ലതയും ഉണ്ണികൃഷ്ണനും പുഴകൾക്കു വേണ്ടി പരസ്പരം പടർന്നു കയറിയവരാണ്. അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജീവിക്കേണ്ട ഉണ്ണികൃഷ്ണനും കൃഷി ഓഫിസറായി ജീവിച്ചു തീർക്കേണ്ട ലതയും ഒന്നാകുമായിരുന്നില്ല.
1999-2000 കാലത്താണ് ഞാൻ ഡോ. ലതയെ പരിചയപെടുന്നത്. പുഴയ്ക്ക് വേണ്ടി ഇടപെടുന്ന രണ്ടു വ്യക്തികൾ എന്ന നിലയിൽ തുടങ്ങിയ പരിചയം പിന്നീട് ദൃഡമാകുകയായിരുന്നു. എന്റെ പ്രായമാണ് ലതക്കെങ്കിലും എന്തുകൊണ്ടോ ആദ്യ മുതൽ ചേച്ചിയെന്നാണ് വിളിക്കാൻ തോന്നിയത്. അവരുടെ പക്വതയുള്ള പെരുമാറ്റമായിരിക്കാം അതിനുള്ള കാരണം.
പുഴയെക്കുറിച്ചും കാടിനെക്കുറിച്ചും എന്തു സംശയങ്ങൾ ഉണ്ടെങ്കിലും നമുക്ക് ചോദിക്കാനൊരിടമായിരുന്നു അവർ. അവസാനമായി ലതേച്ചിയുടെ വീട് അറ്റകുറ്റപണി നടത്തണമെന്ന് പറഞ്ഞ് എന്നെ വിളിച്ചപ്പോൾ ചെന്നിരുന്നു. കുറെ നേരം സംസാരിച്ചു. വേദന തിന്നുന്ന ലതേച്ചിയെയാണു ഞാൻ അന്നു കണ്ടത്. അവസാനം നവംബർ 15-ന് രാത്രി ജയൻ ചേട്ടൻ വിളിച്ചു തീരെ വയ്യെന്ന് പറഞ്ഞു. പക്ഷെ രാവിലെ അവിടെ എത്തുന്നതിനു മുൻപേ ചേച്ചി പോയി….
1966-ൽ വരദാഭായിയുടെയും അനന്ദ കമ്മത്തിന്റെയും മകളായി ജനനം. പ്രാഥമിക വിദ്യാഭ്യാസം കൊച്ചിയിലായിരുന്നു. 1983 – 87-ൽ കൃഷി ശാസ്ത്രത്തിൽ ബിരുദവും തുടർന്ന് നാമമാത്ര റബ്ബർ കർഷകർ നേരിടുന്ന സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ ഡോക്ടറേറ്റും നേടി. പിന്നീട് കൃഷി ഓഫിസറായി രണ്ടു സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ കാടും പുഴയും ദൗർബല്യമായിരുന്ന ലതയ്ക്ക് അധികകാലം ആ ജോലി കൊണ്ടു നടക്കാൻ ആകുമായിരുന്നില്ല. ഡോ. സതീഷ് ചന്ദ്രനുമായുള്ള പരിചയം ലതയിലെ പരിസ്ഥിതി സ്നേഹിയെ പുറത്ത് കൊണ്ട് വരാൻ സഹായകമായി. 1989-ൽ സൈലന്റ് വാലിയിൽ നടന്ന നേച്ചർ ക്യാമ്പിൽ പങ്കെടുത്തതോടെ പുഴയും കാടും ഒരു ലഹരിയായി മാറുകയായിരുന്നു. ഇതിനിടെയാണു പൂർണ്ണ പരിസ്ഥിതി പ്രവർത്തനത്തിലേക്ക് തിരിയുന്നതിന്റെ ഭാഗമായി കൃഷി ഓഫീസർ ജോലി അവസാനിപ്പിച്ചത്.
പുഴയോടുള്ള പ്രണയം മറ്റൊരു പുഴസ്നേഹിയിലേക്കാണ് ലതയെ എത്തിച്ചത്. മെക്കാനിക്കൽ എഞ്ചിനീയറായ ഉണ്ണികൃഷ്ണൻ. 1995-ൽ പുഴയ്ക്കു വേണ്ടി രണ്ടു ജീവിതങ്ങൾ ഒന്നായി. ഇത് മരണ ശേഷമുള്ള അപദാനങ്ങളല്ല – 1995 നു ശേഷമുള്ള ഇവരുടെ ഒരോ ഇടപെടലുകളും പുഴയ്ക്കു വേണ്ടിയായിരുന്നു – കാടിനു വേണ്ടിയായിരുന്നു. അതിനു വേണ്ടി കഠിനമായി പ്രയത്നിച്ചു. ഒരോ പ്രശ്നങ്ങളും വസ്തുതാപരമായും ശാസ്ത്രീയമായും പഠിച്ചു. ഇന്ത്യക്കകത്തും പുറത്തും നിരന്തരമായി യാത്ര ചെയ്തു. ഇതിനിടയിൽ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ജീവിക്കാൻ മറന്നു എന്ന് പറയാം. കുട്ടികൾ വേണ്ട എന്ന തീരുമാനം എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനു നല്കിയ ഉത്തരമാണ് അവരുടെ ജീവിതസന്ദേശം: ഞങ്ങളുടെ കുട്ടികൾ പുഴകൾ തന്നെയാണ്. പുഴയുടെ തീരത്തു നിൽക്കുമ്പോൾ ഞങ്ങൾക്ക് കുട്ടികളില്ല എന്ന തോന്നലില്ല എന്ന ഉത്തരം തന്നെയാണ് അവർ ഇടപെട്ട മേഖലയിലെ സത്യസന്ധത.
1998-ലാണു സർക്കാർ അതിരപ്പളളി പ്രൊജക്റ്റ് പ്രഖ്യാപിക്കുന്നത്. ഈ പ്രൊജക്റ്റിലെ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച വിജ്ഞാപനത്തിൽ നിരവധി വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപെട്ടത് പദ്ധതിയുടെ പരിധിയിൽ കാടാർ സമുദായം വരുന്നില്ല എന്നതായിരുന്നു. ഇതിനകം തന്നെ മറ്റ് ഡാമുകളിലേക്ക് വെള്ളം വഴി തിരിച്ച് വിട്ടത് മൂലം ജല ലഭ്യതയിൽ 35 ശതമാനത്തിലധികം കുറവുണ്ടായ കാര്യവും ഇല്ലായിരുന്നു. ഇതടക്കമുള്ള പല പ്രധാനപെട്ട കാര്യങ്ങളും ഒഴിവാക്കിയതിനെതിരേയാണു കോടതിയെ സമീപിക്കാൻ തീരുമാനിക്കുന്നത്. ഇതേ തുടർന്ന് ഡോ. വി.എസ് വിജയൻ, ഡോ.സതീഷ് ചന്ദ്രൻ നായർ, എസ്. പി. രവി തുടങ്ങിയ സുഹ്യത്തുക്കളുമായ് ചേർന്ന് കൂടിയാലോചനകൾ നടത്തി. 2001-ൽ പാരിസ്ഥിതിക അനുമതി നൽകിയതിനെ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ഇതേ പ്രശ്നം ചൂണ്ടി കാട്ടി വേൾഡ് ഡാം കമ്മീഷന് പരാതി നൽകി. 2002-ൽ കമ്മീഷന്റെ യോഗം ത്യശൂരിൽ ചേരുന്നതിനു മുൻകൈ എടുത്തു. 2005-ൽ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് കൊണ്ട് കാടാർ സമുദായാഗമായ ഗീത മറ്റൊരു പൊതുതാല്പര്യ ഹർജി ഹൈക്കോടതിയിൽ നൽകി. ഇതേ തുടർന്ന് കോടതി പുതിയ പൊതുതെളിവെടുപ്പ് നടത്താൻ ഉത്തരവിട്ടു. ശേഷം നടന്ന തെളിവെടുപ്പിൽ കാടർ സമുദായങ്ങൾ ഉൾപ്പെടെ വൻപിച്ച ജനാവലി പങ്കെടുത്തു. കേരളം കണ്ട ഏറ്റവും വലിയ പൊതു തെളിവെടുപ്പ് കൂടിയായി അത് മാറുകയായിരുന്നു. അത്തരമൊരു വൻ ജനകീയ തെളിവെടുപ്പായി അതിനെ മാറ്റിയതിനു പിന്നിലുള്ള ഡോ. ലതയുടെ അദ്ധ്വാനം വലുതാണ്.
കോടതിയിൽ നടക്കുന്ന കേസുകളും സമരങ്ങളും വളരെ ശക്തമായി നടത്തി കൊണ്ട് പോകുന്നതിനൊപ്പം ഉന്നത തലങ്ങളിലുള്ള ഇടപെടലുകളും ശാസ്ത്രീയ പഠനപ്രവർത്തനങ്ങളും സമാന്തരമായി നടത്തിക്കൊണ്ടിരുന്നു. ജയറാം രമേഷ് വനം പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന് ഇത് സംബന്ധിച്ച് വിശദമായ കത്തെഴുതുകയും കൂടിക്കാഴ്ചക്ക് അനുവാദം ചോദിക്കുകയും ചെയ്തിരുന്നു. ജയറാം രമേഷ് കൊച്ചിയിൽ വന്ന വേളയിൽ ലതയും ഉണ്ണികൃഷ്ണനും അദ്ദേഹത്തെ നേരിൽ കണ്ട് അതിരപ്പളളി പദ്ധതിയുടെ പാരിസ്ഥതിക, സാമ്പത്തിക, സാമൂഹിക പ്രത്യഘാതങ്ങൾ അദ്ദേഹത്തെ വിശദമായി ബോധ്യപ്പെടുത്തുകയുണ്ടായി. ഇതേ തുടർന്ന് 2010 ജനുവരി നാലിന് വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് സ്റ്റോപ് മെമോ നൽകി. അതിരപ്പള്ളി പദ്ധതിക്കെതിരായ പോരാട്ടം രാജ്യത്തിന്റെ ഏറ്റവും വലിയ പരിസ്ഥിതി സമരങ്ങളിലൊന്നായി മാറ്റിയതിന് പിന്നിലെ ലതയുടെ അധ്വാനം വിവരണാതീതമാണ്.
റിവർ റിസേർച്ച് സെന്ററിന്റ സ്ഥാപക ഡയറക്റ്റർ എന്ന നിലയിൽ നദികളെ സംബന്ധിച്ച് അവർ ആർജ്ജിച്ച ആഴത്തിലുള്ള അറിവ് അവരെ അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെടുന്ന തരത്തിൽ ഈ മേഖലയിലെ ഒരു വിദഗ്ധയാക്കി മാറ്റി. പാരിസ്ഥിക പ്രശ്നങ്ങളും പുഴയറിവുകളും ഡാമുകൾ ഉണ്ടാക്കുന്ന പ്രതിസന്ധികളും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിൽ അനിതരസാധാരണമായ പാടവമുണ്ടായിരുന്നു അവർക്ക് . പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടുമായ് ബന്ധപ്പെട്ട് വിശ്രമമില്ലാത്ത പ്രവർത്തനമാണവർ കാഴ്ചവച്ചത്. കേരളത്തിലെ പശ്ചിമഘട്ട മലനിരകൾ നേരിടുന്ന വെല്ലുവിളികളും വന നശീകരണവും കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിൽ ലത വഹിച്ച പങ്ക് നിസ്തുലമാണ്.
സൈലന്റ് വാലി പദ്ധതിയുടെ ഭാഗമായി കൊണ്ടുവരാൻ ശ്രമിച്ച പാത്രക്കടവ് പദ്ധതിക്കെതിരായുള്ള പോരാട്ടത്തിലും ഡോക്ടർ ലത മുൻനിരയിലുണ്ടായിരുന്നു. ഫോറം ഫോർ പോളിസി ഡയലോഗ് ഓൺ വാട്ടർ കോൺഫ്ളിക്റ്റ് ഇൻ ഇൻഡ്യ എന്ന സംഘടന യുടെ സ്റ്റീയറിംഗ് കമ്മറ്റി അംഗമായിരുന്നു.
ലതയുടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളെ മുൻനിർത്തി നിരവധി അംഗീകാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. 2012-ൽ ഇന്ത്യയിലെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരങ്ങളിലൊന്നായ അശോക ട്രസ്റ്റിന്റെ അവാർഡും 2014-ൽ ഭാഗീരഥ് പ്രയാസ് സമ്മാനും ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്. വലിയ ആൾക്കൂട്ടങ്ങളിലോ ബഹളങ്ങളിലോ വലിയവിശ്വസമില്ല എന്ന് പറഞ്ഞ ലത കുട്ടികളിൽ പ്രതീക്ഷ അർപ്പിച്ചിരുന്നു. കുട്ടികൾക്ക് അതിരുകളില്ലാതെ ചിന്തിക്കാൻ കഴിയുമെന്നും അത്തരം ചിന്തകളും ബോധ്യങ്ങളും ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവക്കാൻ കഴിയുമെന്നും ലത പറയുമായിരുന്നു. കുട്ടികൾ വേണ്ടി നിരവധി പഠനക്യാമ്പുകൾ തന്നെ അവർ സംഘടിപ്പിച്ചിട്ടുണ്ട്. 20 വയസ്സിനു താഴെയുള്ള കുട്ടികളുടെ പരിസ്ഥിതി ഇടപെടലിനായി “കുട്ടി കൂട്ടങ്ങൾ’ സംഘടിപ്പിച്ചിരുന്നു. എപ്പോഴും സമൂഹത്തിൽ മാറ്റങ്ങൾക്ക് പ്രേരണയായിട്ടുള്ളത് ചെറു ന്യൂനപക്ഷങ്ങളുടെ ചിന്തകളും പ്രവർത്തനങ്ങളും തന്നെയാണെന്നും ലത പറയുമായിരുന്നു. കേരളത്തിൽ നടക്കുന്ന പരിസ്ഥിതി സമരങ്ങളിൽ ഇടപെടാനും തനിക്കുള്ള വൈദഗ്ദ്ധ്യം പകർന്നു നല്കാനും ലത ശ്രദ്ധിച്ചിരുന്നു എന്ന കാര്യവും സ്മരണീയമാണ്.
അകാലത്തിലാണു ലതയുടെ ജീവൻ അർബുദം കവർന്നെടുത്തത്. അതിലൂടെ നമുക്ക് നഷ്ടമായത് സൂക്ഷ്മതല പുഴയറിവിന്റെ ഒരു വലിയ ശ്രോതസാണ്. വലിയ ആൾക്കൂട്ട സമരങ്ങളെക്കാൾ പലപ്പോഴും ഭരണാധികാരികളും തലതിരിഞ്ഞ വികസനവാദികളും ഭയക്കുക ലതയെ പോലെ അറിവിനെ ആയുധമാക്കിയവരെയായിരിക്കും. അതു കൊണ്ട് തന്നെ ലതയുടെ മരണം പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട മുഴുവൻ പോരാട്ടങ്ങൾക്കും തീരാനഷ്ടമായിരിക്കും.
(ചിത്രങ്ങൾക്ക് കടപ്പാട്: ഷഫീക്ക് താമരശ്ശേരി, https://sandrp.wordpress.com )
Be the first to write a comment.