ഞങ്ങളുടെ കൂടെ കുറച്ചു ദിവസം താമസിക്കാൻ അവളുടെ അച്ഛൻ കോമ്രേഡ് വാസുദേവൻ വരുന്നെന്ന് കേട്ടപ്പോൾ മുതൽ മീനു വലിയ ഉത്സാഹത്തിലായിരുന്നു. അവൾ തന്നെ ട്രാവൽ ഏജൻസിയിലെ പരിചയക്കാരിയെ വിളിച്ച് കൊച്ചിയിൽ നിന്ന് പാരീസ് വഴി ടിക്കറ്റ് ഏർപ്പാടാക്കുകയും കാണുന്നവരോടൊക്കെ അച്ഛന്റെ സന്ദർശനത്തെക്കുറിച്ച് വാ തോരാതെ പറയുകയും ചെയ്തു.

പാരീസിലും കാലു കുത്തിയെന്ന് നിന്റച്ഛന്റെ ബുദ്ധിജീവി സുഹൃത്തുക്കളോട് പറയാം. എയർപോർട്ടിൽ നിന്ന് എത്തി നോക്കിയാൽ ഐഫൽ ടവർ ഒരു നോക്കു കാണുകയും ചെയ്യും!ഫ്ലൈറ്റിൽ വച്ച് കഴിക്കാനുള്ള വെജിറ്റേറിയൻ മീൽസിന്റെ കാര്യം ഉറപ്പിക്കാൻ മീനു വീണ്ടും എയർലൈൻസിനു ഫോൺ ചെയ്യുന്നത് കണ്ട് ഞാൻ പറഞ്ഞു.

ഫോൺ വച്ചു കഴിഞ്ഞ്, എന്നെ ഗൗനിക്കാതെ അവൾ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനടുത്ത് ചെന്ന് മുത്തച്ഛൻ വരുന്നുണ്ടെന്നും, മുത്തച്ഛൻ ആരാന്നറിയോന്നും, മുത്തച്ഛന്റെ പേരാ നിനക്കിട്ടിരിക്കുന്നതെന്നും ഒക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. അതും പോരാഞ്ഞ് ഇല്ലിമുളം കാടുകളിൽ, മധുരിക്കും ഓർമ്മകളേ, ബലികുടീരങ്ങളേതുടങ്ങിയ ചില വരികളും പാടി. മധുരസ്ഥായിയിൽ, കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള മൃദുലഗാനങ്ങൾ മാത്രം കേട്ടു ശീലിച്ച കുഞ്ഞ് ഈ താളപ്പകർച്ചയിൽ പകച്ച് കരഞ്ഞു തുടങ്ങി.

എനിക്കു പക്ഷേ, കോമ്രേഡിന്റെ സന്ദർശനത്തിൽ വലിയ ഉത്സാഹമൊന്നും തോന്നിയില്ല. മാത്രമല്ല, ചെറിയൊരു സഭാകമ്പം അനുഭവപ്പെടുകയും ചെയ്തു. കല്യാണം കഴിഞ്ഞുള്ള നാലു വർഷത്തിൽ ഒരിക്കൽ പോലും അങ്ങേരുടെ കൂടെ പത്ത് മിനിട്ടിൽ കൂടുതൽ ചെലവഴിക്കേണ്ടി വന്നിട്ടില്ല. വല്ലപ്പോഴും മീനു ഫോണിൽ അച്ഛനെ വിളിക്കുമ്പോൾ സംസാരിക്കാൻ നിർബന്ധിച്ചാൽ തന്നെ അത് ചെറിയൊരു കുശലം പറച്ചിലിൽ ഒതുക്കുകയാണു പതിവ്.

ഞങ്ങളുടെ പ്രണയം കത്തി നിന്നപ്പോഴും, വിവാഹവക്കോളമന്ത്തിയപ്പോഴുമെല്ലാം മീനു ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത് ഒന്ന് മാത്രമാണു അച്ഛന്റെ സമ്മതം കിട്ടാതെ ഈ ബന്ധം ഒരിക്കലും മുന്നോട്ട് പോകുമെന്ന പ്രതീക്ഷ വേണ്ടെന്ന്, കോമ്രേഡിനു പക്ഷേ, ഞങ്ങളുടെ ബന്ധത്തിൽ ഒരെതിർപ്പും ഉണ്ടായില്ല. പ്രായപൂർത്തിയെത്തിയ മകളുടെ തീരുമാനത്തിൽ പരിപൂർണ്ണ വിശ്വാസമുണ്ട്, സ്ത്രീധനത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. കുടുംബത്തെക്കുറിച്ച് എംഗൽസ് പറഞ്ഞ ഒരു വാക്യം അത്രയുമായിരുന്നു കോമ്രേഡിന്റെ പ്രതികരണം.

രണ്ടു മൂന്ന് ആഴ്ച്ച കഴിഞ്ഞ് നമുക്ക് വേണേൽ കോമ്രേഡിനെ നയാഗ്ര വെള്ളച്ചാട്ടം കാണിക്കാൻ കൊണ്ടു പോകാം. ഇവിടുന്ന് അധികം ദൂരമൊന്നുമില്ലല്ലോ. ഡ്രൈവ് ചെയ്തു പോകാവുന്ന കാര്യമേ ഉള്ളൂ.ഞാൻ മീനുവിനോട് പ്അറഞ്ഞു. അവൾ അടുക്കളയിൽ ഉരുളക്കിഴങ്ങിന്റെ തൊലി കളഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

, അച്ഛനു അതിലൊന്നും താല്പര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. മോനെ ഒന്ന് കാണാൻ വേണ്ടി വരുന്നു, പോകുന്നു. അത്രയേ ഉള്ളൂ. അല്ലാതെ നിങ്ങളുടെ ചേച്ചിയെ പോലെ ഇവിടെ കാണാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റും കൊണ്ടല്ല എന്റച്ഛൻ വരുന്നത്.

രണ്ട് വർഷം മുൻപ് എന്റെ ചേച്ചിയും ഭർത്താവും അമേരിക്ക കാണാൻ വന്നപ്പോൾ, ഞാനും മീനുവും ഇത്രയും നാൾ ഇവിടെ താമസിച്ചിട്ടു പോലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ വരെ സന്ദർശിച്ച് ഞങ്ങൾ വശം കെട്ടിരുന്നു.

എന്നാൽ പിന്നെ നിന്റച്ഛനെ ഷിക്കാഗോയിൽ കൊണ്ടു പോകാം. അവിടെയാണല്ലോ ആദ്യത്തെ ട്രേഡ് യൂണിയൻ ഉണ്ടായത്. കോമ്രേഡിനു താല്പര്യം ഉണ്ടാകും.

, അപ്പോൾ അത്യാവശ്യം പൊതു വിജ്ഞാനം ഒക്കെ ഉണ്ടല്ലോ. ഭാഗ്യം. ഒന്നും വേണ്ട. എവിടേം കൊണ്ടു പോകണ്ട. വെറുതെ ഓരോന്ന് പറഞ്ഞ് ഒടക്കുണ്ടാക്കാതിരുന്നാൽ മാത്രം മതി. വെറും രണ്ടു മാസത്തെ കാര്യമല്ലേ ഉള്ളൂ. പിന്നെ മറ്റൊരു കാര്യം. ഇനി രണ്ടു മാസത്തേക്ക് വീടിനകത്ത് വച്ചുള്ള മദ്യപാനം വേണ്ട. വേണമെങ്കിൽ പുറത്തു പോയിട്ടാവാം. പക്ഷെ, അച്ഛന്റെ മുന്നിൽ വച്ച് വേണ്ട.

ഇതാണു ഞാനും കോമ്രേഡും തമ്മിലുള്ള മറ്റൊരു രസക്കേട്. അങ്ങേർക്ക് മദ്യപാനികളെ കണ്ണെടുത്താൽ കണ്ടുകൂട. എനിക്കാണെങ്കിൽ രാത്രി രണ്ടെണ്ണം കഴിച്ച് റിലാക്സ് ചെയ്ത് ശീലമായിപ്പോയി.

നിന്റച്ഛൻ അത്ര ദിവ്യനൊന്നുമാവേണ്ട, ഞാൻ മീനുവിനെ പ്രകോപിപ്പിക്കാൻ പറഞ്ഞു. അല്ലെങ്കിൽ ഇത്രയും നാൾ അമേരിക്കക്കാരെ തെറി വിളിച്ച് നടന്നിട്ട് ഇവിടുത്തെ സർക്കാർ അനുവദിച്ച വിസയിൽ ഒരു നാണവുമില്ലാതെ ഇങ്ങോട്ട് പുറപ്പെടുന്നുണ്ടല്ലോ. എല്ലാ രാഷ്ട്രീയക്കാരും കണക്കാ. ഒന്ന് പറയും മറ്റൊന്ന് പ്രവർത്തിക്കും.

മീനു ഒന്നും മിണ്ടാതെ തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് ഒന്നു കൂടി കഴുകി കട്ടിംഗ് ബോർഡിൽ വച്ച് അരിഞ്ഞു തുടങ്ങി. ആ പ്രവൃത്തിയിലെ അടക്കിപ്പിടിച്ച അക്രമവാസന തിരിച്ചറിഞ്ഞ ഞാൻ പതുക്കെ പിൻവാങ്ങി ഓഫീസ് റൂമിൽ ചെന്ന് ലാപ്ടോപ്പിനു മുന്നിൽ ഇരിപ്പായി.

Comments

comments