റെയിൽവേ ട്രാക്കിൽ ചെവിചേർത്തു കിടക്കുന്ന അയാൾ:
ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന അജ്ഞാത യുവാവ്,
അഞ്ചരയടി ഉയരം,ഇരു നിറം,നീലയിൽ വെളുത്ത വരയുള്ള ഷർട്ട്….
എന്നു വിലാസപ്പെടുവാനുള്ള തയ്യാറെടുപ്പുകളിലാവണം.

 ആത്മഹത്യയ്ക്കു തൊട്ടുമുമ്പും
ഒരാൾക്ക് ചിന്തകളുടെ എന്തൊക്കെ സാധ്യതകളെയാണ്
തുറന്നുവിടാൻ പറ്റുക എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ
ചിലപ്പോൾ അയാൾ ഒരു കവിയായിരിക്കണം.
കവിതകൾ പോലെ എന്തൊക്കെയോ എഴുതിപ്പോവുകയോ
കവി എന്ന് ചിലരെങ്കിലും വിളിക്കുകയോ ചെയ്തിട്ടുണ്ടാവണം.
(
തൊട്ടപ്പുറത്തെ ട്രാക്കിലൂടെ കടന്നുപോയ നിരാശയുടെ ചരക്കുവണ്ടി
ഓർമ്മകളുടെ മൊത്തവ്യാപാരത്തിനുള്ള ചരക്കുകളെല്ലാം അപരിചിതമായ
അന്യദേങ്ങളിലേക്ക് കടത്തുകയാണ് എന്ന് വിശ്വസിക്കുന്നുണ്ടാവണം)

നെടുകെ കീറിപ്പോയ
അബോധത്തിൻറെ
ഇരുണ്ട കമ്പിളിപ്പുതപ്പിനെ
തുന്നിത്തുന്നിക്കടന്നുവരുന്ന
വജ്ര സൂചിയാണ് മരണവണ്ടി
എന്നു തുടങ്ങുന്ന ഒരു കവിത തികട്ടി വരുന്നുണ്ടാവണം.
കവിത മൈരാണ്
എന്ന സ്ഥലകാല ബോധത്തിലേക്ക്‌
തിരിഞ്ഞു കിടക്കുമ്പോൾ
തൊട്ടുമുമ്പ് കടന്നുപോയ വണ്ടിയിൽ നിന്നും
ആരൊക്കെയോ പാളത്തിലേക്ക്
നേരിട്ട് വയറൊഴിച്ച അമേധ്യഗന്ധം
വന്നു മുഖത്തടിക്കുന്നുണ്ടാവണം.
വീണ്ടുംവരുന്നുണ്ടാവും
ലോകംഒരു പൊതു കക്കൂസാകുന്നു
എന്ന തലക്കെട്ടിനെ കുറിച്ചുള്ള ചിന്ത..

ഷെല്ലിയോ, കീറ്റ്സോ, ബൈറണോ
മരണം നീട്ടിവച്ച്
ഇപ്പൊഴും കവിതയെഴുതുന്നുണ്ടായിരുന്നെങ്കിൽ
എന്ത് മാറ്റമാണിവിടെ സംഭവിക്കുന്നുണ്ടാവുക
എന്നൊന്നും അയാൾ ചിന്തിക്കുന്നുണ്ടാവണമെന്നില്ല/
ചിന്തിച്ചുകൂടെന്നുമില്ല.
Mad, Bad and dangerous to know..
എന്ന് അയാളെക്കുറിച്ച് പറയാൻ
അയാളുടെ അമ്മയോ കാമുകിയോ
കരോളിൻ ലാംബ് പ്രഭ്വിയൊന്നുമാവില്ലല്ലോ..

എന്നിരുന്നാലും
ഈ മരണത്തിൻറെ ആവശ്യകതയും
ഉത്തരവാദിത്വ ബോധവുമായിരിക്കും
അയാളെ വീണ്ടും കവിത മൈരാണ്, മൈരാണ്
എന്ന് അത്യുച്ചത്തിൽ പറയിപ്പിക്കുന്നത്.
(
നെറ്റി ചുളിച്ചവരോട് അയാൾക്ക് മരണത്തിനു തൊട്ടു മുമ്പിൽ
മലർന്നുംചെരിഞ്ഞും
ചുരുണ്ടും നിവർന്നും കിടക്കുന്ന ഒരാൾക്ക്‌
എല്ലാം അതുതന്നെയായിരിക്കും
എന്നുമാത്രമേ പറയാനുണ്ടാവുകയുള്ളൂ..)

അയാൾ മരണത്തിൻറെ വരവ് കാതോർത്തുകിടക്കുകയാണ്:
ഇപ്പോൾ കൂരിരുട്ടിൽ പുകഞ്ഞു നിൽക്കുന്ന നിശബ്ദതയെ മുറിച്ചു കളയാൻ
ഒരു മിന്നാമിനുങ്ങിൻറെ വെട്ടത്തിനുപോലും സാദ്ധ്യമാണ്.
(
ചില അവസരങ്ങളിൽ നിശ്ശബ്ദതയെ
ഭേദിക്കുവാൻ ശബ്ദത്തിനേക്കാൾ വെളിച്ചത്തിന് സാദ്ധ്യമാകും-
എന്നൊക്കെ അയാൾ വെറുതെ ചിന്തിക്കുന്നുണ്ടാവാം)

കാതങ്ങൾക്കപ്പുറത്തുനിന്നും
കടന്നുവരുന്ന
തീവണ്ടിശബ്ദംപോലും
മരണം കാത്തു കിടക്കുന്നവൻറെ
ആസുരമായ പ്രതീക്ഷകളിലേക്ക്
ഡിജിററൽ സൌണ്ടിൽ വന്നു പതിയും.
ഓരോ സ്റേറഷനിൽ വണ്ടി നിർത്തുന്നതും
വീണ്ടും കുടഞ്ഞെഴുന്നേറ്റു പുറപ്പെടുന്നതും
അവൻ ഹൃദയമിടിപ്പുപോലെ ശ്രവിക്കും.

വീണ്ടും വണ്ടി വൈകുമ്പോൾ
അയാളെ ഒരുതരം ഭയാനകമായ
അക്ഷമ വന്നു പൊതിയുന്നുണ്ടാവും.
ജീവിതത്തിൽ നിന്നും മരണത്തിലേക്ക്
മുറിച്ചുകടക്കാൻ തീരമാനിച്ച ഒരാളുടെ അക്ഷമ,
മരണത്തിൽ നിന്നും ജീവിതത്തിലേക്ക് നീന്തിക്കയറാൻ
ആഗ്രഹിക്കുന്ന ഒരാളുടെതിനേക്കാൾ എത്ര മടങ്ങ് കൂടുതലായിരിക്കും?-
എന്ന് ചിന്തിക്കുന്നതിനിടയിൽ ഒരു കാര്യവുമില്ലാതെ കടന്നുവരുന്ന
നോഹയുടെ പെട്ടകം ആദ്യത്തെ അഭയാർത്ഥി ക്യാമ്പാകുന്നു
എന്ന കവിതാശകലം എത്ര അരോചകമാണ്..
അതുകൊണ്ടായിരിക്കണം
കവിത മൈരാണ് മൈരാണ്
എന്ന് പിറുപിറുത്തുകൊണ്ട്
അയാൾ പിന്നെയും തിരിഞ്ഞു കിടന്നത്..

വൈകിയെത്തുന്ന വണ്ടിയെ കാത്തുകാത്തിരിക്കുമ്പോൾ-
മരണം, തന്നെ മറന്നുപോകാതിരിക്കാനോ,
താൻ മരണത്തെ മറന്നുപോകാതിരിക്കാനോ വേണ്ടി
അയാൾ സദാ ജാഗരൂകനായിരിക്കും.
മരണത്തെ കാത്തിരിക്കുന്ന ഒരാളുടെ വിരസതയെകുറിച്ച്
ആരെങ്കിലും കവിതയെഴുതിക്കാണുമോ എന്നു ചിന്തിക്കും.
പിന്നെയും വണ്ടി വൈകുമ്പോൾ-
കോടമഞ്ഞിൽ പുതപ്പിനെക്കുറിച്ച് ആലോചിച്ചു പോകുന്നത്
ജീവിതം വീണ്ടും അലോസരപ്പെടുത്തുന്നതുകൊണ്ടാണോ എന്നു ഭയപ്പെടും.
ആ ഭയത്തിൽ അഭയംതേടി സ്വയം ആശ്വസിക്കും.
മഴവരുന്നുണ്ടോ എന്നു ചിന്തിച്ചു പോയതും
കുടയെടുത്തില്ലല്ലോ എന്ന് അസ്വസ്ഥനായതും
എന്തിനാണെന്ന് നിരാശപ്പെടും,
ആ നിരാശയിൽ ഒട്ടും ആശയില്ലായിരുന്നു എന്ന് ഉറപ്പിച്ചു പറഞ്ഞ്
വീണ്ടും മരണവണ്ടിക്കു കാതോർക്കും…

 അവസാനം
ഒരിക്കലും വരാത്ത വണ്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് ജീവിതം
എന്നപേരിൽ ഒരു കവിതയെഴുതാൻവേണ്ടി
എഴുന്നേറ്റു വീട്ടിലേക്കു പോയാലോ?
എന്ന് അസ്വസ്ഥനാകും.
കവിത മൈരാണ് കവിതമൈരാണ്
എന്ന് വിളിച്ചു പറഞ്ഞ് വീണ്ടും തിരിഞ്ഞു കിടക്കും..

അപ്പോൾ, ദൂരെ നിന്നും രാത്രിവണ്ടിയുടെ
പരിഹാസം നിറഞ്ഞ ഒരു കൂവൽ കേൾക്കും….

Comments

comments