്യത്തിൻ്റേയും അഹിംസയുടേയും പേരിൽ പറയപ്പെടാത്ത ദുരന്തങ്ങൾ രാജ്യത്തിന് കൊണ്ടുവന്ന ഹിംസാത്മകനായ സമാധാനവാദി ആയിരുന്നു അദ്ദേഹം. അതേ സമയം റാണാ പ്രതാപനും ശിവജിയും ഗുരു ഗോബിന്ദ് സിംഗും അവർക്ക് സ്വാതന്ത്ര്യം കൊണ്ടുവന്നവരെന്ന നിലയ്ക്ക് എന്നെന്നും തങ്ങി നിൽക്കുന്നു.

മുപ്പത്തിരണ്ടുവർഷത്തെ തുടർച്ചയായ പ്രകോപനങ്ങൾ അവസാനമായി അദ്ദേഹം നടത്തിയ മുസ്ലീം പ്രീണന നിരാഹാര സത്യാഗ്രഹത്തോടെ അതിൻ്റെ പാരമ്യതയിൽ എത്തുകയും ഗാന്ധിയെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു എന്ന നിഗമനത്തിൽ അവസാനം എന്നെക്കൊണ്ടെത്തിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിൽ ഗാന്ധി അവിടുത്തെ ഇന്ത്യൻ സമൂഹത്തിൻ്റെ അവകാശങ്ങൾക്കും നന്മയ്ക്കും വേണ്ടി നന്നായി പ്രവർത്തിച്ചു. പക്ഷെ, അവസാനം ഇന്ത്യയിലേയ്ക്ക് തിരിച്ചുവന്നപ്പോൾ അദ്ദേഹം ആത്മനിഷ്ഠമായ ഒരു മാനസികനില വളർത്തിയെടുക്കുകയും അതിന് കീഴിൽ ഏതാണ് ശരി, ഏതാണ് തെറ്റ് എന്നതിൻ്റെ അവസാന ന്യായാധിപനായി അദ്ദേഹം മാത്രമായിത്തീരുകയും ചെയ്തു. രാജ്യത്തിന് അദ്ദേഹത്തിൻ്റെ നേതൃത്വം ആവശ്യമെങ്കിൽ അദ്ദേഹത്തിൻ്റെ അപ്രമാദിത്വം രാജ്യം സ്വീകരിക്കേണ്ടിയിരുന്നു. അങ്ങനെയല്ലാത്ത അവസരത്തിൽ അദ്ദേഹം കോൺഗ്രസ്സിൽ നിന്ന് വിട്ട് തനിച്ചു നിൽക്കുകയും തൻ്റേതായ നിലയിൽ തുടരുകയും ചെയ്തു.

അത്തരം സമീപനത്തിനെതിരെ ഒരു മധ്യമാർഗ്ഗവും ഉണ്ടായിരുന്നില്ല. ഒന്നുകിൽ കോൺഗ്രസ്സ് അതിൻ്റെ ആത്മാവ് അടിയറ വെച്ച്  അദ്ദേഹത്തിൻ്റെ ഭ്രാന്തിനും മിഥ്യാബോധത്തിനും അതിഭൗതിക ചിന്തയ്ക്കും പ്രാകൃതദർശനത്തിനും ശിങ്കിടി പാടുക അല്ലെങ്കിൽ അദ്ദേഹത്തെ കൂടാതെ മുന്നോട്ടു പോകുക. എല്ലാറ്റിൻ്റേയും എല്ലാവരുടേയും ന്യായാധിപൻ അദ്ദേഹം മാത്രമായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച മുഖ്യതന്ത്രജ്ഞൻ അദ്ദേഹമായിരുന്നു. മറ്റൊരാൾക്കും ആ സമരത്തിൻ്റെ  തന്ത്രങ്ങൾ അറിയുമായിരുന്നില്ല. അദ്ദേഹത്തിന് മാത്രമേ അതെപ്പോൾ തുടങ്ങണമെന്നും എപ്പോൾ അവസാനിപ്പിക്കണമെന്നും അറിയുമായിരുന്നുള്ളൂ. ആ സമരം വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്തേക്കാം, അത് പ്രവചിക്കാൻ സാധ്യമല്ലാത്ത ദുരന്തങ്ങളോ രാഷ്ട്രീയമായ തിരിച്ചടികളോ കൊണ്ടുവന്നേക്കാം. പക്ഷെ അതൊന്നും മഹാത്മാവിൻ്റെ അപ്രമാദിത്വത്തിൽ യാതൊരു വ്യത്യാസവും സൃഷ്ടിക്കുന്നില്ല. ” സത്യാഗ്രഹി ഒരിക്കലും പരാജയപ്പെടുകയില്ല ” എന്നതായിരുന്നു സ്വന്തം അപ്രമാദിത്വം പ്രഖ്യാപിക്കുന്ന അദ്ദേഹത്തിൻ്റെ സൂത്രവാക്യം. എന്നാൽ എന്താണ് സത്യാഗ്രഹി എന്നത് അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. അങ്ങനെ തൻ്റെ കാര്യത്തിൽ മഹാത്മാ തന്നെയായിരുന്നു ന്യായാധിപനും നിയമസംവിധാനവും. ഈ ബാലിശ ഭ്രാന്തുകൾക്കും കടുംപിടുത്തങ്ങൾക്കുമൊപ്പം അങ്ങേയറ്റം ലളിതമായ ജീവിതവും അവിരാമമായ അദ്ധ്വാനവും ഉന്നതമായ. സ്വഭാവവിശേഷവും ഗാന്ധിയെ പ്രഥമഗണനീയനും അധൃഷ്യനും ആക്കിത്തീർത്തു.

അദ്ദേഹത്തിൻ്റെ രാഷ്ട്രീയം അയുക്തി നിറഞ്ഞതാണെന്ന് പലരും വിചാരിച്ചിരുന്നു. പക്ഷെ അവർക്കൊക്കെ, ഒന്നുകിൽ കോൺഗ്രസ്സ് വിടുകയോ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ഇച്ഛയ്ക്കൊത്ത് തങ്ങളുടെ ധിഷണയെ അദ്ദേഹത്തിൻ്റെ കാലിൽ അർപ്പിക്കുകയോ ചെയ്യേണ്ടി വന്നു. അത്തരം അങ്ങേയറ്റം നിരുത്തരവാദിത്വപരമായ പദവിയിലിരുന്ന് കൊണ്ട് ഉണ്ടാക്കിയ വിഡ്ഢിത്തങ്ങൾക്ക് പിന്നാലെയുള്ള വിഡ്ഢിത്തങ്ങൾക്ക്, പരാജയങ്ങൾക്ക് പിന്നാലെയുള്ള പരാജയങ്ങൾക്ക്, ദുരന്തങ്ങൾക്ക് പിന്നാലെയുള്ള ദുരന്തങ്ങൾക്ക് ഗാന്ധിയാണ് കുറ്റക്കാരൻ. ഗാന്ധിയുടെ മുസ്ലീം പ്രീണന നിലപാട് അപ്പാടെ ഇന്ത്യൻ ദേശീയ ഭാഷാ പ്രശ്നത്തിൽ അദ്ദേഹം സ്വീകരിച്ച അശ്ലീലസമീപനത്തിൽ നിഴലിക്കു കാണാം. പ്രഥമഭാഷയായി സ്വീകരിക്കപ്പെടുന്നതിനുള്ള ഏറ്റവും അവകാശം ഹിന്ദിക്കാണുള്ളത് എന്നത് നിസ്തർക്കമാണ്. ഇന്ത്യയിൽ പ്രവർത്തിക്കാനാരംഭിച്ച നാളുകളിൽ ഗാന്ധി ഹിന്ദിക്ക് വലിയ ഊന്നൽ നൽകിയിരുന്നു. എന്നാൽ മുസ്ലീങ്ങൾ അത് ഇഷ്ടപ്പെടുന്നില്ലെന്ന് കണ്ടെത്തിയപ്പോൾ ഹിന്ദുസ്ഥാനി എന്ന് വിളിക്കപ്പെടുന്നതിൻ്റെ ഏറ്റവും വലിയ വക്താവായി അദ്ദേഹം മാറി. ഹിന്ദുസ്ഥാനി എന്ന ഒരു ഭാഷ നിലവിലില്ലെന്ന് ഇന്ത്യയിലെ എല്ലാവർക്കുമറിയാം. അതിന് വ്യാകരണമില്ല. അതിന് ഒരു വാഗ്സമ്പുടം ഇല്ല. അതൊരു ഭാഷാഭേദം മാത്രമാണ്. സംസാരിക്കാം. എഴുതാനാകില്ല. അതൊരു തന്തയില്ലാ ഭാഷയാണ്. ഹിന്ദിയുടേയും ഉറുദുവിൻ്റേയും സങ്കരസന്തതി. മഹാത്മാവിൻ്റെ കുതന്ത്രത്തിന് പോലും അതിനെ ജനകീയമാക്കാനായില്ല. പക്ഷെ, മുസ്ലീങ്ങളെ പ്രീണിപ്പിക്കാനുള്ള തൻ്റെ അഭിലാഷം കൊണ്ട് ഹിന്ദുസ്ഥാനി മാത്രമേ ഇന്ത്യയുടെ ദേശീയ ഭാഷയാകാൻ പാടൂ എന്ന് അദ്ദേഹം ശഠിച്ചു. അദ്ദേഹത്തിൻ്റെ അന്ധരായ അനുയായികളാകട്ടെ, തീർച്ചയായും, അദ്ദേഹത്തെ പിന്തുണയ്ക്കുകയും ഈ സങ്കരഭാഷ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതിനായി ഹിന്ദി ഭാഷയുടെ പ്രസരിപ്പും വിശുദ്ധിയും വ്യഭിചരിക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ എല്ലാ പരീക്ഷണങ്ങളും ഹിന്ദുക്കളുടെ ചെലവിൽ ആയിരുന്നു.

1946 ആഗസ്റ്റ് മുതൽ മുസ്ലീംലീഗിൻ്റെ സ്വകാര്യസേനകൾ ഹിന്ദുക്കളെ കൊന്നൊടുക്കാൻ തുടങ്ങി. അന്നത്തെ വൈസ്രോയി വേവൽ പ്രഭു, എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ ഉത്കണ്ഠാകുലനായിരുന്നുവെങ്കിലും ബലാത്സംഗവും കൊലയും കൊള്ളിവെയ്പും തടയുന്നതിന് വേണ്ടിയുള്ള 1935 ലെ ഗവണ്മെൻ്റ് ഓഫ് ഇന്ത്യാ ആക്ടിന് കീഴിലെ അദ്ദേഹത്തിൻ്റെ അധികാരം ഉപയോഗിച്ചില്ല. ചില തിരിച്ചടികൾ ഹിന്ദുക്കൾ നൽകിയെങ്കിലും, ബംഗാൾ മുതൽ കറാച്ചിവരെ ഹിന്ദുരക്തം ഒഴുകാൻ ആരംഭിച്ചു. സെപ്തംബറിൽ രൂപീകരിച്ച ഇടക്കാല ഗവണ്മെൻറ് മുസ്ലീംലീഗ് അംഗങ്ങളാൽ അട്ടിമറിക്കപ്പെട്ടു. പക്ഷെ എത്രമാത്രം അവർ തങ്ങൾ കൂടി അംഗങ്ങളായ ഗവണ്മെൻ്റിനോട് അവിശ്വസ്തരും വഞ്ചകരും ആകുന്നുവോ, അത്രമാത്രം ഗാന്ധി അവരോട് അഭിനിവേശിതനാകും. കാര്യങ്ങൾ ഒത്തുതീർപ്പിലെത്തിക്കാൻ കഴിയാത്തതിനാൽ വേവൽ പ്രഭുവിന് രാജിവെയ്ക്കേണ്ടി വരികയും മൗണ്ട് ബാറ്റൺ പ്രഭു അദ്ദേഹത്തിൻ്റെ പിൻഗാമിയായി വരികയും ചെയ്തു. പിടിച്ചതിലും വലുതായിരുന്നു അളയിലുണ്ടായിരുന്നത്. ദേശീയതയേയും സോഷ്യലിസത്തേയും പറ്റി വീമ്പടിച്ചിരുന്ന കോൺഗ്രസ്സ് അക്ഷരാർത്ഥത്തിൽ ബയണറ്റിന് മുന്നിൽ കീഴടങ്ങുകയും രഹസ്യമായി പാകിസ്ഥാനെ അംഗീകരിക്കുകയും ജിന്നയുടെ മുന്നിൽ നാണം കെട്ട് കീഴടങ്ങുകയും ചെയ്തു. ഇന്ത്യ വിഭജിക്കപ്പെടുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ മൂന്നിലൊന്ന് 1947 ആഗസ്റ്റ് 15 മുതൽ നമുക്ക് വിദേശമായിത്തീരുകയും ചെയ്തു.

ഈ രാജ്യം കണ്ട ഏറ്റവും മഹാനായ വൈസ്റോയിയും ഗവർണ്ണർ ജനറലുമായി കോൺഗ്രസ്സ് വൃത്തങ്ങളിൽ മൗണ്ട് ബാറ്റൺ പ്രഭു വാഴ്ത്തപ്പെട്ടു. 1948 ജൂൺ 30 ആണ് ഔദ്യോഗികമായി അധികാരം കൈമാറേണ്ട ദിനമായി നിശ്ചയിച്ചിരുന്നത്. പക്ഷെ, മൗണ്ട് ബാറ്റൺ തൻ്റെ കരുണാരഹിതമായ ശസ്ത്രക്രിയയാൽ വിഭജിക്കപ്പെട്ട ഒരു ഇന്ത്യയെ പത്തുമാസം നേരത്തേ നമുക്ക് സമ്മാനമായി തന്നു. ഇതാണ് മുപ്പതുവർഷത്തെ ചോദ്യം ചെയ്യപ്പെടാത്ത സ്വേച്ഛാധിപത്യം കൊണ്ട് ഗാന്ധി നേടിയത്. ഇതിനെയാണ് കോൺഗ്രസ്സ് പാർട്ടി ‘സ്വാതന്ത്ര്യം’ എന്നും ‘സമാധാനപരമായ അധികാരക്കൈമാറ്റം ‘  എന്നും വിളിക്കുന്നത്. ഹിന്ദു – മുസ്ലീം ഐക്യത്തിൻ്റെ കുമിള അവസാനം പൊട്ടുകയും നെഹ്റുവിൻ്റേയും അദ്ദേഹത്തിന്റെ കൂട്ടാളികളുടേയും സമ്മതത്തോടെ ഒരു മതാധിഷ്ഠിത ഭരണകൂടം നിലവിൽ വരികയും ചെയ്തു. എന്നിട്ടും അവർ അതിനെ വിളിക്കുന്നത് ” ത്യാഗം സഹിച്ചു നേടിയ സ്വാതന്ത്ര്യം ” എന്നാണ്. ആരുടെ സ്വാതന്ത്ര്യം ? ഗാന്ധിയുടെ സമ്മതത്തോടെ കോൺഗ്രസ്സിൻ്റെ ഉയർന്ന നേതാക്കൾ, നാമൊക്കെ ആരാധ്യ ബിംബമായി കാണുന്ന രാജ്യത്തെ വിഭജിക്കുകയും കീറിമുറിക്കുകയും ചെയ്തപ്പോൾ എൻ്റെ മനസ്സ് അങ്ങേ അറ്റം കോപാകുലമായി.

മരണം വരെയുള്ള തൻ്റെ നിരാഹാരം അവസാനിപ്പിക്കാൻ ഗാന്ധി മുന്നോട്ടുവെച്ച നിബന്ധനകളിൽ ഒന്ന് അഭയാർത്ഥികൾ കേറിപ്പാർത്ത ഡെൽഹിയിലെ മുസ്ലീം പള്ളികളെ സംബന്ധിച്ചാണ്. എന്നാൽ പാകിസ്ഥാനിലെ ഹിന്ദുക്കൾ മാരകമായ അക്രമങ്ങൾക്ക് വിധേയമായപ്പോൾ എതിരായി ഒരു വാക്ക് ഉച്ചരിക്കുകയോ പാകിസ്ഥാൻ ഗവണ്മെൻ്റിനേയോ ബന്ധപ്പെട്ട മുസ്ലീങ്ങളേയോ നിഷേധിക്കുകയോ ചെയ്യും പോലെ ഒന്നും ഗാന്ധിയിൽ നിന്നുണ്ടായില്ല. മരണംവരെയുളള നിരാഹാരത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അത് അവസാനിപ്പിക്കാനായി പാകിസ്ഥാനിലെ മുസ്ലീങ്ങൾക്ക് മേൽ എന്തെങ്കിലും ഉപാധിവെയ്ക്കുകയാണെങ്കിൽ, അത് മരണത്തിൽ കലാശിച്ചാൽ മുസ്ലീങ്ങളിൽ ആരെങ്കിലും അതിനെച്ചൊല്ലി ദു:ഖിക്കുമെന്ന് കരുതാത്തത്ര കുബുദ്ധി ഗാന്ധിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മുസ്ലീങ്ങൾക്ക് മേൽ എന്തെങ്കിലും നിബന്ധന അടിച്ചേല്പിക്കുന്നതിനെ അദ്ദേഹം കരുതിക്കൂട്ടി ഒഴിവാക്കിയത്. തൻ്റെ നിരാഹാരം കൊണ്ട് ജിന്ന ഒരു തരത്തിലും അസ്വസ്ഥപ്പെടുകയോ സ്വാധീനിക്കപ്പെടുകയോ ചെയ്യില്ലെന്നും മുസ്ലീം ലീഗ് ഏതെങ്കിലും തരത്തിൽ ഗാന്ധിയുടെ ഉൾവിളിക്ക് വില കല്പിക്കില്ലെന്നും അനുഭവം കൊണ്ട് അദ്ദേഹത്തിന് നന്നായറിയാമായിരുന്നു.

ഗാന്ധി, വിശേഷിപ്പിക്കപ്പെടുന്നത് മഹാത്മാവായിട്ടാണ്. അങ്ങനെയെങ്കിൽ വിഭജനത്തിന് സമ്മതം നൽകുക വഴി രാജ്യത്തോട് ചെയ്ത കൊടും ചതിയാൽ, തൻ്റെ പിതൃകടമ നിർവ്വഹിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടിരുന്നു. ഗാന്ധി തൻ്റെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടു എന്നതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. പാക്കിസ്ഥാൻ്റെ രാഷ്ട്രപിതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ ഉൾവിളി, ആത്മീയശക്തി, അനേകം നേട്ടങ്ങളെ കൊണ്ടുവന്ന അഹിംസാ സിദ്ധാന്തം, എല്ലാം ജിന്നയുടെ കാരിരുമ്പു മനസ്സാക്ഷിക്ക് മുന്നിൽ തകരുകയും ബലരഹിതമാണെന്ന് തെളിയുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ ഞാൻ ചിന്തിക്കുകയും  ഗാന്ധിയെ കൊല്ലുകയാണെങ്കിൽ, ഞാൻ അപ്പാടെ നശിക്കുമെന്നും ജനങ്ങളിൽ നിന്ന് ആകെപ്പാടെ തിരിച്ച് പ്രതീക്ഷിക്കേണ്ടത് വെറുപ്പു മാത്രമാണെന്നും ഞാനെൻ്റെ ജീവനേക്കാളും വലുതായിക്കാണുന്ന അഭിമാനം മുഴുവനായി നഷ്ടപ്പെടുമെന്നും മുൻകൂട്ടിക്കാണുകയും ചെയ്തു. അതേ സമയം ഗാന്ധിയുടെ അഭാവത്തിൽ ഇന്ത്യൻ രാഷ്ട്രീയം അതിൻ്റെ പ്രായോഗികത തെളിയിക്കുമെന്നും അതിന് തിരിച്ചടിക്കാൻ കഴിയുമെന്നും സായുധസേനകളാൽ അത് ശക്തിയുള്ളതാകുമെന്നും എനിക്ക് തോന്നി. സംശയമില്ല, എൻ്റെ ഭാവി മുഴുവനായും നശിച്ചേക്കും. പക്ഷെ, പാകിസ്ഥാൻ്റെ അധിനിവേശത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായേക്കും. വിവരമില്ലാത്തവൻ എന്നോ വിഡ്ഢി എന്നോ ജനം എന്നെ വിളിക്കുകയും ചിത്രീകരിക്കുകയും ചെയ്തേക്കാം. പക്ഷെ ശക്തമായ രാഷ്ട്ര നിർമ്മാണത്തിന് അത്യാവശ്യമെന്ന് ഞാൻ കരുതുന്ന യുക്തിയിൽ അധിഷ്ഠിതമായ തത്വങ്ങളെ പിന്തുടരാൻ രാജ്യം സ്വതന്ത്രമായിരുന്നേക്കും.

പ്രശ്നങ്ങളെ മുഴുവനായി പരിഗണിച്ചു കൊണ്ടു തന്നെ ഞാനിക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തു. പക്ഷെ മറ്റൊരൊളോടും ഞാനിക്കാര്യത്തെക്കുറിച്ച് മിണ്ടിയിട്ടില്ല. എൻ്റെ രണ്ടു കരങ്ങളിലും ധൈര്യം സംഭരിച്ച് 1948 ജനുവരി 30 ന് ബിർളാഹൗസിലെ പ്രാർത്ഥനാ മൈതാനിയിൽ വെച്ച് ഗാന്ധിജിക്ക് നേരെ ഞാൻ വെടിയുണ്ടകൾ പായിച്ചു. ആരുടെ നയവും പ്രവൃത്തിയുമാണോ അനേക ദശലക്ഷം ഹിന്ദുക്കൾക്ക് തീരാത്ത ദുരിതവും നാശവും തകർച്ചയും കൊണ്ടുവന്നത് ആ വ്യക്തിക്ക് നേരെയാണ് വെടിയുണ്ടകൾ പായിച്ചത് എന്ന് ഞാൻ പറയും. ഇത്തരം ഒരു അക്രമിയെ കുറ്റവിചാരണയ്ക്ക് വിധേയമാക്കാൻ ഒരു നിയമസംവിധാനവും ഇല്ലാത്തത് കൊണ്ടാണ് ആ മാരകമായ വെടിയുണ്ടകൾ ഞാൻ ഉതിർത്തത്. ഞാൻ ഒരു വ്യക്തിയോടും വ്യക്തിപരമായ വിരോധം വെച്ചുപുലർത്തുന്നില്ല. പക്ഷെ മുസ്ലീങ്ങളോട് അന്യായമായ പ്രീണനം വെച്ചു പുലർത്തുന്ന വർത്തമാന ഗവണ്മെൻ്റിനോട് എനിക്ക് യാതൊരു ബഹുമാനവുമില്ല. അതേസമയം ഗാന്ധിയുടെ സാന്നിദ്ധ്യമാണ് ആ നയത്തിൻ്റെ മുഴുവൻ കാരണവും എന്നെനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞു. എന്താണോ ഞാൻ ചെയ്തത് അതിൻ്റെ  ഉത്തരവാദിത്വത്തിൻ്റെ മുഴുവൻ ഓഹരിയും ഏറ്റുവാങ്ങാനാണ് കോടതി മുമ്പാകെ ഞാൻ നിൽക്കുന്നത്. അനുയോജ്യമെന്ന് കാണുന്ന ഏത് വിധിയും തീർച്ചയായും ജഡ്ജിക്ക് പുറപ്പെടുവിക്കാവുന്നതാണ്. എന്നോട് യാതൊരു  ദയവും കാണിക്കേണ്ടതില്ലെന്നും  മറ്റാരും തന്നെ എന്നോട് ദയ കാണിക്കാൻ കെഞ്ചേണ്ടതില്ലെന്നും ഞാൻ കൂട്ടിച്ചേർക്കട്ടെ. എൻ്റെ പ്രവൃത്തിയുടെ ധാർമ്മിക വശത്തെപ്പറ്റി എനിക്കുള്ള ആത്മവിശ്വാസത്തെ ഉലയ്ക്കാൻ അതിനെതിരെ എല്ലാ ഭാഗത്തു നിന്നും വരുന്ന വിമർശനങ്ങൾക്ക് പോലും സാധ്യമല്ല. ആത്മാർത്ഥതയോടെ ചരിത്രം എഴുതുന്നവർ എൻ്റെ പ്രവൃത്തിയെ അളക്കുമെന്നും ഭാവിയിൽ എപ്പോഴെങ്കിലും അതിൻ്റെ യഥാർത്ഥ മൂല്യം കണ്ടെത്തുമെന്നുമുള്ള കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല.”

ജസ്റ്റീസ് ഖോസ് ല തുടർന്നെഴുതുന്നു.

” അദ്ദേഹം തൻ്റെ പ്രകടനം അവസാനിപ്പിച്ചത് വികാരത്തിൻ്റെ വലിയ തള്ളൽ സൃഷ്ടിച്ച് ഗീതയിലെ വരികൾ ചൊല്ലിയാണ്. കാഴ്ചക്കാർ വികാരാധീനരായതായി കാഴ്ചയിലും കേൾവിയിലും കാണപ്പെട്ടു. അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ അവിടെ അഗാധമായ ഒരു നിശ്ശബ്ദതയുണ്ടായി. നിരവധി സ്ത്രീകൾ കണ്ണീരൊഴുക്കുകയും പുരുഷന്മാർ ചുമച്ചുകൊണ്ട് അവരുടെ കൈലേസുകൾ തെരയുകയും ചെയ്തു. വല്ലപ്പോഴുമുള്ള  താഴ്ന്ന തുമ്മലിൻ്റേയും അടക്കിപ്പിടിച്ച ചുമയുടേയും ശബ്ദങ്ങൾ നിശ്ശബ്ദതയെ ഉറപ്പിക്കുകയും കൂടുതൽ അഗാധമാക്കുകയും ചെയ്തു. ഏതോ അതിനാടകീയ രംഗത്തിലോ ഒരു ഹോളിവുഡ് ഫീച്ചർ സിനിമയുടെ ദൃശ്യത്തിലോ പങ്കാളിയാകുകയാണ് ഞാനെന്ന് എനിക്കു തോന്നി. ഒന്നോ രണ്ടോ തവണ ഞാൻ ഗോഡ്സേയെ തടസ്സപ്പെടുത്തുകയും അദ്ദേഹം പറയുന്നതിൻ്റെ സാംഗത്യമില്ലായ്മ ചൂണ്ടിക്കാട്ടുകയും ചെയ്തെങ്കിലും എൻ്റെ സഹപ്രവർത്തകർ അദ്ദേഹത്തെ കേൾക്കാൻ ആഗ്രഹിക്കുന്നതായി കാണപ്പെടുകയും കാണികൾ  നീണ്ട കോടതി നടപടികളിലെ മൂല്യമുള്ള ഏക ഭാഗമായി കാണികൾ മിക്കവാറും വിചാരിക്കുന്നതായും തോന്നിയപ്പോൾ അതിൽ നിന്നും പിൻവാങ്ങി. ആഘാതത്തിൻ്റെയും പ്രതികരണത്തിൻ്റേയും കൂടിക്കലരിനെ നിരീക്ഷിക്കാനുള്ള ഒരു എഴുത്തുകാരൻ്റെ ജിജ്ഞാസ അക്കാര്യത്തിൽ കൂടുതൽ ഊന്നുന്നതിൽ നിന്നും എന്നെ പിൻവലിപ്പിച്ചു. ഞാനെന്നോട് ഇങ്ങനെ കൂടി പറഞ്ഞു.” ആ മനുഷ്യൻ മരിക്കാൻ പോകുകയാണ്. മുമ്പ് അയാൾ ഉപദ്രവങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. അവസാനമായി അയാളുടെ ഉള്ളിലുള്ളത് പുറത്തു വിടാൻ അയാളെ അനുവദിക്കാം. ”  അതേസമയം, അന്ന് അവിടെ കൂടിയ കാണികൾ ഗോഡ്സേയുടെ അപ്പീലിൽ തീർപ്പ് കല്പിക്കാൻ ചുമതലപ്പെട്ട  നീതിപീഠമായി രൂപം പ്രാപിക്കുകയായിരുന്നെങ്കിൽ, അവർ ഗോഡ്സേ  കുറ്റക്കാരനല്ല  എന്ന്  വൻ ഭൂരിപക്ഷത്തോടെ വിധിച്ചേനെ എന്ന കാര്യത്തിൽ സംശയമില്ല ”

ഈ നീണ്ട പ്രസ്താവനയുടെ അവസാനഭാഗം പച്ചനുണയാണെന്ന് ആ കോടതിയിൽ തന്നെ തെളിഞ്ഞതാണ്. ഗാന്ധിയെ കൊല്ലാൻ താൻ ഒറ്റയ്ക്ക് തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്തു എന്ന നുണ. ഈ നുണയേക്കാളും ആഴമുള്ള സത്യാനന്തര പ്രസ്താവനയാണ് യഥാർത്ഥത്തിൽ അത് മുഴുവൻ. ജസ്റ്റീസ് ഖോസ് ലേ നിരീക്ഷിച്ച പോലെ ഒരു തിരക്കഥ അഭിനയിക്കുകയായിരുന്നു ഗോഡ്സേ. സാങ്കേതികമായി ഈ വിവരണപാഠം എഴുതിയത് ഗോഡ്സേ ആണെങ്കിലും സവർക്കറുടെ പ്രത്യയശാസ്ത്രത്തിൻ്റെ നേർവിവരണമാണ് അതിലുള്ളത്. അതിലേയ്ക്ക് വരും മുമ്പ് ഈ കൊലപാതകത്തിൽ പങ്കെടുത്തവരുടെ ഒരു പാറ്റേൺ പരിശോധിച്ചു നോക്കാം.

1 . ഗോഡ്സേ, ആപ്തേ, കർക്കരേ, ഗോപാൽ, പർച്ചൂരേ എന്നിവർ ഹിന്ദുത്വ രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടവരും മറാത്താ ബ്രാഹ്മണരും. (പർച്ചൂരേയുടെ വേരുകൾ മഹാരാഷ്ട്രയിലാണ് )
2 . മദൻലാൽ പഹ് വ എന്ന അഭയാർത്ഥി
3 . ദിഗംബർ ബഡ്ഗേ എന്ന ബ്രാഹ്മണേതരൻ
4 . ശങ്കർ കിസ്തയ്യ എന്ന പിന്നോക്കക്കാരനോ ദളിതനോ ആയ വ്യക്തി

ഇതിൽ ഒന്നാം ഗണത്തിൽ പെടുന്ന ബ്രാഹ്മണരാണ് വധത്തിൻ്റെ സൂത്രധാരകർ. ജനുവരി 20 ൻ്റെ ആദ്യ പദ്ധതിയനുസരിച്ച് ഈ സംഘത്തിലെ ബ്രാഹ്മണേതരരെ കൊണ്ട് കൊല ചെയ്യിക്കാനാണ് ഉദ്ദേശിച്ചത്. ഈ ചതി തിരിച്ചറിഞ്ഞാണ് ബഡ്ഗേ പിന്മാറുന്നത്. യഥാർത്ഥത്തിൽ പരാജയപ്പെട്ട ശ്രമത്തിന് ശേഷം ഹിന്ദുമഹാസഭാ ഓഫീസിൽ വെച്ച് ആപ്തേയും ബഡ്ഗേയും തമ്മിലുള്ള വാക്കേറ്റത്തിൻ്റെ അടിയിൽ ഈ രാഷ്ട്രീയമുണ്ട്. ബ്രാഹ്മണരുടെ താത്പര്യം നടപ്പാക്കാൻ അബ്രാഹ്മണരെ ഉപകരണമാക്കുന്ന രാഷ്ട്രീയത്തെയാണ് ബഡ്ഗെ ചോദ്യം ചെയ്യുന്നത്. യഥാർത്ഥത്തിൽ പിൽക്കാലത്ത് മാപ്പുസാക്ഷിയായി ഈ ഗൂഢാലോചനയുടെ വെളിവാക്കപ്പെട്ട ഭാഗം ബഡ്ഗെ പുറത്തെത്തിക്കുന്നത് ബ്രാഹ്മണ രാഷ്ട്രീയത്തിൻ്റെ ഈ കൗശലത്തെയാണ്.

സവർക്കർ ഉദ്ഘാടനം ചെയ്തതും ആർ എസ് എസും സംഘപരിവാറും മുന്നോട്ടു കൊണ്ടുപോയതുമായ ഈ ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ മൂർത്ത സ്വഭാവം ജനാധിപത്യ വിരുദ്ധതയായിരുന്നു. ബ്രാഹ്മണന് ജന്മനാ അവകാശപ്പെട്ടതാണ് ഇന്ത്യയുടെ അധികാരം എന്ന ദർശനമാണ് മേൽ പ്രസ്താവനയിൽ ഉടനീളം കാണാൻ കഴിയുക. 1910 ന് ശേഷം, വി.ബി. ഗോഘട്ടേയുടെ ഹിംസാത്മക പ്രകടനം പോലെ ഒറ്റയ്ക്കും തെറ്റയ്ക്കും ചില പരിശ്രമങ്ങൾ ഉണ്ടായെങ്കിൽ പോലും ഹിന്ദുത്വ സംഘടനകളോ ആശയങ്ങളോ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ല. ഹിന്ദുമഹാസഭ നടത്തിയ ഏകസമരം നാട്ടുരാജ്യമായ ഹൈദരാബാദിലെ നൈസാമിനെതിരെ മാത്രമാണ്. അതേ സമയം ബ്രിട്ടീഷുകാരുമായി ചേർന്ന് നിന്ന് എളുപ്പത്തിൽ അധികാരക്കസേരയിലെത്താൻ ഒരു മടിയും അവർ കാണിച്ചിട്ടില്ല. മാത്രമല്ല, വിഭജനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദികളായ ജിന്നയുടെ മുസ്ലീംലീഗുമായി യോജിച്ച് പ്രവിശ്യാ ഗവണ്മെൻ്റുകൾ ഭരിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ അത് വിനിയോഗിക്കാൻ യാതൊരു മടിയും കാണിക്കാത്ത കൂട്ടരായിരുന്നു അവർ. സവർക്കറാണ് ഒരർത്ഥത്തിൽ 1937 ൽ ഇന്ത്യ എന്ന ഒറ്റരാജ്യത്തിൽ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും രണ്ടു രാഷ്ട്രങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന പ്രസ്താവനയിലൂടെ വിഭജനത്തിൻ്റെ രാഷ്ട്രീയം ആദ്യമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊണ്ടുവരുന്നത്.

ഈ ചരിത്രങ്ങളെയെല്ലാം നിരാകരിച്ച് സ്വാതന്ത്ര്യാന്തരം ഇന്ത്യയുടെ ഉത്തരവാദിത്വത്തെ ജന്മനാ കിട്ടിയ ബ്രാഹ്മണ്യത്താൽ ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അതും നിഷ്ഠുരമായ ഒരു കൊലയിലൂടെ. കൊലയ്ക്ക് ശേഷം കൊലയാളിയുടെ രാഷ്ട്രീയ പ്രസ്താവന എന്ന സവർക്കർ മാതൃക, ദിംഗ്രയിൽ നിന്നാരംഭിച്ചത് ഇവിടെയും തുടരുന്നത് കാണാം. അതിനിടയിൽ പ്രധാനപ്പെട്ട ഒന്ന്, സ്വാതന്ത്ര്യലബ്ധി, സംഭവിച്ചത് അവർ മറന്നു പോയി. കാരണം ബ്രാഹ്മണാധികാരം എന്ന ഹിന്ദുത്വ സ്വപ്നം ഗാന്ധിയുടെ അജണ്ടയിൽ ഇല്ലായിരുന്നു.

അതിനാൽ, സാങ്കേതികമായി ഗോഡ്സേയുടേത് ആണെങ്കിലും സവർക്കറുടെ പ്രസ്താവന തന്നെയാണിത്. ഗാന്ധിയുടെ മുപ്പതു വർഷങ്ങൾ എന്ന് പറയുന്നത്, ബ്രാഹ്മണ രാഷ്ടീയത്തിൻ്റെ പാർശ്വവല്ക്കരണം സംഭവിച്ച കാലമാണ്. ഏറ്റക്കുറച്ചിലോടു കൂടി ഇന്ത്യയിലെ സമസ്തവിഭാഗങ്ങളും സമരത്തിലേർപ്പെട്ട കാലം. ആദിവാസികൾ, കീഴാളർ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, ന്യൂനപപക്ഷങ്ങൾ തുടങ്ങി എല്ലാത്തരം വിഭാഗങ്ങളും ഏതെങ്കിലും തരത്തിൽ സമരരംഗത്തേക്കെത്തി. അതിന് മുമ്പത്തെ സമര രീതി നോക്കുകയാണെങ്കിൽ ബ്രാഹ്മണ, സവർണ്ണ, ആൺ കോയ്മയുടെ യുദ്ധപ്രകടനമായിരുന്നു സ്വാതന്ത്ര്യ സമരം. ജനാധിപത്യത്തോടുള്ള കടുത്ത വിയോജിപ്പായിരുന്നു അതിൻ്റെ ഇന്ധനം.

അതുകൊണ്ടാണ് സത്യത്തെയും അഹിംസയേയും പറ്റി പറയുമ്പോൾ ഗോഡ്സേ അതൊരു പുതിയ കാര്യമല്ല എന്ന് ഊന്നുന്നത്. എല്ലാ ഭരണഘടനാനുസൃത സമരങ്ങളിലും അതുണ്ടായിരുന്നു എന്ന് ഗോഡ്സേ പറയുന്നു. യഥാർത്ഥത്തിൽ ഭരണഘടനാനുസൃത സമരം എന്ന് ഗോഡ്സേ തെറ്റിപ്പറയുന്നത് ജനാധിപത്യ സമരങ്ങളെയാണ്. ദേശീയ പ്രസ്ഥാനം മുന്നോട്ട് പോയത് നിയമ ലംഘനങ്ങളിലൂടെയായിരുന്നു. നിസ്സഹകരണ പ്രസ്ഥാനമായാലും ഉപ്പുസത്യാഗ്രഹം ആയാലും ക്വിറ്റ് ഇന്ത്യാ സമരമായാലും. അവയൊന്നും ഭരണഘടനാനുസൃതമായിരുന്നില്ല. എന്നാൽ സവർക്കർ പ്രതിനിധീകരിക്കുന്ന ഹിംസാത്മക സമരങ്ങൾ ആയിരുന്നില്ല അത്. അതിൻ്റെ മറ്റൊരർത്ഥം സത്യവും അഹിംസയും പുലരണമെങ്കിൽ ജനാധിപത്യത്തിൻ്റേതായ വലിയ ഒരു അവബോധം ഉണ്ടായിരിക്കണം. ഗോഡ്സേയുടെ ബ്രാഹ്മണ ബോധത്തിന് തിരിയാതെ പോകുന്നത് ഇതാണ്. ഗാന്ധിയുടെ അധൃഷ്യതയെക്കുറിച്ചും അപ്രമാദിത്വത്തെക്കുറിച്ചും പറയുമ്പോൾ താൻ സെക്രട്ടറിയായിരുന്ന ഹിന്ദു രാഷ്ട്രദൾ എന്ന കാതൽ സംഘടനയെ ഗോഡ്‌സേ സൗകര്യപൂർവ്വം മാറ്റിവെയ്ക്കുന്നു. സവർക്കർ ഫ്യൂററായ ആ ചിത്പാവൻ സംഘടനയുടെ പ്രവർത്തന സിദ്ധാന്തം തന്നെ സവർക്കർ പറയുന്നതെന്തോ അത് അതേപടി നടപ്പിലാക്കുക എന്നതായിരുന്നു.

സംസ്കൃതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഭാഷാ ശുദ്ധീകരണം സവർക്കറുടെ അജണ്ടയായിരുന്നു എന്ന് നാം കണ്ടു. അത് തന്നെയാണ് ഹിന്ദി / ഹിന്ദുസ്ഥാനി താരതമ്യത്തിലൂടെ ഗോഡ്സേയും മുന്നോട്ടു വെയ്ക്കുന്നത്. സവർക്കറുടെ സാഹിത്യ സിദ്ധാന്തം തന്നെയാണ് രാമായണത്തേയും മഹാഭാരതത്തേയും ചരിത്രകഥകളാക്കി അവതരിപ്പിക്കുന്നതിലൂടെ ഗോഡ്സേയും നടത്തുന്നത്. ഇങ്ങനെ വിശദമായി നോക്കുമ്പോൾ സവർക്കറുടെ മാധ്യമമായാണ് ഗോഡ്സേ കോടതിയിൽ നിൽക്കുന്നത്. ഗാന്ധിയെ കൊല്ലാൻ സവർക്കർ എന്ന തോക്കിൽ നിന്നും പുറത്തു വരുന്ന വെടിയുണ്ടയായി ഗോഡ്സേ മാറിയെങ്കിൽ കോടതിമുറിയിൽ സവർക്കർ എന്ന ദൈവത്തിന് വേണ്ടി സംസാരിക്കുന്ന വെളിച്ചപ്പാടായി മാറുകയായിരുന്നു അയാൾ.

സവർക്കർമാരുടെ മുന്നിൽ ഗോഡ്സേമാരുടെ മനോനില എന്തെന്നറിയാൻ പ്രതിഭാഗം വക്കീലായ പി.എൽ .ഇനാംദാർ എഴുതിയ ‘ചെങ്കോട്ടയിലെ വിചാരണയുടെ കഥ‘ (The Story of the Trial in Red Fort) യിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ.

ചെങ്കോട്ടയിൽ വിചാരണ നടന്നു കൊണ്ടിരിക്കുന്ന കാലങ്ങളിൽ മുഴുവൻ, ഇടതു വശത്തിരിക്കുന്ന നാഥുറാം ഗോഡ്സേയുടെ നേർക്ക് ഒരിക്കൽപ്പോലും സവർക്കർ തിരിഞ്ഞുനോക്കുന്നത് ഞാൻ കണ്ടിട്ടില്ല. കലിച്ച മുഖവുമായി സ്ഫിങ്ക്സിനെപ്പോലെ സവർക്കർ തൻ്റെ കസേരയിൽ തന്നെ ഇരുന്നു. തൻ്റെ തൊട്ടടുത്ത കസേരയിൽ ആരാണ് ഇരിക്കുന്നത് എന്നറിയാത്ത വണ്ണം

‘താത്യാറാവു’ തന്നോട് ഇങ്ങനെ പെരുമാറിയത് തന്നെ അഗാധമായി വേദനിപ്പിച്ചു എന്ന് നാഥുറാം പറയുന്നുണ്ട്. താത്യാറാവുവിൻ്റെ ഒരു സാന്ത്വന സ്പർശത്തിനും സഹാനുഭൂതിയോടുകൂടിയുള്ള ഒരു നോട്ടത്തിനും വേണ്ടി താൻ എത്ര കൊതിച്ചുവെന്നും.

====****====

Comments

comments