ഴുത്ത് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരു കാലത്തിലൂടെ ആണ് നാം കടന്നു പോകുന്നത്. രാഷ്ട്രീയമായ തീവ്രജാഗ്രതകളുടെ കൂടി കാലമെന്ന് ചേര്‍ത്തു പറയണം. ഒരു പിഴവിനും മാപ്പ് ലഭിക്കാത്ത സന്ദര്‍ഭങ്ങളാണ് നമ്മുടെ മുന്നിലുള്ളത്.

പെരുമാള്‍ മുരുഗന് ഉണ്ടായ അനുഭവം ഞെട്ടിപ്പിക്കുന്നതാണ്. ഒരു നോവൽ തമിഴ് ഭാഷയിൽ എഴുതി നാലു വർഷം കഴിഞ്ഞു അതിന്റെ ഇംഗീഷ് പരിഭാഷ ഉണ്ടാവുമ്പോൾ പ്രതിഷേധവുമായി എത്തിയവര്‍ സ്വന്തം രാഷ്ട്രീയ അജണ്ട വ്യക്തമാക്കുക ആയിരുന്നു. ഇനിയുള്ള കാലം ഇങ്ങനെ ആയിരിക്കുമെന്ന് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയായിരുന്നു.

ദളിതനല്ലാത്ത, ദളിത്‌ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു എഴുത്തുകാരൻ എന്ന നിലയിൽ ദ്വിമുഖമായ വെല്ലുവിളിയാണു പെരുമാള്‍ മുരുഗനുള്ളത്. നോവലുകളിലെ ജാതിയുടെ പ്രതിനിധാനത്തിന്‍റെ പ്രശ്നവല്‍ക്കരണം  അദ്ദേഹത്തിന്റെ നിലപാടുകളായി വായിക്കപ്പെടുമ്പോൾ കീഴാള വായനയില്‍ സംരക്ഷകകഭാവവും മേലാള വായനയിൽ സവര്‍ണ്ണ വിരുദ്ധതയും ആരോപിക്കപ്പെടുന്നു. എല്ലാ വായനയും ഇങ്ങനെ ആവുന്നു എന്നല്ല. കൃതിയോടു നീതി പുലര്‍ത്താത്ത ന്യൂനീകരണങ്ങള്‍ ഇല്ലാതെ ചില സങ്കുചിതപ്രത്യയശാസ്ത്ര വായനകൾ അസാധ്യമാവുന്നു. അത്തരം വായനകള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയം പകയുടെയും വെറുപ്പിന്റെയുമാണ്. കൊങ്ങുനാട് വെല്ലാള ഗൌണ്ടർ സംഘത്തിന്റെ അജണ്ടകളും അവരുടെ പിന്നിലും മുന്നിലും നില്‍ക്കുന്ന സംഘപരിവാറിന്റെ അജണ്ടകളും എന്താണ് എന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്.

ദേശീയമായി തന്നെ ഫാഷിസം അതിന്റെ മുനകള്‍ കൂര്‍പ്പിക്കുകയാണ്. കത്തികൾ രാകുകയാണ്. മുരുഗനും മറ്റും ചില പരീക്ഷണങ്ങള്‍ മാത്രമാണ്. ഈ ചെറിയ ആക്രമണങ്ങള്‍ അവര്‍ക്ക് നല്‍കുന്ന ശക്തി ചെറുതല്ല. ചെറുത്തുനില്‍പ്പിന് ആക്രമണത്തിന്റെ പതിന്മടങ്ങ്‌ കരുത്തുണ്ടാവണം എന്ന് തോന്നിപ്പോവുകയാണ്. ഒരു നിശബ്ദതപോലും വലിയ പിഴവായി മാറിയേക്കാവുന്ന കാലമാണ്.

 വലിയ പ്രതിഷേധം മുരുഗന് അനുകൂലമായി ഉണ്ടായത് ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം കരുത്താര്‍ജ്ജിക്കുന്നു എന്നതിന്റെ സൂചന ആയിരുന്നു. തമിഴ്നാട്ടില്‍ വലിയ കൂടിച്ചേലുകൾ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തവര്‍ക്കെതിരെ ഉണ്ടായി. കേരളത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതികരണങ്ങൾ അശാവഹമാകാൻ സാധ്യതയില്ലെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അതില്‍ അത്ഭുതവുമില്ല. നാം ഭാഗവത് ഗീതയുടെയും, ഇനിയിപ്പോൾ മനുസ്മൃതിയുടെയുമൊക്കെ മാനവീക മുഖം തേടുന്ന തിരക്കിലാണ്. ഞാന്‍ ദിമിത്രോവിന്റെയോ ഏതെങ്കിലും പഴയ കമ്യൂണിസ്റ്റ് നേതാവിന്റെയോ ആരാധകനല്ല. എന്നാല്‍ ശത്രുവിനെ എല്ലാ കോണുകളില്‍ നിന്നും പരിപൂര്‍ണ്ണതയിൽ മനസ്സിലാക്കണം എന്ന് അദ്ദേഹം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ ഏഴാം കൊൺഗ്രസ്സില്‍ പ്രസ്താവിച്ചത് എല്ലാവരും ഓര്‍മ്മിക്കുന്നത് നല്ലതാണ്. ഇത് കേട്ടിട്ട് പോയ റഷ്യന്‍ പാര്‍ട്ടി പക്ഷെ അധികം താമസിയാതെ ഹിറ്റ്ലറുമായി പരസ്പരം അനാക്രമണസന്ധിയും ഇരുകൂട്ടരുടെയും ശത്രുക്കളെ (അറിയാതെ പോലും എന്നുണ്ടായിരുന്നോ ആവോ) സഹായിക്കില്ലെന്നും കരാര്‍ ഉണ്ടാക്കുകയാണ് ചെയ്തത്. ആ കരാര്‍ പൊളിഞ്ഞത് ഹിറ്റ്‌ലർ റഷ്യയുടെ അതിരാക്രമിച്ചു കയറിയപ്പോഴാണ് എന്നതും ഓര്‍ക്കേണ്ടത് തന്നെ.  എക്കാലവും മിത്രങ്ങളായി ഇരുന്നു കൊള്ളാമെന്നു ഫാഷിസത്തിന് കൊടുത്ത കരാർ അവർ സ്വയം അത് പൊളിക്കുന്നത് വരെ തകരാതെ കാത്ത പാരമ്പര്യം ഞടുക്കുന്നതാണ്.

 കേരളത്തില്‍ ചുംബന സമരത്തിനു സംഭവിച്ചതും അങ്ങേയറ്റം ദൌര്‍ഭാഗ്യകരമായ അനുഭവം ആയിരുന്നു. എന്തിനാണ് ചുംബിക്കാൻ ഒരു സമരം നടത്തേണ്ടി വരുന്നത് എന്നത് തന്നെ ചിന്തിക്കേണ്ടതാണ്. സ്വാഭാവികമായ ഒരു സ്നേഹ പ്രകടനം പൊറുക്കാന്‍ വയ്യാത്ത ഒരു സമൂഹമാണ് നമ്മുടെതെന്ന്, ശരീരം നമുക്കിപ്പോഴും ഒബ്ജെക്ടിഫൈ ചെയ്യാനും നിയന്ത്രണങ്ങളുടെ ജൈവരാഷ്ട്രീയം കൊണ്ട് അടിപ്പെടുത്താനും മാത്രമുള്ളതാണെന്ന്‍ അത് ബോധ്യപ്പെടുത്തി.

ചുംബന സമരങ്ങള്‍  പക്ഷെ പതിവ് സമരങ്ങളുടെ ചുറ്റുപാടുകളെ മാറ്റി മറിച്ചു. പോലീസുമായുള്ള ഒത്തു തീര്‍പ്പാവുന്ന സമരങ്ങളിൽ നിന്ന്, വെറുതെ കല്ലെറിഞ്ഞും തീവച്ചും നടത്തുന്ന കേവലമായ അസഹിഷ്ണുതാ പ്രകടനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ലക്ഷ്യത്തിനുവേണ്ടി നൈതികമായി ഒരുമിക്കുക എന്ന സമീപനം ആ സമരങ്ങൾ കൈക്കൊണ്ടു.

ഏറ്റവും ഒടുവില്‍ ആലപ്പുഴയിൽ നടന്ന സമരം കേവലം ഗതാനുഗതികത്വമായി മാറിപ്പോവുമായിരുന്നു. പോലീസും ചില സമരാനുകൂലികളും തമ്മിലുള്ള ഒത്തു തീര്‍പ്പായി ഒതുങ്ങിപ്പോകുമായിരുന്നു. എന്നാല്‍ ചരിത്രസാക്ഷിയായ കിടങ്ങാമ്പറമ്പത്ത് ഒന്നു ചേര്‍ന്നു ചുംബിച്ചു സമര പ്രവര്‍ത്തകർ തങ്ങളുടെ ലക്ഷ്യബോധവും അര്‍പ്പണബുദ്ധിയും കാട്ടിത്തന്നു. പ്രഹസനമാകുമായിരുന്ന ഒരു സംഭവത്തെ രാഷ്ട്രീയമായി ഉയര്‍ത്തി.  സമരം പൊളിഞ്ഞു എന്ന ഒരു വാര്‍ത്തക്ക് വേണ്ടി ദാഹിച്ച യാഥാസ്ഥിതികത്വത്തെ അത് ചുട്ടുപൊള്ളിച്ചു. സമരത്തെ അനുഷ്ഠാനമാക്കാന്‍ കാത്തിരുന്നവരെ അത് ഒരു പാഠം പഠിപ്പിച്ചു.

പുതിയ സമരങ്ങളും പുതിയ നൈതികതയും രൂപപ്പെടേണ്ട കാലഘട്ടത്തില്‍ ഫാഷിസം അതിന്റെ രൌദ്രമുഖവുമായി നില്‍ക്കുകയാണ്. വിശാലമായ ഐക്യമുന്നണികൾ ഉണ്ടാവുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ട്. ആ വഴിയിലുള്ള കാലൊച്ചകള്‍ക്കാണ് നാം കാതോര്‍ക്കുന്നത്.

നവമലയാളിയുടെ ഈ കവിതാ പതിപ്പ് ഇരട്ടലക്കമാണ്(ഡിസംബര്‍ 2014 ജനുവരി 2015). ഒരു വോളണ്ടറി സംരംഭത്തിനുണ്ടാവുന്ന പരിമിതികള്‍ – വിശേഷിച്ചും കാലതാമസങ്ങളുടെ-നവമലയാളിക്കും ഉണ്ട്. അത് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ഇതിന്റെ പ്രവര്‍ത്തകർ. സാങ്കേതികമായുള്ളപരിമിതികളും മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാവരുടെയും സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു

Comments

comments