ലെക്സിസ് സിപ്രാസും അദ്ദേഹത്തിന്റെ പാർട്ടിയായ സിറിസയും അപ്രതീക്ഷിതമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഗ്രീക്ക് പ്രശ്നത്തിൽ യൂറോപ്യൻ നേതാക്കന്മാർ കൂടുതൽ ക്രിയാത്മകമായി ഇടപെടേണ്ടതിനെക്കുറിച്ചും ഒരു യൂറോസോൺ പാർലമെന്റിന്റെ ആവശ്യകതയെക്കുറിച്ചും തോമസ് പിക്കറ്റി ചർച്ച ചെയ്യുന്നു

സിപ്രാസിന്റെ വിജയം ചിലരെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഗ്രീസിനെ സംബന്ധിച്ച് എന്താണു മാറിയിരിക്കുന്നത്?
വരും വർഷങ്ങളിൽ അല്പം സ്ഥിരത കൈവരും എന്നാണു സാധാരണനിലയ്ക്ക് നാം പ്രതീക്ഷിക്കേണ്ടത്. പക്ഷേ എല്ലാത്തിനും മേലെ ഗ്രീസും യൂറോപ്പും നഷ്ടപ്പെട്ടുപോയ സമയത്തിനു പരിഹാരം കണ്ടെത്തണം. ഗ്രീസിന്റെ കടബാധ്യത പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സംസാരിക്കാൻ തയ്യാറല്ല എന്ന കടുംപിടുത്തത്തിലായിരുന്നു യൂറോപ്പ് ഇത് വരെ. അതാണു കഴിഞ്ഞ ഗവണ്മെന്റിന്റെ പതനത്തിനു കാരണമായത്.

ഒരു ചെറുകിടയും പ്രാഥമികവുമായ ബഡ്ജറ്റ്മിച്ചം വഴി ഗ്രീസ് അവരുടെ ബഡ്ജറ്റിനെ
സംതുലിതമാക്കുന്ന മുറയ്ക്ക് അവരുടെ കടം സംബന്ധിച്ചള്ള കാര്യങ്ങൾ പുനഃപരിശോധിക്കാം എന്നാണു ഫലത്തിൽ യൂറോപ്യൻ യൂണിയൻ പറഞ്ഞുവച്ചത്. പൊതുചെലവുകളെക്കാൾ അധികമായിരിക്കണം വരുമാനം എന്നാണതിന്റെ അർത്ഥം. എന്നാൽ 2014 ഡിസംബറിൽ സഹായിക്കണം എന്ന ഗ്രീസിന്റെ ആവശ്യത്തിനു സാധ്യമല്ല എന്ന മറുപടിയാണു യൂറോപ്പ് കൊടുത്തത്. അതാണു ആത്യന്തികമായി അലെക്സിസ് സിപ്രാസിനു വഴി തുറന്നുകൊടുത്തത്.

ആ സ്ഥിതി തുടർന്നു. 2015 ജനുവരിക്കും ജൂലൈയ്ക്കുമിടയ്ക്ക് ചർച്ചകൾ പുനരാരംഭിക്കാൻ യൂറോപ്പ് വിസമ്മതിച്ചു. ഇപ്പോൾ സെപ്റ്റംബറായി. ഈ വേനൽക്കാലത്ത് നടന്ന സഹായ പാക്കേജിനെക്കുറിച്ചുള്ള ചർച്ച കടം സംബന്ധിച്ചുള്ള കൂടിയാലോചനകൾ വീണ്ടും മാറ്റിവയ്ക്കാൻ കാരണമായിരിക്കുന്നു. തിരിച്ചടവ് വേണമെന്ന് യൂറോപ്പ് ശാഠ്യം പിടിച്ചാൽ പുതിയ പ്രതിസന്ധി ഉണ്ടാകും എന്നുമാത്രമല്ല പ്രശ്നം പരിഹരിക്കാനാകുകയുമില്ല.

യൂറോപ്പും ഗ്രീസും തമ്മിലുള്ള ചർച്ചകളുടെ സ്വഭാവം മാറേണ്ടതുണ്ട് എന്നത് എന്തുകൊണ്ടാണു?
യൂറോപ്പിനു പരിഹരിക്കാൻ മറ്റ് പ്രശ്നങ്ങൾ ഒരുപാടുണ്ട്. കുടിയേറ്റപ്രതിസന്ധി. പുറമേ വിശാലമായ സമ്പത്തികസാഹചര്യങ്ങൾ സംബന്ധിച്ചുള്ളവ. യൂറോപ്പിനും ജർമ്മനിക്കും ഫ്രാൻസിനും സ്ഥിരമായ ഒരു പ്രതിസന്ധിയെ അതിജീവിച്ചു നിലനിൽക്കാനാകില്ല. യൂറോപ്പ് അവർ നിൽക്കുന്നതെവിടെ എന്നത് ക്രമീകരിക്കേണ്ടതുണ്ട്. അത് സാധ്യമാകണമെങ്കിൽ ഫ്രാൻസ് കൂടുതൽ ധീരമായ നിലപാടെടുക്കേണ്ടതുണ്ട്- ഫ്രാൻസ് മാത്രമല്ല, മറ്റുള്ളവരും. ഒരുപക്ഷേ സ്പെയിനിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ മാറ്റം വരുത്തിയേക്കാം. ഇവയ്ക്കെല്ലാം കൂടിചേർന്നുകൊണ്ട് ഗ്രീക്ക് പ്രശ്നം എന്ന വിഷയത്തിലേക്കെത്തുമ്പോഴുള്ള ഭൂരിപക്ഷ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ കഴിയും.

സിപ്രാസിന്റെ സാമ്പത്തികനയങ്ങളിൽ പ്രാഥമികപരിഗണന ഇനിമുതൽ എങ്ങനെയായിരിക്കണം?

തീർച്ചയായും ടാക്സ് സംവിധാനം ആധുനികവൽക്കരിക്കുക എന്നതിനായിരിക്കണം മുൻഗണന കൊടുക്കേണ്ടത്. എന്നാൽ അത് പൂർണ്ണമായി നടപ്പിലാക്കണമെങ്കിൽ യൂറോപ്പിന്റെ സഹകരണം ആവശ്യമാണു
യൂറോപ്പ് മാതൃക കാട്ടുകയും വേണം.

യൂറോപ്പിലെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങൾ ചെറുകിട- ഇടത്തരം ബിസിനസ്സുകാരെക്കാൾ കുറഞ്ഞ ടാക്സുകളാണു അടയ്ക്കുന്നത് എന്നത് നാം ഓർക്കണം. അവരവരുടെ സ്വന്തം ദേശീയ വ്യവസായരംഗത്തിനു അനുകൂലമായ സാഹചര്യങ്ങളൊരുക്കും വിധമുള്ള പദ്ധതികളാണു ഗവണ്മെന്റുകൾ നടപ്പിൽ വരുത്തുന്നത് എന്നതാണു അതിനു കാരണം. യൂറോപ്യൻ കമ്മീഷനു ഒരു പ്രസിഡന്റ് ഉണ്ടെന്നുള്ളതുപോലും കണക്കിലെടുക്കാതെയാണു ഇത്. ലക്സംബർഗിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ 1% മുതൽ 2% വരെ മാത്രം ടാക്സുകൾ അടച്ചാൽ മതി എന്നനുവദിച്ചുകൊണ്ടുള്ള ധാരണകൾ മൾട്ടി നാഷണൽ കോർപറേറ്റുകളുമായി ഒപ്പിട്ടയാളാണു യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റ്.

സ്വന്തമായി സാമ്പത്തികസുതാര്യത കൈവരിക്കാതെ യൂറോപ്പിനു വെറുതേ മറ്റുള്ളവരെ അതേപ്പറ്റി ഉപദേശിക്കാനാവില്ല. അത് സംവിധാനത്തിന്റെ ഏറ്റവും ഉള്ളിൽ വരെ ചെന്ന് തട്ടുന്ന ഒന്നാണു  ഗ്രീക്ക് പണക്കാരുടെ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ ജർമൻ, ഫ്രെഞ്ച് ബാങ്കുകൾക്ക് ആഹ്ലാദമേയുള്ളൂ.

ഗ്രീസ് സംബന്ധിച്ച് ഫ്രെഞ്ച് പ്രസിഡന്റ് എന്തായിരിക്കണം ചെയ്യേണ്ടത്?

ഈ വേനൽകാലത്ത്ഫ്രാങ്കോയിസ് ഹൊലാൻഡെ യൂറോസോൺ കൂടുതൽ ജനാധിപത്യവൽക്കരിക്കേണ്ടതിനെക്കുറിച്ച് നിർദ്ദേശങ്ങൾ വെച്ചുതുടങ്ങി. പ്രത്യേകിച്ച് യൂറോസോൺ രാജ്യങ്ങൾക്കായി ഒരു പൊതുപാർലമെന്റ് സ്ഥാപിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നാൽ വേണ്ടത്ര ധീരതയില്ലാതെയുള്ള ആ നിർദ്ദേശം ഇപ്പോഴും വളരെ അവ്യക്തമാണു. രണ്ടാമത്തെ അവസരം കൂടി കാത്തുരക്ഷിക്കണമെന്നു അദ്ദേഹത്തിനുണ്ടെങ്കിൽ, അതിലപ്പുറം യൂറോസോണിന്റെ ഭരണനിർവ്വഹണം  മെച്ചപ്പെടുത്തണമെന്നുണ്ടെങ്കിൽ കുറേകൂടി വ്യക്തമായ നിർദ്ദേശങ്ങൾ വയ്ക്കണം.

എല്ലാ ദേശീയപാർലമെന്റുകളിൽ നിന്നും പ്രാതിനിധ്യമുള്ള ഒരു യൂറോസോൺ പാർലമെന്റുണ്ടായിരുന്നെങ്കിൽ, അവിടെ പൊതുവായ തരത്തിൽ ജനാധിപത്യപരമായ ചർച്ചകൾ ഉണ്ടയിരുന്നു എങ്കിൽ ഗ്രീസിൽ ഇത്രയ്ക്ക് വെട്ടിച്ചുരുക്കലുകളും സാമ്പത്തികനിയന്ത്രണങ്ങളും ഉണ്ടാകുമായിരുന്നില്ല എന്നാണു ഞാൻ കരുതുന്നത്.

യാന്ത്രികമായൊരു ഭരണസംവിധാനമാണു നിലവിൽ യൂറോസോണിനുള്ളത്. രാഷ്ട്രത്തലവന്മാർ അടച്ചിട്ട കതകുകൾക്ക്  പിന്നിൽ കൂടിക്കാഴ്ചകൾ നടത്തുന്നു.ആനമണ്ടത്തരമാണു എല്ലാവർക്കും അറിയാമെന്നുള്ളപ്പോഴും 50 ബില്യൺ യൂറോ മൂല്യം വരുന്ന ഗ്രീക്ക് ആസ്തികൾ സ്വകാര്യവൽക്കരിച്ചുകളയാം എന്ന മട്ടിലൊക്കെയുള്ള അത്യുഗ്രമായ തീരുമാനങ്ങളൊക്കെ അവിടെയിരുന്നു അർദ്ധരാത്രിയിൽ കൈക്കൊള്ളുന്നു. ഈ സ്ഥിതിയിലും ഗ്രീക്ക് സാമ്പത്തികവ്യവസ്ഥയക്ക് അവയൊക്കെ വിൽക്കാനുള്ള കെല്പുണ്ട് എന്ന് അവർ കരുതുന്നുണ്ട് എന്ന് തോന്നും!

നിയമപരമായ വരുംവരായ്കകളെക്കുറിച്ചോ ഈ തീരുമാനങ്ങൾക്ക് പിന്നിലുള്ള യഥാർത്ഥലക്ഷ്യങ്ങളെക്കുറിക്കുറിച്ചുമൊക്കെ ഒരു ആലോചനയുമില്ലാതെയാണു ഇതെല്ലാം സംഭവിക്കുന്നത്. ഇത്തരത്തിലുള്ള ഒരു യൂറോപ്യൻ രീതി അവസാനിക്കേണ്ടതുണ്ട്. എല്ലാവരുടേയും ലക്ഷ്യങ്ങൾ പരസ്യമായി ചർച്ച ചെയ്യപ്പെടണം. പുരോഗതി കാംക്ഷിക്കുന്ന എല്ലാ യൂറോപ്യൻ രാജ്യങ്ങളും യൂറോസോണിനെ ജനാധിപത്യപരമായി പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള മികച്ച നിർദ്ദേശങ്ങളുമായി മുന്നോട്ടു വരേണ്ടതുണ്ട്.

ഗ്രീസ് യൂറോസോണിൽ നിന്ന് ഇറങ്ങിപ്പോകും എന്ന ഒരു ആശങ്ക വേണ്ടതുണ്ടോ?

ഉവ്വ്. കടം പുനഃപരിശോധിച്ച് തിരുത്തുന്നതിനായുള്ള ചർച്ചകളിലുള്ള കാലതാമസം തുടരുന്നത് ഒന്ന് രണ്ട് വർഷത്തിനുള്ളിൽ തന്നെ ബെയിലൗട്ടിനുള്ള സഹായ പാക്കേജുകളിലെ നിർദ്ദേശങ്ങൾ തള്ളിക്കളയുന്നതിലേക്ക് നയിക്കും. അതാണു ഇതിലടങ്ങിയിരിക്കുന്ന അപായസാധ്യത.

യൂറോപ്പിന്റെ ആവശ്യം 20- 30 വർഷത്തേക്ക് പ്രാഥമികമായി വൻപിച്ച മിച്ചം വരുന്ന മിച്ചബഡ്ജറ്റുകൾ ഗ്രീസിനുണ്ടാകണം എന്നതാണു. അതിനർത്ഥം തിരിച്ചടവിനായി വൻ തുകകൾ വകയിരുത്തപ്പെടും എന്നും.

യുവതലമുറ ഗ്രീക്കുകാരോട് അതിനെന്ത് ന്യായം പറയും? ഗ്രീക്ക് സാമ്പത്തികവ്യവസ്ഥ കരകയറുന്നത് വരെ, പുനർനിർമ്മിക്കപ്പെടുന്നതുവരെ,  ജി ഡി പി നിലവാരത്തോട് ചേർന്ന് നിൽക്കുന്ന ഒരു സംഗ്രഹീത മിച്ചബഡ്ജറ്റ് എന്നതാണു കാമ്യം. അത് സാധാരണഗതിയിൽ ന്യായമാണു. അത്രയേറെ അവരെ കഷ്ടപ്പെടുത്തുന്നതുമാവില്ല.

എന്നാൽ ചിലർ ഇപ്പോഴും ഗ്രീസിന്റെ യൂറോസോണിൽ നിന്നുള്ള ഇറങ്ങിപ്പോക്ക് ഉറപ്പാണെന്ന മുൻ വിധിയുമായി ഇതിനെ സമീപിക്കുന്നു. അവർ ഗ്രീസിനു കൈവരിക്കാൻ സാധ്യമല്ലാത്ത ലക്ഷ്യങ്ങൾ വച്ചുകൊടുക്കുന്നത് അത് നിറവേറ്റാൻ കഴിയാതെ വരുമ്പോൾ ഗ്രീസിനെ പുറത്താക്കാം എന്ന ചിന്തയോടെയാണു എന്നുള്ളത് എന്നെ അലോസരപ്പെടുത്തുന്നുണ്ട്. ആ അപായസാധ്യത ഒഴിവാക്കണം എന്നുണ്ടെങ്കിൽ നമുക്ക് വ്യക്തവും യാഥാർത്ഥ്യബോധത്തോടെയുമുള്ള ലക്ഷ്യങ്ങൾ വേണ്ടതുണ്ട്. അതും ഏറ്റവും പെട്ടെന്ന് തന്നെ.
—————————————–
കടപ്പാട്: https://theconversation.com
original link: https://theconversation.com/qanda-thomas-piketty-responds-to-surprise-greek-election-result-47873
മൊഴിമാറ്റം: സ്വാതി ജോർജ്ജ്

Comments

comments