സ്വതന്ത്രഭാരതം പിച്ചവെച്ചുതുടങ്ങിയപ്പോൾ വിഭാവനം ചെയ്ത നയ-നിയമങ്ങളല്ല രണ്ടോ മൂന്നോ ദശകങ്ങൾകൊണ്ട് രാഷ്ട്രീയ നേതൃത്വങ്ങൾ മുന്നോട്ടു വെച്ചത്. രാഷ്ട്രീയ ശക്തിയുടെ വിന്യസനങ്ങൾ രാജ്യത്തെ സാമ്പത്തികക്രമങ്ങൾ അടിമുടി ശിഥിലീകൃതമാക്കി എന്ന് പറയാം. സമഗ്രമായ ഒരവലോകനത്തിൽ ഋണബദ്ധമായ ഇന്ത്യൻ ജീവിതങ്ങൾ ആണ് കാണാനാവുക. കേരളത്തേക്കാൾ അധഃസ്ഥിതമായ ഗ്രാമീണ ജീവിത സാഹചര്യങ്ങൾ ആണ് വടക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്. യുദ്ധം-ക്ഷാമം എന്നിവ പാടേ മാറ്റിത്തീർത്ത ഭൗതികവ്യവഹാരങ്ങൾ. അവയുടെയെല്ലാം നിഴൽവെട്ടം കേരളത്തിലേക്കും പരന്നിരുന്നു. കാരണം അപ്പോഴേക്കും കേരളീയർ പ്രവാസികളായി മാറിയിരുന്നു. ബോംബെയിലും ഡൽഹിയിലും കൊൽക്കത്തയിലും ജീവിതത്തെ പറിച്ചുനട്ടവർ പ്രത്യക്ഷമായും പരോക്ഷമായും മലയാളിജീവിതത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു, ലോകം മാറ്റത്തിന്റെ ദശാസന്ധിയിലാണെന്ന്. ഗോപിയും ഗുരുജിയും ഇന്ദ്രനും  ലീലയും അവരുടെ അന്യസംസ്ഥാന അനുഭവങ്ങളാൽ രാമുവിന്റെ ചുറ്റിലുമുള്ള കേരളീയജീവിതത്തെ തൊട്ടുകൊണ്ടിരിക്കുന്നു എന്ന് അരവിന്ദൻ വെളിപ്പെടുത്തുന്നു.

കേരളത്തിലെ പരിമിത സാങ്കേതിക സാഹചര്യങ്ങളും സമ്പന്നമായ കാർഷികവ്യവസ്ഥയും പ്രബുദ്ധമായ നവോത്ഥാന വ്യക്‌തിത്വ രൂപങ്ങളും ചേർന്ന് വിന്യസിച്ച സാമൂഹ്യപ്രശ്നപരിസരം നമുക്ക് വിശകലനം ചെയ്യാം. അത് ഒരു മദ്ധ്യവർഗ മലയാളിയുടെ പൊതുബോധത്തിന്റെ സമാഹൃതരൂപമാണ്. എല്ലാം ബിസിനസ്സായി മാറുന്ന പണാധിഷ്ഠിത ജീവിത വ്യാപാരങ്ങളിലേക്കു അരവിന്ദൻ നമ്മെ കൊണ്ടുപോകുന്നു. ഒരുപക്ഷെ ഇന്നത്തെ അന്തരീക്ഷത്തിൽ അത് നമുക്ക് വേർതിരിച്ചറിഞ്ഞെന്നുവരില്ല. കാരണം കുടിവെള്ളവും “ഇവന്റു”കല്യാണങ്ങളും  “ഇൻസ്റ്റന്റു”വിരുന്നുകളും എന്തിനു ശവസംസ്ക്കാരം വരെ ഇവന്റ് മാനേജുമെന്റിന്റെ മേൽനോട്ടത്തിൽ ആയിക്കഴിഞ്ഞ കാലമാണിത്. എന്തിനും പണമാണ് മൂലാധാരം. അദ്ധ്വാനമോ സേവനസന്നദ്ധതയോ ഔദാര്യമോ മാനവികതയോ ഒന്നുമില്ലാതെ പണമുണ്ടെങ്കിൽ മാത്രം നടക്കുന്ന ആഘോഷങ്ങളും അത്യാവശ്യങ്ങളും. അങ്ങനെയൊരു വർത്തമാനവ്യവസ്ഥയിൽ നിന്നുകൊണ്ട്  ഈ കാർട്ടൂൺ പരമ്പരയിലെ അതിവിരുദ്ധമെന്നു ധ്വനിപ്പിക്കുന്ന പണക്കൊതി നമ്മെ അതീതഭൂതകാലത്തിലേക്കു നയിക്കാം. അത്തരമൊരു വായന മുന്നോട്ടു വെക്കുന്ന സ്വപ്നസമാനമായ വിഭ്രമലോകം നമ്മെ ചൂഴ്ന്നുനിൽക്കുന്നു. അന്ന് പുസ്തകമെഴുത്തു സർഗ്ഗസിദ്ധിയുടെ മഹത്തായ ആവിഷ്ക്കാരമാണെന്ന് ധരിച്ചിരുന്ന ഒരു തലമുറയ്ക്ക് ഇത് ഷോക്കായി അനുഭവപ്പെട്ടിരിക്കാം എന്ന ചിന്ത പോലും ത്രസിപ്പിക്കുന്നു. മോനോട്ടോണസ് ആയിമാറുന്ന ജീവിതത്തെക്കുറിച്ചു കാറോടിച്ചുവരുന്ന രാമു ഗുരുജിയോട് പറയുന്നു. കാർ ഒരു ആഡംബരവസ്തുവായി നിന്നിരുന്ന കാലത്തിന്റെ ആവിഷ്ക്കാരമാണിത്.

നിനക്ക് കണക്കില്ലാതെ കാറുകൾ ഉണ്ടാകട്ടെ എന്ന് ഗുരുജി പറയുമ്പോൾ അതൊരു അനാർക്കിസ്റ്റിന്റെ മൃദുപല്ലവിയായി നിലകൊള്ളുന്നു.
പക്ഷെ കേരളത്തിന്റെ പിൽക്കാല ചരിത്രം, സാമ്പത്തിക വിനിമയശൃംഖല, എന്താണ് പറഞ്ഞുതന്നത്?
കണക്കില്ലാതെ കാറുകൾ ഉണ്ടാകുന്നതാണ് ജീവിതവിജയം എന്ന് തന്നെയല്ലേ? ലോൺമേളകളും നിജസ്ഥിതി അറിയാതെ വാങ്ങിക്കൂട്ടുന്ന ഉപകരണങ്ങളും കടക്കെണികളും അസന്തുലിതമായ ഡെബിറ്റ്-ക്രെഡിറ്റ് ചാർട്ടുകളും എന്ന നിലയിലേക്കാണ് അത് വളർന്നത്. ഈ വർത്തമാന സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഗുരുജിയുടെ വാക്കുകൾ വായിക്കുമ്പോൾ നാം സത്യസന്ധമായി മനസ്സ് തുറക്കേണ്ടതുണ്ട്.

നാടിനു യോജിക്കാത്ത അനാർക്കിയൻ ആശയങ്ങൾ ബുദ്ധിജീവികളിൽ പ്രകടരൂപങ്ങളിൽ കാണപ്പെടുകയും അവയിൽ ചിന്താപരതയുടെ വ്യത്യസ്തത എന്ന് വാഴ്ത്ത  പ്പെടുത്തിക്കൊണ്ട് യുവത അഭിരമിക്കുകയും ചെയ്ത  അക്കാലം നവോത്ഥാനം മുന്നിൽ നിർത്തിയ പുരോഗമനപരതയെ പിന്നോട്ടടിക്കുന്ന ഫലമല്ലേ  ചെയ്തത്? അത് കാവ്യനീതിയിൽ പെടുമോ? പ്രത്യക്ഷത്തിൽ ഋജുരേഖ പോലെ കാണാവുന്നതും മനസ്സിലാക്കാവുന്നതുമായ ജീവിതമായിരുന്നു രാമുവിന്റേത്. അഭ്യസ്തവിദ്യന്റെ തൊഴിലില്ലായ്മ എന്ന ഒരു വിഷയം മാത്രമാണ് രാമുവിന്റെ ജീവിതത്തെ പ്രതിസന്ധികളിലേക്കു നയിച്ചത്. സങ്കീർണ്ണമായ സാമ്പത്തികവിനിമയ തത്വങ്ങൾ ഒന്നുമറിയാത്ത ഒരു ചെറുപ്പക്കാരൻ അതിന്റെ പിടിയിൽ അകപ്പെടുന്ന ചിത്രമാണ് അരവിന്ദൻ വരച്ചത്. പരസ്പരവിരുദ്ധമായ ഒരു അകവും പുറവും പേറുന്ന ഈ വലിയ ലോകത്തിലെ ചെറിയ മനുഷ്യർ. അവരുടെ  കർമ്മപരമ്പരകളുടെ ദുരിതസഞ്ചയമാണ് അരവിന്ദൻ തുറന്നത്.  “ഹിപ്പോക്രിറ്റ്‌ ” എന്ന ശീർഷകത്തിനു താഴെ പുകയുന്ന ശിരസ്സോടെ നിൽക്കുന്ന രാമുവിനെ ഒരിക്കൽ അരവിന്ദൻ വരച്ചു. ഒരിക്കൽ ഇറങ്ങിയാൽ പിന്നെ തിരിച്ചുകേറാൻ വയ്യാത്ത ചെളിക്കുണ്ടായി വൈഷയികച്ചെളി  നിറഞ്ഞ ഈ ജീവിത തടാകത്തെ  ആധുനിക സാഹിത്യകാരന്മാർ, ചിന്തകർ നിരീക്ഷിച്ചു. രാമുവും ഈ കൊച്ചുകേരളത്തിൽ അതിന്റെ ബലിയാടായി മാറുന്നു എന്ന് അരവിന്ദൻ കാണിച്ചുതരുന്നു. അന്ന് നമ്മൾ “GOD’S OWN COUNTRY ”എന്ന് ഭാഗ്യവശാൽ നമ്മുടെ നാടിനെ വിളിച്ചുതുടങ്ങിയിട്ടില്ല.

മാനേജീരിയൽ ഫിനാൻസ് പുസ്തകം രാമുവിന്റെ കയ്യിലിരിക്കുന്നത് കാണുമ്പോൾ പോലും ഗുരുജി കണ്ണുമിഴിക്കുന്നു. ഇന്ന് അത്  ഒരു സഹജപ്രകൃതിക്കു എതിരെയുള്ള തിരസ്‌ക്കാരഭാവമെന്നു വിധിക്കാൻ തോന്നുന്നു. ആദർശാത്മകലോകത്തിൽ പണത്തിനു ഇടമില്ല, തിരിച്ചും.. ഇതൊരു വരട്ടുചിന്തയാണ്. സമവായത്തിന്റെ രീതിയിൽ നാം ഒരിക്കലും നീങ്ങുന്നില്ല. കേരളത്തിൽ സാമ്പത്തിക നയങ്ങളും സമ്പത്തിനോടുള്ള പൊതുബോധവും പോകപ്പോകെ സങ്കീർണമാവുകയാണ് ചെയ്തത്.
പണമുണ്ടാക്കാനുള്ള ജൈത്രയാത്രയിൽ പുസ്തകങ്ങളെ കൂട്ടുകാരാക്കിയ ഭൂതകാലത്തെ മൂലയിലേക്ക് ഇട്ടുകളയുന്നു രാമു. പണം അറിവിന്റെയും വിവേകത്തിന്റെയും ശത്രുവെന്ന ആ പാക്കനാർഫിലോസഫി മലയാളിയുടെ ബോധമനസ്സിൽ എന്നുമുണ്ടായിരുന്നു. അതേസമയം പണമില്ലാത്തവൻ പിണം എന്ന പഴംകൊള്ളും മലയാളി കൊണ്ടുനടക്കും. ആ വൈരുദ്ധ്യം  സമൂഹത്തിന്റെ വൈകാരിക-വൈചാരിക നിർമ്മിതികളിൽ ഇങ്ങനെ ഒരു സ്വാധീനം ചെലുത്തുന്നുണ്ട്. ഈ ഇരുതലസ്വഭാവം സാഹിത്യത്തിൽ സ്പഷ്ടമാണ്. രാമുമാഷിൽ വിരിഞ്ഞുവരുന്ന  ജീവിതവീക്ഷണം ഇത് വെളിപ്പെടുത്തുന്നു. ഒരു നാഥനില്ലാത്ത അവസ്ഥ അക്കാലത്തെ ചെറുപ്പക്കാരിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ഗുരുജിയെപ്പോലെ ഒരു സൗഹൃദവ്യക്തിത്വം കൂടെയുണ്ടായിട്ടും രാമു എങ്ങനെ ഈ സമ്പദ്‌ചക്രവ്യൂഹത്തിൽപെട്ടുപോയി എന്നതൊരു വിരുദ്ധയുക്തിയല്ലാതാകുന്നു. അതിനു കാരണം ഗുരുജിയുടേത് പ്രായോഗികതയുടെ ബന്ധമില്ലാത്ത തത്വപദ്ധതിയാണ് എന്നത് തന്നെ. ഇടയ്ക്കു കണ്ണീരുപ്പു പുരട്ടിയ ഒരു പലഹാരത്തുണ്ട്. അത്ര സാംഗത്യമേ ഇത്തരം തത്വദർശനങ്ങൾക്കുള്ളൂ. എന്നാൽ മനുഷ്യന്റെ പ്രാഥമിക സാമ്പത്തികാവശ്യങ്ങൾ നിവർത്തിക്കാൻ പഴുതുണ്ടാക്കുന്ന ക്ഷണനേരവിദ്വാന്മാർക്കു ജനം ചെവി കൊടുക്കയും ചെയ്യും. അദ്‌ഭുതം കാണിച്ച യേശുവിനെ  ആണ് ,മനുഷ്യനോട് സത്യം പറഞ്ഞ യേശുവിനെയല്ല  ലോകത്തിനു ആവശ്യം  എന്ന് നീത്‌ഷെ പറഞ്ഞല്ലോ. നാഗേട്ടന്റെ നാഗേന്ദ്ര തീർത്ഥപാദരായുള്ള  പ്രച്ഛന്ന വേഷം ഉത്തമ ഉദാഹരണം. ഒരർത്ഥത്തിൽ മലയാളിക്ക് അന്ന്  ബാധിച്ചുതുടങ്ങിയ ഹിപ്പോക്രസിയുടെ ജീർണ്ണിച്ച മുഖം.
 

പണത്തെക്കുറിച്ചുള്ള ചെറിയ മനുഷ്യരുടെ സങ്കൽപ്പങ്ങളെ മുഴുവനും സംഗ്രഹിക്കുന്ന ഒരു ഖണ്ഡമുണ്ട്. അത് ആധുനിക കാലത്തെ മനുഷ്യന്റെ എല്ലാ ജീവിത വികസന സിദ്ധാന്തങ്ങളെയും സുതാര്യമാക്കിക്കാണിക്കുന്നു.

നിനക്കെന്നുമുതലാണ് അസ്‌ട്രോളജിയിൽ വിശ്വാസം തുടങ്ങിയത്?
രവി  ചോദിക്കുന്നു… നിസ്സംഗനായി രാമു പറയുന്നു…
എന്തിലെങ്കിലുമെല്ലാം വിശ്വാസം വേണ്ടേ കുട്ടീ? പണത്തിലാണ് തുടങ്ങിയത്. പിന്നെയെല്ലാം നിഴലുപോലെ പിറകിലുണ്ടായിരുന്നു.
പണം ആളെക്കൊല്ലി അല്ല, ആത്മാവിനെക്കൊല്ലി എന്ന് തിരുത്തുന്ന ആധുനിക കാലത്തിന്റെ നാന്ദി!
പണത്തിൽ വിശ്വാസം നട്ടുതുടങ്ങുന്ന മനുഷ്യൻ എങ്ങനെ ആത്മബലം നഷ്ടപ്പെട്ടവനാകുന്നു? ആ ചോദ്യം ഒരുപക്ഷെ ആധുനിക മനുഷ്യന്റെ സംത്രാസത്തെ അപ്പാടെ തുറന്നുകാട്ടുന്നു. ഷെനെയുടെ ഷഷ്ടിപൂർത്തിയും മേനോന്റെ ഷഷ്ടിപൂർത്തിയും കോർത്തുവരുമ്പോൾ ആരുടേത് ആചരിക്കണം എന്ന ആശങ്ക നമ്മുടെ മുന്നിലേക്കിട്ടുതരുന്നു അരവിന്ദൻ. വേദാന്തത്തിന്റെയും തത്വചിന്തയുടെയും സാഹിത്യാവബോധത്തിന്റെയും ഓർമ്മിച്ചെടുക്കൽ എന്തിനെന്നു മാനവികതയുടെ നിസ്സാരവൽക്കരണത്തെ സാർവത്രികവഴിയായി അംഗീകരിച്ച ആധുനികയുവത ചോദിച്ചേക്കും.. ഗുരുജി അത് ഉള്ളിൽ നുരയുന്ന അസംതൃപ്തിയോടെ പ്രകടമാക്കുന്നു. അധികാരിയുടെ വിനീതവിധേയനായ ദാസൻ ആയി രാമു രാമു ഗുരുജിക്ക്‌ മുന്നിൽ അനഭിമതനായി മാറുന്നു. ഗുരുജിക്കോ രാമുവിനോ ഒന്നും ചെയ്യാനില്ലാത്ത, പണാധികാരങ്ങളിലേക്കുള്ള ആത്മാവ് നഷ്ടമായവന്റെ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.

സ്വാമിയാകട്ടെ ഈ സാമ്പത്തികചക്രത്തിൽ പെട്ടുകിടക്കുന്നവനാണ്. സന്തോഷത്തോടെയും അതിലേറെ വെപ്രാളത്തോടെയും സ്വാമി ഭൗതിക ലാഭങ്ങൾ വാരിയെടുക്കുവാൻ തത്രപ്പെടുന്നു. ഒളിച്ചുവെക്കാനാകാത്ത മത്സരബുദ്ധിയാണ് സ്വാമിക്ക്. രാമുവിനാകട്ടെ നിർദോഷമായ ചാപല്യമായി അതെടുക്കുവാൻ സാധിക്കയും ചെയ്യുന്നു. രാമു എന്ന വ്യക്തിത്വത്തെ ആഴത്തിലേക്കും ദാർശനികമായ ദുരൂഹതയിലേക്കും ഒരുപക്ഷെ നീട്ടിയെടുക്കുന്നതു ഇത്തരം വ്യക്തിമനോഭാവങ്ങളിൽ ആണ്. അവിടെ അയാൾക്ക് സ്വാമിയെയും മേനോനെയും ജോർജിനെയും ഒക്കെ അവരുടെ സമ്പദ്‌ഗോപുരത്തിനു ചുറ്റുമുള്ള അക്ഷീണ പരിക്രമങ്ങളോട് തെല്ലും വെറുപ്പില്ലാതെ സഹതാപത്തോടെ വീക്ഷിക്കാൻ ആകുന്നു. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം എന്ന് അവരെ ഉപദേശിക്കാൻ അയാൾ ആളല്ല. പക്ഷെ ആ ഭോഗപ്രപഞ്ചത്തിൽ മുങ്ങാൻ തുടങ്ങുന്ന അവരെക്കുറിച്ചു, ലീലയെക്കുറിച്ചും, അന്യമനസ്ക്കനായി നിലകൊള്ളാനുള്ള അസാധാരണമായ ആർജവം അയാൾ കാണിക്കുന്നു. സമ്പത്തിനെ കുറിച്ച് ചെറിയ മനുഷ്യരെ വെച്ച് വിശകലനം ചെയ്യുമ്പോൾ ഈ വൈരുദ്ധ്യം കാണാതിരുന്നുകൂടാ എന്നതിനാൽ ആണ് ഇത് ഇവിടെ ഉദാഹരിച്ചത്. ബിസിനസ്സ് നവനാഗരികതയുടെ മനസ്സാക്ഷി സൂക്ഷിക്കുവാൻ പോകുന്നു എന്ന സന്ദേശം ഇതിലുണ്ട്. കച്ചവടം കാപട്യത്തിന്റെ കലയാണെന്ന കുയുക്തി പക്ഷെ അവരോധിച്ചതു അത്ര ഉചിതമായോ എന്നൊരു ശങ്ക. നീതിപൂർവം നടത്തിക്കൊണ്ടിരുന്ന ഒട്ടേറെ ബിസിനസ്സുകൾ നടത്തുക കേരളത്തിൽ സുസാദ്ധ്യമാണ് എന്ന് ആരും തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. പ്രാദേശിക അസംസ്കൃതസാമഗ്രികളുടെ   ഉറപ്പിന്മേൽ നന്നായി കൊണ്ടുപോകാവുന്ന ബിസിനസ്സുകൾ, കുലത്തൊഴിലുകളുടെ വികസിതസംരംഭങ്ങൾ, അങ്ങനെ കേരളത്തിന് സാധ്യമായ വാണിജ്യ ഇടപാടുകളെ ഈ പരമ്പരയിൽ ആവിഷ്‌ക്കരിച്ചിരുന്നെങ്കിൽ… കലാകാരൻ സത്യം മുഴുവൻ കാണാത്തതു അഭികാമ്യമല്ലല്ലോ.

കാരൂരിന്റെ “അതിനും കൊള്ളുകില്ല” എന്ന ചെറുകഥ  ഇവിടെ ചേർത്തുവായിക്കാം എന്ന് തോന്നുന്നു. ബിസിനസ്സിൽ മായം കാണിക്കൽ ശീലമാക്കിയ മലയാളിയെക്കുറിച്ചാണ് ആ കഥ. കള്ളത്തരമിലാതെ ബിസിനസ്സ് വിജയിക്കില്ലെന്നത് ഒരു പഴമൊഴിപോലെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ് കേരളത്തിൽ. ഈ പരമ്പരയിൽ ബിസിനസിനെ പരാമർശിക്കുന്ന ഓരോ ഖണ്ഡവും അതിനോട് യോജിക്കുന്നതാണ്. ഉദാഹരണം പേപ്പർ ഇൻഡസ്ട്രി ആരംഭിക്കാൻ ഉള്ള ആലോചന പങ്കിടുന്ന രാമു. ക്വാട്ടകൾ, ലൈസൻസ് എന്നിങ്ങനെ ബിസിനസ് നേരിട്ട് വിചാരിക്കാത്ത ഇടപാടുകളെ പറ്റിയാണ്. ആസൂത്രണങ്ങൾ നേർവഴിയിൽ അല്ല. റബ്ബർ ഇൻഡസ്ട്രിയും വൻ ലാഭം കൊയ്യുന്ന ഇടമായി കാണിക്കുന്നു. “പൈസ കൊണ്ടെറിഞ്ഞാലേ പൈസ വീഴത്തൊള്ള് …” ജോർജ് ഉപദേശിക്കുന്നു.

പണത്തിൽ പണിയുന്ന ജീവിതസൗധം ഇതര വൈഷയികവ്യവഹാരങ്ങൾ വെച്ച്  ഉറപ്പിക്കുന്ന കലയാണ് ബിസിനസ് എന്ന് നമ്മൾക്ക് ഇക്കാലം പറഞ്ഞുതരുന്നു. സത്യസന്ധമായിട്ടു സ്മഗ്ലിംഗ് ബിസിനസ്സ് നടത്തുന്നതെങ്ങനെയെന്നു പഠിച്ചു എന്ന് അബു. എന്തൊരു ആക്ഷേപഹാസ്യം…. കള്ളം ആകാം, കക്കുന്നതിൽ ഒരു കണക്കു വേണമെന്നേ ഉള്ളൂ. ബിസിനസ്സിന്റെ ഉള്ളുകള്ളികൾ ചർച്ച ചെയ്യുമ്പോൾ ആദ്യമൊക്കെ കണ്ണുമിഴിച്ചു നിന്നിരുന്ന രാമു പതിയെ കുറുക്കുവഴികൾ വരെ പഠിക്കുകയും കുറവ് കൂടാതെ അങ്കം പയറ്റാനുള്ള മാർഗം ഉപദേശിക്കുന്ന ഘട്ടത്തിലേക്ക് മാറുകയും ചെയ്യുന്നു. പ്രോഡക്റ്റ് എന്തായാലും മാർക്കറ്റിങ്ങാണ് പ്രധാനം, അഗ്രസ്സീവ് മാർക്കറ്റിംഗ് എന്ന് രാമു കൈലാസ് നാഥനോട്. ഭാഗ്യക്കുറി ടിക്കറ്റിന്റെ തിരിമറി നടത്തുന്ന ഘട്ടത്തിലേക്ക് രാമു പ്രവേശിക്കുന്നത് സാമ്പത്തിക വശങ്ങളും ഉള്ളുകള്ളികൾ സ്വാംശീകരിക്കുന്നതിന്റെ സൂചനയായി കാണാമെന്നു തോന്നുന്നു. സാമ്പത്തിക അസമത്വവും സമ്പത്തുള്ളവർ അതില്ലാത്തവരുടെ മേൽ കാണിക്കുന്ന അതിക്രമവും ദരിദ്രരാനുഭവിക്കുന്ന പ്രാന്തവൽക്കരണവും അരവിന്ദൻ ശക്തമായിത്തന്നെ വരച്ചുകാണിച്ചു. സ്ലമിനെ ലേബലാക്കി കുറെ ഖണ്ഡങ്ങൾ ഉണ്ടിതിൽ. നിന്ദ നിറഞ്ഞ ജീവിതങ്ങൾ, രാമു ദുഖത്തോടെ, നിസ്സംഗതയോടെ മറ്റു ചിലപ്പോൾ  ആത്മനിന്ദയോടെ അത് കേട്ടുനിൽക്കുന്നു. സമ്പത്തിന്റെ പദ്മവ്യൂഹത്തിൽ ബന്ധിതനായ രാമുവിനെ നാം കാണുന്നു. ഹിപ്പോക്രസിയുടെ രൂക്ഷമായ മുഖഭാവങ്ങൾ ഇവിടെ അയാളെ വലയം ചെയ്തുകൊണ്ട് നാഗരികതയുടെ കടന്നുകയറ്റം വെളിപ്പെടുത്തി. അരവിന്ദൻ ഗ്രാമീണ വിശുദ്ധിയെ ഹൈലൈറ്റ് ചെയ്യുകയാണ് ഈ കാർട്ടൂണിലൂടെ. കേരളീയർക്ക് നഷ്ടമായിക്കൊണ്ടിരുന്ന ആ  പഴയകാലം ഒരർത്ഥത്തിൽ ഫ്യൂഡൽപ്രതാപങ്ങളെ സ്വപ്നം കാണുന്ന തകർന്ന തറവാടിയെപ്പോലെ നഷ്ടബോധത്തോടെ ഈ പരമ്പരയിലെ മനുഷ്യർ ഉള്ളിലുയർത്തി നിൽക്കുന്നു. കാലത്തിന്റെ മുദ്രകൾ പതിഞ്ഞ ലോകത്തെയും.

പണത്തിലായിരുന്നു താൻ വിശ്വാസം തുടങ്ങിയത് എന്ന രാമുവിന്റെ പറച്ചിൽ നോക്കുക.. തന്റെ സ്വകാര്യതയുടെ ആനന്ദമായിരുന്ന കൂട്ടുകാരെ കാണുമ്പോൾ പരിഹാസമായും അത് പുറത്തുവരുന്നുണ്ട്. മദ്ധ്യവർഗ്ഗമലയാളി അഭിമുഖീകരിച്ച തത്രപ്പാടുകൾ, ദാർശനികമായ ഒരു അസ്ഥിവാരത്തിൽ നിന്നുകൊണ്ട് ഭൗതികതയെ സമീപിക്കുമ്പോളുണ്ടാകുന്ന ആത്മസംഘർഷങ്ങൾ ചിത്രീകരിച്ചു എന്നതിലാണ് ചെറിയ മനുഷ്യരുടെ സാംഗത്യം. സ്വാതന്ത്ര്യാനന്തര ഇന്ത്യ രൂപപ്പെടുത്തിയ വ്യത്യസ്തമായ രാഷ്ട്രീയപരിസരമാണ് പ്രതിസ്ഥാനത്ത്. സാമ്പത്തിക തത്വങ്ങളോടോത്തു അല്പം താത്വികചർച്ചകൾ കൂട്ടിയൊരുമിക്കുന്ന മണ്ഡലത്തിലേക്ക് ആണ് ഇനി നാം കടന്നുചെല്ലേണ്ടത്.


 

Comments

comments