ആധുനിക നാടകങ്ങളുടെ വ്യാകരണമെഴുതിയ അരിസ്റ്റോട്ടിലിന്റെ ‘പൊയറ്റിക്സി’നോളം തന്നെ പഴക്കമുണ്ട് ഇന്ത്യൻ നാടകപാരമ്പര്യത്തിനും നാട്യശാസ്ത്രത്തിനും. ഭാസന്റെയും കാളിദാസന്റെയും നാടകങ്ങളാലും നാട്യശാസ്ത്രനിയമങ്ങളെയും കടന്ന് നിൽക്കുന്ന ശൂദ്രകന്റെ മൃച്ഛഘടികം പോലെയുള്ള നാടകങ്ങളാലും സമ്പന്നമാണു അതിന്റെ വഴക്കങ്ങൾ. പിന്നീടുണ്ടായ ഒരു ഇടർച്ചയ്ക്ക് ശേഷം ഇന്ത്യൻ നാടകലോകം അതിന്റെ തുടർച്ചയും പുനർജ്ജനിയും കണ്ടെത്തിയത് ബ്രിട്ടീഷിന്ത്യയിലാണു. ഗ്രീക്ക് നാടകത്തിന്റെ, അതിന്റെ പ്രൊസീനിയത്തിന്റെ, സ്റ്റേജിന്റെ, രീതികളായിരുന്നു അന്നുമുതൽ അതിന്റെ വികാസങ്ങളിൽ മുഴച്ച് നിന്നത്. സോഷ്യൽ റിയലിസ്റ്റ് നാടകങ്ങളുമായി ഇടതുപക്ഷ നാടകവേദിയായ ഇപ്റ്റ ശക്തിയാർജ്ജിച്ചപ്പോഴും പിന്നീട് ക്ഷയിച്ചപ്പോഴും അതിനു ശേഷവും ആ യൂറോപ്യൻ സങ്കേതങ്ങൾ തന്നെയാണു ഇന്ത്യൻ നാടകം പിന്തുടർന്നത്.

ഇക്കാലയളവിൽ നാടകത്തിന്റെ ഇന്ത്യൻ അംശങ്ങളും സൗന്ദര്യശാസ്ത്രവും വീണ്ടെടുക്കുന്ന പരീക്ഷണങ്ങൾ ഇന്ത്യയിൽ പലയിടത്തും ഉയർന്നുവന്നു. ഇന്ത്യൻ നാടകത്തിന്റെയും സംഗീതത്തിന്റെയും പൈതൃകസങ്കേതങ്ങൾ – നാടോടി-നാട്ട് കലകളെയും അതിന്റെ ക്ലാസ്സിക്കൽ – സംസ്കൃത അവതരണരീതികളെയും അരങ്ങിലേക്ക് തിരിച്ചെത്തിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളായിരുന്നു അവ. കേരളത്തിൽ സി എൻ ശ്രീകണ്ഠൻ നായർ മുന്നോട്ടുവച്ച തനത് നാടകവേദി എന്ന അത്തരത്തിലുള്ള ആശയം അതിന്റെ പ്രകാശനം കണ്ടത് കാവാലത്തിന്റെ കർതൃത്വത്തിലായിരുന്നു. എന്നാൽ നാടകമാണു തന്റെ വഴി എന്ന് ഉറപ്പിച്ചുകഴിഞ്ഞ അദ്ദേഹത്തെ സംബന്ധിച്ചോളം അവ പരീക്ഷണങ്ങളായിരുന്നില്ല, ഇന്ത്യൻ സൗന്ദര്യശാസ്ത്രവ്യാകരണത്തിലൂന്നിയ കലർപ്പില്ലാത്ത ആവിഷ്കാരങ്ങളായിരുന്നു. അരവിന്ദനൊപ്പം ‘അവനവൻ കടമ്പ’യിലെത്തുമ്പോൾ പ്രൊസീനിയത്തിനും പ്രേക്ഷകനുമിടയ്ക്കുള്ള കർട്ടൻ ഇല്ലാതാവുകയും നാടകത്തിന്റെ രംഗഭൂമി സ്റ്റേജെന്ന ജ്യാമ്യതീയതയിൽ നിന്ന് സ്വതന്ത്രമാവുകയും ചെയ്തു. നാടോടി -നാട്ട് കലകളും അനുഷ്ഠാനകലകളും ക്ലാസിക്കൽ നൃത്തസംഗീതപദ്ധതികളും കളരിപ്പയറ്റുമെല്ലാം ഉൾച്ചേർന്ന പുതിയ ആവിഷ്കാരപദ്ധതി ഇന്ത്യൻ സൗന്ദര്യസങ്കൽപ്പങ്ങളുടെ കടുംനിറങ്ങളെല്ലാം അതിൽ ഉൾച്ചേർത്തു. നൃത്തവും സംഗീതവും അഭിനയസാധ്യതയും രംഗവും ഭാഷയും ആവിഷ്കാരത്തിന്റെ പൂർണ്ണത അന്വേഷിച്ചു.

നാടകം ജീവിതവും അന്വേഷണവുമാക്കിയ കാവാലം ക്ലാസിക്കൽ സംസ്കൃതനാടകങ്ങളുടെ മികവുറ്റ ആഖ്യാതാവും കാളിദാസന്റെ സ്വന്തം ഉജ്ജയിനിക്കുവരെ പ്രിയപ്പെട്ട നാടകകാരനാകുകയും ചെയ്തത് നാടകത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ത്വര കൊണ്ടായിരിക്കാം. എന്നാൽ അതിലേക്ക് അദ്ദേഹം ഉൾച്ചേർത്ത നാട്ടുവഴക്കങ്ങളും ശീലുകളും അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുപോലെ ആർജ്ജിച്ചെടുത്തതല്ല – കുട്ടനാട്ടിന്റെ മണ്ണും ജീവിതവും ജന്മനാ തന്നെ അദ്ദേഹത്തിൽ സമന്വയിപ്പിച്ചവയാണു. ആ തനത് സംഗീതത്തെയും പാട്ടിനെയും നൃത്തത്തെയും തിയേറ്ററിന്റെ തികവാർന്ന അലങ്കാരങ്ങളിലേക്കും ഛന്ദസുകളിലേക്കും പകർന്നു കൊണ്ടുവന്നപ്പോൾ കാവാലം ശക്തിപ്പെടുത്തിയത് രണ്ടിനെയുമാണു – ഇന്ത്യൻ നാടകസങ്കേതത്തെയും നാട്ടുകലാരൂപങ്ങളെയും. നമ്മുടെ നാടകലോകത്തിനു ഏറെ പ്രശംസിക്കപ്പെട്ട ഭാവുകത്വപരിണാമങ്ങൾ തീർത്ത, അതിന്റെ ആത്മാംശം കണ്ടെത്താൻ പരിശ്രമിച്ച ഒരു പ്രതിഭയാണു വിടവാങ്ങിയിരിക്കുന്നത്.

ഈ കർക്കിടകം തുടം തുടമായി, കുടം കുടമായി വാർക്കുന്ന ഒരു മഴ ആ തേവർക്കായിരിക്കും. ആ നാടകത്തേവർക്ക്.

കാവാലത്തിനു നവമലയാളിയുടെ ആദരം.

Comments

comments