ട്ടാമത്തെ വയസ്സിലാകണം കഞ്ചാവെന്ന വാക്ക് ആദ്യമായി കേട്ടത്. വീട്ടില്‍ അമ്മ അച്ഛനോട് കലഹിക്കുന്നതിനിടയില്‍ പൊട്ടി വീണ വാക്ക്. മണ്ഡലകാലത്ത് അച്ഛന്‍ അടുത്തുള്ള ധർമ്മശാസ്താവിന്റെ അമ്പലത്തില്‍ മലക്ക് പോകാൻ മാലയിട്ട സുഹൃത്തുക്കളോടൊപ്പം രാത്രി തങ്ങുമായിരുന്നു. അങ്ങിനെ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അച്ഛന്റെ കുപ്പായ കീശയില്‍ നിന്നും പതിവില്ലാതെ തടിച്ച ആപ്പിള്‍ ബീഡി അമ്മ കണ്ടെടുക്കുകയായിരുന്നു. വലിച്ചുവെന്ന് അമ്മ ആരോപിച്ച അച്ഛന്‍ ശാന്തനും വലിക്കാത്ത അമ്മ ക്ഷുഭിതയും. അമ്മയുടെ രോഷം എന്തിനാണ് എന്ന് എനിക്കറിയില്ലായിരുന്നു. അച്ഛന്‍ കലഹിക്കുന്ന സ്വഭാവക്കരനല്ലായിരുന്നു. അമ്മ മറിച്ചും. അന്നേ മനസ്സില്‍ വീണ ആ വിത്ത്‌ പിന്നെ കുറേക്കാലം ഒരു ആകാംക്ഷയായി അവിടെ ഉണങ്ങാതെ കിടന്നു..പ്രീഡിഗ്രീ കാലത്താണ് കുറച്ചു സുഹൃത്തുക്കളോടൊപ്പം ആദ്യമായി കഞ്ചാവ് വലിച്ചത്. അപ്പോഴേക്കും മുകുന്ദന്റെ ചെറുകഥകള്‍ അന്നത്തെ വായനാഭിരുചിയെ സ്വാധീനിച്ചിരുന്നു. കഥകളിലെ ലഹരി മരുന്നുകള്‍ അഭിജാതരും ബുദ്ധിജീവികളും ആണ് ഉപയോഗിച്ചിരുന്നത്. ആ തലത്തിലേക്ക് ഉയരുക എന്ന പ്രേരണ മനസ്സിനെ സ്വാധീനിച്ചിരിക്കാം. അറിയില്ല.

ആദ്യമായി വലിച്ചത് സപ്തവർണ്ണങ്ങള്‍ മനസ്സില്‍ പൊട്ടി വിരിയുന്ന അവസ്ഥ പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരു കുതിപ്പായിരുന്നു. നിലീനമായ അവസ്ഥ എന്ന് കഥകളില്‍ പറയുന്നത്‌ പോലെ ഒന്നും സംഭവിച്ചില്ല. മറിച്ച് പലതും അനുഭവപെടുകയും ചെയ്തു. ഭീകരമായ വിശപ്പ്‌.. ഒപ്പം ദാഹം. കൂട്ടുകാരന്‍ ലാല്‍ കൊണ്ട് വന്നിരുന്ന ശർക്കര ലഹരിക്ക്‌ ഒരു മധുരം നല്കിയിരുന്നു. പതിനാറു വയസുകാരന്‍ ആയിരുന്നെങ്കിലും എന്തോ രസതന്ത്രമാണ് ഇതിനു പിന്നിലെന്ന് എനിക്ക് മനസിലായി. ഒരിക്കലല്ല പല പ്രാവശ്യം ഒരു ഗ്ലാസ്‌ വെള്ളമെടുത്തു കുടിക്കാനായി ചുണ്ട് വരെ കൊണ്ട് പോയി താഴെ വെക്കും. കുടിച്ചു എന്ന തോന്നലും. ഒടുവില്‍ ഞാന്‍ അതിന്റെ കാരണം സ്വയം കണ്ടെത്തി. മനസ് അതിവേഗത്തില്‍ നിർദിഷ്ടസ്ഥാനത്തു എത്തുമെങ്കിലും അതിന്റെ പകുതി വേഗതയിലെ ശരീരം നീങ്ങുകയുള്ളൂ എന്നതായിരുന്നു അത്. അതോടെ മനസിന്റെ വേഗത്തിന് അനുസരിച്ച് തന്നെ ശരീരത്തെയും കൊണ്ടുപോകാനുള്ള വിദ്യ പഠിച്ചു. പിന്നെയും ചിലപ്പോഴൊക്കെ വലിച്ചു. കൂട്ടമായി ഇരിക്കുമ്പോഴും ഓരോരുത്തർക്കും അവരവരുടെ ലോകത്തേക്ക് പോകാനും എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാനും സ്വാതന്ത്ര്യം.

അനുഭൂതിയുടെ ഒരു ലോകം പലപ്പോഴും തുറന്നു കിട്ടി. ചിലപ്പോള്‍ ആ ആനന്ദമൂർച്ഛയിലെക്കുള്ള വാതില്‍ അടഞ്ഞും കിടന്നു. കലഹിക്കണമെന്നോ മറ്റുള്ളവരെ ഉപദ്രവിക്കണമെന്നോ ഒരിക്കലും തോന്നിയില്ല. ഒരു തരം അലസാനുഭൂതി. ഒന്നും ചെയ്യാതെ പാട്ട് കേട്ടിരിക്കുക, തമാശ പറയുക, വായിക്കുക… വേറെ ഒന്നും ചിന്തിച്ചിരുന്നില്ല. നാട് വിടും വരെ ഞാന്‍ വളരെ അടുത്ത സുഹൃത്തുക്കളുമായി ചിലപ്പോഴൊക്കെ വലിച്ചിരുന്നു. അതെനിക്ക് പലതരം അറിവുകളിലെക്കുള്ള മറ്റൊരു യാത്ര ആയിരുന്നു. സംഗീതം, സിനിമ, സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളില്‍, അങ്ങന പല പുതിയ അറിവുകള്‍. നമ്മുടെ സ്വന്തം സുഖം വേറെ ഒരാൾക്ക് സന്താപമാകരുത് എന്ന മാനവികതാബോധമായിരുന്നു അതില്‍പ്രധാനം എന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു. ലഹരിയുടെ സാധ്യതകളെ കുറിച്ച്, അതുപയോഗിക്കുന്ന വ്യക്തികളെ കുറിച്ച് അവരുടെ മാനസിക വ്യാപാരങ്ങളെ കുറിച്ച് … അവരും സമൂഹവുമായ ഇടപെടലുകളെ കുറിച്ച് അങ്ങിനെ പലതും തേടിയുള്ള ഒരന്വേഷണം — അതുമൊരു ലക്ഷ്യമായി മനസ്സില്‍ നിറയുന്നത് പ്രബുദ്ധതയുടെ ലോകത്ത്അതിന്റെ സ്ഥാനം ആരാഞ്ഞപ്പോള്‍ ആണ് … അതിനു ശേഷമാണ് ഞാന്‍ നാടുവിടുന്നത്.

                    ലണ്ടനില്‍ എത്തിയ ഞാന്‍ ആ ഏപ്രില്‍ മാസത്തോടെ ഇവിടെ വിദേശ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള കോളേജില്‍ ചേർന്നു. പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍. കംബോഡിയയില്‍ നിന്നും സിഹനൂക് രാജകുടുംബത്തിലെ അകന്ന ബന്ധുവിന്റെ മകനായ, പാരീസില്‍ അഭ്യാർത്ഥിയായി വന്ന സോത്തീ, ഇൻഡോനേഷ്യന്‍ എംബസ്സിയിലെ കൾച്ചുറൽ അറ്റാഷെ ആയിരുന്ന സഹോദരിക്ക് തുണയായി വന്ന ബാംഗ് ബാംഗ് മുഹമ്മദ്‌, ഇറാനിലെ നിർബന്ധിത സൈനിക പരിശീലനത്തില്‍ നിന്നും ജീവനും കൊണ്ടോടി ഇന്ത്യയില്‍ വന്നു എങ്ങിനെയോ ലണ്ടനില്‍ എത്തി ചേർന്ന കെയ്വാന്‍  കിർമാണി, അവന്റെ റ്റെയ്ക്വാൻഡോ പരിശീലകനും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യക്കാരനുമായ പരീന്‍ ഷാ……ഇവരോടെപ്പം ഞാന്‍ സ്വയമറിയാതെ ഒരു ലോക പൌരനായി മാറുകയായിരുന്നു…അവരിലൂടെ എന്റെ ലോകം പിന്നെയും വളർന്നു…പരിചയങ്ങള്‍ വളർന്നു ..സ്ത്രീകളുമായി നിശാകേന്ദ്രങ്ങളില്‍ അലഞ്ഞു…ഒപ്പം എന്റെ വായനയും…അറിവും..എന്റെ മനസിന്റെ ഇന്ത്യന്‍ അതിർത്തികളപ്പാടെ മാഞ്ഞുകൊണ്ടിരുന്നു.

വിശാലമായ, അതിരുകളില്ലാത്ത ലോകത്തെന്ന പോലെ മനുഷ്യര്‍ .. പല ജീവിതങ്ങള്‍, പല രീതികള്‍. നാം കണ്ടു പോന്നത് മാത്രമല്ല ജീവിതവും മനുഷ്യത്വവുമെന്ന തിരിച്ചറിവ് അങ്ങിനെ ലഭിച്ചതാണ്. മയക്കുമരുന്ന് എന്നത് മാഫിയയോടൊപ്പം ചേർത്തു പറയേണ്ട ഒന്നല്ല എന്ന ബോധം ഉറച്ചത്അങ്ങിനെ ആണ്. പലതും മയക്കു മരുന്നുമല്ല ഉറക്ക്‌ മരുന്നുമല്ല, ഉണർത്തുമരുന്നാണ്എന്ന കണ്ടെത്തലും ഈ സംഘചര്യയില്‍ നിന്ന് ലഭിച്ചതാണ്.ഇവിടെ വന്നു പരിചയപെട്ട പരീനുമായായിരുന്നു എന്റെ കറക്കം അപ്പോഴേക്കും. പരീന്‍ വഴി എനിക്ക് പല പരിചയങ്ങളുമായി. അത് പല സംഘങ്ങളിലെക്കും എന്നെ എത്തിച്ചു. ഒന്നില്‍ നിന്നും വേറെ ഒന്നിലേക്ക് പടരുന്ന പരിചയം. പഴയ സുഹൃദ്ബന്ധങ്ങള്‍ പുതുക്കിയും കൊണ്ടിരുന്നു. രാത്രികള്‍ നീണ്ടു നിൽക്കുന്ന റേവ് (rave) പാർട്ടികള്‍, രണ്ടായിരം ആളുകള്‍ കൂടുന്ന വീക്കെൻഡ് പാർട്ടികള്‍.

എന്റെ ഒരു സുഹൃത്തായിരുന്നു ഡി ജെ. ഡിസ്ക് കറക്കുമ്പോള്‍ അവന്റെ തലയും അതിനോടൊപ്പം കറങ്ങി. പാർട്ടി ഡ്രഗ്ഗുകളായ എക്സ്ടസി.. സ്പീഡ് (ഉറക്കം വരാതിരിക്കാനായി ) എന്നിവ ആദ്യമായി അറിയുന്നത് അമ്പതു മണിക്കൂറുകള്‍ നീണ്ട ഇത്തരം സംഗീതനിശകളില്‍ വെച്ചായിരുന്നു.എക്സ്ടസി കഴിച്ചാല്‍ സ്നേഹം കൂടുമെന്നും ഹൃദയത്തിന്റെ ബീറ്റ് കൂടുമെന്നും അതിനു ധാരാളം വെള്ളം കുടിച്ചാല്‍ മതിയെന്നും അവിടെ നിന്നറിഞ്ഞു. ആരും ആരെയും ദ്രോഹിച്ചില്ല. സംഗീതം, നൃത്തം..ശരിക്കും ചില്‍ ഔട്ട്‌. അവിടെ നിന്നും തിരിച്ചു വരുമ്പോള്‍ എല്ലാം അവിടെ നിക്ഷേപിച്ചു പോന്നു . ഒന്നും എന്നെ അടിമയാക്കിയില്ല.. ശീലവുമാക്കിയില്ല. അറിയുക, പിന്നീട് മറ്റൊന്ന്അറിയുക – അതായിരുന്നു എന്റെ യാത്രകളും പാർട്ടികളും.

                അതിനടയില്‍ എന്റെ വായനകളും മുന്നേറിയിരുന്നു…ജോലി വായന, കൂട്ടുകാര്‍, രാഷ്ട്രീയസാമൂഹ്യ പ്രവർത്തനങ്ങള്‍ – ഇതായിരുന്നു നിത്യചര്യ. എല്ലാവരും മദ്യപിച്ചിരുന്നു, വലിച്ചിരുന്നു. ആരും ആരെയും നിർബന്ധിചിരുന്നില്ല. ഇഷ്ടമുണ്ടെങ്കില്‍ ആകാം അല്ലെങ്കില്‍ വേണ്ട. ലഹരി ഒരു പാപമല്ലെന്നും പലതരം ലഹരികള്‍ ഉണ്ടെന്നും ലഹരിമരുന്നുകള്‍ ഇല്ലാതെ തന്നെ ജീവിതലഹരിയുടെ ആസക്തിയില്‍ മുഴുകുന്നുന്നവര്‍ ഉണ്ടെന്നും അറിയുകയായിരുന്നു ഞാന്‍. ഹണ്ടർ എസ് തോംസൺ , ജാക്ക് കെരൗവാക്ക് തുടങ്ങിയവരുടെ അനുഭവസമ്പന്നമായ ലഹരിയുടെ എഴുത്തുകള്‍.

പിന്നെ എപ്പോഴോ ആണ് ദക്ഷിണാഫ്രിക്കക്കാരന്‍ ആയ നിക്കിയെ പരിച്ചയപെടുന്നത്. ഒരിക്കല്‍ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച എന്നെ എതിരേറ്റതു പൂത്തുലഞ്ഞ കഞ്ചാവിന്റെ മാദകഗന്ധമാണ്. ഒരു കപ്ബോർഡിനുള്ളില്‍ അമ്പതോളം പൂത്ത ചെടികള്‍. സ്കങ്ക് (skunk)എന്നറിയപെടുന്ന ഹൈബ്രിഡ് ചെടികള്‍. മണ്ണില്ലാതെ ഹൈഡ്രോ പോണിക് രീതിയില്‍ കൃഷി ചെയ്യുന്നവ, നോർത്തേൺ സ്റ്റാര്‍ സെന്‍ സെമീലിന എന്നീ വർഗ്ഗത്തില്‍ പെടുന്നവ കഞ്ചവിനെക്കാള്‍ ഇരുപത് ഇരട്ടി ടി എച് സി ലെവല്‍ ഉള്ളവകഞ്ചാവിന്റെ ഒരാരധകനല്ല. നിക്കി. എങ്കിലും കഞ്ചാവിനായി ഒരു സര്‍വ്വകലാശാല തുടങ്ങുന്നു എങ്കില്‍ അതിന്റെ വൈസ് ചാൻസലറായി നിക്കിയെ നിയമിക്കാം. എല്ലാ വിഷയത്തിലും അപാരമായ അറിവുള്ള നിക്കി പതിന്നാലാം വയസ്സില്‍ രാഷ്ട്രീയ പ്രവർത്തകരായ മാതാപിതാക്കളോട് മദ്യത്തിന്റെ രസതന്ത്രവും കഞ്ചാവിന്റെ രസതന്ത്രവും താരതമ്യപെടുത്തി വാദിച്ചാണ് വീട്ടില്‍ കഞ്ചാവ് കൃഷി തുടങ്ങിയത്. പിന്നിടെപ്പോഴോ കഞ്ചാവില്‍ നിന്നും ഹെറോയിന്റെ അമിതഉപയോഗത്തിന് വഴിമാറി. നിക്കിയുടെ വിവാഹദിവസം എനിക്കിപ്പോഴും ഓർമയുണ്ട്. രജിസ്റ്റര്‍ ചെയ്യാനുള്ള സമയത്ത് നിക്കി ഹാജരില്ല. നിക്കിക്ക് ശേഷം നടക്കേണ്ട വിവാഹം ഞങ്ങള്‍ രജിസ്ട്രാറോട് നുണ പറഞ്ഞു മുന്നോട്ടു മാറ്റി. നിക്കി വിവാഹത്തിന് മുൻപ് ഫിക്സ് ചെയ്യാന്‍ കൂട്ടുകാരനെ കാത്തു നില്ക്കുകയായിരുന്നു. വിവാഹ ചടങ്ങിനു ശേഷം നടന്ന സൽകാരത്തിനിടയില്‍ നിക്കി വീണ്ടും അപ്രത്യക്ഷനായി. വധു ആവശ്യപെട്ടതിന്‍ പ്രകാരം ഞാനും എന്റെ സുഹൃത്തും നടത്തിയ തിരച്ചലില്‍ ഞെരമ്പ് കിട്ടാത്തതിനാല്‍ നേരിട്ട് വയറിലൂടെ സിറിഞ്ചു കുത്തിവെച്ച നിലയില്‍ നിക്കിയെ ടോയ്ലെറ്റില്‍ കണ്ടുപിടിച്ചു. (ഒരിക്കല്‍ കേരളത്തിലുള്ള അവിവാഹിതനായ സുഹൃത്തിനോട് ചോദിച്ചു ഇത്രയും സുന്ദരനായ  നിങ്ങൾക്ക് എന്തുകൊണ്ട് ഒരു കാമുകി പോലും ഇല്ലായിരുന്നു. മറുപടി എന്റെ  ഉള്ളു തുറപ്പിച്ചു.എനിക്ക് ഒരു സമയം ഒരാളെ മാത്രമേ പ്രണയിക്കാന്‍  കഴിയൂ. അതിനാല്‍ ഞാന്‍ മദ്യത്തെ തിരഞ്ഞെടുത്തു. അതിനിടയില്‍ വേറെയൊന്നിനും സമയമോ മനസോ ഇല്ല. ഒന്നോഴിക്കൂ മുരളീ.. ഒരു മദ്യസ്നേഹിയുടെ അത്മാര്‍ത്ഥമായ ഉത്തരമായിരുന്നു അത്. വിശുദ്ധവചനം.) പിന്നെ നിക്കി എവിടെക്കോ അപ്രത്യക്ഷനായി. മൂന്ന് വർഷത്തിനു ശേഷം എനിക്ക് അപ്രതീക്ഷിതമായി ഒരു കത്ത് കിട്ടി. ക്രാക്ക് കൊക്കെയിന്‍ ചൂടാക്കാനായി എന്റെ അടുക്കളയില്‍ നിന്നും മോഷ്ടിച്ച സിൽവർ സ്പൂണുകൾക്ക് മാപ്പ് അപേക്ഷിച്ച് കൊണ്ടുള്ള കത്ത്. റീഹാബ് പ്രക്രിയയുടെ അവസാന രംഗം. ഇന്ന് നിക്കി ഇന്റർനാഷണല്‍ പോളിറ്റിക്സ്സില്‍ ബിരുദം നേടി ഉദ്യോഗം നേടി സ്വസ്ഥമായി ജീവിക്കുന്നു.

                 ഒരിക്കല്‍ എന്റെ സുഹൃത്ത് ചെക്ക് റിപ്പബ്ലിക്കുകാരനായ മാർക്ക് ‌എന്റെ വീട്ടില്‍ വന്നു. ചെക്കിലെ ഒരു സമ്പന്നന്റെ മകന്‍.. ഹവേളിനോടൊപ്പം അണ്ടര്‍ ഗ്രൗണ്ടില്‍ ചാർട്ടര്‍ 84 എന്ന സംഘടന ഉണ്ടാകിയവരില്‍ ഒരാള്‍. സ്ലോവാക്ക്യയിലെ ഏതോ നിശാ ക്ലബ്ബില്‍ നർത്തകിയായിരുന്ന കാമുകി ജാനെറ്റുമായി. നമുക്ക് ക്ലബ്ബില്‍ പോകാം…എല്ലാ ആയുധങ്ങളുമുണ്ട്… ലെറ്റ് അസ് എൻജോയ്‌.. അതാണ്‌ മാർക്കിന്റെ ഏക വാചകം. ഞാന്‍ ഒപ്പം പോയി. ആദ്യമായി കൊക്കെയിന്‍ വലിക്കുന്നത് അന്നാണ്. മനോഹരമായ മാർബിള്‍ പ്രതലത്തില്‍ പിങ്കും വെള്ളയും കലർന്ന കൊക്കെയിന്റെ ക്രിസ്ടലുകള്‍ പരത്തി അതിനു മുകളില്‍ സിഗരറ്റ് പാക്കറ്റിന്റെ ക്ലിനിംഗ് ഫിലിം അമർത്തി കയ്യിലുള്ള ബ്ലെയ്ഡ് കൊണ്ട് അമർത്തി പൊടിച്ചു രണ്ടിഞ്ചു നീളത്തിലുള്ള ആറു വരികളാക്കി…രാജ്ഞിയുടെ പടമുള്ള പത്തു പൌണ്ടിന്റെ നോട്ട് ചുരുട്ടി ഇരു മൂക്കിലെക്കും വലിച്ചു കയറ്റി. പ്ലാസ്റിക്കില്‍ കുടുങ്ങി കിടന്ന തരി ചൂണ്ടു വിരൽ കൊണ്ട് വടിച്ചു മോണയില്‍ തേച്ചു. അത് കഴിഞ്ഞപ്പോള്‍ മാര്‍ക്ക് എക്സ്ടസിയുടെ മൂന്നു ഗുളികകള്‍ എടുത്തു. മൂന്നു പേരും അത് വിഴുങ്ങി. ഡോവ് എന്ന ഓമനപേരില്‍ അറിയുന്ന എക്സ്ടസി ഒരു പാർട്ടി ഡ്രഗ്ഗാണ്. മനസിനെ സന്തോഷകരമായ അവസ്ഥയില്‍ എത്തിക്കും . കൊക്കെയിനും അത് പോലെ തന്നെ. അപ്പര്‍ ലഹരികള്‍. മനസിനെ ഉയർന്ന വിതാനതിലേക്കു എത്തിക്കുന്നവ. സംഗീതത്തിനും നൃത്തത്തിനും അനുയോജ്യം. വെള്ളം ധാരാളം കുടിക്കണം. ഹൃദയത്തിന്റെ മിടിപ്പ് വേഗത്തിലാകും. എല്ലാ ലഹരിക്കും അതിന്റെതായ രസതന്ത്രമുണ്ട്. അത് മനുഷ്യന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചറിഞ്ഞാല്‍ രാസപ്രവർത്തനം മനസിലാകും. അതറിഞ്ഞാല്‍ നിയന്ത്രിക്കാവുന്നതെയുള്ളൂ. എല്ലാം മരുന്ന് തന്നെയാണല്ലോ. വൈദ്യന്‍ എഴുതി തരുന്നതും മരുന്ന് തന്നെ. അന്യഗ്രഹത്തില്‍ നിന്ന് ഒരു വൈദ്യനും മരുന്ന് വരുത്തുന്നില്ലല്ലോ.

                   തെളിഞ്ഞ മനസും സന്തോഷവുമായി ഇരിക്കുമ്പോഴാണ് ജാനെറ്റ് വീണ്ടും വന്നത്. ഈ പ്രാവശ്യം അവള്‍ ക്ലബ്ബില്‍ നിന്നും വാങ്ങിയ മാജിക് മഷ്രൂം ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ കൂട്ടുകാരുടെ ഒപ്പം ഒരു ഒക്ടോബര്‍ മാസത്തില്‍ മഷ്രൂം പിക്കിങ്ങിനു പോയതോർത്തു് തിന്നും ചായ തിളപ്പിച്ചും കഴിച്ച ദിവസം… മനസ്സില്‍, കണ്ണില്‍ വർണ്ണങ്ങളുടെ പെരുമഴക്കാലം….മനസിനെ വിട്ടു കൊടുത്തു മനസുകൊണ്ട് മേഘം പോലെ മേയുന്ന മനസ്സിനെ നിയന്ത്രിക്കുന്നത്‌ എനിക്ക് രസമാണ്. വേണ്ട എന്ന് പറഞ്ഞില്ല. മൂന്നു തരം വ്യത്യസ്ത ലഹരികള്‍ ആയപ്പോള്‍ ഒരു കുസൃതി തോന്നി. അപ്പര്‍ DOWNER ഒപ്പം ഒരു ബിയര്‍ കൂടിയാകാം…കഞ്ചാവിന്റെ പുക ഊതി വിട്ടശേഷം ബാറില്‍ നിന്നും ബിയര്‍ വാങ്ങി ഞാന്‍ ഇരുന്നു. മനസിനെ രണ്ടായി പകുത്തു മനസ്സിനെ ഒരു ത്രാസാക്കി എന്റെ മനസ്. ഒരു തട്ടില്‍ അപ്പര്‍ ലഹരിയായ എക്സ്ടസിയും കൊക്കെയിനും മറു തട്ടില്‍ ബിയറും കഞ്ചാവും. മനസിന്‌ വർണ്ണത്തിന്റെ പന്തലൊരുക്കാന്‍ മാജിക് മഷ്രൂം…മനസ് ഇരുവശത്തേക്കും റോളര്‍ കോസ്റ്റര്‍ പോലെ. അതിനെ ഒരു മനസുകൊണ്ട് ത്രാസിന്റെ നേര്‍രേഖ പോലെ നിയന്ത്രിക്കുക. മൂന്നു നാല് മണിക്കൂര്‍ അങ്ങിനെ പോയി..സംഗീതമയമായ ഹാളില്‍ നിന്നും ഇറങ്ങുമ്പോള്‍ രാവിലെ ആറുമണി..വലിയ വിഭ്രാന്തിയോ അസ്വാസ്ഥ്യമോ തോന്നിയില്ല. ഇനി ഇത് വീണ്ടും ആവർത്തിക്കില്ലഎന്ന് തീരുമാനിച്ചു.

ലഹരിയെ അറിയുക. എന്നാൽ അതൊരു സ്ഥിരം ശീലമാകരുത് എന്ന കാര്യത്തില്‍ എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതെ സമയം എല്ലാ ലഹരിയെ അറിഞ്ഞിട്ടു നിർത്തണം എന്നും…എന്റെ യാത്രകളെല്ലാം അന്വേഷണങ്ങള്‍ ആയിരുന്നു. ദേശം, ജനത, സംസ്കാരം, ആചാരം, രാഷ്ട്രീയം..അതങ്ങിനെ തുറന്ന പുസ്തകവുമായുള്ള ഒരു നീണ്ട യാത്രയായി തുടർന്നു. ഗാലറികളും മ്യൂസിയങ്ങളും സ്മാരകങ്ങളും സന്ദർശിക്കുന്നതോടൊപ്പം ഒരിക്കലും ഒഴിവാകാന്‍ കഴിയാത്തതാണ് ആ രാജ്യത്തിലെ സബ്ആൾടേൺ കൌണ്ടർ കൾച്ചറുകള്‍ കൂടി അടുത്തറിയുക എന്നതു. അതുമൊരു പാഠശാലയാണ്. ആദ്യം ഭയം തോന്നുമെങ്കിലും എന്തോ ഒരു അദൃശ്യശക്തി അവിടേക്ക് പിടിച്ചു വലിക്കും. അപകടകാരിയാണെന്ന് പുറമേ നിന്ന് തോന്നിക്കുമെങ്കിലും ഒരിക്കലും എനിക്കങ്ങിനെ ഒരു അനുഭവമുണ്ടായിട്ടില്ല. മറിച്ചു ഒരു ജനതയുടെ ദേശത്തിന്റെ ആരും കാണാത്ത അണ്ടര്‍ബെല്ലി അടുത്തു നിന്നും കാണുവാനാകും…അവരുടെ രീതികള്‍, ചര്യകള്‍, അവരുടെ ആ നാടിനോടുള്ള പ്രതികരണം തുടങ്ങിയവ സൂക്ഷ്മ നിരീക്ഷണത്തില്‍ കാണാം. അത് പലപ്പോഴും അറിവിന്റെ, അനുഭവങ്ങളുടെ, വിമർശനങ്ങളുടെ, ജീവിതത്തിന്റെ നേര്‍കാഴ്ചയാകാറുമുണ്ട്. സമൂഹത്തിന്റെ ഓരങ്ങളില്‍ ജീവിക്കുന്നവരുടെ, പാർശ്വവല്ക്കരിക്കപ്പെട്ട ജീവിതരേഖകള്‍…

              ന്യൂ യോർക്കിലെ റോയല്‍ റൂസ്റ്റ് എന്ന ജാസ് ക്ലബ്ബില്‍ ഞാന്‍ തേടിയത് ജാക്ക് കെരൗവാക്കിന്റെ, ഡിസി ജിലെപ്സിയുടെ, അലന്‍ ഗിൻസ്ബർഗിന്റെ കവിതയും സംഗീതവുമായിരുന്നു. അവിടെ നീലപ്പുകച്ചുരുളുകളുടെ സാന്ദ്രമായ അന്തരീക്ഷത്തില്‍ പരിചയപെട്ടവരോടൊപ്പം അവരുടെ ഭൂതകാലവും വർത്തമാനവുമറിഞ്ഞു…. അവരിലൊക്കെ ജീവിതം സുതാര്യമായിരുന്നു. പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ അവര്‍ മടിച്ചില്ല.

              ലോസ് ആഞ്ചലസില്‍ ഹിൽട്ടൻ ഹോട്ടലിന്റെ മുന്നില്‍ ഒരു പാതിരാവിന്റെ കുളിരില്‍ സിഗരറ്റ് വലിച്ചു നില്ക്കുമ്പോള്‍ നിഴലില്‍ നിന്നൊരാള്‍ ഇറങ്ങി വന്നു. സിഗരറ്റ് കുറ്റി എറിഞ്ഞു കളയരുത് എന്നായിരുന്നു അയാളുടെ അഭ്യർത്ഥന. കുറ്റി എറിഞ്ഞു കളയരുത് എന്ന്. ഒരു സിഗരറ്റ് മുഴുവനായി വലിചോളൂ എന്ന് പറഞ്ഞു ഞാന്‍ ബെൻസൺ സിഗരറ്റ് നീട്ടി. ദുഃഖം ഉറഞ്ഞു മരവിച്ച അയാളുടെ മുഖത്തു എന്തോ ഭാവം മിന്നിമറഞ്ഞ പോലെ തോന്നി. ആ സിഗരറ്റിന്റെ പുകയില്‍ അറിഞ്ഞത് വിയറ്റ്നാമില്‍ യുദ്ധം ചെയ്ത് ഇപ്പോള്‍ തെരുവില്‍ ഉറങ്ങുന്ന ഒരു വെളുത്ത പട്ടാളക്കാരന്റെ സങ്കടമായിരുന്നു. ഒരഞ്ചുഡോളര്‍ തന്നാല്‍ അടുത്ത തെരുവില്‍ നിന്നും കഞ്ചാവ് ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ പത്തു ഡോളര്‍ ഞാന്‍ അങ്ങോട്ട്‌ കൊടുത്തു. “ഒന്ന് തെറുത്തു എനിക്ക് തരിക, ബാക്കിഉള്ളത് നിങ്ങള്‍ ഉപയോഗിക്കൂ”…ഒരു പട്ടാളക്കാരന്റെ അച്ചടക്കത്തോടെ പത്തു മിനിട്ടിനകം ഒരു തെറുത്ത സിഗരറ്റുമായി വന്ന ആ ആമേരിക്കന്‍ വെറ്ററനോട് എനിക്കെന്തോ അലിവു തോന്നി. വിയറ്റ്നാം യുദ്ധത്തിന്റെ പേരില്‍ വെറുത്തു പരിചയിച്ച അവരേപ്പോലുള്ളവരോടുള്ള വെറുപ്പ്‌ എവിടെയോ അതോടെ വിലയം പ്രാപിച്ചു.

ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ കണ്ടെത്തുന്ന ആകസ്മികതക്കും എന്റെ അന്വേഷണങ്ങള്‍ നിമിത്തമായി. ഇവരാരും എന്നെ വേറെ ഒന്നായി കണ്ടില്ല. അവരുടെ ദുഃഖങ്ങൾക്ക് വേറെ ആരെയും പഴിച്ചില്ല. വിധിയെ പോലും. പിന്നീടും പല നാടുകള്‍ പല മനുഷ്യര്‍ എന്നിലേക്ക്‌ വന്നു ഒരിക്കല്‍ സൂറിച്ചിലെ തടാകത്തിനു അടുത്തുള്ള നീഡില്‍ പാർക്കില്‍ പോയപ്പോള്‍ രാവിലെ ഏഴിന് മുനിസിപാലിറ്റിക്കാര്‍ സൌജന്യമായി കൊടുക്കുന്ന സിറിഞ്ചും കാത്തിരിക്കുന്ന ജങ്കികളെ കണ്ടു. ഒരു സിഗരറ്റ് നീട്ടി സൌഹാർദ്ദം തേടിയപ്പോള്‍ സ്വാഭാവികമായ ഒരു മന്ദഹാസം മാത്രം മറുപടി. എട്ടിനും ഒമ്പതിനും സിറിഞ്ചുമായി എത്തുന്ന സോഷ്യല്‍ സർവീസ് ജീവനക്കാരനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തോമസിന്റെ മനഃശാസ്ത്രം എനിക്ക് മനസിലാകും. എനിക്ക് മനസിലാകാത്ത വേറെ ഏതോ ലോകത്തെന്ന ലളിതമായ മനഃശാസ്ത്രം. ഒരു ജങ്കിക്ക് ആരോടും പകയില്ല. വിസ്സിലെ തെക്ക് പടിഞ്ഞാറന്‍ കാന്റൺ (canton), വലൈയിലെ (Valais) അനുഭവം മറ്റൊരു ദുഃഖം പറഞ്ഞു തന്നു. ആൽപ്സ് പർവ്വത നിരയിലെ ഒരു മലയോരഗ്രാമം ആയ വിയോന്നയില്‍ (viyonna) എന്റെ കാമുകി മ്യുരിയലിന്റെ സഹപാഠി ആയിരുന്നു ക്ലോദ് എന്ന സ്വിസ് അമച്വര്‍ ബോക്സിംഗ് ചാമ്പ്യന്‍. അവന്‍ കഞ്ചാവ് വലിക്കും. മ്യൂരിയലിനൊപ്പം അവിടെ എത്തിയ എന്നെ അവന്റെ രൂപം ഒന്ന് അന്ധാളിപ്പിച്ചുവെങ്കിലും ഇരുപതു വയസുള്ള അവന്റെ മനസ്സ് സ്നേഹം നിറഞ്ഞതായിരുന്നു. അവന്റെ കിടപ്പറ ഒരു ആർമി ക്യാമ്പ് പോലെ തോന്നിച്ചു. ചുറ്റിനും തോക്കുകള്‍ നിരന്നുകിടന്നിരുന്നു. നിർബന്ധിത സൈനിക സേവനം ഉള്ളതിനാല്‍ അവർക്ക് തോക്ക് സൂക്ഷിക്കാം. ധൂമ്രപാനോപചാരങ്ങള്‍ക്കൊപ്പം കാമുവിനെയും സാർത്രെയും അകംപുറം അറിഞ്ഞു അവന്‍ സംസാരിച്ചു. പിന്നെ അലുമിനിയത്തിന്റെ ഒരു പെട്ടി തുറന്നു. എന്റെ നേരെ നീട്ടി കൊണ്ടവന്‍ പറഞ്ഞു; ഇതാണ് മാഗ്നം( magnum)..ഇതുകൊണ്ടാകും എന്റെ ജീവന്‍ തീരുക..എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്ത അതേ ദിവസമാണ് എയിഡ്സ് ബാധിച്ചു എന്റെ സഹോദരിയും വിഷം മോന്തി ജീവിതം മുക്കി കളഞ്ഞത് ..ആ ദിവസം തന്നെ ഞാനും മരിക്കും’’.  തമാശയാണെന്ന് എനിക്ക് അവന്റെ മുഖത്തെ ദുഃഖം കണ്ടപ്പോള്‍ തോന്നിയില്ല . എന്നാല്‍ വിശ്വസിച്ചുമില്ല. പക്ഷെ അവന്‍ തമാശ പറയുന്ന കൂട്ടത്തില്‍ ആയിരുന്നില്ല. ആറുമാസം കഴിഞ്ഞപ്പോള്‍ ഒരു വെടിയുണ്ട അവന്റെ ജീവിതം ഏറ്റുവാങ്ങി എന്ന് മ്യുരിയല്‍ കരച്ചിലോടെ പറഞ്ഞറിഞ്ഞു.

                 ഞങ്ങളൊരുമിച്ചുള്ള ഒരു അപരാഹ്നത്തില്‍ അവന്‍ പറഞ്ഞു; എന്റെ ഒരു സുഹൃത്ത്‌ ശാമ്ബാനി (champagny) എന്ന സ്ഥലത്തുണ്ട്. കന്നുകാലികളുമായി ഒരു മലയില്‍. അവന്റെ ശാലയില്‍ (challet) കൂടാം’’... ഞാന്‍ അമാന്തിച്ചില്ല. അവന്റെ കാറില്‍ മല കയറി…എന്നെ അവിടെ എതിരേറ്റത് വിളവെടുപ്പ് കഴിഞ്ഞു ഉണക്കാന്‍ ഇട്ടിരുന്ന സ്കങ്ക് എന്ന മുന്തിയ ഇനം കഞ്ചാവായിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും ഏറെ ഉയർന്ന ആ സ്കീയിംഗ് ഗ്രമാത്തിലിരുന്നു വെളുത്ത സ്വിസ് ചോക്ലേറ്റിന്റെ അകമ്പടിയോടെ ഞാന്‍ അത് വലിച്ചു…തൊണ്ട വരണ്ടപ്പോള്‍ ഒക്കെ സ്നാപ്സ്‌ എന്ന, ആപ്പിളില്‍ നിന്നും വാറ്റിയ, മദ്യം കഴിച്ചു…കാനഡയില്‍ നിന്നും സ്വിസ്സില്‍ വര്‍ഷങ്ങള്‍ക്കു മുന്നെ എത്തിയവനാണ്റോയ്. ജെനീവയില്‍ ധനികരായ അറബികളെ  മാത്രം ചികിത്സിക്കുന്ന ഏതോ ക്ലിനിക്കിലെ നഴ്സ്…എന്ത് കൊണ്ട് ഇത് വലിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ ഉത്തരം  തെല്ലൊന്നു അമ്പരപ്പെടുത്തി…മൃതപ്രായരായ അറിയാത്ത അറബികളുടെ  നിശബ്ദ മരണം ദിവസവും കാണുന്നവനാണ് ഞാന്‍..ഇത് രണ്ടെണ്ണം വലിച്ചാല്‍ പിന്നെ അതിനെയൊക്കെ വളരെ നിസ്സംഗതയോടെ നോക്കിക്കണാനാകും..

ജപ്പാനിലെ രണ്ടാമത്തെ വലിയ സിറ്റിയാണ് ഒസാക്ക. പടിഞ്ഞാറന്‍ ഒസാക്കയില്‍ തൈമ (കഞ്ചാവിന്റെ ജപ്പാനീസ് പേര്‍ )കിട്ടുമെന്ന് എന്റെ കൂട്ടുകാര്‍ പറഞ്ഞറിയാമായിരുന്നു..എന്റെ കൂട്ടുകാരനുമായി ഞാന്‍ അവിടെ പോയിട്ടുണ്ട്… അവരുമായി രാത്രി മുഴുവന്‍ അവിടെ ചിലവിട്ടു. കേരളത്തില്‍ ജനിച്ചു ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഞാന്‍ എങ്ങിനെ അവിടെ എന്നോർത്ത് അവര്‍ മൂക്കത്ത് വിരല്‍ വെച്ചു.. ഇനിയും എത്രയോ സ്ഥലങ്ങള്‍…മോറോക്കയിലെ മരകേഷ്, കാസാബ്ലാങ്ക എന്നിവിടങ്ങളില്‍ ബീട്നിക്കിന്റെ ഓർമ്മകളുമായി മൊറോക്കന്‍ ഗോൾഡ് എന്ന ഹഷീശിന്റെ കുളിര് തേടി.. (ഹാഷ് വലിച്ചു  ചാവേറുകളായ മുസ്ലിം പോരാളികളില്‍ നിന്നാണു അസ്സാസ്സിന്‍ എന്നാ വാക്കുണ്ടായതെന്നു  അവര്‍ പറഞ്ഞറിഞ്ഞു.) 


                 ദില്ലിയിലെ മന്ജൂന കാടില്ലയിലെ ടിബറ്റന്‍ കോളനിയിലെ ചൂടുള്ള ചാരായവും ചരസ്സും ഭാങ്ങും …. ബോംബയിലെ മട്ടുംഗയ്ക്കടുത്തുള്ള കൊളിവാഡയിലെ ചരസ്സ്..
തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയിലെ വാറ്റു ചാരായം…ഓരോ അറിവും പുറംകണ്ണും മനക്കണ്ണും തുറപ്പികുകയാണ് ചെയ്തത്.. ആരുടേയും ഒന്നും ഞാന്‍ തട്ടി മാറ്റിയിട്ടില്ല. ആരെയും വഞ്ചിച്ചിട്ടില്ല. ഒരു രാഷ്ട്രത്തിനെതിരെയും ഗൂഡാലോചനയോ അട്ടിമറിശ്രമമോ നടത്തിയില്ല.. സമയത്തിന് സർക്കാരിനു നികുതി കൊടുത്തു, ഇത് വരെ പോലീസ് കേസുമില്ല. ഞാന്‍ ആർക്കും എതിരുമല്ല..ഒരു കാലത്ത് ഇതെല്ലാം അറിയണം എന്ന് തോന്നി. അറിഞ്ഞു. അറിഞ്ഞപ്പോള്‍ നിർത്തി. അത്ര മാത്രം..ഞാന്‍ കണ്ടു മുട്ടിയവരും അതുപോലെ ഉള്ളവരായിരുന്നു..അത്രമാത്രം…അതൊരു പാതകമായി എനിക്ക് തോന്നിയില്ല. അവര്‍ ഒരു തലമുറയുടെ ഭാവിയും നശിപ്പിച്ചില്ല, ആരോടും അവരുടെ പാത പിന്തുടരുവാനും പറഞ്ഞില്ല……..അവര്‍ അവരുടെതായ പാതയിലൂടെ ഏകരായി നീങ്ങി. അത്രമാത്രം. ജീവിതത്തിന്റെ സമസ്യകള്‍ പൂരണം ചെയ്യാന്‍ ശ്രമിക്കുന്നവരായിരുന്നു അവര്‍. അതൊരു സമാന്തര ലോകമായിരുന്നുവെങ്കിലും മനുഷ്യത്വത്തോടും സമൂഹത്തോടും അവര്‍ അവരുടെതായ രീതിയില്‍ സംവദിക്കുകയും ചെയ്തു. പലപ്പോഴും അതിനു ഒരു ചികിത്സാ പദ്ധതിയുടെ രൂപം കൈവരുന്നതായും എനിക്ക് തോന്നി. മനസ്സ്അടഞ്ഞു പോകാതെ, മനസ്സിന്റെ തടവറയില്‍ ഒതുങ്ങാതെ, സ്വാതന്ത്ര്യത്തിന്റെ ചിറുകകള്‍ കോതി മിനുക്കുന്നവര്‍.

ലഹരിയില്‍ എന്റെ മനസിനെ വലയ്ക്കുന്ന ഒന്നാണ് എല്‍ എസ് ഡി അല്ലെങ്കില്‍ കേപ്പ് ബ്ലോട്ട് ആസിഡ്. അതെ സമയം ഹെറോയിനു അഡിക്ഷന്‍ ഉണ്ട്. ഒരാള്‍ എങ്ങിനെ അഡിക്റ്റ് ആകുന്നു എന്നതിന് പല ഘടകങ്ങളുണ്ട്. ജീവിതരീതി, മാനസികാവസ്ഥ എന്നിവ മുതല്‍ ജനിതകം വരെ. സ്വതേ ദുർബലരായ ആളുകള്‍ ആണ്ഇതിന്റെ ആശ്രിതത്വത്തിലേക്ക് നീങ്ങുക എന്നതാണ് എന്റെ അനുഭവസാക്ഷ്യം..എന്നാല്‍ എനിക്ക് തോന്നിയിട്ടുള്ളത് ഏതു ലഹരിയും നമ്മുടെ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണു. സാധാരണ ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കാത്ത മസ്തിഷ്ക്കഭാഗത്തെ ഉത്തെജിപ്പിക്കുമ്പോള്‍ അവ്യാചമായ അനുഭവങ്ങളും അനുഭൂതികളും ആണ് ഉണ്ടാവുക.

                ലഹരി നമ്മളുടെ ഇപ്പോഴത്തെ മാനസികനിലയില്‍ നിന്നും വേറെ ഒരു തലത്തിലേക്ക് ഉയർത്തുകയാണ് ചെയ്യുക… ആ ലഹരിയുടെ കാലാവധി ഒരു മണിക്കൂര്‍ മുതല്‍ പതിന്നാലു മണിക്കൂര്‍ വരെയാകാം. അത് കഴിഞ്ഞാല്‍ നമ്മള്‍ പഴയ സ്ഥിതിയിലാകും. അതിനെ പലരും ദുഃഖമോ ഡിപ്രേഷനോ ആയി തെറ്റിദ്ധരിക്കും..ആരും ഒരിക്കലും അങ്ങിനെ ആകുന്നില്ല. അങ്ങിനെ ഒരു ധാരണയുണ്ടാക്കും എന്ന് മാത്രം. അതിനാല്‍ ലഹരിയുടെ ഉന്നതിയില്‍ നിന്നാല്‍ കുഴപ്പമില്ല എന്ന് തോന്നും..അത് വീണ്ടും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. കുറെ കഴിഞ്ഞാല്‍ ആ ഔന്നത്യത്തില്‍ നിൽക്കുകയാണു കാര്യം എന്നുവരും. അവിടെയാണ് ലഹരിക്ക്‌ അടിമപ്പെടുന്നത്. തലവേദന വരുമ്പോൾ പരസിറ്റമോള്‍ കഴിച്ചിട്ട് തലവേദന പോയാല്‍ പിന്നെ അത് നമ്മള്‍ കഴിക്കാറില്ലല്ലോ. അങ്ങിനെ ഒരവസ്ഥ മനസ്സിലാക്കുന്നവര്‍ ഒരിക്കലും അടിമപെടുകയില്ല. ഇതിനെയെല്ലാം ഒരു കെമിസ്ട്രിയായും അത് തലച്ചോറില്‍ ഉണ്ടാക്കുന്ന മാറ്റം, അതിന്റെ സമയ ദൈർഘ്യം എന്നിവയെകുറിച്ച് അറിയേണ്ടതിനു പകരം ലഹരി എന്തിനുമുള്ള പരിഹാരമായി കണക്കാക്കിയാല്‍ ആല്ക്കഹോളിക് എന്ന പോലെ അതിന്റെ അടിമയാകും.

ഒരിക്കല്‍ ഞാന്‍ എന്റെ സുഹൃത്തിനോട് എല്‍ എസ് ഡി അടിക്കണം എന്ന് പറഞ്ഞു…അമ്മൂമ്മമാര്‍ യക്ഷിക്കഥകള്‍ പറഞ്ഞു പേടിപ്പിക്കും പോലെ എന്നെ പേടിപ്പിക്കുകയാണ് ചെയ്തത്…എല്‍ എസ് ഡി സൂക്ഷിക്കണം..ഭീകരമാണ്, തലച്ചോറിനെ ബാലാൽസംഘം ചെയ്യും എന്നൊക്കെയായിരുന്നു താക്കീത്ഇത് കഴിച്ചിട്ടാണ് ബോബ് ദില്ലന്‍ ഹേ മിസ്റ്റര്‍ തംബരിന്‍ മെന്‍ എഴുതിയതും അലന്‍ ഗിൻസ്ബെർഗ് കവിത എഴുതിയതും ബീറ്റില്സ് ലൂസി ഇന്‍ ദി സ്കൈ വിത്ത് ഡയമണ്ട്സും വി ആര്‍ ലിവിംഗ് ഇന്‍ എ യെല്ലോ സബ്മരീന്‍ എഴുതിയതും എറിക് ക്ലാപ്ട്ടന്‍ ഗിത്താറില്‍ കവിത രചിച്ചതും എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും രക്ഷയില്ല. ഞാന്‍ അതവിടെ വിട്ടു. പിന്നെ ഒരിക്കല്‍ ഇതേ പറ്റി എന്റെ വേറെ ഒരു സുഹൃത്തിനോട് സൂചിപ്പിച്ചു.. എല്ലാ ലഹരിയും അതിന്റെ രാസമൂലകത്തില്‍ മനസിലാക്കിയാല്‍ കുഴപ്പമില്ലെന്നും.. മനസിനെ മനസുകൊണ്ട് കൈകാര്യം ചെയ്യേണ്ട ഒന്നാണ് എന്നും അയാള്‍ പറഞ്ഞു…തീർച്ചയായും പരനോയിയ ഉണ്ടാകും. അതില്ലെങ്കില്‍ മനോഹരമാണെന്നും പറഞ്ഞു. ഒരു ദിവസം വൈകീട്ട് നന്നായി ഭക്ഷണം കഴിച്ചു തീർത്ഥയാത്രക്ക് പോകുന്ന പോലെ മനസിനെ സന്തോഷിപ്പിച്ചു. വിശന്നാല്‍ കഴിക്കാനായി ബിസ്കറ്റ്, കുടിക്കാന്‍ ഓറഞ്ചുജ്യൂസ് തുടങ്ങിയവ സുരക്ഷിതമായി വെച്ച് എല്‍ എസ് ഡി എടുത്തു. ഒരു മണിക്കൂര്‍ നേരത്തേക്ക് ഒന്നും തോന്നിയില്ല. പിന്നെ… തൃശൂര്‍ പൂരത്തിന് അമിട്ട് പൊട്ടും പോലെ മനസ് പെട്ടെന്ന് വേറെ ഒരു ലോകത്തേക്ക് യാത്രയായി…………വിടർന്നു വിരിയും പോലെ ഇത് വരെ കാണാത്ത വർണ്ണരാജികള്‍..മനസിലും തലയിലും..അതിന്റെ സൂക്ഷ്മ തലത്തില്‍…. ജീവിതത്തില്‍ ഇത് വരെ കേൾക്കാത്ത ശബ്ദങ്ങള്‍…..കസവ് നൂലിന്റെ  ഇഴ പിരിച്ചു കേൾക്കും പോലെ..ഒരിക്കലും പറഞ്ഞു മനസിലാക്കാന്‍ വയ്യാത്ത സൈക്കഡലിക്ക് സ്വപ്നലോകം. ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാത്ത ഒന്ന്….ഇതിനിടയില്‍ കടിഞ്ഞാണില്ലാതെ പറക്കുന്ന കുതിരയായി ഞാന്‍….നിയന്ത്രണമില്ലാത്ത അവസ്ഥയെ അകമനസ് കൊണ്ട് ഒരു ത്രീഡി സിനിമ കാണും പോലെ കണ്ടു… വഴി തെറ്റി പോകുമ്പോഴെല്ലാം അതെ പറ്റി ഒരു സമാന്തരബോധത്തില്‍ മനസിലാക്കി മനസിനെ നിയന്ത്രിച്ചു കൊണ്ടിരുന്നു….നല്ല സംഗീതം കൂട്ടിനുണ്ടായിരുന്നു. ദാഹിച്ചപ്പോള്‍ ജ്യൂസ് കഴിച്ചു. പിന്നെ എപ്പോഴോ സ്വപ്നലോകത്ത് നിന്നും റിയാലിറ്റിയിലേക്ക് പതുക്കെ ഇറങ്ങി വന്നു………..പിന്നീട് ഒരിക്കല്‍ കൂടി. അതോടെ ആ ആഗ്രഹവും നിന്നു……..ഒപ്പം ലഹരിയോടു എന്നന്നേക്കുമായി വിട പറഞ്ഞു…അത് കഴിഞ്ഞിട്ടിപ്പോള്‍ വർഷം പതിനേഴു….ഇനിയൊരിക്കലും എനിക്കാ അനുഭൂതി വേണ്ട എന്നും തീരുമാനിച്ചു.

                  മദ്യലഹരിയില്‍ ജീവിതം തുലച്ചവരെക്കാളോ അതിനു അടിമപ്പെട്ടവരെക്കാളുമോ എത്രയോ തുച്ഛമാണ് കഞ്ചാവ് വലിച്ചവര്‍ അതിനു അടിമകള്‍ ആയിപ്പോകുന്നത്. ഇത് വ്യക്തമാക്കുന്ന ആധികാരിക പഠനങ്ങള്‍ ഇന്ന് ഒട്ടേറെ ഉണ്ട്. പലപ്പോഴും ഈ വിഷയത്തില്‍ ശാസ്ത്രീയമായ പഠനങ്ങൾക്ക് കേരളത്തിലെ പത്രങ്ങളോ അക്കാദമികളോ വൈദ്യശാസ്ത്ര രംഗമോ ശ്രമിച്ചിട്ടില്ല എന്നത് ഖേദകരമാണ്… നിരോധനമല്ല വേണ്ടത് – നിയന്ത്രണമാണ്.. നിരോധനം കൊണ്ട് ഒന്നിയെയും നിയന്ത്രിക്കാന്‍ ആകില്ല എന്നത് ചാരായ നിരോധനത്തോടെ കേരളം കണ്ടതാണ്. അടിമപ്പെടുന്നവര്‍ എന്തിനും അടിമപെടും. കുറ്റവാസനകള്‍ ഉണ്ടെങ്കില്‍ അതും പ്രകടിപ്പിക്കും. അത് ഇത് കൊണ്ടല്ല. കുറ്റവാസനകള്‍ സഹജമായി ഉള്ളവരില്‍ ആ വാസന ഉദ്ദീപിപ്പിക്കാന്‍ ഇത് കാരണമായേക്കും എന്ന് മാത്രം. അതും ദീർഘനാളത്തെ ഉപയോഗം കൊണ്ടു മാത്രം. അല്ലാത്തവര്‍ ഇങ്ങനെ എത്തി ചേരുന്നത് നമ്മുടെ കൂടി കുറ്റം കൊണ്ടാണ്.

ഇന്ന് യുവാക്കൾക്ക് ജീവിതത്തില്‍ എന്ത് ബദലാണ് നമ്മള്‍ പകരം വെക്കുന്നത്? മതവും രാഷ്ട്രീയവും അവർക്കു ബോറടിച്ചു. അതില്‍ നിന്നുള്ള മോചനമാണ്‌ ഒരർത്ഥത്തില്‍ അവരും നോക്കുന്നത്. ജീവിതത്തിന്റെ മുരടിപ്പില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം. അമ്പതുകളില്‍ ഉണ്ടായ മുരടിപ്പില്‍ നിന്നുള്ള മോചനമായാണ് ബീറ്റ്നിക്ക് ഉണ്ടായത്.. അത് നമ്മുടെ സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും സർഗ്ഗാത്മകതയുടെയും  ലോകങ്ങളെ പുഷ്ടിപ്പെടുതുകയാണ് ചെയ്തത്… അതിനെ തുടർന്നുണ്ടായ ഹിപ്പി, ഫ്ലവര്‍ പവര്‍ മൂവ്മെന്റുകള്‍ ലോകത്തിന്റെ സാംസ്കാരിക മണ്ഡലം വിപുലപ്പെടുത്തുകയാണ് ചെയ്തത്.. ജോണ്‍ ലെനോനും ബോബ് ദില്ലനും യുവാക്കളോട് യുദ്ധം നടത്താനോ കൊള്ളയടിക്കാനോ ജനങ്ങളെ ശത്രുക്കളായി കാണുവാനോ അല്ല പറഞ്ഞത്. യുദ്ധത്തിനെതിരെ, സമാധാനത്തിനു വേണ്ടിയാണ് അവര്‍ പാടിയത്, സംഗീതം രചിച്ചത്…അതിന്റെ എല്ലാ ഗുണവും അനുഭവിക്കാന്‍ ഭാഗ്യമുണ്ടായ ഒരു തലമുറയാണ് നമ്മുടേത്‌. അവരുടെ ചില സൊകാര്യ ‘ദുശീലങ്ങള്‍’ ആർക്കും എതിരായിരുന്നില്ലല്ലോ.. സമൂഹത്തിനു എതിരായിരുന്നില്ല ഒരിക്കലും. അവര്‍ നമ്മുടെ ജീവിതം വേറെ ഒരു രീതിയില്‍ തിരിച്ചു വിട്ടവരാണ്. നമ്മെ കൂടുതല്‍ സംസ്കാരസമ്പന്നരാക്കിയവര്‍… ഒരു ബോബ് മർലിയും ഒരു മൈൽസ് ഡേവിസും ബോബ് ദില്ലനും ബീറ്റില്സും റോളിംഗ് സ്റ്റോണും പിങ്ക് ഫ്ലോയ്ഡും  അലന്‍ ഗിൻസ്ബർഗും ജാക്ക് കെരൗവാക്കും അയ്യപ്പനും സുരസുവും പവിത്രനും തൃത്താല കേശവനും ജോൺ എബ്രഹാമും ഇല്ലാത്ത ഒരു ലോകം എത്ര ശുഷ്കവും ദാരിദ്യ പൂർണ്ണവും ആയിരുന്നേനെ..

Comments

comments