I confused things with their names: that is belief
                                          – Jean Paul Sartre

അയാളെന്നെ വിളിച്ച പേര്, ആംബ്രോസ് എന്നായിരുന്നു. അതെന്‍റെ പേരല്ലായിരുന്നിട്ടും ഞാന്‍തിരിഞ്ഞു നോക്കി. കാരണം ആംബ്രോസ് എന്ന പേര് എനിക്കിഷ്ടമായിരുന്നു. ആരെങ്കിലും എന്നെ ആംബ്രോസ് എന്നു വിളിക്കണമെന്നും കൊതിയുണ്ടായിരുന്നു.പക്ഷേ എന്നെ അങ്ങനെ വിളിക്കാന്‍ ആഗ്രഹിച്ചിരുന്നവരുടെ കൂട്ടത്തിൽ അയാളുണ്ടോ എന്നെനിക്കുറപ്പില്ല. പക്ഷേ എന്നിട്ടുമെന്തേ അയാളെന്നെ ആംബ്രോസ്എന്നു വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയത്? ഇനി അയാളെന്നെ ആംബ്രോസ്എന്നു തന്നെയാണോ വിളിച്ചത്? സംശയം കൂടുന്നുണ്ട്. ചെടിപ്പിക്കുന്ന സോദരഭാവേന ബ്രദർ എന്നെങ്ങാനുമാണോ? ഇനി വല്ല ബേര്‍ണാഡ് എന്നോ റോസ് എന്നോ മറ്റോആണോ? വലഞ്ഞല്ലോ! തിരിഞ്ഞു നോക്കിയതിന്‍റെ അര്‍ത്ഥം അയാളുടെ വിളിയ്ക്ക്പ്രതികരണമുണ്ടായി എന്നാണ്, അതിന്, തുടര്‍ച്ചയായി എന്‍റെയടുത്തേയ്ക്ക് വേഗത്തില്‍ നടന്നു വരുന്ന അയാള്‍ക്കായി ഞാൻ നിന്നു കൊടുക്കേണ്ടതുണ്ട്. ഓഹ്! അതെന്തിനാണ്? അയാളൊരു പേരു വിളിച്ചു, ഞാന്‍ തിരിഞ്ഞു നോക്കി.അത്രയല്ലേ സംഭവിച്ചുള്ളൂ. ആംബ്രോസ് എന്ന പേരുവിളിയ്ക്ക്,ഇനി വിളിച്ചത്ആംബ്രോസ് എന്നല്ലെങ്കിൽ അയാൾ വിളിച്ച മറ്റേതെങ്കിലും പേരിന്, അതല്ലെങ്കില്‍ സോദര ഭാവേനയുള്ള സംബോധനയ്ക്ക്, മറ്റൊന്നുമല്ലെങ്കില്‍അയാളുണ്ടാക്കിയ ഒരു ഒച്ചയനക്കത്തിന്, പ്രതികരണമായി ഞാന്‍ നോക്കിപ്പോയി എന്നല്ലേയുള്ളൂ. പിന്നെന്തിനാണ്, വേഗത്തില്‍ എന്‍റെയടുത്തേയ്ക്ക് വേഗത്തില്‍ നടന്നു വരുന്ന അയാള്‍ക്കായി ഞാൻ നിന്നു കൊടുക്കേണ്ടത്? കഴുത്ത് മുന്നോട്ടു തന്നെ തിരിച്ച് നടന്നു പോയാല്‍ തീരാവുന്ന പ്രശ്നമല്ലേ ഇതിലുള്ളൂ. പക്ഷേ അങ്ങനെ ചെയ്താല്‍ ഒരിക്കൽ കൂടി അയാൾ ആ പേരോ സംബോധനയോ ആവര്‍ത്തിക്കും. അതോടെ ഒരുപക്ഷേ എന്‍റെ അവ്യക്തത  പൂര്‍ണമായും നീങ്ങും.

Comments

comments