ഒരാഴ്ച്ച കഴിഞ്ഞ് ഞാൻ പതിവു പോലെ ഓഫീസ് വിട്ടു വന്ന് മുൻവാതിൽ തുറന്ന് അകത്ത് കയറിയതും മുകളിലത്തെ മുറിയിൽ നിന്ന് ഉച്ചത്തിലുള്ള ചിരിയും സംസാരവും കേട്ടു. അതിലൊന്ന് കോമ്രേഡിന്റെ ഊർജ്ജം നിറഞ്ഞ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ട് ഞാൻ മുകളിലേക്ക് പോയില്ല.

ബെഡ്റൂമിൽ പോയി നോക്കിയപ്പോൾ മോൻ സുഖമായി തൊട്ടിലിൽ ഉറങ്ങിക്കിടക്കുന്നത് കണ്ടു. കോമ്രേഡ് വന്നപ്പോൾ കൊണ്ടു വന്ന, പഴയ മാതൃകയിലുള്ള, ധാരാളം കാറ്റു കടക്കുന്ന ഒരു കുപ്പായമായിരുന്നു അവൻ ധരിച്ചിരുന്നത്. ഞാൻ അവനെ ഉണർത്താതെ കവിളിൽ ഒന്ന് മൃദുവായി തലോടിയ ശേഷം പുറത്തു കടന്നു.

മീനു വീടിനു പുറകു വശത്തുള്ള പച്ചക്കറിത്തോട്ടത്തിലായിരുന്നു. സാധാരണ മോൻ ഉറങ്ങുമ്പോൾ അവൾ സമയം മുഴുവൻ ചെലവഴിക്കുന്നത് പയറും, വെണ്ടയും, ചീരയും, നാരകവുമൊക്കെ വിളയുന്ന അവളുടെ തോട്ടത്തിലാണു. കുഞ്ഞിന്റേയും, തോട്ടത്തിന്റേയും കാര്യം കഴിഞ്ഞിട്ടേ അവൾക്ക് മറ്റെന്തുമുള്ളൂ. ഇനിയിപ്പോ കോമ്രേഡ് കൂടി വന്ന സ്ഥിതിക്ക് എന്റെ സ്ഥാനം വീണ്ടും താഴോട്ട് പോകുമായിരിക്കും.

നിന്റച്ഛൻ ഇവിടെയും പാർട്ടി തുടങ്ങിയോ? ഇതാരാ മുകളിൽ വന്നിരിക്കുന്നത്?

മഞ്ഞ നിറത്തിലുള്ള റബർ കൈയ്യുറയും ബൂട്ട്സും ധരിച്ച് ചെറിയൊരു പിക്കാസു കൊണ്ട് മണ്ണ് മാന്തുകയായിരുന്ന മീനു തലയുയർത്തി എന്നെ അടയാളപ്പെടുത്തി. പിന്നെ ചിരിച്ചു.

അച്ഛൻ ചില നാടൻ വിത്തുകളൊക്കെ കൊണ്ടു വന്നിട്ടുണ്ട്. കസ്റ്റംസുകാരുടെ കണ്ണ് വെട്ടിച്ച് എങ്ങനെ കടത്തി എന്നറിയില്ല. ഓർക്കുന്നില്ലേ മുൻപൊരിക്കൽ നമ്മൾ പച്ചമാങ്ങയോ മറ്റോ കൊണ്ടു വന്നപ്പോൾ ഒക്കെ എടുത്തവരു വേസ്റ്റ് ബാസ്കറ്റിലിട്ടത്.

നിന്റച്ഛൻ ഒളിപ്പോരൊക്കെ നടത്തിയിട്ടുള്ള ആളല്ലേ? പിന്നെ ഇതൊക്കെ ഒരു ബുദ്ധിമുട്ടുള്ള കാര്യമാണോ?!

ഞാൻ ചായയിടാം.മീനു കൈയും കാലും മുഖവും കഴുകി അകത്തേക്ക് വന്നു.

ഞാൻ എന്തോ പറയാനായി വാ തുറന്നതും കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ചായ വൈകാതിരിക്കാൻ ഞാൻ ഓടിച്ചെന്ന് കുഞ്ഞിനെ തൊട്ടിലിൽ നിന്നെടുത്ത് ചുമലിലിട്ട് പുറത്ത് തട്ടിക്കൊണ്ട് ബെഡ്റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. മുകളിലെ മുറിയിൽ നിന്നും വീണ്ടും ചിരിയുടെ അലകൾ കേട്ടു. എന്താണാവോ ഇത്ര വലിയ തമാശ?

മീനു ചായയുമായി വന്ന് എന്റെ കയ്യിൽ നിന്ന് അപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ലാത്ത മോനെ വാങ്ങി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ കോമ്രേഡ് എനിക്കു പരിചയമില്ലാത്ത, എന്നാൽ എവിടെയോ കണ്ടിട്ടുണ്ട് എന്ന് തോന്ന്ഇപ്പിക്കുന്ന മൂന്ന് പേരുമായി കോണി ഇറങ്ങി വന്നു. മൂന്ന് പേർക്കും ഏതാണ്ട് കോമ്രേഡിന്റെ പ്രായം തന്നെയായിരുന്നു.

ഇതാണു ആളു.കോമ്രേഡ് എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് മറ്റുള്ളവരോട് പറഞ്ഞു.

കണ്ടിട്ടുണ്ട്.ഒന്നാമൻ ചിരിച്ചു.

കാറിൽ പോകുന്നത് കണ്ടിട്ടുണ്ട്.രണ്ടാമൻ ചേർത്തു.

ഇവരൊക്കെ നമ്മുടെ അയൽക്കാരാണു. നാട്ടിലും അടുത്ത ദേശക്കാരൊക്കെത്തന്നെ. ഞാൻ നടക്കാൻ പോയപ്പോൾ പരിചയപ്പെട്ടതാ. ഞങ്ങളിങ്ങനെ രാഷ്ട്രീയവും മറ്റും സംസാരിച്ചോൺറ്റിരിക്കുകയായിരുന്നു.

ഇത്ര ആസ്വദിച്ച് സംസാരിക്കാനും ചിരിക്കാനും മറ്റും എന്താണുള്ളതെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ എത്ര തവണ പറഞ്ഞിട്ടുള്ളതാണു ചുറ്റുവട്ടത്തുള്ളവരുമായി ഒക്കെ ഒന്ന് പരിചയപ്പെടാൻ എന്ന മട്ടിൽ മീനു എന്നെ നോക്കി.

കോമ്രേഡിനെ പോലെ ഒരാളെ ഇവിടെ വച്ച് ഇങ്ങനെ കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും ഇടയ്ക്ക് വരാമെന്നും പറഞ്ഞ് മൂവർ സംഘം പിരിഞ്ഞു. എനിക്ക് അവരിലൊരാളെയും ഇഷ്ടമായില്ല. ഇത് എന്റെ വീടാണെന്ന് ആരെങ്കിലും കോമ്രേഡിനെ ഒന്നോർമ്മിപ്പിക്കുന്നത് നന്ന്.


കോമ്രേഡിന്റെ സന്ദർശനം ഒരു ദുഃശകുനമായി എന്നെ ബാധിച്ചോ എന്ന തോന്നലുളവാക്കിക്കൊണ്ട് ഓഫീസിലും ചില സംഭവവികാസങ്ങളുണ്ടായി. വളരെ സ്മൂത്തായി ഓടിക്കൊണ്ടിരുന്ന ഞങ്ങളുടെ ഒരു പ്രോജക്റ്റ് മുന്നറിയിപ്പൊന്നും കൂടാതെ
, സാമ്പത്തിക മാന്ദ്യവും ചെലവു ചുരുക്കലും കാണിച്ച് ക്ലയന്റ് ക്യാൻസലാക്കി.

പത്തു പേരുള്ള ഞങ്ങളുടെ ടീമിനെ അഞ്ചാക്കി ചുരുക്കാനുള്ള ചുമമ്ല ടീം ലീഡായ എന്റെ തലയിൽ തന്നെ വന്നു വീണു. ട്രാൻസിഷൻ പ്ലാനുണ്ടാക്കിയും ബാക്കിയുള്ളവരുടെ ജോലിഭാരം വർദ്ധിപ്പിച്ചുമൊക്കെ എനിക്ക് ഓഫീസിൽ പെട്ടെന്ന് തിരക്കായി.

അതുകൊണ്ട് പക്ഷേ മറ്റൊരു ഗുണവുമുണ്ടായി. ഞാൻ അതിരാവിലെ ഓഫീസിലേക്ക് പോവുകയും രാത്രി വൈകി മടങ്ങ്ഉകയും ചെയ്യുന്നതു കൊണ്ട് കോമ്രേഡുമായുള്ള  മുഖാമുഖങ്ങൾ കഴിവതും കുറഞ്ഞു കിട്ടി. അയല്പക്കത്തെ ചങ്ങാതിമാരൊത്ത് സായാഹ്ന സവാരിക്കിറങ്ങിയും, കേരളത്തിലെ പ്രവർത്തകരുമായി ഇന്റർനെറ്റ് വഴി ബന്ധപ്പെട്ടും, ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ സീനിയർ സിറ്റിസൺസിന്റെ കൂട്ടായ്മ സംഘടിപ്പിച്ചുമൊക്കെ കോമ്രേഡ് സജീവമായി കഴിയുന്നുണ്ടെന്ന് മീനു പറഞ്ഞറിഞ്ഞു.

Comments

comments