കുറെക്കാലം മുൻപ് കേട്ട ഒരു അഭിപ്രായം : സ്വതന്ത്ര ഇന്ത്യയിൽ അറ്റോമിക് എനർജി വികസിപ്പിക്കാൻ ഹോമി ഭാഭയും, ബഹിരാകാശ രംഗത്ത് സാരാഭായിയും കൃഷിശാസ്ത്രത്തിൽ എം എസ് സ്വാമിനാഥനും മറ്റും ഉണ്ടായിരുന്നതു കൊണ്ടാണ്  ഈ രംഗങ്ങളിൽ നാം പുരോഗതി കൈവരിച്ചത് . എന്നാൽ ആരോഗ്യ രംഗത്ത് പ്രധാനമന്ത്രി നെഹ്രുവിനെ ഉപദേശിക്കാൻ അതുപോലെ കഴിവുള്ള ആരുമുണ്ടായില്ല. അതുകൊണ്ട് ആ രംഗത്ത് നാം ഏറ്റവും പുറകിലായി.

ഇത് ശരിയാണോ എന്നെനിക്കറിഞ്ഞുകൂടാ. പല കാര്യങ്ങളിലും നാം ഒരുപാടു പുരോഗതി കൈവരിച്ചു എന്നുള്ളത് നേരാണ്. ആരോഗ്യരംഗത്തെ പരാജയങ്ങൾ മുഴുവൻ ഉപദേശത്തിന്റെ കുറവുകൊണ്ടാണെന്നും പറയാൻ വയ്യ. പക്ഷേ ഇന്നും ലോകത്തിൽ ഏറ്റവും അധികം മാതൃമരണങ്ങൾ നടക്കുന്ന രാജ്യം ഇന്ത്യയാണ്. ശിശുമരണങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്. പെൺ ഭ്രൂണഹത്യകൾ, വിപരീതമായ ലിംഗാനുപാതം, കുറഞ്ഞ ആയുർദൈർഘ്യം, പകർച്ചവ്യാധികൾ കൊണ്ടുള്ള മരണങ്ങൾ, അപകടങ്ങൾ, കക്കൂസുകളുടെ ഇല്ലായ്മ, കുടിവെള്ളത്തിന്റെ അഭാവം, പ്രമേഹത്തിന്റെ പ്രാചുര്യം, എന്നിങ്ങനെ നാം ഏറ്റവും മുന്നിൽ നിൽക്കുന്ന മേഖലകൾ ഏറെ.

പക്ഷേ ഇവിടെ പരാമർശ വിഷയം അതല്ല. ഇപ്രകാരം ഏറ്റവും മോശമായ ആരോഗ്യ സൂചികകൾ ഉള്ള ഇന്ത്യയിൽ, അന്താരാഷ്ട്ര രംഗത്തുതന്നെ മേന്മ അവകാശപ്പെടാവുന്ന ആരോഗ്യ നിലവാരവുമായി ഒരു സംസ്ഥാനം: കേരളം. ഈ വിഷയത്തിൽ കേരളം അന്താരാഷ്ട്രശ്രദ്ധ ആകർഷിച്ചുതുടങ്ങിയത് എഴുപതുകളിലാണ്. അതിനു പ്രധാനകാരണം കുത്തനെ താഴോട്ടു വന്ന കേരളത്തിന്റെ ജനനനിരക്കാണ്. ജനപ്പെരുപ്പം മൂലം ശ്വാസം മുട്ടുന്ന ഇന്ത്യയിൽ പട്ടിണി മരണങ്ങൾ പ്രതീക്ഷിച്ചിരുന്ന പാശ്ചാത്യ പണ്ഡിത ലോകത്തിനു ഉൾകൊള്ളാൻ പറ്റുന്ന ഒന്നായിരുന്നില്ല ഇത്. അന്ന്- എഴുപതുകളുടെ ആദ്യത്തിൽ- ചൈന ജനസംഖ്യാ വർദ്ധന ഒരു പ്രശ്നമേ അല്ല എന്നുള്ള സമീപനമാണെടുത്തിരുന്നത്. (അവരുടെ നിർബന്ധിത ജനന നിയന്ത്രണ പരിപാടികൾ പിന്നെയും അഞ്ചു പത്തു വർഷം കഴിഞ്ഞാണു ശക്തമായത്).

അങ്ങിനെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചെടുത്ത കേരളം അക്കാദമിക് രംഗത്ത് ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു. കേരളമാതൃക പഠിക്കാൻ വലുതും ചെറുതും, സ്വദേശിയും വിദേശിയും ആയ ഗവേഷകർ തിക്കും തിരക്കുമായി. ആനയെ കണ്ട കുരുടന്മാരെപ്പോലെ അവർ താന്താങ്ങളുടെ ഭാവനക്കനുസരിച്ച് കേരളമാതൃക സൃഷ്ടിച്ചു. അവയിൽ സ്ത്രീസാക്ഷരതയുണ്ടായിരുന്നു, കമ്മ്യൂണിസ്റ്റ് പാർടിയുണ്ടായിരുന്നു, മരുമക്കത്തായമുണ്ടായിരുന്നു, റേഷൻ സമ്പ്രദായമുണ്ടായിരുന്നു, ശ്രീ നാരായണ ഗുരുവും ഉണ്ടായിരുന്നു. എന്നാൽ ഇവക്കെല്ലാം ഉപരിയായി മനസ്സിലാക്കാൻ എളുപ്പമല്ലാത്ത എന്തോ ഒന്നു കൂടിയുണ്ടായിരുന്നു. ഇന്ത്യയിലെ (അന്നത്തെ നിലക്ക്) എറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിൽ ഒന്ന് എങ്ങിനെ ആരോഗ്യകാര്യത്തിൽ ഒരു മാതൃക സൃഷ്ടിച്ചു എന്നത് ഒരു പ്രഹേളികയായിരുന്നു. അങ്ങിനെ ശ്രീലങ്കയെയും കോസ്റ്റാ റിക്കയെയും ക്യൂബയെയും പോലെ വികസന സാഹിത്യത്തിൽ കേരളവും ഒരു സംസാര വിഷയമായി.

ആരോഗ്യസൂചികകളിലെ മുന്നേറ്റം കേരളസംസ്ഥാന രൂപീകരണത്തിനുശേഷം ഉണ്ടായ ഒരു പ്രതിഭാസമല്ല. ഇന്ത്യയിൽ സെൻസസ് തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. അന്നു മുതൽ തന്നെ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ മരണനിരക്ക് ക്രമേണ കുറച്ചുകൊണ്ടുവരുന്നതായി കാണാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ മരണനിരക്കു കുറക്കുന്നതിൽ ഗണ്യമായ മുന്നേറ്റം ഈ പ്രദേശങ്ങൾ കൈവരിച്ചിരുന്നു. ഇതിന്റെ സ്വാഭാവിക പരിണാമമാണ് അൻപതുകൾക്കുശേഷം കേരളത്തിൽ നടന്നത്. സംഘടിതമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ- പ്രത്യേകിച്ച് മലേറിയ നിർമാർജനശ്രമങ്ങൾ- ഇതിനു ആക്കം കൂട്ടി എന്നു മാത്രം.

എന്നാൽ ഇന്ന്- ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ- കേരളത്തിൽ ജീവിക്കുന്ന ഒരാൾക്ക് താൻ ജീവിക്കുന്നത് ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു മാതൃകാസംസ്ഥാനത്തിലാണെന്നു തോന്നുമോ? ഭൂരിപക്ഷം പേരും ഇല്ല എന്നുത്തരം പറയും എന്നാണെനിക്കു തോന്നുന്നത്. ചികിത്സാചെലവുകൾ മാനം മുട്ടെ ഉയർന്നു വരുന്നത് കുടുംബങ്ങൾക്ക് ഉറങ്ങാത്ത രാത്രികൾ സമ്മാനിക്കുന്നു. പനി പോലുള്ള നിസ്സാരമെന്നു തോന്നിക്കുന്ന രോഗങ്ങൾ പോലും മാരകമായേക്കാമെന്ന ഭീതി ഏവരെയും ഗ്രസിച്ചിരിക്കുന്നു. ആ ഭീതി വളർത്തി അതിൽനിന്നു ലാഭം ഉണ്ടാക്കാൻ തക്കം പാർത്തിരിക്കുന്ന സ്വകാര്യ മേഖല. പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടുമ്പോൾ ഗവർമ്മെന്റും ഡോക്ടർമാരും പരസ്പരം പഴിചാരുന്നു. രോഗനിർണയത്തിനു ലബോറട്ടറികളെ കൂട്ടുപിടിക്കുന്ന ഡോക്ടർമാരെ സ്വാഭാവികമായും സംശയത്തോടെ നോക്കുന്ന രോഗികൾ; എന്നാൽ അവർക്ക് സംശയം തീർക്കണമെങ്കിൽ മറ്റൊരു ഡോക്ടറോടു ചോദിക്കുകയല്ലാതെ നിർവാഹമില്ല. ഈയൊരു ചുറ്റുപാടിൽ ഡോക്ടർമാരിലും ആരോഗ്യസംവിധാനത്തിലും വിശ്വാസം നശിക്കുക സ്വാഭാവികം. ഡോക്ടർമാരാകട്ടെ, രോഗികൾ തങ്ങളെ കെണിയിൽ ചാടിക്കാൻ തുനിയുമോ എന്ന സംശയത്തിൽ ചികിത്സയിൽ യാതൊരുവിധ റിസ്കുകളും എടുക്കാൻ തയ്യാറാവുന്നില്ല. സങ്കീർണമായ സാങ്കേതിക വിദ്യയോടുള്ള അമിതമായ വിധേയത്വം കാരണം അതിന്റെ പ്രയോഗത്തിൽ വൈദഗ്ദ്ധ്യം നേടാൻവേണ്ടിയുള്ള പരക്കം പാച്ചിലിൽ രോഗികളോടു പാലിക്കേണ്ട സാമാന്യ മര്യാദ പോലും മറന്നു പോകുന്ന വൈദ്യ സമൂഹം. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം സാങ്കേതിക വിദ്യയാണെന്ന സിദ്ധാന്തം പ്രചരിപ്പിക്കുക വഴി വാർദ്ധക്യത്തിലുണ്ടാകുന്ന സ്വാഭാവിക മരണം പോലും കുടുംബങ്ങൾക്ക് അസ്വീകാര്യമാകുന്ന അവസ്ഥ. സ്വന്തം വൈദഗ്ദ്ധ്യത്തെ എല്ല മാധ്യമങ്ങളിൽ കൂടിയും ധാർമികതയെ പറ്റിയുള്ള യാതൊരു പരിഗണനയുമില്ലാതെ പരസ്യം ചെയ്യുന്ന വിദഗ്ദ്ധർ. ആരോഗ്യത്തിലെ ഈയൊരു കേരളമാതൃക ഇനിയും കാര്യമായി പഠന വിഷയമായിട്ടില്ല.

ഈ വൈരുദ്ധ്യത്തിനു എന്താണു വിശദീകരണം?

ഏറ്റവും ലളിതമായി പറയാവുന്ന ഉത്തരം വൈദ്യശുശ്രൂഷയുടെ വാണിജ്യകരണം എന്നതാണ്. ഒരു പരിധി വരെ എല്ലാ ആധുനിക സമൂഹങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നതും ആണത്. ബ്രിട്ടനടക്കമുള്ള പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലാണു ആതുര ശുശ്രൂഷയുടെ എറ്റവും മാനുഷികമായ ഉത്പാദനം നടക്കുന്നത് എന്നു പറയാം. സൗജന്യമായ ആതുരശുശ്രൂഷ അവിടെ പൗരന്മാരുടെ അവകാശമായി അംഗീകരിക്കപ്പെട്ടിട്ട് അര നൂറ്റാണ്ടെങ്കിലും കഴിഞ്ഞു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ഉണ്ടായ സോഷ്യൽ കോണ്ട്രാക്റ്റിന്റെ ഭാഗമായി അവിടങ്ങളിൽ ഉദയം ചെയ്ത ക്ഷേമരാഷ്ട്ര സമീപനമാണ് ഇതിനാണിക്കല്ലായി തീർന്നത്. ഇതിനു പല മാതൃകകൾ ഉണ്ടായിരുന്നു: യു കെയിലെ നാഷനൽ ഹെൽത് സർവീസാണ് എറ്റവും പരിചിതമായ ഉദാഹരണം. എന്നാൽ നികുതിപ്പണത്തിൽനിന്നു തന്നെ ആതുരശുശ്രൂഷക്കു വേണ്ട വിഭവസമാഹരണം നടത്തുക
എന്ന ബ്രിട്ടീഷ് സമീപനത്തിൽനിന്ന് വ്യതസ്തമായി
, സിക്നെസ്സ് ഫണ്ടുകൾ പോലെയുള്ള സാമൂഹ്യ ഇൻഷുറൻസ് പദ്ധതികളാണു ഫ്രാൻസിലും ജർമ്മനിയിലും മറ്റും പ്രചാരത്തിലുള്ളത്. ഈ രീതി തന്നെ വടക്കെ അമേരിക്കയിൽ കാനഡയിലും ഏഷ്യയിൽ ജപ്പാനിലും കാണാം. പൗരന്മാരുടെ ആരോഗ്യം ഒരു അവകാശമായി ഉയർത്തിപിടിക്കുന്നതിലൂടെ അതിലുള്ള കച്ചവടം ഒരു പരിധി വരെ തടയാൻ ഈ മാതൃകകൾക്ക്  കഴിഞ്ഞു.

ഇന്ത്യയിൽ സ്വാതന്ത്ര്യാനന്തരം നടപ്പാക്കി വന്ന പൊതുജനാരോഗ്യനയത്തിന്റെ അടിത്തറ ഭോറെ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കേന്ദ്രീകരിച്ചു നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളും അടിസ്ഥാന രോഗ നിർണയ, നിവാരണ പ്രവർത്തനങ്ങളുമാണ് ഈ സമീപനത്തിന്റെ ആണിക്കല്ല്. പിന്നോക്കാവസ്ഥയിൽ ഉള്ള ഒരു ജനതക്ക് വളരെ വേഗം അടിസ്ഥാന ആരോഗ്യ സൂചികകളിൽ അഭിവൃദ്ധി ഉണ്ടാക്കാൻ വേണ്ടി മെനഞ്ഞെടുത്ത ഒരു സമീപനമായിരുന്നു അത്. ആ അർഥത്തിൽ ഒരു പക്ഷെ ലോകത്തിൽ ആദ്യമായതും അപൂർവമായതുമായ ഒരു നയമായിരുന്നു അത്. ഭോറെ കമ്മിറ്റിയുടെ അനുരണനങ്ങൾ 1978 ലെ അൽമാ-ആട്ടാ പ്രഖ്യാപനത്തിലും കാണാം. എന്നാൽ നയരൂപീകരണത്തിലുള്ള കൃത്യത നയം നടപ്പാക്കുന്നതിൽ ഉണ്ടായില്ല. (ഭോറെ കമ്മിറ്റി തദ്ദേശീയ ചികിത്സാപദ്ധതികളെ അവഗണിച്ചു എന്നൊരു വിമർശനം ഉയർന്നു എന്നതും ശ്രദ്ധിക്കണം). ഈ സമീപനത്തിനാവശ്യമായ രണ്ടുകാര്യങ്ങൾ ചെയ്യുന്നതിൽ നാം വീഴ്ച വരുത്തി. ഒന്ന്, പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ എണ്ണം ക്രമേണ കൂട്ടി, എല്ലാവർക്കും പ്രാപ്യമായ ഒന്നായി പ്രാഥമിക ചികിത്സയെ മാറ്റുന്നതിൽ. ഇന്നും മണിക്കൂറുകളോളം സഞ്ചരിച്ചാൽ മാത്രം പ്രാഥമിക ചികിത്സ ലഭ്യമാകുന്ന ഗ്രാമങ്ങൾ ഈ കേരളത്തിൽ പോലും ഉണ്ട്. ദേശീയവരുമാനത്തിൽനിന്ന് ആരോഗ്യകാര്യങ്ങൾക്ക് നീക്കിവയ്ക്കുന്ന തുകയുടെ അപര്യാപ്തതയാണ് ഇതിന്റെ ഒരു പ്രധാനകാരണം. മാറിമാറി വന്ന സർക്കാരുകളും പഞ്ചവത്സര പദ്ധതികളും ആരോഗ്യത്തിന് മുൻഗണന കൊടുക്കാൻ മറന്നുപോയി. കേരളത്തിൽ പോലും സംസ്ഥാനവരുമാനത്തിന്റെ ഒരു ശതമാനം വരുന്ന തുകയാണ് സർക്കാർ ആരോഗ്യകാര്യങ്ങൾക്ക് നീക്കിവയ്ക്കുന്നത് എന്നാണ് കണക്ക്. ഇത് അന്താരാഷ്ട്ര നിലവാരത്തിൽ തുലോം തുഛമാണ്. യൂറോപ്യൻ രാജ്യങ്ങൾ എകദേശം 5 മുതൽ 8 ശതമാനം വരെ ദേശീയ വരുമാനത്തിന്റെ ഭാഗം ആരോഗ്യപ്രവർത്തങ്ങൾക്ക് നീക്കിവയ്ക്കുന്നു. ഇത് ചൈന, തായ്ലൻഡ് എന്നിവിടങ്ങളിൽ പോലും 3-5 ശതമാനത്തോളം ഉണ്ട്.

ഇതോടൊപ്പം കാണേണ്ട മറ്റൊന്നാണ് വൈദ്യവിദ്യാഭ്യാസത്തിൽ നമ്മുടെ സമീപനം. ഭോറെ കമ്മിറ്റി വിഭാവനം ചെയ്തത് അടിസ്ഥാന ഡോക്ടർമാരെസൃഷ്ടിക്കുന്ന വൈദ്യവിദ്യാഭ്യാസമാണ്; അതായത് രോഗനിർണയത്തിലും ചികിത്സയിലും പ്രതിരോധത്തിലും ഒരുപോലെ പ്രാവീണ്യമുള്ള, ആരോഗ്യപ്രവർത്തകരുടെ ടീമിന്രെ കാപ്റ്റനായി പ്രവർത്തിക്കാൻ സന്നദ്ധനായ ഒരു ഡോക്ടർ. എന്നാൽ ഇത്തരത്തിലുള്ള ഡോക്ടർ സങ്കല്പത്തിൽ മാത്രം ഒതുങ്ങി നിന്നു. (പക്ഷേ ഡോക്ടർമാരുടെ പരിശീലനത്തിൽ വെള്ളം ചേർക്കരുതെന്ന കാര്യത്തിൽ ഭോറെ കമ്മിറ്റിക്കു നിർബന്ധമുണ്ടായിരുന്നു- അതായത് പുതിയതായി സൃഷ്ടിക്കപ്പെടുന്ന ഡോക്ടർമാർ എം ബി ബി എസുകാർ തന്നെ ആയിരിക്കണം). രോഗികൾക്ക് പഞ്ഞമില്ല്ലാത്ത ഒരു സമൂഹത്തിൽ രോഗനിർണയവും ചികിത്സയും പ്രാമാണ്യം നേടിയത് പ്രതീക്ഷിക്കാവുന്നതാണ്. സാമാന്യേന സാംപത്തികമായി മുന്നിൽ നിൽകുന്ന നഗരവാസികളായ മദ്ധ്യവർഗയുവാക്കൾക്ക് മാത്രം പ്രധാനമായും ലഭ്യമായ വൈദ്യവിദ്യാഭ്യാസം, അവർ വിദേശവാസത്തിനും മഹാനഗരങ്ങളിലെ ഹൈടെക് ആശുപത്രികളിലേക്കുമുള്ള പാസ്പോർട്ടായി ഉപയോഗിച്ചു എന്നുള്ളത് സ്വാഭാവികം മാത്രം. നിർബന്ധിത സേവനത്തിന്റെ നിയമത്തിൽ കുരുക്കി അവരെ ഗ്രാമങ്ങളിൽ തളച്ചിടാനുള്ള ശ്രമവും വിജയിച്ചില്ല. മറ്റുരാജ്യങ്ങളിൽ വിജയകരമായി പ്രയോഗിക്കപ്പെട്ട മൊബൈൽ ഗ്രാമാശുപത്രികൾ, അടിസ്ഥാന പരിശീലനം മാത്രം ലഭിച്ച ഗ്രാമീണ ചികിത്സകർ എന്നീ സമീപനങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ടു.

ഭോറെ യുടെ സമീപനം കുറെയൊക്കെ വിജയിപ്പിച്ച ഒരു സംസ്ഥാനമാണ് കേരളം. ജനസംഖ്യാസാന്ദ്രതയുടെ ആനുകൂല്യം ഉണ്ടായിരുന്നതുകൊണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഗ്രാമങ്ങളിളേക്ക് വ്യാപിപ്പിക്കാൻ കേരളത്തിന് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. കേരളത്തിലെ ഡോക്ടർമാർ സാമാന്യേന ഗ്രാമപ്രദേശങ്ങളിൽ സേവനം അനുഷ്ഠിക്കാൻ വിമുഖത കാട്ടിയതുമില്ല. ഇതിന്റെയൊക്കെ ഫലമായി എഴുപതുകളിലും എൺപതുകളിലും അഭൂതപൂർവമായ വളർച്ച കേരളത്തിലെ സർക്കാർ ആരോഗ്യസ്ഥാപനങ്ങളുടെ എണ്ണത്തിലും വലിപ്പത്തിലുമുണ്ടായി. നമ്മുടെ ആരോഗ്യസൂചികകളിലുണ്ടായ ഗുണപരമായ മാറ്റത്തിന് ആരോഗ്യമേഖലക്കു പുറത്തുള്ള കാരണങ്ങളോടൊപ്പം ഇതും ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നത്  തർക്കമറ്റ വിഷയമാണ്. തൊണ്ണൂറുകളുടെ പകുതിയായപ്പോഴേക്കും മിക്കവാറും എല്ല പ്രസവങ്ങളും ആശുപത്രിയിലേക്കു മാറിയ ഒരേ ഒരു സംസ്ഥാനം കേരളമായിരുന്നു എന്നത് ഇതിന്രെ ഒരു സൂചകമാണ്.

എന്നാൽ ഭോറെ നിർദ്ദേശങ്ങളുടെ വിജയം ഒരർത്ഥത്തിൽ കേരളത്തിന്രെ പരാജയമായി. വളർച്ച സർക്കാർ മേഖലയിൽ ഒതുങ്ങിനിന്നില്ല. അതിനൊരു മറുപുറമുണ്ടായിരുന്നു. ആരോഗ്യസേവനങ്ങൾ കുടുതൽ പരിചിതമായപ്പ്പോൾ വളർന്നു വന്ന ഒരു തലമുറക്ക് അവ ഒഴിച്ചുകൂടാൻ പറ്റാതെയായി. ഗൂണത്തിലും അളവിലും ആതുരശുശ്രൂഷാമേഖലയിൽനിന്ന് ജനങ്ങൾ കുടുതൽ പ്രതീക്ഷിക്കാൻ തുടങ്ങി. ആ പ്രതീക്ഷക്കൊത്തുയരാൻ പക്ഷേ സർക്കാർ സ്ഥാപനങ്ങൾക്കായില്ല. ഇതിനൊരു പ്രധാനകാരണം തൊണ്ണൂറുകളിൽ രൂക്ഷമായ സർക്കാരിന്റെ സാമ്പത്തിക ഞെരുക്കമായിരുന്നു. ഈയൊരു വിടവിലേക്കാണ് സ്വകാര്യസ്ഥാപനങ്ങൾ കടന്നുവന്നത്. രണ്ടായിരാമാണ്ടോടുകൂടി ആതുരശുശ്രൂഷാമേഖലയിലെ സ്ഥാപനങ്ങളുടെയും, സൗകര്യങ്ങളുടെയും, സ്റ്റാഫിന്റെയും

എണ്ണത്തിൽ കേരളത്തിൽ സ്വകാര്യസ്ഥാപനങ്ങൾ സർക്കാരിനെ കവച്ചുവച്ചു. ഈ വളർച്ചയിൽ സ്വകാര്യമേഖലയെ സഹായിച്ച രണ്ട് ഘടകങ്ങളുണ്ടായിരുന്നു. ഒന്ന്, ജനങ്ങളുടെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി. തൊണ്ണൂറുകളുടെ ആദ്യമായപ്പോഴെക്കും കേരളം ഒരു ദരിദ്രസംസ്ഥാനം എന്ന അവസ്ഥ വിട്ട്, പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ശരാശരിയെ കവച്ചു വയ്ക്കുന്ന ഒരു സംസ്ഥാനമായി. ഗൾഫ് നാടുകളിൽനിന്നുള്ള പണം സംസ്ഥാനവരുമാനത്തിന്റെ ഒരു ഗണ്യമായ ശതമാനം ആയിക്കഴിഞ്ഞിരുന്നു. കൂടാതെ പൊതുവെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില കുറെക്കൂടി ഭദ്രമായി. സ്വകാര്യചികിത്സ പണം കൊടുത്തു വാങ്ങാനും, ചികിത്സാസ്ഥാപനങ്ങൾ പുതുതായി ആരംഭിക്കുന്നതിന് മുതൽ മുടക്കുന്നതിനും ഇത് ഒരുപോലെ സഹായകമായി. ഇതോടൊപ്പം സ്വകാര്യസംരംഭകർക്ക് മുതൽമുടക്കുവാൻ അനുയോജ്യമായ അന്തരീക്ഷം വ്യാവസായിക മേഖലയിൽ ഇല്ലായിരുന്നു എന്നതും പരിഗണിക്കപ്പെടേണ്ടതാണ്. സംരംഭകരെ സേവനമേഖലയിലേക്കു തിരിച്ചുവിടാൻ ഇതു സഹായിച്ചു. സേവനമേഖല- പ്രത്യേകിച്ച് ആതുരശുശ്രൂഷാമേഖല- നിക്ഷേപകർക്ക് പല അനുകൂല ഘടകങ്ങളും വാഗ്ദാനം ചെയ്തു. സർക്കാർ നിയന്ത്രണങ്ങളുടെ അഭാവം, താരതമ്യേന പരിമിതമായ തൊഴിൽനിയമങ്ങൾ, പരിസ്ഥിതി നിയന്ത്രണങ്ങളുടെ പരിധി ഈ മേഖലയിൽ വ്യാപിപ്പിക്കാത്തത്, എന്നിവയെല്ലാം ഇപ്രകാരമുള്ള അനുകൂലഘടകങ്ങളിൽ പെടും. ഇവയിൽ ഭൂരിഭാഗവും ഇപ്പോഴും പ്രസക്തമാണ്. ചുരുക്കിപറഞ്ഞാൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ വരവോടെ കേരളത്തിലെ ഏറ്റവും വലിയ വ്യവസായം ഒരുപക്ഷേ ആതുരശുശ്രൂഷയായി. (ഇതിനോടു കിടപിടിക്കാൻ വിദ്യാഭ്യാസം മാത്രമേ ഉള്ളൂ).

കേരളത്തിൽ സ്വകാര്യ ആശുപത്രികൾ ഒരു പുതുമയല്ല. മിഷനറി പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ചെറുതും ഇടത്തരവുമായ സ്ഥാപനങ്ങൾ സംസ്ഥാനത്തങ്ങോളമിങ്ങോളം കാണാം. ഇവക്കു പലതിനും അറുപതു വർഷത്തിലേറെ പഴക്കമുണ്ടാകും. ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. ഒന്നോരണ്ടോ ഡോക്ടർമാരും അൻപതിൽ താഴെ കിടക്കകളും എന്നതായിരുന്നു ഇവയുടെ ഒരു പൊതു സ്വഭാവം. പിന്നീട്  എൻ ആർ ഐ കളുടെയും ഡോക്ടർമാരുടെയും (എൻ ആർ ഐ ഡോക്ടർമാരുടെയും) ഉടമസ്ഥതയിലുള്ള മൾടി സ്പെഷ്യാലിറ്റിആശുപത്രികളുടെ വരവായി. ഇവയിൽ പലതും വലിപ്പത്തിലും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും മെഡിക്കൽ കോളേജുകളെ വെല്ലുന്നവയായിരുന്നെങ്കിലും, ഒരു കാര്യത്തിൽ അടുത്തകാലം വരെ കേരളം വ്യതസ്തമായിരുന്നു: മറ്റു ഇന്ത്യൻ മഹാനഗരങ്ങളിൽ ഉണ്ടായിവന്നതുപോലെയുള്ള കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള ആശുപത്രികൾ കേരളത്തിൽ ഉണ്ടായില്ല. കഴിഞ്ഞ വർഷങ്ങളിലായി കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും വൻകിട ആശുപത്രി ശൃംഖലകളുടെ കടന്നുകയറ്റം തുടങ്ങിയതായി കാണാം. ഇവയിൽ പലതും നിലനിന്നിരുന്ന, എന്നാൽ നഷ്ടത്തിലായതോ ഭീഷണി നേരിടുന്നതോ ആയ മറ്റു സ്ഥാപനങ്ങളെ ഏറ്റെടുത്തുകൊണ്ടാണ് രംഗത്ത് വന്നത്. ആതുരശുശ്രൂഷയുടെ കച്ചവടം ചെറുകിടക്കാർക്കു പിടിച്ചുനിൽക്കാൻ പറ്റിയ ഒന്നല്ലാതെ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്.

ആശുപത്രികളോടും ആതുരശുശ്രൂഷയോടും സാധാരണക്കാരന്റെ സമീപനത്തിലും കാതലായ മാറ്റമുണ്ടായിട്ടുണ്ട്. രോഗി എന്നതിലുപരി ഉപഭോക്താവിന്റെ വേഷമാണ് ഇപ്പോൾ അവർ തെരഞ്ഞെടുക്കുന്നത്: അഥവാ തെരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെടുന്നത്. ചികിത്സാരീതികളുടെയും സാങ്കേതികവിദ്യയുടെയും സൂപ്പർമാർക്കറ്റിൽ എന്തു തള്ളണം, എന്തു കൊള്ളണം എന്നറിയാതെ അവർ പകച്ചു നിൽക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ അവരുടെ പക്ഷത്ത് നിൽക്കേണ്ട ഡോക്ടർ പലപ്പോഴും കച്ചവടക്കാരന്റെ ഏജന്റാകുന്നു,അഥവാ സ്വയം ആ വേഷം അണിയുന്നു. മൊത്തത്തിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന ഒരന്തരീക്ഷം മുതലെടുത്ത് അതിൽ നിന്ന് ജനത്തെ ചൂഷണം ചെയ്യുന്ന ഒരു ഏർപ്പാടായി മാറിയിരിക്കുന്നു ആതുരശുശ്രൂഷ.

ഇവിടെനിന്ന് എങ്ങോട്ട് എന്ന ചോദ്യം പ്രസക്തമാണ്.

ഒരർത്ഥത്തിൽ ആധുനിക ചികിത്സയിൽനിന്ന് സാങ്കേതികവിദ്യയെ മാറ്റി നിർത്തി പഴയ കുടുംബഡോക്ടർ സങ്കല്പത്തിലേക്ക്  തിരിച്ചുപോകുക എന്നത് ഒരു കാല്പനിക സ്വപ്നമാണ്; ഒരിക്കലും നടക്കാത്ത സുന്ദരമായ ഒരു സ്വപ്നം. പക്ഷേ ആതുരശുശ്രൂഷയിൽനിന്ന് ചൂഷണം ഒഴിവാക്കുക എന്നത് ശക്തമായ നയരൂപീകരണം കൊണ്ട് സാധ്യമായ ഒന്നാണ്. എന്നു മാത്രമല്ല, ഇത്രസങ്കീർണമായ സാങ്കേതിക വിദ്യകൾ ഉൾകൊണ്ടിരിക്കുന്ന ഈ മേഖലയിൽ ജനത്തെ ചൂഷണത്തിൽനിന്ന് രക്ഷിക്കേണ്ടത് ഭരണാധികാരികളുടെ കർത്തവ്യം കൂടിയാണ്. അതുകൊണ്ടു മാത്രമേ നമുക്കു ഭക്ഷ്യസുരക്ഷ പോലെ ആരോഗ്യസുരക്ഷയും ഉറപ്പുവരുത്താനാകൂ.  അതിനു വേണ്ടുന്ന ചില മിനിമംപരിപാടികളുണ്ട്. ഒന്നാമതായി സർക്കാർ സ്ഥാപനങ്ങളുടെ ശാക്തീകരണം. കേരളത്തിൽ ആരോഗ്യകേന്ദ്രങ്ങളും താലൂക്ക്- ജില്ലാ ആശുപത്രികളും തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിട്ട് രണ്ടു പതിറ്റാണ്ടോളമായി. എന്നാൽ ആ നിയമനിർമാണത്തിന്രെ ഗുണഫലങ്ങൾ ഇന്നും വ്യാപകമായി അനുഭവപ്പെടുന്നില്ല. ഒരോ തലത്തിലും- പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മുകളിലേക്ക്- എതൊക്കെ സേവനങ്ങൾ ലഭ്യമാണ് എന്നത് പരസ്യപ്പെടുത്തുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ഈ സേവനങ്ങൾ ലഭിച്ചില്ലെങ്കിൽ ലഭ്യമായ പരിഹാരമാർഗങ്ങളും  സുതാര്യമായിരിക്കണം. ഇപ്പോൽ നിലവിൽ വന്നിട്ടുള്ള സേവനാവകാശനിയമം ഇതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്.  ഒരു സ്ഥാപനത്തിലും  ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ഒഴിവുകൾ നികത്തപ്പെടാതിരിക്കരുത്- അതുപോലെ എല്ലായിടത്തും എല്ലായ്പോഴും അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. ഇതിന് ആരോഗ്യരംഗത്ത് അധികവിഭവവിന്യാസം വേണ്ടിവരുമെന്നുള്ളത് പ്രത്യേകിച്ച് പറയേണ്ടതില്ല. ഗവർമെന്റ് സർവീസിലേക്ക് ഡോക്ടർമാർ ആകർഷിക്കപ്പെടുന്നില്ല എന്ന സ്ഥിതിയും ഗൗരവമായി എടുക്കണം. കർശനനിയമങ്ങൾ കൊണ്ട് മറികടക്കാൻ സാധിക്കുന്ന ഒന്നല്ല ഇത് എന്നുള്ള തിരിച്ചറിവുണ്ടാകണം; മറിച്ച് സേവന-വേതന വ്യവസ്ഥകൾ ഉദാരമാക്കുകയും അതേസമയം ചുമതലാനിർവഹണം ഉറപ്പിക്കുകയും വേണം.

സങ്കീർണ്ണമായ ചികിത്സവേണ്ടിവരുന്ന ചുരുക്കം കേസുകളിൽ- ഇവയുടെ എണ്ണം സ്വാഭാവികമായും പരിമിതമായിരിക്കും- ഇതിന്റെ ചെലവ് വഹിക്കാൻ വേണ്ടി സർക്കാർ ഒരു ഹെൽത് ഫണ്ട് സ്വരൂപിക്കുന്നത് അഭികാമ്യമാണ്. ഇത് ഒരു സോഷ്യൽ ഇൻഷൂറൻസ് മാതൃകയിൽ ഗവർമെന്റിനു സാധിക്കാവുന്നതാണ്. ഇതിനുവേണ്ടി പുകയില, മദ്യം എന്നിവയിൽ നിന്ന് ലഭിക്കുന്ന എക്സൈസ് വരുമാനം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും ചിന്തിക്കാവുന്നതാണ്. ഈ ഫണ്ടിൽ നിന്ന് അർഹമായ കേസുകളിൽ സ്വകാര്യസ്ഥാപനങ്ങളിൽ നടക്കുന്ന ചികിത്സാരീതികളെയും സഹായിക്കാവുന്നതാണ്.

സ്വകാര്യസ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യാനും അവയിൽ ലഭ്യമായ ചികിത്സാരീതികളെക്കുറിച്ച് ജനങ്ങൾക്ക് അറിയാനും നിയമനിർമാണം നടത്താം. ആശുപത്രികൾക്ക് ഗുണനിലവാരറേറ്റിങ്ങ്നടത്തി അവയെ പലശ്രേണികളായി തരം തിരിക്കാൻ ഒരു സ്വതന്ത്ര എജൻസിയെ ഏല്പിക്കാം. ഇങ്ങിനെ നടത്തുന്ന റേറ്റിങ്ങ് അനുസരിച്ച് സമാനസ്വഭാവമുള്ള ചികിത്സകൾക്ക് ഈടാക്കാവുന്ന ചാർജുകൾ പരസ്യമാക്കണം. പരിധികഴിഞ്ഞുള്ള ചാർജിന് സർക്കാർ സഹായം ലഭ്യമാകരുത്.

എല്ലാ ആശുപത്രികളോടും- സർക്കാരും സ്വകാര്യവും- ബന്ധപ്പെട്ട് ഉണ്ടാവുന്ന പരാതികൾ അന്വേഷിക്കാനും പ്രതിവിധി നിർദ്ദേശിക്കാനും സ്വതന്ത്രമായ ഒരു സംവിധാനം ഉണ്ടാകണം. പരാതിയും പരിഹാരവും സുതാര്യമായിരിക്കണം, പരസ്യമാക്കുകയും വേണം.

മുകളിൽ പറഞ്ഞ കാര്യങ്ങളൊന്നും പുതിയനിർദ്ദേശങ്ങളല്ല. പലയിടത്തും പലരീതിയിൽ സമാനസമ്പ്രദായങ്ങൾ നിലവിലുണ്ട്, അവ വിജയകരമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. നയരൂപീകരണത്തിനാവശ്യമായ ഇഛാശക്തി രാഷ്ട്രീയനേതൃത്വത്തിന് ഉണ്ടായിരിക്കണമെന്നുമാത്രം.

(ഡോ രാമൻകുട്ടി  ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ പ്രഫസറാണു.)

Comments

comments