യൂറോപ്പ് ലോക ചരിത്രത്തിലെ മറ്റൊരു നിർണായക ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ആഗോളീകരണം ലോക സമ്പത്ത് വ്യവസ്ഥക്കും വ്യത്യസ്ത മേഖലാ സാമ്പത്തിക കൂട്ടായ്മകൾക്കും ഏൽപ്പിക്കുന്ന (സാമ്പത്തിക മാന്ദ്യം ഉൾപ്പടെയുള്ള ) പ്രതിസന്ധികൾ രൂക്ഷമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ  യൂറോപ്പിലെ പുതിയ മാറ്റങ്ങൾ വളരെ ആഴത്തിലും സൂക്ഷ്മമായും വിലയിരുത്തപ്പെടേണ്ടതുണ്ട്. ബ്രിട്ടീഷ് ജനതയുടെ ‘ബ്രെക്സിറ്റ്‌’ ഹിതപരിശോധനാ ഫലം ആ അർത്ഥത്തിൽ യൂറോപ്യൻ ഭൂസാമ്പത്തിക തന്ത്രത്തിലെ ദിശാമാറ്റത്തിന്റെ ഒരു സൂചനയാണ്.  അതോടൊപ്പം ചേർത്തു വായിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ആഗോളീകരണം അനിവാര്യമാക്കുന്ന രണ്ടു പ്രധാന പ്രക്രിയകൾ ഒരേ സമയം പ്രതിസന്ധികൾക്ക് കാരണവും പരിഹാരവുമാകുന്നു. ഒന്നു സ്വതന്ത്ര വ്യാപാരവും തുറന്ന  വിപണിയും.മറ്റേതു തുറന്ന അതിർത്തികളും കുടിയേറ്റവും. ആഗോള മൂലധനത്തിന്റെ വ്യത്യസ്ത മേഖലകളിലെ വ്യാപനവും അതു സൃഷ്ട്ടിക്കുന്ന സമ്മർദ്ദങ്ങളും അലോസരങ്ങളും ഈ സന്ദർഭത്തിൽ തന്നെയാണ് മനസ്സിലാക്കേണ്ടത്. ഓരോ പ്രതിസന്ധിയെയും പുതിയ അവസരങ്ങളായി രൂപാന്തരപ്പെടുത്താൻ ആഗോളസാമ്പത്തിക ശക്തികൾക്കു  ഇന്ന് കഴിയുന്നുണ്ട്. തൊഴിലിനേയും തൊഴിലാളി വർഗത്തെയും തന്ത്രപരമായി കീഴടക്കാനും സ്വാംശീകരിക്കാനും അവർക്കു കഴിയുന്നുമുണ്ട്. അതിനിയും സാധ്യമാണോ എന്ന ചോദ്യത്തിനുത്തരം വരും നാളുകൾ നൽകേണ്ടി വരും.

ബ്രിട്ടൻ  ഒരു മേഖലാ സംവിധാനത്തിൽ നിന്നും പിൻവാങ്ങുന്നതിൽ എന്തിനാണു പലർക്കും ഭീതിയും ആധിയും? എന്താണ് മറ്റുചിലർക്കു അക്കാര്യത്തിൽ സന്തോഷവും പ്രതീക്ഷകളും? കമ്പോള സാമ്പത്തിക ശാസ്ത്ര വീക്ഷണത്തിൽ ആഗോള വിപണിയുടെ ഗതീയതക്ക് ബ്രിട്ടന്റെ തീരുമാനം  ഹ്രസ്വകാലാടിസ്ഥാനത്തിലും  ദീർഘകാലാടിസ്ഥാനത്തിലും വെല്ലുവിളികൾ ഉയർത്തും. ഹ്രസ്വകാലയളവിൽ പൗണ്ട്  ഉൾപ്പടെയുള്ള നാണയങ്ങൾക്ക് മൂല്യമിടിയും. ഊഹകമ്പോളത്തിൽ ഓഹരി മൂല്യം താഴും. നിക്ഷേപകർ നെട്ടോട്ടമോടും. പക്ഷെ ഇതെല്ലാം എല്ലാ കാലത്തും സംഭവിച്ചികൊണ്ടിരിക്കുന്ന കാര്യങ്ങളല്ലേ ? ഇതെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പരിഹരിച്ചുകൊണ്ടിരിക്കുകയുമല്ലേ ? ശരിയാണ്. പക്ഷെ ബ്രിട്ടൻ ഇനി താത്ക്കാലിക പരിഹാരങ്ങളിൽ അഭിരമിക്കാൻ  താത്പ്പര്യപ്പെടുകയില്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള പുതിയ ദേശസാമ്പത്തിക തന്ത്രങ്ങൾ യൂറോപ്യൻ  ഭൂരാഷ്ട്രതന്ത്രത്തിന്മേൽ പ്രതിഷ്ഠിക്കാനാണ് ലണ്ടൻ ആസ്ഥാനമായുള്ള സാമ്പത്തിക ബുദ്ധികേന്ദ്രങ്ങൾ ഇനി ശ്രമിക്കാൻ സാധ്യത. അല്ലെങ്കിൽ തന്നെ കഴിഞ്ഞ കുറെ നാളുകളായി ബ്രിട്ടീഷ് മൂലധനത്തിന് യൂറോപ്യൻ വിപണിയുമായുള്ള കച്ചവടത്തിൽ വലിയ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിയുന്നില്ല. വ്യാപാരത്തിലെ അടവുശിഷ്ടം ബ്രിട്ടന് അനുകൂലവുമല്ല. ചൂഷകർ തന്നെ പരസ്പരം ചൂഷണം ചെയ്യുന്നതിലെ ആന്തരിക വൈരുധ്യം ആഗോള പൊട്ടിത്തെറികൾക്കു കാരണമാകുമെന്ന യാഥാർഥ്യം യൂറോപ്പ് തന്നെ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

തുറന്ന വിപണിയും തുറന്ന  അതിർത്തികളും മൂലധന ഒഴുക്കിനെ ത്വരിതപ്പെടുത്തുമെങ്കിലും അതു ഒഴുകിയെത്തുന്ന ഇടങ്ങൾ കരുതലോടെ ഇരുന്നില്ലെങ്കിൽ വെള്ളപ്പാച്ചിലിൽ തകർന്നടിയും. ഇവിടെയാണ്  രാഷ്ട്രീയ സംവിധാനങ്ങളും സാമ്പത്തിക കേന്ദ്രങ്ങളും സൂക്ഷ്മതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ലോകം വെറും വിപണി മാത്രമല്ലെന്നും ക്രയവിക്രയങ്ങൾ സാമ്പത്തിക മാനദണ്ഡങ്ങളിലൂടെ മാത്രം കാണാൻ പാടില്ലെന്നും കൂടി ബ്രെക്സിറ്റ് മുന്നറിയിപ്പ് നൽകുന്നു. സാമൂഹിക സുരക്ഷിതത്വം ഇല്ലാത്ത ജനങ്ങളും സ്വതന്ത്രാധികാരമില്ലാത്ത ഭരണകൂടവും ചേർന്നാൽ  വിപണി-നിയന്ത്രിതമായ രാജ്യം അരാജകത്വത്തിലേക്കും അനിശ്ചിതത്വത്തിലേക്കും നീങ്ങുമെന്ന് വികസിത രാജ്യങ്ങൾ തന്നെ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമ്പത് ഘടനയുടെ പെരുപ്പിച്ച വളർച്ചാ നിരക്ക്, ധനകാര്യ സ്ഥാപനങ്ങളുടെ കണക്കിന്റെ കളികൾ, ഊഹക്കച്ചവടത്തിന്റെ തുടർനാടകങ്ങൾ  എന്നിവയെല്ലാം സാമൂഹിക യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ഭരണകൂടം ഉത്തരം പറയേണ്ടിവരും. വർദ്ധമാനമായ തൊഴിലില്ലായ്മ, വരുമാനമില്ലായ്മ, ചെറുകിട-പ്രാദേശിക വിപണികളുടെ തകർച്ച, പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയവയെല്ലാം ഒരു  ഭാഗത്ത്. വംശീയത, കുടിയേറ്റ വിരുദ്ധത, സങ്കുചിത വാദം, മൗലിക വാദം, തീവ്രവാദം തുടങ്ങിയവയെല്ലാം  മറുഭാഗത്തും. ഈ വൈരുദ്ധ്യങ്ങളെ ഏറ്റെടുക്കേണ്ടി വരുന്നത് ഭരണകൂടങ്ങളുടെ മുമ്പിലുള്ള വലിയ വെല്ലുവിളിയാണ്. യൂറോപ്പ് ഇന്ന് ഈ വൈരുദ്ധ്യങ്ങളെയും    വെല്ലുവിളികളെയും ഏറ്റെടുക്കാൻ  ബാധ്യസ്ഥരായിരിക്കുന്നു.

ഫ്രാൻസും ഗ്രീസും, ഡെന്മാർക്കും, നെതെർലാൻഡ്‌സും മറ്റു പല രാജ്യങ്ങളും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴിയേ സഞ്ചരിക്കാൻ ബ്രിട്ടനും നിർബന്ധിതമാക്കപ്പെടും എന്നു ഒരു വലിയ വിഭാഗം ജനങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഇതു ബ്രിട്ടന്റെ ചരിത്രപരമായ ‘സ്ഥാനമാനങ്ങൾക്കു’ വെല്ലുവിളിയാണെന്നും അവർ കരുതുന്നു. പാൻയൂറോപ്യൻ കുടിയേറ്റം അത്രകണ്ട് നല്ലതല്ലെന്ന് ബ്രിട്ടീഷ് ജനത കരുതുന്നെങ്കിൽ അവരെ കുറ്റം പറയാൻ കഴിയില്ല. യൂറോസോണിൽ അംഗമല്ലെങ്കിലും ഷെങ്കൻ സംവിധാനത്തിൽ പ്രവർത്തിക്കുന്നില്ലെങ്കിലും കുടിയേറ്റവും സാമ്പത്തിക മാന്ദ്യവും ബ്രിട്ടന്റെ സാമൂഹിക ഇടം ആത്യന്തികമായി കലുഷമാക്കുമെന്നു അവർ ഭയപ്പെടുന്നു. അതുകൊണ്ടു കൂടുതൽ ‘സുരക്ഷിത’ മായ ദീര്ഘകാലാടിസ്ഥാനത്തിലുള്ള ‘ നിലനില്പ്പാ’ ണ് ഇന്ന് ‘വിടുതൽ’ ശക്തികൾ ലക്ഷ്യമിടുന്നത്. യാഥാസ്ഥിതിക-തീവ്രവലത് ശക്തികൾക്കു  ഇത്തരമൊരു സംവിധാനത്തിൽ സ്വാഭാവികമായും താല്പര്യമുണ്ടാകുന്നത് രാക്ഷ്ട്രീയമായി തിരിച്ചറിയുകയും വേണം.  ആഭ്യന്തര സാമൂഹികാസ്വാസ്ഥ്യങ്ങൾ നന്നായി മുതലെടുത്തു മുന്നോട്ടു വരുന്നതിനു ഇത്തരം കക്ഷികൾക്ക് കഴിയും. തൊഴിലാളികളുടെ അസ്വസ്ഥതകളും പ്രതിഷേധങ്ങളും ക്രിയാത്മക-രാഷ്ട്രീയമായി രൂപാന്തരപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ അതു പ്രതിലോമ-യാഥാസ്ഥിതിക രാഷ്ട്രീയത്തിന് വഴിമരുന്നിടും. വളരും.

അമേരിക്കയിലും, ബ്രിട്ടനിലും ഫ്രാൻസിലും ഇന്ത്യ ഉൾപ്പടെയുള്ള മറ്റു അനേകം രാജ്യങ്ങളിലും ഇന്ന്  വളർന്നു കൊണ്ടിരിക്കുന്ന തീവ്ര-വലതുപക്ഷം അധികാരത്തിലില്ലെങ്കിലും ഉണ്ടെങ്കിലും അധീശത്വ ശക്തികളായിരിക്കും. കാരണം സാമൂഹികഇച്ഛാഭംഗം ഇന്ന് നന്നായി ചൂഷണം ചെയ്യാൻ കഴിയുന്നത് ഇവർക്ക് തന്നെയായിരിക്കും.

ബ്രസ്സൽസ്-കേന്ദ്രീകൃതമായ പുതിയ യൂറോപ്യൻ സാമ്പത്തികാധികാര കേന്ദ്രത്തെ കീഴടങ്ങി കഴിയാൻ ഇനി തീവ്ര-വലുത് നേതൃത്വത്തിലുള്ള ബ്രിട്ടൻ തയ്യാറേക്കില്ല. കുളത്തിലിറങ്ങി നിന്നു ഒരേ ചൂണ്ട ഉപയോഗിച്ചു മീൻ പിടിക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞവർ സ്വാഭാവികമായും കരയ്ക്ക് കയറിനിന്നു ആവശ്യത്തിനനുസരിച്ചു ചൂണ്ടകൾ ഉണ്ടാക്കി തങ്ങൾക്കു ചൂണ്ടയിടേണ്ട സ്ഥലം കണ്ടെത്താൻ ശ്രമിക്കും. ആദ്യമൊക്കെ കുറെ പ്രതിസന്ധികൾ ഉണ്ടാകുമെന്നു അവർക്കറിയാം പക്ഷെ കുറെ കഴിയുമ്പോൾ എല്ലവർക്കും തിരിച്ചറിയേണ്ടിവരുന്നത് എല്ലാ കാലത്തേക്കും, എല്ലാവർക്കും വേണ്ടി ചൂണ്ടയിടാൻ സ്വന്തം പറമ്പിൽ മാത്രം കുളം ഉണ്ടായാൽ പോരെന്ന യാഥാർഥ്യമാണ്.

സാമ്പത്തിക ഉദ്ഗ്രഥനം (economic integration) ഒരു ഉയർന്ന കാഴ്ച്ചപ്പാടാണെങ്കിലും ആ പ്രക്രിയയിൽ ആര് എന്തു നേടുന്നു എന്നത് ഗൗരവമായ ചോദ്യങ്ങളാണ്. എല്ലാവർക്കും നേടാൻ കഴിയുന്ന, എല്ലാവരെയും ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഒരു വിപണി സമ്പദ് വ്യവസ്ഥ ലോകത്തു എവിടെയും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെയാണ്  വികസനത്തിന്റെ ഉൾച്ചേർക്കലിനെക്കുറിച്ചു (inclusive development) മുതലാളിത്ത സമ്പത്ത് വ്യവസ്ഥ എപ്പോഴും വാചാലമാകുന്നത്.

തിമിംഗലങ്ങൾക്കു പാർക്കാൻ ഒരു ജലാശയമുണ്ടാക്കിയിട്ടു കുറെ ചെറു മീനുകളെ അതിലേക്കിട്ടിട്ടു  ‘എല്ലാവർക്കും സ്വാതന്ത്ര്യം, തുല്ല്യാവകാശം, തുറന്ന മത്സരം’ എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. മത്സരത്തിന്റെ നിയമങ്ങൾ ഉണ്ടാക്കുന്ന സ്രാവുകൾ തന്നെയാണ് ചെറു മീനുകളുടെ സ്വഭാവിക പിടച്ചിലിനു കാരണമാകുന്നത്. അവർ വ്യാപാര നിയമങ്ങൾ ഉണ്ടാക്കും. വിപണി നിബന്ധനകളും ഉണ്ടാക്കും. കമ്പോള മത്സരവും ഉണ്ടാവും. പക്ഷേ വ്യാപാര കളിയിൽ വിജയിക്കുന്നത് ശക്തി കൊണ്ടല്ല. നിയമങ്ങളെ അവരവരുടെ ആവശ്യത്തിനനുസരിച്ചു ഉപയോഗിക്കാൻ കഴിയുന്ന തന്ത്രങ്ങളാണ് അവിടെ പ്രാധാന്യം. തന്ത്രങ്ങളില്ലാത്തവർ പരാജയപ്പെടും. ഗ്രീസ് ഒരു ഉദാഹരണം മാത്രം. അത്തരമൊരു പരാജയം യൂറോപ്യൻ യൂണിയനിലെ മറ്റു പല രാജ്യങ്ങളും മുൻകൂട്ടി കാണുന്നു. അവരുടെ കളിക്കളത്തിൽ യഥാർത്ഥത്തിൽ കളിക്കുന്നത് 28 രാജ്യങ്ങൾ മാത്രമല്ല. അമേരിക്കയും, ചൈനയും ഇന്ത്യയും ഉൾപ്പടെയുള്ള ശക്തികൾ കൂടെയുണ്ട്. യൂറോപ്യൻ കമ്പോള വ്യവസ്ഥയുടെ ‘ഞാറ്റുവേല’ യിൽ മറ്റാരേക്കാളും താൽപ്പര്യം അവർക്കായിരിക്കും. അതുകൊണ്ടു തന്നെ ആ കളിക്കളത്തിലെ മുഖ്യ കാർമ്മികന്റെ അഭാവം മറ്റു കളിക്കാരെ അലോസരപ്പെടുത്തും. പക്ഷെ ബ്രിട്ടന് ഇനി ഒറ്റയ്ക്ക് കളിക്കാനും കഴിയാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ. അമേരിക്കയുടെ യുദ്ധബില്ലു അടയ്ക്കുന്ന പണപ്പെട്ടി സൂക്ഷിപ്പുകാരൻ എന്ന പണി ഇനി കൊണ്ടുനടക്കുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കിയ അവർ സ്വന്തം  ബാധ്യതകളുടെ ബില്ലുകൾ തിരഞ്ഞു തുടങ്ങി. താച്ചറിസത്തിലേക്കു ഒരു തിരിച്ചു പോക്ക് അത്ര എളുപ്പമല്ലായെന്നു ബ്രിട്ടന് അറിയാം. എന്നാൽ അതിന്റെ പുതിയ പതിപ്പുകൾ തേടേണ്ടി വരും. അടുത്ത ഏതാനും മാസങ്ങൾ ആ അർത്ഥത്തിൽ നിർണായകമാണ്. 27 രാജ്യങ്ങളുമായി ഇനി വിലപേശൽ നടത്തണം. എത്രയും നേരെത്തെ ബ്രിട്ടനോടു  പൊയ്‌ക്കോളാൻ  ബ്രസ്സൽസ് ബുദ്ധികേന്ദ്രങ്ങളും പറഞ്ഞു കഴിഞ്ഞു.

ഇതൊക്കെയാണെങ്കിലും കാര്യങ്ങൾ ഇനിയും മാറുമെന്ന് വിശ്വസിക്കുന്നവർ ഇംഗ്ളണ്ടിൽ  ഏറെയാണ്‌. ഒരു രണ്ടാം ഹിത പരിശോധനക്ക് വകയുണ്ടോ എന്നും ആലോചിക്കുന്നവർ കുറച്ചൊന്നുമല്ല. ദശലക്ഷങ്ങളെ കൊണ്ടു ഭീമഹർജി തയാറാക്കുന്നവർ വെറും ഉദ്ഗ്രഥന വാദികൾ മാത്രമല്ല. അവർ കച്ചവടത്തിൽ ഇറങ്ങി കഴിഞ്ഞവരാണ്. ഇറക്കിയ മൂലധനമെങ്കിലും കിട്ടാതെ പിൻവാങ്ങുന്നത് മുങ്ങിയ കപ്പലിൽ  ആത്മഹത്യക്കു ശ്രമിക്കുന്നവരെപ്പോലെയായിരിക്കും. ഭീമഹർജിയുടെ ഒപ്പിടൽ പുരോഗമിക്കുകയാണ്. എന്തും സംഭവിക്കാം.

ഇനി വിടുതലാണ് അഭികാമ്യമെങ്കിൽ കാര്യങ്ങൾ അത്ര നിസ്സാരമല്ല. ബ്രിട്ടന്റെ ഓരോ വിലപേശലും ഇനി ഓരോ ചൂണ്ടകളുമായിട്ടായിരിക്കും. എന്നാലും ഇറങ്ങിപ്പോക്ക് ഭരണകൂടത്തിന് അത്ര സന്തോഷകരമായ ഒരു കാര്യമായിരിക്കില്ല. എളുപ്പവുമായിരിക്കില്ല. അതുകൊണ്ടു തന്നെ വിലപേശൽ നീണ്ടു പോകാനും സാധ്യതയുണ്ട്. ആ കാലയളവിൽ ആഗോള സമ്പത് വ്യവസ്ഥക്കുമേൽ വന്നു വീഴുന്ന അനിശ്ചിതത്വം നിർണായകമായിരിക്കും അതിൽ പെട്ടു നട്ടം തിരിയുന്നതു  ഇന്ത്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായിരിക്കും. അവരുടെ നിക്ഷേപങ്ങളും തൊഴിൽ വിപണിയും ആശങ്കയുടെ നാടുകടലിലായിരിക്കും. 2008 -ൽ രൂക്ഷമാകാൻ തുടങ്ങിയ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ബ്രെക്സിറ്റ് ഒരു നാടകീയ മുഹൂർത്തമാണ് കാഴ്‌ച്ച വെച്ചിരിക്കുന്നത്. വൈരുധ്യങ്ങളുടെ മേൽ വൈരുധ്യങ്ങൾ കെട്ടിപ്പൊക്കിയ ഒരു എടുപ്പാണ് ഇന്ന് യൂറോപ്യൻ പ്രതിസന്ധി. ഇറങ്ങിപ്പോക്ക് പോലെ പരിഹാരത്തിന്റെ വഴികൾ അത്ര എളുപ്പമല്ലതാനും. മൂലധനം  സർവധനാൽ പ്രധാനം എന്ന മുദ്രാവാക്യം ഏറ്റു പിടിക്കാൻ ഇറങ്ങി പുറപ്പെട്ടവരെല്ലാം തെംസ് ഇനിയും ഒഴുകും, ശാന്തമായിത്തന്നെ എന്നു പ്രതീക്ഷിച്ചിരിപ്പാണ്.

(ലേഖകൻ മഹാത്‌മാഗാന്ധി സർവകലാശാലയുടെ രാജ്യാന്തര പഠന വകുപ്പിൽ  പ്രഫസ്സറാണ്).

Comments

comments