മോഡി സർക്കാരിന്റെ പെട്രോള്‍ കൊള്ളയും ബാങ്ക് കൊള്ളയും ഇനി കാണാതിരുന്നുകൂടാ. വർഗ്ഗീയതയെ കുറിച്ചുള്ളതുമാത്രമായി എല്ലാ ചർച്ചയും ഒതുക്കുന്ന ഒരു അജണ്ടയിലേക്ക് ഇന്ത്യന്‍ സർഗ്ഗമണ്ഡലത്തെ ചുരുക്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് മോഡി – ഷാ ടീമിന്റെ ഇതുവരെയുള്ള നേട്ടം. പക്ഷെ ആ അദൃശ്യചങ്ങലകള്‍ പൊട്ടിച്ചു നിരവധി ഓണ്‍ ലൈന്‍ / പ്രിന്റ് മാധ്യമങ്ങള്‍ രംഗത്ത് വരികയാണ്. തകർന്ന്  തരിപ്പണമായ ഒരിന്ത്യയുടെ ചിത്രമാണ് അവര്‍ വരഞ്ഞിടുന്നത്‌.

മോഡി സര്‍ക്കാരിന്റെ  ഏറ്റവും  ദയാരഹിതമായ   ചൂഷണം  നടന്നത് – നടക്കുന്നത് പെട്രോളിയം മേഖലയിലാണ്. മോഡി –ജയറ്റ്ലി ടീം  നിത്യ നിദാന ചിലവുകള്‍ മുതല്‍  ആര്‍ഭാട വിദേശ ആഭ്യന്തര യാത്രകള്‍ നടത്തുന്നതും  പരസ്യങ്ങള്‍ക്ക് പണം ചിലവഴിക്കുന്നതും പെട്രോള്‍ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്. ഇതുകൂടാതെ ഒരു ലിറ്ററിന് മുപ്പതു രൂപയോളം നികുതി ഈടാക്കുന്നുണ്ട്. പെട്രോളിന്റെ ഇറക്കുമതി വിലയുടെ ഇരട്ടിയില്‍ അധികമാണ് ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത് എന്നാണു ഈ കണക്കുകള്‍ കാണിക്കുന്നത്. രാജ്യത്ത് അത്യാവശ്യ സൌകര്യങ്ങള്‍ ഒരുക്കാനുള്ള പണം  സ്വരൂപിക്കുന്നതിനുവേണ്ടിയാണു  ഈ  ക്രമീകരണം എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഒരു ലിറ്ററിന് മുപ്പതു രൂപയോളം നികുതി. ഇതാണ് രാജ്യനടത്തിപ്പിനുള്ള ഏക വരുമാനം  എന്ന് മന്ത്രിമാര്‍  നടന്നു പറയുമ്പോള്‍,  അപ്പോള്‍ കേന്ദ്രത്തിനു മറ്റു വരുമാനമൊന്നുമില്ല!!? മറ്റു ഉൽപ്പാദന മേഖലകൾക്കെന്തു പറ്റി? ഇന്ധന വില അന്നന്ന് നിശ്ചയിക്കാന്‍ പെട്രോളിയം കമ്പനികൾക്ക്   സ്വാതന്ത്ര്യം നൽകിയിരുന്നു. അവർ ജനങ്ങളില്‍ നിന്നുണ്ടാക്കുന്ന ലാഭം ആകാശം മുട്ടും.

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്  ബാരലിന് 106.88  ഡോളര്‍ ആയിരുന്നപ്പോള്‍ (2014) ദില്ലിയില്‍ ഡീസല്‍ വില ലിറ്ററിന്  അൻപത്തിയേഴ് രൂപയായിരുന്നു. ഇന്ന് അന്തരാഷ്ട്ര വിപണിയില്‍  വില ബാരലിന് അൻപത്തിമൂന്ന് ഡോളര്‍. അതായത് പകുതിവില. അപ്പോള്‍ ദില്ലിയില്‍  ഡീസല്‍ വില അൻപത്തെട്ട് രൂപ. പഴയതിലും കൂടുതല്‍. അന്താരാഷ്‌ട്ര വില പകുതിയായിട്ടും  വില കുറച്ചില്ലെന്നു മാത്രമല്ല ക്രൂഡ് ഓയിലിന്റെ എക്സൈസ് നികുതി മൂന്നരക്കൊല്ലം കൊണ്ട് മോഡി ഒമ്പത് തവണ കൂട്ടി. 2014-ല്‍ 1,00,339 കോടി ആണ് പെട്രോളില്‍ നിന്ന് കേന്ദ്രം നികുതിയിനത്തില്‍ പിരിച്ചത്.  ഇന്ന് ജനം കൊടുക്കുന്ന നികുതി 2,73,502 കോടിയാണ്. ഇരട്ടിയില്‍ ഏറെ. അന്താരാഷ്‌ട്രവില കുറഞ്ഞത്‌ പാതിയില്‍ ഏറെ. ആ കുറഞ്ഞ വിലയുടെ പ്രയോജനം ജനങ്ങളിലേക്ക് കൈമാറാതെയും  നികുതി കൂട്ടിക്കൊണ്ടിരുന്നുമാണ് കേന്ദ്രസർക്കാർ ആർഭാടങ്ങൾ പൊടിപൊടിച്ചത്.

സംസ്ഥാനങ്ങളുടെ നികുതി നിസ്സാരമാണ്. അത് വിലയില്‍ ഗണ്യമായ മാറ്റമൊന്നും ഇപ്പോള്‍ ഉണ്ടാക്കില്ല. കേന്ദ്രത്തിന്റെ പുതിയ നികുതി പരിഷ്കാരം ഇടിത്തീ ആവാതിരുന്നാല്‍ ഇനിയാണ് കണക്കിലെ കളി ഇന്ദ്രജാലമാവുന്നത്. ഇന്ത്യയുടെ ആഭ്യന്തര മൊത്തഉൽപ്പാദനം (ജി ഡി പി) 5.7 ആയി കുത്തനെ ഇടിഞ്ഞിരിക്കയാണ്. കിട്ടിയതില്‍ 1.8-ഉം പെട്രോള്‍ നികുതിയില്‍ നിന്നുള്ള വരുമാനമാണ്. ഒരു രാജ്യത്തിന്റെ ഉൽപ്പാദനത്തില്‍ മൂന്നിലൊന്നും ഒറ്റയിനത്തിന്മേലുള്ള നികുതി. എന്തൊരു വൈചിത്ര്യം. ഇതുതരുന്നത് ഒരടി പോലും വികസിക്കാത്ത, എന്നാല്‍ ഒരു നേതാവും സംഘവും ചേർന്ന് ഇതുവരെ പടുത്തുയർത്തിയതൊക്കെ എറിഞ്ഞു തകർക്കുന്നതിന്റെ  ചിത്രമാണ്.

എങ്കിലും പെട്രോൾ വില കൊണ്ടുമാത്രം പ്രധാനമന്ത്രിപദം നിലനിർത്താനാവുമെന്നു തെളിയിച്ച ആളാണ്‌ ഇന്ന് മോഡി എന്ന് പറയാതെ വയ്യ. പക്ഷെ മോഡിയുടെ മൂന്നരക്കൊല്ലം കൊണ്ട് ഇന്ത്യ രണ്ടാമത്തെ  വളരുന്ന സമ്പദ് ശക്തി എന്ന നിലയില്‍ നിന്ന് സാമ്പത്തിക മാന്ദ്യത്തിലേക്ക് പതിച്ചു എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്.

പെട്രോള്‍ വിലയെന്നാല്‍ കാറിനു  എണ്ണയടിക്കുന്ന പാവം മുതലാളിമാര്‍ കൊടുക്കുന്ന പൈസയല്ലേ എന്നൊക്കെ മന്ത്രിമാർക്ക് പരിഹസിക്കാം. ദശലക്ഷക്കണക്കിനു മനുഷ്യരുടെ നിത്യജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന വിഷയമാണത് എന്ന് ല്യുതിയൻസ് ദില്ലിയിലെ വരേണ്യര്‍ മറന്നിരിക്കും. ഇന്ത്യയില്‍ തൊഴിലില്ലായ്മ്മ  ഇരട്ടിയിലധികമായത് മോഡിയുടെ കാലത്താണ്. 1920-കൾക്ക് ശേഷം സാമ്പത്തിക അസമത്വം കൊളോണിയല്‍ കാലത്തേക്കാള്‍ അധികമായതു ഈ വർഷങ്ങളിൽ  ആണ്.  കണക്കിലൊന്നും കാര്യമില്ലെന്ന് ഭരണ കക്ഷി പ്രസിഡന്റ് പറയുമ്പോള്‍ വി കെ എന്റെ സിൻഡിക്കേറ്റ് എന്ന നോവല്‍ ഓർത്ത് ചിരിക്കണോ കരയണോ?modi-magic2

ഇന്ത്യയുടെ തൊഴില്‍ മേഖലയില്‍ തൊണ്ണൂറു ശതമാനവും അസംഘടിത തൊഴില്‍ മേഖലയാണ്. പെട്രോള്‍ വിലയും ഡീമോണിറ്റൈസേഷനും  ആ മേഖല താറുമാറാക്കി. പെട്രോള്‍ ഡീസല്‍ വില  എന്നുമെന്നും കൂടുമ്പോള്‍ കമ്പോളങ്ങള്‍ പലതും ശൂന്യമായി. വിപണിയുടെ മാന്ദ്യം കൃഷിയെ പ്രതികൂലമായി ബാധിച്ചു. കറൻസി നിരോധനത്തിലൂടെ ഉണ്ടായ ആശയക്കുഴപ്പങ്ങളിൽ പാടങ്ങളും ചന്തയും കുത്തഴിഞ്ഞു. ബീഫ് നിരോധനത്തോടെ കാർഷിക ചക്രം ചലനമറ്റു.modimagic41

പക്ഷെ വിദേശ രാജ്യങ്ങളെ സന്തോഷിപ്പിക്കാന്‍ മോഡിക്ക് കഴിയുന്നുണ്ട്- നേട്ടമൊന്നുമില്ലെങ്കിലും. ഇന്ത്യയുടെ സാമ്പത്തിക കമ്മി 3- 5 % ആയി കുറക്കാന്‍  കഴിഞ്ഞതായി ബജറ്റ് രേഖയില്‍ കാണാം. അതിനായി പെട്രോളിന്റെ എക്സൈസ് നികുതി ഇരുപത്തിരണ്ടു ശതമാനം കൂട്ടേണ്ടിവന്നു എന്ന് മാത്രം. വിദേശനിക്ഷേപകര്‍ എന്ന് മോഡി വിളിക്കുന്ന  അമേരിക്കന്‍ കോർപ്പറേറ്റുകള്‍ നിരന്തരം – ചിരകാലം – ആവശ്യപ്പെടുന്ന ഒന്നാണ് ബജറ്റ് / ധന കമ്മി കുറക്കല്‍. കുറഞ്ഞ അന്താരാഷ്‌ട്ര പെട്രോള്‍ വിലയുടെ മെച്ചം ജനങ്ങൾക്ക് ‌ പകരാതെ അമേരിക്കന്‍ കോർപ്പറേറ്റുകള്‍ക്ക്  മണ്ണൊരുക്കുകയായിരുന്നു ഇക്കാലമത്രയും ടീം മോഡി. ആരും കാര്യമായി ചോദ്യം ചെയ്തില്ല. വർഗ്ഗീയതയുടെ അതിപ്രസരത്തില്‍ കറുപ്പ് കുടിച്ച ജനതയെപ്പോലെ ഇന്ത്യ മയങ്ങിക്കിടക്കുന്നു.

സർവ്വമേഖലയെയും കടന്നാക്രമിക്കുന്ന സാമ്പത്തിക മാന്ദ്യം. ഇതൊരു ക്ഷാമകാലത്തിന്റെ മുന്നറിയിപ്പാണ്. മയങ്ങാനിടമില്ല എന്ന് ജനതയോട് പറയാന്‍ ആരെങ്കിലും ഉണർന്നേ തീരൂ.

Comments

comments