പിടികിട്ടാത്ത കവിതയുടെ 

ഉള്ളിലിരിപ്പറിയാന്‍

മലകേറി പോകുമ്പോള്‍ 

എതിരെയുരുണ്ടു വരുന്നു 

നാലഞ്ചു പാറകള്‍.

അതിന്മേല്‍ വരച്ചിട്ടുണ്ട് 

ഗുഹയിലേക്കുള്ള

വഴിയടയാളങ്ങള്‍.

പാറയില്‍ കുത്തിവരച്ച

കാട്ടിലൂടെ പുഴ.

 

പാറ തടഞ്ഞു നിര്‍ത്തി 

അതിന്മേല്‍ കിടന്നുറങ്ങിയ നേരം 

കണ്ട സ്വപ്നത്തിലെ പെണ്ണേ,

വീട് മറന്നല്ലോ 

വഴിയറിയുമോ 

പറയുമോ 

വാ തുറക്കുമോ.

 

സ്വപ്നത്തില്‍ നിന്നെണീറ്റ് 

പാറമേലെനിക്കൊപ്പം കിടക്കാന്‍ 

മൂരി നിവരും പെൺപേശിയില്‍ 

പേടിയോ നാണമോ 

പൂക്കാലമോയില്ല.

 

അമ്മദൈവമേ തായേ 

നിന്‍റെ ദിവാസ്വപ്നത്തിലെ 

പാറകളില്‍ പറ്റംചേരും 

കിളിഹൃദയങ്ങള്‍ പോലെ 

വിറയ്ക്കുന്നല്ലോ ഞാന്‍.

 

ഉറങ്ങാനുള്ള വിരിപ്പല്ല

ഭൂപടമെന്ന് നീ.

ഉറക്കം എന്‍റെ രാജ്യവും 

ഞാനവിടുത്തെ രാജാവും 

നീ കുരലുയരതുമ്പോള്‍

കേള്‍ക്കാം മലയുടെ ശബ്ദം.

മലമുകളില്‍ തന്നെ വീട് 

പടര്‍ത്തി വിരിച്ച പുതപ്പിലെ

പൂക്കള്‍ പറിക്കാ 

ഉറക്കമെണീറ്റു പോം കുഞ്ഞാണ് ഞാന്‍.

 

മലയുടെ ഉച്ചിയില്‍ കുടി വെയ്ക്കുമ്പോ 

രാജ്യത്തിന്‌ അതിരില്ലാതാകുന്നു.

അമ്മേ തായേ നീ ഒരു ഭൂപടത്തിന്റെയും

മാതാവല്ല.

കൊടി പിടിക്കാത്ത നിന്‍റെ കയ്യില്‍കിടന്ന്

മുലകുടിക്കണം.

മലമുകളില്‍ കുടിവെയ്ക്കണം.

Comments

comments