[button color=”” size=”” type=”square” target=”” link=””]അദ്ധ്യായം : ആറ് – പറയുന്നത് വല്ലതും മനസ്സിലാവുന്നുണ്ടോ?[/button]

‘പറയുന്നത് വല്ലതും മനസ്സിലാവുന്നുണ്ടോ?’
‘ഉണ്ട് ‘

‘നീയെന്താ ചിരിച്ചേ ?’
‘ഏയ്, ചുമ്മാ…’

‘പ്രാന്ത് പിടിപ്പിക്കാതെ എന്തേലും പറ’
‘നല്ല ഓറഞ്ച് നിറമുള്ള പകൽ’

‘കുന്തം ! മാഗസിൻ ചെയ്യാൻ ഞങ്ങളെ ഹെൽപ്പ് ചെയ്യോ?’

‘ചെയ്യാന്ന് പറഞ്ഞിട്ടല്ലേ, നിന്റെ ഒപ്പം വര്‌ണേ. പറ്റീലേല് ഞാനിട്ടിട്ട് പോവും’

ബസ്സ്, ഒരു ലോങ്ങ് ഷോട്ടിൽ ഗ്രാമത്തിലേക്ക് കടക്കുന്നതിന്റെ തൊട്ടുമുമ്പ് ആൽത്തറ അമ്പലത്തിൽ നിന്നും അയ്യപ്പഭക്തിഗാനം താഴ്ശ്രുതിയിൽ കേട്ടുതുടങ്ങുന്നു. മകരത്തിലെ വൈകുന്നേരത്തെ കാറ്റ് ഇലയനക്കങ്ങളോട്  പോലും  പ്രണയത്തെക്കുറിച്ച്  സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ‘തുമ്പിപ്പെണ്ണേ വാ വാ…., തുമ്പച്ചോട്ടിൽ വാ വാ…….’ ബസ്സിലെ പാട്ട് മാറിയെന്ന് തോന്നുന്നു. ബസ്സിന്റെ പാട്ടിനൊപ്പം വെറുതെ ഞാനും വരികൾ മൂളാൻ ശ്രമിച്ചു. ആർക്കോ ഫോൺ ചെയ്ത് എത്താറായെന്ന് നീലി പറയുന്നുണ്ട്.

‘എത്താറായെങ്കിൽ, നമുക്കിനി ഇവിടെയിറങ്ങി നടക്കാം…’
‘ഉം’

ഞാനവളെ ചേർത്തുപിടിച്ചുകൊണ്ട് ബസ്സിൽ നിന്നിറങ്ങി.j6-p-2

‘നോ, ബസ്സിൽ നിന്നും ഇറങ്ങരുത്…’

പ്രണയാർദ്രമായിരിക്കുന്ന കാമിതാക്കളിൽ നിന്നും ഒരു സോങ്ങിലേക്ക് പോകണം. ഇദ്രീസിനെ ആരോ ആക്രമിക്കുന്നത് കാണിച്ചു. ഈ വിവരങ്ങളെല്ലാം അറിയുന്ന കുട്ടൻപിള്ളയേയും  അയാളുടെ  മകൾ  വഴി  ഒരു  കത്തിന്റെ  സഞ്ചാരവും  കാണിച്ചു.  ഡിക്റ്റക്ടീവ് നോവൽ, വായിച്ച് ട്രിപ്പായി ഇദ്രീസ് വധക്കേസിന് പിറകെപ്പോയ കഥയും തനിക്ക് നേരിട്ട ദുരനുഭവവും കുട്ടൻപിള്ള നദിയോടും ശാഹിദിനോടും പറയുന്നത് കാണിച്ചു. നീലി, പറഞ്ഞുതന്ന ഇത്രയും സംഭവങ്ങൾ വെച്ച് ഞാനെങ്ങനെയാണ് ഈ നായിന്റെ മോൾക്ക് മാഗസിൻ ചെയ്ത് കൊടുക്കുക! ഫെയ്‌സ്ബുക്ക് പ്രണയം പാരയായോ പടച്ചോനെ എന്നും മനസ്സിൽ പറഞ്ഞ്, ഞാനോളെയൊന്ന് നോക്കി. ‘ബാഗ്, ഞാൻ പിടിക്കാം’ എന്നും പറഞ്ഞ് അവളെന്റെ ബാഗ് പിടിച്ചു. അവള് പിടിച്ച ഉടൻ തന്നെ ബാഗിൽ നിന്നുള്ള പിടുത്തം ഞാൻ വിട്ടു. കൈകൾ സ്വതന്ത്രമായതോടെ ചുമ്മാ എന്തോ ആലോചിച്ച് മുമ്പോട്ട് നടക്കാൻ തുടങ്ങി. ശരിക്കും എന്തിനാണിങ്ങനെ കാടുകേറുന്നത്! തിരക്കഥയെഴുതുമ്പൊ ഇങ്ങനെ കാടുകേറരുത്, വൺലൈൻ ഇടണം. അപ്പൊ…. എങ്ങനേച്ചാല്, ഫസ്റ്റ് സീനില് നമ്മള് ആൽത്തരിക്കുഴി വായനശാല കാണിക്കും. അവിടെ ഇദ്രീസിനെ കാത്തൊരു കത്തുണ്ടെന്ന് കാണിക്കും. പിന്നെ, ആ കത്ത് കുട്ടൻപിള്ളയുടെ മകൾവഴി, അത് കുട്ടൻപിള്ളയ്ക്ക് കിട്ടും. കുട്ടൻപ്പിള്ളയുടെ ഓർമ്മപോ ലെ ഇതെല്ലാം കാണിച്ച ശേഷം നദിയേയും ശാഹിദിനേയും കാണിക്കും! മാഗസിന് തീം തേടിപ്പോയ നദിയും ശാഹിദും നിരാശരായാണ് തിരികെ ഹോസ്റ്റലിലെത്തിയതെന്ന് കാണിക്കും. തുടർന്ന്, നീലിയുടെ ഇൻട്രൊഡക്ഷനാണ്……അവൾ, ഫെയ്‌സ്ബുക്ക് വഴി എന്നെ പരിചയപ്പെടുന്നത് ദൃശ്യവൽക്കരിക്കണം. അവൾ, എന്നെത്തേടി ലൗ ഫെസ്റ്റോയ്ക്ക് വരികയും ഞാനുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ഇനി, അവളുടെ കോളേജിലേക്കുള്ള യാത്രയാണ്. ഈ യാത്ര എവിടേയും ഇറങ്ങാതെ, ബസ്സില് നിന്നും ഒരു മാച്ച് കട്ട് അടിച്ചാൽ ഇനി കാണിക്കേണ്ട സീനായി!

‘എന്താണാ സീൻ?’

‘വാർത്തിങ്കളുദിക്കാത്ത വാസന്തരാവിൽ എന്തിനീ അഷ്ടമംഗല്യം’ രേഖയുടെ ഫോണിലെ റിങ്ങ് ടോൺ കേട്ട് ഞാൻ ചിരിച്ചുപോയി. ചിരിച്ചതുകണ്ട്, ഗൗരവത്തിലവൾ ഫോൺ കട്ടുചെയ്തു. എന്നിട്ട്, അമ്മയാണെന്ന് ആംഗ്യംകാട്ടിക്കൊണ്ട് ആകാംഷയോടെ കഥ കേൾക്കാനിരുന്നു. അവൾ ഡോക്ടറും ഞാൻ രോഗിയും അല്ലാതെയായി….ഞാനൊരു കഥപറച്ചിലുകാരനും അവളൊരു കേൾവിക്കാരിയുമായി….

അടുത്തതെന്താണെന്നു വെച്ചാല്! അഷറഫ്, അതായത് ഞാൻ…. ഞാനെന്ന ഈ കഥാപാത്രമുണ്ടല്ലോ! ഞാൻ നദിയേയും ശാഹിദിനേയും ലീഫിനേയുമൊക്കെ പരിചയപ്പെടും. അവർക്ക്, മാഗസിനെറക്കാൻ ഒരു വിഷയം കണ്ടെത്തിക്കൊടുക്കും. അപ്പോഴൊക്കെയും എന്റെ മനസ്സിൽ നീലി പറഞ്ഞ് കുട്ടൻപിള്ള യുടേയും ഇദ്രീസിന്റേയും കഥ തറഞ്ഞുപോയിരുന്നു. ഉള്ളിലൊരു സിനിമ ജനിക്കുന്ന ഫീൽ ഞാനനുഭവിക്കുന്നുണ്ട്. സംവിധായകൻ സമ്മതിക്കാത്തതിനാൽ എന്റെ കഥാപാത്രത്തിന്റെ മുഴുവൻ ഐഡന്റിറ്റിയും പുറത്തുകാട്ടാൻ പറ്റില്ല. ഞാൻ വടക്കേക്കാട് കോളേജിലെ നീലിയുടെ ചങ്ങായിമാരെ കണ്ടു, പരിചയപ്പെട്ടു. അവർക്ക്, മാഗസിൻ ചെയ്യാനായി ക്രിയേറ്റീവായ ഒരു വഴിയും  പറഞ്ഞുകൊടുത്തു.

പക്ഷേ, അപ്പോഴൊക്കെയും ഞാൻ, ഓറഞ്ച് നിറമുള്ളൊരു വേനൽക്കാല സായാഹ്നത്തിൽ ഒരു പെൺകുട്ടിക്കൊപ്പം കുരുങ്ങിക്കിടക്കുകയായിരുന്നു. മാടായിപ്പാറയിൽ വെച്ച് നടന്ന ഏതോ ഒരു സാഹിത്യ ക്യാമ്പിൽ വെച്ച്….. അവിടെ വെച്ചാണ് ഞാൻ എഥലിനെ കണ്ടത്! അല്ല, അതിന് മുമ്പും ഞാൻ എഥലിനെ കണ്ടിട്ടുണ്ട്. ഒരു മെക്‌സിക്കൻ സിനിമയുടെ ലോങ്ങ് ഷോട്ടിൽ,  സ്വർണ്ണവർണ്ണമായ പുൽക്കാട്ടിൽ…അവളെ ചേർത്തുപിടിച്ച് കിടക്കുന്ന സ്വപ്നം പതിവായി കാണാറുണ്ടായിരുന്നു! അവളുടെ മേൽച്ചുണ്ടിലെ കടുകിന്റെ വലിപ്പമുള്ള മറുക് എന്നെ ഇപ്പോഴും മോഹിപ്പിക്കുന്നു. ചങ്കിൽ തട്ടിയ ഒരു നീറ്റലുള്ള പ്രണയം ചിലപ്പൊ എഥലിനോട് തന്നെയായിരിക്കും! ഡോക്ടർക്ക്  മനസ്സിലാകുന്നുണ്ടോ? ‘കൊച്ചാപ്പാ…ഇത്, ശരിയല്ല’

‘എന്താടാ, നീയെന്താ കൊറേ നേരായി…കൊച്ചാപ്പാ, ഇത് ശരിയല്ല. അത് ശരിയല്ലാന്നൊക്കെ പറേണുണ്ടല്ലോ! എന്താ കാര്യം ? ‘

‘അതിപ്പൊ, ഡോക്ടറ് ഈ സ്‌ക്രിപ്റ്റില് കേറി വന്നാ ശരിയാവൂലാ… നെലവില്, സെറ്റുചെയ്ത തിരക്കഥയില് എന്റെ കഥാപാത്രത്തിന് രണ്ട് നായികമാരുണ്ട്, എഥലും നീലിയും. ഇനിയിപ്പൊ എണ്ണം കൂട്ടാൻ പറ്റില്ല. ഇപ്പൊ തന്നെ മൂന്ന് നായകന്മാരും മൂന്ന് നായികമാരും ചിത്രത്തിലുണ്ട്.’
‘കൊച്ചാപ്പാക്ക് പറേണത് മനസ്സിലാവുന്നുണ്ടോ?’

‘ഉണ്ട്…, നീ കെടക്ക്. അല്ലെങ്കില് എന്തെങ്കിലും എഴുത്.’
‘ഉം…, കൊച്ചാപ്പ കെടന്നോ, ലൈറ്റ് കെടുത്തണ്ടാ  ‘

നല്ല ചെമ്പകത്തിന്റെ മണം! മനസ്സിലേക്ക് പടിയിറങ്ങിപ്പോകുന്ന ഇദ്രീസിന്റെ വിഷ്വൽ കടന്നു വരുന്നു. വീടിന്റെ ഉമ്മറത്ത് നിൽക്കുന്ന ചെമ്പകത്തിൽ നിന്നും രണ്ടുപൂക്കൾ പൊട്ടിച്ച്, ഒന്ന്  കീശയിലിടുകയും…. ഒന്ന് ഇടതുകുപ്പായക്കയ്യിൽ തെറുത്ത് കേറ്റുകയും ചെയ്യുന്ന ഇദ്രീസ്! അയാളുടെ മരണത്തിന്റെ കഥയാരാണിപ്പോൾ എന്നോട് പറയുന്നത്?

‘ഞാനിപ്പോൾ എന്തു ചെയ്യാനാണ്, അത്…ശരിയല്ല കൊച്ചാപ്പാ’ എന്നും പറഞ്ഞ് എഴുന്നേറ്റത്? ‘എഴുതാൻ! ഇദ്രീസിന്റെ കഥയെഴുതാൻ……

എഴുതണം!

‘അഷറഫേ, പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ? എഴുതണം!’ ഉള്ളിലിരുന്ന് മറ്റൊരു അഷറഫ് എന്നോടെന്തോ പറയുന്നുണ്ട്. എഴുതാനായി എണീറ്റത് എപ്പോഴാണെന്നോ,  വീണ്ടുമെപ്പോഴാണ് ഉറങ്ങിയതെന്നോ ഓർമ്മയില്ല! കാര്യമായി ഒന്നും എഴുതിയില്ലെങ്കിലും മുമ്പെപ്പഴോ എഴുതിയ ഒരു ഫെയ്‌സ്ബുക്ക് സ്റ്റാസ്റ്റസ് ഓർത്തെടുത്ത് സിഗരറ്റ് കൂടിന്റെ സിൽവർ പേപ്പറിൽ എഴുതിവെക്കാൻ പറ്റിയിരുന്നു.

നീലി, ഈ പോസ്റ്റ് വായിച്ചിട്ടായിരുന്നൂ ഞാനുമായി പ്രണയത്തിലായത്. ഞങ്ങൾക്കിടയിൽ ആ പോസ്റ്റിന്റെ കൗതുകം അവസാനിച്ചുവോ? മിക്കവാറും അവസാനിച്ചു കാണും! ഉറക്കഗുളികയുടെ കാഠിന്യത്താൽ ശരിക്കും ഞാനുറങ്ങുകയായി….പ്രാന്തുകൾക്ക് മേലെ ഉറക്കം തന്റെ പുതപ്പ് വലിച്ചിട്ടു കൊടുക്കുന്നു. ഒരു നേർത്ത ചിവീടിന്റെ ഒച്ചപോലും ഇപ്പോൾ തലച്ചോറിലില്ല!   മനസ്സിലാകുന്നുണ്ടല്ലോ?   ഞാൻ  നോർമ്മലാണ്….

‘ഡോക്ടറേ, സത്യത്തിൽ ഞാൻ നോർമ്മലല്ലേ? ഇനി ഞാനൊന്ന് പൊറത്തെറങ്ങ്ഏം, സിഗരറ്റ് വലിക്കേം ചെയ്‌തോട്ടേ? മൊബൈലൊന്ന് യൂസ് ചെയ്‌തോട്ടെ, ഇതൊക്കെ ചെയ്താലെ എനിക്ക് എഴുതാൻ  പറ്റു… ഇങ്ങനെ  മുറീല്  പൂട്ടിയിട്ടാലൊന്നും  എഴുതാൻ  പറ്റൂല.  ഡോക്ടർക്ക്  മനസ്സിലാവുന്നുണ്ടല്ലോ?’

‘ഉം….മനസ്സിലാവുന്നുണ്ട്. പക്ഷേ, പേനയും പേപ്പറുമല്ലാതെ ഒന്നും അലൗ ചെയ്യാൻ പറ്റില്ല. എന്റെ ഒത്താശയോടെ മുറീലിരുന്ന് ഇയാള് കള്ളും കഞ്ചാവും അടിക്കുന്നെന്ന് ആരോ സൂപ്രണ്ടിന്  ഇറ്റിച്ചു കൊടുത്തിട്ടുണ്ട്. അതോണ്ടിനി, ഞാൻ വല്ലപ്പോഴും തന്നിരുന്ന സിഗരറ്റ് ഇനിമുതൽ ഉണ്ടാവൂലാ…ഇതു വരെയുള്ള നിന്റെ ലൈഫിലെ കഥയും കാര്യവുമൊക്കെ ഒന്ന് വെവ്വേറെയായതിന് ശേഷം നിനക്ക് വലിക്ക്ഏ കുടിക്ക്ഏ, എന്താച്ചാ ആവാം… എന്താ അത് പോരേ?’

‘ഉം’

ആശുപത്രിയുടെ ഇത്തിരിവെട്ടങ്ങൾ തലച്ചോറിൽ വല്ലാത്ത പരിഭ്രമം ഉണ്ടാക്കുന്നുണ്ട്. മനസ്സ് പ്രക്ഷുബ്ധമാണോ, ശാന്തമാണോ എന്നറിയില്ല! ഡോക്ടറെ ഞാൻ ഡോക്ടറായും രേഖയായും  തിരിച്ചറിഞ്ഞും വേർപ്പെടുത്തിയും കഴിഞ്ഞു. ഇദ്രീസും നദിയും ലീഫും നീലിയും  എഥലുമൊക്കെ ആരെല്ലാമാ ണെന്നും കഥയെന്താണെന്നുമൊക്കെ വ്യക്തമാകുന്നുണ്ട്. ഉമ്മയ്ക്ക് പകരം ബാബു കൊച്ചാപ്പ ആശുപത്രിയിൽ തുണയ്ക്ക് നിൽക്കാൻ തുടങ്ങിയിട്ടുണ്ട് ! ഇതിൽ നിന്നും ഞാൻ നോർമ്മലായി എന്നാണോ അബ്നോർമ്മലായി എന്നാണോ അർത്ഥം? ഞാൻ, പറയുന്നത് കുറച്ചെങ്കിലും മനസ്സിലാകുന്ന… കാര്യങ്ങളൊക്കെ കൊറച്ചൊരു സിനിമാറ്റിക്കായി മനസ്സിലാക്കുന്നത് പുള്ളിക്കാരനാണ്. ഞാൻ, കഥയും കഥാപാത്രങ്ങളുമൊക്കെ മറന്നാൽ വീട്ടുകാരും ഡോക്ടർമാരുമൊക്കെ പറയുന്നപോലെ നോർമ്മലായിരുന്നെങ്കിൽ തുണയ്ക്ക് നിൽക്കുക ഉമ്മയായിരിക്കും. ഇന്നലേയും നദിയുടെ ഉമ്മ കാണാൻ വന്നിരുന്നു… കൊച്ചാപ്പ, പുറത്ത് നിന്നും എനിക്കുള്ള ചായയും സിഗരറ്റും വാങ്ങി വന്നുകാണും. കൗൺസിലിങ്ങ് റൂ മിൽ നിന്നും പുറത്ത് വരുമ്പോൾ ഒന്നുകൂടി എഥൽ വരച്ച ചിത്രങ്ങളിലേക്ക് നോക്കി…., കയ്യിലെ മൊബൈലിലേക്ക് നോക്കി. അസുഖം മാറിയാലും ഇല്ലെങ്കിലും ഫോൺ ഉപയോഗിക്കാൻ അനുമതി തന്നിട്ടുണ്ട്. ഫെയ്‌സ്ബുക്കിൽ നിന്നും എഥൽ വരച്ച ചിത്രം തപ്പിയെടുത്ത് കഥയുടെ തുടക്കം രേഖയോട് പ റഞ്ഞുതീർത്താണ് പുറത്തിറങ്ങിയത്. റൂംനമ്പർ 310-ലേക്ക് എന്റെ ജീവിതം  പറിച്ചുനട്ടിട്ട് എത്ര നാളായി? മൂന്ന് മാസം, നാല് മാസം…, അറിയില്ല!

ചെടിയും കമ്പും പട്ടവും കോലും ഫിലിംറോളും അങ്ങനെ കണ്ണിൽകണ്ട സകല  കുണ്ടാമണ്ടികളും കൊണ്ട് എഥല് എന്നെ വരച്ചിട്ടുണ്ട്. അവളുടെ വര കൊള്ളാമെന്ന് ഡോക്ടറും പറഞ്ഞൂ, അവളെപ്പോഴാണ് താടിയില്ലാത്ത എന്റെ കോലം വരഞ്ഞത്? ആ എന്തായാലും നല്ല ചേല്ണ്ട്… മൂക്കിന്റെ ദ്വാരത്തിന്റെ വലിപ്പവും ഷെയ്പ്പും കണ്ടാല് ആരുമൊന്ന് ചിരിച്ചുപോകും. പ്രാന്തായിട്ട് ചിരിക്കുന്നതല്ല, ശരിക്കും ചിരിക്കുന്നതാണ്!

മുറിയിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് രേഖയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടെത്. അവര്, പിന്നി ലുള്ള വിവരം ഞാനറഞ്ഞിരുന്നില്ല! എന്റെ പിറകെ അവളും മുറിയിലേക്ക് കയറി. ഞാനവളെ കൂട്ടുകാരിയായി തിരിച്ചറിഞ്ഞതിലുള്ള സന്തോഷമാണോ അതോ പണ്ടെപ്പഴോ തോന്നിയ പ്രണയമാണോ കണ്ണുകളിൽ! എനിക്കൊന്ന് ഒറ്റയ്ക്കിരിക്കണമെന്ന് കണ്ണുകൾ കൊണ്ട് മറുപടി കൊടുത്തോ? വന്നപോലെ രേഖ തിരിച്ചു പോകുന്നു…അവൾ, പിൻതിരിഞ്ഞു പോകുന്നതും നോക്കി വെറുതെ ഒരു മിനിറ്റ് അങ്ങ നെത്തന്നെ നിന്നു. ഒരു സിനിമാറ്റിക് ഫ്രെയിമിൽ ആലോചിക്കുമ്പോൾ, ഒരു നായികയ്ക്കുള്ള സ്‌കോപ്പൊക്കെ മ്മടെ ഡോക്ടറ് കൊച്ചിനുണ്ട്! അപ്പൊ, നീലിയല്ലേ ഈ  കഥയിലെ നായിക? മൈര്, മറന്ന് പോയി. അഷറഫും നീലിയും ലൗ ഫെസ്‌റ്റോ കഴിഞ്ഞ് വടക്കേക്കാട് കോളേജിലേക്ക് പോകുന്നത് വ രെയല്ലേ ഞാനിന്നലെ ഡോക്ടർക്ക് പറഞ്ഞു കൊടുത്തത്. ഇന്ന്, അതുകൊണ്ടാണല്ലോ പതിവില്ലാത്തൊ രു കൗൺസിലിങ്ങും പിന്നെ ഈ പുറകെ വരലും. ഇനിയെന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ലല്ലോ? ഞാനൊന്ന് ഓർത്തെടുക്കട്ടേ! ഭ്രാന്തിലേക്കുള്ള യാത്ര അവിടെ നിന്നാണോ തുടങ്ങുന്നത്? അതെ, അവിടെ നിന്നാണ് ഞാൻ ഇദ്രീസിലേക്കും പ്രാന്തിലേക്കും സഞ്ചരിച്ചു തുടങ്ങിയത്. ചിന്തകളെ വെറുതെ വിട്ട് മുറിയിലേക്ക് തലവലിച്ചു….തോടിനകത്തെത്തിയ ആമയെപ്പോലെ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി. മേശപ്പുറത്ത് ഫ്‌ളാസ്‌ക് ഇരിക്കുന്നുണ്ട്. അപ്പൊ, ബാബു കൊച്ചാപ്പ വന്നുപോയിട്ടുണ്ടാകും. സിഗരറ്റും തീപ്പെട്ടിയും തലയണയ്ക്കടിയിലുണ്ട്. രണ്ട്  സിഗരറ്റേ കാണൂ, സാരമില്ല. ഇനി മുതൽ അതും കിട്ടില്ലല്ലോ! ചുമ്മാ, ഓരോന്നാലോചിച്ച് കിടക്കാൻ നല്ല രസമുണ്ട്… നീലിയുമൊത്തുള്ള ബസ്സ് യാത്രയും ലൗ ഫെസ്റ്റോയും ഓർമ്മ വരുന്നു. ലൗ ഫെസ്റ്റോയ്ക്ക് വേണ്ടി പ്രജിൽ ചെയ്ത കവർ ഫോ ട്ടോയും അതിലെ  ഞാനെഴുതിയ വാചകങ്ങളും ഓർമ്മ വരുന്നു, നീലിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട വാചകങ്ങൾ ;

വേനലിലിൽ ചുവന്ന വാലുള്ള തുമ്പികൾ വരും
പ്രണയത്തോടെ അവർ വെയിലിനെ ചുംബിക്കും, കശുമാങ്ങയുടെ
നീരൊലിപ്പിച്ച മുഖം
നീയെന്റെ കുപ്പായത്തിൽ തുടക്കും. ഇല്ല…., ഇതൊന്നും
കഴിഞ്ഞ കാലത്തിന്റെ കൽപ്പകത്തുണ്ടുകളല്ല. തീർച്ചയായും, നമ്മളന്ന്
പ്രണയിച്ചിരുന്നു…, ചുംബിച്ചിരുന്നു!
ഇപ്പോഴും നമ്മളവിടെയാണ്…..

—————————–

അധ്യായം – 1: കേൾക്കപ്പെടാത്തവർ – വടക്കേക്കാട് ഗവമെന്റ് കോളേജ് മാഗസിൻ 2014-15

അധ്യായം – 2: രൂപരഹിതമായ ജീവിതങ്ങൾ

അധ്യായം – 3: ഉന്മാദത്തിന്റെ വേരുകൾ

അധ്യായം – 4: ആകാശത്തിലേക്ക് തുറക്കുന്ന വാതിൽ

അധ്യായം – 5: ക്ലൈമാക്സ് ഒളിപ്പിച്ചുവെച്ചൊരു പുസ്തകം

Comments

comments