ലിയ തൊടിയുടെ കിഴക്കേ കോണിലെ ഓക്കു മരത്തിന്റെ ഉള്ളംകാമ്പിൽ മരംകൊത്തിപ്പക്ഷി അന്നത്തെ വാർത്ത മോഴ്സ്കോഡിൽ കൊത്തി കോറി അയക്കുന്നത് കേട്ടുംകൊണ്ടാണു വൃദ്ധൻഉണർന്നത്.

പുറത്ത് മഞ്ഞ്പോയി മഴ വന്നു. വെയിൽ വീശിയമരങ്ങൾ പച്ചഉടുത്തു. നെറ്റിയിൽ ചാന്തുപൊട്ടു തൊട്ട് മർമ്മരം പറഞ്ഞു. തുറന്ന ജനാലയിലൂടെ പൂച്ചില്ലകൾ കൈനീട്ടി വിളിച്ചപ്പോൾ അയാളുടെ നരച്ച മനസ്സിൽ ഓർമ്മകൾ പീലിവിരിച്ചു.

മരിച്ചുപോയ കൂട്ടുകാരിയുടെ ചിത്രം നെഞ്ചിലേറ്റി മൂലയിൽ സൂക്ഷിച്ചുവെച്ച വടിയും കയ്യിലെടുത്ത് വയസ്സൻ അവർ ഒരുമിച്ചു നട്ടുനനച്ചുണ്ടാക്കിയ തോട്ടത്തിലേക്കിറങ്ങി. ചെങ്കല്ലുപടവുകൾ ശങ്കിച്ചുകയറി. വെണ്ണനിറമുള്ള മണൽ വിരിച്ച നടപ്പാതയിലൂടെ പുതിനയും തുളസിയും ലാവൻഡറും ലൈലാക്കും പരിമളം കലർത്തിയ കാറ്റ് ശ്വസിച്ച് സ്വർണ്ണമത്സ്യങ്ങൾ ഊളിയിട്ടു കളിക്കുന്ന വൃത്താകൃതിയിലുള്ള കുളക്കരയിൽ എത്തി.

ആമ്പൽകുളത്തിലെ തെളിവെള്ളത്തിനു അതിരുപാകി നിരത്തിയ അലങ്കാരകല്ലുകളിൽ ഒന്നിൽ വെയിലുകാഞ്ഞ് ഞെളിഞ്ഞിരിക്കുന്ന ഒരു പച്ചമാക്രിയെ കണ്ട് അയാളുടെ വരണ്ട ചുണ്ടുകൾ അറിയാതെ ചിരിയിൽ നിവർന്നു.

ഊന്നുവടി ചിത്രക്കല്ലുകളിൽ തട്ടി താളം കൊട്ടി. നീണ്ട് കൊലുത്ത് കീഴോട്ട് തൂങ്ങുന്ന ആകാശപ്പൂമരങ്ങളുടെ നിഴൽക്കൂരകൾക്ക് അപ്പുറത്തേക്ക് നീങ്ങുമ്പോൾ പിറകിൽ നിന്നൊരു ബീപ് ശബ്ദം. ഈറൽ ചിപ്പിൽ നിന്നുള്ളതുപോലൊരു നേർത്ത ശബ്ദം വാക്കുകളായി അയാളുടെ ചെവിയിൽ ഒഴുകി എത്തി.
ഹോയ് !
യാത്രക്കാരാ. എന്നെ കയ്യിലെടുത്തൊരു മുത്തം തന്നാൽ ഞാനൊരു സുന്ദരിയാകും.
വാതം പടർന്നു കയറിത്തുടങ്ങിയ നട്ടെല്ല് വിഷമിച്ചുവളച്ചു കുനിഞ്ഞ് നോക്കുമ്പോൾ പിത്തള കെട്ടിയ വോക്കിംഗ് സ്റ്റിക്കിനു അരികുചേർന്ന് പഴയ മാക്രി. അയാൾ നീട്ടിയ ഉള്ളംകയ്യിലേക്ക് തവള മടികൂടാതെ എടുത്തു ചാടി.

ഒരുമിച്ചുചേർന്ന് മുഷ്ടി ചുരുട്ടി ഒന്നാകാൻ തിടുക്കം കൂട്ടിയ കൈവിരലുകൾ തവളയുടെ തണുപ്പിനു മുകളിൽ മടക്കിച്ചേർത്ത് വൃദ്ധൻഉഭയജീവിയെ പോക്കറ്റിലാക്കി. വടിയും വീശി ധൃതിയിൽ മുൻപോട്ടുനടന്നു.

അടുത്ത സ്റ്റോപ്പിൽ മുത്തവും പ്രതീക്ഷിച്ച് പോക്കറ്റിൽ അടയിരുന്ന തവളക്ക് ചൂട് പെരുകി. ദാഹം മൂത്തു. ചാക്കിനുള്ളിൽ വെള്ളവെപ്രാളം കോമരം തുള്ളി. ഇതെന്തു കഥ?
മുത്തംതരൂ. മുത്തംതരൂ. ഞാൻ കാമിനിയാകാം. മാക്രി കരഞ്ഞു. പിടഞ്ഞു.
എനിക്കു കാമിനിവേണ്ട. രംഭ വേണ്ട. തിലോത്തമ വേണ്ട. കൂട്ടിനു വേണ്ടത് നിന്നെപ്പോലൊരു സംസാരിക്കുന്ന മണ്ഡൂകമാണു. ഇതും പറഞ്ഞ്അയാൾ കുപ്പായക്കീശ മെതുവെ തൊട്ടുതലോടി, ഉത്സാഹത്തോടെ വീട്ടിലേക്ക്തിരിഞ്ഞുനടന്നു.

വൃദ്ധന്റെ മറുപടി കേട്ട തവളയുടെ തലയിൽ ഇടിവാൾമിന്നി. അതിന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. കരിയിലകൾക്കിടയിൽ ഒളിയിരുന്ന ചീവീടുകൾ അപ്പോൾ അവയുടെ സുതാര്യമായ ചിറകുകളിട്ടടിച്ച് ഗണം ചേർന്ന് ഉറക്കെ ചിലച്ച് ചിരിച്ചു. സ്വരങ്ങളുടെ ഞാറ്റുവേലയിൽ വൃദ്ധന്റെ പൂവനം നിറഞ്ഞു.

Comments

comments