വര്‍ഷം 2004 ആണെന്നാണ്‌ എന്‍റെ ഓര്‍മ്മ.

ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം വീണ്ടും ഫോട്ടോഗ്രാഫിയിലേയ്ക്ക് തിരിഞ്ഞ വര്‍ഷമായിരുന്നു അത്.

ഒരു ദിവസം രാവിലെ വീട്ടിലെ ഫോണടിച്ചത് എടുത്തപ്പോള്‍ അങ്ങേതലയ്ക്കല്‍ രവി വര്‍മ്മയായിരുന്നു.

ടാ പടേ … ഞങ്ങള്‍ ഒരു മണിക്കൂറില്‍ പാലക്കാടെത്തും. ഇന്ന് നീ പണിയ്ക്കൊന്നും പോണ്ടാ.”

ഓഫീസില്‍ വിളിച്ചുപറഞ്ഞ്‌ ഒരു വിധത്തില്‍ ലീവൊപ്പിച്ചു

രവിയുടെ കൂടെ ഏഷ്യാനെറ്റിന് വേണ്ടി ഡോക്യുമെന്‍ററികള്‍ ചെയ്തുകൊടുക്കുന്ന അനീഷും ഉണ്ടായിരുന്നു.

ടാ… അനീഷിന് കുറെ അതിര്‍ത്തിഗ്രാമങ്ങളിലെ മനുഷ്യരുടെ കാര്യങ്ങള്‍ പകര്‍ത്തണം. പിന്നെ നമുക്ക് പ്ലാച്ചിമടയിലും തസ്രാക്കിലും കൂടിയൊന്നിറങ്ങണം“.

പ്രാതലിന് ശേഷം വണ്ടി നേരെ വാളയാറിലേയ്ക്ക് വിട്ടു. അന്ന് ഞാന്‍ അവിടെയുള്ള റെയില്‍വേ സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. കഞ്ചിക്കോട് കഴിഞ്ഞാല്‍ ദേശീയപാതയുടെ ഇടതുവശത്ത് നിരപ്പായ പാടവും അതിന്‍റെ അങ്ങേ അറ്റത്ത് പാലക്കാടന്‍ ചുരത്തിന്റെ ഒരതിരായ നീലഗിരിക്കുന്നുകളുടെ ആരംഭവും കാണുമാറാവും. ഏറെ ആവേശത്തോടെ അനീഷ്‌ അവയൊക്കെ പകര്‍ത്തുന്നുണ്ടായിരുന്നു. പുതിയതായി വാങ്ങിയ പെന്‍ട്ടാക്സ്‌ MZ60 -യില്‍ ഞാനും ഫോട്ടോസ് എടുത്തുകൊണ്ടിരുന്നു.

വാളയാറിലെ കാട്ടിനുള്ളിലായി പുഴയോട് ചേര്‍ന്ന് ഇരുളരുടെ ഒരു ഊരുണ്ട്.

നടുപ്പതി.

ഇടയ്ക്കൊക്കെ അവിടെ പോയിരുന്നത് കൊണ്ട് അവിടത്തെ മൂപ്പനെ എനിക്ക് പരിചയമുണ്ടായിരുന്നു.

(കഴിഞ്ഞ വര്‍ഷം 105 ആമത്തെ വയസ്സില്‍ മയില്‍സാമി എന്ന് പേരായ ആ മൂപ്പന്‍ അന്തരിച്ചു).

നടുപ്പതിയിലുള്ളത് ഒരു വനഭദ്രകാളി ക്ഷേത്രമാണ്. ഞങ്ങള്‍ പോകുമ്പോള്‍ അവിടെ എന്തോ പൂജ നടക്കുകയായിരുന്നു. അതൊക്കെയെടുത്തു കൊള്ളാന്‍ മൂപ്പന്‍ ഞങ്ങളെ അനുവദിച്ചു. പൂജ കഴിഞ്ഞ് മൂപ്പന്റെ കുടിയിലും പോയി കാണിക്കയും കൊടുത്ത്  ഒരല്പനേരം സംസാരിച്ച ശേഷം ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി.

അതിര്‍ത്തിയും കടന്ന് വണ്ടി തമിഴ് നാട്ടില്‍  കയറി. ഇടതുവശത്തുള്ള മലകള്‍ക്ക് ഉയരം കൂടി വന്നു. മലബാര്‍ സിമന്‍റ് കമ്പനിയുടെ ചുണ്ണാമ്പ് ഖനികള്‍ സ്ഥിതിചെയ്യുന്ന പണ്ടാരത്ത് മലനിരകളുടെ താഴ്വരയിലുള്ള രാജമ്മയുടെ വിസ്തൃതമായ പാടത്തിലേയ്ക്കുള്ള വഴിയില്‍ വണ്ടി നിര്‍ത്തി ഞങ്ങള്‍ നടന്നു. കാര്യങ്ങള്‍ സംസാരിക്കുമ്പോഴൊക്കെയും രാജമ്മ  ജോലിചെയ്തുകൊണ്ടേയിരുന്നു.

ചിറ്റൂരുകാരാണ് രാജമ്മയും  ഭര്‍ത്താവ് സുന്ദരനും. സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത അവര്‍, പണ്ടാരത്ത്മലയുടെ താഴ്വരയിലുള്ള ഈ മണ്ണ് ഒരു ഗൌണ്ടരില്‍നിന്നും പാട്ടത്തിനെടുത്ത് അവിടെ കൃഷിചെയ്തു ജീവിച്ച് വരികയായിരുന്നു.

പിന്നീട് , ഏഷ്യാനെറ്റില്‍ ആ ഡോക്യുമെന്‍റ്റി പ്രക്ഷേപണം ചെയ്തപ്പോള്‍ അനീഷ്‌ ഏറെ ശ്രദ്ധേയമായ ഒരു കാര്യം പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു.

ജലതര്‍ക്കങ്ങളോ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആകാംക്ഷയോ രാജമ്മേടത്തിയുടെ  പ്രശ്നങ്ങളില്‍ പെടുന്നില്ല. ലഭ്യമായ ജലം കൊണ്ട് ഈ പാടശേഖരത്തില്‍ കൃഷിചെയ്യുന്നതില്‍ മാത്രം ശ്രദ്ധിക്കുകയാണവര്‍. ടി.വി.യില്‍ വരാന്‍ പോകുന്നു എന്ന കാര്യമൊന്നും അവരെ അലട്ടിയിട്ടേയില്ല. എന്നോട് ഒന്ന് നിന്ന് സംസാരിക്കാന്‍ പോലും അവര്‍ക്ക് നേരമില്ല. ഈ പാടത്ത് നീണ്ടുനിവര്‍ന്ന് കിടക്കുന്നത് ഇവരുടെ ജീവിതം തന്നെയാണ്.”

വീണ്ടും കേരളത്തില്‍ കടന്ന ഞങ്ങള്‍ ദേശീയപാതയിലൂടെ ഫോര്‍ട്ട്‌ (ഇന്നത്തെ മലബാര്‍) ഹോസ്പിറ്റലിന് ശേഷം ഇടത്തേയ്ക്ക് തിരിഞ്ഞു. മമ്പ്രത്ത് എത്തി തസ്രാക്കിലേയ്ക്കുള്ള വഴി അന്വേഷിച്ചതും സംഗതികള്‍ മാറി.

“കുറച്ചു കൂടി പോയാല്‍ കൂമന്‍കാവായി. അവിടുന്ന് ആരോട് ചോദിച്ചാലും പറഞ്ഞുതരും.”

“ശരിക്കും ഒരു കൂമന്‍കാവുണ്ടോ?”

അനീഷിന് അത്ഭുതമായി.

“കൂമന്‍കാവ് മാത്രമല്ല അനീഷേ…ചിലപ്പോള്‍ നമ്മള്‍ നൈസാമലിയെപ്പോലും കണ്ടെന്ന് വരും.”

ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ പിടികിട്ടാതെ അനീഷ്‌ എന്നെ ചെരിഞ്ഞ് നോക്കി.

“എന്‍റെ അനീഷേ… നോവലിലെ പല കഥാപാത്രങ്ങളെയും ചിലപ്പോള്‍ നാം തസ്രാക്കില്‍ നേരിടേണ്ടിവരും. അങ്ങനെയൊക്കെയാണ് ഇപ്പോള്‍ അവിടുത്തെ കാര്യങ്ങള്‍.”

രവി അനീഷിനെ കാര്യം ബോദ്ധ്യപ്പെടുത്തി.

ഞാറ്റുപുരയിലെത്തിയശേഷം, ഒരല്‍പം കഴിഞ്ഞപ്പോള്‍ അനീഷിന് കാര്യം വ്യക്തമാകാന്‍ തുടങ്ങി.

നോവലിലെ പല കഥാപാത്രങ്ങളുടെയും “ബന്ധുമിത്രാദികള്‍” ഷൂട്ടിംഗ് കാണാന്‍ എത്തുകയും തങ്ങളെ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു

അന്ന് രോഗം മൂര്‍ഛിച്ച് വിജയന്‍ കിടപ്പിലായ ഒരു നേരമായിരുന്നു. പതിമൂന്നാംപള്ളിയും നിലാവത്ത് മൈമുന നീരാട്ട് നടത്തിയ പള്ളിക്കുളവും പകര്‍ത്തിയശേഷം ഞങ്ങള്‍ ഗെയ്റ്റിന്റെ അടുത്തെത്തിയപ്പോള്‍ അവിടെ ഒരു ചര്‍ച്ച മുറുകുകയായിരുന്നു.

“പിന്നെ ബെറ്തെയാ? പള്ളിയിനുള്ളില്‍ വച്ച് ആ പെണ്ണിനെ അയാളെന്തൊക്കെ ചെയ്ത്. പടച്ചോന്‍ വിടൂലാ….”

മുസലിയാരും കൂട്ടരും ഞങ്ങളെ തുറിച്ച് നോക്കുന്നതിനിടയില്‍ ഞങ്ങള്‍ വണ്ടിയിലേയ്ക്ക് കയറാന്‍ തുടങ്ങി.

വണ്ടി എടുത്തതേയുള്ളു. മുന്‍പില്‍ പ്രത്യക്ഷപ്പെട്ട രണ്ടുപേര്‍ കൈകാട്ടി. വണ്ടി ഞങ്ങള്‍ നിര്‍ത്തി.

“അതെന്താ.. നിങ്ങള്‍ പള്ളി മാത്രമേ എടുക്കുന്നുള്ളോ ? കുറച്ചങ്ങോട്ട്‌ പോയാല്‍ തിരുവാലത്തൂര്‍ അമ്പലമാണ്. അതും എടിത്തിട്ട് പുഗ്ഗിന്‍.”

അധികാരം കലര്‍ന്ന സ്വരത്തിലായിരുന്നു അയാള്‍ സംസാരിച്ചത്.

ലൈറ്റ് കുറഞ്ഞുവരികയാണെന്നും നാളെ പകല്‍ മുഴുവനും പാലക്കാടുള്ള അമ്പലങ്ങള്‍ എടുക്കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ തീരെ രസിക്കാത്ത മട്ടില്‍ ഞങ്ങളെ നോക്കിയ ശേഷം അവര്‍ പോയി.

“ഹലോ…നിക്കണേ..”

കയ്യുംതട്ടി ഉച്ചത്തില്‍ വിളിച്ചുകൂവിക്കൊണ്ട് ഒരാള്‍ ഓടിവരുന്നുണ്ടായിരുന്നു. അടുത്തെത്തിയിട്ട് ആകെ കിതച്ചുകൊണ്ടയാള്‍ പറഞ്ഞു.

“ഹാവൂ… നിങ്ങ പോയെന്നു ബിചാരിച്ചപ്പ നമ്മള് .. പിന്നെ .. നമ്മടെ മോല്ലാക്കാടെ വീട്ടില് മൈമുനാടെ മോള് ബന്നിട്ടിണ്ട്… ഓരെ കാണണ്ടേ നിങ്ങക്ക്?’

അനീഷ്‌ രവിയെയും എന്നെയും മാറി മാറി നോക്കി.

“പിന്നെ… കാണാണ്ടെ? നല്ല കാര്യം.”

“ഒരു നാഴിക പോയാല് ഒരു ചെറിയ ഇറക്കം വരും. അവടെ ആരോട് ചോദിച്ചാലും വീട് കാട്ടിതരും.”

ഗ്രാമപാതയായത് കൊണ്ട് വണ്ടി സ്പീഡ് കുറച്ചാണ് ഓടിച്ചിരുന്നത്. പെട്ടെന്നായിരുന്നു ഒരു കുട്ടി പാതയുടെ അരികില്‍നിന്നും ഓടി വണ്ടിയുടെ മുന്‍പില്‍ ചാടിയത്.

അവന്‍റെ പുറകില്‍ “അയ്യോ” എന്ന് നിലവിളിച്ചുകൊണ്ട് ഒരു മധ്യവയസ്ക്കനുമുണ്ടായിരുന്നു. കുട്ടിയുടെ അടുക്കലായി അവനെ മുട്ടാതെ വണ്ടി നിന്ന്.

“ബുദ്ധി തെളിയാത്തവനാ .. കണ്ണ് തെറ്റിയാ എന്തെങ്കിലും കാട്ടും ഇവന്‍. എന്നാലും നിങ്ങളൊന്ന് കൂടി സൂക്ഷിക്കണ്ടേ. വണ്ടി ഇടിച്ചിരുന്നെങ്കില്‍ എന്തായേനെ ?”

കുട്ടി അപ്പോഴേയ്ക്കും തുറന്ന വാതിലിലൂടെ സുമോയുടെ അകത്ത് കയറിക്കഴിഞ്ഞിരുന്നു.

രവിയുടെ മടിയില്‍ക്കയറി ഇരുന്ന ശേഷം അവന്‍ ഉറക്കെ ചോദിച്ചു.

“ചായ തതുവോ എനിക്കി ?’

ഞങ്ങളെല്ലാവരും ഒരു നിമിഷത്തേയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരായിപ്പോയി.

“ചായ തതുവോ എനിക്കി?”

അപ്പുക്കിളിയെ തന്നിലേയ്ക്ക് ചേര്‍ത്തുപിടിച്ചുകൊണ്ട് രവി സുമോയുടെ സീറ്റിലേയ്ക്ക് ചാഞ്ഞിരുന്നു.

വണ്ടിയുടെയുള്ളിലേയ്ക്ക് നോക്കിയ മദ്ധ്യവയസ്ക്കന്‍ ഒരു ചെറുചിരിയോടെ ചോദിച്ചു.

“പള്ളീല് പടം പിടിക്കാന്‍ വന്നവരാ?”

“ങ്ങാ… പഴയ മുസലിയാരുടെ വീട് ഇവിടെ അടുത്തല്ലേ?”

“ഹ.. ഇത് ഇപ്പ നന്നായി. ദാ.. മുസലിയാരുടെ പേരക്കുട്ടീടെ മോനല്ലേ ഇവന്‍.”

അയാളെയും കയറ്റി വണ്ടി നീങ്ങി.

“നിര്‍ത്തീ…. ദാ , എത്തിപ്പോയീ.”

പള്ളിയില്‍ നിന്നും പാടം മുറിച്ച് ഇതിനോടകം അവിടെ ചിലര്‍ വന്നു ഞങ്ങളുടെ വരവിനെക്കുറിച്ച് വിവരം നല്‍കിക്കഴിഞ്ഞിരുന്നു. ഒരു ചെറിയ ആള്‍ക്കൂട്ടം ഞങ്ങളെയും പ്രതീക്ഷിച്ച് അവിടെ നില്‍പ്പുണ്ടായിരുന്നു.

“മാറീ …”

അയാള്‍ ആളുകളെ ഒരു വശത്തേയ്ക്ക് മാറ്റിനിര്‍ത്തി.

അനീഷ്‌ ക്യാമറ ട്രൈപ്പോഡില്‍ വച്ച് ഷൂട്ടിംഗ് തുടങ്ങി.

“ആള്വോളെ കണ്ടിട്ട് അവള് അകത്തിരിക്ക്യാ… ഇപ്പ ബിളിക്കാം.”

അയാള്‍ അകത്തുപോയി എന്തോ കുശുകുശുത്തു.

വൈദ്യുതി ബള്‍ബിന്റെ അരണ്ട മഞ്ഞ വെളിച്ചത്തില്‍ കുളിച്ച് “മൈമുന”യുടെ മകള്‍ വാതില്‍പ്പടി താണ്ടി പുറത്തേയ്ക്ക് വന്നു.

തസ്രാക്ക് എന്നില്‍ ലൂയിഗി പിരന്ദലോയുടെ സ്മരണകള്‍ ഉണര്‍ത്തി . ഒരു കഥാകൃത്തിനെ തേടി അലയുന്ന കഥാപാത്രങ്ങളെക്കൊണ്ട് നിറഞ്ഞ ഒരു ഗ്രാമം.

ആളുകള്‍ വീണ്ടും തിരക്ക് കൂട്ടിയപ്പോള്‍ ഞാന്‍ വേലിയുടെ പുറത്ത്പോയി നിലകൊണ്ടു. പെട്ടെന്നായിരുന്നു അവള്‍ വേലിയരുകില്‍ വന്ന്‍, അതില്‍ ഒരു കയ്യും പിടിച്ച് കൌതുകത്തോടെ എന്നെയും നോക്കി നിന്നത്. ഖസാക്കിലെ  യാഗാശ്വമായിരുന്ന മൈമുനയുടെ കൊച്ചുമകളുടെ മകളായിരുന്നു അവള്‍.

സുഹറ (പേര് സാങ്കല്‍പ്പികം)യുടെ അടുക്കലേയ്ക്ക് അസറുദ്ധീന്‍ (പേര് സാങ്കല്‍പ്പികം) ഓടിവന്നു. അവളുടെ വലതുകരത്തില്‍ പിടിച്ച് അവന്‍ ഉറക്കെ ചോദിച്ചു.

“ചായ തതുവോ എനിക്കി…?”

എന്‍റെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കിയിരുന്ന അവളെയും അവളോട്‌ നിര്‍ത്താതെ ചായയ്ക്ക് വേണ്ടി കെഞ്ചിയിരുന്ന അവനെയും ഞാന്‍ ഇടയ്ക്കെപ്പോഴോ ഫിലിമില്‍ പകര്‍ത്തി.

അവര്‍ക്ക് പിന്നിലായി ഒരു ദുരന്തത്തിന്‍റെ അടയാളം പോലെ ആ ഒറ്റചെരിപ്പ് കിടന്നു.

പഥികന്റെ കാലിന്‍റെ പെരുവിരലിലെ വിങ്ങുന്ന വ്രണത്തോട് ചേര്‍ന്നൊട്ടിയ ആ പിഞ്ഞു പോയ പഴയ ചെരുപ്പ്….

2007 ലെ ഓണാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ഡി.ടി.പി.സി. യും ഇമേജ് ഫോട്ടോഗ്രാഫിക് സൊസൈറ്റിയും ചേര്‍ന്ന് ടൌണ്‍ ഹാളില്‍ ഒരുക്കിയ പാലക്കാടിനെക്കുറിച്ചുള്ള ഫോട്ടോ എക്സിബിഷനില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുകയും ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

“കരിമ്പനപ്പട്ടകളില്‍ കാറ്റ് പിടിക്കുമ്പോള്‍, പുക ചേര്‍ന്ന പാനീസുവെളിച്ചത്തിന്റെ താമരയിലവട്ടത്തില്‍, ബദരീങ്ങളുടെ ഉടയവനായ സെയ്യദ് മിയാന്‍ ഷെയ്ഖിന്റെ പാണ്ടന്‍ കുതിരയുടെ കുളമ്പടിയൊച്ചകള്‍ക്കൊപ്പം , പതിമൂന്നാം പള്ളിയില്‍ നിന്നും വടിയും കുത്തി, അള്ളാപ്പിച്ചമൊല്ലാക്ക , വ്രണം വിങ്ങുന്ന, കാലിലെ പെരുവിരലുമായി , ഇവിടേയ്ക്ക് , തിത്തിബിയുമ്മയുടെ അടുക്കലേയ്ക്ക് വന്നു കയറുമായിരുന്നു….”

ഒരു തീര്‍ത്ഥാടനം പോലെ , ഇതിഹാസത്തിന്‍റെ വായനക്കാര്‍ ഇന്നും തേടിയെത്താറുള്ള മൊല്ലാക്കയുടെ തസ്രാക്കിനടുത്തുള്ള വീടിനു മുന്‍പില്‍ , നിഴലില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് ഉറ്റുനോക്കുന്ന നാലാം തലമുറയിലെ സുഹറയും അവളുടെ കുഞ്ഞിക്ക അസറുദ്ധീനും ….

ഒരു കഥാകൃത്തിനെ കാത്തുനില്‍ക്കുന്ന രണ്ടു കഥാപാത്രങ്ങളോ ഇവര്‍?”

ഈ അടിക്കുറിപ്പോടെ പ്രദര്‍ശിപ്പിക്കപ്പെട്ട ഫോട്ടോ കാണാന്‍ തസ്രാക്കില്‍ നിന്നും ഏറെ പേരാണ് അന്ന് പ്രദര്‍ശനത്തിന് വന്നത്.

വിജയന്‍റെ മരണശേഷം പരിസ്ഥിതിപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ ലിജോ പനങ്ങാടന്റെ കൂടെ ഒരിക്കല്‍ തസ്രാക്കില്‍ പോയപ്പോള്‍ ഞാറ്റുപുരയും പരിസരവും വിജനമായിരുന്നു. തലയില്‍ക്കെട്ടുമായി ഒരു വൃദ്ധന്‍ സംശയഭാവത്തോടെ ഞങ്ങളെ സമീപിച്ചു.

“ങ്ങളെവുടുന്നാ..?”

രസച്ചരട് പൊട്ടാതിരിക്കാനായി ഞങ്ങള്‍ കൊച്ചിയില്‍ നിന്നും വരികയാണെന്ന് ഞാന്‍ പറഞ്ഞു.

“ചേട്ടന്‍റെ പേരെന്താ? ഇവിടെയാണോ വീട്?”

“ഞമ്മടെ പേര് മജീദ്‌നാ (ശരിക്കുമുള്ള പേരല്ല) .. ബൈകുന്നേരം നടക്കാന്‍ പുഗ്ഗുമ്പോഴോക്കെ എന്നെയാ കൂടെ കൂട്ടല്…”

“ആര്?”

“ഹ..! മൂപ്പരെ… ഇവിടെ താമസിച്ച് ആ കഥയൊക്കെ എഴുതിയില്ലേ? ഓര് തന്നെ.”

അഭിനയത്തികവ് കൈവന്നിരുന്നിട്ടില്ലാത്ത മജീദ്‌ പിന്നെയും അങ്ങനെ ഓരോ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു.

ഇടക്കാലത്ത്, എപ്പോഴോ തസ്രാക്ക് ഇങ്ങനെയൊക്കെയായി മാറി. ഒരു ജനത ഒരു നോവലിലെ കഥാപാത്രങ്ങളും അവരുടെ ബന്ധുക്കളുമായി തങ്ങളെ സ്വയം അവരോധിക്കുകയും, നോവല്‍ വായിച്ചു മത്ത്പിടിച്ച ഏറെ വായനക്കാര്‍ അത് വിശ്വസിക്കുന്നതില്‍ സുഖം കണ്ടെത്തുകയും ചെയ്തു തുടങ്ങി.

വിനോദസഞ്ചാരത്തിന്റെ പട്ടികയിലും തസ്രാക്ക് സ്ഥാനം പിടിച്ചു. ഞാറ്റുപുരയും പരിസരവും ആകെ മാറിപ്പോയതായി പരിചയക്കാരില്‍ പലരും പറഞ്ഞു.

കുറച്ചുനാളുകള്‍ക്ക് മുന്‍പ്, നിളയെക്കുറിച്ച് ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഫോട്ടോഡോക്യുമെന്ടറിയ്ക്ക് ഫോട്ടോസെടുക്കാന്‍ വേണ്ടി തസ്രാക്കില്‍ പോയപ്പോള്‍ അദ്ഭുതപ്പെട്ടു പോയി. പ്രദേശം ആകെ മാറിയിരിക്കുന്നു. ഞാറ്റുപുരയുടെ ഗ്രാമ്യതയൊക്കെ തിരിച്ചുകിട്ടാത്ത രീതിയില്‍ നഷ്ടപ്പെട്ടിരിക്കുന്നു.

ഒരിക്കല്‍ നെല്ലുണക്കാനിടാറുണ്ടായിരുന്ന തറയില്‍ അലങ്കാര പുല്ല് വളര്‍ത്തിയിട്ടുണ്ട്. കരിങ്കല്‍ പാത്തികള്‍ അവിടെയവിടെയായി പാകിയിട്ടുണ്ട്. പുരയെ കൌതുകം നിറഞ്ഞ വാത്സല്യത്തോടെ നോക്കിക്കൊണ്ട് വിജയന്‍ ഒരു പ്രതിമയായി അവിടെ നില്‍ക്കുന്നു. അതിനുചുറ്റും നാനാവിധങ്ങളായ പൂച്ചെടികളും കരിങ്കല്ലിലുള്ള കൊത്തുപണികള്‍ നിറഞ്ഞ ഫലകങ്ങളും ഒരുക്കിയിട്ടുണ്ട്.

രജിസ്റ്ററില്‍ പേരും വിലാസവും എഴുതിയ ശേഷം പുരയ്ക്കുള്ളില്‍ കയറി. വിജയന്‍റെ പല കാലങ്ങളിലായി എടുക്കപ്പെട്ട ഫോട്ടോഗ്രാഫുകളും അദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ ചില കാര്‍ട്ടൂണുകളും അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞാറ്റുപുരയുടെ പുറകിലായി ഒരു ചെറിയ ഓഫീസും സന്ദര്‍ശകര്‍ക്കുള്ള വിശ്രമമുറികളും ഒരുക്കിയിട്ടുണ്ട്. ഓഫീസിന്‍റെ പടിക്കെട്ടിന് കീഴിലുള്ള ഫലകത്തില്‍ പ്രശസ്ത നിരൂപകനായ ശ്രീ.ആഷാ മേനോനെ ശ്രീമതി.ആഷാ മേനോന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് വ്യസനമുണര്ത്തും.

ട്രൈപ്പോഡില്‍ ക്യാമറ ഘടിപ്പിച്ച് ഫോട്ടോസ് എടുത്തുകൊണ്ടിരുന്നപ്പോഴായിരുന്നു അയാള്‍ അടുത്തുവന്ന് നിന്നതും എന്‍റെ ശ്രദ്ധയാകര്ഷിക്കാനായി ചുമച്ചതും.

“ഞാന്‍ രാമകൃഷ്ണന്‍ (യഥാര്‍ത്ഥ പേരല്ല). ശിവരാമന്‍ നായരുടെ അനന്തരവന്റെ മോനായിട്ട് വരും.”

ഈ ഒരു കാര്യത്തില്‍ തസ്രാക്ക് ഏതായാലും മാറിയിരുന്നില്ല.

നേരം സന്ധ്യയോടടുത്തു.

അകലെ ചെതലിയുടെ താഴ്വരയില്‍ അസ്തമനമാണ്. പക്ഷെ ഞാറ്റുപുരയുടെ ജനാലയിലൂടെ പോക്കുവെയിലൊന്നും അകത്തേയ്ക്ക് വരികയോ അതിന്‍റെ സുഖജ്ജ്വരം അവിടെ പരക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.

“ങ്ങള്..ഇബടെ മുമ്പ് വന്നിരിക്കണ് ..ഇല്ലേ?”

രാമകൃഷ്ണന്‍ വിടാന്‍ ഭാവമുണ്ടായിരുന്നില്ല.

‘ഓ… അതൊക്കെ കുറെ മുമ്പല്ലേ..!!”

“ഞാന്‍ നിങ്ങളെ കണ്ടിരിക്കണേയ്.. അതല്ലെപ്പാ നോക്കീത്.”

അന്നത്തെ കാര്യങ്ങളൊക്കെ പറഞ്ഞ കൂട്ടത്തില്‍ ഞാന്‍ മൊല്ലാക്കയുടെ വീട്ടില്‍ പോയതും, അവിടെയെടുത്ത ആ ഫോട്ടോ പാലക്കാട് പ്രദര്‍ശനത്തിന് വച്ചതുമൊക്കെ അയാളോട് പറഞ്ഞു.

“ഓ.. ആ പെണ്ണൊക്കെ നിക്കാഹും കഴിഞ്ഞു ഇവിടന്നു പോയി. ആ ചെക്കനെ നിങ്ങ വരുന്നവഴിയ്ക്ക് കണ്ടിട്ടുണ്ടാവണമല്ലോ…”

“ഇല്ല… അവനെ ഞാന്‍ എങ്ങനെ കാണാനാണ്?”

“ഹായ്… വരണ വഴിക്ക് വഴിയോരത്ത് ഒരു കസേരയിലൊരു ചെക്കന്‍ ലോട്ടറി വിക്കണ കണ്ടില്ലേ നിങ്ങ.. അതവനല്ലേ…!!”

ഇങ്ങോട്ട് വരുമ്പോള്‍, വഴിയരുകില്‍ ഓലകളുടെ ഒരു കൂനയ്ക്കരുകില്‍ ഒരാള്‍ ലോട്ടറി വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഞാന്‍ സഞ്ചരിച്ചിരുന്ന ഓട്ടോ കണ്ടതും അവന്‍ കയ്യ് കാട്ടി. നീലനിറമുള്ള ഒരു കസേരയിട്ടിരുന്നെങ്കിലും അവന്‍ കാലുകള്‍ മടക്കിപ്പിടിച്ച് ഒരു പ്രത്യേകരീതിയില്‍ നിന്ന്കൊണ്ട് ചോദിച്ചു.

“ലാട്ടറി  വേണമാ… ലാട്ടറി?”

അവന്‍റെ ഭാവത്തിലും പെരുമാറ്റത്തിലും ഒരു പരിചിതത്വം എനിക്ക് അപ്പോള്‍ അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ രാമകൃഷ്ണന്‍ അവനെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു അതെന്താണെന്ന് ഒരു ഗ്രാഹ്യം കിട്ടിയത്.

എന്‍റെ ഫോണിന്‍റെ ഗാലറിയില്‍ ആ പഴയ ഫോട്ടോ കിടപ്പുണ്ടായിരുന്നു. ഞാനത് രാമകൃഷ്ണനെ കാണിച്ചു.

“ഹാ.. ഇത് തന്നെ ചെക്കന്‍. നിങ്ങളിത് കാട്ടികൊടിക്കിന്‍. വല്യ സന്തോഷാവും.”

തിരികെ പോകുമ്പോള്‍ ഓട്ടോ പതുക്കെയാണ് ഓമന വിട്ടത്. അസറുദ്ദീന്‍ ലോട്ടറിയും വിറ്റ് വീട്ടുപടിക്കല്‍ തന്നെയുണ്ടായിരുന്നു.

ഞാനിറങ്ങി അവന്‍റെയടുത്തു പോയി. ഓട്ടോയില്‍ നിന്നും ഇറങ്ങി ലോട്ടറിയെടുക്കാനായി വരുന്ന എന്നെ ഏറെ പ്രതീക്ഷയോടെ അവന്‍ നോക്കി.

“സാറെ… എത്ര ലാട്ടറി വേണം?”

“അസറെ .. ഇത് നീ തന്നെയല്ലേ എന്ന് നോക്കിയേ?”

അവന്‍ ഫോണിലേക്ക് ഉറ്റു നോക്കി. തിരിച്ചറിവ് അവന്‍റെ മുഖത്ത് വിസ്മയം പടര്‍ത്തി.

“എന്തേ..? എന്തേ ബേണ്ടത്‌? അവനൊരു ബുദ്ധിതെളിയാത്തോനാ…നിങ്ങ നമ്മളോട് ശോദിക്കിന്‍.”

വീട്ടില്‍നിന്നും ഒരു വൃദ്ധന്‍ ഇറങ്ങി വന്നു.

“ഇതൊന്നു നോക്കൂ… ഇത് ഇവന്‍ തന്നെയല്ലേ? ഞാന്‍ ഇവനെ ഇത് കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു.”

അയാള്‍ ആ ഫോട്ടോ നോക്കിയിട്ട് ചോദ്യഭാവത്തില്‍ എന്‍റെ നേരെ തിരിഞ്ഞു.

“പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് എടുത്തതാ. ഞാറ്റുപുരയില്‍ വച്ച് രാമകൃഷ്ണനാ ഇവന്‍ ഇവടെത്തന്നെയുള്ള കാര്യം പറഞ്ഞത്.”

അയാളെന്നെ നോക്കി ചിരിച്ചിട്ട് വീടിന്‍റെ അടുക്കലേയ്ക്ക് നടന്നു.

“ഐശൂ.. ഐശൂ…”

“ദാ..വരണ്” എന്നും പറഞ്ഞുകൊണ്ട് തട്ടമിട്ട ഒരു സ്ത്രീ ഉമ്മറത്തേയ്ക്ക് വന്നു.

“ഒന്നിബരെ കാട്ടിന്‍ സാറെ അത്.”

ഞാന്‍ അടുത്തേയ്ക്ക് നീങ്ങി അവര്‍ക്ക് ഫോണിലുള്ള ആ പഴയ ഫോട്ടോ കാണിച്ചുകൊടുത്തു.

“അയ്യോ.. ഇത് നിങ്ങ എപ്പ എടുത്തതെ?”

പണ്ട് ഒരു ദിവസം രാത്രി ഞങ്ങള്‍ അവിടെ വന്നതും ഫോട്ടോ എടുത്തതും  ഒന്നും അവരോര്‍ക്കുന്നുണ്ടായിരുന്നില്ല.

“വേലിയൊക്കെ പോയി ഈ മതില് വന്നു. പിന്നെ ബീടിന്റെ മുന്‍വശവൊക്കെ ഒന്ന് പുതുക്കി.”

അയാള്‍ ഭംഗിവാക്ക് പറഞ്ഞുനിന്നു.

ഞങ്ങള്‍ വീണ്ടും അസറുദ്ദീന്‍റെയടുക്കലേയ്ക്ക് നടന്നു.

അവന്‍ എന്‍റെ ഫോണിന്‍റെ നേരെ കൈനീട്ടിയപ്പോള്‍ ഞാന്‍ ആ ഫോട്ടോയെടുത്ത് അവനു കാണാന്‍ കൊടുത്തു. അവന്‍ ഒരു പ്രത്യേക ചിരിയോടെ അതും നോക്കിനിന്നു .

“ഇബനൊരു മാറ്റവുമില്ല സാറെ… ഞങ്ങളിനി കാണിക്കാത്ത ഡാക്കിട്ടര്‍മാരില്ല.”

അസറുവിന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി ഞാന്‍ കീശയിലിട്ടു.

“ഇവന്‍റെ ഇപ്പോഴുള്ള ഒരു ഫോട്ടോ എടുത്തോട്ടെ?”

“ആയ്ക്കോട്ടെ സാറെ. പത്രത്തിലൊക്കെ ബരുവോ സാറെ ഇത്?”

“ഏയ്‌..ഇത് ഞാന്‍ എനിക്ക് സൂക്ഷിക്കാന്‍ എടുക്കുന്നതല്ലേ. ഇനിയിതിലേ വരുമ്പോ നിങ്ങള്‍ക്കൊരു കോപ്പി തരാം കേട്ടോ.”

ആരോ പറയാന്‍ പഠിപ്പിച്ചപോലെ അസറു എന്‍റെ കയ്യില്‍ തോണ്ടിയിട്ട് “ബല്ല്യ കഷ്ടാണ്‌.. ലാട്ടറിയൊന്നും ആരും ഇബടെ ബാങ്ങൂല്ലാ ..” എന്ന് പറഞ്ഞു.

“ശരി..എന്നാ എനിക്ക് നീ ഒരു രണ്ട് ലോട്ടറി താ. “

അവന്‍റെ കയ്യില്‍ നിന്നും ലോട്ടറി വാങ്ങി, കാശും കൊടുത്ത ശേഷം ഞാന്‍ വീണ്ടും ഓട്ടോയില്‍ കയറി.

ഓമന വണ്ടി മുന്പോട്ടെടുത്തു.

തിരിഞ്ഞു നോക്കിയപ്പോള്‍ അസറുവും വാപ്പയും പടിയ്ക്കല്‍ തന്നെയുണ്ട്.

തസ്രാക്കില്‍ ഇതിഹാസത്തിന്റെ നോവുന്ന അലകള്‍ കെട്ടടങ്ങുന്നതേയില്ലല്ലോ…!

കരിമ്പനകളുടെ ചക്രവാളത്തില്‍ സന്ധ്യ കറുത്തുതുടങ്ങിയിരുന്നു.

പച്ചക്കിളികള്‍ കൂട്ടംചേര്‍ന്ന് പറന്നുപോവുന്നതും നോക്കി അപ്പുക്കിളി പടിക്കല്‍ നിന്നു.

“ഈ കിളിയ്ക്ക് എന്നും അന്തിയാണ് മാഷ്ഷേ “

മാധവന്‍ നായര്‍ പറഞ്ഞു.

“എന്നാലോ കൂടൊട്ട് പറ്റൂമില്ല.”

“ആരും കൂട്പറ്റാറില്ല മാധവന്നായരേ.”

“നേരാ, മാഷ്ഷേ.”

അപ്പോഴും, അസ്തമയത്തിലൂടെ, പനന്തത്തകളുടെ ധനുസ്സുകള്‍ പറന്നകന്നുകൊണ്ടിരുന്നു.


 

Comments

comments