പ്രതിരോധം എന്നാല്‍ എന്ത്?

പ്രതിരോധം കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് എന്തെന്ന് ആദ്യം  വിശദീകരിക്കട്ടെ. അതിന്നുള്ള ഏറ്റവും നല്ല വഴി പ്രതിരോധം  വിപ്ലവത്തില്‍ നിന്ന് എങ്ങിനെ വ്യത്യസ്തമാകുന്നു എന്ന് ആലോചിക്കുകയാണ്. വിപ്ലവം, ദീര്‍ഘകാലത്തെ മുന്നൊരുക്കം അതിനു പിറകിൽ ഉണ്ടാകാമെങ്കിൽ പോലും, ഒരു പ്രത്യേക സ്ഥലത്തും കാലത്തും നടക്കുന്ന ‘സംഭവ’മാണ്‌: പ്രതിരോധം സാര്‍വകാലികവും  സാര്‍വലൌകികവുമായ ഒരു ‘അവസ്ഥ’യാണ്‌; സമൂഹങ്ങളുടെ അസ്തിത്വത്തിന്റെ തന്നെ ഒരു വ്യവസ്ഥയാണ്‌ അത് എന്നുപറയാം. വിപ്ലവം ക്രമേണ ജനവിരുദ്ധമായി മാറി സമഗ്രാധിപത്യമായിsoviet-rev അപചയിച്ചേക്കാം. വാസ്തവത്തില്‍ ഇന്നോളം നടന്ന വിപ്ലവങ്ങളുടെ എല്ലാം ഗതി അങ്ങിനെ ആയിരുന്നിട്ടുമുണ്ട്. ഫ്രഞ്ച്, അമേരിക്കന്‍, റഷ്യൻ, ചൈനീസ്, കിഴക്കന്‍ യൂറോപ്പ്യൻ, അല്‍ബേനിയൻ, ഇറാനിയൻ വിപ്ലവങ്ങള്‍ ഉദാഹരണം. അവയെല്ലാം തന്നെ അവ എന്തിന്നെതിരെ പോരാടിയോ അതില്‍ തന്നെ ചെന്നവസാനിച്ചു: മൂലധനാധിപത്യം, മതാധിപത്യം, ഏകാധിപത്യം എന്നിവയില്‍. നെപ്പോളിയന്‍, സ്റ്റാലിന്‍, പോൾ പോട്ട്, ചൌഷെസ്ക്യൂ, എന്‍വർ ഓജാ, ഖൊമീനി തുടങ്ങിയവരുടെ രീതികള്‍ എങ്ങിനെ മനുഷ്യാവകാശവിരുദ്ധമായിരുന്നു എന്ന് നമുക്കറിയാം. അമേരിക്കന്‍ വിപ്ലവം ക്രമേണ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിനു ജന്മം നല്‍കി, റഷ്യന്‍ വിപ്ലവം ക്രമേണ ജനങ്ങളിൽ നിന്ന് അകന്നു പോയി,  ചൈനീസ് വിപ്ലവം ലോകത്തെ ഏറ്റവും സമര്‍ത്ഥമായ  മുതലാളിത്തവ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുന്നു.

ഇതോടൊപ്പം പറയേണ്ട ഒന്നുണ്ട്: വിപ്ലവങ്ങള്‍ ദുഷിക്കുന്നു എന്നത് കൊണ്ട് പല പ്രതിവിപ്ലവകാരികളും കരുതും പോലെ വിപ്ലവം എന്ന ആശയം അപ്രസക്തമാകുന്നില്ല. ഓരോ വിപ്ലവത്തിനും പിറകില്‍ ജനങ്ങളുടെ ഇഛയും അവരെ ഒന്നിപ്പിച്ച വലിയtiananmen സ്നേഹവും പ്രവര്‍ത്തിച്ചിരുന്നു, മഹത്തായ  സ്വപ്നങ്ങളാണ് അവരെ ഉണര്‍ത്തി ഒന്നിപ്പിച്ചിരുന്നത്. അവ തുടര്‍ന്നും പ്രവര്‍ത്തിക്കും എന്ന് തെളിയിച്ച സംഭവങ്ങളാണ് റഷ്യയിൽ വിപ്ലവശേഷം ഉക്രൈനില്‍ നടന്ന കര്‍ഷകകലാപവും, ചൈനയില്‍ നടന്ന തിയനന്മെൻ ചത്വരത്തിലെ വിദ്യാര്‍ഥി-യുവജനപ്രകടനവും കിഴക്കന്‍ യൂറോപ്പ്യൻ നാടുകളിൽ നടന്ന പുഷ്പവിപ്ലവങ്ങളും മറ്റും. ഇവയ്ക്കൊപ്പം, സിയാറ്റില്‍ ലോകവാണിജ്യ ഉച്ചകോടിക്കേതിരെ നടന്ന പ്രകടനവും, വാള്‍ സ്ട്രീറ്റ് ഉപരോധവും, വിസ്ഥാപനത്തിന്നെതിരെ ഒറീസ്സയിലും ഗുജറാത്തിലും സിംഗൂരിലും നന്ദിഗ്രാമിലും നടന്ന കീഴാള പ്രതിരോധങ്ങളും, പ്ലാച്ചിമടയിലെ കൊക്കക്കോളവിരുദ്ധസമരവും, കേരളം ഉള്‍പ്പെടെ പലയിടത്തും നടന്നതും നടക്കുന്നതുമായ ആദിവാസി ഭൂസമരങ്ങളും, ലാല്‍ഗദ്, ജേഠാപ്പൂര്‍, കൂടംകുളം എന്നിവിടങ്ങളിലെ ആണവവിരുദ്ധസമരങ്ങളും, നിര്‍ഭയയുടെ ബലാത്സംഗത്തിനു ശേഷം ഡല്‍ഹിയിൽ നടന്ന ഉപരോധവും, പൂനയിലെ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹര്‍ലാൽ നെഹ്‌റു സര്‍വകലാശാല, ഹൈദരാബാദ് സെന്‍ട്രൽ സര്‍വകലാശാല, ഡല്‍ഹി സര്‍വ്വകലാശാല തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ ചെറുത്തുനില്‍പ്പും  മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ സമരവും, ഹിന്ദുത്വവാദികളുടെഅസഹിഷ്ണുതയിൽ പ്രതിഷേധിച്ചു എഴുത്തുകാരും ബുദ്ധിജീവികളും പുരസ്കാരം തിരിച്ചു നല്‍കിയും സ്ഥാനങ്ങൾ രാജി വച്ചും മറ്റും നടത്തിയ ചെറുത്തുനില്‍പ്പും, എം ടി യ്ക്കും കമലിനും എതിരായ  ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേരളത്തിൽ നടന്ന  പ്രതിരോധപ്രവര്‍ത്തനങ്ങളും, പാര്‍ട്ടികളുടെ നേതൃത്വത്തിലും പുറത്തും  നടന്നു പോന്നിട്ടുള്ള വിവിധ തൊഴിലാളി – കര്‍ഷക സമരങ്ങളുംplachimada  ഉപരോധങ്ങളും, ഈജിപ്തും ടുണീഷ്യയും മുതല്‍ ലിബിയയും  യെമെനും ബഹറൈനും വരെയുള്ള നാടുകളിലെ   ജനാധിപത്യകലാപങ്ങളുമെല്ലാം പ്രതിരോധത്തിന്റെ ചില സമീപകാലഉദാഹരണങ്ങളാണ്. സ്പര്‍ട്ടാക്കസ്സിന്റെ കാലം മുതലേ ഇത്തരം പ്രതിരോധങ്ങളില്‍ മനുഷ്യർ ഏര്‍പ്പെട്ടു പോന്നിട്ടുണ്ട്. മനുഷ്യചരിത്രം അനീതിക്കും അസ്വാതന്ത്ര്യങ്ങള്‍ക്കും അസമത്വത്തിന്റെ ഭിന്നരൂപങ്ങള്‍ക്കും എതിരായ ചെറുത്തുനില്‍പ്പുകൾ കൊണ്ട്,  പ്രതിരോധിക്കുന്ന ‘ജനതതിയുടെ മുഹൂര്‍ത്തങ്ങൾ’ കൊണ്ട് സമ്പന്നമാണ്. ഇവയില്‍ എല്ലാം വിജയം കാണണമെന്നില്ല, പക്ഷെ അവ  മനുഷ്യന്റെ നീതിബോധത്തിന്റെ പ്രകടനങ്ങളാണ്; തുര്‍ക്കിയിലെ ചിന്തകനും വാസ്തുശില്‍പിയുമായ ടോണി ചക്കർ അറബ് വിപ്ലവങ്ങളെക്കുറിച്ചു പറഞ്ഞതു പോലെ, ‘ആകാശത്തിന്റെ ഒരു വിള്ളലിലൂടെ മിന്നല്‍പിണർ എന്ന പോലെ ഭാവിയുടെ ഒരു ദ്രുതദര്‍ശനം’ അവ സാധ്യമാക്കുന്നു.

പ്രതിരോധിക്കേണ്ടത് എന്തിനെ?

നമ്മുടെ കാലത്ത് പ്രതിരോധം എന്തിന്നെതിരെ എന്ന ചോദ്യം കൂടി അല്പം ചര്‍ച്ചചെയ്യാം. ഒറ്റ  വാക്കില്‍ പറഞ്ഞാൽ ഹിംസയ്ക്കെതിരെ. എന്നാല്‍ ഹിംസ അമൂര്‍ത്തമല്ല, ഓരോ കാലത്തും അത് പുതിയ പുതിയ രൂപങ്ങൾ ധരിക്കുന്നു. നമ്മുടെ കാലത്തെ ഹിംസയുടെ പ്രധാനപ്രഭവങ്ങള്‍ എന്തായിരിക്കാം?

ഒന്നാമത്തേത്  ചെറുതും വലുതുമായ യുദ്ധങ്ങള്‍ തന്നെ. രബീന്ദ്രനാഥ് ടാഗോര്‍ മുന്‍പേ തന്നെ രൂക്ഷമായി വിമര്‍ശിച്ചതും ഇന്ന് ഇന്ത്യയിൽ ഏറ്റവും വികൃതമായ രൂപത്തിൽ അവതരിക്കുന്നതുമായ തരത്തിലുള്ള  സങ്കുചിത ദേശീയവാദവും സാമ്രാജ്യത്തിന്റെ സാമ്പത്തികമോഹങ്ങളുമാണ് യുദ്ധാവസ്ഥയെ നിലനിര്‍ത്തുന്നത്. ദേശത്തോടുള്ള സ്നേഹം ജനതയുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനത്തിലൂടെയാണ്hindutvaterror സാക്ഷാത്കരിക്കേണ്ടത്, മറിച്ച് അത് സങ്കുചിതമാകുമ്പോള്‍ വെറുപ്പ്‌ മാത്രമാണ് സൃഷ്ടിക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മുഴുവന്‍ രാജ്യദ്രോഹികളായി പ്രഖ്യാപിക്കാനും, രാജ്യത്തിന്നകത്തു തന്നെയുള്ള ന്യൂനപക്ഷങ്ങളെയും പ്രതിപക്ഷങ്ങളെയും ആക്രമിക്കുവാനുമാണ്  ഇന്ന് ഹിന്ദുത്വവാദികൾ ദേശീയവാദത്തെ ഉപയോഗിക്കുന്നത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത് യുദ്ധ വ്യവസായങ്ങള്‍ ആണെന്നതുകൊണ്ട് ആ സാമ്രാജ്യത്തിനു  ലോകമെമ്പാടും യുദ്ധാന്തരീക്ഷവും പരസ്പരസംശയവും നില നിര്‍ത്തേണ്ടതുണ്ട്. ഇന്നത്തെ യുദ്ധാവസ്ഥയുടെ മുഖ്യകാരണം ആ രാഷ്ട്രം തന്നെ. കൂടാതെ അതിര്‍ത്തിത്തര്‍ക്കങ്ങളും വിപണിമത്സരങ്ങളും ദേശീയാഹന്തയുമെല്ലാം യുദ്ധം പ്രോത്സാഹിപ്പിക്കുന്നു.

മറ്റൊരു അക്രമാസക്തമായ പ്രതിലോമശക്തി ആഗോളീകരണമാണ്. അത് സാംസ്കാരിക വൈവിധ്യത്തെ ഇല്ലാതാക്കുന്നു. മാധ്യമങ്ങളുടെ കുത്തകവത്കരണവും വാര്‍ത്തകളുടെ നിര്‍മ്മിതിയും ഭാഷയുടെ ജഡവത്കരണവും (jargonisation) പല ഭാഷകളുടെയും കൊലപാതകവും, നമ്മുടെ ഇന്നു പാശ്ചാത്യരുടെ  ഇന്നലെയും, നമ്മുടെ നാളെ അവരുടെ ഇന്നും ആണെന്ന രീതിയിലുള്ള ഒരു ശ്രേണീക്രമത്തിന്റെ സൃഷ്ടിയും,glob ‘മൂന്നാംലോക’ത്തിന്റെ സാംസ്കാരികസ്മൃതികളുടെ നശീകരണവും യുക്തിയുടെ ആക്രമണോത്സുകതയിലൂടെ  പാരമ്പര്യലോകവീക്ഷനങ്ങളെ തകര്‍ക്കുന്ന ജ്ഞാനഹിംസയും  എണ്ണാനും അളക്കാനും തൂക്കാനുമാകാത്ത എല്ലാ മനുഷ്യാനുഭവത്തെയും ബഹിഷ്കരിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ ആധിപത്യവും ആഗോളീകരണത്തിന്റെ ചില പ്രത്യാഘാതങ്ങള്‍മാത്രമാണ്. ‘നമ്മുടെ കാലത്തെ ഏറ്റവും വലിയ ഹിംസ’ എന്ന് ബോദ്രിയാദ് ആഗോളീകരണത്തെ വിശേഷിപ്പിച്ചത്‌ തെറ്റല്ല.

വീട്ടിലും തെരുവിലും ഓഫീസിലും ചരിത്രത്തിലും സംസ്കാരത്തിലും സാമൂഹ്യമാധ്യമങ്ങളിലും സ്ത്രീയെ പ്രത്യക്ഷവും പരോക്ഷവുമായി ധ്വംസിക്കുന്ന പുരുഷ മേധാവിത്തം ഹിംസയുടെ മറ്റൊരു പ്രമുഖ പ്രഭവമാണ്. ഇതിന്റെ തന്നെ ഒരു ഭാഗമാണ് ഇതരലൈംഗികതകളെ അസ്വാഭാവികമായി കാണുന്നത്. ബലാത്കാരവും ദുരഭിമാനക്കൊലയും മുതല്‍  അടുക്കളത്തടവും വാക്കാല്‍ഹിംസയും വരെ ഇത് പല രൂപങ്ങള്‍ സ്വീകരിക്കുന്നു.

ജ്യോതിബാ ഫൂലെ, അംബേദ്‌കർ, ശ്രീനാരായണഗുരു തുടങ്ങിയവർ തികച്ചും മനുഷ്യവിരുദ്ധമായിക്കണ്ട ജാതിവാദം സമൂഹത്തെ സവര്‍ണര്‍ക്ക്  അനുകൂലമാക്കുന്ന മറ്റൊരു ഹിംസാരൂപമാണ്. അത് അവര്‍ണരെയും ആദിവാസികളെയും നിരന്തരംphule ദ്രോഹിക്കുകയും അവര്‍ക്ക് പ്രാഥമികാവകാശങ്ങൾ നിഷേധിക്കുകയും സംസ്കാരത്തിലും അറിവിലും നിന്ന് അവരെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ദളിത്‌ വിദ്യാര്‍ഥികള്‍ക്കെതിരെ മദിരാശിയിലും  ഹൈദരാബാദിലും ഡല്‍ഹിയിലും സമീപകാലത്ത് നടന്ന അക്രമങ്ങൾ അവർ പഠിച്ച് ഉയരുന്നതിന്നെതിരായ സമീപനം കൂടിയാണ് തുറന്നു കാട്ടുന്നത്. ഇന്ത്യന്‍ നാട്ടിന്‍പുറങ്ങൾ മുതല്‍ രാഷ്ട്രീയം വരെ ജാതിവിചാരത്താൽ ദുഷിച്ചിരിക്കുന്നു. വടക്കു കിഴക്കുള്ളവര്‍ക്ക് എതിരായി നടക്കുന്ന അക്രമങ്ങള്‍ ഇന്ത്യയിൽ വംശവാദവും ശക്തമെന്ന്  തെളിയിക്കുന്നു.

വികസനത്തിന്റെ പേരില്‍ പരിസ്ഥിതി നശിപ്പിക്കുകയും ലക്ഷക്കണക്കിനാളുകളുടെ ആവാസഭൂമി നഷ്ടമാക്കുകയും  മലകളും കാടുകളും അപൂര്‍വ ഭൂപ്രദേശങ്ങളും ജന്തു-സസ്യജാലവും ഇല്ലാതാക്കുകയും ചെയ്യുന്ന ന്ന ലാഭക്കൊതി മനുഷ്യഭാവിയെതന്നെ അസാധ്യമാക്കുന്നു. ഈ ‘ഇക്കോ-ഫാസിസ’വും ഇതിനെ പിന്തുണയ്ക്കുന്ന ‘ടെക്നോ-ഫാസിസ’വും മുതലാളിത്തരീതിയിലുള്ള വികസനത്തിന്റെ ദുരന്തോല്പന്നങ്ങളാണ്.athirappilly1

ഇന്നത്തെ ഇന്ത്യയില്‍ മതഫാസിസമാണ് ഏറ്റവും ശക്തമായി നമ്മുടെ ജീവിതങ്ങളെ സംഘര്‍ഷ പൂര്‍ണമാക്കുന്നത്.  ഉംബെർട്ടോ ഇക്കോ ‘ഫൈവ് മോറല്‍ പീസെസ്’ എന്ന പുസ്തകത്തിൽ സാര്‍വജനീന ഫാസിസത്തിന്റെ ചില ലക്ഷണങ്ങൾ എണ്ണിപ്പറയുന്നുണ്ട്. ആധുനികചിന്തയുടെ തിരസ്കാരം, അന്ധമായ പാരമ്പര്യാരാധന,umberto  കപടപ്രചാരണത്തിലൂടെ കൃത്രിമമായ ബിംബങ്ങളുടെ നിര്‍മ്മാണം, ബുദ്ധിജീവി വിരോധം, അഭിപ്രായവ്യത്യാസങ്ങളോടുള്ള അസഹിഷ്ണുത, മേല്‍ക്കോയ്മ നഷ്ടപ്പെട്ട സാമൂഹ്യവിഭാഗങ്ങളെ, വിശേഷിച്ചും  മധ്യവര്‍ഗങ്ങളെ, പ്രീണിപ്പിക്കുന്ന സമീപനം, ന്യൂനപക്ഷങ്ങളെ എല്ലാ കുഴപ്പത്തിനും  ഉത്തരവാദികള്‍ ആയി കാണല്‍, വംശവിദ്വേഷം, ദുര്‍ബലരോടുള്ള പുഛഭാവം, ‘ആണത്ത’ത്തെക്കുറിച്ചുള്ള  വീമ്പു പറച്ചില്‍,  ജനത ‘ശക്തന്നു മുന്നില്‍ കീഴടങ്ങുന്ന സ്ത്രീയെപ്പോലെ’യാണെന്ന വിശ്വാസം, വിമത ലൈംഗികതയോടുള്ള വിരോധവും പൊതുവായ സദാചാരനാട്യവും, വീരസ്വര്‍ഗത്തിലുള്ള വിശ്വാസം, ജനങ്ങള്‍ തങ്ങളാണെന്ന മട്ടിലുള്ള സംസാരം, വാഗാടോപം, ചിന്തയുടെ സങ്കീര്‍ണതയോടുള്ള ഭയം, എല്ലാറ്റിനെയും കറുപ്പും വെളുപ്പും മാത്രമായി കാണുന്ന പ്രവണത, വിമര്‍ശകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമം, അതിന്റെ ഫലമായ മാധ്യമ നിയന്ത്രണം, ‘ശത്രു’വിന്റെ കരുത്തു അധികരിച്ചു കാണല്‍ ഇവയാണ് അതിൽ പ്രധാനം. ഈ ലക്ഷണങ്ങള്‍ എല്ലാം ഒരിടത്ത് കാണണമെങ്കില്‍ നാസി ജെര്‍മനിയിലേക്ക് നോക്കണമെന്നില്ല, ഇന്ത്യയിലെ ഹിന്ദുത്വവാദപ്രസ്ഥാനത്തെയും അതിന്റെ ഭരണകൂടത്തെയും നോക്കിയാല്‍ മതി. ഇന്ത്യയെ ഹിന്ദുവും ആര്യനുമായി നിര്‍വചിച്ചു മറ്റെല്ലാ വിഭാഗങ്ങളെയും അന്യരാക്കുക, സാംസ്കാരിക സ്ഥാപനങ്ങളെ മുഴുവന്‍ സ്വന്തം പ്രചാരണ യന്ത്രങ്ങളാക്കുക, സെന്‍സര്‍ഷിപ്പും തടവും കൊലപാതകവും ബ്ലാക്ക്‌മേയ്ലിങ്ങും വഴി വിമര്‍ശകരെയും എതിര്‍പ്രസ്ഥാനങ്ങളെയും നിര്‍വീര്യരാക്കാൻ ശ്രമിക്കുക, വിമര്‍ശകമായfascism കലാസൃഷ്ടികളെ- സാഹിത്യം മുതൽ നാടകവും സിനിമയും വരെ- ആക്രമിക്കുക, കലാകാരന്മാരെ വേണ്ടി വന്നാല്‍ നാട് കടത്തുക, നീതിന്യായ വ്യവസ്ഥയെപ്പോലും തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കുക, മതസംഘർഷങ്ങള്‍ ബോധപൂര്‍വം ആസൂത്രണം ചെയ്യുക, ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കുക, അതിന്നായി തങ്ങള്‍ക്കെതിരായ രേഖകൾ പോലും അപ്രത്യക്ഷമാക്കുക, തങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തെ മുഴുവൻ രാജ്യദ്രോഹമായി വ്യാഖ്യാനിക്കുക: ഇങ്ങിനെ ഒരു രാഷ്ട്രീയ-സാംസ്കാരിക യുദ്ധം തന്നെയാണ് ഇന്ത്യയില്‍ ഇപ്പോൾ അരങ്ങേറുന്നത്. ഈ നവഹിന്ദുത്വവാദത്തിന്റെ പ്രധാനഇരകള്‍ ദളിതർ, ആദിവാസികൾ, മുസ്ലീം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങൾ, തൊഴിലാളികൾ, ഭൂരഹിത-ചെറുകിട  കര്‍ഷകർ, പരിസ്ഥിതി പ്രവര്‍ത്തകർ, സര്‍ക്കാരേതരസംഘങ്ങൾ, മതേതരവാദികൾ, രാഷ്ട്രീയ ഇടതുപക്ഷം, സ്വതന്ത്രകലാസാഹിത്യകാരന്മാര്‍ എന്നിവരാണ്. ഈ ഹൈന്ദവവാദം മറ്റു മതതീവ്രവാദങ്ങള്‍ക്കും ഇന്ധനമായി മാറുന്നു. അങ്ങിനെ നമ്മുട സാമൂഹ്യാന്തരീക്ഷം ആകെ കലുഷിതമാകുന്നു.

മാധ്യമങ്ങളും പ്രതിമാധ്യമങ്ങളും
മുന്‍പറഞ്ഞ ഹിസാരൂപങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകളും നടക്കാതിരിക്കുന്നില്ല. ആദ്യം സൂചിപ്പിച്ച പോലെ സ്ത്രീസമരങ്ങള്‍, പരിസ്ഥിതിപരമായ ചെറുത്തുനില്‍പ്പുകൾ, ദരിദ്രരും തൊഴിലാളികളും കര്‍ഷകരും തൊഴിലില്ലാത്തവരും നടത്തുന്ന വര്‍ഗപരമായ ഉയിർത്തെഴുന്നേല്‍പ്പുകൾ, അന്യവത്കരിക്കപ്പെടുന്ന മത- ലൈംഗിക ന്യൂനപക്ഷങ്ങൾ നടത്തുന്ന മുന്നേറ്റങ്ങള്‍, യുദ്ധവിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമായ സംഘടിതപ്രവര്‍ത്തനങ്ങൾ ഇങ്ങിനെ പലതും രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിലും അല്ലാതെയും നടക്കുന്നുണ്ട്.

എന്നാല്‍ നമ്മുടെ വന്മാധ്യമങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ ഈ ചെറുത്തുനില്‍പ്പുകളെ തമസ്കരിക്കുകയും വ്യവസ്ഥയെ ന്യായീകരിക്കുകയും ചെയ്യുന്നു. ‘വായില്‍ എല്ലുള്ള നായ കുരയ്ക്കുകയില്ല’ എന്ന ആഫ്രിക്കന്‍ പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് അവയുടെ അവസ്ഥ. അവ മിക്കവാറും എല്ലാം തന്നെ കൊര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയില്‍ ഉള്ളവയും, വന്‍കുത്തകകളുടെയും സര്‍ക്കാരിന്റെയും പരസ്യങ്ങൾ കൊണ്ട് നിലനില്‍ക്കുന്നവയുമാണ്. അവയ്ക്ക് അതുകൊണ്ട് തന്നെ ഭരണകൂടത്തിനോ  മുതലാളിത്തത്തിനോ എതിരെ സംസാരിക്കാനാവില്ല. അവ ഭാഷയെ അരാഷ്ട്രീയവത്കരിക്കുകയും  ആധുനികമായ മിത്തുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ‘ആപ്കോ’ എന്ന അമേരിക്കന്‍ കമ്പനിക്കു 1500 കോടി ഡോളർ ആണ് നരേന്ദ്രമോഡി എന്ന വിഗ്രഹം സൃഷ്ടിക്കാനും എല്ലാ നിലയിലും മറ്റനേകം ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പിറകിൽ നില്‍ക്കുന്ന ഗുജറാത്തിനെ ഒരു മാതൃകാസംസ്ഥാനമായി  അവതരിപ്പിക്കാനും ഹിന്ദുത്വ അജണ്ടയെ വികസനപരിപാടിയായി നിറം പൂശാനും ബീ ജെ പി നല്‍കിയത്. കൂടാതെ എല്ലാ സാമൂഹ്യമാധ്യമങ്ങളും നിരന്തരം ഉപയോഗിക്കയും ചെയ്തു. നമ്മുടെ പ്രധാന ദേശീയ പത്രങ്ങൾ ഏതാണ്ട് എല്ലാം തന്നെ – ഇന്ത്യന്‍ എക്സ്പ്രസ്സ്‌ കുറെ വ്യത്യസ്തമാണെങ്കിലും – മോഡി തരംഗം സൃഷ്ടിക്കാൻ ഉപയോഗിക്കപ്പെട്ടു. ഇന്നും അവ ഉയര്‍ത്തിക്കാട്ടുന്നത് മോഡിയുടെ ബിംബം തന്നെ. നോട്ടു പിന്‍വലിക്കലിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെല്ലാം ജനങ്ങളിൽ നിന്ന് സമര്‍ത്ഥമായി മറച്ചു വെയ്ക്കപ്പെട്ടു, അതിനെ കള്ളപ്പണവേട്ടയായി അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വിജയിച്ചു എന്നു തന്നെ വേണം അടുത്തു നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് കരുതാന്‍. യു പി തിരഞ്ഞെടുപ്പിലും സാമൂഹ്യമാധ്യമങ്ങള്‍, മറ്റു വന്മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും ഒപ്പം, വലിയ പങ്കാണ് വഹിച്ചത്. നമ്മുടെ പത്രങ്ങളും ചാനലുകളും ഇന്നും സെൻസേഷനുകളുടെ പിറകെ ആണ്. പത്രങ്ങള്‍ വാര്‍ത്തകള്‍ക്ക് നല്‍കുന്ന സ്ഥാനം, സ്ഥലം, ശീര്‍ഷകം, ഭാഷ, സ്വരം, കൂടെയുള്ള ചിത്രം ഇവയിലൂടെയെല്ലാം അവയെ തങ്ങളുടെ താത്പര്യതിന്നനുസരിച്ചു മാറ്റിഎടുക്കുന്നു. ടെലിവിഷന്‍ വ്യത്യസ്തമല്ല. എപ്പോളും സംഭവങ്ങളുടെ യഥാര്‍ത്ഥകാരണങ്ങൾ  മറച്ചു വെയ്ക്കപ്പെടുന്നു. എന്ത് കൊണ്ട് കര്‍ഷകർ ആത്മഹത്യ ചെയ്യുന്നു, എന്ത് കൊണ്ട് പെട്രോളിന് വില കൂടുന്നു, എന്ത് കൊണ്ട് ക്ഷാമം ഉണ്ടാകുന്നു തുടങ്ങിയ ചോദ്യങ്ങളൊന്നും അവ ചോദിക്കുകയില്ല. പട്ടിണി മരണങ്ങള്‍ അവിടെ ‘അജ്ഞാതരോഗം’ ആയി മാറുന്നു, പോലീസ് നടത്തുന്ന  കൊലപാതകങ്ങൾ ‘ഏറ്റുമുട്ടല്‍ മരണങ്ങൾ’ ആയി അവതരിപ്പിക്കപ്പെടുന്നു. ഫീച്ചറുകള്‍ ദുരന്തങ്ങളെ അതിവികാരം കലര്‍ത്തി കെട്ടിക്കാഴ്ചകളാക്കുന്നു. സീരിയലുകള്‍ എന്ന പേരിലുള്ള ടീ വീ നാടകങ്ങളില്‍ മേലോഡ്രാമയും  അസൂയയും ഹിംസയും വിദ്വേഷവും മാത്രമാണ് കാണുക. അവ മനുഷ്യരെ, സ്ത്രീകളെ വിശേഷിച്ചും, ‘ടൈപ്പു’കള്‍ ആക്കി മാറ്റുന്നു. നന്മയുടെ സാദ്ധ്യത പോലും ഇല്ലാത്ത ലോകമാണ് അവയുടെത്. സാമൂഹ്യമായ ഒരു പ്രവര്‍ത്തനവും അവയിൽ കാണില്ല. മനുഷ്യര്‍ അവയ്ക്ക് മുന്‍പിൽ നിഷ്ക്രിയരായ കാണികൾ മാത്രം. ചിലപ്പോള്‍ അവ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി നമ്മുടെ മഹാകാവ്യളെപ്പോലും  ഉപയോഗിക്കുന്നു. 25 കോടി രൂപ ലാഭം ഉണ്ടാക്കിയ ടീ വീ രാമായണം ഹിന്ദുത്വരാഷ്ട്രീയത്തെ എങ്ങിനെ സേവിച്ചു എന്ന് റൊമീലാ ഥാപ്പരുടെ പഠനം  കാണിക്കുന്നുണ്ട്. ‘വിഷം കലക്കിയ പാനപാത്രം’ എന്ന് മൈക്കേല്‍ ട്രേസി ടെലിവിഷനെ വിശേഷിപ്പിക്കുന്നുണ്ടല്ലോ.

ആധിപത്യപരമായ  മാധ്യമപ്രവര്‍ത്തനത്തിന്റെ ഈ പശ്ചാത്തലത്തിലാണ് അധീശ മാധ്യമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ബദല്‍മാധ്യമങ്ങൾ, അഥവാ പ്രതി-മാധ്യമങ്ങള്‍ (alternative media/ counter-media) പ്രസക്തമാകുന്നത്. ഇന്ന് സത്യം അറിയാനും വന്‍മാധ്യമങ്ങൾ മറച്ചു വെയ്ക്കുന്ന വാര്‍ത്തകൾ വായിക്കാനും, അവയില്‍ വരുന്ന വാര്‍ത്തകളുടെ മറുപുറം കാണാനും നമുക്ക് ഓണ്‍-ലൈന്‍ മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇംഗ്ലീഷില്‍ scroll.in, thewire.in, counter-currents, india resists, catchnews, newsclick തുടങ്ങിയ ഓണ്‍ ലൈൻ പ്രസിദ്ധീകരണങ്ങള്‍ ഉദാഹരണമാണ്. മലയാളത്തിലും ‘അഴിമുഖം’, ‘നവമലയാളി’ തുടങ്ങിയ ഓണ്‍-ലൈന്‍ പ്രസിദ്ധീകരണങ്ങൾ പലപ്പോളും  ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം  മാധ്യമങ്ങള്‍ക്ക് സത്യസന്ധമാകാനും വാര്‍ത്തകളുടെ മറുപുറം തേടാനും കഴിയുന്നത്‌ വന്‍പത്രങ്ങളുടെ പണച്ചിലവില്ലാത്തതിനാൽ  ഇവയ്ക്ക് പരസ്യങ്ങളെ ആശ്രയിക്കേണ്ടി വരാത്തതു കൊണ്ടാണ്. ഒപ്പം പ്രതിജ്ഞാബദ്ധരായ പത്രപ്രവര്‍ത്തകരും ഇവയിൽ ഉണ്ട്. ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഞാനും ഗീതാ ഹരിഹരനും ചേര്‍ന്ന് എഡിറ്റ്‌ ചെയ്യുന്ന ‘ഗുഫ്ടുഗു’ (സംഭാഷണം) എന്ന വെബ്‌ ത്രൈമാസികവും ഞങ്ങൾ നടത്തുന്ന, അപ്പപ്പോള്‍ സംഭവങ്ങളോട് പ്രതികരിക്കുകയും സത്യം പുറത്തുകൊണ്ട് വരികയും ചെയ്യുന്ന, ‘ഇന്ത്യന്‍ കൾച്ചറല്‍ ഫോറം’ വെബ്സൈറ്റ്-ഉം ഇക്കൂട്ടത്തില്‍ പെടുന്നു.

ഇവ കൂടാതെ ഫേസ് ബുക്ക്‌, ബ്ലോഗുകള്‍, ട്വിറ്റർ തുടങ്ങിയവയും പ്രതിരോധത്തിന്നായി പ്രയോജനപ്പെടുത്താം. സംഭവങ്ങളോട് ശരിയായി പ്രതികരിക്കാനും, അഭിപ്രായം രൂപീകരിക്കാനും, സത്യം പുറത്തുകൊണ്ടു വരുന്ന ലേഖനങ്ങളും അപഗ്രഥനങ്ങളും മറ്റും പുനഃപ്രസിദ്ധീകരിക്കാനും, കാര്‍ട്ടൂണുകൾ, ചിത്രങ്ങള്‍ മുതലായവ ഫലപ്രദമായി പ്രയോജനപ്പെടുത്താനും, പ്രതിരോധസമ്മേളനങ്ങളുടെയും പ്രകടനങ്ങളുടെയും പ്രചാരണം നടത്താനും ഇവയ്ക്കു കഴിയും. അറബ് വിപ്ലവങ്ങളില്‍ സാമൂഹ്യമാധ്യമങ്ങൾ വലിയ പങ്കാണ് വഹിച്ചത്, അതുപോലെ ഇന്ത്യയില്‍ സമീപകാലത്ത് നടന്ന എല്ലാ പ്രതിരോധപ്രസ്ഥാനങ്ങളുടെയും പ്രചാരണം പ്രധാനമായും നടന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. സന്ദേശം ഫേസ് ബുക്ക്‌, ട്വിറ്റർ മുതലായവയിലൂടെ കൈ മാറി ‘ഫ്ലാഷ് മോബുകള്‍’ – മിന്നല്‍പ്രകടനങ്ങൾ – സംഘടിപ്പിക്കാനും കഴിയും. ‘നിര്‍ഭയ’ സംഭവത്തില്‍ ഡല്‍ഹിയിൽ ഇത് പരീക്ഷിച്ചു വിജയിക്കയുണ്ടായി. സഫ്ദര്‍ ഹശ്മി ട്രസ്റ്റ്‌, ദക്ഷിണായന്‍, ഇന്ത്യൻ റൈറ്റേഴ്സ് ഫോറം, സബ് രംഗ് ട്രസ്റ്റ്‌  ഇവ ഉള്‍പെടെയുള്ള നാല്‍പ്പതിലേറെ സംഘടനകള്‍ ഡല്‍ഹിയിലും പരിസരത്തും തന്നെ ഇങ്ങിനെ തങ്ങളുടെ യഥാര്‍ത്ഥ പ്രവര്‍ത്തനത്തെയും ഓണ്‍-ലൈന്‍ മാധ്യമപ്രവര്‍ത്തനത്തെയും കൂട്ടി യോജിപ്പിക്കുന്നുണ്ട്. അഭിപ്രായരൂപീകരണത്തില്‍ അവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌.

സാമൂഹ്യമാധ്യമങ്ങള്‍ക്ക് ബദൽ വിദ്യാഭ്യാസ വേദികൾ എന്ന നിലയിലും പ്രവര്‍ത്തിക്കാൻ കഴിയും. ഇന്ത്യന്‍ പാഠപുസ്തകങ്ങൾ കാവിവത്കരിക്കപ്പെടുകയും ചരിത്രം വളച്ചൊടിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിച്ചുള്ള വിദ്യാഭ്യാസത്തിനു സര്‍ഗാത്മകമായ പങ്ക് വഹിക്കാനാവും. പകര്‍പ്പവകാശ മുക്തമായ ലേഖനങ്ങൾ, പുസ്തകങ്ങൾ ഇവ കൂടുതലായി ഇന്റെര്‍നെറ്റിലൂടെ ലഭ്യമാക്കപ്പെടണം, ഇപ്പോള്‍ തന്നെ ഒട്ടേറെ കൃതികൾ അങ്ങിനെ ലഭ്യമാണെങ്കിലും. ‘ക്രിയേറ്റിവ് കോമണ്‍സ്’ പ്രസാധനതത്വം പിന്തുടര്‍ന്നാൽ ഇത് ചെയ്യാന്‍ കഴിയും. കൃതികള്‍ സ്വതന്ത്രമായി ‘ഡൌണ്‍ലോഡ്’ ചെയ്യാന്‍ നെറ്റിൽ ലഭ്യമാക്കുകയും അതേ സമയം എഴുത്തുകാര്‍ക്ക് അവ പ്രസിദ്ധീകരിക്കാനുള്ള അവകാശം നില നിര്‍ത്തുകയും ചെയ്യുന്ന ഒരു വ്യവസ്ഥയാണ്‌ ഇത്. സ്ലാവോയ് സിസെക്കിനെപ്പോലുള്ള  ഇടതുപക്ഷചിന്തകര്‍ ‘കോപ്പി ലെഫ്റ്റ്’ തത്വത്തില്‍ വിശ്വസിക്കുന്നവരാണ്. അവരുടെ എല്ലാ കൃതികളും ഇന്റര്‍നെറ്റിൽ സൌജന്യമായി ലഭ്യമാണ്. ഈ വഴി പുരോഗമനാശയങ്ങള്‍ കൂടുതലായി പ്രചരിപ്പിക്കാന്‍ കഴിയും. കേരളത്തിലും ഇതിനു ചില ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ ‘സായാഹ്ന’ പോലുള്ള സംഘങ്ങള്‍ ഇങ്ങിനെ കൃതികൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ‘സെന്റെര്‍  ഫോർ ഡെവലപ്മെന്റ് സ്റ്റഡീ’സും  ഇങ്ങിനെ ചിലത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാ നവസാങ്കേതികവിദ്യകളും ഇരുതല വാളുകള്‍ ആണ്. അവ ജനശത്രുക്കള്‍ക്കും ജനബന്ധുക്കള്‍ക്കും പ്രയോജനപ്പെടുത്താൻ കഴിയും. ഇന്ന് പ്രതിഫലം പറ്റുന്ന ‘ട്രോളു’കളും ഐ ടി വിദഗ്ദ്ധരും ജനവിരുദ്ധമായ പ്രവര്‍ത്തനങ്ങൾ ധാരാളമായി നടത്തിക്കൊണ്ടിരിക്കയാണ്, അവയെ പ്രതിരോധിക്കണമെങ്കില്‍ ജനാധിപത്യവിശ്വാസികളും  ഈ പുതിയ മാധ്യമങ്ങളെ നന്നായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ശത്രു അറിയുന്നത് അറിയുകയും ശത്രുവിന്റെ  ആയുധങ്ങള്‍ അവര്‍ക്കെതിരെ പ്രയോഗിക്കയും ചെയ്യുക എന്നതു ഏതു സമരത്തിന്റെയും മര്‍മ്മമാണ്. നവമാധ്യമങ്ങളുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. സൈബര്‍ ലോകവും യഥാര്‍ത്ഥലോകവും ഒത്തു ചേരുന്നത്, ഓണ്‍-ലൈന്‍ പ്രവര്‍ത്തനം  പുറംലോകത്തെ പ്രവര്‍ത്തനത്തിന്റെ മാധ്യമവും മാര്‍ഗദര്‍ശിയും സംഘാടനോപാധിയും ആകുമ്പോഴാണ്.

Comments

comments