മൂവാറ്റുപുഴയിലെ കര്‍ഷക കുടുംബത്തില്‍നിന്നും വന്ന് തിരുവനന്തപുരം ഫൈൻ ആര്‍ട്സിൽ ശില്‍പകല പഠിക്കാൻ ചേര്‍ന്ന്‍, ശില്‍പം ചെയ്യാതെ പെയിന്റിംഗ്  ചെയ്യുന്നതിൽ ഏര്‍പ്പെട്ട് നമുക്കിടയിൽ ജീവിക്കുന്ന ശ്രീദേവി എന്ന ചിത്രകാരിയെക്കുറിച്ച് ഇത്തവണ.

ഒരാൾ ചിത്രം വരയ്ക്കുന്നത് തന്നെ എന്തിനെന്ന പ്രശ്നനിര്‍ഭരമായ അവസ്ഥയെ ചുരുക്കം   സന്ദര്‍ഭങ്ങളിൽ മറികടക്കുമ്പോൾ മാത്രം ചിത്രകാരിയെന്ന നിലയിൽ തന്നെക്കുറിച്ച് ഉറപ്പിക്കുന്ന ഒരാൾ ആണ് ശ്രീദേവി എന്നാണ് എന്‍റെ വിചാരം. ചിത്രകല സ്വമേധയാ ഉള്ള പലതരം സാഹചര്യങ്ങളുടെ പ്രവൃത്തിയാകുമ്പോൾ മാത്രം, വരയ്ക്കുക എന്ന പ്രവൃത്തിയിൽ ഏര്‍പ്പെടുന്ന ഒരാള്‍. മുന്നിലൂടെ കലാചരിത്രം പലരീതിയിൽ പ്രത്യക്ഷമായി കടന്നുപോകുമ്പോഴും അതിന്‍റെ ഏതെങ്കിലും ഒരു പ്രവണതയിൽ സ്വയം രേഖപ്പെടുത്താൻ മെനക്കെടാത്ത ഒരാള്‍.

കല വ്യക്തിത്വപ്രഖ്യാപനമാണെന്ന് കരുതുന്ന സിഗ്നെച്ചര്‍വാദികള്‍ നമുക്കിടയിൽ ധാരാളമുണ്ട്. അവരിൽ തന്നെ സമൂല റിബൽ വ്യക്തിത്വവാദികളും ഉണ്ട്. ഒരു റിബൽ പോസ്ച്ചർ എന്ന നിലയ്ക്കോ കലാകാരിയുടെ തനത് അടയാളം എന്ന നിലയ്ക്കോ കല ഒരു പ്രാക്ടീസ് ആയി വരാൻ വേണ്ടി ബോധപൂര്‍വ്വം ഒന്നും ചെയ്യാതിരിക്കുന്നവര്‍, അങ്ങനെയായതിനാൽ തന്നെ ചിത്രകാരിയാകാൻ എന്നിട്ടും സാധിക്കുന്നവര്‍, ശ്രീദേവിയെപ്പോലുള്ളവർ, വളരെ വിരളമാണ്. അവരുടെ ഇമേജുകളുടെയും ആശയങ്ങളുടെയും ()വ്യക്തത ഇന്നത്തെ സമകാലിക കലയിൽ കാണുന്ന സാധാരണമായ ഒന്നല്ല. തന്‍റെ ജീവിത പരിസരങ്ങളെ പൊതുലോകത്തിന്റെ രാഷ്ട്രീയയുക്തിക്ക് പിടികിട്ടുന്ന വിധം മനപ്പൂര്‍വ്വം അസ്പഷ്ടമാക്കുന്ന അമൂര്‍ത്തപ്രാക്ടീസുകളുടെയോ മനപ്പൂര്‍വ്വം കൂട്ടിയൊട്ടിക്കുന്ന അടയാളജാലങ്ങളുടെയോ സങ്കീര്‍ണ്ണത ഇവർ കൊണ്ടു നടക്കുന്നില്ല. ഇവർ ഒരു മനുഷ്യൻ എന്ന നിലയിൽ ഒരാള്‍ക്ക് മൌലികമായുണ്ടാകുന്ന ഒരു അസ്പഷ്ടത ഒരു ഭാഷയില്ലായ്മ വഹിക്കുന്നു, വര്‍ത്തമാനത്തിലും, ജീവിതത്തിലെ തീരുമാനങ്ങളിലും എല്ലാം തന്നെ അത് കാണാം.

ഒരു സ്ത്രീ, ഒരു ഇന്ത്യക്കാരി, ഒരു മലയാളി, ഒരു റിബല്‍, ഒരു അർട്ടിസ്റ്റ് എന്നൊക്കെയുള്ള യുക്തികൾ ഒരു മനുഷ്യനും അയാളുടെ പ്രകൃതവും തമ്മിലുള്ള മൌലികമായ അവസ്ഥയെ  ആലോചിക്കാൻ പോലും പറ്റാത്തവിധം ടൈപ്പുകൾ ആക്കാറുണ്ട്. അത്തരം ടൈപ്പ്കൾ കൊണ്ടുള്ള ആശയവിനിമയം, അവ സാമൂഹികമായ നമ്മുടെ പുറന്തോടുകളെ മാറ്റുന്നതിൽ കാലാനുസൃതം എത്രമേൽ പ്രായോഗികമായി പ്രയോജനപ്പെടുത്താവുന്ന അനുസാരികൾ ആയാൽ പോലും, അവയെ ശ്രീദേവി തന്‍റെ ബോധപരിധിയിൽ നിന്നും ഒഴിവാക്കുന്നത് കാണാം.

ആശയം എപ്പോഴും യുക്തിരഹിതമാണ്. ആകെയുള്ളത് ഒരാൾ പ്രവൃത്തിയിലൂടെ നിരന്തരം ആർജ്ജിച്ചെടുക്കുന്ന, പ്രവൃത്തിയിൽ തന്നെയുള്ള പുതിയ കണ്ടെത്തലുകൾ ആണ്; കഴിഞ്ഞ ദിവസം തൃശ്ശൂർ പുറനാട്ടുകരയിലെ ഒരു വീട്ടിൽ വച്ച്, ഡല്‍ഹിയിലേക്ക് തല്‍ക്കാലം താമസം മാറ്റാൻ ആലോചിച്ചുകൊണ്ടിരിക്കവേ, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എന്നപോലെ ഇവർ ഇങ്ങനെ പറയുന്നു.

Comments

comments