ലോകത്തിൽ ഒരു ഇന്ദ്രജാലമുണ്ടെങ്കിൽ അതിവിടെയാണ്, ഇവിടെ ഈ ആഫ്രിക്കയിൽ”. ഒരിക്കൽ ഏണസ്റ്റ് ഹെമിംഗ് വെ ഇങ്ങനെയെഴുതി. അംബോസെലിയിലെ കാഴ്ചകളായിരിക്കണം അദ്ദേഹത്തിന്‍റെ വരികൾക്കു പ്രചോദനമായത് എന്നെനിക്കു തോന്നുന്നു. 1933-ലായിരുന്നു ഹെമിംഗ് വേയുടെ അംബോസെലിയിലേക്കുള്ള ആദ്യവരവ്. രണ്ടാം ഭാര്യ പൗലീനോടൊപ്പം. അന്നനുഭവിച്ച ദൃശ്യാത്ഭുതങ്ങളാണ് അദ്ദേഹത്തെ സ്നോസ് ഓഫ് കിലിമഞ്ചാരോ എഴുതാൻ പ്രേരിപ്പിച്ചതും. ഒരു പക്ഷെ, ആ കാഴ്ചകളിൽത്തന്നെ കിലിമഞ്ചാരോയുടെ പശ്ചാത്തലത്തിൽ ശിരസ്സുയർത്തിനടന്നിരുന്ന മഹാഭീമന്മാരായ ആനകളായിരുന്നിരിക്കണം അദ്ദേഹമുദ്ദേശിച്ച ഇന്ദ്രജാലം. തീർച്ചയായും എന്‍റെ മുന്നിൽ നിറഞ്ഞുനിന്നതും അത്തരമൊരു മഹേന്ദ്രജാലം തന്നെയായിരുന്നു.

പരന്ന പുൽമേടുകളിൽ, ഇടയ്ക്കുയർന്നുനില്ക്കുന്ന കുറ്റിച്ചെടിക്കൂട്ടങ്ങൾക്കിടയിൽ, വെള്ളവും ചെളിയും കൂടിക്കുഴഞ്ഞുകിടക്കുന്ന ചതുപ്പുനിലങ്ങളിൽ, പാതിയും സ്വയം വെള്ളത്തിലാണ്ട് തടാകപ്പരപ്പിനുമുകളിൽ, തൊട്ടുമുന്നിൽ യാതൊരു കൂസലുമില്ലാതെ വനപാതയ്ക്കൊത്ത നടുവിൽ അങ്ങനെയങ്ങനെയനേകം ദൃശ്യങ്ങൾ ഈ വിസ്മയമൃഗങ്ങൾ നമുക്കായെന്നോണം ഈ വനഭൂമിയിൽ തീർത്തുകൊണ്ടിരുന്നപ്പോൾ ആ മഹേന്ദ്രജാലത്തിൽ എനിക്കു വിശ്വസിക്കയല്ലാതെ വഴിയില്ലെന്നുവന്നു. അപാരമായ വലിപ്പവും, പൊടിപുരണ്ടതെങ്കിലും ആകർഷണീയമായ ഇരുൾത്തവിട്ടുരൂപവും, ഗർവ്വഭംഗം തൊട്ടുതീണ്ടാത്ത ഭാവവും കൂടിച്ചേർന്നാൽ നമുക്കു വരച്ചിടാം ഈ ഗംഭീരനെ. അംബോസെലിയിലെ ഏറ്റവും സുന്ദരമായ കാഴ്ച ആനകളുടേതു തന്നെയാണ്, പ്രത്യേകിച്ചും കിലിമഞ്ചാരോയെ ആ ചിത്രത്തിനു പുറകിൽ ചേർക്കുമ്പോൾ. ലോകത്തിൽ മറ്റൊരിടത്തും അത്തരമൊരു വശ്യദൃശ്യം നിങ്ങൾക്കു ലഭിച്ചെന്നുവരില്ല. ഒരു ജീവിതകാലം മുഴുവൻ മനസ്സിൽ സൂക്ഷിച്ചുവെയ്ക്കേണ്ട ഒരു പിൻ-അപ്പാണത്.

The Mighty African

അംബോസെലിയിലെ എന്‍റെ ആദ്യത്തെ ആനക്കാഴ്ച ഒരു ഒറ്റയാന്‍റെതായിരുന്നു. അരയാൾപ്പൊക്കത്തിൽ ഉയർന്നുനിന്നിരുന്ന ചെടിപ്പടർപ്പുകൾക്കിടയിൽ നിന്നിരുന്ന ഒരുത്തൻ. നമ്മുടെ നാട്ടിലെ ആനകളെപ്പോലെ കറുപ്പല്ല അവന്‍റെ ശരീരം. മറിച്ച്, പൊടിപുരണ്ടു പടർന്ന തവിട്ടുനിറം. നിശ്ചയമായും ഏഷ്യൻ ആനകളേക്കാൾ ഒരു രണ്ടു ടണ്ണെങ്കിലും ഇവനു ഭാരക്കൂടുതൽ ഉണ്ടാവണം. നമ്മുടെ നാട്ടിലെ ആനകൾ മൂന്നു മുതൽ ആറു ടൺ വരെയാണെന്നു കണക്കാക്കുമ്പോൾ ഈ ആഫ്രിക്കൻ ഇനങ്ങളിൽ ചിലത് എട്ടുടൺ വരെ ഉണ്ടാവാമത്രെ. അത്തരമൊരു വമ്പനായിരുന്നു ഞങ്ങളുടെ മുന്നിൽ വന്നുനിന്നത്. അവന്‍റെ കൊമ്പുകളായിരുന്നു അപാരം. നമ്മൾ നാട്ടിൽ കാണുന്നപോലെ തേച്ചുമിനുക്കിയ വെളുപ്പായിരുന്നില്ല ആ ഗജദന്തങ്ങൾക്ക്. ചെളിപിടിച്ചതും വൃത്തിഹീനവുമായത്. എങ്കിലും നീളത്തിൽ വെല്ലാനാവില്ല. ഒരൊന്നരമീറ്റർ ഞാൻ കണക്കാക്കി. ചിലപ്പോൾ അതിൽക്കൂടുതലുമാവാം. രണ്ടുകൊമ്പുകളും വളഞ്ഞുയർന്നു നിന്നു, രാജകീയപ്രൗഢിയോടെ. അവയ്ക്കിടയിലൂടെ നീട്ടിപ്പിടിച്ച തടിയൻ തുമ്പിക്കൈ. ചെവികൾക്കും നമ്മുടെ ആനകളേക്കാൾ വലിപ്പമുണ്ട്. പക്ഷെ, വൃത്തി പോരാ എന്നു നമുക്കൊരു നിമിഷം തോന്നിയേക്കും. പക്ഷെ, അതു കാടിന്‍റെ തനതുനിറമാണ്. നൈസർഗ്ഗികതയുടേയും, ഒരു പക്ഷെ, വിമുക്തിയുടേയും കൂടി നിറം.  നിറംകൊണ്ടു മാത്രമല്ല ആ ചെവികൾ വേറിട്ടുനില്ക്കുന്നത്. പരന്നുവിശാലമായതെങ്കിലും താഴേയറ്റം വാഴയില കീറിയതുപോലെ ചെവിയല്പം മുറിഞ്ഞുതൂങ്ങുന്നുണ്ട്. മസ്തകമാണെങ്കിൽ അല്പം താഴ്ത്തിയാണ് പിടിച്ചിരിക്കുന്നത്. എങ്ങനെ പിടിച്ചാലെന്താ, തിടമ്പൊന്നുമില്ലല്ലോ എനിക്കു കയറ്റാൻ എന്നെന്നോടു ചോദിക്കുന്നതുപോലെ തോന്നി അതു കണ്ടപ്പോൾ.  ഇവനിവിടെ സർവ്വസ്വതന്ത്രനാണ്. സ്വച്ഛന്ദവിഹാരിയാണ്. ഈ സാവന്നകളിൽ അലഞ്ഞുതിരിയാനും യഥേഷ്ടം ഇലഭോജനമാവാനും ഇടയ്ക്ക് വെള്ളക്കെട്ടുകളിൽ മുങ്ങിനിവരാനും ചെളിയിൽ കുത്തിമറയാനുമുള്ള അവിഘ്നാവകാശം അവനുണ്ട്.

ജോൺ ലെന്നന്‍റെ ലോകപ്രശസ്തമായ പാട്ടിനെ ഉപയോഗിച്ചുകൊണ്ട് ആനകളെക്കുറിച്ചും പാടാം.

“Imagine a place where Elephants are free,

Imagine a place where they are not afraid of humans,

Imagine that they no longer have bad memories

Of being killed for their huge tusks….”

സത്യത്തിൽ അങ്ങനെയൊരു സ്ഥലമുണ്ടാകുമോ, ഭാവനയിലല്ലാതെ. അങ്ങനെയൊന്നിനെക്കുറിച്ച് സങ്കല്പിക്കാനല്ലേ കഴിയൂ. ഞാനിതിനെക്കുറിച്ച് സാംസനോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഉണ്ട്, അങ്ങനെയൊരു സ്ഥലമുണ്ട്. അത് ഈ അംബോസെലി വനഭൂമി തന്നെയാണ്”.  സത്യമായിട്ടും എനിക്കത് വിശ്വസിക്കാനായില്ല. ആഫ്രിക്കൻ ആനകളെ കൊന്നൊടുക്കി കൊമ്പുകൾ മോഷ്ടിക്കുന്ന വൻസംഘങ്ങളെക്കുറിച്ചുള്ള വാർത്തകളും ഡോക്യുമെന്‍ററികളും എത്രയോ തവണ കേട്ടിരിക്കുന്നു. ആഫ്രിക്കൻ കാടുകൾ ഈ പാവം ഭീമന്മാർക്കു നരകം എന്നപ്പോഴൊക്കെ തോന്നിയിട്ടുമുണ്ട്. അതൊക്കെ വിസ്മരിച്ചിട്ടാണോ സാംസന്‍റെ ഈ പറച്ചിൽ? അതോ ഇദ്ദേഹം സകലതും കണ്ണടച്ചിരുട്ടാക്കുകയാണോ? വിദേശികളോടു അങ്ങനെയൊക്കെയേ പറയാവൂ എന്നു വല്ല സർക്കാർ നിർദ്ദേശവും ഉണ്ടാവുമോ ഇനി?

ഇക്കഴിഞ്ഞ വർഷമാണ് അംബോസെലിയുടെ പരിസരത്തുവെച്ച് വനംകള്ളക്കടത്തുകാരുടെ കൈയ്യിൽനിന്നു 906 കിലൊഗ്രാം ആനക്കൊമ്പ് പിടിച്ചെടുത്ത കഥ ഞാൻ വായിച്ചത്. എന്നിട്ടാണോ, സാംസൻ ഇങ്ങനെയൊക്കെ പറയുന്നത്. എന്തായാലും സംഗതി ഞാനൊന്നു വിശദമായി പഠിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെയാണ്, ബിഗ് ലൈഫ് ഫൗണ്ടേഷന്‍റെ വാർഷികറിപ്പോർട്ട് ഞാൻ വായിച്ചത്. ബിഗ് ലൈഫ് ഫൗണ്ടേഷൻ പറയുന്നതു വിശ്വസിക്കാം. കാരണം, അംബോസെലി, ത്സാവോ, കിലിമഞ്ചാരോ ഇവയൊക്കെയടങ്ങിയ വളരെ വിസ്തൃതമായ പ്രദേശത്തിന്‍റെ പാരിസ്ഥിതിക ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ള വലിയൊരു സംഘടനയാണത്. വളരെ ആത്മാർത്ഥതയോയോടെ അവരക്കാര്യം ചെയ്തുപോരുകയും ചെയ്യുന്നു. ചില്ലറക്കാര്യമൊന്നുമല്ല അത്. അളന്നാൽ ഏതാണ്ട് 16 ലക്ഷം ഏക്കർ വനപ്രദേശം വരും ബിഗ് ലൈഫ് ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുള്ളയിടം. ഈ വനപ്രദേശത്തിലാകെ 43 ആനകൾ കഴിഞ്ഞ വർഷത്തിൽ മരണപ്പെട്ടതായി പറയുന്നു. അതിൽ 17 എണ്ണം ഉറപ്പായിട്ടും സ്വാഭാവികമരണങ്ങളാണ്. 13 മരണങ്ങൾക്കു കാരണം എന്തെന്നത് കൃത്യമല്ല. പക്ഷെ, അപകടമോ ആക്രമണമോ ഉണ്ടായതായി യാതൊരു തെളിവുമില്ല. ബാക്കി പതിമൂന്നെണ്ണത്തിൽ ആനകളും മനുഷ്യരുമായിട്ടുള്ള ഇടച്ചിലുകൾ മരണകാരണമായിട്ടുണ്ട്. പക്ഷെ, മൃതഗജശരീരങ്ങളിൽ ഒരൊറ്റയെണ്ണത്തിൽനിന്നു പോലും ആനക്കൊമ്പുകൾ നഷ്ടപ്പെട്ടതായി കാണാൻ കഴിഞ്ഞില്ല. മരിച്ച എല്ലാ ആനകളുടേയും കൊമ്പുകൾ ഭദ്രമായി ശേഖരിക്കാൻ കഴിയുകയും ചെയ്തിരിക്കുന്നു. അപ്പോൾ ഇതിന്‍റെയർത്ഥം അംബോസെലിയിൽ ആനക്കൊമ്പിനു വേണ്ടിയുള്ള ആനവേട്ടകൾ കഴിഞ്ഞ വർഷം നടന്നിട്ടില്ല എന്നുതന്നെയല്ലേ. അപ്പോൾ പിടിച്ചെടുത്ത ആനക്കൊമ്പുകൾ? അതൊന്നും അംബോസെലിയിൽ നിന്നുള്ളവയായിരുന്നില്ലപോലും. എല്ലാം വേറെയിടങ്ങളിൽനിന്നു വിദേശച്ചന്തകളിലേക്കുള്ള ഒഴുക്കിനിടെ പിടിക്കപ്പെട്ടത്.

എങ്കിലും ആഫ്രിക്കൻ ആനകളുടെ സ്ഥിതിവിവരകണക്കുകൾ വായിച്ചാൽ ആരും കരഞ്ഞുപോകും എന്നതാണ് സത്യം. പൊതുയുഗം (സി. ഇ.) 1500-നു മുമ്പ് ആഫ്രിക്കൻ വനഭൂമി ഇന്നത്തേതിലുമൊക്കെ എത്രയോ വലുതായിരുന്നു. നിബിഡവനങ്ങളല്ലെങ്കിലും ആനകൾക്കവിടെ നിർബ്ബാധം സഞ്ചരിക്കാനാവുമായിരുന്നു. ഒരു ഏകദേശക്കണക്ക് പറയുന്നത്, പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തിവിടെ രണ്ടരക്കോടി ആനകളെങ്കിലും ഉണ്ടായിരുന്നു എന്നാണ്. തീർത്തും അവിശ്വസനീയമായി തോന്നുമെങ്കിലും അതിൽ സത്യമുണ്ടെന്നാണ് പല ശാസ്ത്രീയ അനുമാനങ്ങളും സൂചിപ്പിക്കുന്നത്. ലോകവന്യജീവിസംഘടനയുടെ അഭിപ്രായത്തിൽ ഇന്നേക്ക് ഒരു നൂറ്റാണ്ടുമുമ്പുണ്ടായിരുന്ന ആഫ്രിക്കൻ ആനകളുടെ കണക്ക് ഒരു കോടിയാണത്രെ. അത് 1950-ലേക്കെത്തിയപ്പോഴേക്കും അരക്കോടിയായി. പിന്നീടങ്ങോട്ടു കുത്തനെയായിരുന്നു വീഴ്ച. 1970-കളിൽ അത് അമ്പതിലൊന്നായി ചുരുങ്ങി. ഒരു ലക്ഷത്തി പതിനായിരം എന്നൊരു കണക്ക് പറയുന്നു. ഇനി അംബോസെലിയിലെ കണക്ക് മാത്രമെടുത്താലോ. 1977-78 കാലത്തിവിടെ വെറും 480 ആനകൾ മാത്രം. പീന്നീടാണ് ഗജസംരക്ഷണശ്രമങ്ങളൊക്കെ വരുന്നത്. ബിഗ് ലൈഫ് ഫൗണ്ടേഷനൊക്കെ അതിൽ വലിയ പങ്കു വഹിച്ചു. എന്തായാലും അതിനുശേഷം ആനകളുടെ എണ്ണം കൂടിയിട്ടേയുള്ളൂ. 2010 ആയപ്പോഴേക്കും അത് 1400 ആയി. ഇന്നാകട്ടെ, അത് 1900-ൽ തൊട്ടുനില്ക്കുന്നു. കഴിഞ്ഞവർഷങ്ങളിൽ അംബോസെലിയിൽ ആനവേട്ട ഉണ്ടായിട്ടില്ല എന്നത് ഒരു പരമസത്യം തന്നെ. സാംസൻ പറഞ്ഞതു ശരിയായിരുന്നു. ഏതു ജന്തുസ്നേഹിയേയും ആനന്ദിപ്പിക്കുന്ന സംഗതി. ആഫ്രിക്കയിലെ മൊത്തം ആനകളുടെ കണക്കെടുത്താലും കഴിഞ്ഞവർഷങ്ങളിലെ സ്ഥിതി അല്പം മെച്ചമാണ്. അതേതാണ്ട്, നാലുലക്ഷത്തി പതിനയ്യായിരത്തിൽ എത്തി നില്ക്കുന്നു. പൊതുവെ ആഫ്രിക്കയിൽ 35 വയസ്സു കഴിഞ്ഞ ആണാനകൾ വാഴുകയില്ല എന്നാണു വെപ്പ്. കൊമ്പുവേട്ടക്കാർ അവരെ കൊന്നിരിക്കും എന്നത് ദുഃഖപൂർണ്ണമായ നഗ്നസത്യമാണ്. പക്ഷെ, നിങ്ങൾക്കറിയാമോ ഈ അംബോസെലിയിൽ നാല്പതു കഴിഞ്ഞ അമ്പതിലധികം ആണാനകളുണ്ട്. ചില്ലറക്കാര്യമല്ല അത്.

“അപ്പോൾ ഈ അംബോസെലി മോശമില്ലല്ലോ, സാംസൻ”. ഞാൻ എന്‍റെ സഹചാരിയോടു അഭിനന്ദനപൂർവ്വം പറഞ്ഞു. “നോക്കൂ”. സാംസന് ഇനിയും പറയാനുണ്ടായിരുന്നു. “അംബോസെലി ഇങ്ങനെയല്ലാതായിരുന്നെങ്കിൽ ടൊൽസ്റ്റോയ് ഇവിടെ ഉണ്ടാവുമായിരുന്നോ?” അതുകേട്ട് ഞാനൊന്നമ്പരന്നു. എന്താണ് സാംസൻ ഉദ്ദേശിച്ചത്. അംബോസെലിയും വിശ്വസാഹിത്യകാരനും തമ്മിൽ എന്താണ് ബന്ധം? സംശയങ്ങൾ ഇരുണ്ടുനിന്നിരുന്ന എന്‍റെ മുഖത്തേക്കു നോക്കി സാംസൻ ചിരിച്ചു. തന്‍റെ സ്വതസിദ്ധമായ ആകർഷണീയതയോടെ. ഒന്നും മനസ്സിലായില്ല അല്ലേ എന്ന ചോദ്യം ആ ചിരിയിലുണ്ടായിരുന്നു. പിന്നീടാണെനിക്ക് കാര്യങ്ങൾ വ്യക്തമായത്. ടൊൽസ്റ്റോയ് ഒരാനയാണ്. അംബോസെലിയിലെ വമ്പനൊരാന. ലോകത്തിലെ ഏറ്റവും വലിയ കൊമ്പുകളുടെ ഉടമ. ടൊൽസ്റ്റോയിയുടെ കൊമ്പുകളുടെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. അതു വളർന്നു നിലം മുട്ടി. എന്നിട്ടുമതു വളർന്നുകൊണ്ടേയിരുന്നു. ആ ഭീമന്‍റെ നടത്തത്തിൽ ഭൂമിയിൽ ചാലുകൾ കീറി. നിലം ഉഴവുന്ന പോലെയായിരുന്നു ആ ഗജഗമനം. സത്യം പറഞ്ഞാൽ കാലക്രമേണ ഒരടി മുന്നോട്ടുവെയ്ക്കുന്നതു പോലും ഏറെ പ്രയാസമായിത്തുടങ്ങി. സ്വന്തം വളർച്ചകൾ ദുരിതത്തിലേക്കു നയിക്കുന്ന അപൂർവ്വസാഹചര്യങ്ങളിലൊന്നായിരുന്നു അത്. വനംവകുപ്പുകാർക്ക് ഇടപെടാതെ നിവൃത്തിയില്ലാതായി. ആ വിഷമസന്ധിയ്ക്ക് അറുതി വരുത്താൻ ടൊൽസ്റ്റോയിയെ മയക്കുവെടിവെയ്ക്കാൻ അവർ തീരുമാനിച്ചു. മയക്കിക്കിടത്തിയ ടൊൽസ്റ്റോയുടെ കൊമ്പുകളുടെ അധികനീളം ഡോക്ടർമാരും സഹായികളും ചേർന്ന് മുറിച്ചുനീക്കി. അതിനുശേഷം അവന്‍റെ ദന്താഗ്രങ്ങൾ നിലത്തുനിന്ന് അരയടിപ്പൊക്കത്തിലായി. എങ്കിലുമവൻ സമാധാനത്തിൽ നടന്നു. പിന്നീടുള്ള കാലം ജീവിച്ചു. ഒന്നാലോചിച്ചു നോക്കൂ. അംബോസെലി ഇങ്ങനെയല്ലായിരുന്നുവെങ്കിൽ ആനക്കൊമ്പുകൊള്ളക്കാർ ടൊൽസ്റ്റോയിയെ നിർദ്ദയം കൊന്നുതള്ളി എന്നേ അവന്‍റെ  വിസ്മയക്കൊമ്പുകൾ വില്പനച്ചരക്കാക്കിയേനേ. വെറുതേയല്ല, സാംസൻ അഭിമാനത്തോടെ മന്ദസ്മിതം തൂകിയത്. ഞാനും ആ ചിരിക്കൊപ്പം ചേർന്നു. സന്തോഷത്തോടെ. ആശ്വാസത്തോടെ.

“ടൊൽസ്റ്റോയ്, ഇപ്പോൾ?” എനിക്കു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷെ, ഉത്തരം വിഷമം തരുന്നതായിരുന്നു. “അവൻ പോയി. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ. അമ്പത്തൊന്നു വയസ്സേ അവനുണ്ടായിരുന്നുള്ളൂ. കെനിയയെ, ആഫ്രിക്കയെ എന്തിന്, ടൊൽസ്റ്റോയിയെ പിന്തുടർന്നിരുന്ന ലോകമെമ്പാടുമുള്ള അനവധി ആനപ്രേമികളെ വിഷമത്തിലാഴ്ത്തിയ ഒന്നായിരുന്നു അവന്‍റെ വിടവാങ്ങൽ. അംബോസെലിയുടെ പരിസരത്തുവെച്ച് ചില കർഷകരുമായി ഒരേറ്റുമുട്ടലിനിടയിൽ അവനു മുറിവേറ്റിരുന്നു. ആ മുറിവു സൃഷ്ടിച്ച സങ്കീർണ്ണതകളായിരിക്കണം അവന്‍റെ മരണത്തിലേക്കു നയിച്ചത്.” സാംസന്‍റെ വാക്കുകൾ ഇടറുന്നത് ഞാൻ ശ്രദ്ധിച്ചു. കെനിയക്കാർക്കെല്ലാം എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നിരിക്കണമവൻ എന്നു ഞാൻ ചിന്തിച്ചു. എന്തൊരു അത്ഭുതജീവികളാണ് ആനകൾ. അറിയാതെ നമ്മളവയെ സ്നേഹിച്ചുപോകുന്നു. ആ സ്നേഹം ചങ്ങലക്കൂട്ടിലിട്ട്, നിരന്തരം മുറിവേല്പിക്കപ്പെട്ട്, കൊട്ടിഗ്ഘോഷിച്ച് എഴുന്നെള്ളിക്കപ്പെടുന്ന, നമ്മുടെ നാട്ടിലെ പാവം ആനകളോടു കാണിക്കുന്ന ക്രൂരതയിൽ പൊതിഞ്ഞ ആനപ്രേമമല്ല.

ആഫ്രിക്കൻ ആനകൾ നമ്മുടെ ഏഷ്യൻ ആനകളുമായി വലിയ വ്യത്യാസങ്ങളുള്ള ഒന്നാണ്. ജീനസ് തന്നെ വേറെ. ജീനസ്സും സ്പീഷീസും ചേർത്ത് ഏഷ്യൻ ആനകളെ എലിഫാസ് മാക്സിമസ് എന്നെഴുതാം. എന്നാൽ ആഫ്രിക്കൻ ആനകളെയാകട്ടെ, തികച്ചും വേറിട്ട ലോക്സൊഡോണ്ട ആഫ്രിക്കാന എന്നും. രണ്ടുതരം ആഫ്രിക്കൻ ആനകളുണ്ടെന്നത് എനിക്കൊരു പുതിയ അറിവായിരുന്നു. സത്യത്തിൽ രണ്ടു സ്പീഷീസുകൾ തന്നെ. അംബോസെലിയിലെപ്പോലെ സാവന്നകളിൽ കാണുന്ന ആനകളെ ബുഷ് ആനകൾ എന്നാണ് വിളിക്കുക. ഇതു കൂടാതെ ഒരു കാട്ടാന കൂടിയുണ്ട്. അവയ്ക്ക് ഇത്രയും വലിപ്പമില്ല. കൊമ്പുകൾ ചെറുതും മുകളിലേക്കു വളവില്ലാത്തതുമാണ്. കാണാനാകട്ടെ കറുപ്പു കൂടുതലും. ഇവയെ മഴക്കാടുകൾ പോലുള്ള മരങ്ങൾ തിങ്ങിനിറഞ്ഞ വനപ്രദേശത്താണത്രെ കാണുക. പ്രത്യേകിച്ചും കോംഗോയിലൊക്കെ. മൊത്തം ആഫ്രിക്കൻ ആനകളുടെ എണ്ണത്തിന്‍റെ ഒരു നാലിലൊന്നു വരും ഈ കാട്ടാനകൾ.  ലോക്സൊഡോണ്ട സൈക്ലോട്ടിസ് എന്നത് അവയുടെ ശാസ്ത്രനാമവും. അത്തരമൊരു കാട്ടാനയെ പിന്നീട് മാസയി മാരയിൽ വെച്ച് തൊട്ടുമുന്നിലായി കാണാനിടയായി.

അംബോസെലിയിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന ഞങ്ങളുടെ വണ്ടി കുറച്ചുകൂടെ പച്ചപ്പുള്ള ഒരിടത്തെത്തി. പുല്ലുകൾ അത്ര ഉണങ്ങിയതല്ല. പൊക്കവും കൂടുതൽ. മണ്ണിൽ കൂടുതൽ ഈർപ്പം ഉണ്ടാവണം. അപ്പോഴാണ് ഒരാനയെ വളരെയടുത്തായി കണ്ടത്. മുഖത്തെന്തോ ചാരം വാരിപ്പൂശിയതുപോലുണ്ട്. അത്ഭുതം തോന്നിയത് അവന് ഇടത്തേക്കൊമ്പില്ല എന്നു കണ്ടപ്പോഴാണ്. അത് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. എന്നാൽ വലത്തേതിനാകട്ടെ നല്ല നീളവുമുണ്ട്. കൂട്ടത്തിലാരോ പറഞ്ഞു: “ഇതാര്, ഗണേശനോ?” അപ്പോഴാണ് ആ പേരിന്‍റെ സാംഗത്യം ആലോചിച്ചതുതന്നെ. എല്ലാവരും ചിരിച്ചു. എങ്കിലും എങ്ങനെയായിരിക്കും അവനാ കൊമ്പു നഷ്ടപ്പെട്ടിരിക്കുക എന്ന ചിന്ത കൂടെനിന്നു. ആനകൾക്കു പൊതുവെ, അത് ആഫ്രിക്കനായാലും ഏഷ്യനായാലും പല്ലുകൾ 26 എണ്ണമാണ്. അതിൽ മുകളിലും താഴേയും ഇരുവശത്തും ആറെണ്ണം വീതമായി മൊത്തം 24 അണപ്പല്ലുകൾ. ബാക്കി രണ്ടെണ്ണം മുകളിൽ നടുവിൽ ഇരുവശത്തുമായി ഓരോന്ന്. മനുഷ്യരുടെ പലകപ്പല്ലിന്‍റെ സ്ഥാനത്തുള്ള ഈ രണ്ടെണ്ണമാണ് കൊമ്പുകളായി മാറുന്നത്. അപൂർവ്വമായി ജന്മനാലുള്ള കാരണങ്ങളാൽ അതിലൊന്നിന്‍റെ വളർച്ച ഇല്ലാതാവാം. അതായത് കൊമ്പ് തന്നെ ഉണ്ടാവാതിരിക്കാം. മുകളിലെ മോണയിലോ എല്ലിലോ വരുന്ന അസുഖങ്ങൾ മൂലവും ഇത് സംഭവിക്കാം. അല്ലെങ്കിൽ വളർന്നത് പൊഴിഞ്ഞുപോയതുമാകാം. കാമിനികൾക്കുവേണ്ടി ആണാനകൾ പരസ്പരം പൊരുതുമ്പോൾ കൊമ്പുകളുടക്കി അതു പറിഞ്ഞുപോകുന്ന അവസരങ്ങളുമുണ്ട്. എന്തായാലും ഗണേശൻ അത്ര സന്തോഷവാനായിരുന്നില്ല. തിരക്കിട്ടു ഇലകൾ തിന്നും ഞങ്ങളെയൊന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതേയും അവനവിടെ നിന്നു. പിന്നെ പതിയെ ഗാംഭീര്യത്തോടെ നടന്നുനീങ്ങി. ഒരു വെള്ളക്കൊക്ക് – കാലിമുണ്ടി തന്നെ – പറന്നുവന്നതിന്‍റെ പുറത്തിരുന്നു. ഒരു ആനസവാരി തരപ്പെട്ടതിന്‍റെ ഗമ അതിന്‍റെ മുഖത്തുണ്ടായിരുന്നു.

Single Tusked Male

കാലിമുണ്ടികളെ നിറയെ കാണാം അംബോസെലിയിൽ. ആനകൾ, കാട്ടുപോത്തുകൾ, ഹിപ്പോകൾ എന്നിവയുടെ പരിസരത്തൊക്കയുണ്ടാവും. തക്കം കിട്ടിയാൽ അവയുടെയൊക്കെ പുറത്തുകയറുകയും ചെയ്യും. മൃഗങ്ങളുടെ ദേഹത്തെ ഷഡ്പദങ്ങൾ അവയ്ക്ക് പ്രിയഭക്ഷണമാണ്. അതിനെ കൊത്തിപ്പറിക്കുക എന്നത് രണ്ടുകൂട്ടർക്കും ഇഷ്ടപ്പെട്ട കാര്യവും. ഒരു തരം സിംബയോസിസ് അഥവാ സഹജീവനം. ഇത്തരത്തിൽ സഹജീവനം നടത്തുന്ന മറ്റൊരു പക്ഷി കാളകൊത്തികളാണ്. ഓക്സ്പെക്കർ എന്ന് ആംഗലേയം. മഞ്ഞക്കൊക്കും ചുവന്നകൊക്കുമായി രണ്ടു സ്പീഷീസുകളുണ്ട് കാളകൊത്തികളിൽ. അക്കൂട്ടത്തിൽ മഞ്ഞക്കൊക്കുള്ള കാളകൊത്തിയെ എനിക്കു കാമറയിലാക്കാൻ കഴിഞ്ഞു. സുന്ദരനൊരു ജിറാഫിന്‍റെ നീളൻ കഴുത്തിലിരുന്നു പ്രാണിഭോജനം നടത്തുകയായിരുന്നു അവൻ.

ഗണേശനെവിട്ട് ഞങ്ങളുടെ വണ്ടി പിന്നേയും മുന്നോട്ടുപോയി. അല്പമകലെ നിന്ന് തന്‍റെ കുഞ്ഞിനേയും കൊണ്ടൊരു അമ്മയാന നടന്നുവരുന്നുണ്ടായിരുന്നു. ജീപ്പു കണ്ടപ്പോൾ അമ്മയുടെ മുഖത്ത് എന്തോ ഒരു ഭയപ്പാട്. കുഞ്ഞാനയെ പിടിക്കാൻ വന്നവരാണോ എന്ന ചിന്തയായിരിക്കുമോ? എന്തായാലും അവൾ ചെറുതിനെ സുരക്ഷിതമായി മറുവശത്തേക്കു ചേർത്തുനിർത്തി, അതിന്‍റെ കാഴ്ച ഞങ്ങളിൽനിന്നു മറച്ചുകൊണ്ടായി പിന്നെ നടപ്പ്. ഒടുവിൽ കുറച്ചകലെയെത്തിയതിനു ശേഷം മാത്രമേ അത് കുഞ്ഞിനെ അകന്നുനടക്കാൻ അനുവദിച്ചുള്ളൂ. ദൂരെനിന്ന് മറ്റൊരു ജീപ്പ് പൊടിയുയർത്തി വരുന്നതു കണ്ടപ്പോൾ വീണ്ടുമതിനെ തന്‍റെ ശരീരത്തോടടുപ്പിക്കുകയും ചെയ്തു. ആ അമ്മയാനയുടെ ചേർത്തുനിർത്തലിലെ കരുതലും സ്നേഹവും ഒന്നുവേറെത്തന്നെയായിരുന്നു.  ലോകമെമ്പാടും മൃഗമേതായാലും അതിപ്പോൾ മനുഷ്യനായാലും, അമ്മകളെല്ലാം ഒരുപോലെ തന്നെ.

Mother and calf

പിന്നീടു കണ്ട ഒറ്റയാൻ അല്പം ഇടഞ്ഞാണു നിന്നിരുന്നത്. ഞങ്ങളുടെ നേരെ ഇഷ്ടപ്പെടാത്തവണ്ണം അവനൊന്നു തുറിച്ചുനോക്കി. പിന്നെ കൊമ്പുകുലുക്കി ഒന്നു മുന്നോട്ടായുകയും ചെയ്തു. ഒരു നിമിഷം, ഒരൊറ്റ നിമിഷം. ഞാനൊന്നു പേടിച്ചു. അറിയാതെ പിന്നോട്ടൊന്നുലയുകയും ചെയ്തു. എങ്കിലും ആ അപ്രിയഭാവം എനിക്ക് കാമറയിൽ പകർത്താൻ കഴിഞ്ഞു. സംഗതി അത്ര നന്നായി പതിഞ്ഞില്ലെങ്കിലും. പേടിപ്പിക്കൽ മാത്രമേ അവനുദ്ദേശമുണ്ടായിരുന്നുള്ളൂ. ഒന്നും സംഭവിക്കാത്തപോലെ അവനവന്‍റെ തീറ്റിയും തുടർന്നു.

He is angry

കൂടുതൽ മുന്നോട്ടു പോകുന്തോറും അംബോസെലിയിലെ പ്രകൃതി കൂടുതൽ നനവുള്ളതും ഹരിതാഭവുമായി മാറിത്തുടങ്ങി. എങ്ങും വെള്ളക്കെട്ടുകൾ, ചതുപ്പുകൾ, കൊച്ചുതടാകങ്ങൾ. ഒപ്പം ആനക്കാഴ്ചകളും കൂടിത്തുടങ്ങി. വലിയ സംഘങ്ങളായി ആനകൾ പലയിടത്തായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. പത്തോളം പേരുള്ള ചെറുകൂട്ടങ്ങൾ മുതൽ മുപ്പതിനു മേലെവരുന്ന വൻവ്യൂഹങ്ങൾ വരെ അവിടെയുണ്ട്. അക്കൂട്ടത്തിൽ അഞ്ചു പെണ്ണാനകളും നാലു കുട്ടിയാനകളുമായുള്ള ഒരു കൂട്ടം മനം കവർന്നു. മുന്നിലും പിന്നിലും വലിയവർ. അവർക്കിടയിൽ നാലാനക്കുട്ടികളും. വരിയായി ആ ഗജസംഘം നടന്നുനീങ്ങുന്ന കാഴ്ച അതിമനോഹരമായി. ഏറ്റവും രസമായതെന്തെന്നുവെച്ചാൽ എല്ലാ വലിയ ആനകളുടെ പുറത്തും ഒന്നോ രണ്ടോ കാലിമുണ്ടികൾ സവാരി ചെയ്യുന്നുണ്ടായിരുന്നു എന്നതായിരുന്നു. ആനനടത്തത്തിന്‍റെ താളത്തിനൊപ്പം ആ തൂവെള്ളപ്പക്ഷികൾ കുലുങ്ങിനീങ്ങുന്നത് ഞാൻ ദീർഘനേരം നോക്കിനിന്നു. അംബോസെലിയുടെ വിശാലതയിൽ അവയലിഞ്ഞില്ലാതാവുന്നതു വരെ.

A Herd ambling across

ബുദ്ധിശക്തിയ്ക്കും, എന്നും നിലനിർത്തുന്ന കുടുംബബന്ധങ്ങൾക്കും, ഒപ്പം പ്രത്യേകമായ സാമൂഹ്യബോധത്തിനും പേരുകേട്ടവരാണ് ആനകൾ. ഇവയുടെ ഓർമ്മശക്തിയും എടുത്തുപറയേണ്ടതാണെന്നു ശാസ്തജ്ഞർ സമ്മതിക്കുന്നു. മനുഷ്യരെന്നോണം ആൺ-പെൺ ഭിന്നതകളുള്ള ആനകൾ വളരെ സങ്കീർണ്ണമായ പരസ്പരബന്ധങ്ങൾ സൂക്ഷിക്കുന്നവരുമാണ്. ആണാനകൾ മിക്കവരും ഒറ്റയാന്മാരായി തുടരും. പെണ്ണാനകൾ പക്ഷെ, അങ്ങനെയല്ല. ആനക്കൂട്ടങ്ങളെ നിലനിർത്തുന്നതെപ്പോഴും പെണ്ണാനകളാണെന്നു പറയാം. അവരുടെ വ്യക്തിബോധം മനുഷ്യരിലെന്നപോലെ സൂക്ഷ്മവും വ്യത്യസ്തവുമാണ്. ആനകളിലുമുണ്ടാകാം അന്തർമുഖരും ബഹിർമുഖരുമൊക്കെ. ചിലർ നേതൃഗുണമുള്ളവരും, മറ്റുചിലർ കൂട്ടത്തിൽ കൂടുതൽ പ്രിയപ്പെട്ടവരുമൊക്കെയാവാം. എങ്കിലും ഒരു ആനക്കൂട്ടത്തിൽ കുടുംബാംഗമെന്നനിലയിലോ അല്ലാതേയോ ആരേക്കാളും വ്യക്തിപരമായ സ്വാധീനമുണ്ടാവുക ഒരു പക്ഷെ, അതിലെ ഒരമ്മയാനയ്ക്കായിരിക്കും. എല്ലാ ഗജസംഘങ്ങളുടെ നേതാക്കളും അത്തരം അമ്മയാനകൾ തന്നെ. കൂട്ടത്തിലെ ഏറ്റവും വലുതും മുതിർന്നതുമായ ആനയ്ക്കായിരിക്കും മിക്കവാറും ആ സ്ഥാനം. വളരെ കൃത്യമായി ആനകൾ കാത്തുസൂക്ഷിക്കുന്ന ഒരു മാതൃദായക്രമമാണത്. ആ ആനയുടെ പ്രവൃത്തികളെ കേന്ദ്രീകരിച്ചായിരിക്കും ആനക്കൂട്ടങ്ങൾ പെരുമാറുകയും ചലിക്കുകയും ചെയ്യുക. കാട്ടിനുള്ളിൽവെച്ച് അവ നേരിടുന്ന പ്രശ്നങ്ങളെല്ലാം ആ അമ്മയിലൂടെയിലാണ് പരിഹരിക്കപ്പെടുന്നത് എന്നും കാണാം. അപൂർവ്വം കൂട്ടങ്ങളിൽ അമ്മയാനയുടെ സ്ഥാനത്തിനുവേണ്ടി തർക്കങ്ങളും നടക്കാറുണ്ട്. ആനകളുടെ വ്യക്തിത്വവും ജനിതകബന്ധങ്ങളും അത്തരമവസരങ്ങളിൽ നിർണ്ണായകമാവുകയും ചെയ്യും. സംഘത്തിലെ ആനകൾ തമ്മിൽ പരസ്പരമത്സരമാണെങ്കിലും ശരി, സഹകരണമാണെങ്കിലും ശരി അമ്മയാനയുടെ തീരുമാനങ്ങൾക്കായിരിക്കും മേല്ക്കൈ. സംശയലേശമെന്യെ ആ മാതൃമേധാവിത്വം പ്രകടമാക്കപ്പെടുമപ്പോൾ.  തീർത്തും ഏകാധിപത്യപരമായിട്ടായിരിക്കും ആ പെരുമാറ്റങ്ങളെന്നായിരുന്നു പൊതുവെ കരുതിപ്പോന്നിരുന്നത്. എന്നാൽ പുതിയ പഠനങ്ങളും കൂടുതൽ സൂക്ഷ്മമായ നിരീക്ഷണങ്ങളും അങ്ങനെയല്ല സൂചിപ്പിക്കുന്നത്. മുന്നോട്ടുള്ള മാർഗ്ഗത്തെക്കുറിച്ച് കൂട്ടത്തിലാർക്കു വേണമെങ്കിലും അഭിപ്രായമറിയിക്കാമത്രെ. കൂട്ടത്തിൽ ഇളപ്പമുള്ള ആനച്ചെക്കനും പെണ്ണിനും പോലും അതിനു കഴിയുന്നുണ്ടെന്നത് വലിയൊരു അറിവായിരുന്നു. സംഘത്തിൽ മുന്നോട്ടുവെയ്ക്കപ്പെടുന്ന ഇത്തരം അഭിപ്രായങ്ങൾ ആനകളുടെ വിനിമയരീതിയിലൂടെ ചർച്ചചെയ്യപ്പെടുകയോ, അവഗണിക്കപ്പെടുകയോ, അംഗീകരിക്കപ്പെടുകയോ ഒക്കെയാവാം. ഇനി അഭിപ്രായം അമ്മയാനയുടേതാണെങ്കിൽ അധികം ചർച്ചയൊന്നുമുണ്ടായെന്നു വരില്ല എന്നു പറയാറുണ്ട്. അതും എപ്പോഴും സംഭവിക്കണമെന്നില്ല. ചുരുക്കം അവസരങ്ങളിൽ ചർച്ചകൾ നീണ്ടുപോവുകയുമാവാം. ചിലപ്പോൾ അമ്മയാനയുടെ നിർദ്ദേശം തള്ളിക്കളയാനും മതി. ഇതൊക്കെ എങ്ങനെ മനസ്സിലാക്കുന്നു എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. ആനകൾ തമ്മിലുള്ള വിനിമയരീതികളുടെ വലിയൊരു ഡേറ്റാബേസ് ഇന്നു ലഭ്യമാണ്. അതിൽ ഗവേഷണം നടത്തുന്നവരുമുണ്ട് ഒരുപാടുപേർ. ഈ വിഷയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധങ്ങളുടെ എണ്ണം കണ്ടപ്പോൾ സത്യത്തിൽ എന്‍റെ കണ്ണഞ്ചിപ്പോയി. എത്രമാത്രം അജ്ഞനാണ് ഞാനിക്കാര്യത്തിൽ എന്നെനിക്കു ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല.

Raging Elephants

ചില ആനകൾ ജന്മനാ നേതാക്കളായിരിക്കും. അവർ വളരെ ചെറുപ്പത്തിലേ ആ സ്വഭാവം കാണിച്ചെന്നും വരും. മനുഷ്യരിലുമുണ്ടല്ലോ അത്തരം കുട്ടികൾ. നമ്മളിലെന്ന പോലെ ഏറ്റവും മികച്ച ആനനേതാവ് ഏറെ ആത്മവിശ്വാസമുള്ളതും മറ്റുള്ളവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആനയുമായിരിക്കും. ബുദ്ധിശക്തികൊണ്ടും വ്യക്തിത്വപ്രഭാവംകൊണ്ടും കൂടെയുള്ളവരുടെ ബഹുമാനം അവർ പെട്ടെന്നു നേടിയെടുക്കുകയും ചെയ്യും. ഒരു സുപ്രഭാതത്തിൽ ഈ അമ്മയാനകൾ നേതാക്കളായി മാറുന്നതല്ല. കാലാകാലങ്ങളായി സംഘത്തിന്‍റെ ബഹുമാനവും വിശ്വാസവും ആർജ്ജിച്ചെടുത്തു പോന്നവരാണവർ. പ്രതിസന്ധികളിൽ പലതവണ കൃത്യവും വിജയകരവുമായ തീരുമാനങ്ങളിലൂടെ ആനക്കൂട്ടത്തെ മുന്നോട്ടുനയിച്ച പരിചയവും അവർക്കുണ്ടാവും. പോരാത്തതിന്, ആനകളുടെ സാമൂഹികവും പാരിസ്ഥിതികവുമായ ജ്ഞാനത്തിന്‍റെ നിധിക്കൂട്ടുമായിരിക്കും. ബുദ്ധിശക്തി, വ്യക്തിത്വം, നേതൃഗുണം, പരിചയസമ്പന്നത എന്നിവയൊക്കെയാണ് ഒരു അമ്മയാനയെ നേതൃത്വത്തിൽ നിലനിർത്തുന്നത്. ആ ഗുണങ്ങൾ അവർ നയിക്കുന്ന സംഘത്തിലെ ആനകൾക്കു നിസ്സംശയം പകർന്നുകിട്ടുകയും ചെയ്യും. ഒന്നുണ്ട്, പലപ്പോഴും അത്തരമൊരു മികച്ച അമ്മയാനയുടെ മരണം സംഘത്തെ ഒരു ആപൽഘട്ടത്തിലേക്കു തള്ളിവിടാനുമിടയുണ്ട് എന്നത്. ആനക്കൂട്ടം രണ്ടായി പിളരുന്നതും ഇത്തരമവസരങ്ങളിൽത്തന്നെ. ഇനി അമ്മയാന പിടിപ്പില്ലാത്ത ഒന്നാണെങ്കിലും ഇത്തരം പിളർപ്പുകൾ സംഭവിക്കാം. അമ്മയാനയുടെ സാമൂഹികപാടവം, അംഗങ്ങളോടുള്ള സഹാനുഭൂതി, കരുതൽ ഇവയൊക്കെ സംഘശേഷിയ്ക്കു മാറ്റുകൂട്ടുന്നു എന്നു പറയേണ്ടതില്ലല്ലോ. സ്വന്തം മക്കളിലേക്കു മാത്രമല്ല, കുടുംബത്തിനു പുറത്തുള്ളവരിലേക്കും അതെല്ലാം പകരുകയും വേണം. മനുഷ്യരില്ലെന്നപോലെ ആ നേതൃകുശലത അടിക്കടി തെളിയിക്കപ്പെടേണ്ടിയും വന്നേക്കാം. വിവേകം, ബുദ്ധി, ഓർമ്മശക്തി, ധൈര്യം എന്നീ കാര്യങ്ങൾ അവൾക്കെപ്പോഴും ഒപ്പം നില്ക്കുകയും ചെയ്യും. എങ്കിലും, സംഘം വലുതാവുമ്പോൾ ഇതെല്ലാം താറുമാകാറുമുണ്ട്. എല്ലാവർക്കും വളരെ വലിയൊരു കൂട്ടത്തെ ഒരുമിച്ചു നിർത്താനായി എന്നു വരില്ലല്ലോ.

So lonely

അംബോസെലിയിലെ ഓരോ ആനക്കൂട്ടങ്ങളിലും പൂർണ്ണവളർച്ചയെത്തിയ പെണ്ണാനകൾ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും കാണും. കൂടിയാലതു പതിനാറെണ്ണം വരെ കണ്ടിട്ടുണ്ടത്രെ. പത്തു വയസ്സു കഴിഞ്ഞ പെണ്ണാനകളെയാണ് മുതിർന്നവരെന്നു കണക്കാക്കുന്നത്. അത്തരം വലിയ സംഘങ്ങളിൽ മൊത്തം അമ്പതോളം ആനകൾ കാണും.

കാലാകാലങ്ങളായി ആനകളെ നിരീക്ഷിച്ചുകഴിയുന്ന ശാസ്ത്രജ്ഞന്മാരുണ്ട് അംബോസെലിയിൽ. കാരണം ആഫ്രിക്കൻ ആനകളെക്കുറിച്ച് ഇതിലും കൂടുതലായും സൂക്ഷ്മമായും പഠിക്കാൻ പറ്റിയ മറ്റൊരു സ്ഥലം ഈ ഭൂലോകത്തില്ല തന്നെ. അംബോസെലി ആനഗവേഷകസംരംഭത്തിന്‍റെ ദീർഘകാലപ്രയത്നത്തെത്തുടർന്ന് സിന്തിയ മോസ്സ്, ഹാർവി ക്രോസ്, ഫില്ലിസ് ലീ എന്നിവർ ചേർന്നെഴുതിയ അംബോസെലി ആനകൾ എന്ന പുസ്തകം ഹസ്തിശാസ്ത്രത്തിനു വലിയൊരു മുതൽക്കൂട്ടാണ്. അതുപോലെ തയ്യാറാക്കിയ മറ്റൊരു പുസ്തകം സിന്തിയ മോസ്സിന്‍റെ തന്നെ ആനയോർമ്മകൾ എന്ന പുസ്തകമാണ്. വളരെ ശാസ്ത്രീയമായി തയ്യാറാക്കിയ ഗവേഷണഗ്രന്ഥമാണത്. അത്ഭുതത്തോടേയും അതിലേറെ താല്പര്യത്തോടെയുമാണത് ഞാൻ വായിച്ചത്. അവയെനിക്കു പകർന്നു തന്ന ആനയറിവുകൾ നിസ്സീമമായിരുന്നു.

Power show

കുടുംബമാണ് ആനകളുടെ സാമൂഹ്യവ്യവസ്ഥയിലെ അടിസ്ഥാനം. അങ്ങനെ പരസ്പരം രക്തബന്ധമുള്ള അഞ്ചാറു കുടുംബാംഗങ്ങൾ ചേർന്നു ഒരു ബന്ധുസംഘവുമുണ്ടാവും. ഇവരെല്ലാവരും ഒരുമിച്ചുനടക്കണമെന്നില്ല. എങ്കിലും പരിസരത്തൊക്കെയുണ്ടാവുകയും, അത്യാവശ്യഘട്ടങ്ങളിൽ ഒരുമിച്ചുചേരുകയും ചെയ്യും. ആദ്യം ഒറ്റക്കുടുംബമായിരുന്നവർ പതിയെ പിരിഞ്ഞും ചേർന്നുമാണ് ഇത്തരം ബന്ധുസംഘങ്ങൾ ഉണ്ടാവുന്നത് എന്ന് മനസ്സിലായിക്കാണുമല്ലോ. അമ്മയും പെൺമക്കളും സഹോദരിമാരും മിക്കവാറും ഒരുമിച്ചുതന്നെ നിന്നെന്നുവരും. ഭക്ഷണം, വെള്ളം എന്നിവയുടെ ലഭ്യത വെല്ലുവിളിയായി മാറുമ്പോഴാണ് ബന്ധങ്ങൾ പലപ്പോഴും മാറ്റിയെഴുതപ്പെടുക. ആനസമൂഹത്തിൽ സംഘം ചേരലിന്‍റെ മറ്റൊരു തലം കൂടിയുണ്ട്. അത് ഗോത്രമാണ്. ഏതാനും ബന്ധുസംഘങ്ങൾ ചേരുമ്പോഴാണ് ഒരു ഗോത്രം ഉണ്ടാകുന്നത്. നൂറു കണക്കിനായിരിക്കും ഒരു ഗോത്രത്തിലെ ആനകൾ. ഒരു പ്രദേശത്തെ ഭക്ഷണസമ്പാദനവും വെള്ളം തേടലുമെല്ലാം പൂർണ്ണമായും ഒരു ഗോത്രത്തിന്‍റെ അധീനതയിലായിരിക്കും. ഭക്ഷണവും വെള്ളവും കമ്മിയാണെങ്കിൽ അവിടേക്കു മറ്റൊരു ഗോത്രക്കാരെ സാധാരണ അനുവദിക്കാറില്ല. നേരെമറിച്ച്, അതിന്‍റെ ലഭ്യത യഥേഷ്ടമാണെങ്കിലോ, പല ഗോത്രങ്ങൾ ഒരിടത്തു മേയുന്നതു കാണുകയും ചെയ്യും. ഒരു മഹാവംശത്തിന്‍റെ പരിവേഷമാണ് അപ്പോൾ ലഭിക്കുക.

Elephants in the swamps

ഈ അംബോസെലിയിൽ സിന്തിയാ മോസ്സ് മുപ്പതുകൊല്ലക്കാലം തുടർച്ചയായി പിന്നാലെ നടന്ന് പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്ത അമ്മയാനയായിരുന്നു എക്കോ. 1973-ലാണ് എക്കോയ്ക്ക് സിന്തിയാ ഒരു റേഡിയോ കോളർ വെച്ചുകെട്ടുന്നത്. വെറും ഇരുപത്തിമൂന്നാം വയസ്സിൽ എക്കോ ഒരു അമ്മയാനയായി. സംഘത്തലൈവിയുമായി. പൊതുവെ ഇത്രയും നേരത്തെ ആ പദവി ആനകൾക്കു കിട്ടാറില്ല. എക്കോയ്ക്ക് എട്ടു മക്കളായിരുന്നു. എങ്കിലും 1990-ൽ പിറന്ന ഈലൈയുമായുള്ള മാതൃ-പുത്രീബന്ധം ലോകരെ മുഴുവൻ ആകർഷിച്ചു. 22 മാസത്തെ ഗർഭകാലത്തിനുശേഷം ജന്മനാ വൈകല്യവുമായാണ് ഈലൈ പിറന്നുവീണത്. കാലറ്റത്തെ സന്ധികളിലുണ്ടായ തകരാറു മൂലം അവൾക്കു നടക്കാൻ സാധിക്കാതായി. അത്തരമൊരു കുട്ടിയെവെച്ച് ഭക്ഷണം തേടൽ അസാധ്യവുമായിരുന്നു. അവളെ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ആനസംഘത്തിനു മുന്നിൽ ഇല്ല എന്നുവന്നു. പക്ഷെ, നിങ്ങൾ വിശ്വസിക്കില്ല, നടന്നതെന്തെറിഞ്ഞാൽ. ഞാനതു വഴിയെ പറയാം. എക്കോയേക്കുറിച്ചും ഈലൈയെക്കുറിച്ചും വിശദമായിപ്പറയാതെ എനിക്ക് അംബോസെലിയുടെ കഥ മുഴുവനാക്കാനാവില്ലല്ലോ.

-ഡോ. ഹരികൃഷ്ണൻ

Comments

comments