പി ജിംഷാർ എന്ന എഴുത്തുകാരനെ മതമൗലികവാദികൾ ആക്രമിച്ചിരിക്കുകയാണു – പുരോഗമനത്തിന്റെ സ്വന്തം നാടായ കേരളത്തിൽ. ഡിസി കിഴക്കേമുറി ജന്മശതാബ്ദി നോവൽ മൽസരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ‘ഭൂപടത്തിൽ നിന്നും കുഴിച്ചെടുത്ത കുറിപ്പുകൾ’jimshar-v-3 എന്ന നോവലിന്റെ കർത്താവായ ജിംഷാർ പത്രപ്രവർത്തകനും ചലച്ചിത്രപ്രവർത്തകനുമാണു. മലയാളത്തിലെ പുതിയ തലമുറ കഥാകൃത്തുകളുടെ ഇടയിൽ  അംഗീകരിക്കപ്പെട്ട ഈ കഥാകൃത്തിന്റെ ഒൻപത് കഥകളടങ്ങിയ സമാഹാരം ഈ ആഗസ്റ്റിൽ ഡിസി ബുക്സ് പ്രകാശനം ചെയ്യാനൊരുങ്ങിയിരിക്കെയാണു ആ പുസ്തകത്തിന്റെ പേരിനെ – പടച്ചവന്റെ ചിത്രപ്രദർശനം – ചൊല്ലി മതഭ്രാന്തന്മാർ എഴുത്തുകാരനെ കായികമായി ആക്രമിച്ചിരിക്കുന്നത്. അതിക്രൂരമായി മർദ്ദനമേറ്റ ജിംഷാർ ആശുപത്രിയിലാണു.padachonte-c-3

പുസ്തകപ്രകാശനത്തെ സംബന്ധിച്ച വാർത്ത ജിംഷാർ പങ്കുവച്ച ദിവസം അദ്ദേഹത്തെ അനുമോദിച്ചും ആശംസകളറിയിച്ചും ഒരു കുറിപ്പെഴുതിയിരുന്നു. അന്ന് തന്നെയാണു ഈ ആക്രമണവുമുണ്ടായത്. ആ ദിവസം തന്നെയാണു ആക്രമണത്തെപ്പറ്റിയുള്ള വാർത്ത വരുന്നതിനു മുൻപ് എം ജി സർവ്വകലാശാലയിലെ പ്രഫസറും അക്കാദമിക്കുമായ കെ എം സീതി ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പ് യാദൃശ്ചികമായി ശ്രദ്ധയിൽ പെട്ടതും. എഴുത്തുകാരൻ ആക്രമിക്കപ്പെട്ടു എന്ന് കേട്ടപ്പോൾ ആദ്യം മനസ്സിൽ തടഞ്ഞതും  അല്പ മണിക്കൂറുകൾ മുൻപ് മാത്രം വായിച്ച ആ കുറിപ്പായിരുന്നു.

11-ആം നൂറ്റാണ്ടിലെ ഇസ്ലാമിക ലോകത്തെ പ്രമുഖ പണ്ഡിതനായിരുന്ന അൽ – ഘസാലി ജിഹാദ് എന്ന വാക്കിനെ വിശദീകരിക്കുന്നതിനെക്കുറിച്ചായിരുന്നു അത്. ഈ ആക്രമണങ്ങൾ മതമൗലികവാദ ഇസ്ലാമിനെ സംബന്ധിച്ച് അവരുടെ കർത്തവ്യവും മതത്തെ സംരക്ഷിച്ചു പിടിക്കാനുള്ള വിശുദ്ധയുദ്ധവുമാണു – ജിഹാദാണു. എന്നാൽ അൽ – ഘസാലി പറയുന്നത് ജിഹാദെന്ന യുദ്ധം പ്രഖ്യാപിക്കേണ്ടത് പതിമൂന്ന് ശത്രുക്കൾക്കെതിരെയാണെന്നാണു. അതിനാദ്യം യുദ്ധം പ്രഖ്യാപിക്കേണ്ടത് ദൃഷ്ട്യഗോചരമല്ലാത്ത പന്ത്രണ്ട് ശത്രുക്കൾക്കെതിരെയും – അഹന്ത, ധാർഷ്ട്യം, ദുരഭിമാനം, സ്വാർത്ഥത, അത്യാഗ്രഹം, ആസക്തി, അസഹിഷ്ണുത, കോപം, കാപട്യം, പരദൂഷണം, അപകീർത്തിപ്പെടുത്തൽ എന്നിവയാണത്. അവയെ ജയിച്ചുകഴിഞ്ഞാൽ ഒരാൾ വാസ്തവത്തിൽത്തന്നെ കൺമുൻപിലുള്ള ശത്രുവിനെ നേരിടാൻ പ്രാപ്തനാകും. രസകരമായ കാര്യം ആദ്യഘട്ടം ജയിച്ചുകഴിഞ്ഞാൽ യുദ്ധമെന്നത് തന്നെ നിരർത്ഥകമാകും എന്നതാണു. അതിനാൽ ജിഹാദ് എന്നത് പ്രാഥമികമായും ഒരു മനുഷ്യന്റെ ഉള്ളിൽ നടക്കേണ്ടതാണു. തന്നിൽതന്നെയുള്ള തിന്മകൾക്കെതിരെയായിരിക്കണം വിശുദ്ധയുദ്ധം പ്രഖ്യാപിക്കേണ്ടത്. എന്നാൽ ഇതിനു പകരം ആ തിന്മകളെയെല്ലാം തുറന്ന് വിടുന്ന തരത്തിൽ ഇസ്ലാമിന്റെ ‘ആധുനിക അപ്പോസ്തലന്മാർ’ നടത്തുന്ന ‘വിശുദ്ധ’യുദ്ധം ഇസ്ലാമിനെതിരെയാണന്നത് സ്പഷ്ടമാണു. അൽ – ഘസാലി ഓർമ്മിപ്പിക്കുന്നത് “ഹൃദയം മിനുസമുള്ള ഒരു കണ്ണാടിയാണെ”ന്നാണു. “അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും അഴുക്കും നീക്കി അതിനെ വൃത്തിയാക്കേണ്ടതുണ്ട്. എന്നാലെ ദൈവീകമായ രഹസ്യങ്ങളുടെ പ്രകാശം പ്രതിഫലിപ്പിക്കാൻ അതിനു കഴിയൂ”. അൽ – ഘസാലിയുടെ ‘ആനന്ദത്തിന്റെ രസതന്ത്രം’ – ആനന്ദത്തിന്റെ ആൽക്കെമി – ‘Alchemy of Happiness’ – ഈ സ്വയം പ്രഖ്യാപിത അപ്പോസ്തലന്മാരൊന്നും വായിച്ചുകാണാൻ വഴിയില്ല എന്നതുറപ്പാണെന്ന് പറഞ്ഞാണു പ്രഫസർ ആ ചെറിയ കുറിപ്പ് നിർത്തിയത്.

തീർച്ചയായും വായിച്ചിട്ടുണ്ടാകില്ല. എഴുത്തുകാരെയും കലാപ്രവർത്തകരെയും അവരുടെ സൃഷ്ടികളെയും ഇല്ലായ്മ ചെയ്യാൻ തുനിഞ്ഞിരിക്കുന്നവരുടെ മനസ്സ്  തീർച്ചയായും ദൈവീകമായ രഹസ്യങ്ങളുടെ പ്രകാശം പ്രതിഫലിപ്പിക്കാൻ തക്കവിധത്തിൽ വൃത്തിയായി കിടക്കുന്നതാകാൻ നിർവാഹമില്ല. വായനയും എഴുത്തും ചിന്തയും തുറവികളാണു. മൃഗതുല്യമായ ജീവിതത്തിൽ നിന്ന് മനുഷ്യൻ മുന്നോട്ട് നടന്നത് നിരീക്ഷിച്ചും എഴുതിവെച്ചും ചിന്തിച്ചും പരസ്പരം ആശയങ്ങൾ കൈമാറിയുമാണു. നിലവിലിരുന്ന പല അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണു അങ്ങനെ മതങ്ങളെല്ലാം നിലവിൽ വന്നത്. അങ്ങനെ നിലവിൽ വന്ന മതങ്ങൾ സ്ഥാപനവൽക്കരിക്കപ്പെടുകയും അന്ധവിശ്വാസങ്ങളുടെയും അസ്വാതന്ത്ര്യങ്ങളുടെയും പുതിയ ഇരുമ്പറകൾ തീർക്കുന്നതുമാണു നാളിതുവരെയുള്ള ചരിത്രം. എഴുത്തുകാരനെ, കലാകാരനെ ആക്രമിക്കുന്ന, അവന്റെ എഴുത്തിനെ ഇല്ലായ്മ ചെയ്തുകളയുന്നവരുടെ ലക്ഷ്യം അത്തരത്തിൽ സ്ഥാപനവൽക്കരിക്കപ്പെട്ട അസ്വാതന്ത്ര്യത്തിന്റെ ഇരുട്ടറകളെ സംരക്ഷിച്ച് നിർത്തിക്കൊണ്ടുള്ള ഒരു പിന്നോട്ടുനടത്തമാണു.

കഴിഞ്ഞ വർഷം ഏറെക്കുറേ ഈ സമയത്ത് രാമായണമാസത്തിൽ മാതൃഭൂമിക്കു വേണ്ടി രാമായണത്തിന്റെ ആസ്വാദനങ്ങളെഴുതിക്കൊണ്ടിരുന്ന പ്രഫസറും നിരൂപകനുമായിരുന്ന എം എം ബഷീറിന്റെ കുറിപ്പുകൾ ഹനുമാൻ സേന മുതലായ ഹിന്ദുമൗലികവാദ സംഘടനകളുടെ ഭീഷണിയെത്തുടർന്ന് നിർത്തിവെച്ചിരുന്നു. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രഫസർ ജോസഫിന്റെ കൈ മുസ്ലീം വർഗീയവാദികൾ വെട്ടിയരിഞ്ഞതും ഇവിടെയാണു. എന്നാൽ കൽബുർഗിക്കും പെരുമാൾ മുരുകനും, അത്തരത്തിൽ മതമൗലികവാദത്തിന്റെ അസഹിഷ്ണുതയ്ക്ക് പലവിധത്തിൽ ഇരകളായവർക്കെല്ലാം വേണ്ടി ഏറ്റവുമധികം ശബ്ദമുയർത്തിയ നാടായ കേരളം, സ്വന്തം നാട്ടിൽ നടക്കുന്ന സംഭവങ്ങൾക്കു നേരെ സൗകര്യപൂർവ്വം മൗനം പാലിക്കുകയാണോ എന്ന് സംശയിക്കേണ്ടിവരും. അതല്ലെങ്കിൽ അത്ര ഉറച്ചതല്ല കേരളം നാട്ടിൽ നടക്കുന്ന അത്തരം സംഭവങ്ങൾക്കെതിരെ ഉയർത്തുന്ന ശബ്ദങ്ങൾ എന്നു നിശ്ചയമായും പറയേണ്ടിവരും. ഒരുപക്ഷേ നാം സൗകര്യപൂർവ്വം നമ്മുടെ പുരോഗമനത്തിന്റെ മുൻ കാലനിക്ഷേപം അവയ്ക്കെതിരെ പരിച തീർക്കും എന്ന പ്രതീക്ഷയർപ്പിച്ചിരിക്കുകയായിരിക്കാം. എന്നാൽ കാര്യങ്ങൾ അതിവേഗം മാറിമറിയുകയാണു. മതവ്യത്യാസമില്ലാതെ വർഗീയതയും മതഭ്രാന്തും പിടിമുറുക്കുകയും ഞെട്ടിപ്പിക്കുന്നവിധത്തിൽ അക്രമങ്ങൾ നടത്തുകയും ചെയ്യുന്ന നാടായി മാറുന്നുണ്ട് കേരളം. അവയ്ക്കെതിരെയുള്ള നിലപാടുകളിലെയും എതിർശബ്ദങ്ങളിലെയും അനാവശ്യമിതത്വം എന്ന ആരോപണത്തിൽ നിന്ന്  നമ്മുടെ സാംസ്കാരിക ലോകത്തിനും  മാധ്യമങ്ങൾക്കും മാറി നിൽക്കാനാകില്ല.

‘പടച്ചോന്റെ ചിത്രപ്രദർശനം’  എന്ന ഇത് വരെ വായിക്കപ്പെടാത്ത ഒരു പുസ്തകത്തിന്റെ പേരിൽ പോലും ആക്രമിക്കപ്പെട്ടു എന്ന ആശ്ചര്യം ആവശ്യമില്ലാത്തതാണു. അത്തരത്തിലൊരു പേരിട്ട് ഒരു പുസ്തകമിറങ്ങിയാലും അത് ഒരു എഴുത്തുകാരനെ ആക്രമിക്കാൻ തക്ക കാരണമല്ല. ലോകവ്യാപകമായി നടക്കുന്ന  ഇത്തരം ആക്രമണങ്ങൾ മറ്റു മതസ്ഥരുടെ കണ്ണിൽ ഇസ്ലാമിനെക്കുറിച്ചുള്ള ഭയം നിറയ്ക്കുന്നുണ്ട് എന്ന വാദങ്ങൾ അസ്ഥാനത്തല്ല. ഇത്തരം സംഭവങ്ങൾ അവസരമാക്കിയെടുത്ത് ചോരയൂറ്റിക്കുടിക്കാൻ തക്കം പാർത്തിരിക്കുന്ന വർഗീയവാദികൾ നിരവധിയാണെന്നതിനാലും ജാഗ്രത പ്രധാനമാണു. ഇത്തരത്തിലുള്ള അസഹിഷ്ണുതയല്ല, സമാധാനമാണു ഞങ്ങളുടെ മതം എന്ന് ഉറക്കെ പ്രഖ്യാപിച്ച്  ഈ കാടത്തത്തിനെതിരെ രംഗത്ത് വരാനുള്ള ഉത്തരവാദിത്തം ഇസ്ലാം വിശ്വാസി സമൂഹത്തിന്റേതുകൂടിയാണു. ഒരു ഘട്ടത്തിൽ ലോകത്തേറ്റവും മികച്ച ശാസ്ത്ര-സാഹിത്യ- സാംസ്കാരിക  വിനിമയത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയ ഒരു മതത്തെയും സംസ്കാരത്തെയും തകർത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കുന്ന യാഥാസ്ഥിതിക തീവ്രവാദം ഇന്ന് ആ മതത്തെ വലിച്ചുകൊണ്ടുപോകുന്ന ഇരുട്ടിന്റെ മൂലകൾ ഭീതിജനകമാണു. അതിനെ മുളയിലേ നുള്ളാതിരുന്നാൽ മതഭ്രാന്തിന്റെ വിഷച്ചെടിക്ക് വെള്ളവും വളവുമിടുന്നതിനു തുല്യമായ സമീപനമാകും. ഹൃദയമില്ലാത്ത ലോകത്ത് വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് വെളിച്ചം പകർന്നുകൊണ്ട് അനുകമ്പയുടെയും സ്നേഹത്തിന്റെയും ഹൃദയമായി ഉയർന്നുവന്ന മതത്തെ വീണ്ടും അന്ധകാരത്തിന്റെ കൂടുകളിൽ അടയ്ക്കാതെ  സൂക്ഷിക്കാനുള്ള കടമ വിശ്വാസിസമൂഹത്തിന്റെതാണു. നിരന്തരം ആശയസംവാദങ്ങളിലേർപ്പെട്ട് അതിനെ പരിഷ്കരിക്കാനുള്ള ഉത്തരവാദിത്തം അവരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. വിശ്വാസികളെ സംബന്ധിച്ച് ഈ ലോകം സൃഷ്ടാവിന്റെ, പടച്ചവന്റെ സൃഷ്ടിയാണു. വിശാലമായ ആ ഗാലറിയിലെ ഓരോ ചിത്രവും ശില്പവും ആ ശക്തിയുടെ അനുപമസുന്ദരങ്ങളായ അടയാളങ്ങളും. അത് മറന്നു പോകുന്നവരെ സുഹൃത്ത് ഫിറോസ് തിരുവത്ര ഓർമ്മിപ്പിക്കുന്നത് ലളിതമായാണു – “ഈ ഭൂമിയെന്നാൽ പടച്ചവന്റെ ചിത്രപ്രദർശനമല്ലാതെ മറ്റെന്താണു ഹമുക്കുകളെ!?”

ഓരോ മതത്തിലെയും പുരോഗമനശബ്ദങ്ങളെ പ്രോൽസാഹിപ്പിക്കാനും സംരക്ഷിക്കാനുമുള്ള കടമ സർക്കാരിന്റെതാണു. ഒരുപാട് കാലത്തെ ഒരുപാട് മുന്നേറ്റങ്ങളുടെ ഫലമായാണു ഒരു നാടെന്ന നിലയ്ക്ക് കേരളം പുരോഗമനത്തിന്റെ ഒരു നേർത്ത ആവരണമെങ്കിലും എടുത്തണിഞ്ഞിരിക്കുന്നത്. അതുകൂടി ഇല്ലാതാക്കുന്ന നടപടികൾ മതഭ്രാന്തന്മാരുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് എല്ലാ ജനാധിപത്യവിശ്വാസികളുടെയും കടമയാണു. ഈ സന്ദർഭത്തിൽ അക്രമികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ  നടപടിയെടുക്കേണ്ടതും എഴുത്തുകാരനു ആവശ്യമായ സംരക്ഷണം കൊടുക്കേണ്ടതും സർക്കാരിന്റെയും പോലീസിന്റെയും പതിവിലും വലിയ ഉത്തരവാദിത്തമാണു. കാരണം, ഇതൊരു മാരകമായ രോഗം നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണു. ജിംഷാറിനെതിരെയുള്ള  ആക്രമണം തുറന്നിടുന്ന ആപത്കാലത്തെക്കുറിച്ചുള്ള സൂചനകളെ ജാഗ്രതയോടെ, കർക്കശമായി സമീപിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. അക്രമികളെ എത്രയും പെട്ടെന്ന് പിടികൂടുകയും നിയമാനുസൃതമായി ശിക്ഷിക്കുകയും ജിംഷാറിനു വേണ്ട സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് നവമലയാളി ഇതിനാൽ കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു. അതിനായി പോലീസിനു കർശന നിർദ്ദേശം കൊടുക്കേണ്ടതുണ്ട്. ഒപ്പം ഭൂരിപക്ഷ-ന്യൂനപക്ഷ മൗലികവാദത്തെയും വർഗീയവാദത്തെയും ഒരേതരത്തിൽ കണ്ടുകൊണ്ട് അവയ്ക്കെതിരെ ഉറച്ച, ശക്തമായ നിലപാടെടുക്കുവാനും സംസാരിക്കുവാനും പ്രതിഷേധിക്കുവാനും ജിംഷാറിനൊപ്പം നിൽക്കുവാനും മുഴുവൻ സാംസ്കാരികലോകത്തോടും ജനാധിപത്യവിശ്വാസികളോടും വിശ്വാസിസമൂഹത്തോടും ആവശ്യപ്പെടുകയും ചെയ്യുന്നു.

സ്വാതി ജോർജ്ജ്
അസോസിയേറ്റ് എഡിറ്റർ,
നവമലയാളി

Comments

comments