ലീവ് നിറത്തിലെ പൂക്കളുള്ള അനാബെല്ലയുടെ പ്ലീറ്റഡ് സ്കര്‍ട്ട് ജുമൈറ ബീച്ചിലെ കാറ്റിന്‍റെ ഇളക്കത്തില്‍ അവളുടെ മെഴുകു മിനുസമുള്ള കാല്‍വണ്ണകളില്‍ മുട്ടിയുരുമ്മി. മാര്‍ഗ്ഗരീറ്റ കഫേയുടെ മുന്നിലെ കുട ചൂടിയ വട്ടമേശകളില്‍ രണ്ട് കസേരകളുള്ളതിലൊന്ന് അവള്‍ തിരഞ്ഞെടുത്തു. സ്ഥിരം സഹഗാമിയായ ഹാന്‍ഡ്ബാഗിനുള്ളിൽ നിന്ന് പരതിയെടുത്ത കൈവെള്ളയില്‍ ഒതുങ്ങുന്നമുഖക്കണ്ണാടി നോക്കി മസ്കാരയ്ക്കും ലിപ് ഗ്ലോസ്സിനും ഒരു പാളി കൂടി കനം കൂട്ടി. ഇംതിയാസ് അലിയുടെ നമ്പറിനായി അനാബെല്ലയുടെ ചൂണ്ടു വിരല്‍ ഐഫോണിന്‍റെ മാറിലൂടെ തെന്നി.

വ്യാഴാഴ്ച്ച വൈകുന്നേരങ്ങളില്‍ ജുമൈറയിൽ എന്തൊരുതിരക്കാണ്. തൊലിയുടേയും മുടിയുടേയും നിറവ്യത്യാസങ്ങളും മുഖത്തിന്‍റെ നീട്ടവും കുറുക്കും മൂക്കിന്‍റെ മൂര്‍ച്ചയും വിശാലതയും എല്ലാമെല്ലാം മനുഷ്യരെ വ്യത്യസ്ത ഭൂഖണ്ഡങ്ങളാക്കി തിരിക്കുന്നു. എന്തെല്ലാം മനുഷ്യഭേദങ്ങള്‍ !!

ഒരാഴ്ച്ചയുടനീളം നെഞ്ചില്‍ പറ്റിപ്പിടിച്ചിരുന്ന ജോലിഭാരത്തിന്‍റെ കാല്‍ക്കീഴില്‍ നിന്നും ദുബായ് നഗരത്തിന്, രണ്ടു ദിവസത്തേയ്ക്കൊരു മോചനം. ജുമൈറയിലെ “ദ വാക്ക്” റോഡിലെ ഇറ്റാലിയന്‍, യൂറോപ്പിയന്‍ , ചൈനീസ്, ഇന്ത്യന്‍, അറബിക് ക്യൂന്‍സിനുകളിൽ നിന്ന് പലതരം ചീസും മത്സ്യവും മാംസവും മസാലക്കൂട്ടുകളും വേവുന്ന മദിപ്പിക്കുന്ന ഗന്ധം. അനാബെല്ലയെ സേവിക്കുവാനായി ശിഷ്ഠജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നു എന്ന ഭാവത്തോടെ നിന്ന ഫിലിപ്പിനോ വെയിറ്ററോട് അവള്‍ ഒരു ഇറ്റാലിയൻ പിസ്സയ്ക്ക്ഓര്‍ഡർ കൊടുത്തു. പിസ്സയോടൊപ്പം അവനുമെത്തി. ഇംതിയാസ് അലി. ഒരു അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിയിലെ തിരക്കുള്ള റിപ്പോര്‍ട്ടർ . കഴിഞ്ഞവ്യാഴാഴ്ച്ച കണ്ടു പിരിഞ്ഞ നേരത്ത് ചുണ്ടിന്റെ കോണിലുണ്ടായിരുന്ന ചിരിവാടാതെ കൊഴിയാതെ അവിടെ തന്നെയുണ്ട്.

 പിസ്സയുടെ തടിച്ച കഷ്ണം കടിച്ചു കൊണ്ട് അലി പറഞ്ഞു, “ഇന്ന് ഒരു ഹാപ്പി ന്യൂസും സാഡ് ന്യൂസുമുണ്ട് അന്നാ” .

 ഓ കെ ഹാപ്പി ന്യൂസ് ഫസ്റ്റ്”.  ചുണ്ടില്‍ പടര്‍ന്ന ചീസ് ടിഷ്യൂ പേപ്പറാൽ ശ്രദ്ധയോടെ തുടച്ചുകൊണ്ടവള്‍ പറഞ്ഞു.

 ഹൈദ്രാബാദില്‍ നിന്ന് വക്കീൽ വിളിച്ചിരുന്നു.  എന്‍റെ ഡൈവോഴ്സ് കേസ് തീര്‍പ്പായി “.

മഴ പെയ്യുമെന്ന പ്രത്യാശയില്‍ ദിവസങ്ങൾ തള്ളി നീക്കുന്ന മരുഭൂമികളേ പോലെ ഈ ഒരു വാര്‍ത്തയ്ക്കായുള്ള അനാബെല്ലയുടെ കാത്തിരിപ്പിന്, മൂന്നു വര്‍ഷംപ്രായം. ഇംതിയാസ് അലിയ്ക്ക് ഓര്‍ക്കാപ്പുറത്ത് മുളച്ചൊരു പ്രണയം വിവാഹത്തിൽ എത്തപ്പെടുകയും തുടര്‍ന്നുള്ള ഒരു വര്‍ഷം പൊരുത്തക്കേടുകളാൽ മാത്രം തങ്ങളി തിരിച്ചറിയുകയും ചെയ്ത ദാമ്പത്യം ഇന്നിതാ നിയമപരമായി പരിസമാപ്തിയിലെത്തിയിരിക്കുന്നു.പരിചിതമല്ലാത്ത പാതകളിലൂടെ സഞ്ചരിക്കവേ അപ്രതീക്ഷിതമായി കാലിൽ ചുറ്റിപ്പിടിച്ച കാഞ്ഞിരവള്ളിയില്‍ നിന്ന് കേടുപാടുകള്‍ കൂടാതെ കുരുക്കഴിച്ചെടുത്തിരിക്കുന്നു. 
ഇനി സാഡ് ന്യൂസ്”  ഇടത്തെ പുരികത്താല്‍ വില്ലു കുലച്ചു കൊണ്ടവൾ ചോദിച്ചു.
ഈ വിധം ഒരു സാഹചര്യം വന്നു ഭവിച്ചാല്‍ അനാബെല്ല സ്വന്തമായി നടത്തി വരുന്ന ക്ലിനിക്കും അവളുടെ ഫ്ലാറ്റുമെല്ലാം എന്തു ചെയ്യണമെന്ന് നേരത്തേകൂട്ടി തീരുമാനിച്ചതു പോലെയുള്ള മറുപടി. രാത്രി ഏറെ വൈകിയും ബീച്ചിലെ മണല്‍ത്തിട്ടയിലിരുന്ന ഇംതിയാസിന്‍റെയും അനാബെല്ലയുടേയും കൊച്ചുവര്‍ത്തമാനം അറബിക്കടൽ നിശബ്ദമായി ഒളിഞ്ഞു കേള്‍ക്കുന്നുണ്ടായിരുന്നു.

Comments

comments