സീതയും, പാപിനികളെ സൃഷ്ടിക്കുന്ന സമൂഹത്തിന് ഒരുതാക്കീതായി, മകൾക്കായി, ആത്മഹത്യയുടെ വഴി സ്വീകരിക്കുന്ന സിസിലും വിപ്ലവത്തിലൂടെ സാമൂഹ്യനീതിക്കു സ്വയം ഹോമിക്കുന്ന പ്രേമയും ദേവിയും നാനിയും അനുവുമെല്ലാം മൂല്യനിർണയത്തിൽ സമസ്ഥാനീയരാകുന്നു. ഇങ്ങനെ സംഭവിക്കുന്നത് മാനവികത എന്ന ഒരൊറ്റ മാനകത്തെ ഉപയോഗിച്ചതുകൊണ്ടാണ്. ഫെമിനിസം നിരസിക്കുന്ന വിധേയത്വത്തെ മാനവികതയുമായി തുലനപ്പെടുത്തി ഉദാത്തവൽക്കരിക്കുന്ന രീതിയാണ് ഇവിടെയെല്ലാം അനുവർത്തിക്കുന്നത്.

          ഫെമിനിസത്തിലെന്നല്ല,  ഏതു സാമൂഹ്യക്രമത്തിലും പ്രസ്ഥാനത്തിലും നിശിതമായി അനുസരിക്കേണ്ടതാണ് ഈ മാനവികത എന്നാണ് എം.ലീലാവതിയുടെ ദർശനം. “ഒരു മരുമക്കത്തായിക്ക് അന്ത്യോദകക്രിയ ചെയ്യുന്നതോടെ ഭൂമികുലുക്കങ്ങൾ അവസാനിക്കുമോ? ഉവ്വെന്നു കരുതുന്നതു വ്യാമോഹമാണ്. വർഗ്ഗ വൈരുദ്ധ്യപ്രശ്‌നങ്ങൾ മാനവഹൃദയത്തിലേൽപ്പിക്കുന്ന തകർച്ചകൾക്കുള്ളതുപോലെ തീവ്രത ഹൃദയബന്ധം തകരുമ്പോഴുമുണ്ട്” (അപ്പുവിന്റെ അന്വേഷണം, പുറം 109). മനുഷ്യത്വരാഹിത്യത്തെ ടീച്ചർ ഒരു സാമൂഹ്യവിപത്തിനു തുല്യമായി നിരീക്ഷിക്കുന്നു.

          പുള്ളിപ്പുലികളിലാണ് സി. രാധാകൃഷ്ണൻ തന്റെ മാർക്‌സിസ്റ്റ് വിപ്ലവസങ്കല്പങ്ങൾ ആവിഷ്‌കരിക്കുന്നത്. നോവലിസ്റ്റിന്റെ സങ്കൽപ്പങ്ങളെ അപ്പുവാണ് സംവദിക്കുന്നത്. സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അപ്പുവിന്റെ നീണ്ട തർക്കങ്ങൾ നോവലിലുണ്ട്. വ്യക്തിയെ അവഗണിച്ചുകൊണ്ടുള്ള സാമൂഹ്യപ്രവർത്തനത്തിന്റെ പ്രസക്തിയാണ് അപ്പു ചോദ്യം ചെയ്യുന്നത്. സാമൂഹ്യ സാമ്പത്തിക പരിവർത്തനം സംഭവിച്ചുകഴിഞ്ഞാൽ വ്യക്തി സ്വയം പരിവർത്തനത്തിനു വിധേയമാകും എന്ന വിശ്വാസം അപ്പു അംഗീകരിക്കുന്നില്ല. ഒരു വ്യക്തി ഇതര വ്യക്തിയോട് പുലർത്തേണ്ട സഹഭാവമാണ് പൗരധർമ്മം എന്നുവിശ്വസിക്കുന്ന ലീലാവതിടീച്ചർ, അതുകൊണ്ടുതന്നെ  നോവലിസ്റ്റിന്റെ ഈ നിലപാടുകളെ ശരിവയ്ക്കുന്നു.

          സത്യം, ശിവം, സുന്ദരംഎന്ന ഗ്രന്ഥത്തിൽ ടീച്ചർ, യുങ്, മാർക്‌സ്, അഭിനവഗുപ്തൻ എന്നീ മൂന്നുപേരെ ഒരു ത്രികോണത്തിന്റെ മൂന്നു മൂലകളായി കല്പിച്ച് ഇവരുടെ കലാതത്ത്വ വിചാരങ്ങളെ സമന്വയിപ്പിക്കുന്ന ഗണിതശാസ്ത്രത്തിലെ മന്ത്രവൃത്ത (മാജിക് സർക്കിൾ) നിർമ്മിതി സാധ്യമാണോ എന്നന്വേഷിക്കുന്ന ഒരു ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇത് ടീച്ചറുടെ നിരൂപണപദ്ധതിയുടെ മറ്റൊരു സവിശേഷതയെയാണ് പ്രതിനിധാനം ചെയ്യുന്നത്. പാഠങ്ങളുടെ വിശകലനത്തിൽ തത്ത്വശാസ്ത്രനിരൂപണ മേഖലകളിലെ പുതിയ പ്രവണതകളെ അന്വേഷിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം, പൗരസ്ത്യമീമാംസാ ദർശനങ്ങളിലൂടെ അവ വിശദീകരിക്കുകയും ചെയ്യുന്നു.

          ഈ നോവൽ പഠനങ്ങളിൽ യുങിന്റെ ആദിരൂപ പാരായണങ്ങൾ ഉപയോഗിക്കുമ്പോൾത്തന്നെ, ജ്ഞാനവൃദ്ധപ്രരൂപമാതൃക അനുവർത്തിക്കുന്ന പ്രൊഫസറുടെ ചിന്തകളെ ഉപനിഷദ് ദർശനങ്ങളിലൂടെയാണ് വിശദീകരിക്കുന്നത്. മറ്റൊരു സന്ദർഭത്തിൽ, വരദായിനിയാകേണ്ട ശാസ്ത്രം എങ്ങനെയാണ് ശാപമാകുന്നതെന്ന് പ്രൊഫസർ നോവലിൽ വിശദീകരിക്കുന്നതിനെ, സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും തുല്യമായ തോതിൽ താളം കാക്കലാണ് നിയതിയുടെ ധർമ്മമെന്നു യഥാ പിണ്‌ഡേ തഥാ ബ്രഹ്മാഎന്നു ഭാരതീയർ പണ്ടേ നിർവ്വചിച്ചിരുന്നു എന്ന ആർഷപാരമ്പര്യത്തോട് (കാവ്യാരതി, പുറം 202) കൂട്ടിക്കെട്ടുന്ന തുലനാത്മക നിരൂപണ പദ്ധതി ഉപയോഗിക്കുന്നു. അതിഭൗതികതയ്‌ക്കെതിരായുള്ള ഇതേ പ്രൊഫസറുടെ ഭാഷണങ്ങളെ ടീച്ചർ അദ്വൈത സിദ്ധാന്തത്തിലേക്കാണ് വിവർത്തനം ചെയ്യുന്നത്.

          വിപ്ലവനോവലുകളെ കുരുക്ഷേത്രമായും കഥാപാത്രങ്ങളെ ഭാരതകഥാപാത്രങ്ങളായും തുലനപ്പെടുത്തുന്നതുകാണാം. സ്പന്ദമാപിനികളിലാണ് മഹാഭാരത ഉപമാ പരികല്പനകൾ വരുന്നത്. നാനിയെ കുന്തിയായി കല്പിക്കുമ്പോൾ ദേവിയെ, ഹിംസ മാനവപ്രശ്‌നങ്ങൾക്കു പരിഹാരമല്ലെന്നു വിശ്വസിക്കുന്ന ഉപനിഷദ് കാലത്തിന്റെ നവയുഗാവകാശിയായി പ്രഖ്യാപിക്കുന്നു. റോസയുടെ സ്വാതന്ത്ര്യസങ്കൽപ്പം സ്ത്രീ വാദതത്വങ്ങളോട് ആധർമണ്ണ്യം പുലർത്തുമ്പോൾത്തന്നെ ടീച്ചർ അവയെ ദേവദാസി സമ്പ്രദായത്തോടാണ് തുലനപ്പെടുത്തുന്നത്. ബലവാനായതുകൊണ്ട് അധർമ്മം ചെയ്യാനധികാരമില്ല എന്ന ഭാരത തത്വനീതിക്കു ആധുനിക ശാസ്ത്രത്തിലും പ്രസക്തിയുണ്ടെന്നത് നോവലിൽത്തന്നെ നോവലിസ്റ്റ് രേഖപ്പെടുത്തുന്ന വസ്തുതയാണ്. ഇത് ഏറെ പ്രാധാന്യത്തോടെ, വിശേഷ ശ്രദ്ധയോടെ, വിശദമായിത്തന്നെ പഠനത്തിൽ ചർച്ച ചെയ്യുന്നു.

          പൗരാണികതയോടും, പാരമ്പര്യത്തോടുമുള്ള നോവലിസ്റ്റിന്റെ ആദരവിന്റെ പ്രതിഫലനമാണ് തീക്കടൽ കടഞ്ഞ് തിരുമധുരംഎന്ന കൃതി എന്ന രീതിയിലാണ് ആ നോവലിനെ സമീപിക്കുന്നത്. ഒരു മഹാപുരുഷന്റെ വ്യക്തിവികാസത്തിന്റെ വാങ്മയ രൂപമെന്നു പരിചയപ്പെടുത്തുന്ന ഈ കൃതിയെ, ഒരു മഹാപുരുഷന്റെ കഥയായല്ല, അധികാരത്തിന്റെ ദുഷ്പ്രവണതകൾക്കതിരായുള്ള അല്പജ്ഞരുടെ പീഡനത്തിന്റെയും ധിക്കാരത്തിന്റെയും കഥയായാണ് വായിക്കുന്നത്. ഇവിടെയും ഒരു വ്യക്തി ഇതിഹാസകഥയായ ഈ നോവലിലെ സാമൂഹികഘടകത്തെ ചികഞ്ഞെടുത്താണ് പഠനം നടത്തുന്നത്. യുക്തിഭക്തികളെ, ലൗകികപരമജ്ഞാനങ്ങളെ സമന്വയിപ്പിച്ച മലയാള എഴുത്തുകാരനെയാണ് ഈ നോവലിൽ ടീച്ചർ കണ്ടെത്തുന്നത്.

          സത്യം ശിവം സുന്ദരംഎന്നതു ഡോ. എം. ലീലാവതിയുടെ ഒരു കൃതിയുടെ പേര് മാത്രമല്ല, തന്റെ  എഴുത്തിന്റെ നിരൂപണപദ്ധതിയുടെ മൗലികതകൂടിയാണ്. പാഠങ്ങളിലെ സത്യത്തെ, എഴുത്തുകാരന്റെ നേരുകളെ ആണ് ടീച്ചർ പഠനങ്ങളിലൂടെ അന്വേഷിക്കുന്നത്. അതിൽ ശിവത്തിന്റെ സാന്നിധ്യത്തിനു നിർബന്ധവുമുണ്ട്. ഇത് എഴുത്തിന്റെ ലക്ഷ്യമാകണം. ആ ലക്ഷ്യത്തെ എഴുത്തുകാരൻ എത്രമാത്രം സാധൂകരിക്കാൻ ശ്രമിക്കുന്നു എന്നതാണ് കൃതിയുടെ മികവിന്റെ അടിസ്ഥാനമായി ടീച്ചർ കാണുന്നത്. സത്യശിവങ്ങളുടെ സമന്വയം സുന്ദരമാണെന്നതുകൊണ്ടുതന്നെ പാഠങ്ങളുടെ സൗന്ദര്യാന്വേഷണം പഠനങ്ങളിൽ പൂർത്തിയാകുന്നു.

          മലയാളത്തിലെ സർഗ്ഗാത്മകകൃതികളുടെ വായനയിൽ സൗന്ദര്യന്വേഷണത്തിന്റെ ആസ്വാദനത്തിന്റെ, നിരൂപണപക്ഷമാണ് ഡോ. എം. ലീലാവതി അവതരിപ്പിക്കുന്നത്. അപ്പുവിന്റെ അമ്മ നൽകുന്ന കുടപോലെ ഈ പഠനങ്ങൾ, നിരൂപണങ്ങൾ നല്ല കൃതികൾക്ക്, സർഗ്ഗാത്മകതയ്ക്ക്. ഛത്രവും, ചാമരവുമാകുന്നു.

          ലീലാവതിടീച്ചറുടെ വിമർശക-നിരൂപക വ്യക്തിത്വം രൂപപ്പെടുന്നതിന്റെ നൈതികദർശനത്തെക്കുറിച്ച് പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. യുങിന്റെ, സമൂഹമനശ്ശാസ്ത്രവിശകലന പദ്ധതികൾ, മാർക്‌സിയൻ, വീക്ഷണങ്ങൾ, ഉപനിഷദ്ദർശനങ്ങൾ, ബൗദ്ധദർശനം ഇവയെല്ലാം തന്റെ രീതിശാസ്ത്രത്തിന്റെ മുഖ്യധാരകളാക്കി മാറ്റിയിട്ടുണ്ട്. അതുകൊണ്ട് ആഴങ്ങളോളം പോന്ന പരപ്പ് ആ ദർശനങ്ങൾക്ക്, സാഹിത്യ സമീപനങ്ങൾക്ക്, വന്നുചേരുന്നു. കൃതിയുടെ ഭൗതികമായ അടിത്തറയിൽ ഊന്നുമ്പോഴും ആത്മീയതയുടെ വർണ്ണരാജികൾ കൊണ്ട് പുതിയ ഒരു മാനത്തിലേയ്ക്ക് കൃതിയുടെ പാഠത്തെ കൊണ്ടുപോകുന്ന സമ്യക്കായ ഒരു ദർശന ദീപ്തി ലീലാവതിട്ടീച്ചറുടെ നിരൂപണങ്ങളെ വേറിട്ടുനിർത്തുന്നുണ്ട്.  യുക്തിയെ ദർശനഭാവുകത്വം കൊണ്ടും,  ആത്മീയതയെ നൈതികചിന്തകൊണ്ടും അളന്നെടുക്കുന്ന ഒരു ഭൂമികയായി ആ സാഹിത്യവിചാരം മാറി നിൽക്കുന്നു.

Comments

comments