ഒരു ദിവസം വൈകുന്നേരം ഞാൻ മാനേജരുമായി പ്രോജക്റ്റിന്റെ പുരോഗതി ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോൾ മീനു വിളിച്ചു. ഒരു പ്രശ്നമുണ്ട്. അത്യാവശ്യമാണു.

ഞാൻ മാനേജരോട് ക്ഷമ ചോദിച്ച് കോൺഫറൻസ്്രൂമിൽ നിന്ന് പുറത്തു കടന്നു. ഇടനാഴിയിൽ വച്ച്, എന്റെ ടീമിൽ നിന്ന് പിരിച്ചു വിടാൻ തിരഞ്ഞെടുക്കപ്പെട്ല്വരിൽ ഒരാളായ വിശേഷ് അഗർവാൾ എന്ന ടെസ്റ്റ് എഞ്ചിനീയർ വിശാലമായി ചിരിച്ചു കൊണ്ട് തന്റെ കാര്യം ഒന്നു കൂടി പ്രസ്സ് ചെയ്യണേ എന്ന് എന്നോട് വീണ്ടും അഭ്യർത്ഥിച്ചു,

ഉള്ളകാരണങ്ങൾ അല്പം ഊതിപ്പെരുപ്പിച്ചും ഇല്ലാത്ത ചില കാരണങ്ങൾ ഉണ്ടാക്കിയും ബോസുമായി വാദിച്ച് വിശേഷിനെ ടീമിൽ തന്നെ നിർത്താൻ എനിക്കു വേണമെങ്കിൽ ശ്രമിച്ചു നോക്കാം. അത് പക്ഷേ മാനേജ്മെന്റിനു അത്ര രസിക്കില്ല. ഭാവിയിൽ എനിക്കു തന്നെ ദോഷം ചെയ്തേക്കാനും മതി. അതു കൊണ്ട് ഞാൻ വിശേഷിനെ നോക്കി ഗൗരവത്തിൽ സമയമാകട്ടെഎന്ന് ആംഗ്യം കാണിച്ചു.

ഒരത്യാവശ്യ കാര്യം ബോസുമായി ചർച്ച ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണു നിന്റെ വിളി. നിനക്കു കുറച്ചു കൂടി കഴിഞ്ഞ് വിളിച്ചാൽ പോരാരുന്നോ? ഇവിടുത്തെ തിരക്ക് ഞാൻ പറഞ്ഞിട്ടില്ലേ?ഞാൻ മീനുവിനോട് കയർത്തു.

അച്ഛൻ നടക്കാൻ പോയിട്ട് ഇതു വരെ തിരിച്ചു വന്നിട്ടില്ല!മീനു പറഞ്ഞു. അവളുടെ ശബ്ദത്തിൽ നേരിയ വിറയലുണ്ടായിരുന്നു.

ഞാൻ കോറിഡോറിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഇരുട്ടായി വരുന്നതേ ഉള്ളൂ. എങ്കിലും ഹൈവേയിലൂടെ തിരക്കിട്ടു പോകുന്ന മിക്ക വാഹനങ്ങളും ഹെഡ് ലൈറ്റിട്ടു കഴിഞ്ഞു.

നിന്റച്ഛൻ എവിടെ പോകാനാ? പുതിയ ചങ്ങാതിമാരുടെ കൂടെ എവിടെയെങ്കിലും സൊറ പറഞ്ഞ് നിൽപ്പുണ്ടാകും. ഒരര മണിക്കൂറിനുള്ളിൽ വന്നോളും.

അതല്ല. അവരൊക്കെ അവരുടെ വീട്ടിൽ തന്നെ ഉണ്ട്. ഇന്ന് അച്ഛനെ കണ്ടിട്ടില്ലെന്ന് പറഞ്ഞു. വിളിക്കാൻ സെൽഫോണുമില്ല അച്ഛന്റെ കയ്യിൽ.

നീ ഭയക്കാതിരി. ചെറിയ കുട്ടിയൊന്നുമല്ലല്ലോ. ഒരര മണിക്കൂർ കൂടി നോക്കാം. എന്നിട്ടും വന്നില്ലെങ്കിൽ വേറെ വഴി നോക്കാം.

ഞാൻ തിരിച്ചു ക്യാബിനിലേക്ക് വന്നപ്പോൾ വിശേഷ് എന്റെ പിന്നാലെ കൂടി.

ലുക്ക് വിശേഷ്, കമ്പനിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള തീരുമാനം എന്റെയല്ല,ഞാൻ തിരക്കിട്ട് കമ്പ്യൂട്ടർ സ്ക്രീൻ അൺലോക്ക് ചെയ്തു കൊണ്ട് പറഞ്ഞു. ഞാനും നിന്നെ പോലെ ഒരു എംപ്ലോയീ മാത്രം. മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുന്നു. അതയേ ഉള്ളൂ.

അറിയാം സർ. എന്നാലും ടീം ലീഡ് എന്ന നിലയിൽ സാർ ഒന്ന് റെക്കമൻഡ് ചെയ്താൽ എന്തെങ്കിലും നടക്കുമെന്ന് കരുതിഅടുത്തിടെയാണു ഒരു വീട് വാങ്ങിയത് സർ…”

ഞാൻ കർശനമായി എന്തോ പറയാൻ തുടങ്ങിയതും മീനു വീണ്ടും വിളിച്ചു. അച്ഛൻ ഇനിയും തിരിച്ചു വന്നിട്ടില്ലെന്ന് പറഞ്ഞ് അവൾ കരച്ചിലിന്റെ തുടക്കത്തിലായിരുന്നു. ഞാൻ പെട്ടെന്ന് വീട്ടിലേക്കെത്താമെന്നും പോലീസിൽ അറിയിക്കാമെന്നുമൊക്കെ പറഞ്ഞ് ഒരു വിധത്തിൽ അവളെ സമാധാനിപ്പിച്ച് ഫോൺ  വച്ചു.

വിശേഷിനെ പറഞ്ഞു വിട്ടിട്ട് ഞാൻ മേശപ്പുറത്ത് കാലു കയറ്റി വച്ച് പുറകോട്ട് ചാഞ്ഞിരുന്നു. ചെയ്തു തീർക്കാനുള്ള ജോലികളുടെ നീണ്ട പട്ടിക കംപ്യൂട്ടർ സ്ക്രീനിൽ നിന്ന് എന്നെ നോക്കി പല്ലിളിച്ചു. കോമ്രേഡിനോടുള്ള അരിശം ഉള്ളിൽ ഇരട്ടിക്കുന്നത് ഞാനറിഞ്ഞു.

പുറത്ത് രാത്രി മുഴുവനായും തിടം വച്ചിരുന്നു. ഹൈവേയിൽ ഇപ്പോൾ വാഹനവിളക്കുകളുടെ അന്തമില്ലാത്ത നിര.

ഇരിപ്പുറക്കാതെ ഞാൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മാൻ-മിസ്സിംഗ് കേസുകളെക്കുറിച്ച് കേട്ടിട്ടുള്ള കഥകളോർത്ത് ഉള്ളിൽ ഭയം വീർത്തു വരുന്നുണ്ടായിരുന്നു. ഇതിനു മുൻപൊരിക്കലും ഇതു പോലൊരു സാഹചര്യം ഉണ്ടായിട്ടില്ല. പൊലീസിനെ വിളിക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ എനിക്ക് ദേഹം തളർന്നു.

എന്തായാലും വീട്ടിൽ ചെന്നിട്ട് ബാക്കി തീരുമാനിക്കാമെന്ന നിശ്ചയത്തിൽ ഞാൻ കംപ്യൂട്ടർ ലോക്ക് ചെയ്ത് ഇറങ്ങാൻ തുടങ്ങുമ്പോൾ മീനു വിളിച്ചു.

ഹലോ, അച്ഛനെത്തിയോ?ഞാൻ ഒറ്റ വീർപ്പിൽ ചോദിച്ചു.

അവിടെ ടെലിവിഷനുണ്ടോ?

ഉണ്ടാകണം. നീ കാര്യം പറ.

അച്ഛനെ ന്യൂസിൽ കാണിച്ചതു പോലെ തോന്നി. ഒരു നോക്ക്കേ കാണാനായുള്ളൂ. ഉറപ്പൊന്നുമില്ല. എനിക്കു പേടിയായിട്ടു വയ്യ.

ഞാൻ കോൺഫറൻസ് റൂമിനകത്തെത്തി ടി വി ഓൺ ചെയ്തു കഴിഞ്ഞിരുന്നു. വാൾ സ്ട്രീറ്റ് ഉപരോധത്തെക്കുറിച്ചാണു മീനു പറഞ്ഞതെന്ന് പെട്ടെന്നു തന്നെ എനിക്ക് മനസ്സിലായി. കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി വാർത്തയിൽ മുഴുവൻ അതാണു. Occuppy Walstreetഎന്ന ടീഷർട്ട് ധരിച്ച ഒരു പറ്റം ആളുകളെ ഓഫീസിലേക്കു വരുന്ന വഴി റോഡിൽ വച്ച് കണ്ടതും ഞാനോർത്തു.

ടി വി റിപ്പോോർട്ടർ വിവരിക്കുകയായിരുന്നു. 2011 സെപ്റ്റംബർ 17-നാണു ഈ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചത്. സ്ഥലം: ന്യൂയോർക്ക് സിറ്റിയിലെ വാൾസ്ട്രീറ്റ് ഫൈനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ സുകോട്ടി പാർക്ക്. മുഖ്യ ആസൂത്രകർ: കനേഡിയൻ ആക്റ്റിവിസ്റ്റ് ഗ്രൂപ്പായ ആഡ്ബസ്റ്റേഴ്സ്. പ്രധാന വിഷയങ്ങൾ: സാമ്പത്തിക അസമത്വം, അഴിമതി, കോർപ്പറേഷനുകൾ സർക്കാരിനു മേൽ ചുമത്തുന്ന വഴി വിട്ട സ്വാധീനം. ഞങ്ങളാണു 99 ശതമാനം എന്ന പ്രതിഷേധക്കാരുടെ മുദ്രാവ്ആക്യം രാജ്യത്തെ വർദ്ധിച്ചു വരുന്ന സാമ്പത്തിക അസമത്വത്തിന്റെ നേർക്കാഴ്ചയാണു…”

ഞാൻ തിടുക്കത്തിൽ മറ്റൊരു ചാനലിലേക്കു മാറി. അവിടെയും അതേ വാർത്ത തന്നെ.

ബ്രൂക്ലിൻ പാലത്തിനു മുകളിൽ ഇന്ന് അസാധരണമായ കാഴ്ചകൾ ആണു അരങ്ങേറിയത്. പ്ലക്കാർഡുകളും, മുദ്രാവാക്യങ്ങളുമായി നൂറോളം ആളുകൾ സായുധ പൊലീസുമായി ഏറ്റുമുട്ടി, അല്ലാത്തരം പ്രതിബന്ധങ്ങളേയും മറികടന്ന് പാലത്തിന്റെ കിഴക്കേ അറ്റത്തുള്ള വാൾസ്ട്രീറ്റ് കവാടത്തിൽ തടിച്ചു കൂടിയിരിക്കുകയാണു. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത, സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളാണു ഈ പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്തിരിക്കുന്നത് എന്നതാണു ഏറ്റവും സവിശേഷമായ വസ്തുത. അതിൽ ട്രക്ക് ഡ്രൈവർമ്ആരും, വീട്ടമ്മമാരും, ഇമിഗ്രന്റ് തൊഴിലാളികളും ഉണ്ട്. എന്തിനു, ഇവിടെ തല പൊട്ടി ചോരയൊലിപ്പിച്ചിരിക്കുന്ന ഇദ്ദേഹത്തെ നോക്കൂ. തന്റെ കുടുംബത്തോടൊപ്പം കുറച്ചു ദിവസം ചിലവഴിക്കാൻ ഇന്തയിൽ നിന്നെത്തിയ ഈ എഴുപതുകാരൻ സ്വന്തം കാര്യം മാത്രം നോക്കാതെ അഭൂതപൂർവ്വമായ ഈ ജനമുന്നേറ്റത്തിലേക്ക് എടുത്തു ചാടിയത് എങ്ങനെയാണു വിശദീകരിക്കാനാവുക?! വരൂ, നമുക്ക് അദ്ദേഹത്തിലേക്ക് തന്നെ പോവുക…”

ക്യാമറ ആൾക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞു കയറി തറയിലിരിക്കുന്ന ഒരാളിലേക്ക് സൂം ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ കസേരയിൽ നിന്നെഴുന്നേറ്റ് ടി.വിയുടെ തൊട്ടു മുന്നിൽ ചെന്നു നിന്നു. പക്ഷെ, അപ്പോഴേക്ക് ആൾക്കൂട്ടത്തിനിടയിൽ ൻഇന്ന് പുറപ്പെട്ട മറ്റൊരു തിരയിൽ നിലതെറ്റി ക്യാമറ മാറിപ്പോയി.

ഒരു കൊമേർഷ്യൽ ബ്രെക്ക് കഴിഞ്ഞ് തിരിച്ചു വരാം.ആങ്കർ ക്ഷമാപണത്തോടെ പറഞ്ഞു.

ഞാൻ മീനുവിനെ തിരിച്ചു വിളിക്കാൻ മറന്ന് കസേരയിൽ തരിച്ചിരുന്നു.

മൂന്ന് നാലു കാബിനുകൾക്കപ്പുറത്ത് എന്തെങ്കിലും പോസിറ്റീവായ്അ വാർത്തക്കു വേണ്ടി വിശേഷ് അഗർവാൾ ക്ഷമയോടെ കാത്തിരിക്കുന്നത് കണ്ടു.

ഇടവേള കഴിഞ്ഞ് ടെലിവിഷൻ ക്യാമറ ഇപ്പോൾ ബ്രൂക്ലിൻത്ത്തിനു മുകളിൽ തടിച്ചു കൂടിയ ആയിരക്കണക്കിനു പ്രതിഷേധക്കാരെ കാണിച്ച്ഉ കൊണ്ടിരിക്കുന്നു. അവരിൽ പല രാജ്യക്കാരും, വേഷക്കാരും വർഗ്ഗക്കാരും ഉണ്ടായിരുന്നു. ആണുങ്ങളും  പെണ്ണുങ്ങളും കുട്ടികളും വൃദ്ധരുമുണ്ടായിരുന്നു. ഞാൻ പല തവണ സൂക്ഷിച്ച് നോക്കിയെങ്കിലും കോമ്രേഡിനെ മാത്രം തിരിച്ചറിയാൻ കഴിഞ്ഞില്ല. പക്ഷെ അവരിൽ കോമ്രേഡ് ഉണ്ടെന്നുള്ളതിൽ എനിക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു.

———————————————————————————————–

കെ വി പ്രവീൺ
പ്രശാന്തി
പുതിയ പറമ്പത്ത് കാവ്,
നീലേശ്വരം
കാസർഗോഡ് 671 314

Comments

comments