വി എസ്, കെ. ജെ. ബേബി, നടികള്‍, രുചികള്‍, നിശബ് ദതകൾ, നിരൂപണങ്ങള്‍ പ്രാവുകള്‍!

ബുക്ക്റാക്ക് – ടി. ടി. ശ്രീകുമാര്‍

ഇത്തവണത്തെ ബുക്ക്റാക്കിൽ വിചാരിച്ചത്രയും പുസ്തകങ്ങളുടെ ആസ്വാദനം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന സത്യം ആദ്യംതന്നെ പറയുന്നു – അതില്‍ നോവലുകളും പഠനങ്ങളും ചെറുകഥകളും കവിതാ സമാഹാരങ്ങളും ഉള്‍പെടും. മുന്‍പ് സൂചിപ്പിചിട്ടുള്ളതുപോലെ അയച്ചുകിട്ടുന്ന പുസ്തകങ്ങളും ഞാന്‍ വായിക്കാന്‍ തെരഞ്ഞെടുക്കുന്ന പുസ്തകങ്ങളും തമ്മില്‍ എപ്പോഴും സമയത്തിനായി സംഘര്‍ഷമുണ്ട്. വായനക്കുള്ള സമയം പരിമിതമാണ് താനും. പരിമിതമായ വിഭവങ്ങളെ എങ്ങനെ ഏറ്റവും മികച്ച രീതിയിൽ വിനിയോഗിക്കണമെന്ന് തിരഞ്ഞെടുക്കാൻ scarcity- ദൌര്‍ലഭ്യം  നമ്മെ നിർബന്ധിക്കുന്നു എന്നാണ് സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നത്. വായനക്കാരനും മറ്റൊരു തരത്തിലുള്ള scarcity-യിൽനിന്ന് ഇതേ പാഠം തന്നെയാണ് ഉൾക്കൊള്ളുന്നത്: വായിച്ചുതീർക്കാനുള്ള ആയിരക്കണക്കിന് പുസ്തകങ്ങൾക്ക് മുന്നിൽ നമുക്കുള്ളത് കുറഞ്ഞ സമയം മാത്രമാണ്; അതുകൊണ്ടുതന്നെ, നമ്മൾ തിരഞ്ഞെടുക്കുന്ന ഓരോ പുസ്തകവും മാറ്റിവെക്കപ്പെടുന്ന നിരവധി പുസ്തകങ്ങൾ കൂടിയാണ്. എങ്കിലും അയച്ചുകിട്ടിയവയില്‍ മാറ്റിവക്കപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് അവ വായിക്കുന്ന മുറക്ക് ഇനിയുള്ള ലക്കങ്ങളില്‍ എഴുതാം എന്ന് കരുതുന്നു.

‘സഭയിലും ജനപദങ്ങളിലും’: വി എസ്സിന്‍റെ ഓര്‍മ്മപ്പുസ്തകം
തൊള്ളായിരത്തിമുപ്പതുകള്‍മുതല്‍ രണ്ടായിരത്തി ഇരുപതുകള്‍വരെ കേരളരാഷ്ട്രീയത്തില്‍ ജ്വലിച്ചുനിന്ന ഒരേയൊരു പേരെയുള്ളൂ, അതാണ്‌ വി. എസ്. അച്ചുതാനന്ദന്‍. ഈ പുസ്തകം ആ ജീവിതത്തിന്റെ രാഷ്ട്രീയമായ അടയാളമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ പുസ്തകത്തിന്റെ ഏറ്റവും വ്യക്തിപരമായ വശം തികച്ചും അപ്രതീക്ഷിതമായ ഒന്നായിരുന്നു. ഈ സ്മരണികയിലേക്ക് ഒരു ലേഖനം സംഭാവനചെയ്യാൻ അഭ്യർത്ഥിച്ചുകൊണ്ട് അന്നത്തെ കേരളനിയമസഭാ സ്പീക്കർ എ. എൻ. ഷംസീറിൽനിന്ന് എനിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചു എന്നതാണത്. മാത്രമല്ല, പ്രിയപ്പെട്ട നിയമസഭാ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരും നിരന്തരം അതിന്‍റെ ഫോളോ-അപ് നിര്‍വഹിച്ചിരുന്നു. കേരളത്തിലെ ഏറ്റവും പ്രമുഖരായ രാഷ്ട്രീയ, സാംസ്കാരിക, ബൗദ്ധികവ്യക്തിത്വങ്ങളുടെ വി.എസ് സ്മരണകള്‍ക്കൊപ്പം എന്‍റെ ചിന്തകളും ഉൾപ്പെടുത്തപ്പെടുക എന്നത് വലിയൊരു ബഹുമതിയും ഭാഗ്യവുമാണ്. കുട്ടിക്കാലം മുതൽ എനിക്ക് വി. എസിനെ അറിയാം, പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ പൊതുജീവിതത്തെ ഞാൻ പിന്തുടരുന്നുമുണ്ട്. മാതൃഭുമി ആഴ്ച്ചപ്പതിലെ എന്റെ കുറിപ്പ് ചില സുഹൃത്തുക്കളെങ്കിലും വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു. അതുകൊണ്ടുതന്നെ എനിക്ക് ഈ പുസ്തകം വെറുമൊരു രാഷ്ട്രീയ വിലയിരുത്തലല്ല, മറിച്ച് ഓർമ്മകളിലേക്കുള്ള ഒരു മടക്കയാത്ര കൂടിയാണ്. അത് ഈ പുസ്തകത്തെ വെറുമൊരു വായനാസാമഗ്രി എന്നതിനപ്പുറം ഓർമ്മകളുടെ പങ്കാളിത്തത്തിലേക്കുള്ള ക്ഷണം കൂടിയാവുന്നു. എങ്കിലും അദ്ദേഹത്തിന്‍റെ ഇടപെടലുകളെ സമഗ്രമായ മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക പശ്ചാത്തലത്തില്‍ പരിശോധിക്കാന്‍ ഒരു വിനീതമായ ശ്രമം ഞാന്‍ നടത്തിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.

“വി എസ്, സഭയിലും ജനപദങ്ങളിലും” എന്ന ഈ ഗ്രന്ഥം വി. എസ്. അച്ചുതാനന്ദനെക്കുറിച്ചുള്ള വെറുമൊരു സ്മരണിക മാത്രമല്ല. ഇതിലെ ഉള്ളടക്കവും എഡിറ്റോറിയൽ വിശദാംശങ്ങളും അതുപോലെതന്നെ വൈവിധ്യമാർന്ന ലേഖകരുടെ പങ്കാളിത്തവും പരിശോധിക്കുമ്പോൾ, സമീപകാല ദശകങ്ങളിൽ ഒരു രാഷ്ട്രീയനേതാവിനായി കേരളനിയമസഭ തയ്യാറാക്കിയ ഏറ്റവും സമഗ്രമായ പൊതു ആദരങ്ങളിൽ ഒന്നാണിതെന്ന് പറയാം. മുൻ നിയമസഭാ സ്പീക്കര്‍ ഷംസീറിന്റെ പത്രാധിപത്യത്തിൽ 2026-ൽ കേരളനിയമസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ഈ പുസ്തകം, പ്രത്യയശാസ്ത്രപരവും സ്ഥാപനപരവും സാംസ്കാരികവുമായ ഭേദമന്യേ വിവിധ മേഖലകളിൽനിന്നുള്ളവരുടെ വിഎസ്സിനെക്കുറിച്ചുള്ള വിചാരങ്ങളും വികാരങ്ങളും  കോർത്തിണക്കുന്നതാണ്.

ലേഖകരുടെ വൈവിധ്യമാണ് ഇതിൽ എടുത്തുപറയേണ്ട ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. രാഷ്ട്രീയ എതിരാളികളുടെയും സഹപ്രവർത്തകരുടെയും ഓർമ്മക്കുറിപ്പുകൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഖ്യമന്ത്രി വി. ഡി. സതീശൻ, മുൻ ഗവർണർമാർ, മന്ത്രിമാർ, ജനപ്രതിനിധികൾ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, നടൻ മോഹൻലാൽ എന്നിവരുടെയെല്ലാം ലേഖനങ്ങൾ ഇതിലുണ്ട്. ഇത്രയും വിപുലമായ ഒരു നിരയുടെ സാന്നിധ്യംതന്നെ വലിയൊരു രാഷ്ട്രീയ പ്രഖ്യാപനമാണ്. സമകാലിക കേരളത്തിൽ ഇത്രയധികം വ്യത്യസ്ത കോണുകളിൽനിന്നും പ്രത്യയശാസ്ത്രധാരകളിൽനിന്നും ആദരവ് പിടിച്ചുപറ്റിയ നേതാക്കൾ ചുരുക്കമാണ്. വി. എസിനോട് രാഷ്ട്രീയമായി വിയോജിച്ചിരുന്നവർപോലും അദ്ദേഹത്തിന്റെ വ്യക്തിശുദ്ധി, വിപ്ലവ പ്രതിച്ഛായ, സാധാരണ ജനങ്ങളുമായി സംവദിക്കാനുള്ള അസാധാരണശേഷി എന്നിവയെ അംഗീകരിച്ചിരുന്നു.

ഈ പുസ്തകത്തിന്റെ ഘടന വളരെ ശ്രദ്ധയോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു പരമ്പരാഗത രാഷ്ട്രീയ ജീവചരിത്രം അവതരിപ്പിക്കുന്നതിന് പകരം ഓർമ്മകൾ, വിലയിരുത്തലുകൾ, അനുഭവക്കുറിപ്പുകൾ, ആദരങ്ങൾ, സ്ഥാപനപരമായ നിരീക്ഷണങ്ങൾ എന്നിവയിലൂടെയാണ് വി. എസിന്റെ രാഷ്ട്രീയപാരമ്പര്യത്തെ ഇതിൽ ക്രമീകരിച്ചിരിക്കുന്നത്. വ്യക്തിപരമായ അടുത്ത ഓർമ്മകൾ മുതൽ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചുള്ള ആഴത്തിലുള്ള വിലയിരുത്തലുകൾ വരെ ഇതിലുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എഴുത്തുകാർ, കലാകാരന്മാർ, ഉദ്യോഗസ്ഥർ, പൊതുബുദ്ധിജീവികൾ എന്നിവരെ ഉൾപ്പെടുത്തിയ വിഭാഗങ്ങൾ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ഇത് വി. എസിന്റെ ചിത്രത്തെ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എന്നതിനപ്പുറം കേരളത്തിന്റെ കൂട്ടായ രാഷ്ട്രീയസ്മൃതിയുടെ ഭാഗമായ ഒരു ജനനായകനായി വിപുലീകരിക്കുന്നു.

വി. എസ്. അച്യുതാനന്ദൻ എന്ന വ്യക്തിത്വത്തിന്റെ വൈരുദ്ധ്യങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു കരുത്ത്. അദ്ദേഹം ഒരേസമയം സിപിഐ(എമ്മിന്റെ) സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു, മുഖ്യമന്ത്രിയായി മാറിയ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു, ഒപ്പം പൊതുജീവിതത്തിൽ അപൂർവ്വമായ നൈതികാധികാരം നേടിയെടുത്ത രാഷ്ട്രീയക്കാരനുമായിരുന്നു. കയർ തൊഴിലാളിയിലും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിലും തുടങ്ങി മുഖ്യമന്ത്രിപദവും ദീർഘകാലത്തെ പ്രതിപക്ഷ നേതൃസ്ഥാനവുംവരെയുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രയാണം ആധുനികകേരളത്തിന്റെ പല കേന്ദ്രസമരങ്ങളുടെയും നേർക്കാഴ്ചയായിരുന്നു.

മറ്റൊരു പ്രധാന ചുമതലകൂടി ഈ പുസ്തകം നിർവ്വഹിക്കുന്നുണ്ട്. ഒരു രാഷ്ട്രീയനേതാവിനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ എങ്ങനെ ഓർക്കുന്നു എന്ന് ഇത് രേഖപ്പെടുത്തുന്നു. കേരളരാഷ്ട്രീയത്തിലെ ചരിത്രകാരന്മാർക്ക് രാഷ്ട്രീയക്കാരനായ വി. എസിനെ മാത്രമല്ല, ഒരു പ്രതീകമെന്ന നിലയിലുള്ള വി. എസിനെ മനസ്സിലാക്കാനും ഈ താളുകൾ വിലപ്പെട്ട വിവരങ്ങൾ നൽകും. കമ്മ്യൂണിസ്റ്റ് സമുന്നതൻ, അഴിമതിവിരുദ്ധ പോരാളി, പരിസ്ഥിതി സംരക്ഷകൻ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കാവലാൾ, പാർട്ടിയിലെ തിരുത്തൽ ശക്തി, മികച്ച ഭരണാധികാരി, ജനനായകൻ എന്നിങ്ങനെ അദ്ദേഹത്തിന്റെ ജീവിതത്തോട് ചേർത്തുപിടിച്ചിരിക്കുന്ന വൈവിധ്യമാർന്നതും ചിലപ്പോഴൊക്കെ പരസ്പരം മത്സരിക്കുന്നതുമായ അർത്ഥതലങ്ങളെയാണ് ഈ അനുസ്മരണങ്ങൾ വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഒരു സ്മരണിക എന്നനിലയിൽ ഈ ഗ്രന്ഥം രണ്ടുതലങ്ങളിൽ വിജയിക്കുന്നു. ഒരു അസാധാരണ രാഷ്ട്രീയജീവിതത്തെ ആദരിക്കുമ്പോൾതന്നെ, പൊതുസ്മരണകളുടെ സമ്പന്നമായൊരു ശേഖരത്തെ അത് വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. താൽക്കാലിക രാഷ്ട്രീയചർച്ചകൾ കെട്ടടങ്ങിയതിനുശേഷവും, കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ലോകം ഈ പ്രമുഖ വ്യക്തിത്വത്തെ എങ്ങനെയാണ് വിലയിരുത്തിയതെന്ന് മനസ്സിലാക്കാൻ ഭാവി വായനക്കാർക്ക് ഈ സമാഹാരം ഒരു വിലപ്പെട്ട രേഖയായിരിക്കും.

ആ അർത്ഥത്തിൽ, ഈ പുസ്തകം വി. എസ്. അച്ചുതാനന്ദനെക്കുറിച്ച് മാത്രമല്ല. അത് കേരളത്തെക്കുറിച്ച് കൂടിയാണ് – അതിന്റെ രാഷ്ട്രീയ സംസ്കാരത്തെയും, പ്രത്യയശാസ്ത്രസംവാദങ്ങളുടെ പാരമ്പര്യത്തെയും, കക്ഷിരാഷ്ട്രീയ അതിർവരമ്പുകൾക്കപ്പുറം പൊതുജീവിതങ്ങളെ അംഗീകരിക്കാനുള്ള അതിന്റെ നിരന്തരമായ ശേഷിയെയുംകുറിച്ചാണ്. വി. എസിനെ വ്യക്തിപരമായി അറിയാവുന്നവർക്കും, അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തെ പിന്തുടർന്നവർക്കും, സിവില്‍സമൂഹ ഇടപെടലുകളില്‍ പങ്കാളികളായവർക്കും ഈ വാല്യം ഒരു ചരിത്രരേഖയായും പ്രിയപ്പെട്ടൊരു സൂക്ഷിപ്പായും നിലനിൽക്കുമെന്നതിൽ സംശയമില്ല.

ഫസൽ റഹ്മാന്റെ കെ. ജെ. ബേബി വായന: രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം, പ്രതിരോധത്തിന്റെ ധാർമ്മികതചെറുപ്പകാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ് കെ. ജെ ബേബി എന്ന പേര്. അദേഹത്തിന്റെ തെരുവുനാടകം ഞാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത് തെരുവില്‍ കണ്ടിട്ടുണ്ട്. നോവലുകള്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കനവ്‌ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന ബേബിയുടെ നോവല്‍ ത്രയങ്ങളില്‍ ഒന്ന് (ബെസ്പുര്‍ക്കാന) കഴിഞ്ഞ വര്‍ഷം എന്റെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി അവളുടെ പഠനത്തില്‍ ഉള്പ്പെടുത്തിയിരുന്നതിനാല്‍ ഞാനും ആഴത്തില്‍ വായിച്ചതാണ്. ബെസ്പുര്‍ക്കാനയുടെ നാനാര്‍ത്ഥങ്ങള്‍ ഞങ്ങളെ അമ്പരപ്പിച്ചിതാണ്. അതുകൊണ്ടുതന്നെ, ഫസല്‍ റഹ്മാന്‍ ഈ പുസ്തകം അയച്ചുതന്നപ്പോള്‍ അതിലൂടെ ആവേശത്തോടെ കടന്നുപോകാന്‍ എനിക്ക് തെല്ലും മടിയുണ്ടായില്ല. മാത്രമല്ല. പ്രിയ സുഹൃത്ത്‌ മുസഫര്‍ അഹമ്മദ് ആണ് ഇതിനു അവതാരിക എഴുതിയിരിക്കുന്നത്.

ഒരു കാര്യം ആദ്യമേ പറയാം: കെ. ജെ. ബേബിയുടെ കൃതികളെക്കുറിച്ചുള്ള ഫസൽ റഹ്മാന്റെ വിമർശനാത്മക പഠനത്തിന്റെ പ്രസിദ്ധീകരണം സമകാലിക മലയാള സാഹിത്യ-സാംസ്കാരിക വിമർശനരംഗത്ത് കാലികവും ശ്രദ്ധേയവുമായ ഒരു ഇടപെടലാണ് (മാവേലി മന്‍റങ്ങള്‍, കാര്‍നെറ്റ് ബുക്സ്). ആദിമത്വം (indigeneity), പാരിസ്ഥിതികനീതി, ബദൽ വിദ്യാഭ്യാസം, സബ്ആൾട്ടേൺ (subaltern) ജ്ഞാനവ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടിയന്തിരപ്രാധാന്യത്തോടെ ഉയർന്നുവരുന്ന ഈ കാലഘട്ടത്തിൽ, ബേബിയുടെ സമ്പൂർണ്ണകൃതികളുമായുള്ള നിരന്തരമായ സമ്പർക്കം വെറുമൊരു അക്കാദമിക് വ്യായാമത്തിനപ്പുറം, നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ-ധാർമ്മിക ചോദ്യങ്ങളിലേക്കുള്ള അന്വേഷണമായി മാറുന്നു എന്നതിനുള്ള ഉദാഹരണമാണ് ഈ കൃതി.

കേരളത്തിന്റെ ബൗദ്ധിക-സാംസ്കാരിക മണ്ഡലത്തിൽ കെ. ജെ. ബേബിക്ക് തികച്ചും സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. അദ്ദേഹം നോവലിസ്റ്റോ നാടകകൃത്തോ മാത്രമല്ല, മറിച്ച് ഒരു റാഡിക്കല്‍ ബുദ്ധിജീവി, ആക്ടിവിസ്റ്റ്, അധ്യാപകൻ, പ്രസ്ഥാനങ്ങളുടെ ശില്പി എന്നീ നിലകളിലൊക്കെ മാതൃകകള്‍ സൃഷ്ടിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ‘മാവേലിമന്റം’ എന്ന നോവലും, രാഷ്ട്രീയവീര്യമുള്ള നാടകങ്ങളും, അതിലുപരിയായി വയനാട്ടിലെ ‘കനവ്’ എന്ന ഗോത്രവർഗ്ഗ ബദൽ സ്കൂളിലൂടെയുള്ള അദ്ദേഹത്തിന്റെ പയനിയറിംഗ് പ്രവർത്തനങ്ങളും മലയാള പൊതുജീവിതത്തിലെ ഏറ്റവും സവിശേഷമായ ശബ്ദങ്ങളിലൊന്നായി അദ്ദേഹത്തെ മാറ്റി. രാഷ്ട്രീയം കേവലം പുസ്തകത്താളുകളിൽമാത്രം ഒതുക്കുന്ന പല എഴുത്തുകാരിൽനിന്നും വ്യത്യസ്തമായി, ബേബിയുടെ ജീവിതവും പ്രവർത്തനങ്ങളും സർഗ്ഗാത്മക ആവിഷ്കാരവും സാമൂഹിക പ്രവർത്തനവും തമ്മിലുള്ള നിരന്തരമായ സംവാദത്തിന്റെ നേർക്കാഴ്ചയാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുമായുള്ള അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിൽനിന്നാണ് ആ സാഹിത്യഭാവന ഉടലെടുക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രചനകൾ ഭൂമി, സ്വത്വം, പരിസ്ഥിതി, അന്തസ്സ് എന്നിവയ്ക്കായുള്ള വലിയ പോരാട്ടങ്ങളിൽനിന്നും വേർപെടുത്താനാവാത്തതാണ്.

സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും തമ്മിലുള്ള ഈ സങ്കീർണ്ണമായ ബന്ധത്തെ അഴിച്ചെടുക്കാനാണ് ഫസൽ റഹ്മാൻ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. കർത്തൃത്വത്തെയും (authorship) ശബ്ദത്തെയും കുറിച്ചുള്ള ചർച്ചകളിൽ തുടങ്ങി പ്രത്യയശാസ്ത്രം, ഭാഷ, നാടകഘടന, സൗന്ദര്യശാസ്ത്രം, പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം എന്നിവയിലേക്ക് നീളുന്ന തരത്തിൽ വളരെ ശ്രദ്ധയോടെയാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. മാവേലിമന്റത്തെക്കുറിച്ചുള്ള അധ്യായങ്ങളും, ബേബിയുടെ നാടകങ്ങളും, അദ്ദേഹത്തിന്റെ ഭാഷാപരവും ആഖ്യാനപരവുമായ തന്ത്രങ്ങളും വ്യക്തമാക്കുന്നത് ഫസൽ കേവലം വ്യക്തിഗത കൃതികളെ വ്യാഖ്യാനിക്കാൻ മാത്രമല്ല, അവയ്ക്ക് അടിവരയിടുന്ന വലിയൊരു ബൗദ്ധികപദ്ധതിയെ മനസ്സിലാക്കാനാണ് താല്പര്യപ്പെടുന്നത് എന്നാണ്.

ബേബിയെ ഒരു രാഷ്ട്രീയപ്രവർത്തകനിലോ അല്ലെങ്കിൽ ഒരു സാഹിത്യശില്പിയിലോ മാത്രമായി ചുരുക്കാൻ വിസമ്മതിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ എടുത്തുപറയേണ്ട വലിയൊരു കരുത്ത്. അത്തരം ബൈനറികളെ (binaries) മറികടക്കാനുള്ള ബേബിയുടെ കൃതികളുടെ ശേഷിയിലാണ് അവയുടെ ശക്തിയെന്ന് ഫസൽ തിരിച്ചറിയുന്നു. സൗന്ദര്യശാസ്ത്ര രൂപത്തിലൂടെ രാഷ്ട്രീയം ഉയർന്നുവരുമ്പോൾ, സൗന്ദര്യശാസ്ത്രംതന്നെ രാഷ്ട്രീയ ഇടപെടലിന്റെ ഒരു മാധ്യമമായി മാറുന്നു. വികസനം, നാഗരികത, പുരോഗതി എന്നിവയെക്കുറിച്ചുള്ള പ്രബലമായ ആഖ്യാനങ്ങളെ ബേബിയുടെ രചനകൾ എങ്ങനെയാണ് വെല്ലുവിളിക്കുന്നതെന്നും, അതേസമയം ഗോത്രവർഗ്ഗ അനുഭവിങ്ങളിലും കൂട്ടായ സ്മരണകളിലും വേരൂന്നിയ ബദൽ കഥപറച്ചിൽ രീതികൾ എങ്ങനെയാണ് അവർ സൃഷ്ടിക്കുന്നതെന്നും ഈ പഠനം കാണിച്ചുതരുന്നു.

ഭാഷയെക്കുറിച്ചുള്ള ചർച്ച ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്. ഗോത്രവർഗ്ഗക്കാരുടെ സംസാരരീതികളും, വാമൊഴി പാരമ്പര്യങ്ങളും, ബദൽ ജ്ഞാനശാസ്ത്രങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ബേബിയുടെ കൃതികൾ പലപ്പോഴും മുഖ്യധാര മലയാള സാഹിത്യത്തിന്റെ ഭാഷാപരമായ പതിവുകളെ തകിടം മറിച്ചിട്ടുണ്ട്. ഫസൽ ഈ വശത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു; ഭാഷയെ കേവലം ഒരു ശൈലീപരമായ ഉപാധിയായി കാണാതെ, സാംസ്കാരിക പ്രതിരോധത്തിന്റെയും രാഷ്ട്രീയ പ്രഖ്യാപനത്തിന്റെയും വേദിയായാണ് അദ്ദേഹം അതിനെ കണക്കാക്കുന്നത്. അതിലൂടെ പ്രാതിനിധ്യം, ശബ്ദം, സാഹിത്യരൂപത്തിന്റെ രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകളിൽ അദ്ദേഹം ബേബിയെ പ്രതിഷ്ഠിക്കുന്നു.

നാടകഘടനയ്ക്കായി (dramaturgy) മാറ്റിവെച്ചിരിക്കുന്ന അധ്യായവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നതാണ്. കെ. ജെ. ബേബിയുടെ നാടകങ്ങൾ വെറും തീയേറ്റർ പ്രകടനങ്ങൾ എന്നതിനപ്പുറം കാലങ്ങളായി സാമൂഹിക ഇടപെടലിനുള്ള ആയുധങ്ങളായാണ് പ്രവർത്തിച്ചിട്ടുള്ളത്. കൂട്ടായ ചിന്തയും പങ്കാളിത്തവും സൃഷ്ടിക്കാനുള്ള അവയുടെ ശേഷിയിൽനിന്നാണ് അവയുടെ രാഷ്ട്രീയ ഊർജ്ജം ഉണ്ടാകുന്നത്. അധികാരത്തിന്റെ ചോദ്യങ്ങൾ, പാർശ്വവൽക്കരണം, ഓർമ്മ, പ്രതിരോധം എന്നിവയെ ഈ നാടകങ്ങൾ തനതായ നാടകീയ തന്ത്രങ്ങളിലൂടെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഫസലിന്റെ വിശകലനം വെളിച്ചത്തു കൊണ്ടുവരുന്നു. ഒരു നാടകകൃത്ത് എന്ന നിലയിൽ ബേബിയുടെ സംഭാവനകൾക്ക് അദ്ദേഹത്തിന്റെ നോവലുകളെ അപേക്ഷിച്ച് പലപ്പോഴും തുടർച്ചയായ വിമർശനാത്മക ശ്രദ്ധ കുറവാണ് ലഭിച്ചിട്ടുള്ളത് എന്നതിനാൽ ഈ സമീപനം ഏറെ വിലപ്പെട്ടതാണ്.

മുസഫർ അഹമ്മദിന്റെ അവതാരിക ഈ പഠനത്തെ കൂടുതൽ വിശാലമായ ബൗദ്ധിക സംവാദങ്ങളിലേക്ക് നയിക്കുകയും സമകാലിക കേരളത്തിൽ ബേബിയുടെ കൃതികളുടെ തുടർച്ചയായ പ്രസക്തിയെ അടിവരയിടുകയും ചെയ്യുന്നു. പഠനത്തിലുടനീളം കാണാൻ കഴിയുന്ന ആഴത്തിലുള്ള ഇടപെടലാണ് ഫസൽ റഹ്മാന്റെ കൃതിയെ ആത്യന്തികമായി വേറിട്ടു നിർത്തുന്നത്. ബേബിയുടെ രചനകളുടെ പാഠപരവും രാഷ്ട്രീയവും ദാർശനികവുമായ തലങ്ങളിൽ മുഴുകിയിരിക്കുന്ന ഒരു വിമർശകന്റെ വിശദവും സസൂക്ഷ്മവുമായ വായനയാണിത്. സംസ്കാരം, അധികാരം, പ്രതിരോധം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകളിൽ ഈ കൃതികളെ പ്രതിഷ്ഠിക്കാനും അദ്ദേഹത്തിന് കഴിയുന്നു. കെ. ജെ. ബേബിയെ ആദ്യമായി പരിചയപ്പെടുന്ന വായനക്കാർക്ക് ഇതൊരു വിമർശനാത്മക ആമുഖമായി വർത്തിക്കുമ്പോൾ, അദ്ദേഹത്തിന്റെ കൃതികളുടെ ഗവേഷകർക്കും ദീർഘകാല വായനക്കാർക്കും ഇത് പുതിയ ഉൾക്കാഴ്ചകൾ സമ്മാനിക്കുന്നു. ഗോത്രവർഗ്ഗ ജീവിതം, പാരിസ്ഥിതിക ഭാവി, ബദൽ വിദ്യാഭ്യാസം, സാമൂഹിക നീതി എന്നിവയെക്കുറിച്ച് ബേബി ഉയർത്തിയ ചോദ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവന്നിട്ടുള്ള ഈ കാലഘട്ടത്തിൽ, സമകാലിക കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ-സാഹിത്യ ശബ്ദങ്ങളിലൊന്നായി കെ. ജെ. ബേബി തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള ഒരു വിലപ്പെട്ട ചട്ടക്കൂട് ഫസൽ റഹ്മാന്റെ പഠനം നൽകുന്നു.

‘നിശബ് ദത ഒരു പരിഹാരമല്ല’: ഒ. കെ. സന്തോഷിന്റെ ഇടപെടലുകൾ
പ്രിയ സുഹൃത്ത്‌ ഒ. കെ. സന്തോഷിന്റെ ഉപന്യാസ സമാഹാരത്തിന്റെ പേരായ ‘നിശബ്ദത ഒരു പരിഹാരമല്ല’ എന്നത് കേവലം ഒരു പുസ്തകത്തിന്റെ പേര് മാത്രമല്ല, മറിച്ച് അതിന്റെ കേന്ദ്രപ്രഖ്യാപനം കൂടിയാണ്. ഭയം, ധ്രുവീകരണം, നിർമ്മിത സമ്മതികൾ, അസഹിഷ്ണുതയുടെ സാമാന്യവൽക്കരണം എന്നിവയാൽ പൊതുസംവാദങ്ങൾ കൂടുതൽ കലുഷിതമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ, നിശബ്ദതയുടെ  പക്ഷപാതങ്ങളെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഈ കൃതി ആവശ്യപ്പെടുന്നു. അനീതിക്ക് മുന്നിൽ നിശബ്ദരായിരിക്കുക എന്നത് നിഷ്പക്ഷതയല്ല, മറിച്ച് അതിൽ പങ്കാളിയാവുക എന്നാണ് അർത്ഥമാക്കുന്നത്. ഈ ബോധ്യത്തിൽനിന്നാണ് ഈ സമാഹാരത്തിലെ ഉപന്യാസങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. അവ കേവല നിരീക്ഷണങ്ങളല്ല, മറിച്ച് സജീവമായ ഇടപെടലുകളാണ്; അകന്നുനിന്നുള്ള വ്യാഖ്യാനങ്ങളല്ല, മറിച്ച് ആഴത്തിലുള്ള സമ്പർക്കങ്ങളാണ്. സന്തോഷിന്‍റെ മുന്പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പുസ്തകം അദ്ദേഹം അയച്ചപ്പോള്‍ ഞാന്‍ വായനയുടെ ഗൌരവത്തെക്കുറിച്ചുള്ള തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അതിനെ എതിരേറ്റത്‌.

മലയാള ബൗദ്ധികമണ്ഡലത്തിൽ എഴുത്തുകാരൻ, വിമർശകൻ, രാഷ്ട്രീയപഠിതാവ് എന്നീനിലകളിൽ ഒ. കെ. സന്തോഷ് ഇതിനകംതന്നെ വളരെ സുപരിചിതനാണ്. ഇടുക്കി ജില്ലയിൽ ജനിച്ച്, സ്വത്വരാഷ്ട്രീയത്തിലും ദലിത് ആത്മകഥാ സാഹിത്യത്തിലും ഗവേഷണം നടത്തിയ അദ്ദേഹം, സാഹിത്യ വിമർശനത്തെ സാമൂഹിക വിശകലനവുമായി നിരന്തരം സമന്വയിപ്പിച്ചിട്ടുണ്ട്. ദലിത് ആഖ്യാനങ്ങൾ, സാമൂഹിക സ്മൃതി, സാംസ്കാരിക രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുൻകാല കൃതികൾ, അധികാരം, പ്രാതിനിധ്യം, ജനാധിപത്യം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ അതീവ ശ്രദ്ധാലുവായ ഒരു വിമർശകനായി അദ്ദേഹത്തെ പ്രതിഷ്ഠിച്ചു.

പൊതുജീവിതത്തിലെ വ്യത്യസ്തവും എന്നാൽ പരസ്പരം ബന്ധിതവുമായ മേഖലകളെ അഭിസംബോധന ചെയ്യുന്ന തരത്തിൽ ഈ പുസ്തകം മൂന്ന് വിഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു.  സമൂഹം, ജനാധിപത്യം, പൊതുസംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് സന്തോഷ്‌ ഇപ്പോഴും മുന്‍ഗണനനല്‍കുന്നത്. ഒന്നാം ഭാഗത്തിലെ അധ്യായങ്ങളുടെ തലക്കെട്ടുകൾതന്നെ ഇതിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നു: ഭൂരിപക്ഷ രാഷ്ട്രീയം, ഭൂരിപക്ഷവർഗ്ഗീയത, ഭരണഘടനാ മൂല്യങ്ങൾ, മാധ്യമ പ്രവർത്തനങ്ങൾ, അയ്യന്‍കാളിയും സാമൂഹിക പ്രസ്ഥാനങ്ങളും, വേടന്റെ കവിത, സംവരണം, ജനാധിപത്യ മാനദണ്ഡങ്ങളുടെ തകർച്ച എന്നിവയെല്ലാം ഇതിൽ ചർച്ചയാകുന്നു. സമകാലിക രാഷ്ട്രീയ സംസ്കാരത്തിൽ എങ്ങനെയാണ് ആശയക്കുഴപ്പങ്ങള്‍ നിർമ്മിക്കപ്പെടുന്നതെന്നും സാമാന്യവൽക്കരിക്കപ്പെടുന്നതെന്നും സന്തോഷ്‌ പരിശോധിക്കുന്നുണ്ട്.

സന്തോഷ് സാമൂഹിക സംഘർഷങ്ങളെ ചരിത്രപരമായും ഘടനാപരമായും സമീപിക്കുകയും ഇന്ത്യൻ സമൂഹത്തിലെ വലിയ പരിവർത്തനങ്ങൾക്കുള്ളിൽ അവയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആശങ്കകൾ വ്യക്തമായും ജനാധിപത്യപരവും മതേതരവുമാണ്, എങ്കിലും ഈ ലേഖനങ്ങൾ മുദ്രാവാക്യസ്വഭാവമുള്ള ശൈലി ഒഴിവാക്കുന്നു. അതിനുപകരം, സാമൂഹിക മുൻവിധികൾ എങ്ങനെയാണ് രാഷ്ട്രീയ ആയുധങ്ങളായി മാറുന്നതെന്നും ജനാധിപത്യസ്ഥാപനങ്ങൾ ഉള്ളിൽനിന്ന് എങ്ങനെയാണ് ദുർബലപ്പെടുന്നതെന്നും മനസ്സിലാക്കാനാണ് അവ ശ്രമിക്കുന്നത്.

രണ്ടാമത്തെ വിഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമൂഹത്തിൽ ബൌദ്ധികവും സാംസ്കാരികവുമായ വരേണ്യതയുടെ അടിത്തറതോണ്ടിയ ചിന്തകരുടെ ഓര്‍മ്മകളിലാണ്. ഇവിടെ സന്തോഷ് കെ. കെ. കൊച്ച്, എൻ. കെ. ജോസ്, കെ. എം. സലീം കുമാർ, എം. കുഞ്ഞാമൻ തുടങ്ങിയ എഴുത്തുകാരിലേക്ക് തിരിയുന്നു. ഈ ലേഖനങ്ങൾ പരമ്പരാഗതമായ ജീവിതനിരൂപണങ്ങളല്ല. മറിച്ച്, സാമൂഹിക സ്മൃതിയും സ്വത്വവും രാഷ്ട്രീയ അനുഭവങ്ങളും കൈമാറ്റം ചെയ്യപ്പെടുന്ന വേദിയായാണ് അവ ഈ വ്യക്തിത്വങ്ങളെ സമീപിക്കുന്നത്. ദലിത്-പാർശ്വവൽക്കൃത ശബ്ദങ്ങൾക്ക് നൽകിയിരിക്കുന്ന ശ്രദ്ധ ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. സാഹിത്യം കേവലം ഒരു സൗന്ദര്യശാസ്ത്ര വസ്തുവായി മാത്രമല്ല, ബദൽ ചരിത്രങ്ങളുടെയും അടിച്ചമർത്തപ്പെട്ട അനുഭവങ്ങളുടെയും കലവറയായാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ഔദ്യോഗിക ആഖ്യാനങ്ങളിൽ പലപ്പോഴും ദൃശ്യമാകാതെ പോകുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്ക് ഈ എഴുത്തുകാര്‍  എങ്ങനെയാണ് വെളിച്ചം വീശുന്നതെന്ന് സന്തോഷ് കാണിച്ചുതരുന്നു.

അവസാന വിഭാഗം സാഹിത്യമാണ്. സാഹിത്യമൂല്യത്തെ സാമൂഹിക പ്രസക്തിയിൽനിന്ന് വേർപെടുത്താൻ വിസമ്മതിക്കുന്ന മലയാള വിമർശനശാഖയിലെ വലിയൊരു പാരമ്പര്യത്തെയാണ് അദ്ദേഹത്തിന്റെ രീതി പ്രതിഫലിപ്പിക്കുന്നത്. എങ്കിലും സാഹിത്യത്തെ കേവലം സോഷ്യോളജിയായി ചുരുക്കുന്നത് അദ്ദേഹം ഒഴിവാക്കുന്നു. കൃതികളെ വലിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ പ്രതിഷ്ഠിക്കുമ്പോഴും രൂപം, ഭാഷ, ആഖ്യാന തന്ത്രം, സാഹിത്യ ഭാവന എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഈ ഉപന്യാസങ്ങൾ കൃത്യമായ ശ്രദ്ധ പുലർത്തുന്നുണ്ട്.സംസ്കാരം തന്നെ എങ്ങനെയാണ് പ്രത്യയശാസ്ത്ര സമരങ്ങളുടെ ഒരു വേദിയായി മാറുന്നതെന്ന് സന്തോഷ്‌ അന്വേഷിക്കുന്നു. സമൂഹം അസമത്വത്തിന്റെയും അക്രമത്തിന്റെയും ജനാധിപത്യ തകർച്ചയുടെയും ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ എഴുത്തുകാർക്കും കലാകാരന്മാർക്കും അക്കാദമിക് വിദഗ്ധർക്കും സാംസ്കാരിക വിമർശകർക്കും സുഖകരമായ നിശബ്ദതയിലേക്ക് പിൻവാങ്ങാൻ കഴിയില്ല. സംസ്കാരം എന്നത് രാഷ്ട്രീയത്തിൽനിന്നുള്ള ഒരു രക്ഷപ്പെടലല്ല; മറിച്ച് രാഷ്ട്രീയം നിരന്തരം ഉത്പാദിപ്പിക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്ന വേദികളിലൊന്നാണ് അത്.

അനു പാപ്പച്ചന്‍റെ ‘പെൺതിര’: മലയാള സിനിമയിലെ സ്ത്രീകളെ വീണ്ടെടുക്കൽ അനു ഈ ലേഖനങ്ങള്‍ ആദ്യം ദേശാഭിമാനിയില്‍ എഴുതിയ കാലത്ത് എനിക്കവ വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ത്തനെ പുസ്തകം അയച്ചുകിട്ടിയപ്പോള്‍ ഉള്ളടക്കത്തെക്കുറിച്ച് മുന്‍ധാരണകള്‍ ഉണ്ടായിരുന്നില്ല. ഒരു കണക്കിന് അതുനന്നായി. ചെറുതും വലുതുമായ കുറിപ്പുകളിലൂടെ അനു സൃഷ്ടിച്ചിരിക്കുന്ന “മലയാള” നടികളുടെ ജീവിതകഥകള്‍ ഒരൊറ്റത്തുടര്‍ച്ചയായി കാണുകയും വായിക്കുകയും ചെയ്യുന്നത് ആഴമുള്ള ഒരു ഫിക്ഷന്‍ വായനാനുഭവം കൂടിയാണ്. അത് മിസ്സ്‌ ചെയ്തില്ല.

മലയാള സിനിമാചരിത്രം പലപ്പോഴും പ്രശസ്തരായ സംവിധായകർ, തിരക്കഥാകൃത്തുക്കൾ, ഛായാഗ്രാഹകർ, പുരുഷതാരങ്ങൾ എന്നിവരിലൂടെയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. സിനിമയുടെ ആദ്യകാലം മുതൽക്കേ ഇൻഡസ്ട്രിയുടെ വളർച്ചയിൽ കേന്ദ്രസ്ഥാനത്തുണ്ടായിരുന്നിട്ടും, സ്ത്രീകൾ പലപ്പോഴും സിനിമാ ചരിത്രരചനയുടെ പാർശ്വവൽക്കരിക്കപ്പെട്ട കോണുകളിലാണ് ഒതുങ്ങിപ്പോയത്. ഈ അസന്തുലിതാവസ്ഥയ്ക്കുള്ള ഒരു പ്രധാന തിരുത്തലാണ് ‘പെൺതിര’ എന്ന പുസ്തകം. ഇത് കേവലം ജീവചരിത്രക്കുറിപ്പുകളുടെ ഒരു സമാഹാരം എന്നതിനപ്പുറം, തലമുറകളായി മലയാള സിനിമയെ രൂപപ്പെടുത്തിയ സ്ത്രീകളുടെ ജീവിതം, പോരാട്ടങ്ങൾ, നേട്ടങ്ങൾ, ദുരന്തങ്ങൾ എന്നിവയെ പൊതുസ്മൃതിയിലേക്ക് തിരികെ കൊണ്ടുവരുന്ന ഒരു ചരിത്രപരമായ വീണ്ടെടുപ്പാണ്.

മലയാള സിനിമയിലെ ആദ്യത്തെ അഭിനേത്രിയും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ജാതി-ലിംഗ വിവേചനങ്ങളുടെ ഏറ്റവും ശക്തമായ പ്രതീകവുമായ പി. കെ. റോസിയിൽനിന്ന് തുടങ്ങി, മലയാള സിനിമയുടെ അടിത്തറ പണിത നടിമാരുടെ ജീവിതത്തിലൂടെയുള്ള ദീർഘവും ആകർഷകവുമായ ഒരു യാത്രയാണ് ഈ പുസ്തകം അടയാളപ്പെടുത്തുന്നത്. അതിലൂടെ വ്യക്തിഗതമായ കരിയറിനെ മാത്രമല്ല, പൊതുമണ്ഡലത്തിലെ സ്ത്രീകളുടെ വലിയൊരു സാമൂഹിക ചരിത്രത്തെക്കൂടിയാണ് പുസ്തകം പുനർനിർമ്മിക്കുന്നത്.

ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യക്തിത്വങ്ങളുടെ വൈവിധ്യം ശ്രദ്ധേയമാണ്. ദേവകി ഭായ്, എം. കെ. കമലം, കെ. എൻ. ലക്ഷ്മി, സി. കെ. രാജം തുടങ്ങിയ ആദ്യകാല പയനിയർമാരെയും; സ്വന്തം അഭിനയ വൈഭവം കൊണ്ട് ആ കാലഘട്ടത്തെ അടയാളപ്പെടുത്തിയ മിസ് കുമാരിയെപ്പോലുള്ള മുൻനിര താരങ്ങളെയും; മലയാളിയുടെ ഭാവനയിൽ അമ്മത്തത്തിന്റെ പ്രതീകങ്ങളായി മാറിയ ആറന്മുള പൊന്നമ്മ, കവിയൂർ പൊന്നമ്മ തുടങ്ങിയ പ്രിയപ്പെട്ട സ്വഭാവ നടികളെയും ഫിലോമിനയെപ്പോലെ നമ്മെ ചിരിപ്പിച്ച വലിയ ഹസ്യനടികളെയും ഈ പുസ്തകം ഒന്നിച്ച് അണിനിരത്തുന്നു.

വലിയ സംഭാവനകൾ നൽകിയിട്ടും പൊതുമനസ്സിൽ നിന്ന് ക്രമേണ മങ്ങിപ്പോയ വ്യക്തിത്വങ്ങൾക്ക് പുസ്തകം നൽകിയിരിക്കുന്ന ശ്രദ്ധ ഏറെ വിലപ്പെട്ടതാണ്. പങ്കജവല്ലി, പ്രശസ്തരായ തിരുവിതാംകൂർ സഹോദരിമാർ (Travancore Sisters), അംബിക, ടി. ആർ. ഓമന, ഒപ്പം ബാലതാരമായിരുന്ന ബേബി വിനോദിനി എന്നിവരെക്കുറിച്ചുള്ള ഉപന്യാസങ്ങൾ മലയാള സിനിമയുടെ പരിണാമത്തിലെ മറന്നുപോയ അധ്യായങ്ങളിലേക്ക് വെളിച്ചംവീശാൻ സഹായിക്കുന്നു.

സിനിമാ വിജയങ്ങൾക്കായി സ്ത്രീകൾ നൽകേണ്ടിവന്ന വ്യക്തിപരമായ വിലയെക്കുറിച്ചും ഈ പുസ്തകം കൃത്യമായി സംസാരിക്കുന്നുണ്ട്. ദേശീയ അവാർഡ് നേടിയതിന് തൊട്ടുപിന്നാലെ, തികച്ചും ചെറിയ പ്രായത്തിൽ ജീവിതം അവസാനിപ്പിച്ച ശോഭയുടെയും, ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ജീവിതം പൊലിഞ്ഞുപോയ വിജയശ്രീയുടെയും ഹൃദയഭേദകമായ ഓർമ്മപ്പെടുത്തലുകൾ, പൊതുഅംഗീകാരങ്ങൾക്കിടയിലും അവർ അനുഭവിച്ച മാനസിക സംഘർഷങ്ങളെ വായനക്കാരെ ഓർമ്മിപ്പിക്കുന്നു. സ്ത്രീകളെ വെറുമൊരു സ്ക്രീൻ ഇമേജുകളായി (screen images) ചുരുക്കാൻ വിസമ്മതിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ജാതി, വർഗ്ഗ, ലിംഗ വിവേചനങ്ങൾ, കുടുംബത്തിന്റെ പ്രതീക്ഷകൾ, സാമൂഹിക യാഥാസ്ഥിതികത്വം, സിനിമാ മേഖലയിലെ അനിശ്ചിതത്വങ്ങൾ എന്നിവയോട് നിരന്തരം പോരാടിയ വ്യക്തികളായാണ് നടിമാർ ഇതിൽ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലെ സ്ത്രീകൾക്ക് സിനിമയിലേക്ക് വരിക എന്നത് തന്നെ ഒരുകാലത്ത് എത്രത്തോളം വിപ്ലവാത്മകമായ കാര്യമായിരുന്നുവെന്ന് ഇവരുടെ കഥകൾ ഒന്നിച്ച് ചേർത്തുവായിക്കുമ്പോൾ ബോധ്യമാകും. അതുകൊണ്ടുതന്നെ ഇത് ഒരേസമയം സിനിമയുടെ ചരിത്രവും സ്ത്രീകളുടെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പദവിയുടെ ചരിത്രവുമായി മാറുന്നു.

കെ. ആർ. വിജയ, ശാരദ, ഷീല, ജയഭാരതി, വിധുബാല, വിജയ നിർമ്മല തുടങ്ങിയ മുൻനിര താരങ്ങളെക്കുറിച്ചുള്ള അധ്യായങ്ങൾ ഏറെ ഉൾക്കാഴ്ച നൽകുന്നവയാണ്. ഈ പുസ്തകത്തിൽ ഷീലയെ ‘മഹാനടി’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് കേവലമൊരു അതിശയോക്തിയല്ല. മലയാള സിനിമയുടെ സുവർണ്ണകാലത്ത് ഇത്രയും കേന്ദ്രസ്ഥാനം അലങ്കരിച്ച മറ്റൊരു നടിയില്ല, അവരോടുള്ള ഈ ആദരവ് തികച്ചും ഉചിതവും വൈകിവന്നതുമാണ്.

എന്നാല്‍ എന്തുകൊണ്ടാണ് എന്നറിയില്ല, പ്രതീക്ഷാനിർഭരമായ കരിയറിനിടയിൽ വിമാനാപകടത്തിൽ മരിച്ച റാണിചന്ദ്രയുടെയും (1949–1976), സംഘര്‍ഷഭരിതമായ കലാജീവിതം നയിച്ച്‌ ഒടുവില്‍ നന്നേ ചെറുപ്പത്തില്‍ ക്രൂരമായ കൊലപാതകത്തിന് ഇരയായ റാണിപത്മിനിയുടെയും ജീവിതചിത്രങ്ങൾ ഈ പുസ്തകത്തില്‍ അദ്ധ്യായങ്ങളായി കടന്നുവന്നിട്ടില്ല. അതുപോലെ പ്രതിനായികാ മാതാവായി പലപ്പോഴും പ്രത്യക്ഷപ്പെടേണ്ടിവന്നിട്ടുള്ള മീനയെക്കുറിച്ചും എഴുതിക്കണ്ടില്ല (“കാഞ്ഞിരമരം ഈ കുഞ്ഞമ്മ” എന്നാണ് ഒരു പാട്ടില്‍ അവരുടെ ഒരു കഥാപാത്രം രേഖപ്പെടുത്തപ്പെട്ടത്‌…). ഒരു പുസ്തകവും പൂര്‍ണമല്ല, പക്ഷെ ചില ഒഴിവാക്കലുകള്‍ വായനക്കാരെ ക്യൂരിയസ് ആക്കും.

എന്തായാലും ഒരു കാര്യം വ്യക്തമാണ്, കൃത്യമായ ഗവേഷണമാണ് ‘പെൺതിര’യെ കൂടുതൽ സവിശേഷമാക്കുന്നത്. നടിമാരുടെ കരിയർ, സിനിമകൾ, സാമൂഹിക പശ്ചാത്തലം, വ്യക്തിപരമായ പോരാട്ടങ്ങൾ, സാംസ്കാരിക പ്രസക്തി എന്നിവയെക്കുറിച്ചുള്ള വിപുലമായ വിവരങ്ങൾ ഗ്രന്ഥകാരി ഇതിൽ ശേഖരിച്ചിട്ടുണ്ട്. എങ്കിലും, ഈ പണ്ഡിത്യം ഒരിടത്തും ആഖ്യാനത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നില്ല. ഉപന്യാസങ്ങൾ ലളിതവും ആകർഷകവും സാധാരണ വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതുമാണ്. ഈ താളുകളിലെ കഥകളെ ആസ്വദിക്കാൻ ഒരാൾ സിനിമാ ഗവേഷകനാകണമെന്നില്ല. എഴുത്ത് വായനക്കാരെ ആദ്യകാല മലയാള സിനിമയുടെ ലോകത്തേക്ക് ക്ഷണിക്കുന്നതോടൊപ്പം ഭാവി ഗവേഷകർക്കായി ഒരു മികച്ച ആര്‍ക്കൈവൽ ശേഖരം ഒരുക്കുകയും ചെയ്യുന്നു.

ഈ പുസ്തകത്തിന്റെ വലിയ പ്രസക്തി സിനിമാചരിത്രത്തില്‍  മാത്രമായി ഒതുങ്ങുന്നതല്ല. കേരളത്തിലെയും ദക്ഷിണേഷ്യയിലെയും സ്ത്രീചരിത്രത്തിനുള്ള ഒരു സംഭാവന കൂടിയാണിത്. ഈ ജീവചരിത്രങ്ങളിലൂടെ, കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ ലിംഗഭേദം, തൊഴിൽ, മാന്യത, ആധുനികത, പൊതുസംസ്കാരം എന്നിവയോടുള്ള സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവങ്ങളെ വായനക്കാരൻ അഭിമുഖീകരിക്കുന്നു. വലിയ സാമൂഹിക മാറ്റങ്ങളെ മനസ്സിലാക്കാനുള്ള ഒരു ലെൻസായി ഇവിടെ സിനിമ മാറുന്നു. മലയാള സിനിമാ വിദ്യാർത്ഥികൾക്ക് ‘പെൺതിര’ ഒഴിച്ചുകൂടാനാവാത്ത ഒരു ഗ്രന്ഥമാണ്. സ്ത്രീചരിത്രം, സാംസ്കാരിക ചരിത്രം, സിനിമയുടെ സോഷ്യോളജി എന്നിവയിൽ താല്പര്യമുള്ള ഗവേഷകർക്ക് ഇതൊരു മികച്ച വിഭവമാണ്. സാധാരണ വായനക്കാർക്ക്, അർഹമായ അംഗീകാരം ലഭിക്കേണ്ട ശ്രദ്ധേയരായ സ്ത്രീകളുടെ ജീവിതത്തിലൂടെയുള്ള കൗതുകകരവും പലപ്പോഴും ഹൃദയസ്പർശിയായതുമായ ഒരു യാത്രയാണിത്.

വളരെ മനോഹരമായി ക്രമീകരിച്ചിരിക്കുന്നതും, കൃത്യമായ ഗവേഷണത്തിൽ അധിഷ്ഠിതമായതും, ആകർഷകമായ ശൈലിയിൽ എഴുതപ്പെട്ടതുമായ ‘പെൺതിര’, മറന്നുപോയ പല മുഖങ്ങളെയും കേരളത്തിന്റെ സാംസ്കാരിക സ്മൃതിയിൽ അവർ അർഹിക്കുന്ന സ്ഥാനത്തേക്ക് തിരികെ പ്രതിഷ്ഠിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. മലയാളസിനിമയുടെ ചരിത്രം നായകന്മാരിലൂടെമാത്രം എഴുതാൻ കഴിയില്ലെന്ന് ഈ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു. നായികമാരും – അവർ ആഘോഷിക്കപ്പെട്ടവരാകട്ടെ, അവഗണിക്കപ്പെട്ടവരാകട്ടെ, മറക്കപ്പെട്ടവരോ അല്ലെങ്കിൽ വീണ്ടും കണ്ടെത്തപ്പെട്ടവരോ ആകട്ടെ – ഈ ചരിത്രത്തിന്റെ കേന്ദ്രബിന്ദുക്കൾ തന്നെയാണ്. അവരുടെ ജീവിതങ്ങളെ വീണ്ടെടുക്കുന്നതിലൂടെ, ‘പെൺതിര’ സിനിമാ ചരിത്രത്തെയും സ്ത്രീചരിത്രത്തെയും ഒരുപോലെ സമ്പന്നമാക്കുന്നു; ഇത് എന്നും നിലനിൽക്കുന്ന മൂല്യമുള്ള ഒരു കൃതിയാണ്.

ചരിത്രത്തിന്റെ ഭാവനാ സഞ്ചാരങ്ങൾ: അജീഷ് ദത്തന്റെ ലേഖന സമാഹാരം

അജീഷ് ദത്തന്റെ ‘ചരിത്രത്തിന്റെ ഭാവനാ സഞ്ചാരങ്ങൾ’ എന്ന നിരൂപണ സമാഹാരം മലയാള സാഹിത്യ വിമർശനശാഖയുടെ നിതാന്തമായ ഊർജ്ജസ്വലതയില്‍ ഊന്നിയുള്ള ശ്രദ്ധേയമായൊരു കൃതിയാണ്. കവിത, ചെറുകഥ, നോവൽ, സാഹിത്യ സിദ്ധാന്തങ്ങൾ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഈ പുസ്തകം, സമകാലിക മലയാള സാഹിത്യ സംസ്കാരത്തിന്റെ ഒരു പരിച്ഛേദം വായനക്കാർക്ക് സമ്മാനിക്കുന്നു. ഈ പുസ്തകം ഏതെങ്കിലും ഒരു പ്രത്യേക സൈദ്ധാന്തിക ചട്ടക്കൂടിനെയോ സാഹിത്യപ്രസ്ഥാനത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല; മറിച്ച്, പുസ്തകങ്ങളോടും പാരമ്പര്യങ്ങളോടുമുള്ള കൗതുകവും, സാഹിത്യം എങ്ങനെയാണ് ചരിത്രം, സ്മൃതി, രാഷ്ട്രീയം, ജീവിതാനുഭവങ്ങൾ എന്നിവയുമായി കൂടിച്ചേരുന്നത് എന്ന അന്വേഷണവുമാണ് ഇതിന്റെ ചാലകശക്തി.

ഈ പുസ്തകം വ്യത്യസ്ത സാഹിത്യമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാല് ഭാഗങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു. കവിതയ്ക്കായി മാറ്റിവെച്ചിരിക്കുന്ന ആദ്യഭാഗം വിവിധ തലമുറകളിലൂടെയും സൗന്ദര്യശാസ്ത്രപരമായ കാഴ്ചപ്പാടുകളിലൂടെയും സഞ്ചരിക്കുന്നു. കുമാരനാശാൻ, വള്ളത്തോൾ തുടങ്ങിയ ക്ലാസിക് പ്രതിഭകൾ മുതൽ വൈലോപ്പിള്ളി, പാലൂർ വരെയുള്ള കവികളെ അജീഷ് ഇവിടെ വിലയിരുത്തുന്നുണ്ട്. അർണ്ണോസ് പാതിരിയുടെ ‘ഉമ്മാടെ ദുഃഖം’ പോലുള്ള അധികം ചർച്ച ചെയ്യപ്പെടാത്ത കൃതികളെക്കുറിച്ചുള്ള ഉപന്യാസങ്ങളും പി. കെ. ഗോപി, പ്രജിത്ത് തുടങ്ങിയ സമകാലിക കവികളെക്കുറിച്ചുള്ള പഠനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള കവിതയെ ഒറ്റപ്പെട്ട സാഹിത്യ മുഹൂർത്തങ്ങളായല്ല, മറിച്ച് തുടർച്ചയായതും പരിണമിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു പാരമ്പര്യമായാണ് ഗ്രന്ഥകാരൻ കാണുന്നത്.

ചെറുകഥകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ടാമത്തെ ഭാഗം വൈവിധ്യമാർന്ന ഒരുകൂട്ടം എഴുത്തുകാരെ ഒന്നിച്ചു കൊണ്ടുവരുന്നു. അഷിത, ദേവദാസ് വി. എം., കിഷോർ, വിനു എബ്രഹാം, പി. വി. ഷാജികുമാർ, സി. പി. സാബു, ജി. ആർ. ഇന്ദുഗോപൻ, തോമസ് ജോസഫ്, ടി. അരുൺകുമാർ, നകുൽ വി. ജി. തുടങ്ങിയവരുടെ കൃതികളിലൂടെ, സമകാലിക മലയാള ചെറുകഥാലോകത്തെ പ്രമേയങ്ങളുടെയും ആഖ്യാന തന്ത്രങ്ങളുടെയും വൈവിധ്യത്തെ ഈ കുറിപ്പുകള്‍ വെളിപ്പെടുത്തുന്നു. ആധുനിക കഥപറച്ചിലുകളെ രൂപപ്പെടുത്തുന്ന സാമൂഹിക ആശങ്കകളെയും രാഷ്ട്രീയ സംഘർഷങ്ങളെയും സൗന്ദര്യശാസ്ത്രപരമായ പുതുമകളെയും അജീഷ് അപഗ്രഥിക്കുന്നു.

നോവലുകൾക്കായി നീക്കിവെച്ചിരിക്കുന്ന മൂന്നാം ഭാഗമാണ് ഒരുപക്ഷേ ഈ പുസ്തകത്തിലെ ഏറ്റവും വലിയ വിഭാഗം. ആനന്ദ്, ഖദീജ മുംതാസ്, ജോജോ ആന്റണി, കെ. വി. പ്രവീൺ, കെ. അരവിന്ദാക്ഷൻ, ജേക്കബ് എബ്രഹാം, ജുനൈദ് അബൂബക്കർ, പ്രവീൺ ചന്ദ്രൻ, മഹാശ്വേതാ ദേവി, വി. ജയദേവ്, എൻ. കെ. ശശിധരൻ, കെ. ബി. ശ്രീദേവി, ബിന്ദു ഇന്ദിര, ജയൻ ശിവപുരം, മാടമ്പ് കുഞ്ഞുകുട്ടൻ, ഒ. വി. വിജയൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കരുണാകരൻ തുടങ്ങിയ വലിയൊരു എഴുത്തുകാരുടെ നിരതന്നെ ഇവിടെ ചർച്ചചെയ്യപ്പെടുന്നു. ചരിത്രം, സ്വത്വം, ജാതി, മതം, ആധുനികത, ഓർമ്മ, സാമൂഹിക മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതിൽ മലയാള നോവലുകൾ ഇന്നും എത്രത്തോളം സജീവമായ വേദിയാണെന്ന് ഈ ലേഖനങ്ങള്‍ കാണിച്ചുതരുന്നു. പ്രതിഷ്ഠിതരായ എഴുത്തുകാരോടും വളർന്നുവരുന്ന പുതിയ ശബ്ദങ്ങളോടും ഒരേപോലെ സംവദിക്കാനുള്ള അജീഷിന്റെ താല്പര്യം വെളിപ്പെടുത്തുന്നതാണ് ഈ ലേഖനങ്ങള്‍.

അവസാന ഭാഗത് അജീഷ് തിരിയുന്നത് സാഹിത്യ വിമർശനത്തിലേക്ക് തന്നെയാണ്. എനിക്ക് വ്യക്തിപരമായി ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നത് എന്റെ ‘പുനർവായനകളിലെ മാർക്സിസം’ എന്ന കൃതിയെക്കുറിച്ചുള്ള നിരൂപണം  ഇതിൽ കണ്ടു എന്നതാണ്. അജീഷിനു നന്ദി. സാഹിത്യ സിദ്ധാന്തങ്ങളിലെയും വിമർശനങ്ങളിലെയും സമകാലിക നിലപാടുകളെക്കുറിച്ചുള്ള ചർച്ചകളിലുള്ള ഗ്രന്ഥകാരന്റെ താല്പര്യം ഈ ലേഖനങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും. ഈ വിഭാഗം പുസ്തകത്തിന്റെ വ്യാപ്തിയെ സാഹിത്യ കൃതികൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുകയും, സാഹിത്യത്തെ വിലയിരുത്തുന്ന വിമർശനാത്മകം ചട്ടക്കൂടുകളെക്കുറിച്ച് ചിന്തിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സാഹിത്യ വിമർശനം എന്നത് കേവലമൊരു വ്യാഖ്യാനം മാത്രമല്ല, സാഹിത്യത്തിന്റെ അർത്ഥനിർമ്മിതിയിലെ ഒരു സജീവ പങ്കാളി കൂടിയാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. കെ.പി. അപ്പനെയാണ് തന്‍റെ ഗുരുസ്ഥാനീയനായി അജീഷ് കാണുന്നത്. ‘അത് നിങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ വീട് വിട്ടുപോകാം’ എന്നതാണ് അജീഷിന്റെ നിലപാട് എന്ന് അല്പം തമാശ കലര്‍ത്തി പറയാം.

വായനക്കാര്‍ക്ക് ചിരപരിചിതമായ പുസ്തകങ്ങളും എന്നാൽ അധികം ശ്രദ്ധിക്കപ്പെടാത്ത കൃതികളും ചേര്‍ത്തുവച്ചുകൊണ്ടുള്ള സന്തുലിതമായ വായനയാണ് ഈ സമാഹാരം നൽകുന്നത്. ഇതിൽ ചർച്ച ചെയ്യുന്ന പല കൃതികളും വർഷങ്ങളായി ഞാൻ വായിക്കുകയും ചിന്തിക്കുകയും ചെയ്തിട്ടുള്ളവയാണ്; എന്നാൽ മറ്റ് ചിലവ എനിക്ക് തികച്ചും പുതിയവയായിരുന്നു.

‘ചരിത്രത്തിന്റെ ഭാവനാ സഞ്ചാരങ്ങൾ’ എന്ന പേര് ഈ പുസ്തകത്തിന് തികച്ചും അനുയോജ്യമാണ്. ഈ ഉപന്യാസങ്ങളിലുടനീളം, ചരിത്രം കേവലം രേഖപ്പെടുത്തുക മാത്രമല്ല, മറിച്ച് ഭാവനാത്മകമായി പുനർനിർമ്മിക്കപ്പെടുക കൂടിയാണ് ചെയ്യുന്നതെന്ന് അജീഷ് വ്യക്തമാക്കുന്നു. കവിതയോ, ചെറുകഥയോ, നോവലോ ഏതുമാകട്ടെ, ചരിത്രപരമായ അനുഭവങ്ങളെ ആഖ്യാനവും രൂപകവും സ്മൃതിയും ഭാവനയുമാക്കി സാഹിത്യകൃതികൾ എങ്ങനെ മാറ്റുന്നു എന്ന് അജീഷ് കൃത്യമായി അടയാളപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഈ കുറിപ്പുകളും പഠനങ്ങളും ചരിത്രവും സർഗ്ഗാത്മകതയും, യാഥാർത്ഥ്യവും ആവിഷ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണങ്ങളായി മാറുന്നു.

ഈ പുസ്തകത്തെ വേറിട്ടുനിർത്തുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ വ്യാപ്തി തന്നെയാണ്. സമകാലിക സാഹിത്യസമാഹാരങ്ങളിൽ, മലയാളസാഹിത്യത്തിന്റെ ഇത്രയും വൈവിധ്യമാർന്ന ഒരു വിഭാഗത്തെ ഒരൊറ്റ വിമർശന ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരാൻ കഴിഞ്ഞ കൃതികൾ ചുരുക്കമാണ്. പുസ്തകം ഏതെങ്കിലും കഠിനമായ സൈദ്ധാന്തിക നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അത്  പുസ്തകത്തിന്റെ സവിശേഷതയായും പുസ്തകത്തോടുള്ള വിമര്‍ശനമായും കണക്കാക്കാവുന്നതാണ്. എങ്കിലും കൂടുതൽ ആഴത്തിലുള്ള ചർച്ചകൾക്ക് വഴിതുറക്കുന്ന ചിന്തോദ്ദീപകവും വിമര്‍ശനാത്മകവുമായ വായനകളാണ് ഈ പുസ്തകം സമ്മാനിക്കുന്നത്.

ഭക്ഷണവും സംസ്കാരവും സമൂഹവും: സി. ഗണേഷിന്റെ രുചിയും മനുഷ്യരും’

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മലയാളം സര്‍വകലാശാലയില്‍ ഒരു പ്രഭാഷണത്തിന് പോയപ്പോഴാണ് ഡോ. ഗണേഷ് തന്‍റെ ചില പുസ്തകങ്ങള്‍ എനിക്ക് നല്‍കിയത്. അതിലൊന്നാണ് രുചിയും മനുഷ്യരും’.

ഭക്ഷണം എന്നത് മനുഷ്യസമൂഹത്തിനു കേവലം വിശപ്പടക്കാനുള്ള ഒരു ഉപാധി മാത്രമല്ല. അത് ഓർമ്മകൾ, സ്വത്വങ്ങൾ, അധികാരശ്രേണികൾ, അനുഷ്ഠാനങ്ങൾ, ചരിത്രങ്ങൾ എന്നിവയെക്കൂടി പേറുന്ന ഒന്നാണ്. ‘രുചിയും മനുഷ്യരും’ എന്ന പുസ്തകത്തിലൂടെ ഡോ. സി. ഗണേഷ് കേരളത്തിന്റെ ഭക്ഷണപാരമ്പര്യങ്ങളുടെ സങ്കീർണ്ണവും ആകർഷകവുമായ ഒരു സാംസ്കാരിക ചരിത്രമാണ് അവതരിപ്പിക്കുന്നത്. ഒരു സമൂഹത്തിന്റെ ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും നോക്കാനുള്ള ഏറ്റവും മികച്ച ജാലകങ്ങളിലൊന്നാണ് പാചകരീതിയെന്ന് ഈ ഗ്രന്ഥം തെളിയിക്കുന്നു. ലോകമെമ്പാടും വളർന്നുവരുന്ന ‘ഫുഡ് സ്റ്റഡീസ്’ (Food Studies) എന്ന പഠനശാഖയുടെ പശ്ചാത്തലത്തിൽ, ഭക്ഷണത്തെ കേവലം പാചകക്കുറിപ്പുകളായോ പഴയകാലത്തെക്കുറിച്ചുള്ള ഓർമ്മകളായോ കാണാതെ, ജാതി, വർഗ്ഗം, മതം, ലിംഗഭേദം, പരിസ്ഥിതി, രാഷ്ട്രീയം എന്നിവയാൽ രൂപപ്പെടുത്തപ്പെട്ട ഒരു സങ്കീർണ്ണ സാംസ്കാരിക പ്രതിഭാസമായി സമീപിക്കുന്ന ചുരുക്കം ചില മലയാളകൃതികളിൽ ഒന്നാണിത്.

വളരെ വിപുലമായൊരു മേഖലയിലൂടെയാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. ഭക്ഷണ സംസ്കാരങ്ങളുടെ ചരിത്രം, ഭക്ഷണവുമായി ബന്ധപ്പെട്ട വിലക്കുകൾ (food taboos), പാചകരീതികൾ, ദൈനംദിന ആഹാരശീലങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ തുടങ്ങി സാഹിത്യം, ഫോക്ലോർ, മതം, തത്ത്വചിന്ത, സാമൂഹിക പരിഷ്കരണം എന്നിവയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഗണേഷ് സംവാദത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. അതിന്റെ ഫലമായി, ഇത് കേരളീയ ഭക്ഷണത്തിന്റെ ചരിത്രം മാത്രമല്ല, മറിച്ച് ഭക്ഷണത്തിന്റെ സോഷ്യോളജിയും, രുചിയുടെ ആന്ത്രോപോളജിയും, ദൈനംദിന ജീവിതത്തിന്റെ സാംസ്കാരിക ചരിത്രവുമായി മാറുന്നു.

ഈ പുസ്തകത്തിലെ ഏറ്റവും രസകരമായ ഭാഗങ്ങളിലൊന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട മലയാളത്തിലെ പഴഞ്ചൊല്ലുകളും, ശൈലികളും, നാടൻ പ്രയോഗങ്ങളും പരിശോധിക്കുന്ന ഏഴാമത്തെ അധ്യായമാണ്. നമ്മൾ എപ്പോഴും കേൾക്കാറുള്ള “അന്നം മുട്ടിയാൽ എല്ലാം മുട്ടും”, “വറ്റൊന്നു കളഞ്ഞാൽ പട്ടിണി പത്ത്”, “അത്താഴം അത്തിപ്പഴത്തോളം”, “ഉണ്ടമയക്കം തൊണ്ടനുമുണ്ട്”, “അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?”, “വിത്തു വിറ്റുണ്ണരുത്”, “അടുക്കളപ്പെണ്ണിനും അടുക്കളക്കലത്തിനും അഴക് വേണ്ട” തുടങ്ങിയ ചൊല്ലുകളെ കേവലം ഭാഷാപരമായ കൗതുകങ്ങളായല്ല ഗണേഷ് സമീപിക്കുന്നത്. ഈ ചൊല്ലുകൾ സാമൂഹിക മൂല്യങ്ങളെയും ചരിത്രപരമായ അനുഭവങ്ങളെയും എങ്ങനെയാണ് ഉൾക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം കാണിച്ചുതരുന്നു. സൂക്ഷ്മമായി പരിശോധിച്ചാൽ, ഈ പഴഞ്ചൊല്ലുകൾ തൊഴിൽ, ദാരിദ്ര്യം, മിതവ്യയം, ലിംഗപരമായ ചുമതലകൾ, ജാതി വ്യവസ്ഥകൾ, കുടുംബത്തിനുള്ളിലെ അധികാര ബന്ധങ്ങൾ, പാട്രിയാര്‍ക്കി എന്നിവയെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധത്തെ വെളിപ്പെടുത്തുന്നുണ്ട്. സാമൂഹികാധിപത്യവും സാംസ്കാരിക മേധാവിത്വവും എങ്ങനെയാണ് സ്വാഭാവികവൽക്കരിക്കപ്പെടുന്നതെന്നും നിലനിർത്തപ്പെടുന്നതെന്നും വ്യക്തമാക്കുന്ന ഒരു വ്യവഹാരമായി ഭക്ഷണം മാറുന്നു. ദൈനംദിന സംസാരരീതികളിൽ ഒരു സമൂഹത്തിന്റെ സാമൂഹികചരിത്രത്തിന്റെ മറഞ്ഞിരിക്കുന്ന വലിയൊരു ശേഖരം അടങ്ങിയിട്ടുണ്ടെന്നതിന്റെ വിലപ്പെട്ട ഓർമ്മപ്പെടുത്തലാണ് ഈ അധ്യായം.

ഭക്ഷണത്തെക്കുറിച്ചുള്ള സാഹിത്യഭാവനകളെ ഗ്രന്ഥകാരൻ പഠിക്കുന്ന രീതിയും ശ്രദ്ധേയമാണ്. പത്താം അധ്യായം കുഞ്ചൻ നമ്പ്യാർ മുതൽ ആധുനിക എഴുത്തുകാർ വരെയുള്ളവരുടെ കവിതകളിലും ചെറുകഥകളിലും നോവലുകളിലും ഭക്ഷണം എങ്ങനെയാണ് പ്രമേയമായി കടന്നുവന്നതെന്ന് പരിശോധിക്കുന്നു. ധീവര സമുദായത്തിൽപ്പെട്ട കവിയായതിനാല് രാജകീയ വിരുന്നിൽനിന്ന് ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ടതിനെത്തുടർന്ന് പണ്ഡിറ്റ് കറുപ്പൻ എഴുതിയ ‘ഉദ്യാനവിരുന്ന്’ എന്ന കൃതിയെക്കുറിച്ചുള്ള ചർച്ച ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇവിടെ ഭക്ഷണം എന്നത് അപമാനത്തിന്റെയും, പ്രതിരോധത്തിന്റെയും, സാമൂഹിക വിമർശനത്തിന്റെയും വേദിയായി മാറുന്നു. കുഞ്ഞുണ്ണി മാഷ്, നന്ദിത, ഒ. എൻ. വി. കുറുപ്പ്, പത്മ ദാസ് തുടങ്ങിയ കവികളിലേക്കും കാരൂർ, ഉറൂബ്, യു. കെ. കുമാരൻ, ടി. പത്മനാഭൻ, മാധവിക്കുട്ടി, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തുടങ്ങിയ കഥാകൃത്തുക്കളിലേക്കും ഗണേഷ് ഈ ചർച്ചയെ വ്യാപിപ്പിക്കുന്നുണ്ട്. ‘ഇന്ദുലേഖ’, ‘ഖസാക്കിന്റെ ഇതിഹാസം’ മുതൽ ടി. ഡി. രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’ വരെയുള്ള നോവലുകളെ ഭക്ഷണത്തിന്റെ പ്രതീകാത്മകതയിലൂടെയാണ് ഈ പുസ്തകം വിലയിരുത്തുന്നത്. ഇതോടൊപ്പം, പി. സോമന്റെ ‘കാവ്യം അന്നരസമയം’, നിരഞ്ജന്റെ ‘കേരളത്തിന്റെ മൈദാത്മകത’ തുടങ്ങിയ പ്രധാനപ്പെട്ട പഠനങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിലൂടെ മലയാളത്തിലെ ഭക്ഷണ പഠനങ്ങളുടെ ഒരു വലിയ ബൗദ്ധിക പാരമ്പര്യത്തെക്കൂടി പുസ്തകം അടയാളപ്പെടുത്തുന്നു. നിരഞ്ജന്റെ പുസ്തകത്തിലെ ലേഖനങ്ങള്‍  ആദ്യം പ്രസിദ്ധീകരിച്ചത് ‘നവമലയാളി’യില്‍ ആയിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള അധ്യായമാണ് പുസ്തകത്തിലെ മറ്റൊരു പ്രധാന ആകർഷണം. വിശപ്പ്, ആഗ്രഹം, സ്നേഹം, ദാരിദ്ര്യം, ഹാസ്യം, മനുഷ്യന്റെ അന്തസ്സ് എന്നിവ നിരന്തരം കൂടിച്ചേരുന്ന ബഷീറിന്റെ സാഹിത്യ പ്രപഞ്ചത്തിൽ ഭക്ഷണത്തിന് വളരെ സവിശേഷമായൊരു സ്ഥാനമാണുള്ളത്. ഈ പ്രമേയങ്ങളെ കൃത്യമായി പിന്തുടരുന്ന ഗണേഷ്, സാധാരണ രീതിയിലുള്ള ഭക്ഷണശീലങ്ങളെ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകളാക്കി മാറ്റാൻ ബഷീറിന് എങ്ങനെ കഴിഞ്ഞുവെന്ന് കാണിച്ചുതരുന്നു. ബഷീറിന്റെ രചനകളിലൂടെ ഭക്ഷണം ഒരേസമയം ഭൗതികമായ ഒരാവശ്യമായും ആഴത്തിലുള്ള പ്രതീകാത്മക സാംസ്കാരിക പ്രവർത്തനമായും ഉയർന്നുവരുന്നു.

ഈ പുസ്തകത്തിലുടനീളം കാണാൻ കഴിയുന്ന മറ്റൊരു സാന്നിധ്യം ശ്രീനാരായണ ഗുരുവാണ്. ഗുരുവിന്റെ സസ്യഭക്ഷണ ജീവിതരീതി, ശുചിത്വം, ശാരീരിക അച്ചടക്കം, ഭക്ഷണത്തിന്റെ ധാർമ്മിക വശങ്ങൾ എന്നിവയോടുള്ള കാഴ്ചപ്പാടുകൾക്ക് ഗണേഷ് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതിലുപരിയായി, ജാതിരഹിത സമൂഹം സൃഷ്ടിക്കാനുള്ള ഗുരുവിന്റെ വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ ഇടപെടലുകളെ പുസ്തകം അടയാളപ്പെടുത്തുന്നത്. ഭക്ഷണ ശീലങ്ങളും, പഥ്യങ്ങളും, വിശുദ്ധിയെക്കുറിച്ചുള്ള സങ്കല്പങ്ങളും ജാതിവ്യവസ്ഥയുമായി എങ്ങനെയാണ് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നത് എന്ന് കാണിച്ചുതരുന്നതിലൂടെ, ഭക്ഷണത്തെക്കുറിച്ചുള്ള ഗുരുവിന്റെ ചിന്തകൾ അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്കരണ പരിപാടികളിൽ നിന്ന് വേർപെടുത്താനാവാത്തതാണെന്ന് സ്ഥാപിക്കാൻ ഗ്രന്ഥകാരന് കഴിയുന്നു.

ആധുനിക കേരളീയ ഭക്ഷണരീതികളിലെ സംഘർഷങ്ങളെയും വൈരുദ്ധ്യങ്ങളെയും സബ്ആൾട്ടേൺ (subaltern), ഗാന്ധിയൻ കാഴ്ചപ്പാടുകളിൽനിന്ന് ചർച്ചചെയ്യുന്ന അവസാന അധ്യായം പുസ്തകത്തിന് മികച്ചൊരു സമകാലിക പ്രസക്തി നൽകുന്നുണ്ട്. വ്യാവസായിക ഭക്ഷണ സംവിധാനങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, ഉപഭോക്തൃ സംസ്കാരം, ആരോഗ്യപരമായ ആശങ്കകൾ, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയെല്ലാം വിമർശനാത്മകമായി പരിശോധിക്കപ്പെടെണ്ട വസ്തുതകളാണ്. ഭൂതകാലത്തെ വെറുതെ മഹത്വവൽക്കരിക്കുന്നതിന് പകരം, ഭക്ഷണത്തിന്റെ രാഷ്ട്രീയ സമ്പദ്വ്യവസ്ഥയെക്കുറിച്ചും (political economy) മാറിക്കൊണ്ടിരിക്കുന്ന ആഹാരശീലങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും ചിന്തിക്കാൻ ഗണേഷ് വായനക്കാരെ പ്രേരിപ്പിക്കുന്നു.

വിവിധ പഠനശാഖകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള (interdisciplinary) സമീപനമാണ് ‘രുചിയും മനുഷ്യരും’ എന്ന പുസ്തകത്തെ വേറിട്ടു നിർത്തുന്നത്. ചരിത്രം, സോഷ്യോളജി, ഫോക്ലോർ, സാഹിത്യ വിമർശനം, സാംസ്കാരിക പഠനങ്ങൾ, ആന്ത്രോപോളജി എന്നിവയെ കൂട്ടുപിടിച്ചുകൊണ്ട്, കേരളീയ സമൂഹത്തെ മനസ്സിലാക്കാൻ ഭക്ഷണം എത്രത്തോളം മികച്ചൊരു മാധ്യമമാണെന്ന് തെളിയിക്കാൻ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. അടുക്കളയിൽ നിന്ന് ക്ലാസ്സ് റൂമുകളിലേക്കും, സാഹിത്യകൃതികളിൽ നിന്ന് ദൈനംദിന ജീവിതത്തിലേക്കും, സാമൂഹിക പരിഷ്കരണത്തിൽ നിന്ന് സാംസ്കാരിക സ്മൃതികളിലേക്കും ഈ പുസ്തകം വളരെ സുഗമമായി സഞ്ചരിക്കുന്നു.

ലളിതമായ ശൈലിയിൽ എഴുതപ്പെട്ടതും എന്നാൽ വിപുലമായ ഗവേഷണങ്ങളിൽ അധിഷ്ഠിതമായതുമായ ഈ കൃതി സാധാരണ വായനക്കാരെയും ഗവേഷകരെയും ഒരേപോലെ ആകർഷിക്കുന്ന ഒന്നാണ്. ഇത് മലയാള സാംസ്കാരിക പഠന രംഗത്ത് അധികം ചര്‍ച്ചചെയ്യപ്പെടാത്ത ഒരു മേഖലയ്ക്ക് വഴിതുറക്കുകയും, ഭക്ഷണത്തെ ഒരു ഗൗരവമേറിയ ബൗദ്ധിക പഠനവിഷയമായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. അതിലുപരിയായി, രുചിയെക്കുറിച്ചുള്ള ചോദ്യങ്ങൾ അധികാരത്തിന്റെ, സ്വത്വത്തിന്റെ, സാമൂഹികനീതിയുടെ ചോദ്യങ്ങളിൽനിന്ന് വേർപെടുത്താനാവാത്തതാണെന്ന് ഇത് വ്യക്തമാക്കുന്നു.

‘രുചിയും മനുഷ്യരും’ എന്നത് കേവലം ഭക്ഷണത്തെക്കുറിച്ചുള്ള ഒരു പുസ്തകം മാത്രമല്ല. അത് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലേക്കുള്ള ഒരു സോഷ്യോളജിക്കൽ അന്വേഷണമാണ്, ഭക്ഷണം എങ്ങനെയാണ് സാമൂഹിക ബന്ധങ്ങളെ രൂപപ്പെടുത്തുന്നതെന്നും പ്രതിഫലിപ്പിക്കുന്നതുമെന്ന പഠനമാണ്, ഒപ്പം മലയാളത്തിലെ ‘ഫുഡ് സ്റ്റഡീസ്’ ശാഖയ്ക്കുള്ള വിലപ്പെട്ടൊരു സംഭാവനയുമാണ്. കേരളത്തിന്റെ ചരിത്രം, സാഹിത്യം, ഫോക്ലോർ, ജാതിബന്ധങ്ങൾ, സാംസ്കാരിക പരിവർത്തനങ്ങൾ എന്നിവയിൽ താല്പര്യമുള്ള ഏതൊരാൾക്കും ഈ പുസ്തകം വലിയൊരു അറിവും മികച്ചൊരു വായനാനുഭവവും സമ്മാനിക്കുമെന്നതിൽ സംശയമില്ല.

മുഹമ്മദ് റാഫിയുടെ പ്രാവുകളുടെ ഭൂപടം

ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ മലയാളം സര്‍വകലാശാല സന്ദര്‍ശന സമയത്താണ് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളായ റാഫി അദ്ദേഹത്തിന്‍റെ പുതിയ കഥാസമാഹാരത്തിന്റെ ഒരു കോപ്പി എനിക്ക് നല്‍കുന്നത്. അദ്ദേഹത്തിന്‍റെ പല മുന്‍പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്.

സമകാലിക മലയാള ചെറുകഥാലോകത്ത് ശ്രദ്ധേയനായ കഥാകൃത്തും ഒപ്പംതന്നെ ഒരു നിരൂപകനുമായി തന്റേതായ ഇടം അടയാളപ്പെടുത്തിയ എഴുത്തുകാരനും അദ്ധ്യാപകനുമാണ് മുഹമ്മദ് റാഫി എൻ. വി. അദ്ദേഹത്തിന്റെ ‘പ്രാവുകളുടെ ഭൂപടം’ എന്ന പുസ്തകം കഥകളുടെ ഒരു സര്‍ഗ്ഗാത്മക ശേഖരം വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നു. സമകാലിക കേരളത്തിന്റെ സാമൂഹികവും വൈകാരികവും ധാർമ്മികവുമായ ജീവിതപരിസരങ്ങളുടെ ഒരു നേർക്കാഴ്ചയാണ് ഈ കഥകൾ സമ്മാനിക്കുന്നത്. ‘ലക്ഷ്മണനാനായും മറിജുവാനയും പിന്നെ ലീനപോളും’, ‘ലൂയിസിന്റെ ആദ്യകൂദാശയും പ്രൊഫസർ ഹദീസും’, ‘ഗുജറാത്ത്’, ‘കാണുന്നില്ല’, ‘അച്ഛൻ’, ‘മിഠായിത്തെരുവ്’, ‘ഉപ്പൻ’, ‘ഒരു അസംബന്ധ ഹ്രസ്വചിത്രത്തിന്റെ തിരക്കഥാന്ത്യം’, ‘ജനി തബലയിൽ വീഴ്ത്തിയ മുറിപ്പാടുകൾ’, ‘വാട്സ്ആപ്പ് സെൽഫി’, ‘പ്രാവുകളുടെ ഭൂപടം’, ‘ഓട്ടക്കാല്‍പ്പണം’, ‘ദർവീശ്’ തുടങ്ങിയ 13 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഈ തലക്കെട്ടുകളുടെ വൈവിധ്യം തന്നെ കഥാകാരൻ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളുടെ വ്യത്യസ്തമായ ലോകങ്ങളെ സൂചിപ്പിക്കുന്നു.

പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ ഊഷ്മളമായൊരു വിലയിരുത്തൽ ഈ പുസ്തകത്തിനുണ്ട്. മുഹമ്മദ് റാഫിയുടെ കഥകൾ തികച്ചും സാധാരണ ജീവിതങ്ങളിൽ നിന്നും ദൈനംദിന അനുഭവങ്ങളിൽ നിന്നുമാണ് ജനിക്കുന്നത്, എങ്കിലും “അന്തര്‍ലീനങ്ങളായ ആവേശങ്ങള്‍” വെളിച്ചത്തു കൊണ്ടുവരാൻ ഈ രചനകൾക്ക് സവിശേഷമായ ശേഷിയുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. സക്കറിയയുടെ കാഴ്ചപ്പാടിൽ, ഈ കഥകളുടെ കരുത്ത് അവ യഥാർത്ഥ ജീവിതത്തിൽ വേരൂന്നി നിൽക്കുന്നു എന്നതിലും അതേസമയം “ഫാന്റസിയില്‍ ചിറകുവിരിച്ചു പറക്കുന്നവയുമാണ്” എന്നതാണ്.  തികച്ചും സാധാരണമായ ജീവിതങ്ങൾക്കുള്ളിൽ നിന്ന് അസാധാരണമായ മാനുഷിക സത്യങ്ങളെ കണ്ടെത്താനുള്ള റാഫിയുടെ കഴിവിനെയാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നത്.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ അവതാരിക ഈ കഥകൾക്ക് മറ്റൊരു മികച്ച കാഴ്ചപ്പാട് നൽകുന്നു. റാഫിയുടെ കഥകൾ കേവലം സംഭവങ്ങളെ വിവരിക്കുന്നവ മാത്രമല്ല, മറിച്ച് മാനുഷിക ബന്ധങ്ങൾ, മാനസികമായ ദുർബലതകൾ, ഓർമ്മകൾ, ധാർമ്മികമായ അനിശ്ചിതത്വങ്ങൾ എന്നിവയിലേക്കുള്ള ആഴത്തിലുള്ള അന്വേഷണങ്ങളാണെന്ന് അദ്ദേഹം കുറിക്കുന്നു. കഥകളുടെ വൈകാരിക സാന്ദ്രതയെയും ലളിതമായ പരിഹാരങ്ങൾ നൽകി ഒഴിഞ്ഞുമാറാൻ വിസമ്മതിക്കുന്ന അവയുടെ ശൈലിയെയും ശിഹാബുദീന്‍ കാണാതിരിക്കുന്നില്ല. നിശ്ചയങ്ങൾക്കും സംശയങ്ങൾക്കും, സംസാരത്തിനും നിശബ്ദതയ്ക്കും, അടുപ്പങ്ങൾക്കും അകൽച്ചകൾക്കും ഇടയിലുള്ള ആകാശങ്ങളിലാണ് ഈ കഥകൾ പലപ്പോഴും സഞ്ചരിക്കുന്നത്.

സമകാലിക കേരളത്തിലെ സാമൂഹിക ജീവിതത്തിന്റെ ഘടനയെ വളരെ കൃത്യമായി ഉൾക്കൊള്ളുന്നു എന്നതാണ് ‘പ്രാവുകളുടെ ഭൂപടം’ എന്ന കൃതിയെ കൂടുതൽ ആകർഷകമാക്കുന്നത്. കുടുംബങ്ങൾ, അയൽപക്കങ്ങൾ, സൗഹൃദങ്ങൾ, മതപരമായ സ്വത്വങ്ങൾ, പ്രവാസാനുഭവങ്ങൾ, ഒപ്പം ആധുനിക ആശയവിനിമയ സാങ്കേതികവിദ്യകൾ വരുത്തിവെച്ച മാറ്റങ്ങൾ എന്നിവയെല്ലാം ഈ ആഖ്യാനങ്ങളിൽ ഇടംപിടിക്കുന്നു. എങ്കിലും, ഈ കഥകൾ ഒരിടത്തും കേവലമൊരു സോഷ്യോളജിക്കൽ പഠനങ്ങളായി (sociological case studies) മാറുന്നില്ല. മാറിമറിയുന്ന സാമൂഹിക അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന വ്യക്തികളുടെ ആന്തരിക വൈകാരിക ജീവിതങ്ങൾക്കാണ് കഥാകാരൻ പ്രഥമ പരിഗണന നൽകുന്നത്.

നഷ്ടം, മോഹം, പശ്ചാത്താപം, ഏകാന്തത, പ്രണയം, സ്മരണ തുടങ്ങിയ ശാന്തവും എന്നാൽ വിട്ടുമാറാത്തതുമായ വൈകാരിക ഭാവങ്ങളാൽ (affect) സമ്പന്നമാണ് ഇതിലെ പല കഥകളും. കഥാപാത്രങ്ങൾ പലപ്പോഴും തങ്ങളുടെ ഉള്ളിൽ കാണാനാവാത്ത മുറിവുകളും, പരിഹരിക്കപ്പെടാത്ത ബന്ധങ്ങളും, ഒടുങ്ങാത്ത ഓർമ്മകളും പേറുന്നവരാണ്. അച്ഛനും മക്കളും, കാമുകീകാമുകന്മാരും അപരിചിതരും, അയൽക്കാരും സുഹൃത്തുക്കളുമെല്ലാം അതീവ സവിശേഷമായൊരു അടുപ്പത്തോടെ ഈ താളുകളിൽ ജീവിക്കുന്നു. ഈ വൈകാരിക പശ്ചാത്തലങ്ങൾ അതിനാടകീയതകൾ (melodrama) ഒഴിവാക്കി വളരെ നിയന്ത്രണത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്, ഇത് ദൈനംദിന ജീവിത സമ്പർക്കങ്ങളുടെ ഉപരിതലത്തിന് താഴെയുള്ള വികാരങ്ങളുടെ ആഴം കണ്ടെത്താൻ വായനക്കാരെ സഹായിക്കുന്നു.

സമൂഹത്തിന്റെ പാർശ്വങ്ങളിലേക്ക് തള്ളപ്പെട്ടവരോടും അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ജീവിതങ്ങളോടുമുള്ള റാഫിയുടെ ആർദ്രതയും ഈ സമാഹാരം വെളിപ്പെടുത്തുന്നുണ്ട്. മുഖ്യധാരാ ആഖ്യാനങ്ങൾക്ക് പുറത്തുനിൽക്കുന്ന ജീവിതങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പല കഥകളും സാധാരണ മനുഷ്യരുടെ ആശങ്കകളെയും ആഗ്രഹങ്ങളെയും ദുർബലതകളെയും വെളിച്ചത്തു കൊണ്ടുവരുന്നു. അതിലൂടെ, അവഗണിക്കപ്പെട്ട അനുഭവങ്ങളെ സാഹിത്യത്തിന്റെ ദൃശ്യവേദിയിലേക്ക് കൊണ്ടുവരാൻ നിരന്തരം ശ്രമിച്ചിട്ടുള്ള മലയാള ചെറുകഥാ പാരമ്പര്യത്തിന് മികച്ചൊരു സംഭാവന നൽകാൻ ഗ്രന്ഥകാരന് സാധിക്കുന്നു.

ശൈലീപരമായി നോക്കുമ്പോൾ, ഈ കഥകൾ ലളിതവും വായനാസുഖമുള്ളതുമാണ്, എങ്കിലും അവയ്ക്കുള്ളിൽ ശാന്തമായൊരു സൂക്ഷ്മതയുണ്ട്. അനാവശ്യമായ ആഭരണങ്ങൾ (അലങ്കാരങ്ങൾ) ഒഴിവാക്കിക്കൊണ്ട് സാഹചര്യങ്ങൾക്കും സംഭാഷണങ്ങൾക്കും ദൃശ്യങ്ങൾക്കും തന്നെ അർത്ഥം ജനിപ്പിക്കാൻ റാഫി അനുവദിക്കുന്നു. അദ്ദേഹത്തിന്റെ കഥകൾ ഭാവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും സൂക്ഷ്മമായ മാറ്റങ്ങളിലൂടെയാണ് വികസിക്കുന്നത്; വായന കഴിഞ്ഞാലും ഏറെ നേരം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവയാണ് ഇതിലെ രചനകൾ. സിനിമാ—സാഹിത്യ വിമർശനരംഗത്തെ അദ്ദേഹത്തിന്റെ പരിചയം ഈ കഥകളിൽ ദൃശ്യമാണെങ്കിലും, അത് ഒരിടത്തും കഥപറച്ചിലിന്റെ ഒഴുക്കിനെ ബാധിക്കുന്നില്ല. കഥാപാത്രങ്ങളിലും സാഹചര്യങ്ങളിലും വൈകാരിക സത്യങ്ങളിലും തന്നെയാണ് കഥകൾ ഉറച്ചുനിൽക്കുന്നത്.

പുസ്തകത്തിന്റെ പേരായ ‘പ്രാവുകളുടെ ഭൂപടം’ എന്നത് ഈ സമാഹാരത്തിന് പൊതുവില്‍ നൽകാൻ കഴിയുന്ന മികച്ചൊരു രൂപകമാണ്. പ്രാവുകളുടെ പറക്കൽ പാതകളിലൂടെ വരച്ച ഒരു ഭൂപടം പോലെ, ഈ കഥകൾ സമകാലിക ജീവിതത്തിന്റെ വൈകാരിക ഭൂമിശാസ്ത്രത്തെ—അതിന്റെ ദുർബലമായ ബന്ധങ്ങളെയും, അനിശ്ചിതമായ ലക്ഷ്യങ്ങളെയും, നിലക്കാത്ത പ്രതീക്ഷകളെയും—അടയാളപ്പെടുത്തുന്നു. പ്രമേയങ്ങളുടെ വൈവിധ്യത്തിനിടയിലും സ്വത്വം, ഓർമ്മ, മാനുഷികമായ അടുപ്പങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് കഥകൾ ആവർത്തിച്ച് മടങ്ങിയെത്തുന്നു; ഇത് പുസ്തകത്തിന് മനോഹരമായൊരു ഏകത്വം നൽകുന്നു. സാധാരണ ജീവിതങ്ങൾക്കുള്ളിലെ അസാധാരണത്വങ്ങളെ വെളിപ്പെടുത്തുന്ന കഥകളാണ് എന്നും നിലനിൽക്കുന്നതെന്ന് കൃത്യമായി അറിയാവുന്ന, മികച്ച കൈയടക്കവും സഹാനുഭൂതിയുമുള്ള ഒരു കഥാകാരനായി മുഹമ്മദ് റാഫി എൻ. വി. ഇവിടെ ഉയർന്നുനിൽക്കുന്നു. അതുകൊണ്ടുതന്നെ ‘പ്രാവുകളുടെ ഭൂപടം’ എന്നത് കേവലം കഥകളുടെ ഒരു സമാഹാരം മാത്രമല്ല, മറിച്ച് സമകാലിക മാനുഷികാനുഭവങ്ങളുടെ ഹൃദയസ്പർശിയായൊരു ഭൂപടനിര്‍മ്മാണം കൂടിയാണ്.
——–
ബുക്ക് റാക്ക് മുൻലക്കങ്ങൾ ഇവിടെ വായിക്കുക
ടി ടി ശ്രീകുമാറിൻ്റെ നവമലയാളിയിലെ എഴുത്തുകൾ ഇവിടെ വായിക്കുക

Comments

comments