ചരിത്രപരമായ മഹാവിപ്ലവമായി കൊട്ടിഘോഷിച്ച് പുറപ്പെടുവിച്ച പിണറായി സർക്കാരിന്റെ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്  സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം ജാതി സംവരണം എന്ന സാമൂഹ്യരാഷ്ട്രീയാശയത്തിന് നേരേയുള്ള സവർണ്ണ അട്ടിമറി തന്നെയാണ്. ഇന്ത്യയുണ്ടായി 70 വർഷങ്ങളായിട്ടും എല്ലാവർക്കും തുല്യമായും നീതിപൂർവ്വമായും വിതരണം ചെയ്യേണ്ട സമ്പത്തും പൊതു മൂലധനങളിലുള്ള ഉടമസ്ഥാവകാശവും  അധികാരവും കേവലം ഒരു വിഭാഗം ഉയർന്ന ജാതിവ്യവസ്ഥയിൽ ജീവിക്കുന്നവരുടെ കൈകളിലാണു നിലനിനിൽക്കുന്നത്.  ആ തരത്തിൽ നീതിനിഷേധത്തിന് ഇരയാവുന്ന, അടിച്ചമർത്തപ്പെട്ട് നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥ എന്ന നുകം പേറി ജീവിക്കുന്ന ദലിത് ആദിവാസി, അരികുവൽകൃത ജീവിതങ്ങളെ പൊതുമൂലധനത്തിന്റെയും സമ്പത്തിന്റെയും നീതിപൂർവ്വമായ വിതരണത്തിന്റെ ഭാഗമാക്കുക എന്നതാണ് സംവരണം കൊണ്ട് ഉറപ്പു വരുത്താൻ ശ്രമിക്കുന്നത്.

പൊതുസമൂഹത്തിലെ  സംവരണവിരുദ്ധർ ആദ്യം അറിയേണ്ടത് സംവരണം അടിസ്ഥാനപരമായി ഒരു തൊഴിൽദാനപദ്ധതിയോ ദാരിദ്ര്യനിർമാർജന പദ്ധതിയോ അല്ലാ എന്നതാണ്. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജനതയ്ക്കു നിഷേധിച്ച അധികാര പങ്കാളിത്തത്തിലേക്കത്താനുള്ള ഒരു ഭരണഘടന സംവിധാനം മാത്രമാണ് അത്. എന്നാൽ ആ ‘സംവരണം’ തങ്ങൾ അനുഭവിക്കേണ്ട സാമൂഹ്യ മേൽക്കോയ്മ പിടിച്ചുവാങ്ങാനുള്ള  ആയുധമായി ദലിത് / ആദിവാസികൾ സംവരണത്തെ ഉപയോഗിക്കുന്നു എന്നാണ് സംവരണവിരുദ്ധർ ആരോപിക്കുന്നത്. സംവരണം കൊണ്ട് സംവരേണതര വിഭാഗങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള നഷ്ടവും ഉണ്ടാകുന്നില്ല എന്നതാണ് മനസിലാക്കേണ്ട പ്രധാന കാര്യം. നിലവിൽ സർക്കാർ സർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമാണ് സംവരണം നടപ്പിലാക്കിരിക്കുന്നത്. ഭൂമിയെന്ന വിഭവത്തിന്മേലുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിവയിലേക്ക് ഇത്തരത്തിൽ ജാതിയെന്ന നീതിനിഷേധത്തിന് വിധിക്കപ്പെട്ട മനുഷ്യരെ ഉയർത്തി കൊണ്ടുവരിക എന്നതാണ് സംവരണം കൊണ്ട് വിഭാവനം ചെയ്യുന്നത്. ദലിത് / ആദിവാസി വിഭാഗങ്ങൾക്ക് പൊതുസമൂഹത്തിലെ ചില മേഖലകളിലെങ്കിലും ഉള്ള അവസരങ്ങൾ കുറയുവാനും അതുവഴി നിലവിലുള്ള അവസ്ഥയിൽ നിന്നും കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്ക് മാറുവാനും സാമ്പത്തിക സംവരണം ഇടയാക്കും. കേരളത്തിൽ ദാരിദ്യം അനുഭവിക്കുന്നവരിൽ 37.5 ശതമാനവും പട്ടികജാതിക്കാരനും 29.5 ശതമാനം പട്ടികവർഗ്ഗക്കാരനുമുള്ളപ്പോൾ സവർണ്ണരിൽ അത് 8 ശതമാനം മാത്രമാണ് നിലനിൽക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണു.

പിണറായി സർക്കാർ നടപ്പിലാക്കാൻ പോകുന്ന മുന്നോക്കക്കാരിലെ സാമ്പത്തികമില്ലാത്ത പിന്നോക്കാർക്കുള്ള സംവരണം ആദ്യഘട്ടമായി ദേവസ്വം ബോർഡുകളിലാണ് നടപ്പിലാവുന്നത്. ഒരു മാസം മുന്നേ വലിയ പ്രചരണം കൊടുത്താണു തങ്ങൾ എന്തോ വലിയ കാര്യം ചെയ്തുകളയുന്നു  എന്ന മട്ടിൽ ദേവസ്വം ബോർഡ് ക്ഷേത്രത്തിലേക്ക്  ശാന്തിപ്പണിക്ക് ദലിത് യുവാവിനെ തിരെഞ്ഞെടുത്തത്. ശാന്തിപ്പണിക്ക് -ആളെ എടുക്കുന്നതിനു പകരം ഇവിടുത്തെ ദേവസ്വം ബോർഡ് കോളേജുകളിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ ഒരു അധ്യാപകനെ നിയമിച്ചിരുന്നെങ്കിൽ രെു പക്ഷേ അത് ഇതുവരെയുള്ള  പൊള്ളയായ  സാമൂഹ്യവിപ്ലവ അവകാശവാദങ്ങളെ പൊളിച്ചു തന്നെ എഴുതുമായിരുന്നു. പക്ഷേ ദലിതനെ കേവലം ശാന്തി ആക്കുന്നതിലൂടെ ബാബ അംബേദ്ക്കറും, മഹാത്മ അയ്യൻകാളിയും പൊയ്കയിൽ അപ്പച്ചനും നിർമ്മിച്ചു നടപ്പിലാക്കിയ നവോത്ഥാന ചിന്താധാരകളെ തകിടം മറിച്ചു കൊണ്ട് മനുവാദി ആശയങ്ങൾ ആണ് വാസ്തവത്തിൽ നടപ്പിലാകുന്നത്.  ഇവിടെ ഒളിഞ്ഞിരിക്കുന്നത് ഇടതുപക്ഷ ബ്രാഹ്മണ മാർക്സിസത്തിന്റെ പൊള്ളത്തരമല്ലാതൊന്നുമല്ല.

സാമ്പത്തിക സംവരണവാദവുമായി വരുന്ന ബ്രാഹ്മണ-മാർക്സിസത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ല. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണു അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ ചെയർമാൻ ആക്കി കൊണ്ട് മുന്നോക്ക വികസന കോർപ്പറേഷൻ നിലവിൽ വരുന്നത്. പിന്നീട് പിണറായി സർക്കാർ ഒരു പടി കൂടി കടന്ന് ക്യാബിനറ്റ് റാങ്കു നൽകിയാണ് മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനെ ആദരിച്ചത്.  2017 തുടക്കത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധേയമായ ഒരു പ്രസ്ഥാവന വരുന്നത് എല്ലാവരും ഓർക്കുന്നുണ്ടാകും. ഒരു ബ്രാഹ്മണിക് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞത് തന്റെ പാർട്ടിയുടെ രാഷ്ട്രീയനയമെന്നത് സാമ്പത്തിക സംവരണമാണ് എന്നാണു.  അതോടൊപ്പം തന്നെയുള്ള പ്രസ്താവന വളരെ രസകരമായതായിരുന്നു – “ഭൂപരിഷ്കരണത്തിന്റെ ദുരന്തം പേറേണ്ടി വന്നവരാണ് കേരളത്തിലെ ബ്രാഹ്മണ സമുദായം” എന്നതായിരുന്നു അത്. ബഹുമാനപ്പെട്ട മന്ത്രിക്ക്  കേരളത്തിൽ എവിടെയെങ്കിലും മൂന്നരസെന്റിലെ ഒരു ബ്രാഹ്മണ കോളനി കാട്ടി തരാൻ കഴിയുമോ? വേണ്ട, പുറമ്പോക്കിൽ മറ കുത്തി ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്ന ഒരു ബ്രാഹ്മണ കുടുംബത്തെയെങ്കിലും? മാർക്സിസത്തെ ബ്രാഹ്മണ മാർക്സിസം ആയി മാറ്റിയെഴുതുന്നത് എങ്ങനെയാണെന്നതിന്റെ രാഷ്ട്രീയം ഈ പ്രസ്താവനകൾ പറഞ്ഞുതരുന്നുണ്ട്.

‘കൃഷിഭൂമി കർഷകന്’ എന്ന മുദ്രാവാക്യം ഉയർത്തി നടപ്പിലാക്കാൻ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിനു മുൻപ് തന്നെ അതിന്റെ വ്യവസ്ഥകൾ ചോർന്നതോടെ കേരളത്തിലെ ഭൂമിയുടെ ഏറിയ പങ്കും മുഖ്യധാര സവർണ്ണജാതികൾ ട്രസ്റ്റുകളോ, പ്ലാന്റഷനുകളോ ആയി രജിസ്റ്റർ ചെയ്യുകയും പിന്നീട്  ഭൂനിയമത്തിന്റെ പരിധിയിൽ നിന്ന് ട്രസ്റ്റുകളെയും പ്ലാന്റേഷനുകളെയും ഒഴിവാക്കി നിയമം നടപ്പിലാക്കുകയും ചെയ്തു. കാരണം ഭൂമിയുടെ ഏറിയ പങ്കും പ്ലാന്റഷനുകളിലേക്കും ട്രസ്റ്റുകളിലേക്കുമായി മാറ്റി ‘സുരക്ഷിത’മാക്കിക്കഴിഞ്ഞിരുന്നു. ശേഷം ദലിതനും/ ആദിവാസിക്കും പ്രത്യേക  ‘ഇടം’ നൽകിക്കൊണ്ട് അതിനെ നാം കോളനികളെന്ന് വിളിച്ചു.

പ്രത്യേക സാഹചര്യത്തിലാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നത് എന്നാണ് സർക്കാർ പറയുന്നത്. ആ സാഹചര്യം എന്താണന്ന്  സർക്കാർ വിശദമാക്കേണ്ടതാണ്. ഇവിടെ സാമൂഹ്യ ചിന്തകനും  എഴുത്തുകാരനുമായ സണ്ണി കപികാടിന്റ വാക്കുകൾ കേരളത്തിന്റ പൊതു സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹം പറയുന്നു :
” ദേവസ്വം ബോർഡിന്റെ നിയമനങ്ങളിൽ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്താൻ തീരുമാനിക്കുന്നതിനോപ്പം തന്നെ ഒരു റിഡക്ഷൻ ബോണസ് എന്ന നിലയിൽ  അത് നിലവിലുള്ള സംവരണത്തേക്കാൾ കൂടുതൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും  കൊടുക്കാൻ തീരുമാനിക്കുന്നു. 10 ശതമാനമായിരിക്കും ആ സംവരണത്തിന്റെ തോത് എന്നതായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. ഭരണഘടനാപരമായി സംവരണം എന്നൊരു വ്യവസ്ഥ രൂപ കൊള്ളുന്നത്, ഒരു സ്റ്റേറ്റിലെ ഏതെങ്കിലും ഒരു ജനവിഭാഗം സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നു എന്ന് ബോധ്യപ്പെട്ടാൽ, അതായത് ആ ജന വിഭാഗത്തിന് സാമൂഹികമായും വിദ്യാഭാസപരമായും ബഹിഷ്കരണമുണ്ടായന്ന് ഉറപ്പായാൽ, അവർക്ക് പ്രത്യേക ക്വോട്ട നിശ്ചയിക്കുവാനുള്ള സ്റ്റേറ്റിന്റെ അവകാശത്തിന്റെ ഭാഗമായാണു. ഈ അവകാശം വെച്ചിട്ടാണ് സംവരണം കൊടുക്കുന്നത്. ഇതാണ് ഭരണഘടനയിൽ പറയുന്ന ഒരു പ്രധാന കാര്യം. രണ്ടാമത്തെ കാര്യം എന്നത് ഒരു ജന വിഭാഗത്തെ സംവരണത്തിന്റ പട്ടികയിൽ ഉൾപ്പെടുത്തണമെങ്കിൽ, സർക്കാർ മേഖലകളിൽ ഏത് മേഖലയിലാണോ മതിയായ പ്രതിനിധ്യം ഇല്ലായെന്ന സാഹചര്യം ഉള്ളത് അതിന്റെ മെറ്റിരിയലി ഉറപ്പു വരുത്തിക്കൊണ്ടായിരിക്കണം എന്നതാണ്. അതായത് unrepresented or under represented ആയ വിഭാഗങ്ങൾക്ക് മാത്രമേ സംവരണ ആനുകൂല്യം കൊടുക്കാൻ പാടുള്ളു എന്നാണ് രണ്ടാമത്തെ കാര്യം. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെച്ചിട്ടുള്ള ഈ രണ്ട് വ്യവസ്ഥകളുടെയും പരസ്യമായ ലംഘനമാണ് യാഥാർത്ഥത്തിൽ മുന്നോക്കകാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് സംവരണം കൊടുക്കാമെന്ന പുതിയ വ്യവസ്ഥ. ഇതിന്റ കാരണം പരിശോധിച്ചാൽ ഒന്ന് കേരളത്തിലെ തന്നെ ദേവസ്വം ബോർഡിന് കിഴിലുള്ള 4 കോളേജുകളിലായി 186-ഓളം അദ്ധ്യാപകരാണ് ജോലി ചെയ്യുന്നത്, അതിൽ തന്നെ 79 ശതമാനത്തോളം അദ്ധ്യാപകർ നായർ – ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവർ ആണു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇതിനുള്ളിലെ ദലിത് / ആദിവാസി പ്രാതിനിധ്യം എന്നത് 2010 വരെ പൂജ്യം ശതമാനം  മാത്രമായിരുന്നു എന്നതാണു .യാഥാർത്ഥത്തിൽ മുന്നോക്കക്കാരിലെ പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്ന് പറയുമ്പോൾ തന്നെ, ഈ കണക്കുകൾ പ്രകാരം അവർ അധികമായുള്ള റെപ്രസന്റഡ് വിഭാഗം ആണെന്നത് പ്രധാന വസ്തുതയാണു. അങ്ങിനെ over represented ആയ ഒരു വിഭാഗത്തിന് സംവരണം പ്രഖ്യാപിക്കുന്നത് വഴി ഭരണഘടന ലംഘനമാണു നടന്നത് എന്നതാണ് നമ്മൾ പറയുന്ന പ്രധാന കാര്യം. അതോടൊപ്പം തന്നെ ശാന്തിപ്പണി അടക്കമുള്ള അമ്പലങ്ങളിലെ മറ്റു ജോലികളുടെ നിലവിലെ അവസ്ഥ പരിശോദിച്ചാലും ഇതേ ജാതികളുടെ മൃഗീയമായ ഭൂരിപക്ഷം കാണാൻ സാധിക്കും. സ്ഥിതി ഇതായിരിക്കെയാണു പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കു സംവരണതോത് കൂട്ടികൊടുത്തിട്ടുണ്ടന്നും, അതു കൊണ്ട് അവരുടെ സംവരണതോത് നഷ്ടപ്പെടില്ലായെന്നും ഗവൺമെന്റ് പറയുന്നത്. എങ്കിൽ എവിടെയാണ് ഈ മേഖലയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാരുടെ മതിയായ പ്രാതിനിധ്യം ഉള്ളത് എന്ന് ഈ സർക്കാർ വ്യക്തമാക്കണം. അത് ഞങ്ങൾ കൊണ്ടു വരാൻ പോകുന്നതേ ഉള്ളു എന്നായിരിക്കും അപ്പോൾ സർക്കാർ പറയുക. എന്തു തന്നെയായലും, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സാമ്പത്തികമായി മുന്നോട്ട് കൊണ്ടുവരാൻ  സംവരണമല്ല പ്രഖ്യാപിക്കേണ്ടത്. കാരണം സംവരണം ഒരു ദാരിദ്ര്യ നിർമാർജന പദ്ധതിയല്ല, മറിച്ച് ജനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്ന ഭരണഘടന വ്യവസ്ഥയാണ് അത്. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഉള്ള സാമൂഹ്യപരമായ ഇല്ലായ്മ എന്നത് സാമ്പത്തികമാണ്. സാമൂഹ്യ – സംസ്കാരിക, സിംബോളിക് മൂലധനങ്ങൾ സ്വന്തം ജാതിയിലെ സാമ്പത്തികമുള്ള ഒരു നമ്പൂതിരിയേപ്പോലെ തന്നെ ഒരു ദരിദ്ര നമ്പൂതിരിക്കും’ലഭിക്കുന്നുണ്ട്. അയാൾക്ക് ഇല്ലാത്തത് സാമ്പത്തികം മാത്രമാണ്. അതിന് ഗവൺമെന്റ് ചെയ്യേണ്ടത് മറ്റേതോരു വികസന പദ്ധതികളും പോലെ, ഒരു പദ്ധതി ആവിഷ്കരിച്ച് അവരെ സഹായിക്കുക എന്നതാണ്. അല്ലാതെ അവർക്ക് സംവരണം കൊടുക്കുകയല്ല ചെയ്യേണ്ടത്. ഇങ്ങനെ മുന്നോക്കക്കാർക്ക്  സംവരണം കൊണ്ടുവരുന്നതിൽ മറ്റൊരു അപകടമുണ്ട്. സംവരണം 50 ശതമാനത്തിൽ കൂടരുതന്നതാണ് സംവരണവുമായി ബന്ധപ്പെട്ട കേസിൽ കോടതി വിധി. 10 ശതമാനം സംവരണം മുന്നോക്കക്കാർക്ക് നൽകുക വഴി യാഥാർത്ഥ സംവരണത്തിന്റെ 50 ശതമാനത്തിനകത്താണ് ഈ 10 ശതമാനം സംവരണവും വരാൻ പോകുന്നത്. അത് ജനറൽ ക്വാട്ടയിൽ വരാൻ പറ്റില്ല. അപ്പോൾ പിന്നെ 60 ശതമാനം സംവരണം കേരളത്തിൽ നടപ്പിലാക്കാൻ പറ്റില്ല. അപ്പോൾ ഈ 10 ശതമാനം കൂടി വരുമ്പോൾ ഫലത്തിൽ ഓപൺ ലിസ്റ്റിൽ 50 ശതമാനം കൈയ്യടക്കി വെച്ചിരിക്കുന്ന സവർണ്ണർക്ക് 10 ശതമാനം കൂടി കിട്ടുന്നതോടെ സാമൂഹ്യ സാമ്പത്തിക മേഖലയിൽ ഏതാണ്ട് 60 ശതമാനത്തോളം സവർണ്ണർ കൈയ്യടക്കാനുള്ള സാഹചര്യമാണു  ഉണ്ടാകാൻ പോകുന്നത്. തീർച്ചയായും ഇതൊരു വിപ്ലവമല്ല, അതിനുള്ള ശ്രമവുമല്ല. പ്രധാനമായും ഇതു നടപ്പാക്കാനുള്ള കാര്യം മറ്റൊന്നാണു. ഇടക്കാലത്ത് കേരളത്തിലെ പൊതു സാമൂഹ്യ വ്യവസ്ഥയിൽ നിന്നു ഒരു കൊഴിഞ്ഞുപോക്ക് ബി ജേ പിയിലേക്കും സംഘപരിവാരിലേക്കും ഉണ്ടായിട്ടുണ്ട്. ഇതിനെ തടയിടുക എന്ന രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് മുന്നോക്കസംവരണം എന്ന ഭരണഘടനാവിരുദ്ധ വ്യവസ്ഥ നടപ്പിലാക്കാൻ ഗവൺമെന്റ് ശ്രമിക്കുന്നത്. എന്നാൽ ഉയർന്നു വരുന്ന സംഘപരിവാർ, ബി ജെ പി ശക്തികളെ പ്രതിരോധിക്കാൻ സംവരണം പ്രഖ്യാപിച്ച് മുന്നോക്കക്കാരേ കൂടെ നിർത്തുക എന്ന വ്യാമോഹത്തേക്കാൾ ഇത്തരം രാഷ്ട്രിയത്തെ മറികടക്കാൻ ആദിവാസി / ദലിത്, പിന്നോക്ക, ബഹുജൻ, ബഹിഷ്കൃത വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇടതുപക്ഷം കാണിക്കേണ്ടത് “. (Sunny M Kapikkadu :In a conversation with the author of this article based on his talk on News 18 TV on 16/11/17)

മുൻപ് ഗുജാറാത്തിലെ BJP സർക്കാർ സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. ഇതിനെതിരായി പോയ ഹർജിയിൽ ഗുജാറാത്ത് ഹൈക്കോടതി 30 പേജ് വരുന്ന വിധിന്യായത്തിൽ വിശദമായി തന്നെ അന്ന് നടപ്പിലാക്കിയ  സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. inappropriate and unconstitutional എന്നാണു കോടതി സർക്കാർ നടപടിയെ വിലയിരുത്തിയത്. സാമ്പത്തികസംവരണം ഭരണഘടനാമൂല്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും നയത്തിനും വിരുദ്ധമായ സാമൂഹ്യ- രാഷ്ട്രീയ നിഷേധമാണു. മധ്യവർഗ്ഗവോട്ടുബാങ്കുകളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ സവർണ്ണപ്രീണന നയങ്ങൾ തുടക്കത്തിലേ നുള്ളേണ്ടതുണ്ട്. കാരണം, സംവരണം ഒരു ദാരിദ്ര്യ നിർമാർജന പദ്ധതിയല്ലതന്നെ.

കുറിപ്പുകൾ:

1. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖ.
2. ഡോ അംബേദ്ക്കർ സമ്പൂർണ്ണ കൃതികൾ, വാല്യം 37.
3. സുദേഷ് എം രഘു, പി എസ് സി നിയമനങ്ങളിലെ അട്ടിമറികൾ.
4. ഒ പി രവീന്ദ്രൻ, പൊതുവിദ്യാഭ്യാസത്തെ പൊതുവാക്കു, മാധ്യമം, 28.

Comments

comments