നുഷ്യരാശി കണ്ണിലെ കൃഷ്ണമണികൾ പോലെ കാത്തു സൂക്ഷിക്കേണ്ട രണ്ട് മേഖലകളാണ് വനവും തണ്ണീർതടങ്ങളും. കേരളത്തിലാണെങ്കിൽ അത് പശ്ചിമഘട്ടവും തീരദേശത്തടക്കം  വിശാലമായി പരന്നു കിടക്കുന്ന തണ്ണീർതടങ്ങളുമാണ്. എന്നാൽ തണ്ണീർതടങ്ങൾ മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടൽ മൂലം ഇല്ലാതായികൊണ്ടിരിക്കുകയാണ്. ഇനിയും അവശേഷിക്കുന്നവ സംരക്ഷിക്കാൻ നാം മുൻകൈ എടുത്തില്ലെങ്കിൽ ഒരു പക്ഷെ നാം കേരളീയർ വലിയ തിരിച്ചടികൾ നേരിടേണ്ടി വരാം.അത് പ്രവചനാതീതമായ പാരിസ്ഥിതിക ദുരന്തങ്ങുളുടെ രൂപത്തിലായിരിക്കും. വലിയ രീതിയിലുള്ള ഭക്ഷ്യ സുരക്ഷ പ്രശ്നങ്ങളുടെ രൂപത്തിലായിരിക്കാം. ശുദ്ധജല ലഭ്യതയുടെ രൂപത്തിലായിരിക്കാം. പക്ഷെ നാം ശ്രമിച്ചാൽ ദുരന്തത്തിന്റെ ആഘാതം കുറക്കാൻ കഴിഞ്ഞേക്കാം.

ലോകത്തിന്റെ കരഭൂമിയുടെ 5 % മുതൽ
8% വരെ തണ്ണീർതടങ്ങളാണ്. ഇന്ത്യയുടെ കരഭൂമിയുടെ 3 % മാത്രമാണ് തണ്ണീർതടം. ലോകത്തിന്റെ പാരിസ്ഥിതിക ഘടനയിൽ അതീവ പ്രാധാന്യമുള്ള ആവാസവ്യവസ്ഥ കൂടിയാണ് തണ്ണീർതടങ്ങൾ. ഏറ്റവും ഉല്പാദനക്ഷമതയുള്ള ആവാസവ്യവസ്ഥയും ജലപാതങ്ങളുടെ ചംക്രമണത്തിൽ പ്രധാന പങ്കും തണ്ണീർതടങ്ങൾ നിർവഹിക്കുന്നുണ്ട്. തണ്ണിർത്തടങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നിരവധി പാരിസ്ഥിതിക ധർമ്മങ്ങൾ  നിറവേറ്റുന്നുണ്ട്, മണ്ണിന്റെയും വെള്ളത്തിന്റെ സ്വഭാവങ്ങൾ നിലനിർത്തുന്നതിൽ, മത്സ്യങ്ങളുടെയും സസ്യങ്ങളുടെയും ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ, വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിൽ, ഭൂഗർഭ ജലശേഖരണവും വിതരണവും, കാലാവസ്ഥ നിയന്ത്രണം, മാലിന്യങ്ങളുടെ നിരാകരണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സേവനങ്ങൾ ഉറപ്പു വരുത്തുന്നതിൽ തണ്ണിർതടങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എന്നാലിന്ന് തണ്ണീർതടങ്ങൾ മരണത്തിന്റെ വക്കിലാണ്. ഇന്ത്യയിലെ ആകെ തണ്ണീർതടത്തിന്റെ മൂന്നിലൊന്ന് വിവിധ കാരണങ്ങളാൽ ഇപ്പോൾ തന്നെ അപ്രത്യക്ഷമായി കഴിഞ്ഞു.

റാംസാർ കൺവെൻഷൻ നിർവചനപ്രകാരം ചെളി നിറഞ്ഞതോ, ചതുപ്പായതോ, വെളളം നിറഞ്ഞതോ, പ്രകൃതിദത്തമോ കൃത്രിമമായതോ, താല്കാലികമായോ സ്ഥിരമായോ വെള്ളം കെട്ടി കിടക്കുന്നതും ഒഴുകുന്നതുമായ, ശുദ്ധജലമോ ഉപ്പുവെള്ളമോ ആയ സ്ഥലമോ 6 മീറ്റർ ആഴം കൂടാത്ത കടൽ, കായൽ ജലം കയറി കിടക്കുന്ന സ്ഥലവും തണ്ണീർതടമാണ്.(‘areas of marsh, fen, peat land or water, whether natural or artificial, permanent or temporary, with water that is static or flowing, fresh, brackish or salty including areas of marine water, the depth of which at the low tide does not exceed 6 meters. It may also incorporate riparian and coastal zones adjacent to the wetlands and islands or bodies of marine water deeper than 6 meters at low tide lying within the wetlands.)
അമേരിക്കൻ പരിസ്ഥിതി സംരക്ഷണ സംഘടന (US EPA) നിർവചനപ്രകാരം ഉപരിതല – ഭൂഗർഭ ജലം ജലം തുടർച്ചയായി ഇടവേളകളില്ലാതെ ഒരു പ്രദേശത്തെ ജൈവ പ്രകൃതിയെ പ്രത്യേകിച്ച് അവിടത്തെ പച്ചപ്പിനെ
താങ്ങി നിർത്തുന്നതായി കണ്ടാൽ അവിടം തണ്ണീർതടമായി വിലയിരുത്താം. മില്ലേനിയം ഇക്കോസിസ്റ്റം അസസ്മെന്റ്            പ്രകാരം ഭൂമിയുടെ മൊത്തം ഉല്പാദനക്ഷമതയുടെ 45 ശത മാനവും, അതായത് 20 ട്രില്യൻ ഡോളറിന്റെ സംഭാവനയാണ് തണ്ണിർതടങ്ങളിൽ നിന്നാണ് ലഭിക്കുന്നതു്.

 റാംസാർ കൺവെൻഷൺ

ഭൂമിയിലെ ഏറ്റവും പാരിസ്ഥിതി പ്രധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നായ തണ്ണീർതടങ്ങൾ വികസന പ്രവർത്തനങ്ങളുടെയും വ്യവസായ വിപ്ളവത്തിന്റെയും ഭാഗമായി വലിയ തോതിൽ പരിവർത്തനപ്പെടുത്തുകയും തണ്ണീർതടങ്ങളുടെ വിസ്തൃതി വലിയ തോതിൽ ചുരുങ്ങുകയും ചെയ്തു. വ്യവസായ വളർച്ചയുടെയും നഗരവൽക്കരണത്തിന്റെയും ഫലമായി തണ്ണീർതടങ്ങൾ വലിയ തോതിൽ മലിനീകരിക്കപെടുകയും ചെയ്ത സാഹചര്യത്തിലാണ് ലോകത്തുള്ള തണ്ണിർതടങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. ഇതെ തുടർന്ന് 197l -ൽ യുനസ്കോ മുൻകൈ എടുത്ത് ഇറാനിലെ റാംസാർ നഗരത്തിൽ അംഗരാഷ്ട്രങ്ങളുടെ ഇതു സംബന്ധിച്ച ഒരു യോഗം വിളിച്ചു ചേർത്തു. 1971 ഫെബ്രുവരി 2നായിരുന്നു കൺവെൻഷൺ. 1975 ഡിസംബർ 25 ന് ഉടമ്പടി നിലവിൽ വന്നു. 169 രാഷ്ട്രങ്ങൾ ഒപ്പിട്ട ഈ കരാറിലെ വ്യവസ്ഥ എല്ലാ രാഷ്ട്രങ്ങളും പാലിക്കാൻ ബാധ്യസ്തരാണ്. 1982 ഫെബ്രു: 2 ന് ഇന്ത്യ കരാറിൽ ഒപ്പിട്ടു. മൂന്നു വർഷത്തിലൊരിക്കൽ അംഗരാഷ്ട്രങ്ങൾ ഒത്ത് ചേർന്ന് കരാറിലെ വ്യവസ്ഥകളം പ്രവർത്തനങ്ങളും വിലയിരുത്തും. ഇതു വരെ 12 Cop (കോൺഫ്രൻസ് ഓഫ് പാർട്ടീസ്) മീറ്റിംഗുകൾ നടന്നു 12 – മത് കോൺഫ്രൻ ഓഫ് പാർട്ടിസ് നടന്നത് ഉറൂഗ്വേയിലാണ് ‘ 13 മത് മീറ്റിംഗ് 2018ൽ യു.എ.ഇ.യിൽ നടക്കും. 2016 മാർച്ച് വരെ 2266 തണ്ണീർതടങ്ങളെ റാംസാർ സൈറ്റിൽ ഉൾപ്പെടുത്തിയുണ്ട്. റാംസാർ സൈറ്റിൽ ഉൾപ്പെടുത്തിയ തണ്ണീർതടങ്ങളുടെ വിസ്തൃതി ഏതാണ്ട് 2.1 മില്യൻ ചതുരശ്ര കിലോമീറ്റർ വരും. ഏറ്റവും കൂടുതൽ റാംസാർ സൈറ്റുകൾ ഉള്ള രാജ്യം ബ്രിട്ടനാണ് (170 എണ്ണം). ഏറ്റവും കൂടുതൽ തണ്ണിർതട വിസ്തൃതിയുള്ളത് ബൊളീവിയയാണ് 140,000 ചതുരശ്ര കിലോമീറ്റർ. ഇന്ത്യയിലാകെ 520091 ഹെക്ടർ തണ്ണീർ തടങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലി യ തണ്ണിർതടം കേരളത്തിലെ വേമ്പനാട് കായലാണ്.

കേരളത്തിന്റെ ആകെ വിസ്തീർണ്ണമായ 3886287 ഹെക്ടറിൽ കാസർഗോട് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലായി 38863 ചതുരശ്ര കിലോമീറ്റർ തണ്ണീർതടങ്ങളുണ്ട് അതായത് 160590 ഹെക്ടർ. അതിൽ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് 3866 ഹെക്ടർ. ആകെ വിസ്തീർണ്ണത്തിന്റെ 2.41 ശതമാനം; ജില്ലാ വിസ്തീർണ്ണത്തിന്റെ 1.81 ശതമാനവും. ഏറ്റവും കൂടുതൽ ആലപ്പുഴ ജില്ലയിലാണ് 26079 ഹെക്ടർ; ആകെ വിസ്തീർണ്ണത്തിന്റെ 16.24 ശതമാനം; ജില്ലാ വിസ്തീർണ്ണത്തിന്റെ 20.76 ശതമാനം. അതിനടുത്ത് എറണാകുളം ജില്ലയാണ് ആകെ വിസ്തീർണ്ണത്തിന്റെ 15.61 ശതമാനം; 25065 ഹെക്ടർ; ജില്ലാ വിസ്തീർണ്ണത്തിന്റെ 10.41 ശതമാനം. കേരളത്തിലെ തണ്ണീർതടങ്ങളുടെ കണക്കെടുപ്പ് പരിശോധിക്കുമ്പോൾ  ഏതാണ്ട് 83 ശതമാനം തണ്ണീർതടങ്ങളും കാലവർഷത്തിനു മുമ്പും പിമ്പും പച്ചപ്പിനാലും ജലത്തിനാലും സമ്പന്നമാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം തൃശൂർ എന്നീ നാലു ജില്ലകളിലായി തണ്ണിർ തടത്തിന്റെ ഭൂരിഭാഗവും പരന്നു കിടക്കുന്നു. 2010-ൽ ഇന്ത്യയിലെ തണ്ണീർതടങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര നിയമം കൊണ്ടുവന്നു. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിൽ നാഷണൽ വെറ്റ്ലാന്റ് മാനേജ്മെന്റ് അതോറിറ്റി നിലവിൽ വന്നു. എന്നാൽ 2010 – ൽ കൊണ്ട് വന്ന തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ നട്ടെല്ല് ഒടിക്കുന്ന ഭേതഗതികളുള്ള ഡ്രാഫ്റ്റ്  2016ൽ കേന്ദ്രം കൊണ്ടു വന്നിട്ടുണ്ട്. ഇത് പ്രകാരം തണ്ണീർതടം പരിവർത്തനപ്പെടുത്തലടക്കം എന്തൊക്കൊ ചെയ്യാൻ പാടില്ലാത്തതായി ഉണ്ടോ അതെല്ലാം നിർബാധം അനുവദിച്ചു കൊടുക്കുന്നതാണ് പുതിയ ഭേഗദഗതികൾ. അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിലാകട്ടെ നെൽവയലും തണ്ണീർതടവുമെല്ലാം അതിദ്രുതം നികത്തപെടുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്. 2000 മുതൽ ഈ പ്രവണത ശക്തമാണ്. 1970-കളിൽ എട്ടു ലക്ഷം ഹെക്ടർ നെൽവയലുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2000 ആയപ്പോൾ കേവലം മുപ്പതു വർഷം കൊണ്ട് രണ്ടു ലക്ഷം ഹെക്ടറായി ചുരുങ്ങി. 2008 ആകുമ്പേഴേക്കും നെൽവയലും തണ്ണീർതടവും ഉൾപ്പെടെ 1238652 ഹെക്ടർ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിലൂടെ നമുക്കുണ്ടായിട്ടുള്ള പാരിസ്ഥിതി നഷ്ടം ലക്ഷക്കണക്കിന് കോടി രൂപയുടെതാണ്. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം അസ്സ്സ്മെന്റ് പ്രകാരം ഒരു ഹെക്ടർ തണ്ണീർതടത്തിന്റെ പാരിസ്ഥിതി സേവന മൂല്യം 22 ലക്ഷം രൂപയാണ്. തീരദേശ തണ്ണീർതടത്തിന്റെ പാരിസ്ഥിതിക സേവനമൂല്യമാകട്ടെ 107 ലക്ഷം രൂപയാണെന്നും കണക്കാക്കുന്നു. ഇതു പ്രകാരം കേരളത്തിലെ 2011 ലെ പാരിസ്ഥിതിക സേവന മൂല്യം 12 3,000 കോടി രൂപയാണെന്ന് കണക്കാക്കാമെന്ന് ജൈവ വൈവിദ്ധ്യ ബോർഡ് മുൻ ചെയർമാൻ ഡോ.വി.എസ്.വിജയൻ പറയുന്നു. വനവും, തണ്ണീർതടങ്ങളും, നെൽവയലുകളും നമ്മുടെ ആവാസവ്യവസ്ഥയും,ഭക്ഷ്യ സുരക്ഷയും ഉറപ്പു വരുത്തുനിൽ വഹിക്കുന്ന പങ്ക് നമുക്ക് കറൻസി കൊണ്ട് അളക്കാൻ കഴിയുന്നതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008-ൽ കേരളത്തിൽ നെൽവയൽ-തണ്ണീർതട സംരക്ഷണ നിയമം നിലവിൽ വന്നതിനു ശേഷം ആയിരക്കണക്കിന്‌ ഹെക്ടർ നെൽവയലും തണ്ണീർത്തടങ്ങളും നികത്തപ്പെട്ടിട്ടുണ്ട്. ഇപോഴും നികത്തൽ തുടരുന്നുമുണ്ട്. സംരക്ഷിക്കേണ്ടവർ കണ്ണടച്ചിരുന്നാൽ അവശേഷിക്കുന്നവ കൂടി ഇല്ലാതാകും. നെൽവയൽ തണ്ണീർതട സംരക്ഷണ നിയമത്തിന്റെ കാതലായ നിർദ്ദേശങ്ങളിലൊന്ന് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുക എന്നതാണ്. അത് അന്ന് നിയമം പാസാക്കിയവരും ചെയ്തില്ല; പിന്നീട് അധികാരത്തിലെത്തിയവരും ചെയ്തില്ല. അന്ന് ഡാറ്റാ ബാങ്ക് പ്രസിദ്ധികരിക്കാൻ തയ്യാറാവാതിരുന്ന യു.ഡി.എഫ് സർക്കാരിനെ അക്കാര്യത്തിൽ നിശിതമായി നിരന്തരം വിമർശിച്ചിരുന്ന വി.എസ് സുനിൽകുമാറാണ് ഇപ്പോഴത്തെ കൃഷിമന്ത്രി. തങ്ങൾ അധികാരത്തിൽ വന്നാൽ 6 മാസത്തിനുള്ളിൽ ഡാറ്റാ ബാങ്ക് പ്രസിദ്ധികരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും ഡാറ്റാബാങ്ക് പ്രസിദ്ധികരണം ഗണപതി കല്യാണം പോലെ നീണ്ടുപോകുകയാണ്. ഇപ്പോൾ നെൽവയലുകൾ നികത്തുന്നതിനുള്ള എല്ലാ വഴികളും തുറന്നു കൊടുക്കുന്ന തിരിക്കിലാണ് LDF സർക്കാർ. 2015 ലാണ് പേരിനെങ്കിലും തണ്ണീർതട അതോറിറ്റി കേരളത്തിൽ രൂപികരിക്കുന്നത്. ഇപ്പോഴും പൂർണ്ണ തോതിൽ അതിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനോ നിലവിലെ തണ്ണിർതടങ്ങൾ പൂർണ്ണതോതിൽ സംരക്ഷിക്കപ്പെടാനുള്ള പ്രവർത്തനങ്ങളോ സർക്കാർ നടത്തുന്നില്ല എന്നതാണ് കഷ്ടം. കേരളത്തിലെ നൂറുകണക്കായ കുളങ്ങൾ, തോടുകൾ ഇവയൊന്നും ഇപ്പോഴും തണ്ണീർതടത്തിന്റെ പരിധിയിൽ വന്നില്ല എന്നത് ഗൗരവമായി കാണേണ്ട സംഗതിയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡിനും മറ്റു വികസന പ്രവർത്തനങ്ങൾക്കും വേണ്ടി നൂറുകണക്കിന് ഏക്കർ ഭൂമിയാണ് സർക്കാർ മുൻകൈയിൽ നികത്താൻ പോകുന്നത്. കണ്ണൂരിലെ കീഴാറ്റൂർ പ്രദേശത്ത് 250 ഏക്കർ കണ്ണായ നെൽപാടം നികത്തി ബൈപ്പാസ് നിർമ്മിക്കാൻ സർക്കാർ നടപടികൾ തുടങ്ങി കഴിഞ്ഞു. ഇതിനെതിരെ നാട്ടുകാർ സമരത്തിലാണ്. പഴയ റോഡിന്റെ അലൈമെന്റ് മാറ്റിയാണ് പാടം നികത്തി റോഡു പണിയാൻ തീരുമാനിച്ചത് എന്നത് നാട്ടുകാർ ആശങ്കയോടെയാണ് കാണുന്നത്.
കണ്ണൂരിലെ പയ്യന്നൂരിൽ 77 ഏക്കർ നെൽവയലും 60 ഏക്കറിനു മേൽ തണ്ണിർ തടവും നികത്തി പെട്രോളിയം സംഭരണികൾ സ്ഥാപിക്കാൻ പോകുകയാണ്. ആ പ്രദേശത്തെ ഏറ്റവും ഉല്പാദനക്ഷമതയുള്ള പാടശേഖരങ്ങളാണ് ഇതിലൂടെ നശിക്കാൻ പോകുന്നത്. ഈ പദ്ധതി പ്രാവർത്തികമായാൽ ജലദൗർലഭ്യം രൂക്ഷമാകുന്നു മാത്രമല്ല ഈ പ്രദേശം ഗുരുതരമായ മലിനീകരണത്തിനു വിധേയമാകും. കേരള സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള തീരദേശ ഹൈവേയും, മലയോര ഹൈവേയും പ്രാവർത്തികമായാൽ വലിയ രീതിയിലുള്ള കുന്നിടിക്കലിനും നിലംനികത്തിലിനും കളമൊരുങ്ങും. തീരദേശ ഹൈവേ യഥാർത്ഥ്യമാകണമെങ്കിൽ വൻതോതിൽ തണ്ണീർതടങ്ങളും കണ്ടൽകാടുകളും നശിപ്പിക്കേണ്ടി വരും. അങ്ങിനെ നിലവിൽ അവശേഷിക്കുന്ന അങ്ങിങ്ങായി ചിതറി കിടക്കുന്ന കണ്ടൽകാടുകൾ ഓർമ്മകൾ  മാത്രമാകും;ഒപ്പം വളരെ പാരിസ്ഥിതിക പ്രാധാന്യമുള്ള തണ്ണീർതടങ്ങളും. ഈ തണ്ണീർതടങ്ങളിൽ പലതും മത്സ്യ പ്രജജന കേന്ദ്രങ്ങൾ കൂടിയാണെന്നത് പരിഗണിക്കുമ്പോൾ തീരദേശ ഹൈവേ വലിയ പാരിസ്ഥിത നാശത്തിന് ഇടവരുത്തിയേക്കാം. മലയോര ഹൈവേയ്ക്കുവേണ്ടി അവശേഷിക്കുന്ന കുന്നുകളിൽ പലതും ഇടിച്ചു നിരത്തിയാൽ മാത്രമെ പദ്ധതി യഥാർത്ഥ്യമാകൂ. കുന്നിടിച്ചു നിരത്തുക എന്നാൽ ഒരു ജലസംഭരിയും അനേകം നീർച്ചാലുകളും സമ്പന്നമായ വയലുകളും എന്നെന്നേയ്ക്കുമായി നഷ്ടപെടുന്നു എന്നാണ് അർത്ഥം. വിക സനത്തിന്റെ മുൻഗണനാക്രമങ്ങൾ പൊളിച്ചെഴുതിക്കൊണ്ടല്ലാതെ നമുക്കു ഈ  പ്രതിസന്ധി മുറിച്ചു മുറിച്ചുകടക്കാനാകില്ല. അടിസ്ഥാന സൗകര്യ വികസനമാണ് ഏറ്റവും പ്രാധാന്യമേറിയ കാര്യമെന്ന്‌ തീരുമാനിക്കന്ന ഭരണകൂടത്തിന് കുടിവെള്ള പ്രശ്നമെന്നത് ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ വൈവിദ്ധ്യമെന്നതും വലിയ മുൻഗണനാ വിഷയമാകില്ല. അവിടെയാണ് ജനങ്ങളുടെ ഇടപെടലിന്റെ പ്രസക്തി. തീർച്ചയായും കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ജനകീയ സമരങ്ങൾ ഈ മുൻഗണനാക്രമങ്ങൾ തിരുത്തിക്കാൻ കൂടിയുള്ളതാണ്.
ഭൂമിയുടെ കിഡ്നി എന്നാണ് തണ്ണീർതടങ്ങളെ ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത്. ഭൂമിയിൽ വെള്ളം സംഭരിക്കുന്നതും വിതരണ ചെയ്യുന്നതുമായ രണ്ട് പ്രധാനപ്പെട്ട ഘടകങ്ങളാണ് മലകളും തണ്ണീർതടങ്ങളും.
മലകളെ നാം ജലഗോപുരങ്ങൾ അഥവാ തണ്ണീർ കുടങ്ങൾ എന്നു വിശേഷിപ്പിക്കുമ്പോൾ ചതുപ്പും ചെളിയും നിറഞ്ഞ നനവാർന്ന പ്രദേശത്തെ നാം തണ്ണീർതടങ്ങൾ എന്നു വിളിക്കുന്നു. പ്രകൃതിയുടെ താളം നിയന്ത്രിക്കുന്നതില്‍ ഈ രണ്ടു ഘടകങ്ങൾക്കും അതീവ പ്രാധാന്യമുണ്ട്. വർഷകാലത്തെ പെയ്ത്തു വെള്ളം മുഴുവൻ സംഭരിച്ചു വയ്ക്കുകയും മഴയില്ലാത്തപ്പോൾ അത് അല്പാല്പമായി വിടുകയും ചെയ്യുന്നു. മാത്രമല്ല എല്ലാത്തരം മാലിന്യങ്ങളും അത് ജൈവ മാലിന്യങ്ങളാകട്ടെ രാസമാലിന്യങ്ങളാകട്ടെ അതിനെയെല്ലാം അരിച്ചു മാറ്റി ശുദ്ധിയാക്കുന്ന പ്രവർത്തനവും തണ്ണീർതടങ്ങൾ നിർവഹിക്കുന്നു.. മത്സ്യങ്ങളുടെയും പക്ഷികളുടെ ആവാസ കേന്ദ്രവും പ്രജജന കേന്ദ്രവും തണ്ണീർതടങ്ങളാന്ന്. നിരവധി ദേശാടന പക്ഷികളുടെ ആവാസ കേന്ദ്ര കൂടിയാണ് തണ്ണീർതടങ്ങൾ. കൂടാതെ ആയുർവേദ മരുന്നുകളും തേനും വിറകുമെല്ലാം തണ്ണീർത്തടങ്ങളിൽ നിന്നും വലിയ തോതിൽ ശേഖരി        ക്കുന്നുണ്ട്. സുനാമി പോലുള്ള വലിയ ദുരന്തങ്ങളെ ചെറുക്കുന്നതിൽ തണ്ണീർതടങ്ങളിലുള്ള കണ്ടൽചെടികൾ നല്കിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. 2004 ലെ സുനാമി കേരളത്തിലെ തീരദേശങ്ങളെ അപ്പാടെ വിഴുങ്ങിയപ്പോൾ കണ്ടൽകാടുകൾ നിന്നിരുന്ന പ്രദേശങ്ങളിലാണ് ആഘാതത്തിനു് കുറുവുണ്ടായത്. അതിലുപുരി കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ അങ്ങിനെ എണ്ണയാലൊടുങ്ങാത്ത സേവനങ്ങൾ ജീവിവർഗ്ഗത്തിനും പ്രകൃതിക്കും നല്കുന്ന തണ്ണീർതടങ്ങൾക്കു വലിയ നിലനില്പു ഭീക്ഷണി നേരിടുകയാണ്.

മലിനീകരണം -കയ്യേറ്റം – പരിവർത്തനപ്പെടുത്തൽ.

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസിനു വേണ്ടി ഡോ: അജയകുമാർ വർമ്മ നടത്തിയ പഠനത്തിൽ, ഈ നിലയിലാണ് മലിനീകരണവും കൈയ്യേറ്റവും തുടരുന്നതെങ്കിൽ വരുന്ന അമ്പതു വർഷത്തിനുള്ളിൽ വേമ്പനാട്ടു കായൽ അപ്രത്യക്ഷമാകുമെന്ന് പറയുന്നു. ഇതിനകം 55000 ഹെക്ടർ കായൽ നെൽകൃഷിക്കായി പരിവർത്തനപെടുത്തിയെന്നു ഡോ: അജയകുമാർ വർമ്മ പറയുന്നു. മാത്രമല്ല വേമ്പനാട്ടു കായലിന്റെ വാഹകശേഷി ഗണ്യമായി ചുരുങ്ങിയതായും പഠനം വ്യക്തമാക്കുന്നു. വളരെ വേഗത്തിലും ആസൂ
ത്രിതമായും നടക്കുന്ന കായൽ കയ്യേറ്റം മൂലം ഗുരുതരമായ നിലനില്പ് ഭീക്ഷണി നേരിടുകയാണ് വേമ്പനാട്ടു കായൽ. 1912-ൽ 315 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന വേമ്പനാടു കായൽ 120 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. 2017 ഏപ്രിൽ മാസത്തിൽ പുറത്തു വിട്ട പഠന റിപ്പോർട്ട് പ്രകാരം വേമ്പനാട് കായലിലെ ജലത്തിന്റെ 10 സാമ്പിളുകൾ എടുത്ത് പരിശോധിച്ചതിൽ ജലത്തിൽ മൈക്രോ പ്ളാസ്റ്റിക്കിന്റെ അളവ് ഗണ്യമായ തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  ലോ ഡെൻസിറ്റി      പോളിത്തീൻ അടക്കം വിവിധ തരം പ്ളാസ്റ്റിക്കിന്റെ നേർത്ത തരികൾ വെള്ളത്തിൽ അധികരിച്ചതോതിൽ കണ്ടെത്തിയിട്ടുണ്ട്. മൈക്രോ പ്ളാസ്റ്റിക്കിന്റെ തരികൾ കലരുകയെന്നാൽ അത് ഭക്ഷ്യശൃംഖലകളിലൂടെ കടന്ന് മനുഷ്യനും ജീവിവർഗ്ഗങ്ങൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. ഗവേഷകരായ ശ്രുതിയും, ഇ.വി രാമസ്വാമിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. വേമ്പനാട്ടു കായലിന്റെ തെക്കുഭാഗത്തെ അപേക്ഷിച്ച് വടക്കുഭാഗത്ത് ഗുരുതരമായ രാസ മലിനീകരണം നേരിടുന്നുണ്ട്. ഇവിടെ കാഡ്മിയം, സിങ്ക്, ലെഡ്, ക്രോമിയം, മെർക്കുറി ,മാംഗനീസ് ,
കോപ്പർ തുടങ്ങിയ ഘന ലോഹങ്ങളുടെ സാന്നിദ്ധ്യം വളരെ കൂടുതലാണ്. വെള്ളത്തിലും ചെളിയിലും അലിഞ്ഞു ചേർന്നിട്ടുള്ള ഘന ലോഹങ്ങൾ ജീവിവർഗ്ഗങ്ങളുടെ നിലനില്പിന് വലിയ ഭീക്ഷണിയാണ് ഉയർത്തുന്നത്. ഇതിനു പുറമെ മാരക കീടനാശിനികളുടെ അധികരിച്ച സാന്നിദ്ധ്യവും വെല്ലുവിളി ഉയർത്തുന്നു. എന്റോസൾഫാൻ, ബി.എച്ച്.സി.ടി.ടി.റ്റി ഇവയുടെ വിവിധ വകഭേദങ്ങൾ എല്ലാം വിവിധ ജീവികളുടെ കോശങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ളതായി വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നടത്തിയ പഠനം അനുസരിച്ച് ഇ.ആർ.എം (Effect Range Medium) ലിമിറ്റ് നോക്കുമ്പോൾ വേമ്പനാടു കായലിലെ വെള്ളത്തിൽ 50 മുതൽ 130 നാനോഗ്രാം വരെ മെർക്കുറിയും ഉയർന്ന തോതിൽ കാഡ്മിയം, ലെഡ്.സിങ്ക്, കോപ്പർ എന്നിവ കണ്ടെത്തി. സി.എം.എഫ്.ആർ.ഐ അടക്കമുള്ള വിവിധ ഏജൻസികൾ നടത്തിയ പഠന പ്രകാരം കക്കയിൽ അധികരിച്ചതോതിൽ ഘനലോഹ സാന്നിദ്ധ്യവും കീടനാശിനകളും കണ്ടെത്തിയിട്ടുണ്ട്. വേമ്പനാട്ടു കായലിൽ നിന്ന് വാരുന്ന കക്കയിൽ DDT യുടെയും BHC യുടെയും 13 വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്.കൂടാതെ ലെഡ്, കാഡ് മിയം, സിങ്ക്, ക്രോമിയം, തുടങ്ങിയ ഘന ലോഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.വേമ്പനാടു കായലിലേക്ക്
വർഷകാലത്ത് മണിമലയാർ, അച്ഛൻ കോവിലാർ, മീനച്ചിലാർ, പമ്പ, മുവാറ്റുപുഴ, പെരിയാർ എന്നീ ആറു നദികളിലൂടെ വൻതോതിൽ ജലമെത്തിച്ചേരുന്നു. പശ്ചിമഘട്ട മലനിരകളിൽ നിന്നും വെള്ളത്തോടൊപ്പം വളരെ സമ്പുഷ്ടമായ പ്ലവങ്ങളും, ന്യൂട്രീയൻസും  ചേർന്നാണ് ഒഴുകി വരുന്നത്. ഇതാണ് വേമ്പനാടു കായലിന്റെ ജൈവസമ്പുഷ്ഠിക്കുള്ള പ്രധാന കാരണം. അതുകൊണ്ടാണ് മത്സ്യങ്ങളുടെ പ്രജജനം സാദ്ധ്യമാകുന്നതും മത്സ്യ പെരുമയുണ്ടാകുന്നതും. അതോടൊപ്പം കേരളത്തിന്റെ വ്യവസായ തലസ്ഥാനത്തു നിന്നും പെരിയാറിലൂടെ ഒഴുകി എത്തുന്ന രാസ കീടനാശിനികളും ഘന ലോഹങ്ങളും വേമ്പനാട്ടു കായലിനെ ഗുരുതരമായി മലിനീകരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാഡ്‌മിയം കേന്ദ്രീകരണം നടക്കുന്ന സ്ഥലം കൂടിയാണ് വേമ്പനാട് കായൽ. മുംബൈ ഹാർബറും ഗംഗാ ഈസ്ച്ചറിയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ 20 ശതമാനം അധികമാണ് കാഡ്മിയം കേന്ദ്രീകരണം. മറ്റു ഘന ലോഹങ്ങളും ഭീതിതമായ അളവിലാണ് ഇവിടെ എത്തിച്ചേരുന്നത്. ഇത് മത്സ്യങ്ങളിലും, കക്കയിലും അടിഞ്ഞ് കൂടി ഭക്ഷ്യശൃംഖലകളിലൂടെ മനുഷ്യരിൽ എത്തിയാൽ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കാം.
കേരളത്തിലെ കക്കയുല്പാദനത്തിന്റെ 70 ശതമാനവും വേമ്പനാടു കായലിന്റെ സംഭാവനയാണ്. പ്രതി വർഷം 25000 ടൺ കക്കയാണ് വേമ്പനാട്ടു കായലിൽ നിന്ന് വാരുന്നത്. പ്രതിമാസം 2614 ടൺ. ഒരാൾ ഏകദേശം 150 മുതൽ 200 കിലോ കക്ക വാരും. ഏകദേശം 4000 പേർ കക്ക വാരൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. ഒരു സ്ക്വയർ മീറ്ററിൽ 124 കക്ക വളരുമെന്ന് കണക്കാക്കുന്നു.
മറ്റൊരുപ്രധാന മലിനീകരണ ശ്രോതസ്സ് ഹൗസ് ബോട്ടുകളാണ്. ഏതാണ്ട് 604 ഹൗസ് ബോട്ടുകളും 18 കമ്പനികളും 308 സ്വകാര്യമോട്ടോർ ബോട്ടുകളും 33 സ്പീഡ് ബോട്ടുകളും കൂടാതെ 98 NOC യില്ലാത്ത ഹൗസ് ബോട്ടുകളും പ്രവർത്തിക്കണം. പ്രതിദിനം രണ്ടു ലക്ഷത്തി മുപ്പതിനായിരത്തി ഒരുന്നൂറ്റി അറുപത് ലിറ്റർ (230160 ലിറ്റർ) മലിനജലം കായിലേക്ക് ഇവ തള്ളുന്നുണ്ട്.ഇതു കൂടിയാകുമ്പോൾ കായൽ മലിനീകരണം ഗുരുതരമാകുന്നു.

അഷ്ടമുടി കായൽ

പതിമൂന്ന് ഗ്രാമപഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനുമുൾപ്പെട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട തണ്ണിർ തടമാണ് അഷ്ടമുടി കായൽ. കല്ലടയാറിലെ വെള്ളം വന്നു ചേരുന്ന അഷ്ടമുടി കായലിന് സമ്പന്നമായ ഇന്നലെകളുണ്ട്.1999 ൽ 6424 ഹെക്ടറും 2003 ൽ 6140 ഹെക്ടും 2006-ൽ 5734 ഹെക്ടറായും കായൽ ചുരുങ്ങിയിരിക്കുന്നു. 2002 ആഗസ്റ്റിലാണ് അഷ്ടമുടിക്കായൽ റംസാർ സൈറ്റിൽ ഉൾപ്പെടുത്തന്നത്. ഗുരുതരമായ മലിനീകരണമാണ് കായൽ നേരിടുന്നതു്. വിവിധ പഞ്ചായത്തുകളിലെയും കൊല്ലം കോർപ്പറേഷനിലെയും നഗരമാലിന്യങ്ങൾ വൻതോതിലാണ് കായലിലേക്ക് എത്തിച്ചേരുന്നത്. ഇത് കായൽ ജലത്തിന്റെ
ഗുണതയെ പൂർണ്ണമായും നശിപ്പിച്ചിരിക്കുന്നു. കൂടാതെ വൻ തോതിൽ ആശുപത്രി മാലിന്യങ്ങൾ എത്തിച്ചേരുന്ന മൂലം മലിനീകരണം കൂടുതൽ രൂക്ഷമാകുന്നു. വിക്ടോറിയ ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങളാണ് കൂടുതലും അഷ്ടമുടി കായലിനെ മലിനമാക്കുന്നത്. വർഷങ്ങളായി തുടരുന്ന അശാസ്ത്രീയമായ മണൽ കൊള്ളപ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു. ഇതിനു പുറമെയാണ് 1000- ത്തിലധികം യന്ത്രവൽകൃത ബോട്ടുകൾ കായലിൽ തലങ്ങും വിലങ്ങും ഓടുന്നതുമൂലമുണ്ടാകുന്ന മലിനീകരണം. അഷ്ടമുടി കായലിന്റെ മലിനീകരണത്തെ സംബന്ധിച്ച നടത്തിയ എല്ലാ പഠനങ്ങളും ഈ വസ്തുത അംഗീകരിക്കുന്നു. 2011-ൽ റസീന കാസിം എന്ന ഗവേഷക നടത്തിയ പഠനത്തിൽ
ജലത്തിൽ ബയോളജിക്കൻ ഓക്സിജൻ ഡിമാന്റ് ഒരു ലിറ്ററിൽ വെറും 9 മില്ലിഗ്രാം മാത്രമാണ് ഉള്ളതെന്ന് കണ്ടെത്തുകയുണ്ടായി. അതുപോലെ വെള്ളത്തില്‍  അലിഞ്ഞു ചേർന്നിട്ടു ഓക്സിജന്റെ അളവ് ഒരു മില്ലിഗ്രാമാണെന്നും, ടോട്ടൽ ഡിസോൾവ്ഡ് സോളിഡ് സിന്റെ (TDS ) അളവ് വളരെ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. 40- ഓളം വ്യത്യസ്ത ഇനത്തിൽപ്പെട്ട സസ്യങ്ങളും 57 ഇനം പക്ഷികളും അതിൽ (6 എണ്ണം ദേശാടന കിളികളാണ്.) 100 തരം മത്സ്യങ്ങളും അതിൽ 40 എണ്ണം നാശത്തിന്റെ വക്കിലാണ്. എന്നിരുന്നാലും ജൈവ വൈവിദ്ധ്യ കൊണ്ട് സമ്പന്നമാണ് അഷ്ടമുടി കായലും. 2001 കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ കായലിനരികിൽ ഒരു റിസോർട്ട് പണിത തോടുകൂടി സ്വകാര്യ കയ്യേറ്റങ്ങളും വർദ്ധിച്ചു. 2006 റവന്യൂ വകുപ്പിന്റെ നേതൃത്യത്തിൽ നടത്തിയ സർവ്വെയിൽ 30 കയ്യേറ്റങ്ങൾ കണ്ടെത്തുകയുണ്ടായി. അതിൽ 21 കയ്യേറ്റങ്ങളും 40 സെന്റിനു മുകളിലുള്ള കയ്യേറ്റങ്ങളായിരുന്നു. 2007 ൽ 100 ഏക്കർ നികത്തൽ ജില്ലാ ഭരണകൂടത്തിന്റെ മുൻ കൈയിൽ തടഞ്ഞിരുന്നു. 2016 പത്ത് ഹെക്ടർ കയ്യേറ്റം മുളവന ഭാഗത്ത് കണ്ടെത്തിയതുൾപ്പെടെ 501 കുളങ്ങൾ ഈ വില്ലേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹിന്ദു  പത്രം റിപ്പോർട്ട് ചെയ്യുന്നു. നീണ്ടകര, ചവറ, തെക്കുംഭാഗം, തേവലക്കം എന്നിവിടങ്ങളിലാണ് റിസോർട്ട് മാഫിയകൾ കൂടുതൽ കയ്യേറ്റങ്ങൾ നടത്തിയിട്ടുള്ളത്. കയ്യേറ്റങ്ങളും മലിനീകരണവും മത്സ്യ ബന്ധനത്തെ വലിയ പ്രതിസന്ധിയാക്കിരിക്കുന്നു. മത്സ്യലഭ്യതയിൽ വലിയ കുറവും സംഭവിച്ചിട്ടുള്ളതായ മത്സ്യതൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു.

ശാസ്താംകോട്ട തടാകം

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകവും വലിയ നിലനില്പ് ഭീക്ഷണി നേരിടുകയാണ്. 373 ഹെക്ടർ വിസ്തീർണ്ണവും  6.53 മീറ്റർ ആഴവും 12.69 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശവുമുള്ള ശാസ്താംകോട്ട തടാകം പേരു സൂചിപ്പിക്കുന്നതു പോലെ കൊല്ലത്ത് നിന്ന് 29 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൗരാണിക ക്ഷേത്രമായ ശാസ്താംകോട്ട അമ്പലം തടാകക്കരയിലാണ്. 7 ലക്ഷത്തിൽപരം ആളുകളുടെ കുടിവെള്ള  സ്രോതസ്സുകൂടിയാണ് ശാസ്താം കോട്ട തടാകം. തെക്കുഭാഗംകല്ലടയാർ അതിരു വക്കുന്ന പ്രകൃതിദത്ത അതിരും മറ്റു മൂന്നു ഭാഗങ്ങൾ കുന്നുകളാലും ചുറ്റപ്പെട്ടിരിക്കുന്നു. 2002 ൽ ഈ തടാകത്തെയും റാംസാർ സൈറ്റിൽ ഉൾപ്പെടുത്തി. കരിമീൻ ഉൾപ്പെടെ 27 തരം മത്സ്യങ്ങൾ ഈ ശുദ്ധജല തടാകത്തിൽ ഉള്ളതായി ഗവേഷകർ പറയുന്നു. ഇടാതെ 13 തരം പ്രാണികൾ 9 തരം ചിത്രശലഭങ്ങൾ, കൂടാതെ അമ്പലവുമായി ബന്ധപ്പെട്ടായിരിക്കണം ഡസൻ കണക്കിന് കുരങ്ങമാരെയും  ഇവിടെ കാണാം. എല്ലാ ജലാശയങ്ങളും പോലെ ശാസ്താംകോട്ട തടാകവും അതിജീവനത്തിനായുള്ള സമരത്തിലാണ്. അനധികൃതമായ മണൽ കൊളള തടാകത്തിന്റെ സ്വഭാവികതയെ പൂർണ്ണമായും നശിപ്പിച്ചിരിക്കുന്നു. മാത്രമല്ല തടാകത്തിനോടു ചേർന്നുള്ള അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും ഈ ശുദ്ധജല തടാകത്തെ
നാശത്തിലേക്കു ന്നതായി നാഷണൽ സെൻറർ ഫോർ എർത്ത് സ്റ്റഡീസും കൊച്ചി യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നു.

അതിരുവിടുന്ന കയ്യേറ്റങ്ങൾ -വൻകിട നിർമ്മാണങ്ങൾ

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തണ്ണീർതടമായ വേമ്പനാടു കായൽ ദ്രുതഗതിയിലുള്ള കയ്യേറ്റങ്ങൾക്ക് വിധേയമാരുകയാണ്. വൻകിട റിസോർട്ട് ഗ്രൂപ്പുകളും, ഫ്ളാറ്റു നിർമ്മാതാക്കളുമാണ് കയ്യേറ്റങ്ങളിൽ മുൻപിൽ നില്ക്കുന്നത്. വേമ്പനാട് കായലിലെ നെടിയൻ തുരുത്തിൽ മുത്തൂറ്റ് ഗ്രൂപ്പ് കായൽ കയ്യേറിയാണ് റിസോർട്ട് പണിതിട്ടുള്ളത്. ഏതാണ്ട് വെള്ളത്തിൽ പൊങ്ങി കിടക്കുകയാണെന്ന് തോന്നുന്ന വിധത്തിൽ 64 വില്ലകളാണ് പണി കഴിപ്പിച്ചിട്ടുള്ളത്. കൂടാതെ 7 സ്റ്റാർ ഹോട്ടലുണ്ട്. ഏതാണ്ട് 18 ഏക്കറോളം കായൽകയ്യേറിയിട്ടുള്ളതായി മത്സ്യതൊഴിലാളികൾ പറഞ്ഞു. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ഊന്നികൾ നശിപ്പിച്ചതിനെതിരെയും കായൽ കയ്യേറ്റത്തിനെതിരെയും മത്സ്യതൊഴിലാളികൾ ഹൈക്കോടതിയിൽ കേസു കൊടുത്തു. ആ കേസിൽ ഹൈക്കോടതി കയ്യേറ്റം പൊളിക്കാൻ ഉത്തരവിട്ടു. എന്നാൽ മുത്തൂറ്റ് ഗ്രൂപ്പ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രിം കോടതിയും കയ്യേറ്റം പൊളിക്കാൻ ഉത്തരവിട്ടു. എന്നാൽ  പൊളിക്കല്‍  ഹൈക്കോടതിയും, സുപ്രിം കോടതിയും പറഞ്ഞിട്ടും നടന്നിട്ടില്ല എന്നു മാത്രം.

ചിലവന്നൂർ കായലിലെ DLF ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കയ്യേറ്റമൊഴിപ്പിക്കാനും ഉന്നത നീതി പീഠം ഇടപെട്ടിട്ടും നടപടിയായില്ല. DLF നടത്തിയത് നഗ്നമായ നിയമ ലംഘനമാണെന്ന് ബോധ്യപ്പെട്ടിട്ടും നടപടി യുണ്ടാകുന്നില്ല എന്നത് ജനാധിപത്യ വ്യവസ്ഥിതിക്ക് കളങ്കമാണ്. കൊച്ചിയിൽ ചെറുതും വലുതുമായ 300 കയ്യേറ്റങ്ങളുണ്ടായിട്ടുള്ളതായി സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ 33കയ്യേറ്റങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരട് മുനിസിപാലിറ്റിയിൽ 18 കയ്യേറ്റങ്ങളും കോട്ടയത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കയ്യേറ്റവുമായി ബന്ധപ്പെട്ട് 73 വില്ലേജുകളിലെ റീസർവ്വെ ജോലികൾ പൂർത്തിയായതായും 54 വില്ലേജുകളിൽ റീസർവ്വെ പുരോഗമിക്കുന്നതായും എറണാകുളം കളക്ടർ കോടതിയെ അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെടാത്ത എത്രയോ കയ്യേറ്റങ്ങൾ, നികത്തലുകൾ ഉണ്ടാകും.

ഇതിനു പുറമെയാണ് വികസന പ്രവർത്തനങ്ങളുടെ മറവിൽ സർക്കാരും സർക്കാർ ഏജൻസികളും നടത്തുന്ന കയ്യേറ്റങ്ങൾ. എറണാകുളം ജില്ലയിൽ വേമ്പനാടു കായൽ തത്വദീക്ഷയില്ലാതെ നികത്താൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കൊച്ചിയിലെ ഇപ്പോഴത്തെ മറൈൻഡ്രൈവു പതിറ്റാണ്ടുകൾക്കു മുമ്പ് അസ്സൽ കായലായിരുന്നു. വികസന പ്രവർത്തനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ തണ്ണീർതടവും വയലും നികത്തപ്പെട്ടത് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനു വേണ്ടിയാണ്. ഇതോടെ ആ മേഖലയിലെ മത്സ്യ ബന്ധന സംവിധാനങ്ങൾ പാടെ തകർന്നു പോയി. പാരിസ്ഥിതിക അപരിഹാര്യമായ നഷ്ടമാണ് സംഭവിച്ചത്.

കൊച്ചിൻ പോർട്ട് ട്രസ്റ്റ് തണ്ണീർതടങ്ങൾ നികത്തി സ്വകാര്യ വ്യക്തികൾക്ക് നല്കുന്ന ഏജൻസിയായി മാറുന്ന കാഴ്ചയും നാം കണ്ടു. പുതുവൈപ്പിലെ ക്രൂഡോയിൽ സംഭരണകേന്ദ്രത്തിനും, LN Gപദ്ധതിക്കായും, LPG പദ്ധതിക്കായും നൂറു കണക്കിന് ഏക്കർ തണ്ണീർതടങ്ങളും വളരെ സമ്പുഷ്ടമായ (Productive) കണ്ടൽകാടുകളുമാണ് എന്നന്നേക്കുമായി നശിപ്പിക്കപ്പെട്ടത്. ഇത് മൂലം മത്സ്യമേഖലയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. വൈപ്പിൻ മേഖലയിയിലെ കായലിൽ കൂടുതലായി കണ്ടുവരുന്ന തിരുത
മീനുകളുടെ അളവിൽ വലിയ കുറവു സംഭവിച്ചതായി മത്സ്യതൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.CMFRI ഈ മേഖലയിൽ നിന്നാണ് തിരുതകുഞ്ഞുങ്ങളെ സംഭരിക്കുന്നതു്. മേല്പറഞ്ഞ പദ്ധതികൾ വന്നതിനു ശേഷം തിരുത കുഞ്ഞുങ്ങളുടെ ലഭ്യതയിൽ വലിയ കുറവു് സംഭവിച്ചതായി CMFRI യിലെ ശാസ്ത്രജ്ഞന്മാർ  സാക്ഷ്യപ്പെടുത്തുത്തുന്നു. കടൽ അതിവേഗം കരകവരുന്ന ഒരു പ്രദേശമാണിവിടം. ക്രൂഡ് ഓയിൽ സംഭരണ പാടങ്ങളും LN G യും വന്നതിനു ശേഷം കടൽ നിരവധി മീറ്റർ ഉള്ളിലേക്ക് കയറി കഴിഞ്ഞു. LPG പദ്ധതി പ്രദേശത്ത് കടൽ ചുറ്റുമതിലിനകത്ത് ഇടിച്ചു കയറുന്ന കാഴ്ച പ്രശ്നത്തിന്റെ ഗൗരവം എളുപ്പം ബോധ്യപ്പെടുത്തും. ബോൾഗാട്ടി പാലസിനടുത്ത് പോർട്ട് ട്രെസ്റ്റ് നികത്തി കായൽ ലുലു ഗ്രൂപ്പിന് നിസാര തുകയുടെ ലീ സിനാണ് പോർട്ട് കൈമാറിയത്. കൊച്ചി മെട്രോ റെയിലിനു വേണ്ടി ആലുവ മുട്ടത്ത് 250 ഏക്കറോളം നെൽവയൽ നികത്തപ്പെട്ടു.

അങ്ങിനെ വികസനത്തിന്റെ  പേര് വിനാശമെന്ന് തിരുത്തി വായിക്കേണ്ട ഗതികേടിലേക്ക് കേരളം പതിയെ മാറുകയാണ്.


Comments

comments