മാതൃ ജ്ഞാനവൃദ്ധ പ്രരൂപങ്ങളായി കല്പിച്ച്  കഥാപാത്രവിശകലനം നടത്തുന്നുണ്ട്. പരാജയം, ദുരന്തം, ഭീരുത്വം എന്നി പദങ്ങളോട് മാത്രം ചേർത്തുവായിക്കുന്ന ആത്മഹത്യയെ ത്യാഗം, യജ്ഞം എന്ന പ്രരൂപത്തോട് മനുഷ്യ മനസ്സുകൾക്കുള്ള ആരാധാനബോധത്തോട് സങ്കലനപ്പെടുത്തി ആദർശവത്കരിക്കുകയാണ്. കഥാപാത്രങ്ങളുടെ ജീവിതപരാജയങ്ങളെ, ‘അപഥസഞ്ചാരങ്ങളെ ആദിരൂപ ആരോപണങ്ങളിലൂടെ  ന്യായീകരിക്കുന്നു.  ഇങ്ങനെ ന്യായീകരിക്കുന്നതിന്റെ കാരണങ്ങൾ പാരമ്പര്യം, സാഹചര്യം എന്നീ സ്വാധീനങ്ങളുടെ ഗ്രാഫുകളിലൂടെ വിശദീകരിക്കുമ്പോൾ അതിലെ യുക്തികളെ ആദിപ്രരൂപമാതൃകകൾ ഉപയോഗിച്ച് സുഭദ്രമാക്കുന്ന ശാസ്ത്രീയതയാണ് പ്രധാനം. തന്റെ ശാസ്ത്രാഭിമുഖ്യം എന്നത്, ശാസ്ത്രപരിസരം സൃഷ്ടിക്കുന്ന കൃതികളോടുള്ള കേവലതാല്പര്യത്തിനപ്പുറം സാഹിത്യവും ശാസ്ത്രവും തമ്മിലുള്ള ഇഴചേർക്കലുകളുടെ സാധ്യതാന്വേഷണങ്ങളാണെന്നതാണ് ഇത്തരം വിശകലനങ്ങൾ നൽകുന്ന പ്രയുക്തപാഠം.

          ഡോ. എം. ലീലാവതിയുടെ നിരൂപണ പഠനങ്ങളുടെ അടിസ്ഥാനശിലയായി വർത്തിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് സാമൂഹ്യസിദ്ധാന്തങ്ങൾ. ഇതാകട്ടെ കേവലം ഒരു കൊടിയടയാളത്തോടുള്ള അനുഭാവമോ, രാഷ്ട്രീയ നിലപാടുകളോടുള്ള വിധേയത്വമോ അല്ല, മറിച്ച് സാമൂഹ്യസമത്വം എന്ന ആദർശം തന്നെയാണ്. പഠനവിധേയമാക്കുന്ന ഏതു കൃതിയിലും ആസ്വാദനപക്ഷത്തു നിന്നുകൊണ്ട്  അതിലെ നന്മകൾ മാത്രം ചികഞ്ഞെടുക്കുന്ന നിരൂപണ പദ്ധതിയാണ് അനുവർത്തിക്കുന്നതെങ്കിലും എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധത, സാഹിത്യത്തിന്റെ ലക്ഷ്യം എന്നിവയുടെ സാന്നിദ്ധ്യം, ആ പദങ്ങളിലുള്ള ക്ലീഷേകൾ ഒഴിവാക്കിക്കൊണ്ടുതന്നെ ഉറപ്പുവരുത്തുന്നുണ്ടെന്നു കാണാം. രുദിതാനുസാരിയായ ഏതൊരു എഴുത്തുകാരന്റെ ഉള്ളിലും ഒരമ്മ ജീവിച്ചിരിക്കുന്നു. സഹജാതർക്കു വെയിലുകൊള്ളാതിരിക്കാൻ തന്റെ രചനകളെ കൂടയാക്കുന്ന ഒരമ്മ‘ (അപ്പുവിന്റെ അന്വേഷണം, പുറം 432) എന്നാണ് എഴുത്തുകാരൻ എന്നതിനു ടീച്ചർ നൽകുന്ന നിർവ്വചനവും വ്യാഖ്യാനവും.

          ശാസ്ത്രവും വിപ്ലവവും ചർച്ചയാകുമ്പോൾ, രക്തദൂഷിത വിപ്ലവം ഒന്നിനും പരിഹാരമല്ലെന്നു വിശ്വസിക്കുമ്പോൾ തന്നെ വിപ്ലവകാരികളെ ഈ പഠനത്തിൽ ആദ്യന്തം അനുകൂലിക്കുന്നതു കാണാം. ഈ ആനുകൂല്യത്തിനു കൃത്യമായ വിശദീകരണവുമുണ്ട്. നോവലിസ്റ്റ് വിപ്ലവം ആവിഷ്‌ക്കരിക്കുകയല്ല, കാതലായ ഒരു സാമൂഹിക പ്രശ്‌നത്തിനു പരിഹാരമന്വേഷിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഇത് ആ നോവലിനെ സമാന ഇതിവൃത്തമുള്ള ഇതര നോവലുകളിൽ നിന്ന് അധിക മാനത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു എന്നു നീരിക്ഷിക്കുന്നുണ്ട്. മുൻപേ പറക്കുന്ന പക്ഷികളിൽ കാണുന്ന സൈദ്ധാന്തിക ചർച്ചകൾ ഇങ്ങനെയുള്ള സാമൂഹ്യബോധം ആവിഷ്‌ക്കരിക്കുന്നതുകൊണ്ട് അവയെ തിരസ്‌ക്കരിക്കാനാകില്ലെന്നും, ആ ചർച്ചകളാണ് നോവലിനു പ്രസക്തി നൽകുന്നതെന്നും പഠനത്തിൽ പറയുന്നു. ഇതിനൊപ്പം താഴ്ന്ന പുരികക്കാരുടെകൃതികളെ അപലപിക്കുന്ന നിരൂപക നോവൽ സ്വഭാവത്തെക്കുറിച്ചുള്ള തന്റെ നിലപാടുകളാണ് വ്യക്തമാക്കുന്നത്. നീക്കുപോക്കുകളില്ലാത്ത  സാമൂഹ്യബോധമാണ് ഈ നിലപാടുകളുടെ കാതൽ.

          ശാസ്ത്രം, വിപ്ലവം എന്നിവയല്ലാതെയുള്ള ഇതിവൃത്തങ്ങളിലും സമത്വം സ്വാതന്ത്ര്യം എന്നീ ആദർശങ്ങളെ തന്നെയാണ് ടീച്ചർ അന്വേഷിക്കുന്നത്. മരുമക്കത്തായം എങ്ങനെ ഒരു വ്യക്തി-സമൂഹ ദുരന്തമായി മാറുന്നു എന്നാണ് എല്ലാം മായ്ക്കുന്ന കടൽതുടങ്ങിയ നോവലുകളിൽ സി.രാധാകൃഷ്ണൻ വിശദീകരിക്കുന്നത്. ഇവയില്‍ മരുമക്കത്തായത്തെ ചരിത്രഗൗരവത്തോടെ ചിത്രീകരിക്കുന്ന നോവലുകളായി പരിചയപ്പെടുത്തുന്ന ടീച്ചർ എല്ലാ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും കാരണമായി ഹൃദയബന്ധങ്ങളിൽ വന്ന വിള്ളലുകളാണ് കാണുന്നത്. സ്‌നേഹബന്ധങ്ങളുടെ കറുപ്പും വെളുപ്പും നോവലിലുണ്ട്. മാനവികതയുടെ നഷ്ടമാണ് കറുപ്പിന്റെ കാരണം എന്നു ബോധ്യപ്പെടുത്താൻ ടീച്ചർ കഥാസന്ദർഭങ്ങളെ ദീർഘമായിത്തന്നെ വിശദീകരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ തന്റെ പഠനങ്ങളിൽ വിശകലനത്തിനായി ഏതു തത്വശാസ്ത്രത്തെ അവലംബിക്കുമ്പോഴും,  ആത്യന്തികമായി മാനവികതയെ മുൻനിർത്തികൊണ്ടാണ് തീർപ്പുകളിലെത്തുന്നത്.

          ഈ നോവലുകളിലെ സ്ത്രീകഥാപാത്രങ്ങളുടെ വിശകലനവും ഈ തലത്തിൽ നിർത്തിയാണ് പരിശോധിക്കേണ്ടത്. അപ്പുവിന്റെ അന്വേഷണങ്ങളിൽ സ്ത്രീക്കു വിദ്യാഭ്യാസം നൽകിയാൽ പുരുഷനൊപ്പമാകുമോ എന്ന ഒന്നുകൂടിയുണ്ടെന്നാണ് ടീച്ചറുടെ നിരീക്ഷണം. സ്ത്രീവാദത്തിന്റെ വേരും പടർപ്പും കൃത്യമായി പഠിച്ചറിഞ്ഞ് അന്വേഷണവിഷയമാക്കിയ നിരൂപകയണ് എം.ലീലാവതി. സ്ത്രീകൾ അധികം പ്രവേശിക്കാതിരുന്ന നിരൂപണ രംഗത്തേക്കുള്ള പ്രവേശനത്തിലൂടെ പരിധികളുടേയും പരിമിതികളുടേയും ഉല്ലംഘനങ്ങൾക്കു ബൗദ്ധികതയുടെ പ്രസക്തി തന്നിലൂടെത്തന്നെ ടീച്ചർ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങൾ, ആഗ്നേയത്തിലെ നങ്ങേമ,  അഗ്നിസാക്ഷിയിലെ തേതി എന്നിങ്ങനെ ഒട്ടേറെ സ്ത്രീകഥാപാത്രങ്ങളെ തന്റെ പഠനങ്ങളിലൂടെ ടീച്ചർ തേജോമയികളാക്കി. പക്ഷേ ഈ വിശകലനങ്ങളിലൊന്നും സ്ത്രീവാദത്തിന്റെ താത്ത്വികപരിസരങ്ങൾ സൃഷ്ടിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.  ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളരാതെ ഇവർ എങ്ങനെ ധീരതയുടെ, ആർജ്ജവത്തിന്റെ, പ്രതീകങ്ങളാകുന്നു എന്നാണ് ചർച്ച ചെയ്തത്. ഈ നോവലുകളിലെ സ്ത്രീപഠനങ്ങളും വ്യത്യസ്തമല്ല. തീയിൽ കുരുത്തവരെന്ന രീതിയിൽ പരിയപ്പെടുത്തുന്ന ഈ സ്ത്രീകൾ പലപ്പോഴും സഹനത്തിന്റെ, വിധേയത്വത്തിന്റെ കനൽവഴികളാണ് നടന്നുതീർക്കുന്നത് എന്നതാണ് വൈരുദ്ധ്യം. അപ്പുവിന്റെ അമ്മതന്നെ ഉദാഹരണം.

          ഈ സ്ത്രീകളെല്ലാം എന്തിനുവേണ്ടി വിധേയരാകുന്നു ത്യാഗിനികളാകുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. വിജയപരാജയങ്ങളുടെ പൊതുധാരണയിൽ നിർത്തി പരിശോധിക്കുമ്പോൾ ഒന്നും നേടാനാകാത്തവരാണ് ഈ സ്ത്രീകൾ എന്നുപറയേണ്ടിവരും. പക്ഷേ ഇവരിലെല്ലാം സ്‌ത്രൈണതയുടെ ആർജ്ജവം ടീച്ചർ നിരീക്ഷിക്കുന്നുണ്ട്. “മാർത്താണ്ഡവർമ്മയിലെ സുഭദ്ര മുതൽ അഗ്നിസാക്ഷിയിലെ തേതി വരെയുള്ള എല്ലാ ത്യാഗിനികളും അനുഷ്ഠിക്കുന്ന കലാകൃത്യമാണത്. വ്യക്തിതലത്തിൽ നിന്നു വളർന്ന് സമൂഹതലം കൂടി ഇവരുടെ ത്യാഗത്തിനുള്ളതുകൊണ്ട് അതിനു ഗുരുതയേറും”  എന്നാണ് സ്ത്രീകളുടെ ത്യാഗങ്ങളോടുള്ള എം. ലീലാവതിയുടെ നിലപാട്. ഇതരർക്കു വേണ്ടി അനുഷ്ഠിക്കുന്ന ത്യാഗങ്ങളിലൂടെ കഥാപാത്രങ്ങൾ ആർജ്ജവം കൈവരിക്കുന്നു എന്ന ഹ്യൂമനിസ്റ്റ് വീക്ഷണമാണ് എ.ലീലാവതിയുടെ ഫെമിനിസം. “കുടക്കീഴിൽ പിടിച്ചു നിർത്തി പേടിപ്പിക്കാനല്ല ആരേയും പേടിക്കാതെ, പേടിപ്പിക്കാതെ അടിമയാകാതെ, അടിമയാക്കാതെ സംരക്ഷിക്കാനിച്ഛിക്കുന്ന അമ്മ” (അപ്പുവിന്റെ അന്വേഷണം, പുറം 432) എന്നതാണ്  ആത്യന്തികമായ സ്ത്രീസങ്കല്പവും. ഇതിലൂടെ ഫെമിനിസത്തിനു ടീച്ചർ നൽകുന്ന അർത്ഥം ഹ്യൂമനിസം എന്നുമാത്രമാണെന്നു കാണാം. ഈ നോവലുകളിൽ പല തലങ്ങളിലുള്ള സ്ത്രീകഥാപാത്രങ്ങളുണ്ട്.  വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണ സ്ത്രീകൾ മുതൽ ധൈഷണികതകൊണ്ട് ഉയരങ്ങൾ കീഴടക്കിയവർവരെ. സാവിത്രി, മായ, സിസിൽ തുടങ്ങിയവരെല്ലാം രണ്ടാമത്തെ വിഭാഗത്തിലുൾപ്പെടുന്നു. എന്നിട്ടും അവരും ജീവിതത്തിൽ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നവരാണ്. മരുമക്കത്തായ പാരമ്പര്യത്തിൽ സ്വന്തം കുടുംബത്തിനുവേണ്ടിയുള്ള ത്യാഗങ്ങളിൽ ജീവിക്കാൻ മറന്നുപോകുന്ന

Comments

comments