“മാഹീല്ത്തെ പെങ്ക്ട്ട്യോളെ കണ്ടിക്കാ” എന്ന യൂ ട്യൂബ് വീഡിയോ
കടുത്ത എതിര്‍പ്പോടെയാണ് കേരളത്തിലെ പൊതുസമൂഹം സ്വീകരിച്ചത്. രോഷം നിറഞ്ഞതും പരിഹാസപൂര്‍ണവുമായ പ്രതികരണങ്ങള്‍ യു ട്യൂബിലാകെ പ്രചരിക്കുമ്പോഴും അതിനു പക്ഷെ കാഴ്ചക്കാരും കേഴ്വിക്കാരും കൂടിക്കൊണ്ടിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഇത്തരം പുതിയ ദൃശ്യതരംഗങ്ങള്‍ സൃഷ്ടിക്കുന്ന സന്ദര്‍ഭങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചുള്ള അന്വേഷണം, നവമാധ്യമങ്ങള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ സാധ്യതകളെ കുറിച്ചും, അവ നല്‍കുന്ന പ്രതിരോധസാധ്യതകളെ കുറിച്ചും സൂചിപ്പിച്ചു കൊണ്ട് മാത്രമേ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയൂ.
നവമാധ്യമങ്ങളുടെ ആവിര്‍ഭാവം ജനപ്രിയ സംഗീതാവിഷ്ക്കാരങ്ങള്‍ക്ക് നല്‍കിയ ഉണർവ്വു അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും അതിന്റെ സാംസ്കാരിക രാഷ്ട്രീയത്തിന്റെ പഠനരീതികളെ കുറിച്ചുമുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.ഇന്ത്യയിലെ ജനപ്രിയസംഗീത സംസ്കാരം 1990-കളുടെ മധ്യത്തോടെ പ്രധാനപ്പെട്ട രണ്ടു മാറ്റങ്ങള്‍ക്കു വിധേയമായി.ടെലിവിഷന്‍ മാധ്യമത്തിന്റെ വികാസവും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവവുമാണ് ഇതിന്‍റെ ചാലകശക്തികള്‍. സാമ്പത്തിക ഉദാരവത്കരണത്തെ തുടര്‍ന്നു ടെലിവിഷന്‍ രംഗത്തുണ്ടായ മാറ്റങ്ങള്‍ പരിപാടികളുടെ വൈവിധ്യവല്ക്ക്കരണത്തിലേക്ക് നയിച്ചത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പരമ്പരാഗതമായി സിനിമയുടെതായിരുന്ന പ്രമേയങ്ങള്‍ ടെലിവിഷന്‍ കൈയാളാന്‍ തുടങ്ങി. ഡിജിറ്റല്‍ സാങ്കേതികതയാവട്ടെ ഡി.വി.ഡി, എം.പി.3 തുടങ്ങിയ പുതിയ രൂപങ്ങളില്‍ അവയെ പുനരുത്പാദിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സാഹചര്യമൊരുക്കി.
ആധുനിക സാങ്കേതികവിദ്യയുടെ ആവിര്‍ഭാവം, വിദേശമൂലധനത്തിന്റെ കടന്നുവരവ് തുടങ്ങിയവയോടൊപ്പം, ഉദാരവത്കരണത്തിനു ശേഷമുള്ള കാലഘട്ടത്തില്‍ യുവാക്കള്‍ സാമ്പത്തികവും സാമൂഹികവുമായ മാനങ്ങളുള്ള സംവര്‍ഗമായി രൂപം കൊണ്ടതായി സാമൂഹികശാസ്ത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്ന.ഉദാരവത്കരണ ശേഷമുള്ള ഇന്ത്യന്‍നഗരങ്ങളും ചെറുപട്ടണങ്ങളും, ഉപഭോഗവസ്തുക്കളാലും, വിവരസാങ്കേതികവിദ്യയുടെ ചടുലഗതിക്ക് സഹായകമായ ടെലിഫോണ്‍ ബൂത്തുകള്‍, ഇന്റര്‍നെറ്റ് കഫെകള്‍ തുടങ്ങിയവയാല്‍ നിറയുകയായിരുന്നു. സാങ്കേതികവിദ്യയുടേയും യുവത്വത്തിന്റെയും ഈ സങ്കലനം സാംസ്കാരികമായി സൃഷ്ടിച്ച സാധ്യതകളുടെ സന്ദര്‍ഭം വളരെവേഗം കേരളത്തെയും ലോകത്തിലെ ഇതരപ്രദേശങ്ങളിലെ പരീക്ഷണങ്ങളുമായി ചേര്‍ത്ത് നിര്‍ത്തി.
1970-കളുടെ അവസാനത്തില്‍ തുടങ്ങിയ ഓഡിയോ കാസ്സെറ്റ് വിപ്ലവത്തിന്റെ സ്ഥലപരവും സാങ്കേതികപരവുമായ ഫലങ്ങള്‍ ഇന്നും പൂര്‍ണമായും വിലയിരുത്തപ്പെട്ടിട്ടില്ല. ഇത്തരം സാങ്കേതിക വിദ്യയുടെ ഇന്ത്യയിലേക്കുള്ള വരവ് തെക്ക്-കിഴക്കന്‍ ഏഷ്യയിലെ സിങ്കപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ നഗരങ്ങളും, പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളുമായിരുന്നു. മധ്യവര്‍ഗത്തിലും ഉയര്‍ന്ന മധ്യവര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആഗോളവത്കരണം ഉപഭോഗ സംസ്കാരത്തിന്റെ പുതിയ ഇടങ്ങള്‍ തുറന്നു. കാര്‍, സെല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, പബ്ബുകള്‍, തുടങ്ങിയ വസ്തുക്കളും ഇടങ്ങളും അടങ്ങിയ സങ്കീര്‍ണമായ ഈ ആധുനിക ഇന്ത്യന്‍ അവസ്ഥയെ ചില സാമൂഹിക ശാസ്ത്ര വിദഗ്ധര്‍ ആധുനികതയുടെ പുനരുപയോഗമായി (Recycled Modernity) കണക്കാക്കുകയോ ഒളിച്ചുകടത്തപ്പെട്ട ആധുനികതയായി (Pirated Modernity) വിശേഷിപ്പിക്കുകയോ ചെയ്തിരുന്നു. ഈ പുതിയ ഉപഭോക്തൃസമൂഹം പുതിയ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വീടിനകത്തും, പൊതുനിരത്തിലും, വാഹനത്തിന്റെ സ്വകാര്യതയിലോ ഒക്കെ ആയിരുന്നു. ഇത് സാങ്കേതിക വിദ്യയുടെ ഈ ചലനാത്മകത നിത്യജീവിതവും സാങ്കേതികതയും തമ്മില്‍ ഉണ്ടായി വരുന്ന സങ്കീര്‍ണ്ണമായ ബന്ധത്തെ സൂചിപ്പിക്കുന്നു. വീടിന്നകത്തെ സാങ്കേതികവിദ്യയുടെയും വസ്തുക്കളുടെയും സാന്നിധ്യം പുതിയ മധ്യവര്‍ഗ്ഗ ഗൃഹങ്ങളുടെ ഒരു പ്രധാന സ്വഭാവമാവുകയും, അതിലൂടെ ആഗോളവത്കൃത സമൂഹത്തിന്റെ ഒരു പ്രധാന കണ്ണിയാവുകയും ചെയ്യുന്നു. സാങ്കേതിക വിദ്യയുടെ ഈ ചംക്രമണത്തെ ആഗോളവത്കരണത്തിന്റെ ഒരു സവിശേഷമായ ഇന്ത്യന്‍ അനുഭവമായി പലരും വിശേഷിപ്പിച്ചിട്ടുണ്ട്. സാങ്കേതികതയും സാമൂഹികതയും ഒരു പോലെ നിര്‍ണ്ണായകമായ വ്യക്തിത്വങ്ങളായി ഏഷ്യന്‍ സമൂഹങ്ങളെ ചിലരെങ്കിലും വിലയിരുത്തുന്നു.
നഗര-ഗ്രാമ അന്തരങ്ങളെ നിരാകരിക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇന്ത്യയിലെമ്പാടും വ്യാപകമാവുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മത്സ്യബന്ധനം പോലെയുള്ള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ സാമ്പത്തികസാമൂഹിക ശൃംഖലകളെ നവീകരിക്കുന്നതിനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
സംഗീതവും ഉപഭോഗ പൌരത്വവും
ആഗോളവത്കരണത്തിനും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തിനും ശേഷം കേരളത്തിലെ സംഗീതവിപണി വൈവിധ്യമാര്‍ന്ന സംഗീതജനുസ്സുകള്‍ കൊണ്ട് സമ്പന്നമായി.ലോക സിനിമയിലെ ഡി.വി.ഡി പകര്‍പ്പുകള്‍ കേരളത്തിലെ ചെറിയ വീഡിയോകടകളില്‍ പോലും ലഭ്യമായത് പോലെ, റാപ്പ്, റെഗ്ഗെ, ജാസ്സ്, റോക്ക്, തുടങ്ങി വിവിധയിനം സംഗീതജനുസ്സുകള്‍ ഇവിടെ ലഭ്യമാവാന്‍ തുടങ്ങി. എം.പി.3 പ്ലയെര്‍, ഐപോഡ്, തുടങ്ങിയ ഉപകരണങ്ങള്‍ നിത്യജീവിതത്തിലും, പൊതു-ഇടങ്ങളിലുമുള്ള സംഗീത ഉപഭോഗത്തെ എളുപ്പമാക്കി. ഇത്തരം സംഗീതജനുസ്സുകളെയും, സംഗീത അഭിരുചികളെയും പലപ്പോഴും യുവാക്കളുമായി വ്യാവഹാരികമായി ബന്ധിപ്പിച്ചാണ് മനസ്സിലാക്കിപ്പോരുന്നത്.
കേരളത്തിലെ യുവാക്കളെയും യുവസംസ്കാരത്തെയും കുറിച്ച് പഠിച്ച റിറ്റി ലുക്കോസ് പൊതുജീവിതത്തില്‍ തങ്ങളുടെ ഇടമുറപ്പിക്കുന്ന പ്രക്രിയയില്‍ അവര്‍ ഉപഭോഗത്തെ പലരീതിയില്‍ വിന്യസിപ്പിക്കുന്നതായി സൂചിപ്പിക്കുന്നു. ആഗോളവത്കരണത്തിന്റെ കാലഘട്ടത്തില്‍ രാഷ്ട്രീയത്തിന്റെയും, ജനാധിപത്യത്തിന്റെയും പരമ്പരാഗത ഭാഷയെത്തന്നെ യുവാക്കള്‍ ഉപഭോക്തൃ പൌരത്വത്തിലൂടെ തിരുത്തുന്നതായി അര്‍ജെന്റിനിയന്‍ തത്വചിന്തകന്‍ നെസ്റ്റര്‍ കന്‍സ്ലിനി (Nestor Canclini)സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് തൊഴിലാളി വര്‍ഗയുവാക്കളും, കറുത്ത വര്‍ഗക്കാരായ യുവാക്കളും ഇത്തരത്തില്‍ സ്ട്രീറ്റ് ഫാഷന്‍ ഒരു പ്രതിരോധമായി മാറ്റിയതായി ചരിത്രം പറയുന്നു. കേരളത്തിലും യുവാക്കള്‍ ഇത്തരത്തില്‍ കാഴ്ചയുടെ പ്രതിരോധമായി ഹൈപ്പര്‍ഫാഷന്‍ (hyperfashion) എന്ന് വിശേഷിപ്പിക്കാവുന്ന വസ്ത്രവിധാനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കേരളത്തില്‍ വ്യാപകമായ ഹിപ് ഹോപ് ഫാഷന്‍, റാപ് സംഗീത ഉപയോഗം തുടങ്ങിയവ രാഷ്ട്രീയത്തെയും സംസ്കാരത്തെയും ജനധിപത്യത്തെയും കുറിച്ച് പുതിയതായി എന്തെങ്കിലും പറയുന്നുണ്ടോ എന്ന് തിരക്കേണ്ട കാലമായിട്ടുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളിലെ നെറ്റ് വർക്ക് സമൂഹത്തിന്റെ രൂപീകരണവും മൊബൈല്‍ഫോണിന്റെ പ്രചാരവുംസൃഷ്ടിക്കുന്ന സാങ്കേതികവിദ്യയുടെ അടിസ്ഥാനവികസനം അതിന്റെ പരിമിതികള്‍ക്കുള്ളിലും ഈ പ്രക്രിയകളെ ത്വരിതപ്പെടുത്തുന്നതയാണു കാണുന്നത് (ടി. ടി. ശ്രീകുമാര്‍).
റാപ്പും ഹിപ് ഹോപ്പും അതിന്റെ ഉത്ഭവകേന്ദ്രമായ അമേരിക്കക്കു പുറത്തു പ്രചരിക്കാന്‍ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലാണ്. ഈ പ്രചാരത്തില്‍ സിനിമ, ടെലിവിഷന്‍ , ഓഡിയോ കാസ്സെട്ടെ, ഇന്റര്‍നെറ്റ് തിടങ്ങി പല മാധ്യമങ്ങള്‍ക്കുംഅതിന്റേതായ പങ്കുണ്ട്. സംഗീതം, വസ്ത്രവിധാനം, മുടിയുടെ സ്റ്റൈല്‍ തുടങ്ങി റാപ്പുമായി ബന്ധപ്പെട്ട ഒരു ചിഹ്നവ്യവസ്ഥ തന്നെ MTV പ്രക്ഷേപണങ്ങളിലൂടെ ലോകമെമ്പാടും പ്രചരിച്ചു. സംഗീത ഭൂപടത്തില്‍ അലഞ്ഞു തിരിയുന്ന (nomadic) രാജ്യാന്തര സംഗീത പ്രസ്ഥാനങ്ങളുടെ കൂടെയാണ് റാപ്, ഡിസ്കോ, രെഗ്ഗെ, ഹിപ് ഹോപ് തുടങ്ങിയ പല രൂപങ്ങളെയും കണക്കാക്കുന്നത്. അമേരിക്കയിലെ അഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ നേരിടുന്ന വംശീയ അതിക്രമങ്ങളും, വംശീയ മാനങ്ങളുള്ള ദാരിദ്ര്യവും റാപ്, ഹിപ് ഹോപ് സംഗീതത്തിന്റെ അടിത്തറയായിരുന്നു.

അതു കൊണ്ടുതന്നെ റാപ്പിനു സംഭവിച്ച വിപണിവത്കരണം പലരെയും അലട്ടുന്നു. എന്നിരിക്കിലുംലോകമെമ്പാടുമുള്ള പാർശ്വവത്കൃത സമുദായങ്ങളെയും സ്വത്വരാഷ്ട്രീയത്തെയും അതിലേക്ക് ആകർഷിച്ചിട്ടുള്ളതായി കാണാം. ഹിപ് ഹോപ് വിവിധ ഏഷ്യന്‍ യുവാക്കള്‍ക്കിടയില്‍ പ്രചാരത്തില്‍ ഉണ്ട് എന്നതോടൊപ്പം, അമേരിക്ക, കാനഡ, ബ്രിട്ടന്‍, തുടങ്ങി വിവിധ ഒന്നാം ലോക രാജ്യങ്ങളിലെ ഏഷ്യന്‍ വംശീയരായ യുവാക്കള്‍ക്കിടയില്‍ വ്യാപകമായി പ്രചാരമുള്ള സംഗീത ജനുസ്സുകളിലോന്നാണ്. ഹിപ് ഹോപ്പിന്റെ ആഗോളപ്രചാരത്തെ കുറിച്ചുള്ള ഒരു പ്രധാന നിരീക്ഷണം ഏഷ്യന്‍ കുടിയേറ്റക്കാരുടെ അരക്ഷിതാവസ്ഥയും, രണ്ടാംകിട പൌരത്വവും അവരെ ഹിപ്പ് ഹോപ്പിലെക്ക് അടുപ്പിക്കുന്നു എന്നാണ് (സുജാതഫര്‍ണാണ്ടസ്). സെപ്റ്റംബര്‍ 11 നു ശേഷം അമേരിക്ക ഉയര്‍ത്തിയ ഭീകരവാദ രാഷ്ട്രീയതിനെതിരായി ലോകമെമ്പാടുമുള്ള പ്രതിഷേധസംഗീതമായും ഹിപ് ഹോപ് മാറി. ഹിപ് ഹോപ്പിന്റെ ഈ അലയൊലി ഏറ്റെടുത്ത പ്രതിരോധ പ്രസ്ഥാനങ്ങളില്‍ New Orleans-ലെ അഫ്രിക്കന്‍ അമേരിക്കക്കാരും, പലെസ്തിന്‍ പ്രക്ഷോഭകാരികളും, മെക്സിക്കോ അതിര്‍ത്തിയിലെ യു എസ് കൈയേറ്റത്തെ ചെറുക്കുന്നവരുമുള്‍പ്പെടുന്നു. Khalifz, Fundamentals തുടങ്ങിയ ബ്രിട്ടനിലെ തെക്കനേഷ്യന്‍ ബാന്‍ഡ്കള്‍ രാഷ്ട്രീയവത്കരിക്കപ്പെട്ട മതസ്രോതസ്സുകളില്‍ നിന്നാണ് അവരുടെ ഊര്‍ജം കണ്ടെത്തുന്നത്.

ഇസ്ലാംമതത്തെ പ്രഥമശത്രുവായി കണക്കാക്കുന്ന പാശ്ചാത്യലോക വ്യവസ്ഥയില്‍, ഹിപ് ഹോപ് പ്രതിരോധത്തിന്റെ പ്രമുഖ ചാലകശക്തിയായി ഇസ്ലാംമതം മാറുന്നത് എങ്ങനെ എന്ന് സുജാത ഫെർണാണ്ടെസ് അവരുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജര്‍മ്മനിയില്‍ Oriental Hip Hop എന്ന് വിളിക്കുന്ന തുര്‍ക്കിവംശജരുടെ ഗാനങ്ങളിലാവട്ടെ മതത്തിനുപുറമേ വംശീയതയുടെയും കുടിയേറ്റത്തിന്റെയും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ കൂടി ഉള്‍ചേര്‍ന്നിരിക്കുന്നു.

ഹിന്ദിയിലും, മറ്റു പല പ്രാദേശികഭാഷകളിലും, ഹിപ് സംഗീതത്തിന്റെ സ്വാധീനം ശക്തമാണെങ്കിലും റാപ്പ് രാഷ്ട്രീയ പ്രതിരോധത്തിന്‍റെ സംഗീതമായി മാറുന്നത് അപൂര്‍വമായി മാത്രമാണ്. ഹിന്ദിയിലെ റീമിക്സ് സംഗീതധാരയില്‍ അപാച്ചേ ഇന്ത്യന്‍, സ്റ്റിലെഭായ്, ബാബാ സെഹ്ഗല്‍ തുടങ്ങിയവര്‍ ഹിപ് ഹോപ് അടക്കമുള്ള കറുത്ത വര്‍ഗക്കാരുടെതായ ശൈലികള്‍ സങ്കലനം ചെയ്യുന്നുണ്ട്. തൊണ്ണൂറുകളിലെ ഹിന്ദി സിനിമാഗാനങ്ങളില്‍ പലതും-ഉദാഹരണത്തിന് അമ്മ ദേഖ് (Stuntman 1994), മേരി മര്സി(Gambler 1997), സ്റ്റോപ്പ് ദാറ്റ് (Gambler 1997) തുടങ്ങി നിരവധി ഗാനങ്ങള്‍ പ്രചാരം നേടിയെങ്കിലും, റാപ്പ് ഒരു സംഗീത ജനുസ്സ് എന്ന നിലയില്‍ ഹിന്ദിയില്‍ ആഴത്തില്‍ വേരോടിയില്ല. എ .ആര്‍.റഹ്മാന്‍ തന്റെ പല പാട്ടുകളിലും റാപ്പ് സമ്പ്രദായം മനോഹരമായി ഉപയോഗിക്കുന്നതായി കാണാം.
ജനപ്രിയസംസ്കാരത്തെ റാപ്പ് ഏറ്റവും ശക്തമായി സ്വാധീനിച്ചിട്ടുള്ളത് പഞ്ചാബിയില്‍ ആണെന്ന് പറയാം. മൈക, ഹണിസിംഗ് തുടങ്ങിയ ഗായകര്‍ സജീവമായി ഹിപ് ഹോപ് ശൈലി അവരുടെ സംഗീത രചനകളില്‍ കടംകൊള്ളുന്നു. ഈ ഗാനങ്ങള്‍ പ്രത്യേകിച്ചു ഹണിസിംഗ് ഗാനങ്ങള്‍ അവയിലെ ആണത്തത്തിന്റെ ആഘോഷങ്ങള്‍ കൊണ്ടും സ്ത്രീ വിവേചനനപരതകൊണ്ടും, പുരുഷാധിപത്യ പ്രവണത കൊണ്ടും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഒരേ സമയം പഞ്ചാബി ഭാഷയുടെ പ്രത്യേകതകള്‍ അനുഭവവേദ്യമാക്കുന്നതും സാര്‍വദേശീയ സംഗീതാഭിരുചികളെ തൃപ്തിപ്പെടുതുന്നതുമാണ് ഹണിസിംഗ് രചനകളെന്ന് നിരൂപകര്‍ വിലയിരുത്തുന്നു.

ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കുള്ള കുടിയേറ്റം, ആഗോളവത്കരണം, പഞ്ചാബിസംസ്കാരത്തിന്റെ പ്രതിസന്ധി തുടങ്ങി പലതരം ആകുലതകള്‍ക്കു സിംഗ് തന്റെ ഗാനങ്ങളില്‍ ഇടം നല്‍കുന്നതായി കാണാം. ഈ ആകുലതകളെ സിംഗ് സ്ത്രീ ശരീരങ്ങള്‍ക്ക് നേരെ തിരച്ചു വിടുന്നു എന്നത് അസ്വസ്ഥജനകമാണ്. ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്ന സിംഗ് തന്റെ സാര്‍വദേശിയതക്കൊപ്പം തന്നെ പഞ്ചാബി ശൌര്യവും ആഘോഷിച്ചുകൊണ്ട് അന്താരാഷ്ട്രീയ ഗ്രാമീണരാവാന്‍ പഞ്ചാബി യുവാക്കളെ ആഹ്വാനം ചെയ്യുന്നു. ദേവാംഗ് പടേല്‍, ബാലി ബ്രഹ്മഭട്ട് തുടങ്ങിയ ചില ജനപ്രിയ ഗായകര്‍ ഹിന്ദിയിലും റാപ്പ് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും അവ പഞ്ചാബില്‍ പ്രചാരം നേടിയില്ല. അതെ സമയം കാശ്മീരി റാപ്പ് ഗായകനായ ഹെസ് കെ (Haze Kay) കശ്മീരില്‍ ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്കെതെരിയും 2012 ഡിസംബര്‍ 16 നു നടന്ന മൃഗീയമായ കൂട്ട ബലാല്‍സംഗത്തിനെതിരെയും ശക്തമായ ഗാനങ്ങള്‍ രചിച്ചു.
സംഗീതസംസ്കാരത്തിന്റെ മാറിവരുന്ന വിപണിയും, ശാസ്ത്ര സാമൂഹികതയുടെ മാറുന്ന രൂപങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച സംഗീതത്തിലെ പുതിയ കേള്‍വിസംസ്കാരവും ചേര്‍ന്ന്ആകസ്മികമെങ്കിലും ഒരു ബദല്‍ സംഗീതഭാവനക്ക് ഇടം കൊടുത്തു.റാപ്പും ഹിപ് ഹോപ്പും അടങ്ങുന്ന ബദല്‍ സംഗീതഭാവനകള്‍ സാധ്യമാക്കുന്നതില്‍ പലതരം പ്രക്രിയകളും വ്യവഹാരങ്ങളും പ്രവർത്തിച്ചിട്ടുള്ളതായി കാണാം. ഇതില്‍ ഏറ്റവും പ്രധാനമായ അന്വേഷണം ഈ പുതിയ ശബ്ദസംസ്കാരം സൂചിപ്പിക്കുന്നത് ആഗോള ആധുനികതയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഒരു പുതിയ ആധുനികതയുടെ ഭാഗമാണോ എന്നതാണ്.
കേരളത്തിലെ റാപ്പ്,ഹിപ് ഹോപ് സംഗീതത്തിന്റെ പ്രധാന ശ്രോതസ്സു ഇന്റര്‍നെറ്റ് ആണ്. യു ട്യൂബ്, ടോറെന്റ് സൈറ്റ്കള്‍, ഫെയ്സ്ബുക് ഒക്കെപ്പോലെയുള്ള സാമൂഹിക മാധ്യമങ്ങളുമാണ് ഹിപ് ഹോപ്‌സംഗീതത്തിന്റെ വേദികള്‍. താരതമ്യേന കുറഞ്ഞ തോതിലുള്ള സെൻസർഷിപ് സമ്പ്രദായങ്ങള്‍ ഇന്റര്‍നെറ്റിനെ പ്രധിരോധ സ്വഭാവമുള്ള സംഗീതത്തിന്റെ ആതിഥേയരാവാന്‍ കെല്പുള്ളതാക്കുന്നു. ഉദാഹരണത്തിന് മുഹ്സിന്‍ പരാരി സംവിധാനം ചെയ്ത നേറ്റീവ് ബാപ്പ (Native Baappa) എന്ന വീഡിയോക്കു വേണ്ടിയുള്ള ആദ്യ തിരച്ചില്‍ തന്നെ നിങ്ങളെ 20,000ല്‍ പരം ഹിറ്റുകളിലേക്ക് നയിക്കുന്നു. ഈ വീഡിയോകള്‍ ഒറ്റതിരിഞ്ഞല്ല, ആസ്വാദനതിന്റെയും, വിമര്‍ശനത്തിന്റെയും ലിഖിതങ്ങളാല്‍ ചുറ്റപ്പെട്ട സങ്കീര്‍ണ്ണമായ ഒരു പാഠമായാണ് മനസ്സിലാക്കപ്പെടെണ്ടത്. മാധ്യമങ്ങള്‍ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതിന്റെ വിപുലമായ രേഖകള്‍ ഉള്‍ക്കൊള്ളുന്ന സംഗീതമായാണ് അവ നമ്മുടെ മുന്‍പില്‍ വരുന്നത്. ദേശീയം/വിദേശീയം/പ്രാദേശികം, രാഷ്ട്രീയം/സാങ്കല്‍പ്പികം, ചരിത്രം/വര്‍ത്തമാനം, വാര്‍ത്ത/വിനോദം തുടങ്ങിയ നിരവിധി ദ്വന്ദ്വങ്ങളെ യു ട്യൂബ് ഘടന പ്രശ്നവത്കരിക്കുന്നു. സംഗീതവും, ദൃശ്യപാഠങ്ങളും, വാക്കുകളുംചേര്‍ന്ന സങ്കീര്‍ണമായ യുട്യൂബ് ദൃശ്യങ്ങള്‍ പുതിയ വിനോദ പുനരുത്പാദനസങ്കേതങ്ങളില്‍ പ്രധാനമാണ്. വീഡിയോകളും, അവയോടുള്ള പ്രതികരണങ്ങളും ചര്‍ച്ചകളും പുതിയ ചര്‍ച്ചകളിലെക്കുള്ള തുടര്‍ക്കണ്ണികളും ചേര്‍ന്ന് യു ട്യൂബ് ഒരുക്കുന്ന ശൃംഖലാ രൂപം ഒരു പൊതു പുസ്തകശാലയെക്കാള്‍ വൈവിധ്യമാര്‍ന്നതാകുന്നു.
ഓഗസ്റ്റ് 2011ല്‍ കോഴിക്കോട് ആസ്ഥാനമായ ‘സ്ട്രീറ്റ് അക്കാദമിക്സ്’ (Street Acdemics) എന്ന ഹിപ് ഹോപ് ബാന്‍ഡ രചിച്ച Rest in Peace ആണ് ജനശ്രദ്ധ ആകര്‍ഷിച്ച ആദ്യ ഹിപ് ഹോപ് വീഡിയോ.

സ്വയം ഒരു സര്‍റിയലിസ്റ്റ് പ്രസ്ഥാനമായി കാണുന്ന സ്ട്രീറ്റ് അക്കാദമിക്സ്, ഹിപ് ഹോപ് സംഗീതത്തെ കേരളത്തിലെയും ഇന്ത്യയിലെയും തെരുവ് സംഗീതത്തിന്റെ ഒരു ഭാഗമായി കാണാന്‍ ആഗ്രഹിക്കുന്നു. സ്വന്തം മാനിഫെസ്റ്റോ പോലെ ചില വരികള്‍ ആത്മാസ്ഫിയര്‍ (Aatmasphere) എന്നആല്‍ബത്തിലെ ഒരു ഗാനത്തില്‍ കാണാം:
My name is self-defined
a soul hard to fight
a rhyme hard to write
My life’s a can of napalm
man I don’t stay calm
I’ll shut your lungs down
a lyrical storm
A bomb I’ll explode every minute
in a verbal clinic
നമ്മുടെ ശ്വാസകോശത്തെ അടപ്പിക്കുന്ന ഒരു ലിറിക്കല്‍ കൊടുങ്കാറ്റാണ് തങ്ങളെന്ന് അവര്‍ സ്വയം വിശ്വസിക്കുന്നു. അറിവ്, ചുവര്‍ചിത്ര കല (Graffiti), ബ്രേക്ക് ഡാന്‍സ്, ഡിസ്കോ ജോക്കി, തുടങ്ങിയ പല സങ്കേതങ്ങളെ സംയോജിപ്പിക്കുന്ന ഹിപ് ഹോപ് അവരെ സംബധിച്ചിടത്തോളം ജനപ്രിയസംസ്കാരം, ഭാഷ, ജീവിതരീതി, ഫാഷന്‍, തുടങ്ങിയ പലമേഖലകളിലും സജീവമായ ഇടപെടല്‍ നടത്തുന്ന രൂപം കൂടിയാണ്. ബാന്‍ഡിലെ അംഗങ്ങളുടെ നാമങ്ങള്‍ മാപ്പിള, അസുര, ഏർത്ത് ഗ്രൈം എന്നിങ്ങനെയുള്ള റാപ്പ് നാമങ്ങള്‍ സാധാരണ നാമങ്ങളില്‍ നിന്നും വിഭിന്നമാണ്.2012ല്‍ ഇന്റര്‍നെറ്റില്‍ പുറത്തിറക്കിയ വണ്ടിപങ്ക്ച്ചര്‍ എന്ന രണ്ടാമത്തെ വീഡിയോക്കു ഒരു ലക്ഷത്തോളം പ്രേക്ഷകരെ ലഭിച്ചു.ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ചിട്ടുള്ള വീഡിയോ ‘ജങ്ക്’ എന്ന് വിശേഷിപ്പികാന്‍ തോന്നുന്ന ഒന്നെങ്കിലും സൂക്ഷ്മവായനയില്‍ പല തലങ്ങള്‍ ഉള്ളതായി കാണാം. ഇംഗ്ലീഷില്‍ പാടി തുടങ്ങുന്ന സുഹൃത്തിനോട് മലയാളത്തില്‍ പാടിയാല്‍ വേദനിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി, ‘കാലത്ത് പള്ളി ചിലച്ചു, ഹിപ് ഹോപ്പിന്‍ പോര്‍വിളി കേട്ട് തുടങ്ങി’ എന്നിങ്ങനെ തുടങ്ങുന്നു. ഒരു പോലെ അവസാനിക്കുന്ന പരസ്പരബന്ധമില്ലാത്ത വാക്കുകള്‍- ബിരിയാണി, സുലൈമാനി, ആകാശവാണി- എന്നിങ്ങനെ കോര്‍ത്തിണക്കി, ചരിത്രം, നാടോടിശീലുകള്‍, കവിത, ഭക്ഷണം, പഴഞ്ചൊല്ലുകള്‍, സമകാലീനവസ്തുക്കള്‍ തുടങ്ങി പലതിനെയും കോര്‍ത്തിണക്കി ഭാഷയില്‍ ഒരു വിസ്ഫോടനം തന്നെ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് എരിശ്ശേരി, പുളിശ്ശേരി, തോരന്‍, മോര്, സാമ്പാര്‍, അച്ചാര്‍ എന്ന് ഒരാള്‍ പാടി തുടങ്ങുമ്പോള്‍, പിന്നെന്താ പുതിയ ട്രെന്‍ഡ് എന്നചോദ്യത്തിന്റെ ഉത്തരം അവിയല്‍ എന്നാണ്. അവിയല്‍ ഇവിടെ ഭക്ഷ്യവസ്തു മാത്രമല്ല, കേരളത്തിനകത്തും പുറത്തും പ്രശസ്തമായ സംഗീത ബാന്‍ഡ് കൂടിയാണ്. മാറിവരുന്ന സംഗീതശീലങ്ങള്‍ക്കിടക്ക് വിവിധ സ്വത്വങ്ങളുടെ സങ്കലനതിനുള്ള ശ്രമം കൂടിയാണ് ഇവിടെ നടക്കുന്നത്.
നേരിട്ടുള്ള രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നില്ലെങ്കിലും, കേരളത്തിലെ മുഖ്യധാര കലാ-സാംസ്കാരിക മണ്ഡലങ്ങളെ കുറിച്ചും സംഗീതപ്രയോഗങ്ങളെ കുറിച്ചും നിയതവും വിമര്‍ശനാത്മകവുമായ ധാരണകള്‍ അവര്‍ക്കുണ്ട്. ലോകസംഗീത ഭൂപടത്തിലെ നാഗരിക-ഉപസംസ്കാരങ്ങളോടു (subcultures) സംവദിച്ചു കൊണ്ടാണ് അവരുടെ ആവിഷ്കാരങ്ങള്‍ ഉടലെടുക്കുന്നത്. മലയാളത്തെയും ഇംഗ്ലീഷ്ഭാഷയെയും ഈ തരത്തില്‍ വാക്യഘടനകളെയും, ഉച്ചാരണ രീതികളെയും കൂട്ടിക്കലര്ത്തുന്നതിലൂടെ സാമൂഹികവും ഭാഷാശാസ്ത്രപരവുമായ ഇടപെടല്‍ കൂടിനടത്തുന്നുണ്ട് അവര്‍. റാപ്പും ഹിപ് ഹോപ്പും പോലെയുള്ള ജനുസ്സുകളെ അലോസരപ്പെടുത്തുന്ന ശബ്ദമായി മാത്രം കാണുന്ന മുഖ്യധാരാ സംഗീതസംസ്കാരത്തിനകത്തു മൊസാര്‍ട്ട് മുതലുള്ള സംഗീതപ്രതിഭകളോട് താദാത്മ്യപ്പെട്ടും സംവദിച്ചുമാണ് അവര്‍ മുന്നോട്ടു പോകുന്നത്. ഈ രീതിയില്‍ അവരുടെ പല സൃഷ്ടികളും ഭാഷയെയും ദൃശ്യപരതയെയും ചിഹ്നശാസ്ത്രപരമായ അഴിച്ചുപണിക്കു വിധേയമാക്കുന്നതായി കാണാം. ആവിഷ്കാരം, സ്വത്വം, ഭാഷ തുടങ്ങിയവയെക്കുറിച്ച് പ്രധാന ചോദ്യങ്ങള്‍ ഹിപ് ഹോപ്പ് എല്ലായിടത്തും ഉയര്‍ത്തിയിട്ടുണ്ട്. ഇംഗ്ലീഷിലും പ്രാദേശിക മലയാളത്തിലും പ്രകടമാവുന്ന കാവ്യ ചാതുര്യം മുഖ്യധാര സംഗീത സംസ്കാരരത്തിനകത്തു സംസ്കൃതവത്കൃത മലയാളത്തിന്റെ മേല്ക്കോയ്മയെ വെളിവാക്കുകായും ഭാഷയുടെ സംഗീതാത്മകതയെക്കുറിച്ച് കാതലായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.
ഹിപ് ഹോപ് സംഗീതസംസ്കാരവുമായി നേരിട്ട് ബന്ധം പുലര്ത്തുന്നില്ലെങ്കിലും ഹിപ് ഹോപ് ഫാഷന്‍ സംസ്കാരം കേരളത്തില്‍ സജീവസാന്നിധ്യമാണ്. ബാഗ്ഗി ജീന്‍സ്, കാപ്പ്, തുടങ്ങി ഹിപ് ഹോപ്പ് ഫാഷനുമായി ബന്ധപ്പെട്ട വസ്തുക്കളുടെ പരസ്യങ്ങളും കടകളിലെ ശേഖരവും അതാണ് സൂചിപ്പിക്കുന്നത്. ലോകമെമ്പാടും പരന്നുകിടക്കുന്ന 200 കോടി ഡോളര്‍ വ്യവസായമാണ് ഹിപ് ഹോപ് ഫാഷന്‍. ഇന്റെര്‍നെറ്റിന്റെ സഹായത്തോടെ പ്രമുഖ ബ്രാന്‍ഡുകള്‍ പ്രചരണം വ്യാപിപ്പിക്കുന്നു. ഫേസ്ബുക്കില്‍ കേരളത്തിലെ ഹിപ് ഹോപ് ഫാഷനുമായി ബന്ധപ്പെട്ടു ധാരാളം പേജുകള്‍ കാണാം. അവയില്‍ പല പേജുകളും കേരളത്തിലെ ചെറു പട്ടണങ്ങളില്‍ നിന്നും സൃഷ്ടിച്ചവയാണ്. ഇവയില്‍ നിന്നെല്ലാം വിഭിന്നമായ ഒരു രാഷ്ട്രീയ ഇടപെടലാണ് ഏതാണ്ട് ഒരു വര്‍ഷത്തോളമായി പ്രചാരത്തിലുള്ള നേറ്റീവ് ബാപ്പ എന്ന വീഡിയോ.
നേറ്റിവ് ബാപ്പ ഒരു സംഗീത രാഷ്ട്രീയ പ്രഖ്യാപനം

‘മാപ്പിള ലഹള’ എന്ന സംഗീതസംഘത്തിന്റെ നേറ്റിവ് ബാപ്പ എന്ന വീഡിയോ, കലാകാരന്‍/കാരി എന്ന വ്യക്തിയേക്കാള്‍ ഉപരി ഒരു രാഷ്ട്രീയ പ്രഖ്യാപനത്തില്‍ ഊന്നുന്നു. ഒരു ട്രൂപ് എന്നതിനേക്കാള്‍ ഒരു മുന്നേറ്റം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സംഘത്തിന്റെ നിരവധി അടരുകള്‍ ഉള്ള ഈ വീഡിയോ ഒരു പ്രത്യേക നാട്ടുഭാഷയെ റാപ്പ് ശൈലിയിലേക്ക് പകര്‍ത്തികൊണ്ട് പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ഒരു ദൃശ്യം സൃഷ്ടിക്കുന്നു. ഭരണകൂട ഭീകരതയുടെയും അതിനോടുള്ള സാമൂഹ്യ വിധേയത്വത്തിന്റെയും സമകാലിക അവസ്ഥയെ തുറന്നു കാണിക്കുന്നതിനായി ഈ വീഡിയോ പലതരം സംഗീതരൂപങ്ങളും പ്രയോഗങ്ങളും ഉപയോഗപ്പെടുതിയിരിക്കുന്നു. സംഗീത ശൈലിയിലുള്ള പരീക്ഷണം തന്നെ ഒരു രാഷ്ട്രീയ പ്രയോഗം എന്ന നിലയില്‍ മനസ്സിലാക്കുവാന്‍ ഉള്ള ശ്രമം കൂടിയാണ് മൊഹ്സിന്‍ പരാരി സംവിധാനം ചെയ്ത ഈ ആല്‍ബം. സ്ട്രീറ്റ് അക്കാദമിക് ബാന്‍ഡില്‍ റാപ്പര്‍ ആയ മാപ്ള അഥവാ ഹാരിസ് സലിം, പ്രസിദ്ധ സിനിമാനടന്‍ മാമുക്കോയ എന്നിവര്‍ അവതരിപ്പിക്കുന്ന ഈ വീഡിയോയില്‍ ആര്‍. ജെ.വി. ഏണസ്ടോവിന്റെ ചുമർ ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്. ഈ വീഡിയോയുടെ പ്രാധാന്യം അറിയുന്നതിനു നിലവിലുള്ള പലതരം കലാരൂപങ്ങളില്‍ മുസ്ലിങ്ങളുടെ പ്രതിനിധാനവും മലബാര്‍ മുസ്ലിമിനെക്കുറിച്ച് ചരിത്രപരമായി ഉണ്ടാക്കിയെടുത്തിട്ടുള്ള പൊതുധാരണകളും എന്താണ് എന്ന് ആലോചിക്കേണ്ടതുണ്ട്. സംഗീത സംഘത്തിനു നല്‍കിയ മാപ്പിള ലഹള എന്ന പേരും പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. 1921ലെ മലബാര്‍ കലാപത്തെ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ച കൊളോണിയല്‍ മേല്‍ജാതി വ്യഖ്യാനങ്ങള്‍ മുസ്ലിങ്ങളെ സംസ്കാരരഹിതരും അക്രമോത്സുകരും ആയി ചിത്രീകരിച്ചു. മലബാര്‍ മുസ്ലിമിനെക്കുറിച്ചുള്ള ഒരു പ്രത്യേക വാര്‍പ്പ്മാതൃകയുടെ രൂപീകരണത്തില്‍ മാപ്പിള ലഹള എന്ന വിശേഷണത്തിനു പ്രത്യേക പങ്കുണ്ട്. ഈ സംഗീതസംഘo ആ പേര്‍ ഉപയോഗിക്കുന്നതിലൂടെ ആ വാര്‍പ്പ് മാതൃകയെ ചോദ്യംചെയ്യുക മാത്രമല്ല, പോതുബോധങ്ങള്‍ രൂപം കൊള്ളുന്ന പ്രക്രിയയുടെ അധികാര രാഷ്ട്രീയത്തിലെക്ക് വിരല്‍ ചൂണ്ടുക കൂടിയാണ് ചെയ്യുന്നത്.
കൊളോണിയല്‍ കാലത്ത് നിശ്ചയമായും ഒരു കീഴാള സമുദായമായിരുന്ന മലബാറിലെ മുസ്ലിങ്ങള്‍, സ്വാതന്ത്ര്യത്തിനു ശേഷം സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ചൂണ്ടിക്കാട്ടുന്നതുപോലെ പൊതു സമൂഹത്തില്‍ പഴയതും പുതിയതുമായ വാര്‍പ്പ് മാതൃകകളാല്‍ വേട്ടയാടപ്പെടുന്ന ഒരു സമുദായം കൂടിയാണ് മലബാര്‍ മുസ്ലിങ്ങളുടെത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിങ്ങള്‍ ഇന്ന് നേരിടുന്ന അവസ്ഥയുമായി ഇതിനു സമാനതകള്‍ ഉണ്ടെങ്കിലും കൊളോണിയല്‍ ആധിപത്യത്തെ പ്രാദേശികമായി നേരിട്ട ചരിത്രം ഇന്ന് മലബാര്‍ മാപ്പിളമാര്‍ക്ക് ഒരു ദിശാസൂചിക ആകുന്നതില്‍ അത്ഭുതം ഇല്ലെന്നും അദ്ദേഹം പറയുന്നു.
ഈ ചരിത്ര പശ്ചാത്തലത്തില്‍ ഒരു സംഗീതസംഘം മാപ്പിള ലഹള എന്ന് പേരിടുമ്പോള്‍ അതിനു പലതരം മാനങ്ങളും അര്‍ത്ഥങ്ങളും കൈ വരുന്നു. ‘ലഹള’ എന്ന പദം നിയമവ്യവസ്ഥയുടെ വെല്ലുവിളി, അരാജകത്വം എന്നെ അര്‍ത്ഥങ്ങളിലാണ് കൊളോണിയല്‍ – മേല്‍ജാതി വിവരണങ്ങളില്‍ ഉപയോഗിചിട്ടുള്ളതെങ്കില്‍ ഈ എതിര്‍വായനയില്‍ അത് വെല്ലുവിളിയും പ്രതിഷേധവും ഒരുമിക്കുന്ന ഒരു രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നു. അതുപോലെതന്നെ വീഡിയോയുടെ തലക്കെട്ട് നേറ്റിവ് ബാപ്പയും ഒരു പ്രതിരോധത്തിന്റെ പുതിയ സഖ്യങ്ങളുടെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു. ആഫ്രിക്കന്‍ – അമേരിക്കന്‍ എഴുത്തുകാരനായ റിച്ചാര്‍ഡ് റൈറ്റിന്റെ നേറ്റിവ് സണ്‍ (Richard Knight, Native Son) എന്നതുമായി ഇതിനുള്ള ഉള്ള സാമ്യം ഇതിനകം തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആഫ്രിക്കന്‍ – അമേരിക്കന്‍ സമുദായത്തെ ഒന്നടങ്കം ക്രമാനുഗതമായി കുറ്റവാളികള്‍ ആക്കുന്ന അമേരിക്കയിലെ വശീയമായ മര്‍ദക വ്യവസ്ഥയുടെ ചിത്രമാണ് റൈറ്റ് വരച്ചു കാണിക്കുന്നതെങ്കില്‍ നേറ്റിവ് ബാപ്പ നുണകളുടെയും ദുര്‍- പ്രതിനിധാനങ്ങളുടെയും നഗ്നമായ ആക്രമണങ്ങളുടെയും മിശ്രണത്തിലൂടെ എങ്ങിനെ ആണ് മുസ്ലിം ഭീകരത എന്ന വാര്‍പ്പ് മാതൃക രൂപപ്പെടുന്നത് എന്ന് വിശദമാക്കുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രം മാത്രമല്ല ഇന്ത്യയിലെ അടിയന്തിരാവസ്ഥയിലെ ഭരണകൂട ഭീകരതയും ഇതിന്റെ പശ്ചാത്തലം ആവുന്നുണ്ട്.
രാജനെ അന്വേഷിച്ചുള്ള ഈച്ചരവാരിയരുടെ യാത്രകള്‍ മലയാളി സമൂഹം മറക്കാത്ത ഒരു സമരമുഹൂര്‍ത്തമാണ്. ഇവിടെയും മകനെ അന്വേഷിക്കുന്ന ഒരച്ഛന്‍ തന്നെയാണ് ആഖ്യാനത്തിന്റെ കേന്ദ്ര ബിന്ദു.2008ല്‍ ജമ്മു-കശ്മീരിലെ കുപ്വാരയില്‍ തീവ്രവാദികള്‍ എന്നാരോപിച്ച് സൈന്യം കൊലപ്പെടുത്തിയ നാലു മലയാളിയുവാക്കളില്‍ ഒരാളുടെ അമ്മ ‘മകന്‍ തീവ്രവാദി ആണെങ്കില്‍ അവന്റെ ശരീരം എനിക്ക് കാണേണ്ട’ എന്ന് പറഞ്ഞത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ സംഭവമാണ് ഈ വീഡിയോയുടെ വ്യാഖ്യാന വിഷയം. പലവിധ പോരാട്ടങ്ങളുടെ ചരിത്രങ്ങളും മതേതരത്വം സൃഷ്ടിക്കുന്ന വര്‍ത്തമാന പ്രതിസന്ധികളും അടങ്ങുന്ന ഒരു സമയസ്ഥലത്തിലൂടെയുള്ള ഒരു സംഗീതസഞ്ചാരമാണ് നേറ്റിവ് ബാപ്പ. റാപ്പ് എന്ന സംഗീത രൂപത്തിന്റെ പ്രത്യേകമായ ചൊല്ലല്‍രീതിയും താളവും ഈ സംഗീത സഞ്ചാരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്ക് കൂടുതല്‍ സാദ്ധ്യതകള്‍ തുറന്നു കൊടുക്കുന്നു.
താല്പ്പര്യരഹിതനായ മതേതരവാദി (reluctant secularist) എന്നാണു ഇതിലെ നായക കഥാപാത്രം ആയ ബാപ്പയെ വിശേഷിപ്പിക്കുന്നത്. ഈ പ്രയോഗത്തിലൂടെ വീഡിയോ മതേതരരാഷ്ട്രീയത്തിന്റെ പുറത്താക്കലുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മതത്തിനു പൊതു ഇടത്തിലുള്ള പ്രസക്തി തുടങ്ങി ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഉള്ള ഒരു നിലപാട് എടുക്കുന്നു. മതം മതേതരം എന്ന ദ്വന്ദത്തില്‍ മുസ്ലിംസമുദായത്തിന്റെ രാഷ്ട്രീയപ്രയോഗങ്ങളെ മനസ്സിലാക്കാനാകില്ല എന്ന നിലപാടാണ് അത്.
ദേശീയത, ശാസ്ത്ര വാദം, വ്യക്തിവാദം എന്നിങ്ങനെ ആധുനികതയുടെ രാഷ്ട്രീയ സ്വരൂപങ്ങള്‍ പ്രശ്നരഹിതമല്ല എന്നും അവ ഇന്ത്യന്‍ അവസ്ഥയില്‍ സവര്‍ണപരിസരങ്ങളിലാണ് നിലയുറപ്പിച്ചിരിക്കുന്നത് എന്നും നിരവധി പഠനങ്ങള്‍ ഇതിനകം വാദിച്ചിട്ടുണ്ട്. ഇത്തരം പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രശ്നം പബ്ലിക്/പ്രൈവറ്റ് എന്ന രീതിയില്‍ സമൂഹത്തെ വേര്‍തിരിക്കുന്ന മതേതരത്വത്തിന്റെ ആശയ മണ്ഡലമാണ്. മതപരമായ ചിന്തകള്‍ വക്തിപരം എന്ന രീതിയില്‍ ചുരുക്കാന്‍ കഴിയില്ലെന്നും ഇന്നത്തെ രാഷ്ട്രീയപ്രയോഗങ്ങളില്‍ അവയുടെ സാന്നിദ്ധ്യം നിര്‍ണായകം ആണെന്നും വ്യക്തമാണ്. ഹിന്ദുത്വ വാദത്തിന്റെ വളര്‍ച്ചയും ബാബറി മസ്ജിദിന്റെ തകര്‍ക്കല്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ ഭീകരത സൃഷ്ടിക്കുന്ന വെല്ലുവിളികളും മതേതരത്വത്തിന്റെ പൊതു-സ്വകാര്യ വേര്‍തിരിവിലൂടെ പരിഹിക്കാവുന്ന ഒരു പ്രശ്നം അല്ല.
ആ അര്‍ത്ഥത്തില്‍ മുസ്ലിം സമുദായത്തെ ഹൈന്ദവസമ്മിതിയുള്ള ഒരു മതേതരത്വരാഷ്ട്രീയത്തിലേക്ക് നിര്‍ബന്ധിച്ചു നയിക്കാനുള്ള ശ്രമങ്ങളുടെ പ്രശ്നത്തിലേക്കാണ് ഈ വീഡിയോ ശ്രദ്ധക്ഷണിക്കുന്നത്. മതേതരത്വവും ദേശീയവാദവും മതമുക്തമല്ല എന്നും അവ സവര്‍ണമേല്‍ക്കോയ്മയെ ആണ് പലപ്പോഴും പ്രതിനിധാനം ചെയ്യുന്നത് എന്നും മുസ്ലിങ്ങളെ ദേശീയതയ്ക്ക് പുറത്ത് നിര്‍ത്തിക്കൊണ്ട് ആണ് അതിന്റെ സ്വയം നിര്‍വചനം ആരംഭിക്കുന്നത് തന്നെ എന്നുമുള്ള വായനകളിലേക്ക് ഇത് നമ്മെ നയിക്കുന്നു.
ഇതിലെ ബാപ്പ എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാമുക്കോയയാണ്. കോഴിക്കോടന്‍ മാപ്പിള ഭാഷ ആണ് മാമുക്കോയയുടെ സിനിമകളിലെ മിക്ക കഥാപാത്രങ്ങളുടെയും വ്യക്തിത്വം സൃഷ്ടിക്കുന്നത്. മുഖ്യധാര സിനിമയില്‍ ഭാഷകളുടെ ഒരു ശ്രേണി ഉണ്ട്. ഇതില്‍ പ്രത്യേകമായ ഒരു പ്രദേശത്തെ സവര്‍ണ ഭാഷ ഒഴിച്ചുള്ളവ എല്ലാം കൌതുകവും തമാശയും സൃഷ്ടിക്കാന്‍ ഉള്ളവ ആണെന്നതാണ് ഈ ശ്രേണിയുടെ ഘടനയെ നിയന്ത്രിക്കുന്ന ഒരു നിയമം. ഈ നിയമത്തെ വെല്ലുവിളിച്ചുകൊണ്ടു കോഴിക്കോടന്‍ മാപ്പിള മലയാളത്തെ ബോധപൂര്‍വം ഗൌരവമുള്ള ഒരു രാഷ്ട്രീയ പ്രഖ്യാപനത്തിന് ഉപയോഗിക്കുന്നതിലൂടെ നേറ്റിവ് ബാപ്പ ഭാഷയുടെ സ്വാഭാവികത എന്ന സങ്കല്‍പ്പത്തെ പ്രശ്നവത്കരിക്കുന്നു. തമാശ പരിഹാസം ആക്ഷേപഹാസ്യം എന്നിവയൊക്കെത്തന്നെ റാപ്പിന്റെ താളഗതിയിലൂടെ കടന്നുവരുമ്പോള്‍ പ്രതിരോധത്തിന്റെ ഒരു സൂക്ഷ്മ മേഖല രൂപപ്പെടുന്നു.
റാപ്പ് വീഡിയോകള്‍ പൊതുവായി ഉപയോഗിക്കുന്ന പല ദൃശ്യ പരിസരങ്ങളും ഈ വീഡിയോയും ഉപയോഗപ്പെടുത്തുന്നുണ്ട്. റാപ്പര്‍ സൃഷ്ടിക്കുന്ന ശരീര ചലനങ്ങള്‍, കോഴിക്കോടന്‍ നഗരദൃശ്യങ്ങള്‍ ചുമരെഴുത്തുകള്‍ എന്നിവയുടെ മിശ്രണദൃശ്യങ്ങളിലൂടെ ചിതറിയ ഒരു ആഖ്യാനം ആണ് ഈ വീഡിയോ രൂപപ്പെടുത്തുന്നത്. വീഡിയോയിലെ ‘ബോംബാത്രേ ബോംബ്’ എന്ന ആവര്‍ത്തിക്കുന്ന പ്രയോഗം ബോംബിനെക്കുറിച്ചുള്ള ഒരു സംശയം മാത്രമല്ല, അത് തീവ്രവാദത്തിനെ കുറിച്ചുള്ള എല്ലാ മേല്ക്കൊയ്മാ വ്യഖ്യാനങ്ങളോടും ഉള്ള ഒരു സംശയം കൂടിയാണ്. വസ്ത്രം, ബാഗ് തുടങ്ങി ജീവിതത്തിലെ നിത്യോപയോഗ വസ്തുക്കള്‍ക്ക് പുതിയ അര്‍ത്ഥം സൃഷ്ടിച്ചെടുക്കുന്ന ഭരണകൂടരാഷ്ട്രീയത്തെ വസ്തുക്കളുടെ വ്യത്യസ്തമായ ഓര്‍ത്തെടുക്കലിലൂടെ ഈ വീഡിയോ ചോദ്യം ചെയ്യുന്നു.
മകന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ ഗൃഹാതുരത്വം നിറഞ്ഞ വീണ്ടെടുക്കല്‍ വ്യഖ്യാനം തന്നെ അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും ഭൂമികയായി മാറുന്നതിന്റെ സൂചനകള്‍ നല്‍കുന്നു. പുറത്ത് തണുപ്പില്‍ നിന്നും രക്ഷക്കായി മകന് നല്‍കിയ പുതപ്പു മറ്റൊരു വ്യാഖ്യാനത്തില്‍ തീവ്രവാദചിഹ്നമായി മാറുന്നത് ഇതിനൊരു ഉദാഹരണം ആണ്. ഏതു മുസ്ലിമും തീവ്രവാദി ആയേക്കാം എന്ന കാഴ്ചപ്പാടിന്റെ അപകടത്തെ വസ്തുക്കളുടെയും വാക്കുകളുടെയും ചിത്രങ്ങളുടെയും മിശ്രവിന്യാസത്തിലൂടെ നേറ്റിവ് ബാപ്പ വിശദീകരിക്കുന്നു. കേരളത്തിലെ മുസ്ലീംയുവത്വം അനുഭവിക്കുന്ന അന്യഥാത്വത്തിന്റെ കരുത്തുറ്റ പ്രതിനിധാനമായി ഈ വീഡിയോ മാറിയിരിക്കുന്നു.
കേരളത്തിലെ പൊതുമണ്ഡലത്തെകുറിച്ച് ഈ വീഡിയോപ് രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. യുക്തിപരതയില്‍ അധിഷ്ഠിതമായ സംവാദങ്ങളെ പൊതുമണ്ഡലത്തിന്‍റെ അടിസ്ഥാനമായി കാണുന്ന ഹേബര്‍മാസിയന്‍ മാതൃക പല തത്വചിന്തകരാലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അനിശ്ചിതത്വങ്ങള്‍ പൊതുവ്യവഹാരത്തിന്റെ നിതാന്തമായ ഘടകമാണ്എന്ന് ദേറീദ വാദിക്കുമ്പോള്‍, അരാജകവാദവും, വൈയക്തികത, വിസമ്മതം തുടങ്ങിയവ പൊതുമണ്ഡലത്തില്‍ പ്രധാനമാണെന്ന് ലിയോട്ടര്‍ഡ് പറയുന്നു. ഈജിപ്തിലെ കാസ്സെറെ പ്രഭാഷണ സംസ്കാരത്തെകുറിച്ച് പഠിച്ച ചാള്‍സ്ഹിര്‍ഷ്കിന്ദ് പുതിയതായി ഉയര്‍ന്നുവരുന്ന ഇസ്ലാമിക വ്യാവഹാരിക പ്രയോഗങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. ദേശത്തിന്‍റെ രാഷ്ട്രീയപ്രശ്നങ്ങളോടും വ്യവഹാരങ്ങളോടും സംവദിക്കുമ്പോള്‍ത്തന്നെ, ദേശരാഷ്ട്രത്തിന് എളുപ്പത്തില്‍ വഴങ്ങാത്ത വ്യവഹാരങ്ങളും, പ്രയോഗങ്ങളും, ചരിത്രധാരകളും അടങ്ങുന്നതാണു ഈ പുതിയ ഇസ്ലാമിക വ്യാവഹാരികത എന്നും അദ്ദേഹം പറയുന്നു. ഈ സൈദ്ധാന്തിക സമീപനങ്ങളിലൂടെ മനസ്സിലാകുന്ന സാംസ്കാരിക യാഥാര്‍ത്ഥ്യമാണ് നേറ്റീവ് ബാപ്പയുടെ പഠനവും വെളിവാക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു.
സഹായക പഠനങ്ങള്‍
1. Canclini, N. Garcia. (1995). Hybrid cultures: Strategies for entering and leaving modernity.
2. Derrida, J. (1997). Politics of friendship.Verso,
3. Fernandes, S. (2011). Close to the edge: In search of the global hip hop generation. Verso.
4. Hirschkind, Charles.(2006) The ethical soundscape: cassette sermons and Islamic counterpublics. Columbia University Press
5. Lukose, R.A. (2009). Liberalization’s children: Gender, youth, and consumer citizenship in globalizing India. Duke University Press Books.
6. Lyotard, J.F. (1994). The Postmodern Turn: New Perspectives on Social Theory, University of Minnesotta Press,Minneapolis.
7. Osella, F., &Osella, C. (1999). From transience to immanence: Consumption, life-cycle and social mobility in Kerala, South India. Modern Asian Studies, 33(4), 989–1020.
8. Punathil, S. (2013). Kerala Muslims and shifting notions of Religion in the public sphere. South Asia Research, 33(1), 1–20.
9. Sreekumar T T (2011) ‘ICTs and Development: Perspectives on the Rural Network Society’ London: Anthem Books
10. Sundaram, R. (2009). Pirate Modernity: Delhi’s media urbansim. Routledge.
11. Whiteley, S., Bennett, A., & Hawkins, S. (2004). Music, space and place: popular music and cultural identity. Ashgate Publishing, Ltd.







Be the first to write a comment.