Everybody loves a good drought എന്ന പുസ്തകത്തിന്റെ ആ വിചിത്രമായ തലക്കെട്ട് ഒട്ടൊന്നുമല്ല കൗതുകമുണർത്തിയത്. അതൊരു പത്രപ്രവർത്തകന്റെ ഇന്ത്യൻ ഗ്രാമങ്ങളെക്കുറിച്ചറിയാനുള്ള അടങ്ങാത്ത ആവേശത്തിന്റെ പരിണതഫലമാണ്.

സ്വാഭാവികമായ പ്രകൃതിദുരന്തങ്ങൾക്കുമപ്പുറം ദുരയും അവിവേകവും വരുത്തിച്ചേർത്ത കൊടിയ നാശങ്ങൾ, സഹജാവബോധം പോലും നഷ്ടപ്പെട്ട പരിഷ്കൃതജനത കൈവരിച്ച സൂയിസൈഡ് പോയന്റുകൾ .. നാം ഇളവില്ലാതെ ശ്രമിച്ച് നേടിയെടുത്തതാണ് ഈ പോയന്റുകളത്രയും. ഡവലപ്മെന്റ് റിലേറ്റഡ് മിസ് പ്ലേയ്സ്മെന്റ് എന്ന ഓമനപ്പേരിൽ നാം വിശേഷിപ്പിക്കുന്ന ഈ വാസ്തുഹാരകൾ ഏത് കാലത്താണ് പരിഹരിക്കപ്പെടുക. പച്ചയുടെ നിറവ് ഇനിയെത്ര കാലത്തേക്ക് എന്ന നിലവിളി കനത്തു പോയl നിശ്ശബ്ദ താഴ് വാരങ്ങള്‍ .. വികസനം കൊണ്ടുവരുന്ന വൻ ലാഭങ്ങൾ കൊയ്തെടുക്കാൻ പറ്റിയ അരിവാൾ മൂർച്ച കൂടുകയാണ് അണിയറയിൽ. നാട്ടു നന്മകൾ പൂക്കുന്ന ആ വയലേലകൾ.. തോടുകൾ ഒക്കെ ഏറെക്കുറെ ഇങ്ങിനി മടങ്ങി വരാത്തവണ്ണം പോയ് മറഞ്ഞു. ഊർജ പ്രതി സന്ധി പരിഹരിക്കാൻ ആത്മഹത്യാപരമായ തീരുമാനങ്ങളിലേക്ക് എത്തുന്ന ഭരണകൂടങ്ങൾ ഏത് നാട്ടിലും ബൗദ്ധിക ശൂന്യതയുടെ സ്ഥിതിയൊരുക്കുന്നു.

5850018772_e9772b1cce_b

ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള ഒരു ബോധം ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര സാമൂഹ്യ ജീവിതം മുന്നോട്ട് വെച്ചവികസന നയം തത്വത്തിൽ ഇന്ത്യൻ ഗ്രാമങ്ങളിൽ വികസനത്തിന്റെ ആദ്യ മുകുളങ്ങൾ ഉയരണമെന്ന ഗാന്ധിയൻ തത്വങ്ങളിൽ നിന്ന് പാടേ ഭിന്നമായിരുന്നു. വാസ്തവസ്ഥിതിയും വിഭാവനം ചെയ്യുന്ന വികസിത സാമ്രാജ്യവും തമ്മിലുള്ള അന്തരം ഭീകരമായിരുന്നു. അതിനാൽ നമുക്ക് സൂപ്പർ മാളുകൾ ഒരു വശത്ത്;നിസ്വരുടെ വഴിയോര വസതികൾ ഒരു വശത്ത് എന്ന നിലയായി. ആദിവാസി ക്ഷേമത്തിനു് പ്രവർത്തിക്കുന്നവർ തനതു ജീവിത സാഹചര്യങ്ങളിൽ നിന്ന് അവരെ പറിച്ചെടുത്ത് നഗര ആർഭാടങ്ങളിലേക്ക് പ്രതിഷ്ഠിക്കുന്നതു പോലെ പ്രകൃതി വിരുദ്ധങ്ങൾ ഇന്ത്യയിൽ പരക്കെ നടന്നു. കേരളത്തിലും വികസനത്തിന്റെ കാഹളങ്ങൾ മുഴങ്ങിയത് പ്രായോഗിക ജീവിത സിദ്ധാന്തങ്ങളിൽ ഊന്നി ക്കൊണ്ടായിരുന്നില്ല. സമാന്തരസംവിധാനങ്ങൾ എന്നും പരിഹസിക്കപ്പെടുകയും ഒരു നിവൃത്തിയില്ലായ്മയിൽ മുഖ്യധാരയിലെ മാധ്യമങ്ങൾ ശ്രദധിച്ച് പിന്നെ ജനങ്ങളിലേക്കെത്തുകയുമാണ് ചെയ്തു വന്നത്. ഹരിതവിപ്ലവം, ശ്വേത വിപ്ലവം എന്നിവ താൽക്കാലികമായി നാടിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് യോജ്യമാണെന്ന ധാരണയിൽ സ്വീകരിക്കപ്പെട്ടു. ദൂരക്കാഴ്ചകൾ ഇല്ലാതിരുന്ന ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും സുസ്ഥിരമായ ഒരു ജീവിത സിദ്ധാന്തം പ്രവൃത്തി പഥത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു. എങ്കിലും ജനങ്ങൾക്കു വേണ്ടി ബുദ്ധിപൂർവ്വം ചിന്തിക്കാനും ഭാവനാത്മകമായ ആശയങ്ങൾ പ്രാവർത്തികമാക്കാനും കറേ പേർക്കായി. നാട്ടിൽ ഒരു വികസന പ്രവർത്തനം നടന്നാൽ ഒരു സാമൂഹ്യ പ്രശ്നവും കൂടിയുണ്ടതിൽ എന്ന മട്ടിൽ ആയത് ഒരു പക്ഷെ കേരളത്തിലെ മാത്രം വിഷയമായിരുന്നില്ല. ജനകീയ പ്രതിരോധ സമരങ്ങൾ ഏതെല്ലാം നടന്നു എന്ന് ഒന്നോടിച്ചു നോക്കുന്നത് നല്ലതാണ്.അത് നാമെത്ര പ്രകൃതി വിരുദ്ധവും നീതിരഹിതവും ആയി പ്രവർത്തിക്കുന്നു എന്നതിന്റെ സാക്ഷി പത്രം കൂടിയാണ്. ചില സമരപരിപാടികൾ മാത്രം സൂചിപ്പിക്കട്ടെ

1.സൈലന്റ് വാലി സംരക്ഷണ സമരം

സൈലന്റ് വാലിയിലെ കുന്തിപ്പുഴയില്‍ അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 1973-ല്‍ പ്ലാനിങ് കമ്മീഷന്‍ സംസ്ഥാനസര്ക്കാകരിന് അനുമതി നല്കി്യതോടെയാണ് ആ വനമേഖല ഭീഷണിയുടെ നിഴലിലായത്. 1972 -ഇല്‍ ലോകമെമ്പാടും പ്രകൃതി സംരക്ഷണത്തിന്റെ ശക്തമായ സന്ദേശം നല്കിക്കൊണ്ട് സ്‌റ്റോക്ക്‌ഹോമില്‍ ‘യു.എന്‍.കോണ്ഫഅറന്സ്  ഓണ്‍ ഹ്യുമണ്‍ എന്വിൊരോണ്മെറന്റ്’ നടന്നു. വരും തലമുറകള്ക്ക്  വേണ്ടി പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം ഇന്ത്യയുള്പ്പ്ടെ 130 രാഷ്ട്രങ്ങള്‍ അംഗീകരിച്ചു. വിവിധഭാഗത്തു നിന്നുണ്ടായ ചെറുത്തു നില്പ്പു കള്ക്കൊിടുവില്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 1984 നവംബര്‍ 15-ന് സൈലന്റ് വാലിയെ നാഷണല്‍ പാര്ക്കായി പ്രഖ്യാപിച്ചു. ഒരര്ഥത്തില്‍ ഹരിതാഭയുടെ പുതിയൊരു അധ്യായം കേരളത്തില്‍ ആരംഭിക്കുകയായിരുന്നു. കാടിനെ നശിപ്പിച്ചുകൊണ്ട് വന്കിട ജലവൈദ്യുത പദ്ധതികളൊന്നും പിന്നീട് കേരളത്തില്‍ ഉണ്ടായില്ല. കാടും പരിസ്ഥിതിയും നശിപ്പിക്കാനുള്ളതല്ല, സംരക്ഷിക്കാനുള്ളതാണെന്ന് പുതിയൊരു അവബോധം വളര്ന്നു

2.മാവൂർ റയൊൺസ്-ചാലിയാർ സമരം

മാവൂരിലെ ഗ്വാളിയർ റയോൺസ് ഫാക്റ്ററി ചാലിയാർ പുഴ മലിനമാക്കുന്നതെനിതിരെ 1970-കളിൽ ആണു സമരം ആരംഭിച്ചത്. ഫാക്റ്ററിയിലെ സ്വതന്ത്ര ടേഡ് യൂണിയനായ ഗ്രോ (GROW) സമരത്തെ നയിച്ചു. വർഷങ്ങളളോളം നീണ്ടുനിന്ന സമരം ജനഹിതമനുസരിച്ച്  വിജയത്തിലെത്തി. സമൂഹത്തിൽ പരിസ്ഥിതി അവബോധത്തിലുണ്ടായ വലിയൊരു വികാസമായിരുന്നു ഈ സമരം.

3.ബേക്കൽ തീര സംരക്ഷണ സമരം

ബേക്കൽ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പുകയില കർഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരേയും, തീരദേശ സംരക്ഷണ നിയമങ്ങൾ അവഗണിക്കപ്പെടുന്നതിനെതിരേയുമായിരുന്നു ബേക്കൽ സമരം. 1990-കളിൽ ആണ് സമരം നടന്നത്.

4.ഭൂതത്താൻ കെട്ട് ആണവ നിലയ വിരുദ്ധ സമരം

കോതമംഗലത്ത് ഭൂതത്താൻ കെട്ടിൽ ആണവ നിലയം സ്ഥപിക്കുന്നതിനെതിരെ 1980-കളിൽ ആണ് ഈ സമരം നടന്നത്. ആണവനിലയങ്ങളിലെ സുരക്ഷയെ സംബന്ധിച്ച് വലിയൊരവബോധം കേരളീയ സമൂഹത്തിൽ ഉണ്ടാക്കിയെടുക്കാൻ ഇതിന്നായി.

5.പെരിങ്ങോം ആണവ നിലയ വിരുദ്ധ സമരം

6.തീരദേശ സംരക്ഷണ നിയമം (CZR ആക്റ്റ്) നടപ്പാക്കൽ സമരം

7.വർഷകാല ട്രോളിങ്ങ് നിരോധന സമരം

വർഷകാലത്ത് സമുദ്രത്തിലെ മൽസ്യങ്ങൾ പ്രജനനം ചെയ്യുന്ന സമയതു യന്ത്രവൽകൃത ബോട്ടുകൾ മൽസ്യ ബന്ധനം നടത്തുന്നതു നിരോധിക്കണമെന്നു ആവശ്യപ്പെട്ട് നടന്ന സമരം. 1970-കളിൽ ആരഭിച്ചു. കേരള സർക്കാർ കാലവർഷ ട്രോളിങ്ങ് നിരോധിച്ചു ഉത്തരവ് ഇറക്കിയിട്ടുണ്ട്.

8.പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം

പാലക്കാട് പ്ലാച്ചിമടയിലെ കൊക്കോകോളാ ഫാക്റ്ററി ഭൂഗർഭ ജലം അമിത ചൂഷണം ചെയ്യ്യുന്നതിനും പരിസ്ഥിതി മലിനീകരിക്കുന്നതിനും എതിരേ 2000-മാണ്ട് മുതൽ നടന്നു വന്ന സമരം. 2004 മാർച്ചിൽ ഫാക്ടറി അടച്ചു പൂട്ടി.ലോകമെമ്പാടും ജനശ്രദ്ധയാകർഷിച്ച സമരമായിരുന്നു ഇത്.

9.എന്ഡോ സൾഫാൻ വിരുദ്ധ സമരം

ഉത്തരകേരളത്തിൽ എൻഡോസൾഫാൻ എന്ന കീടനാശിനിയുടെ വ്യാപകമായ ഉപയോഗത്തിനെതിരെ നടക്കുന്ന സമരം. 2001ൽ എൻഡോസൾഫാനെതിരെ ഹോസ്ദുർഗ് മുൻസിഫ് കോടതിയെ സമീപിച്ച് ആകാശത്തുനിന്നുള്ള മരുന്നു തളിക്ക് താൽക്കാലിക നിരോധനം സമ്പാദിച്ചു. 2003ൽ ഹൈക്കോടതി ഈ വിധി ശരിവെച്ച്, സ്ഥിരം നിരോധനം ഏർപ്പെടുത്തി. 2004ൽ കേരള സർക്കാർ എൻഡോസൾഫാൻ നിരോധിച്ചു.

ഇനി ഇപ്പോൾ(ഇപ്പോളല്ല, മൂന്നു പതിറ്റാണ്ടുകളായി) കേരളത്തിന്റെ തലക്കു മുകളിൽ തൂങ്ങി നിൽക്കുന്ന ഈ ഡെമോക്ലീസിന്റെ വാൾ ആയ പ്രശ്നത്തിലേക്കു വരാം

                  അതിരപ്പള്ളി പ്രോജക്ട്

വാഴച്ചാൽ ജലപാതത്തിന് സു. 400 മീ. മുകളിലായി ജലവൈദ്യുതോർജ്ജ ഉത്പാദനം ലക്ഷ്യമാക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അതിരപ്പള്ളി അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടുത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് അനിശ്ചിതാവസ്ഥയിലാണ്. അതിരപ്പിള്ളി പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ് ഗാഡ്ഗിൽ സമിതി 2011 സെപ്റ്റംബറിൽ അനുമതി നിഷേധിച്ചു. 2009-ലാണ് പരിസ്ഥിതി മന്ത്രാലയം ഈ സമിതിയെ നിയോഗിച്ചത്. 1979 മുതൽ പ്രകൃതിസംരംക്ഷണത്തിന്റെ നിരന്തര സമരതന്ത്രങ്ങൾ ആവിഷ്ക്കരിക്കയും നടപ്പിലാക്കുകയും ചെയ്യുകയാണ് കേരളത്തിലെ ഒരു ചെറുവിഭാഗം. 1979 ൽ കെ.എസ്.ഇ.ബി കേന്ദ്ര മന്ത്രാലയത്തിന് അനുമതി നേടിയെടുക്കുന്നതിന്റെ മുന്നോടിയായി വനമേഖലയിൽ സർവ്വെ നടത്താൻ ശ്രമിച്ചപ്പോഴേ അപകടം മണത്ത അന്നാട്ടുകാരും ചില വനം വകുപ്പ് ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും വിവിധ തൊഴിൽ മേഖലകളിൽ ഉള്ളവരും ചേർന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴ സംരക്ഷ’ണ സമിതി രൂപീകരിക്കപ്പെട്ടു. മഴവിൽ മുന്നണി എന്ന് വിളിച്ച സമരസമിതി ഏറെ കാര്യക്ഷമമായാണ് കാര്യങ്ങൾ കൊണ്ടുപോയത്.രാഷ്ട്രീയ കക്ഷികൾക്കതീതമായ ഒരു ജനമുന്നേറ്റമായിരുന്നു അത്.

athirappallyk-770x300

ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. ഇരുൾ, ഇലവ്, വെൺതേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യ പ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തു’ക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ മീനുകൾ ഈ ജലാശയങ്ങളിലായി ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ജീവജാലങ്ങൾ മുഴുവൻ മനുഷ്യരുടെ ലാഭത്തിനായി ഉപകരിക്കുന്ന ഉപകരണങ്ങളാണെന്ന് വിചാരിക്കാത്ത കാടർ, മലയർ, തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ നിവസിക്കുന്നു. പദ്ധതി  നടപ്പാക്കിയാൽ വാഴച്ചാൽ പ്രദേശത്തെ 140 ഏക്കറോളം വനഭൂമിയാണ് നശിക്കുക. പരിസ്ഥിതിക്ക് കോട്ടം വരാതെ ഒരു പ്രോജക്ടും ഉണ്ടാവില്ല. അത്ര ലോലമായിത്തീർന്ന പ്രകൃതിയുടെ ഈ ജീൻ പൂൾ ഇങ്ങനെയെങ്കിലും നിലനിർത്തേണ്ടത് ആവശ്യമല്ലേ?. ആൾഡോ ലിയോ പോൾഡിന്റെ പ്രകൃതി പഞ്ചാംഗത്തിൽ ഒരു കാട്ടാറിലൂടെ വഞ്ചി തുഴഞ്ഞു പോകാൻഭാഗ്യമില്ലാത്ത, അല്ലെങ്കിൽ കാട്ടാറെന്തെന്നറിയാത്ത ഭാവി തലമുറയായിരിക്കും ഇനി വരുന്നതെന്ന് ഭയപ്പെടുന്നുണ്ട്. വൈദ്യുതി തന്നെയാണവിടെയും പ്രതിഭാഗത്ത് വന്നത്. അതിജീവനത്തെ ഉള്ളിലടക്കിയ  പ്രകൃതിയുടെ എല്ലാ  തന്ത്രങ്ങളെയും നിലം പരിശാക്കിക്കൊണ്ട് പുരോഗമിക്കുന്ന വികസനത്തിന്റെ ഈ ബലതന്ത്രം നാം എവ്വിധവും ചെറുക്കണം..മണ്ണിനോടും മഴയോടും മലകളോടും പാട്ടുപാട്ടു പാടിക്കൊണ്ട് ചേർന്നു നിൽക്കുന്ന വെറും പാട്ടുതൊഴിലാളികൾ അല്ല കവികൾ എന്നു തെളിയിച്ച ആ സൈലന്റ്‌വാലി പ്രതിരോധ കാലം ഓർമ്മയിൽ …

വീണ്ടും ഒരു റഫീഖ് അഹമ്മദ്  “ശത്രു” എന്ന കവിതയുമായി രംഗത്ത് വരുന്നു.

” മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വർഗ്ഗശത്രു..
അവയിലൂടണി മുറിയാതെ വീണൊഴുകുന്ന
ജലധാര മറ്റൊരു മുഖ്യശത്രു
അതിരറ്റ സ്നേഹത്തണുപ്പാൽ ചെടികളെ,
പലതരം ജീവപ്രകാശനത്തെ
ഉയിരോട് ചേർക്കുന്നൊരതിജീവനത്തിന്റെ
അതിരപ്പിള്ളീ
നീയെൻ ജന്മശത്രു “

കവികൾ ലോകത്തെ കാണുന്നത് സത്യത്തിന്റെ മങ്ങൂഴങ്ങളിൽ ഇരുന്നുകൊണ്ടാണ്…പലർക്കും അല്പം മാത്രം നേരിട്ടറിയാവുന്നവ,അറിയാൻ  കഴിയാത്തവ കവിയുടെ ഇത്തിരിവട്ട ജാലകത്തിലൂടെ പുറത്തുവരുമ്പോൾ സത്യത്തിന്റെ ദൂരക്കാഴ്ചകൾ ആയി മാറുന്നു.

വലിയ വിശദീകരണങ്ങള്‍ ഒന്നുമില്ലാതെ ലളിതമായി പറയാവുന്ന ഒന്നുണ്ട്.

അതിരപ്പിള്ളി പദ്ധതി കേരളത്തിന് ആവശ്യമില്ല എന്നത് .കാരണങ്ങള്‍ ചിലത് :

1- കേരളം ഇനിയൊരു വന്‍ അണക്കെട്ടിനെ താങ്ങും എന്നു തോന്നുന്നുണ്ടോ?അത്ര മാത്രം ശോഷിച്ചിരിക്കുന്നു ഇവിടെ പ്രകൃതി.

2- പരിസ്ഥിതിക്ക് കോട്ടമില്ലാതെ എങ്ങനെ അണക്കെട്ടുണ്ടാക്കും എന്നാണ് പറയുന്നതു?.

ആദ്യം തകരുന്നത് പരിസ്ഥിതിയായിരിക്കും ..

3- സൌന്ദര്യബോധം കൊണ്ടോ കാവ്യാത്മകമനോഭാവം .കൊണ്ടോ മാത്രമല്ല എതിര്‍പ്പ്.തികഞ്ഞ ശാസ്ത്രബോധം കൊണ്ടും കൂടിയാണ്.

4- ഊര്‍ജപ്രതിസന്ധി പരിഹരിക്കേണ്ടത് ഉള്ള കഞ്ഞിയില്‍ പാറ്റയിട്ടുകൊണ്ടല്ല.

5- ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം നേടാന്‍ ധാരാളം പദ്ധതികള്‍ നടപ്പാക്കാവുന്നതേയുള്ളൂ.

6- ബദല്‍ഊര്‍ജോല്‍പ്പാദന മാര്‍ഗങ്ങളായ സൌരോര്‍ജം,തിരമാലകളില്‍ നിന്നുണ്ടാക്കാവുന്ന വൈദ്യുതി,വിന്‍ഡ് എനര്‍ജി ,ബയോഗ്യാസ് ,കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളില്‍ നിന്നുണ്ടാക്കാവുന്ന ഊര്‍ജം  എന്നിങ്ങനെ കേരളത്തിന്റെ ഭൌതിക സാഹചര്യങ്ങളില്‍ നടപ്പാക്കാന്‍ പറ്റുന്ന ഇവ നടപ്പിലാക്കിക്കാണിക്കുകയാണ് വേണ്ടത്.

Athirappilly-waterfalls

വികസനത്തിന്റെ ബദൽ രേഖകൾ പലനാൾ പല കുറി പറഞ്ഞിട്ടും ഫലപ്രാപ്തിയിലെത്താതെ പോവുകയാണ്. തീർച്ചയായും ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യപ്പെടുന്നവർ പറയുന്ന ഊർജ്ജ പ്രതിസന്ധി എന്നത് ഒരു ഗൗരവമുള്ള വിഷയം തന്നെയാണ്. നീണ്ട കടൽത്തീരവും കനത്ത സൂര്യപ്രകാശവും സമൃദ്ധമായ കാറ്റടിക്കുന്ന ഭൂമികളും ഉണ്ടായിട്ടും നമുക്കെന്തു കൊണ്ട് സമാന്തര ഊർജ്ജ പ്രോതസ്സുകൾ സാക്ഷാല്ക്കരിക്കാൻ പറ്റുന്നില്ല? ഏകദേശം ആയിരം വാട്സ് ഉൽപാദനക്ഷമതയുള്ള സോളാർ പാനൽ വഴി 4 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം എന്നാണ് സോളാർ എനർജി ലഭ്യതയെ കുറിച്ചുള്ള കണക്ക്.10 സ്ക്വയർ മീറ്റർ സ്ഥലം മതി ഇതിന്. തുടക്കത്തിൽ ചിലവല്പം കൂടുതലാണെങ്കിലും ഗ്രാമീണ പദ്ധതികൾ ആവിഷ്കരിച്ച് ഇത് ഫലവത്താക്കാവുന്നതേയുള്ളു. കേരളത്തിൽ പ്രാബല്യത്തിൽ വരുത്താവുന്ന ഊർജ സ്രോതസ്സുകളുടെ വിനിയോഗം കുറച്ചു പഠനങ്ങളും പരിശീലനങ്ങളും മാത്രം മതി എത്ര പ്രായോഗികം എന്നു മനസ്സിലാക്കാൻ. ചിത്രത്തിലെ സോളാർ ലാംപ് ഗാർഡനിൽ വെയ്ക്കാവുന്ന രീതിയിൽ ഉള്ളതാണ്. സന്ധ്യക്ക് താനേ കത്തുകയും പുലരിയിൽ കെടുകയും ചെയ്യുന്നു. നല്ല പാകത്തിന് ഉള്ള വെളിച്ചം കിട്ടുന്നു. 13493408_1202778583089051_985688854_oഇതൊരു ലളിതസംവിധാനം. കുറേക്കുടി സങ്കേത ബദ്ധമായി ചെയ്യുമ്പോൾ ഗൃഹോപയോഗത്തിനും ഹോട്ടൽ, മാർക്കറ്റ്, കലാലയങ്ങൾ എന്നീ പൊതു ഇടങ്ങളിലേക്കും ഭംഗിയായി സ്വീകരിക്കാവു ന്നതേയുള്ളു.വിദേശ രാജ്യങ്ങൾ പലയിടത്തും പ്രാബല്യത്തിൽ വരുത്തിയ ഈ സംവിധാനം നമ്മുടെ നാട്ടിൽ എത്തിച്ചേരുമ്പോൾ എന്തൊക്കെ നൂലാമാലകൾ… വികസനം സത്യത്തിൽ നടക്കേണ്ടത് അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടി തികച്ചും പ്രകൃതി സഹജമായ സജ്ജീകരണങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിലാണ്. ഓരോ പഞ്ചായത്തിലും സോളാർ-ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കപ്പെട്ടാൽ ഗൃഹോപയോഗത്തിനുള്ള വൈദുതിയും ഇന്ധനവും ആവശ്യാനുസരണം ലഭിക്കും എന്നതിൽതർക്കമില്ല. ആസ്പത്രി വ്യാവസായിക ആവശ്യങ്ങൾക്ക് വൈദുതി ലഭ്യമാക്കി ആ ക്ഷാമം പരിഹരിക്കാനും ആവും..ടെക്നോളജിയുടെ കുറവുകൊണ്ടാണോ? അതോ മൂലധനത്തിന്റെ അപര്യാപ്തതയോ? എന്തുകൊണ്ട് ഇത്തരം പദ്ധതികൾ, ഒരു മരച്ചില്ല പോലും വെട്ടാതെയും ഒരു കുഞ്ഞു തോടു പോലും തടയാതെയും നമുക്ക് ഊർജം ലഭ്യമാക്കാം എന്നിരിക്കെ എന്തിന് നാം ആത്മഹത്യാപരമായ വഴികളിലേക്ക് പോകുന്നു? ഒരു ഗ്രാമത്തിൽ പോലും സൂപ്പർ സ്പെഷ്യാലിറ്റി ക്ലിനിക്കും സൂപ്പർമാർക്കറ്റും സാധാരണമായിക്കഴിഞ്ഞ കേരളത്തിന് സമാന്തരമാർഗ്ഗങ്ങൾ നോക്കിയില്ലെങ്കിൽ ഊർജ ക്ഷാമം ഭയങ്കരമായിരിക്കും. ഉള്ള വൈദ്യുതി ആനുപാതികമായി വീതം വെക്കുന്നതിനു പകരം നഗരങ്ങളെ മാത്രം സേവിക്കുന്ന നീതി നിഷേധം കാണാതിരിക്കാൻ ആവില്ല. ആദിവാസിയായ ഗീത എന്ന പെൺകുട്ടി അതിരപ്പള്ളി പദ്ധതിയെ പറ്റി പറയാനായി തിരുവനന്തപുരത്ത് പോയപ്പോൾ പകൽ പോലെ വെളിച്ചം പൂത്തു  നിൽക്കുന്ന രാത്രി വിളക്കുകൾ കണ്ട് അൽഭുതം കൂറി നിന്നത് ഏതോ വാരികയിൽ കണ്ടിരുന്നു. അവരുടെ ഏറ്റവും സൗമ്യമായ ആവശ്യങ്ങൾ പോലും നിഷ്ക്കരുണം കാറ്റിൽ പറത്തിക്കൊണ്ടാണ് കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നത്.ഭരണഘടനയിൽ ഭാഗം അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും വേണ്ടിയുള്ളതാണ്. മനുഷ്യാവകാശ നിയമങ്ങളിൽ Stateless persons എന്നു വിവക്ഷിക്കുന്നവരുടെ പരിഗണന തന്നെയാണ് വൻകിട പ്രോജക്ടുകൾ കാരണം വീടും നാടും വിട്ടു പോകേണ്ടി വരുന്നവരോട് കാണിക്കേണ്ടത്.സ്വാഭാവിക പ്രകൃതിദുരന്തങ്ങൾ വളരെ കുറച്ച മാത്രം സംഭവിക്കുന്ന കേരളത്തിൽ ബാക്കിയെല്ലാം മനുഷ്യനിർമ്മിത ദുരന്തങ്ങളാണ്. വനം വെട്ടാനും തീയിട്ട് നശിപ്പിക്കാനും പാടം ഇഷ്ടികക്കളമാക്കാനും നികക്കാനും പുഴയിലെ മണൽ നിശ്ശേഷം കോരിയെടുക്കാനും ക്രമം വിട്ട് തുടങ്ങിയപ്പോൾ സംഭവിച്ചതാണ് കേരളത്തിലെ പരിസ്ഥിതി ദുരന്തം. അതിനപ്പുറം പ്രകൃത്യാ ദുരിതമയമല്ല ഈ ഭൂമി മലയാളം.

വികസനം ഒരു മാന്ത്രിക മയൂരം പോലെയാണ്. ഇല്ലാത്ത വിസ്മയക്കാഴ്ചകൾ കൊണ്ടുവന്നു തരും. ഒരു നിമിഷം കൊണ്ടു മായും. കണ്ടതിനപ്പുറം കാണാത്തതിനെപ്പറ്റി വ്യഥ പൂണ്ടു വല്ലാത്തൊരു കെണിയിൽപെട്ട പോലാവും. ഒന്നും ശരിയല്ല എന്നു തോന്നുക കറേക്കഴിഞ്ഞാണ്. നമുക്ക് സംഭവിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങൾ വികസനത്തിന്റെ മാത്രമല്ല, നമുക്ക് അന്യമായ സഹാനുഭൂതിയുടേയും  ഉൾക്കണ്ണിന്റേയും കൂടി അടയാളവാക്യങ്ങളാകുന്നു. വെള്ളച്ചാട്ടത്തിന് തൊട്ടരുകിലേക്ക് പോകുന്തോറും മഴവിൽ വിരിയുന്ന വർണ്ണശീകരങ്ങൾ കാണാം. വെള്ളച്ചാട്ടത്തിനു മാത്രം വിന്യസിക്കാൻ കഴിയുന്ന കുടമാറ്റമാണത് …ഒരു പൂ വിരിയുമ്പോൾ കാടിന്റെ വസന്തം.. ഒരു തുള്ളി മഞ്ഞു നീരിൽ ഒരു വെള്ളച്ചാട്ടം.. ഒരു കിളിത്തൂവലിൽ ഒരു  ജന്മസൗഭഗം.. അതൊക്കെ പൂർവ്വികന്റെ മനോരഥങ്ങളായി എഴുതിത്തള്ളാതിരിക്കുക…

Comments

comments