അനശ്വരകവിതകൾ  – അനശ്വരരുടെ കവിതകൾ- 2 

രണ്ടാം ലോകമഹായുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു വീരമൃത്യു വരിച്ച 33 റഷ്യൻ കവികളുടെ യുദ്ധകാല കവിതകൾ ആണ് ‘ഇമ്മോർട്ടാലിറ്റി’ എന്ന കവിതാസമാഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.

 

2-അലക്സാണ്ടര്‍ അലക്സാന്ദ്രോവിച്ച് ആര്‍ട്ടിമോവ്‌

alexander artimov

1912ല്‍ ജനിച്ച അലക്സാണ്ടര്‍ അലക്സാണ്ട്രോവിച്ച് ആര്‍ട്ടിമോവ്‌ പതിനഞ്ചാമത്തെ വയസ്സില്‍ കവിത എഴുതാന്‍ തുടങ്ങി. ആദ്യമൊക്കെ അദ്ദേഹം പാര്‍ട്ടി സമ്മേളനങ്ങളിലും, കോംസോമോള്‍ യോഗങ്ങളിലും കവിത വായിച്ചു. പിന്നീട് ഫാര്‍ ഈസ്റ്റേണ്‍ പ്രസിദ്ധീകരണങ്ങളിലും, ലെനിന്‍ഗ്രാഡ് മോസ്കോ മാസികകളിലും എഴുതാന്‍ തുടങ്ങി. 1939ല്‍ അദ്ദേഹത്തിന്‍റെ ആദ്യകവിതാസമാഹാരം ആയ The pacific ocean ദാല്‍ഗിസ് പബ്ലീഷേര്‍സ് പ്രസിദ്ധീകരിച്ചു. ഒരു കൊല്ലത്തിനു ശേഷം The victors എന്ന സമാഹാരം. ആര്‍ട്ടിമോവിന്‍റെ കൃതികള്‍ വിദൂര പൌരസ്ത്യന്‍ പ്രദേശങ്ങളുമായി അടുത്ത ബന്ധമുള്ളതാണ്. ശാന്ത സമുദ്രത്തിന്‍റെ തീരപ്രദേശങ്ങളിലൂടെ അദ്ദേഹം ധാരാളം യാത്ര ചെയ്യുകയും പഴയ യു എസ്സ് എസ്സ് ആറിന്‍റെ വിദൂര പൌരസ്ത്യന്‍ അതിര്‍ത്തികള്‍ കാക്കുന്ന പട്ടാളക്കാരുമായി സംവദിക്കുകയും ചെയ്തു. അവരുമായുള്ള കൂടിക്കാഴ്‌ചയും യാദൃച്ഛികസന്ദര്‍ശനവും അദ്ദേഹത്തെസ്സംബന്ധിച്ച് കവിതയ്ക്കുള്ള വിഷയമായിരുന്നു, പ്രത്യേകിച്ച് നേര്‍ക്കുനേര്‍ എറ്റുമുട്ടേണ്ടിവന്ന ജപ്പാന്‍റെയും റഷ്യയുടെയും അതിര്‍ത്തിരക്ഷാസേനകളെകുറിച്ച്.

ആര്‍ട്ടിമോവ്, ചരിത്രത്തില്‍ – പ്രത്യേകിച്ചും വടക്കന്‍ റഷ്യയുടെയും വിദൂര പൌരസ്ത്യ രാജ്യങ്ങളുടെയും ചരിത്രത്തില്‍ – അതീവ താല്‍പ്പര്യം കാണിച്ചിരുന്നു. ആ പ്രദേശത്തെ സൈനികപ്രവര്‍ത്തനങ്ങളെക്കുറിച്ചും ആദിവാസികളെക്കുറിച്ചും, അവിടേക്ക് വഴി കാണിച്ചു കൊടുത്തവരേക്കുറിച്ചും, അവിടങ്ങളില്‍ പര്യവേക്ഷണം നടത്തിയവരേക്കുറിച്ചും അദ്ദേഹം എഴുതി. ആഭ്യന്തരകലാപത്തില്‍ പങ്കെടുത്ത ധീരരായ സൈനികരെക്കുറിച്ച് അദ്ദേഹം കവിതകളെഴുതി. മിഖായേല്‍ പോപ്പോവി*നേക്കുറിച്ച് അദ്ദേഹത്തിന്‍റെ ധീരപ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന ഒരു കാവ്യവും, 1917 ലെ ഒക്ടോബര്‍ വിപ്ലവകാലത്തെ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന സെര്‍ഗീ സെര്‍ഗ്ഗിയേവിച്ചി**നെക്കുറിച്ച് മറ്റൊരു കാവ്യവും എഴുതിയിട്ടുണ്ട്.

*ഇതേ പേരില്‍ നിരവധി വ്യക്തികള്‍ ഉണ്ട്. ആര്‍ട്ടിമോവിന്‍റെ രാഷ്ട്രീയ-സാമൂഹ്യബോധവും താന്‍ ഉള്‍ക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളും എല്ലാം പരിശോധിക്കുമ്പോള്‍, ഇവിടെ സൂചിപ്പിച്ച മിഖായേല്‍ പോപോവ് സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ റഷ്യയിലെ ഒരു ധീരനായ കമ്മ്യൂണിസ്റ്റ്‌ എഴുത്തുകാരനും യോദ്ധാവും ആകാനേ തരമുള്ളൂ. **സെര്‍ഗീ സെര്‍ഗ്ഗിയേവിച്ച് (മോള്‍ഡോവയിലെ ഒര്‍ഹായ് ജില്ലയില്‍ മാര്‍ച്ച് 7, 1894 ജനിച്ചു – ഏപ്രില്‍-മെയ്‌ 1920 ) 1917 ലെ ഒക്ടോബര്‍ വിപ്ലവകാലത്തെ വിദൂരപൌരസ്ത്യന്‍ (റഷ്യന്‍ ഫാര്‍ ഈസ്റ്റ് – വടക്കന്‍ ഏഷ്യയുടെ ഒരു ഭാഗം) പ്രദേശത്തെ കമ്മ്യൂണിസ്റ്റ്‌ നേതാവ് ആയിരുന്നു. 1917ല്‍ ഇമ്പീരിയല്‍ റഷ്യന്‍ മിലിട്ടറി അക്കാദമിയിലെ കാഡറ്റ് ആയിരുന്ന സെര്‍ഗ്ഗിയേവിച്ച് ബോള്‍ഷെവിക് പാട്ടാളത്തില്‍ ചേര്‍ന്ന് സൈബീരിയയില്‍ സേവനം ചെയ്തു. 1918 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ്‌ വരെയുള്ള കാലത്ത് സബായ്കാല്‍സ്കി യുദ്ധമുന്നണിയില്‍ ആറ്റമന്‍ ഗ്രിഗറി സെമിയോനോവിനെതിരെ യുദ്ധം നയിച്ചു.പിന്നീട് വ്ലാഡിവോസ്റ്റോക്ക്, പാട്രിസാന്‍സ്ക് തുടങ്ങിയ പ്രദേശങ്ങളില്‍ ബോള്‍ഷെവിക് പടയെ നയിച്ചു, അതും ചെമ്പടയുടെ കമാണ്ടര്‍ ആയി സച്ചന്‍ വാലീ യുദ്ധത്തില്‍ അമേരിക്കന്‍ ശക്തികള്‍ക്കെതിരെ. 1920 ജനുവരി 31 ന് വ്ലാഡിവോസ്റ്റോക്ക് കീഴടക്കി. അതേകൊല്ലം ഏപ്രില്‍ 5 ന് ജപ്പാനീസ് പട്ടാളക്കാര്‍ ലാസോവിനെയും മറ്റു കമാണ്ടര്‍മാരെയും തടവിലാക്കി. സെവോലോഡ് സിബിര്‍ട്ട്സേവ് അലക്സി ലുട്ട്സ്കി എന്നിവര്‍ക്കൊപ്പം അപ്രത്യക്ഷമായി. എന്നാല്‍ അവരെ അധികം താമസിയാതെ കൊസ്സാക്കുകാളോ ജപ്പാനീസ് പട്ടാളക്കാരോ വെടിവെച്ചു കൊന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഈ കൊലപാതകത്തിന്‍റെ ശരിയായ റിപ്പോര്‍ട്ട്‌ ഇതുവരെയും ലഭിച്ചിട്ടില്ല. പക്ഷെ അധികപേരും വിശ്വസിക്കുന്നത് “വൈറ്റ് മൂവ്മെന്‍റ്” എന്നറിയപ്പെടുന്ന പ്രസ്ഥാനത്തിലെ കൊസ്സാക്കുകാളോ ജപ്പാങ്കാരോ മുറാവിയേവോ-അമുര്‍സ്കായ (ഇന്നത്തെ ലാസോ) സ്റ്റേഷനില്‍ ആവിയന്ത്രത്തിന്‍റെ തീച്ചൂളയിലേക്ക് എറിഞ്ഞുകൊന്നു എന്നാണ്.ലസോവിനെ ഓര്‍മിക്കാന്‍ നിരവധി പ്രദേശങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് പുതിയ പേരുകള്‍ നല്‍കിയിട്ടുണ്ട്. …………………………………………………………………………..…………………………………

“വിന്‍ഡോസ്‌ ഓഫ് റോസ്റ്റ”: റോസ്സിയാസ്ക്കോയെ ടെലഗ്രാഫ്നോയെ ഏജന്‍റ്സ്ട്വോ – rossiyskoye telegrafnoye agentstvo – the russian news agency): 1918 മുതല്‍ 1935 വരെ റഷ്യയിലെ വാര്‍ത്താ മാദ്ധ്യമമായിരുന്നു ഈ സ്ഥാപനം. 1925 ല്‍ ടെലെഗ്രാഫ് ഏജന്‍സി ഓഫ് സോവിയറ്റ്‌ യുണിയന്‍ സ്ഥാപിക്കുന്നതുവരെ, ഈ പേര് okna rosta യുമായി ബന്ധപ്പെടുത്തിയാണ് പറഞ്ഞിരുന്നത്.

റോസ്റ്റാ വിന്‍ഡോസ്‌ അല്ലെങ്കില്‍ സറ്റൈറിക്കല്‍ റോസ്റ്റാ വിന്‍ഡോസ്‌ സ്റ്റെന്‍സില്‍ ചെയ്തെടുത്ത, പ്രചരണത്തിനുവേണ്ടി തയ്യാറാക്കിയ ചുവര്‍പ്പരസ്യങ്ങള്‍ ആണ്. 1919-21 കാലഘട്ടത്തില്‍ ചീഫ് കമ്മിറ്റി ഓഫ് പൊളിറ്റിക്കല്‍ എജുക്കേഷന്‍ ( രാഷ്ട്രീയ വിദ്യാഭ്യാസ കമ്മിറ്റി ) മേല്‍നോട്ടം കൊടുത്ത്, റോസ്റ്റാ വ്യവസ്ഥിതിയനുസരിച്ച് കലാകാരന്മാരും കവികളും ആണ് ഈ ചുവര്‍പ്പരസ്യങ്ങള്‍ തയ്യാറാക്കിയിരുന്നത്. റഷ്യന്‍ പാരമ്പര്യ അച്ചടിശൈലികള്‍ ആയ ലുബോക്, റയോക് സമ്പ്രദായങ്ങളില്‍ ആണ് ഈ പരസ്യങ്ങള്‍ തയ്യാറാക്കിയിരുന്നത്. ( ലുബോക്കും റയോക്കും വളരെയധികം പ്രചാരമുള്ള റഷ്യന്‍ അച്ചടിസമ്പ്രദായം ആണ്. വളരെ ലളിതമായി വരച്ചെടുത്ത ചിത്രങ്ങളും, സാഹിത്യകൃതികളില്‍നിന്നും മതഗ്രന്ഥങ്ങളില്‍നിന്നും, നാടോടിക്കഥകളില്‍നിന്നും, എടുത്തെഴുതിയ ചെറിയ വിശദീകരണങ്ങളും ചേര്‍ത്തെഴുതിയ ഒരു ശൈലിയാണ് ഇവ.ഈ ശൈലി വലിയ വലിയ ഹോട്ടലുകളും വീടുകളും അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്നു. ലുബോക്ക് എന്ന വാക്കു ചിത്രങ്ങള്‍ അച്ചടിക്കാനുള്ള പ്രത്യേക മരപ്പലക എന്നര്‍ത്ഥമുള്ള ലുബ് എന്ന വാക്കില്‍നിന്നും രൂപപ്പെട്ടതാണ്. ഇന്നത്തെ കോമിക് സ്ട്രിപ്പുകളുടെ മുന്‍ഗാമി. ലുബോക്ക് സാഹിത്യശാഖ തന്നെ ഉണ്ടായിരുന്നു. വളരെ ദൂരെനിന്നുപോലും നോക്കിയാല്‍ കാണാം എന്നത് ഇതിന്‍റെ പ്രത്യേകതകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും, ഈ യുദ്ധവും അതിന്‍റെ നന്മകളും തിന്മകളും എല്ലാം ഒരു നാടിനുവേണ്ടിയാണ് അതുകൊണ്ടാണ് ഈ യുദ്ധത്തിനെ ‘ദേശാഭിമാനഭരിതമായ യുദ്ധം’ എന്ന് വിശേഷിപ്പിക്കുന്നതെന്നും ആ ദൂരക്കാഴ്ച ഓര്‍മ്മിപ്പിക്കുന്നു. അതായത് തീര്‍ത്തും സമകാലികരാഷ്ട്രീയം ആയിരുന്നു ഇതിന്‍റെ മറ്റൊരു പ്രത്യേകത, പ്രാധാന്യവും

ഹസ്സന്‍ തടാകം

 

റഷ്യൻ കവിത – അലക്സാണ്ടര്‍ അലക്സാണ്ട്രോവിച്ച് ആര്‍ട്ടിമോവ്‌
ഇംഗ്ലീഷ് മൊഴിമാറ്റം : റൊണാള്‍ഡ് റൂണ്‍
മലയാളമൊഴി : അച്യുതന്‍ വടക്കേടത്ത് രവി
**** കാറ്റില്‍ കൊഴിഞ്ഞു വീണ ചെമ്പങ്കായിലകള്‍
തണുപ്പില്‍ പറന്നകലുന്ന നിറന്ന പക്ഷികളേപ്പോലെ!
വരണ്ട താഴ്വരകള്‍ വെയില്‍തട്ടി കറുത്തിരിക്കുന്നു
പഴയ പര്‍വ്വതനിരയോരങ്ങള്‍ സ്വര്‍ണ്ണം പൂശിയിരിക്കുന്നു.

പരുക്കന്‍ ഓക്കുമരങ്ങള്‍ക്കും മലയിടുക്കുകള്‍ക്കും
മീതെ
ഒരു കൊറ്റി, വര്‍ണ്ണച്ചിറകുകളടിച്ച് പെട്ടെന്ന്
പറന്നുപോകുന്നു.
പര്‍വ്വതോന്നതങ്ങളില്‍ ശിലാചഷകത്തിലെന്ന പോലെ
കിടക്കുന്ന,
വെയിലേറ്റ ഹസ്സന്‍ തടാകം കലങ്ങിമറിഞ്ഞു ക്ഷോഭിക്കുന്നു.

തിരമാലകള്‍ നുരയും
പതയുമുയര്‍ത്തി,അടിത്തട്ടില്‍നിന്നും
തൂക്കായ മലഞ്ചെരിവുകളെ ഇളക്കിയിടുന്നതു കേള്‍ക്കാം.
സുനാമിത്തിരകള്‍ ജീര്‍ണ്ണിച്ച പഴഞ്ചന്‍
പാറക്കെട്ടുകളില്‍
ആഞ്ഞടിക്കുമ്പോള്‍ കണ്ണുനീര്‍
ചിതറിത്തെറിക്കുമ്പോലെ.

കൊല്ലപ്പെട്ട മകനെയോര്‍ത്തു ഒരു സ്ത്രീ കരയുമ്പോലെ,
പാറക്കെട്ടുകളില്‍ തിരയടിക്കുമ്പോലെ, ആ വൃദ്ധ
കരയും.
കാഴ്ച മങ്ങിയ ആ കണ്ണുകളിലൂടെ കാലം കടന്നുപോകും,
തീവ്രദുഃഖം കൊണ്ടുള്ള മാനസികാഘാതം
ഇല്ലാതാകും.

ഹസ്സന്‍ തടാകത്തെ ശാന്തരായി നോക്കുന്ന
പര്‍വ്വതനിരകള്‍
വലിയ കരിങ്കല്‍പ്പാളികളേക്കൊണ്ടുണ്ടാക്കിയ
വാതിലുകള്‍ പോലെ.
കൊടുമുടികള്‍ മേഘാവൃതമാണ്,തടാകതീരത്തെ
തൂക്കുപാറകള്‍
പീരങ്കിയുണ്ടകളേറ്റ് ഇപ്പോള്‍ ആകെ
തകര്‍ന്നടിഞ്ഞിരിക്കുന്നു.
വെടിയുണ്ടകളേറ്റു തുളഞ്ഞ മലഞ്ചെരിവുകള്‍ക്കു
മുകളില്‍,
പൂപ്പല്‍മൂടിയ പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍, പരുക്കന്‍
കല്ലുകള്‍ക്ക് താഴെ
തികഞ്ഞ നിശ്ശബ്ദതയില്‍ അലറുന്ന ജാപ്പാന്‍കാരുടെ
വെടിയുണ്ടകള്‍
എല്ലാ നടുക്കങ്ങളേയും ശേഷിപ്പുകളേയും
വിഴുങ്ങിക്കൊണ്ടിരിക്കുന്നു.

സൂര്യന്‍ അസ്തമിച്ചു. വാതില്‍ക്കല്‍ രാത്രി വരുന്നു.
എങ്ങും പരന്ന ആ നിശ്ശബ്ദതയില്‍, അശാന്തി
ഒളിച്ചിരുന്നു.
കൃതജ്ഞനായ ആ സാവോസിയോര്‍ണ്ണായ കൊടുമുടി,
ആ സ്മാരകം, അജയ്യനായി തലയുയര്‍ത്തി നിന്നു.

 

 

Comments

comments