ചിലപ്പോള്‍ ആംബ്രോസ് എന്ന എനിക്ക് ഇഷ്ടമുള്ള പേരുതന്നെയാകാം അയാൾ ആവര്‍ത്തിക്കുന്നത്. എങ്കിലതെത്ര രസകരമായ നിമിഷമായിരിക്കാം. എന്ത് മനോഹരമായിരിക്കാം. വരട്ടേ.. വരട്ടേ.. അങ്ങനെയല്ല സംഭവിക്കുന്നതെങ്കിലോ… അയാൾ ബെര്‍ണാഡ് എന്നോ റോസ് എന്നോ ആണ്, എന്നെ വിളിക്കുന്നതെങ്കിലോ? ആംബ്രോസ് എന്നത് എന്‍റെ പേരല്ല ശരി തന്നെ.പക്ഷേ ബെര്‍ണാഡ്, റോസ് എന്നത് എന്‍റെ പേരല്ലാ എന്നത് ഞാന്‍ നിഷേധിച്ചിട്ടില്ലല്ലോ. അപ്പോള്‍ എന്നെ വ്യക്തമായും തിരിച്ചറിയാവുന്ന ആരോ ആണ്, എന്‍റെ അടുത്തേയ്ക്ക് വേഗത്തിൽ നടന്നു വരുന്നതെന്നല്ലേ? തീര്‍ച്ചപ്പെടുത്താൻ വരട്ടെ. ആംബ്രോസ് എന്ന് ആവര്‍ത്തിച്ച് വിളിച്ച ശേഷവും അതിന്‍റെ ആനന്ദത്തിൽ ഞാൻ മുഴുകി നില്‍ക്കെ, “അയ്യോ!ആളുമാറിപ്പോയി” എന്ന് അയാള്‍ പറയുകയാണെങ്കിലോ? അപ്പോള്‍ എന്താണ്, ചെയ്യേണ്ടത്? അവ്യക്തതയുടെ നിമിഷ നേരമെങ്കിലും അബദ്ധത്തിൽ ആംബ്രോസ്ആകാൻ കഴിഞ്ഞതിൽ സന്തോഷിക്കണോ? അതോ അയാള്‍ക്ക് ശരിക്കുമൊരു പരിചയക്കാരനോ സുഹൃത്തോ ആംബ്രോസ് എന്ന പേരിലുണ്ടെന്ന കാരണത്താല്‍ ആംബ്രോസ് എന്ന എനിക്കേറ്റവുമിഷ്ടമുള്ള പേരിന്, എനിക്കല്ല മറിച്ച് അയാളുടെ സുഹൃത്തിനോ പരിചയക്കാരനോ ആണ്, അവകാശമെന്നതിനാൽ എനിക്ക് അസൂയ തോന്നാൻ ഇടയില്ലേ?അതും തീര്‍ച്ചയാക്കാൻ വരട്ടെ. ഒരുപക്ഷേ അയാളെന്നെ തെറ്റിദ്ധരിച്ച് ബ്രദര്‍ എന്നാണ്, വിളിച്ചതെങ്കിലോ?എന്‍റെയടുത്തേയ്ക്ക് വേഗത്തില്‍ നടന്നു വന്ന ശേഷം “അയ്യോ, ആളുമാറിപ്പോയി” എന്നു പറഞ്ഞാലോ? ആംബ്രോസ് എന്നത് എന്‍റെ പേരല്ല ശരി തന്നെ. പക്ഷേ ഞാന്‍ ആണാണോ പെണ്ണാണോ മറ്റു വല്ലതുമാണോ എന്നൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലല്ലോ. അതുകൊണ്ട് അകലക്കാഴ്ച്ചയില്‍ നിന്നുള്ള ലിംഗപരമായ സംബോധനയില്‍ അയാള്‍ക്ക്പിഴവ് പറ്റിയതാണെങ്കിലോ? ഇനി ബെര്‍ണാഡ് എന്നോ റോസ് എന്നോ വീണ്ടും വിളിച്ചുകൊണ്ട് അയാളെന്‍റെ അരികിലെത്തിയ ശേഷം “അയ്യോ! ആളുമാറിപ്പോയി” എന്നു പറയാൻ സാദ്ധ്യതയില്ലേ? ഉവ്വെന്ന് തീര്‍ച്ചയാക്കാൻ വരട്ടെ. ആംബ്രോസ്എന്നതെന്‍റെ പേരല്ല എന്നത് ശരി തന്നെ. പക്ഷേ ബെര്‍ണാഡ്, റോസ് എന്നതെന്‍റെ പേരല്ല എന്ന് നിഷേധിച്ചിട്ടില്ല എന്നേ പറഞ്ഞിട്ടുള്ളൂ. അതെന്‍റെ പേരാകാനും സാദ്ധ്യതയുണ്ട്. പക്ഷേ എന്നിട്ടും “അയ്യോ!ആളുമാറിപ്പോയി” എന്നു അയാൾ പറയണമെങ്കില്‍ എന്‍റെ പേരതല്ലായിരിക്കാം.എന്‍റെ പേരതായിരിക്കാം. എന്‍റെ പേര്, അതാണെങ്കില്‍ അയാളുദ്ദേശിച്ചത് മറ്റൊരു ബര്‍ണാഡിനേയോ റോസിനേയോ ആണ്. അങ്ങനെ തീര്‍ച്ചയാക്കാമോ? ആംബ്രോസ് എന്നത് എന്‍റെ പേരല്ലെന്നത് ശരി തന്നെ.പക്ഷേ അയാളുദ്ദേശിച്ച ബര്‍ണാഡോ റോസോ ഞാൻ തന്നെയാകാം, വേഗത്തില്‍ നടന്നുവന്ന ശേഷം അരികിലെത്തിയിട്ടും അയാള്‍ക്കെന്നെ മനസ്സിലാകാഞ്ഞതാണെങ്കിലോ? അങ്ങനേയും സംഭവിക്കാമല്ലോ? എത്രയോ തവണ സംഭവിച്ചിട്ടുണ്ട്. വളരെ പരിചയമുള്ള ആളുകള്‍ നമ്മുടെ മുന്നിലെത്തിയിട്ടും നമ്മെ തിരിച്ചറിയാത്തതു പോലെ കടന്നുപോകുന്നു. അതിനര്‍ത്ഥം എല്ലാക്കാലവും അവര്‍ നമ്മെ തിരിച്ചറിയാതെ പോകുന്നു എന്നല്ല. മറ്റൊരവസരത്തില്‍ അവർ നമ്മെ തിരിച്ചറിഞ്ഞേക്കാം. പക്ഷേ ചില അവസരങ്ങളിൽ അവർ നമ്മെ തിരിച്ചറിയാതെ കടന്നു പോകുന്നു. അത് പലകാരണങ്ങൾ കൊണ്ടാകാം. ചെറിയ നീരസം, ശ്രദ്ധക്കുറവ്, ഭിന്നമായ മാനസിക നില, കഠിനമായ ഉത്കണ്ഠ, കാഴ്ച്ചക്കുറവ്, ഓര്‍മ്മക്കുറവ്… തീര്‍ന്നോ? ഇല്ലില്ല. ഒരുപക്ഷേ നമ്മുടെ കൂടെയുള്ള ആളുടെ സാന്നിദ്ധ്യവും കാരണമായേക്കാം. ഇവിടെ അങ്ങനെയാണെന്ന് വരുമോ? ആംബ്രോസ് എന്ന പേര്, അതെനിക്ക് ഏറെ ഇഷ്ടമാണെങ്കിലും അതെന്‍റെ പേരല്ല എന്നു മാത്രമേ ഞാന്‍ സമ്മതിച്ചിട്ടുള്ളൂ. എന്‍റെ കൂടെ ആരെങ്കിലുമുണ്ടോ എന്ന് ഞാനിതുവരെ പറഞ്ഞിട്ടില്ലല്ലോ. അപ്പോള്‍ സാദ്ധ്യതകള്‍ഇനിയും പലതായ് പിരിയുന്നു. ആംബ്രോസ് എന്ന പേര്, അയാള്‍ വിളിച്ചത് എന്നെയാകണമെന്നില്ല. അ പേരിനോടുള്ള കൊതി കൊണ്ട് ഞാനൊരുപക്ഷേ തിരിഞ്ഞുനോക്കിപ്പോയതാകാം. എന്‍റെ കൂടെയുള്ള ആളോ ആളുകളോ തിരിഞ്ഞു നോക്കിയെന്നുവരാം. അവരിലാരെങ്കിലും ആംബ്രോസ് ആണെന്നു വരാം. അങ്ങനെയാണെങ്കിൽ അയാള്‍ക്ക് ആംബ്രോസ് എന്നു പേരുള്ള സുഹൃത്തോ പരിചയക്കാരനോ ഉണ്ടെന്ന കാരണത്താല്‍ എനിക്ക് വല്ലാതെ അസൂയ തോന്നേണ്ട കാര്യമില്ല. കാരണം ആംബ്രോസ്എന്നു പേരുള്ള ഒരു കക്ഷി എന്‍റെ കൂടെയുമുണ്ട്. അതുകൊണ്ട് അയാളോട് അസൂയ തോന്നേണ്ട ഒരു കാര്യവുമില്ല. പക്ഷേ എന്‍റെ കൂടെയുള്ള ആംബ്രോസിനോട് എനിക്ക്അസൂയ തോന്നുമോ? എന്‍റെ കൂടെയുള്ളത് ബര്‍ണാഡോ റോസോ ആണെങ്കിലോ? ബര്‍ണാഡിനേയോ റോസിനേയോ ആണ്അയാള്‍ ആംബ്രോസ് എന്ന് വിളിച്ചതെങ്കിലും എനിക്ക് അസൂയ തോന്നാന്‍ സാദ്ധ്യതയുണ്ട്. കാരണം അയാള്‍ക്ക് ആംബ്രോസ് എന്ന എനിക്കേറെ ഇഷ്ടമുള്ള പേരില്‍ ഒരു പരിചയക്കാരനോ സുഹൃത്തോ ഉണ്ട്. എനാല്‍ എന്‍റെ കൂടെയുള്ള കക്ഷി ബര്‍ണാഡോ റോസോ ആണ്. നില്‍ക്കട്ടേ നില്‍ക്കട്ടേ… എന്‍റെകൂടെ ആളുണ്ടെന്നോ ഇല്ലെന്നോ ഞാൻ തീര്‍ച്ച പറഞ്ഞിട്ടില്ലെന്ന കാര്യം മറക്കരുത്.
അയാള്‍ റോസ് എന്നോ ബെര്‍ണാഡ് എന്നോ തന്നെയാണ്, വിളിക്കുന്നതെന്നിരിക്കട്ടെ, അവര്‍ റോസോ ബര്‍ണാഡോ തന്നെ ആകട്ടെ, അപ്പോഴും അതയാള്‍ ഉദ്ദേശിച്ച റോസോ ബര്‍ണാഡോ ആകണമെന്നില്ലല്ലോ. അടുത്തെത്തിയ ശേഷം, “അയ്യോ! ആളുമാറിപ്പോയി” എന്നയാള്‍ പറയാൻ സാദ്ധ്യതയില്ലേ? ഇനി റോസിനേയോ ബര്‍ണാഡിനേയോ ആണ്, അയാള്‍ തെറ്റി വിളിച്ചതെങ്കിൽ തന്നെയും നിമിഷനേരമെങ്കിലും ആംബ്രോസ് ആയി മാറാന്‍ കഴിഞ്ഞ റോസിനോടോ ബര്‍ണാഡിനോടോ എനിക്ക്അസൂയ തോന്നാൻ സാദ്ധ്യതയില്ലേ? തിരിച്ചറിയലുകളും സംബോധനയുമെല്ലാം അവിടെ നില്‍ക്കട്ടെ. അയാള്‍ വിളിച്ചത് ആംബ്രോസ് എന്നു കേട്ടിട്ടാണ്, ഞാൻ തിരിഞ്ഞു നോക്കിയതെന്നത് ശരി തന്നെ. പക്ഷേ എന്‍റെ കൂടെ ആരെങ്കിലുമുണ്ടെങ്കില്‍ അവരും അത് ആംബ്രോസ് എന്നു തന്നെ കേള്‍ക്കണമെന്നില്ലല്ലോ. ഞാന്‍ തെറ്റിദ്ധരിച്ചതാണെങ്കില്‍ അവർ ഒരുപക്ഷേ ബ്രദര്‍, ബര്‍ണാഡ്, റോസ്, ഇതൊന്നുമല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണ്, കേട്ടതെങ്കിലോ? ഇനി അയാളുടെ വിളി തന്നെ അവര്‍ ശ്രദ്ധിക്കാതിരിക്കാനും സാദ്ധ്യതയുണ്ട്. ഏറ്റവും കൂടിയ അപകടം ഇനി വരാനിരിക്കുന്ന സാദ്ധ്യതയാണ്. അയാള്‍ എന്തു തന്നെ വിളിച്ചോട്ടെ. പക്ഷേ ഞാന്‍ കേട്ടത് ആംബ്രോസ് എന്നാണ്. എന്‍റെ കൂടെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരും ഒരുപക്ഷേ ആംബ്രോസ് എന്നുകേട്ടിരിക്കാൻ സാദ്ധ്യതയുണ്ട്. ഇല്ലേ? അവരുടെ പേര്, ആംബ്രോസ്എന്നല്ലയിരുന്നിട്ടും അവര്‍ തിരിഞ്ഞു നോക്കിയെങ്കിൽ അവര്‍ക്കും ആംബ്രോസ്എന്ന പേരിനോട് എന്തോ താൽപ്പര്യമുണ്ടെന്നു വരുമോ? ആംബ്രോസ് എന്ന പേരുകാരല്ലെങ്കിലും ആ വിളി കേള്‍ക്കാൻ കൊതിക്കുന്നവർ കൂടെയുണ്ടെങ്കിലോ? ആംബ്രോസ് എന്ന പേരെനിക്കില്ല എന്നതു ശരി തന്നെ. പക്ഷേ ആ പേരിനെ അകമഴിഞ്ഞ്സ്നേഹിക്കാനും തരപ്പെടുത്താനുമുള്ള കൊതി എനിക്ക് പങ്കിടേണ്ടി വരുമോ? കൌതുകങ്ങളായ കൊതികളെ പോലും പങ്കിടേണ്ടുന്ന അവസ്ഥ! എന്തൊരു ദുരവസ്ഥയാകുമത്? എന്തായാലും പേരു വിളിച്ചയാള്‍ വേഗത്തില്‍ നടന്നു വരുന്നുണ്ട്.അടുത്തെത്താറായിരിക്കുന്നു. അയാള്‍ വായ തുറക്കുന്നുണ്ട്. അടുത്ത തവണ ഒരുപേരോ സംബോധനയോ ആവര്‍ത്തിക്കുന്നതോടെ എല്ലാം പരിഹരിക്കപ്പെടാനുള്ള സാദ്ധ്യതകളേക്കാള്‍ എല്ലാം കുഴപ്പിക്കാനുള്ള സാദ്ധ്യതയാണ്കൂടുതല്‍. ഇനി അടുത്തെത്തിയ ശേഷവും അയാള്‍ ആ പേര്, വിളിക്കുന്നില്ലെങ്കിലോ? കണ്ടു മടുത്ത പല നര്‍മ്മ രംഗങ്ങളിലും വലിയ രഹസ്യം വെളിപ്പെടേണ്ടുന്ന സമയത്ത് അത് പറയുന്നയാള്‍ കുഴഞ്ഞു വീഴുന്നത് കണ്ടിട്ടില്ലേ? അയാള്‍ അടുത്തെത്തി ആംബ്രോസ് എന്ന എനിക്കേറ്റവും ഇഷ്ടമായ പേര്, വിളിക്കാതെ തന്നെ കുഴഞ്ഞ് വീഴുകയാണെങ്കിലോ? അയാളെന്‍റെ പരിചയക്കാരനല്ലെന്നത് ശരി തന്നെ. പക്ഷേ കുഴഞ്ഞു വീഴുന്നതിനു മുന്നേ അയാളെന്നെയാണ്ഒച്ചയുണ്ടാക്കി വിളിച്ചതെന്ന ഒറ്റക്കാരണത്താല്‍ എനിക്കയാളുമായി വൈകാരികബന്ധം ഉണ്ടാകില്ലേ? ആംബ്രോസ് എന്നാണ്, അയാള്‍ തൊട്ടു മുന്നേ വിളിച്ചതെങ്കില്‍ എനിക്കേറെ ഇഷ്ടമായ പേര്, എന്‍റേതല്ലായിരുന്നിട്ടും എന്നെവിളിച്ച ശേഷമാണ്, കുഴഞ്ഞ് വീഴുന്നതെങ്കില്‍ അതിവൈകാരികമായ ഒരു ബന്ധം ഉണ്ടാകില്ലേ?
Be the first to write a comment.