കീഴില്‍ നടക്കേണ്ട സംഗതികളായിത്തീര്‍ന്നു. സാങ്കേതികമായും സൗന്ദര്യശാസ്ത്രപരമായും കൂടുതല്‍ഉയര്‍ന്നആസ്വാദന സൗകര്യം വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ തന്നെ അതില്‍ അന്തര്‍ലീനമായിരുന്നത് അധികാരത്തിന്റെ യുക്തിതന്നെ ആയിരുന്നു. പൗരപ്രമുഖര്‍, വിവിധ സര്‍ക്കാര്‍വകുപ്പുകള്‍, ടൂറിംഗ് സിനിമാ മാനേജര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ദീര്‍ഘകാല ചര്‍ച്ചയെത്തുടര്‍ന്ന് 1936 മുതല്‍ തിരുവിതാംകൂറില്‍ താല്ക്കാലിക സിനിമാപ്രദര്‍ശന ശാലകളിലെ സിനിമാപ്രദര്‍ശനം നിരോധിക്കപ്പെട്ടു. സിനിമ നിയന്ത്രിതവും ഭരണകൂടത്തിന്റെ അധികാരപ രിധിക്കുള്ളിലും ക്രമീകരിക്കപ്പെട്ടു.

ആധുനിക സിനിമാശാലകളുടെ വിശാലമായചരിത്രം ആരംഭിക്കുന്നത് ഈ ഘട്ടത്തിലാണ്. ഉപരിവര്‍ഗ്ഗ സദാചാര വഴക്കത്തിലേയ്ക്ക് കാഴ്ചയുടെ ഇടങ്ങളെ നിര്‍വചിക്കുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് പ്രദര്‍ശന ഇടങ്ങളെ വിപുലപ്പെടുത്തി, വ്യവസായ സാധ്യതകളിലേയ്ക്ക് സിനിമ മാറുന്ന ഓരോ ഘട്ടത്തിലും ഭരണകൂട/അധീശമൂല്യങ്ങളോട് സന്ധി ചെയ്യുന്ന കാഴ്ചകളാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. അപ്പോഴും കീഴാള/ തൊഴിലാളിവര്‍ഗ്ഗ സമൂഹങ്ങളെ സിനിമയ്ക്ക് അതിന്റെ പ്രേക്ഷകരായി നിലനിര്‍ത്താന്‍കഴിഞ്ഞു. ഒരു ബഹുസ്വര ആവാസവ്യവസ്ഥയില്‍ അധിവസിക്കുന്ന വ്യത്യസ്തതകളെ ഒറ്റ സൗന്ദര്യശാസ്ത്ര പദ്ധതിയിലേക്ക് ഏകോപിപ്പിക്കുകയും ക്രമപ്പെടുത്തുകയുമായിരുന്നു ചലച്ചിത്രം.ജാതീയവും സാംസ്‌കാരികവുമായ വ്യത്യസ്തതകളോട് സന്ധിചെയ്തും സ്വാംശീകരിച്ചും കീഴടക്കിയും കാലത്തിന്റെ സംഘര്‍ഷങ്ങളെ മെരുക്കാന്‍ സിനിമയ്ക്കുകഴിയുന്നു. ബഹുസ്വരവും ഭിന്നവും പലപ്പോഴും പരസ്പരവിരുദ്ധവുമായ സാംസ്‌കാരിക സമൂഹങ്ങളുടെ സ്വീകാര്യത ഉറപ്പു വരുത്തുന്നതിനു ആവശ്യമായ ആവിഷ്‌കാര, ആഖ്യാന, വിപണനതന്ത്രങ്ങള്‍ കണ്ടെത്തുന്നതിലൂടെയാണ് ചലച്ചിത്രം ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നത്.

സാമ്പത്തികവ്യവഹാരം സംസ്‌കാരത്തെ കീഴ്‌പ്പെടുത്തുന്നു.വിപണിയെ നിയന്ത്രിക്കുന്ന ശക്തികതന്നെ കലയേയും നിയന്ത്രിക്കുമ്പോള്‍ സാമ്പത്തിക കൈമാറ്റ ക്രമത്തിലേക്ക് പ്രവേശിക്കുന്ന ഏതൊരുല്‍പ്പന്നവും പ്രവൃത്തിയും ന്യായീകരിക്കപ്പെടുന്നു. മൂലധനത്തിന്റെ മൂല്യവ്യവസ്ഥആത്യന്തികമായി അംഗീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. സാങ്കേതികവിദ്യയുടെ കല എന്ന നിലയില്‍ ചലച്ചിത്രത്തിന് ഈ മൂലധന താല്പര്യത്തില്‍ നിന്നും പുറത്തുകടക്കുക പലപ്പോഴും അസാധ്യമായിരിക്കും. അതിനര്‍ത്ഥം അങ്ങനെയുള്ള ശ്രമങ്ങള്‍ ലോകത്ത് നടക്കുന്നില്ല എന്നല്ല. മലയാളത്തില്‍ തന്നെ ജോണ്‍എബ്രഹാമിന്റെ അമ്മ അറിയാന്‍ പോലെയുള്ള ചലച്ചിത്രങ്ങള്‍ വ്യവസ്ഥാപിത ചലച്ചിത്രനിര്‍മ്മാണ സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്നുണ്ട്. വ്യവസ്ഥാപിതമായ അര്‍ത്ഥത്തില്‍ അമ്മ അറിയാന്‍ തിയേറ്ററുകളില്‍ പോയിട്ടില്ല. ഒരുപാട് പ്രദേശങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടു. നാട്ടിന്‍പുറങ്ങളിലും കോളെജ് കാമ്പസുകളിലും, സ്‌കൂളുകളിലും വായനശാലകളിലും അമ്മ അറിയാന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോന്നിലും ധാരാളം ആളുകള്‍ സിനിമകണ്ടിട്ടുണ്ട്.പണം നേരിട്ട്മുടക്കാതെതന്നെയാണു ഈ കാണല്‍ അധികവും സാധ്യമായത്.അതിനുള്ള പണം പൊതുവില്‍ സമാഹരിക്കപ്പെടുകയായിരുന്നു. സിനിമാ കാണലിന്റെ വ്യവസ്ഥാപിതമായ ഇടത്തെ, നിഷേധിച്ചു കൊണ്ടാണ് ഒരര്‍ത്ഥത്തില്‍ അമ്മ അറിയാന്‍ അതിന്റെ രാഷ്ട്രീയം പ്രക്ഷേപണം ചെയ്യുന്നത്. വ്യവസ്ഥാപിത ചലച്ചിത്രം പിന്തുടരുന്ന മൂലധന പ്രത്യയശാസ്ത്രത്തെയും കാഴ്ചയുടെ സ്ഥല-കാലങ്ങളെയും പുനര്‍നിര്‍ണയിക്കാനുള്ള ശ്രമങ്ങളും അമ്മ അറിയാനില്‍ സാധ്യമായിട്ടുണ്ട്.സിനിമ പ്രമേയത്തിനുള്ളിലും പാഠത്തിനുപുറത്തും ഒരു കൂട്ടായ്മ സൃഷ്ടിക്കുന്നു; സാമൂഹികമായ അഭിനയവും സാമൂഹികമായ കാഴ്ചയും. സിനിമാ നിര്‍മ്മാണത്തിനുള്ള മൂലധനവും ജനകീയമായി സമാഹരിക്കപെട്ടു. നിര്‍മ്മാണം മുതല്‍ പ്രദര്‍ശനം വരെയുള്ള ഓരോ ഘട്ടത്തിലും ജനകീയമായ ഇടംഈ സിനിമ സാധ്യമാക്കുന്നുണ്ട്.4

കുറിപ്പുകള്‍

1 A man who has a language consequently possesses the world expressed and implied by that language. Frantz Fanon 
2.
സച്ചിദാനന്ദന്‍. സിനിമ മിത്തും യാഥാര്‍ത്ഥ്യവും. പുറം 12
3. ബിന്ദുമേനോന്‍. സിനിമാകൊട്ടകകളും തിരുവിതാകൂറും. പച്ചക്കുതിര, ഡിസംബര്‍, 2005
4.
ജയകുമാര്‍, കെ പി. ഒരേ മരണത്തിലേക്കുള്ള ഒരുപാട് വഴികള്‍ (ലേഖനം). മാധ്യമം ആഴ്ച്ചപ്പതിപ്പ് ജൂണ്‍, 8, 2007.

Comments

comments