എന്തൊക്കെയാണ്, ചിന്തിക്കുന്നത്? അയളെന്നെ ആംബ്രോസെന്നോ റോസെന്നോ ബര്‍ണാഡെന്നോ വിളിച്ചോട്ടെ, കുഴഞ്ഞു വീണു കിടക്കുന്ന ഒരാളെ സഹായിക്കാൻ അയാള്‍ വിളിച്ച പേരിന്‍റെ അടിസ്ഥാനത്തിൽ ഒരു വൈകാരിക ബന്ധം വേണമെന്നില്ലല്ലോ. അത് മനുഷ്യത്വത്തിന്‍റേയും സഹവര്‍ത്തിത്വത്തിന്‍റേയും പ്രശ്നമല്ലേ?
പക്ഷേ അതിനയാള്‍ കുഴഞ്ഞു വീണിട്ടില്ലല്ലോ. അയാള്‍ ആംബ്രോസ് എന്ന്എനിക്കേറെ ഇഷ്ടമുള്ള പേരാണ്, വിളിച്ചതെന്ന തോന്നലുണ്ടാക്കി. അടുത്തേയ്ക്ക്നടന്നടുക്കുകയല്ലേ? അയാള്‍ അടുത്തെത്താന്‍ ഇനിയും സമയമുണ്ടല്ലോ. ആമയും മുയലും ഓട്ടത്തില്‍, ആമ ഇഴഞ്ഞിട്ടും മുയൽ ഓടിയിട്ടും അവര്‍ രണ്ടു പേരും അനിശ്ചിതങ്ങളായ മത്സരം നടത്തുന്ന ഒരു കൌതുക പ്രശ്നമില്ലേ? അങ്ങനെയെങ്കിൽ അയാള്‍ വേഗത്തിൽ നടക്കുന്നു. എന്‍റെ ചിന്തകളിൽ സാദ്ധ്യതകൾ മിന്നിമറയുന്നു. മധ്യരേഖയെ അനിശ്ചിതമായി കുരുക്കിയിടുന്നൊരു ഗണിത വിരോധാഭാസം പോലെ അയാള്‍ എന്‍റെ അടുത്ത് എത്തില്ലെന്ന് വരുമോ? അങ്ങനെയെങ്കില്‍ ഞാനിനിയും ഒരു പേരു വിളിയുടെ സാദ്ധ്യതകളെ ചികയേണ്ടതല്ലേ? ഇനി സാദ്ധ്യതകൾ ബാക്കിയുണ്ടോ? എന്‍റെ തലയില്‍ തോന്നിയില്ലെങ്കിലും എന്‍റെകൂടെയുള്ളവര്‍ക്ക് അങ്ങനെ ഒന്നുണ്ടെന്ന് ഞാൻ ഇപ്പോഴും സമ്മതിച്ചിട്ടില്ല. ഇനിയും ചിന്തകളാകാമല്ലോ. എനിക്കേറെയിഷ്ടമായ ആംബ്രോസ് എന്ന പേരാണ്, വിളിച്ചതെന്ന തോന്നലുണ്ടാക്കി അയാള്‍ എന്‍റെയടുത്തേയ്ക്ക് വേഗത്തിൽ നടന്നു വരാന്‍ അനിശ്ചിതമായ സമയമെടുക്കുമെങ്കിൽ അത്രയും സമയം പേരുവിളിയുടെ സാദ്ധ്യതയെ പറ്റി ചിന്തിക്കാനുമെടുക്കും. ആകെ കുഴങ്ങുന്നല്ലോ! ആംബ്രോസ് എന്ന പേര്, എനിക്കേറെ ഇഷ്ടമാണെങ്കിലും അതെന്‍റെ പേരല്ലെങ്കിലും അടുത്തെത്തിയാൽ അയാളെന്നെ വീണ്ടും ആംബ്രോസ് എന്നു തന്നെ വിളിക്കുകയും എന്നെ അയാളുടെ പരിചയക്കാരനോ സുഹൃത്തോ ആയ ആംബ്രോസ് ആയി തിരിച്ചറിയപ്പെടുകയും ചെയ്താലോ? ഉറപ്പ് പറയാന്‍ വരട്ടേ. ആംബ്രോസ് എന്ന പേരു തന്നെയാണോഎനിക്കേറെയിഷ്ടം? മറ്റെന്തോ പേരു കൂടിയുണ്ടായിരുന്നല്ലോ. അതെന്താണത്? എന്‍റെയടുത്തേയ്ക്ക് വേഗത്തില്‍ നടന്നു വരാൻ ആംബ്രോസ് എന്ന ഞാൻ കേട്ട പേരുവിളിച്ചയാള്‍ക്ക് ഇനിയും അനിശ്ചിത സമയമുണ്ട്. അതുപോലെ തന്നെ ആംബ്രോസ്എന്ന പേരിനോടൊപ്പം എനിക്കേറെ ഇഷ്ടമായ മറ്റൊരു പേരു കണ്ടെത്താനും. ഇനി രണ്ടാമത്തെ തവണ അയാള്‍ വിളിക്കുന്നത് , ആ വിളിക്കാനെടുത്ത സമയത്തിനകത്ത് ഞാന്‍ ചിന്തിച്ചു കണ്ടെത്തിയ ആംബ്രോസ് എന്ന എനിക്കേറെ ഇഷ്ടമായ പേരിനോളം തന്നെ താല്‍പ്പര്യമുള്ള മറ്റൊരു പേരാണെങ്കിലോ?
Be the first to write a comment.