കോമ്രേഡ് വരുന്ന ദിവസം ഓഫീസിൽ ഒഴിച്ചു കൂടാനാവാത്ത ചില തിരക്കുകൾ വന്നു പെട്ടതു കാരണം എനിക്ക് എയർപോർട്ടിൽ പോകാനൊത്തില്ല. അകാരണമായി കരയുന്ന കൊച്ചിനേയും പിന്നിലിരുത്തി അവന്റെ പാൽക്കുപ്പിയും ഡയപ്പറുകളും എക്സ്ട്രാ ജോഡി ഡ്രസ്സും ഒക്കെയായി ആശങ്കയോടെ എയർപോർട്ടിലേക്ക് കാറോടിക്കുന്ന മീനുവിനെ മനസ്സിൽ കണ്ടപ്പോൾ അത് കോമ്രേഡുമായുള്ള സഹവാസത്തിനു ശുഭകരമായ തുടക്കമല്ല എന്ന് എനിക്ക് തോന്നി.

രാത്രി ഞാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നീല നിറത്തിലുള്ള കൈലിയും വെളുത്ത മുറിക്കൈയ്യൻ ബനിയനും ധരിച്ച് കോമ്രേഡ് സ്വീകരണമുറിയിലെ സോഫയിൽ ഇരിപ്പുണ്ടായിരുന്നു. ഒട്ടും വയസ്സനാകതെ, യാത്രാക്ഷീണവും പരിചയക്കേടുമില്ലാതെ.

നിന്റെ ജോലിത്തിരക്കിനു ഇപ്പോഴും ഒരു കുറവും ഇല്ലേ? ഇങ്ങനെ ജോലി മാത്രമായി നടന്നാൽ മതിയോ? ജീവിതത്തിൽ വേറെയും പലതുമില്ലേ?എന്നെ കണ്ടതും കോമ്രേഡ് ചോദിച്ചു.

അത്രയ്ക്ക് തിരക്കൊന്നുമില്ല അച്ഛാ, ഇന്ന് പെട്ടെന്ന് ഒന്ന് രണ്ട് മീറ്റിംഗുകൾ വന്നു പെട്ടതു കൊണ്ടാണു.ഞാൻ പറഞ്ഞു.

കുളിപ്പിച്ച്, ബേബി പൗഡറും പുത്തനുടുപ്പും ഒക്കെ ഇട്ട് മിടുക്കനാക്കിയ കുഞ്ഞിനെ മീനു കോമ്രേഡിന്റെ കയ്യിൽ കൊണ്ടു വന്നു കൊടുത്തു. അപരിചിതത്വമൊന്നും കൂടാതെ അവൻ മുത്തച്ഛന്റെ മടിയിലും കൈത്തണ്ടയിലും സ്വസ്ഥനായി.

നാട്ടിലും നിങ്ങളുടെ മാതിരി ജോലിയുള്ളവർക്ക് തിരക്കോട് തിരക്കു തന്നെ. ജോലിക്കു പുറമേ എന്തെങ്കിലുമൊക്കെ സീരിയസ്സായി വായിക്കുകയോ, പൊതുപ്രവർത്തനത്തിറങ്ങുകയോ ഒക്കെ ചെയ്യുന്നവരെ മഷിയിട്ട് നോക്കിയാൽ കാണാനില്ല. പിന്നെ, ഫേസ്ബുക്കിലൊക്കെയുള്ള ചില വിപ്ലവകാരികളുണ്ട്. മേലനങ്ങാതെ മീൻ പിടിക്കുന്ന കൂട്ടരു!

ഞാൻ മീനുവിനെ നോക്കി. അവൾ അച്ഛൻ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് തല കുലുക്കിക്കൊണ്ട് അടുക്കളയിലേക്ക് പോയി.

ഇനിയിപ്പൊ കൊച്ചൊക്കെ ആയ സ്ഥിതിക്ക് മീനുവെങ്കിലും ജോലിക്കൊന്നും പോകാതെ നാലഞ്ചു മാസം വീട്ടിലിരിക്കട്ടെ. അതു കഴിഞ്ഞ് താൻ കുറച്ചു നാൾ വീട്ടിലിരുന്ന് കൊച്ചിനെ നോക്ക്. അല്ല് ജോലിക്കു പോകറ്റ്റ്റെ. എന്താ നടക്കുമോ?

ആലോചിക്കുന്നുണ്ട്.ഞാൻ പറഞ്ഞു.

മേശപ്പുറത്ത് പ്ലേറ്റുകൾ എടുത്തു വയ്ക്കുകയായിരുന്ന മീനുവിന്റെ മുഖത്ത് ഒരു കള്ളച്ചിരി വിടരുന്നത് ഞാൻ കണ്ടു.

ഞാൻ വേഗം വേഷം മാറി കുളിമുറിയിൽ ചെന്ന് തലേ ദിവസം കരുതി വച്ചിരുന്ന വൈറ്റ് റമ്മിന്റെ കുപ്പിയിൽ നിന്ന് ഒരു ലാർജ്ജ് ഒഴിച്ച് അതുമായി ഷവറിന്റെ അടിയിൽ ചെന്ന് നിന്നു. ഇളം ചൂടു വെള്ളം പുറത്തും റമ്മിന്റെ ചൂട് അകത്തുമായി കുറച്ചു നേരം നിന്നപ്പോൾ സുഖം തോന്നി. കോമ്രേഡിനെ നേരിടാൻ പക്ഷെ ഇനിയും രണ്ടെണ്ണം കഴിക്കണം.

ഡൈനിംഗ് ടേബിളിൽ ഞാൻ കോമ്രേഡിൽ നിന്ന് രണ്ട് സീറ്റ് മാറി എതിർ വശത്തിരുന്നു.

നാട്ടിലിപ്പോൾ മീനിനും പച്ചക്കറിക്കും ഒക്കെ തീ പിടിച്ച വിലയാണു. കിട്ടാനും പ്രയാസമായിരിക്കുന്നു.മേശപ്പുറത്ത് അവിയലും, മീൻ കറിയും, മാങ്ങാ ചമ്മന്തിയുമൊക്കെ കണ്ട് കോമ്രേഡ് പറഞ്ഞു.

യാത്രയൊക്കെ സുഖമായിരുന്നില്ലേ അച്ഛാ?ഞാൻ സംഭാഷണം നിരുപദ്രവമായ ദിശയിലേക്ക് തിരിച്ചുവിടാൻ ഭാവിച്ചു.

ഉം. വിചാരിച്ചത്ര ബുദ്ധിമുട്ടുണ്ടായില്ല. കയ്യിൽ ഒന്നു രണ്ട് പുസ്തകങ്ങൾ കരുതിയിരുന്നതു കൊണ്ട് സമയം പോയിക്കിട്ടി. പിന്നെ, ഫ്ലൈറ്റിൽ വച്ച് ഒരാളെ പരിചയപ്പെടുകയും ചെയ്തു. ഒരു അമേരിക്കക്കാരൻ.

കോമ്രേഡ് അവിയലും, കൊണ്ടാട്ടവും, മാങ്ങയുമൊക്കെ താല്പര്യത്തോടെ രുചിച്ചു നോക്കി. ദൈവം സഹായിച്ച് ഈ എഴുപതാം വയസ്സിലും അച്ഛനു അസുഖങ്ങളൊന്നുമില്ലെന്നും പൊതുവെ പൊതു പ്രവർത്തകർക്ക് ആരോഗ്യം കൂടുതലാണെന്നും മീനു പറയാറുള്ളത് ഞാൻ ഓർത്തു.

ആദ്യം വെറും കുശലം പറച്ചിലായിരുന്നു. പത്ത് നാൽപ്പത്തഞ്ച് വയസ്സ് പ്രായമുള്ള ആൾ. ഇൻഡ്യയിൽ ഒന്ന് രണ്ട് തവണ വന്നിട്ടുണ്ടെന്നും ഇൻഡ്യൻ ഭക്ഷണമൊക്കെ ഇഷ്ടമാണെന്നും പറഞ്ഞു. പിന്നെയും പറഞ്ഞു വന്നപ്പ്ഓഴാണു അമേരിക്കൻ ഗവണ്മെന്റിന്റെ ഏതോ കോൺട്രാക്റ്റ് ഏജൻസിക്കു വേണ്ടി ജോലി ചെയ്യുന്ന ആളാണെന്ന് മനസ്സിലായത്. കഴിഞ്ഞ രണ്ടു വർഷമായി ഇറാക്കിലും അഫ്ഗാനിസ്ഥാനിലും മാറി മാറി പണിയെടുക്കുകയായിരുന്നെന്നും പറഞ്ഞു

അപ്പോൾ സംഭാഷണം യുദ്ധത്തിലേക്ക് തിരിഞ്ഞു കാണുമല്ലോ?മീനു താല്പര്യത്തോടെ ചോദിച്ചു.

യുദ്ധം എന്നു കേട്ടതും എനിക്ക് വായിൽ കല്ലു കടിച്ചതു പോലെ തോന്നി. എനിക്ക് യുദ്ധത്തെക്കുറിച്ച് സംസാരിക്കണ്ട. സത്യത്തിൽ ഒന്നിനെക്കുറിച്ചും സംസാരിക്കണമെന്നില്ല. ഒരു ചെറുത് കൂടി കഴിച്ചിട്ട് സുഖമായി കിടന്നുറങ്ങണം. അത്രയേ വേണ്ടൂ.

ആദ്യം ഞാൻ വെറുതെ കേട്ടിരുന്നതേ ഉള്ളൂ. അയാൾ മിലിട്ടറിയിലല്ലെങ്കിലും മിലിട്ടറിയുമായി ബന്ധമുള്ള ജോലികളാണു പ്രധാനമായും ചെയ്തിരുന്നത്. ഒന്നര വർഷത്തിനു ശേഷമാണു കുടുംബത്തെ കാണാൻ പോകുന്നത്. വളരെ ഡിപ്രസ്സിംഗ് ആയിട്ടുള്ള എന്വയോണ്മെന്റാണു എന്നൊക്കെ പറഞ്ഞു. അങ്ങനെയൊരു ഗ്യാപ്പ് കിട്ടിയപ്പോൾ ഞാൻ യുദ്ധത്തെക്കുറിച്ചുള്ള നമ്മുടെ സ്ഥിരം ചോദ്യങ്ങളെടുത്തിട്ടു…”

ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ഒക്കെ കോൺട്രാക്റ്റ് വർക്ക് എടുത്തു നടത്തുന്ന കമ്പനികൾ ജോലിക്കാർക്ക് ഇരട്ടി കാശു  കൊടുക്കും.ഞാൻ ഇടക്കു കേറി പറഞ്ഞു.

കോമ്രേഡിനത് രസിച്ചില്ലെന്ന് തോന്നുന്നു. എന്തായാലും യുദ്ധത്തെക്കുറിച്ചുള്ള ചർച്ച അതോടെ അവസാനിച്ചു. മീനു ഒരു കപ്പു ചോറു കൂടി കോമ്രേഡിന്റെ പ്ലേറ്റിലേക്ക് വിളമ്പി.

അത്താഴത്തിനു ശേഷം മാതൃഭൂമിയുടേയും മനോരമയുടേയും ദേശാഭിമാനിയുടേയും വെബ്സൈറ്റുകൾ തുറന്ന് മീനു ലാപ്ടോപ്പ് കോമ്രേഡിന്റെ മടിയിൽ വച്ചു കൊടുത്തു. മലയാളം അക്ഷരങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ കോമ്രേഡിന്റെ കണ്ണുകൾ വിടർന്നു.

അച്ഛൻ സമയമാകുമ്പോൾ കിടന്നോളൂ. മുകളിലെ മുറി ഒരുക്കി വെച്ചിട്ടുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാ മതി.ബെഡ് റൂമിലേക്ക് പോകുമ്പോൾ മീനു പറഞ്ഞു. കോമ്രേഡ് അപ്പോഴേക്കും വാർത്തകളുടെ ലോകത്തിൽ നഷ്ടപ്പെട്ടിരുന്നതു കൊണ്ട് മറുപടി ഒന്നും ഉണ്ടായില്ല.

Comments

comments