കോട്ടയം എന്ന് കേട്ടാൽ കുഞ്ഞച്ചനെന്നും, തോമസ്‌ ചാക്കോയെന്നും, റബ്ബർ /അബ്കാരി തുടങ്ങി അച്ചായൻ പരിവേഷങ്ങളും ഒക്കെയുള്ള നാട്ടിലെ ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടംബത്തിൽ ജനിച്ച എന്നെ സംബന്ധിച്ചിടത്തോളം ലൈംഗികതയിലെ വ്യതസ്തത തിരിച്ചറിയാൻ അധികം കാലം വേണ്ടിവന്നില്ലെങ്കിലും ഞാൻ ഒരു സ്വവർഗാനുരാഗി ആണെന്ന് സ്വയം സ്വീകരിക്കുവാൻ വേണ്ടിവന്നത് 15 വർഷങ്ങൾ ആയിരുന്നു. ബാല്യം വിട്ടു കൗമാരകൌതുകങ്ങളുടെ ലോകത്തേക്ക് ചേക്കേറിയപ്പോൾതന്നെ മനസ്സിലാക്കിയതായിരുന്നു എന്റെ മാനസിക – വൈകാരിക അടുപ്പം ആണുങ്ങളോട് ആണെന്ന്, കുറച്ചുകൂടെ തെളിച്ചുപറഞ്ഞാൽ ആണുങ്ങളോട് മാത്രമാണെന്ന്. ആ തിരിച്ചറിവ് എന്നിലുണ്ടാക്കിയ മാനസികസങ്കോചം തന്നെയാണ് ഓരോ സ്വവർഗാനുരാഗിയും ജീവിതത്തിൽ നേരിടുന്ന ആദ്യ കനത്ത വെല്ലുവിളി. സ്വവർഗാനുരാഗമെന്നോ, ഗേ എന്നോ , ക്വിയർ എന്നോ, ഒന്നും ആ സമയത്ത് കേൾക്കാത്തതും അതിനെപ്പറ്റി അധികമായി അറിയാൻ അവസരങ്ങൾ  ഇല്ലാത്തതുമായി ബന്ധപെട്ടുള്ള പിരിമുറുക്കം ഒരു വശത്തും , ഗേഎന്ന് കേട്ടാൽ സ്വവർഗരതി എന്ന് മാത്രം മനക്കണ്ണിൽ കാണുന്ന മലയാളി പോതുബോധം മറുവശത്തുംകൂടിയായപ്പോൾ എൺപതുകളിൽ ജനിച്ചു തൊണ്ണൂറുകളുടെ ഒടുക്കം കൌമാരം പുല്കിയ സമപ്രായക്കാരുടെത് പോലെയായിരുന്നില്ല എന്റെ യൗവനാരംഭവും ദൈനംദിനജീവിതവും.

                    ഒരു ആണിന്നു പെണ്ണിനോടോ , ഒരു സ്ത്രീക്ക് പുരുഷനോടോ അടുപ്പം/ ലൈംഗികതാല്പര്യം ഇവ തോന്നുന്നത്/ തോന്നിതുടങ്ങുന്നത് എതിർലിംഗത്തിൽപെട്ട ആളുടെ ശാരീരിക ഇടപെടലുകൾ കൊണ്ടലല്ലോ. അപ്പോൾ പിന്നെ എങ്ങനെ ഒരാൾ സ്വവർഗാനുരാഗി ആയി എന്നുള്ള ചോദ്യത്തിന് പ്രസക്തിയില്ല. ഏതൊരു വ്യക്തിക്കും വളരെ ചെറുപ്പത്തിലെതന്നെ മത – സാംസ്കാരിക – ജൈവ – പ്രകൃതി – ചരിത്രബോധം ഇവയൊക്കെയായും അതിനുമുപരിയായും സാമാന്യബോധം സ്വയമായോ വിദ്യാഭ്യാസപരമായോ ലഭിക്കുമ്പോൾ ലൈംഗികതയെപ്പറ്റിയുള്ള ബോധം ലൈംഗികചിന്തകൾ ഉടലെടുക്കുന്ന പ്രായത്തിൽ മാത്രം തുടങ്ങുന്നു. ലൈംഗികത(Sexuality) എന്നാൽ ലിംഗതന്മ(gender identity), ലിംഗംഭേദപ്രകാശനങ്ങൾ (gender expressions) മുതലായ കാര്യങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത പ്രതിപാദ്യവിഷയമാണെന്നും എന്നാൽ ലൈംഗികചായ്വ് (sexual orientation)അഥവാ ഒരു വ്യക്തിക്ക് ഏത് ലിംഗത്തിൽപെട്ട ആളോടാണ് ലൈംഗിക-വൈകാരിക താല്പര്യം/ അടുപ്പം തോന്നുന്നത് എന് നഅടിസ്ഥാന ജൈവികതത്വം ലിഖിത – പഠനരൂപത്തിലില്ലാത്തത് ഒരു കൗമാരക്കാരനെ ചില്ലറയൊന്നുമല്ല കുഴപ്പത്തിലാക്കുന്നത്. നമ്മുടെ പാഠക്രമത്തിൽ ഇപ്പോഴും ലൈംഗികത പ്രത്യുൽപാദന കാര്യത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നതാണല്ലോ. സ്വവർഗലൈംഗികത എന്നാൽ മറ്റൊരാളുടെ ശാരീരിക ഇടപെടൽ കൊണ്ടോ സാഹചര്യമുതലെടുപ്പുകൾ കൊണ്ടോ ഉണ്ടാവുന്നതാണെന്ന മണ്ടൻധാരണ നിലനില്ക്കുന്നതും, ആണടയാളങ്ങൾ അന്തസിന്റെ ഭാഗമാക്കിയ പുരുഷത്തിന്റെ, ആണത്തത്തിന്റെ കുറവാണ് ഒരാളെ സ്വവർഗപ്രേമി ആക്കുന്നത് എന്നുള്ള അബദ്ധധാരണയും പാഠ്യപദ്ധതിയിൽ ആഖ്യാനവിഷയം ഇല്ലാതെ പോകുന്നതിന്റെ ഏറ്റവും വലിയതെളിവാണ്. ചുറ്റുമുള്ള കൂട്ടുകാർ പെണ്ണുങ്ങളെ വായ്നോക്കുന്ന കാര്യത്തിൽ വാചാലരാകുന്നതും സ്ത്രീശരീരവർണ്ണനകളിൽ അതീവ തല്പരരാവുന്നതുമൊക്കെ സ്കൂൾകാലഘട്ടത്തിൽ കണ്ടപ്പോൾ പക്ഷേ എനിക്കെന്തോ പോലെ തോന്നി. ഞാൻ എന്താ ഇങ്ങനെ?? എനിക്ക് മാത്രമെന്താ പെണ്ണുങ്ങളോട് ഒന്നും തോന്നാത്തത്, അത് മാത്രമല്ല; ആണുങ്ങളോടാണ് തോന്നുന്നതും. എന്നിൽ ഒരു സ്ത്രീ ഉള്ളതുകൊണ്ടാണോ ഇങ്ങനെ എന്ന് ആദ്യമൊക്കെ കരുതിയെങ്കിലും ആ ചിന്ത തെറ്റാണെന്ന് പിന്നീടു മനസ്സിലായി. ഒരു ആണിന് ആണായിരുന്നു കൊണ്ട് തന്നെ മറ്റൊരു ആണിനെ സ്നേഹിക്കാനും, ഒരുമിച്ചു ജീവിക്കാനും പറ്റും എന്നൊക്കെ മനസ്സിലാക്കാൻ അധികം വൈകിയില്ലെങ്കിലും അതൊക്കെ നമ്മുടെ നാട്ടിൽ സാധിക്കില്ല എന്നുള്ളതും, ഇത് വേറൊരാളോട് പറയാൻകൂടി സാധിക്കാത്തതുമൊക്കെയായി കൌമാരം കടന്നു പോയി. സ്ത്രീകളെ ഒരു വലിയവിഭാഗം പുരുഷസമൂഹം ഇപ്പോഴും അടക്കിഭരിക്കുന്നത്കൊണ്ടും, ഗേ എന്നാൽ സ്ത്രീ-സ്വഭാവം പ്രകടിപ്പിക്കുന്ന ആണുങ്ങൾ
ആണെന്നുള്ള തെറ്റിധാരണ പൊതുസമൂഹത്തിൽ ഉള്ളതുകൊണ്ടും, ഗേ ആൾക്കാർ അവരുടെ ലൈംഗികതയെ പറ്റി തുറന്നുപറയുന്നത് പൗരുഷത്തിനു ഭീഷണിയായി സമൂഹം കാണുന്നു. എന്നാൽ സ്വവർഗാനുരാഗം എങ്ങനെ എന്തുകൊണ്ട് എന്ന് തെല്ലൊന്നു മനസില്ലാക്കാൻ ശ്രമിച്ചാൽ മാത്രം മതി ഈ വിഷയത്തിൽ കൂടുതൽ സ്വീകാര്യത നേടാൻ. ഇന്റർനെറ്റ് നമ്മുടെ ചെറുപട്ടണങ്ങളിൽ തലയനക്കി തുടങ്ങിയപ്പോൾ എനിക്ക് 20-21 വയസ്സായി. ഗൂഗിളിൽ എറ്റവുമാദ്യം തിരഞ്ഞ കാര്യം മാൻ ലവിംഗ് മാൻ എന്നതാണെന്ന് ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. അന്ന് മോണിട്ടറിൽ തെളിഞ്ഞ അനേകം വിവരസമൃദ്ധമായ ലേഖനങ്ങൾ എനിക്ക് പുതിയൊരു ലോകത്തോടൊപ്പം സമ്മാനിച്ചത്‌ആത്മവിശ്വാസം മാത്രമായിരുന്നില്ല, ഗേ എന്ന പുതിയൊരു വാക്ക് കൂടിയായിരുന്നു. പിന്നിട് അതിനെ പറ്റിയായി തുടരന്വേഷണങ്ങൾ. ആരോ ഓർകുട്ടിനെ പറ്റി പറഞ്ഞതും ഓർക്കുട്ടിൽ ചേർന്നതുമാണ് മറ്റൊരു ഗേ വ്യെക്തിയെ അടുത്തറിയാൻ അവസരമൊരുക്കിയത്. ഓണ്‍ലൈൻ സൌഹൃദകൂട്ടങ്ങളിൽ നിന്നും കുറേ സുഹൃത്തുക്കളെ കിട്ടിയെങ്കിലും അവർക്കൊക്കെ സ്വവർഗലൈംഗികത ഒരു നേരമ്പോക്കോ, ശീലമോ മാത്രമാണെന്ന് മനസിലാക്കിയപ്പോൾ കൂടുതൽ സുഹൃത്തുക്കളെ തേടുന്നത് നിർത്തി. പിന്നീടുള്ള വർഷങ്ങൾ ഞാൻ ഒരു ഹെറ്റെറൊസെക്ഷ്വൽ ആണെന്ന് സ്വയം പഠിപ്പിക്കാൻ നോക്കിനടന്നില്ല. പി.ജി പഠനശേഷം ജോലിക്ക് പോകുമ്പോഴും, അധികം വൈകാതെ കല്യാണം എന്നാ മഹാസംഭവം എന്റെ നറുക്കിനായി അടുത്ത് വരുന്നത് എന്നിൽ അതീവഭീതി ഉളവാക്കി. ആ സമയത്താണ് വളരെ യാദൃശ്ചികമായി റിക്കി മാർട്ടിന്റെ കമിംഗ്ഔട്ട്‌ വീഡിയോ ഇന്റർനെറ്റിൽ കാണാൻ ഇടയായത്. ഞാൻ ഞെട്ടി. റിക്കി മാർട്ടിൻ ഗേ ആണെന്നു വിശ്വസിക്കാൻ പെട്ടന്നായില്ല. ആ വീഡിയോ വന്നതിന്റെ വാർത്തകൾ ഇന്റർനെറ്റിൽ പരതിയപ്പോൾ ഗൂഗിൾ മുത്തശ്ശി അതിനോടൊപ്പം ലോകത്തിലെ പ്രശസ്തരായിട്ടുള്ള ഗേ – ലെസ്ബിയൻ ആളുകളുടെ പട്ടികയും കാണിച്ചു തന്നു എന്നെ വീണ്ടും ഞെട്ടിച്ചു. അപ്പോൾ തോന്നിയ സന്തോഷം!

പിന്നീടു ഗവേഷണപഠനാർഥം യൂറോപ്പിലേക്ക് പോയപ്പോൾ, സ്കാൻഡിനേവിയൻ രാഷ്ട്രങ്ങൾ ഈ വിഷയത്തിൽ എത്രയോ വർഷങ്ങൾക്കു മുൻപേ തന്നെ അനുകൂല നിയമനിലപാടുകൾ എടുത്തതുമൂലം സ്വവർഗദമ്പതികൾ സർവസാധാരണമായ ഒരു കാഴ്ചയാകുന്നതും മറ്റും ആ നാട്ടിൽ ദീർഘകാലം നില്ക്കാൻ എന്നെ പ്രേരിപ്പിച്ചെങ്കിലും അപ്പോഴേക്കും കുടുംബത്തുള്ളവർ കല്യാണം കാപ്പാട് ഒക്കെയായി മുറവിളിയായി. അവധിക്കു നാട്ടിൽ വന്ന എന്റെ വിവാഹം ഉറപ്പിച്ചു. വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുമായി നല്ല സൌഹൃദത്തിൽ ആയിരുന്നെങ്കിലും ജീവിതകാലം മുഴുവൻ ആ കുട്ടിയെ പറ്റിക്കേണ്ടിവരുമല്ലോ എന്ന തോന്നൽ എന്നെ വല്ലാത്ത ആശയക്കുഴപ്പത്തിലാക്കി. എഴുത്തുകാരനും, ഒരു പ്രമുഖ മലയാളം മാസികയിൽ തന്റെ ഗേ വ്യക്തിത്വത്തെപ്പറ്റി തുറന്നുപറച്ചിൽ നടത്തിയ എന്റെ ഏറ്റവുമടുത്ത സുഹൃത്തുമായ കിഷോർ കുമാറിനെ ആയിരുന്നു ഞാൻ എറ്റവുമാദ്യം കല്യാണം ഉറപ്പിച്ച കാര്യം അറിയിച്ചത്. കല്യാണത്തിന് ക്ഷണിക്കാനായി അദ്ദേഹത്തെ വിളിച്ച ഞാൻ പക്ഷെ അങ്ങേരോട് ചൂടായിട്ടാണ് അന്ന് സംസാരം നിർത്തിയത്. എടാ, ജിജോ! നീ ഒരു പെണ്ണിനെ പറ്റിക്കാൻ പോവല്ലേ , അങ്ങനൊരു കല്യാണത്തിനു എന്റെ സാന്നിധ്യം ഉണ്ടാവില്ലഎന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വാക്കുകൾ ഗേ ആയതുകൊണ്ട് ജീവിതത്തിൽ ഒറ്റയ്ക്കായിപോയ ഒരാളുടെ അരിശമായിട്ടാണ് ആദ്യം എനിക്ക് തോന്നിയതെങ്കിലും പിന്നീടു ആലോചിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിൽ ശരി ഉണ്ടെന്നു ബോധ്യമായി.

പിന്നീടുള്ള കുറച്ചുദിവസങ്ങൾ കുറച്ചൊന്നുമല്ല എന്റെ ഉറക്കം കെടുത്തിയത്. ഒരു തീരുമാനം എടുക്കാൻ ആവുന്നുണ്ടായിരുന്നില്ല. ഒടുവിൽ ആ പെണ്‍കുട്ടിയോട് കാര്യം അവതരിപ്പിച്ചു. പുള്ളിക്കാരി അതിനെ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിച്ചു.ഓ അതിനെതാ! എന്നായിരുന്നു അവരുടെ പ്രതികരണം. എന്നെ പൂർണ്ണമായും മനസ്സിലാക്കിത്തന്നെ മുന്നോട്ടുപോവാൻ ആ കുട്ടി സമ്മതം അറിയിക്കുകയുംചെയ്തു. ഒരു സ്ത്രീയുമായി ലൈംഗികബന്ധം ഒക്കെ സാധ്യമാവും, പക്ഷെ എനിക്ക് ഞാനായി തന്നെ ജീവിക്കുവാൻ സാധിക്കില്ല. ഈ കാര്യം തുടർന്ന് വീട്ടിലും പറഞ്ഞു .ഡിം!!!!!!!!!!

അപ്പന്റെ വക ആത്മഹത്യാഭീഷണി, അമ്മേടെ വക നിരാഹാരം, ബന്ധുക്കളുടെ വക തന്തേനേം തള്ളേനേം വിഷമിപ്പിക്കാനായി പിറന്ന സന്തതി.. ഇത്യാദി സംഭാഷണങ്ങൾ ഒക്കെയായി കുറേ ആഴ്ചകൾക്കൊടുവിൽ കല്യാണം വേണ്ടെന്നു വെച്ചു. അന്നത്തോടെ ബന്ധുക്കൾ എന്ന വർഗ്ഗവുമായി ഒരു ബന്ധവും എനിക്കുണ്ടായിട്ടില്ല, കണ്ടാൽ പോലും ഏ ഹേ! ഞാൻ എന്തോ മഹാപാതകം ചെയ്ത മട്ടാണ് അവർക്കൊക്കെ ഇപ്പോഴും.

പക്ഷെ അതിനുശേഷം ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം , അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല. എങ്കിലും പിന്നീടുള്ള 2 വർഷം അതിലും കഠിനമായിരുന്നു. ഞാൻ ഗേ ആണെന്ന് പറയുമ്പോൾ കുണ്ടൻ എന്ന് മാത്രം കേൾക്കുന്ന മലയാളി മഹാന്മാരുടെ നാട്ടിൽ സ്വവർഗരതി മാത്രമല്ല സ്വവർഗാനുരാഗം എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ജീവിക്കുക ഒട്ടും എളുപ്പമല്ല. വിവാഹിതരല്ലാത്ത ആണിനും പെണ്ണിനും പോലും ഒരുമിച്ചു താമസിക്കാൻ വീട് കിട്ടാൻ പെടാപ്പാടുള്ള നമ്മുടെ നാട്ടിൽ ഗേ പങ്കാളികൾക്ക് ആ കാര്യം തുറന്നു പറഞ്ഞു കൊണ്ട് വീട് കിട്ടുക അസാധ്യം. സമപ്രായക്കാരായ നൂറ് കണക്കിന് ഗേ സുഹൃത്തുകൾ അപ്പോഴും ഇപ്പോഴും വിവാഹം ഒക്കെയായി ഭാര്യമാരെ പറ്റിച്ചു ജീവിക്കുമ്പോൾ അങ്ങനെ അല്ലാത്ത അനേകം ആളുകളെയും പരിചയപെട്ടു , ഓണ്‍ലൈൻ വഴിതന്നെ. അവർ ഒക്കെ ചേർന്ന് ഒരു ഓണ്‍ലൈൻ സൌഹൃദ കൂട്ടായ്മ രൂപീകരിക്കുകയും LGBT വിഷയങ്ങളിൽ ഞങ്ങളാൽ ആവുംവിധം സാമൂഹിക ഇടപെടലുകൾ നടത്താൻ തുടങ്ങുകയും ചെയ്തു. ഒരുവശത്ത് ലൈംഗികതയിലെ വ്യതസ്തത തുറന്നു പറയാൻ സാധിക്കാതെ വരുമ്പോഴുള്ള വിഷമവുമായി യുവാക്കൾ പാടുപെടുമ്പോൾ മറുവശത്ത് തുറന്നു പറഞ്ഞതിന് ശേഷവും നിർബന്ധിത വിവാഹങ്ങളും , സ്വവർഗാനുരാഗം ചികിത്സിച്ചു ഭേദമാക്കൽ തുടങ്ങിയ വ്യാജരീതികളും സജീവമായി നടക്കുമ്പോൾ ഞങ്ങളാൽ ആകും വിധം വിഷയവുമായി ബന്ധപെട്ടു നമ്മുടെ സമൂഹത്തിൽ ശക്തമായി നിലനില്ക്കുന്ന അബദ്ധധാരണകൾ കഴിയുന്നത്ര ഇല്ലാതാക്കാൻ ഉള്ള നിരന്തര ശ്രമങ്ങളുമായി രൂപം കൊണ്ട ക്വിയരള (queerala) എന്ന കൂട്ടായ്മ ഇന്ത്യയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഓണ്‍ലൈൻ സപ്പോർട്ട് സിസ്റ്റം ആയി വളർന്നു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 2-3 വർഷങ്ങളായി കേരള ലൈംഗിക സ്വാഭിമാന റാലിയുടെ സംഘാടനവുമായി ബന്ധപെട്ടു സഹകരിക്കുകയും , അകാദമിക് തലങ്ങളിൽ വിഷയസംബന്ധിയായി ചർച്ചകൾ നടത്തിവരികയും ചെയ്യുന്നതിനോടൊപ്പം മലയാളി LGBT സുഹൃത്തുകൾക്ക് പൂർണ്ണ പിന്തുണ നല്കുന്ന മറ്റു സുഹൃത്തുക്കളുടെ ശൃംഖല വിപുലീകരിക്കുകയും ചെയ്തു വരുന്നു. കുറച്ചുമാസങ്ങൾക്ക് മുൻപ് ഞങ്ങളുടെ പൊന്നോമന സുഹൃത്തും മലയാളിയുമായ ഗോവിന്ദ് അദ്ദേഹത്തിന്റെ പങ്കാളി ഓസ്ട്രേലിയകാരൻ അദ്രിയാനുമായുള്ള വിവാഹവാർത്തയും ചിത്രങ്ങളും, അതുപോലെ തന്നെ മലയാളികളായ സന്ദീപും കാർത്തിക്കും അമേരിക്കയിൽ വിവാഹിതരായതിന്റെ വീഡിയോയും പുറത്ത് വന്നപ്പോൾ മലയാളികൾ തനിനിറം കാണിച്ചു. ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം ഇഷ്ടപ്രകാരം, വീട്ടുകാരുടെ പൂർണ്ണസമ്മതത്തോടെ നടന്ന ഒരു കാര്യം, അതും സ്വന്തം നാട്ടിൽ നിയമസാധുത ഇല്ലാത്തതുകൊണ്ട് അന്യദേശത്ത് പോയി ആ നാട്ടിലെ നിയമത്തിന്റെ പിന്തുണയോടു കൂടി നടന്ന രണ്ട് വിവാഹങ്ങളെ മലയാളികൾ തെറി അഭിഷേകം നടത്തിയാണ് ഓണ്‍ലൈനിൽ ആഘോഷിച്ചത്; ധാരാളം പേർ വിഷയത്തെ അനുകൂലിച്ചു എങ്കിലും. മുഖ്യധാരാ മാധ്യമങ്ങൾ സ്വവർഗലൈംഗികത എന്ന വിഷയത്തെ മോശമായി ചിത്രീകരിക്കുകയും, വെറും ശീലക്കേടു മാത്രമാണ് സ്വവർഗപ്രേമം എന്നും മറ്റും ബുദ്ധിജീവികൾ പോലും പറയുകയും ചെയ്യുമ്പോൾ സമൂഹം അതിനെ വാസ്തവങ്ങൾ മനസ്സിലാക്കി അംഗീകരിക്കാൻ കൂട്ടാക്കില്ല. മറ്റനേകം സാമൂഹിക വിഷയങ്ങൾ ഉണ്ടല്ലോ ഇതിലും പ്രാധാന്യം അർഹിക്കുന്നത് എന്നിരിക്കെ തന്നെ ഈ വിഷയത്തിന്റെ തിക്തഫലങ്ങൽ നേരിട്ടനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് തന്നെയാണ് സുപ്രധാന വിഷയം. വിഷയത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്ന എന്നെപോലെയുള്ളവർ അത് ദിവസവും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഏറ്റവും അധികമായികേൾക്കുന്ന പരാതി, “വേറെ പണിയൊന്നുമില്ലേ ഡേയ്! ഇത് മാത്രമേ ഉള്ളോ മിണ്ടാൻ.ഗേ ആണെന്ന് എല്ലാവരും അറിഞ്ഞില്ലേ, ഇനി എന്താ നിങ്ങൾക്ക് വേണ്ടത്?” എന്ന മട്ടിലുള്ള ചോദ്യങ്ങളും പരിഹാസങ്ങളുമാണു. അതിനുള്ള മറുപടി പറയാൻ നില്ക്കാറില്ല. കാരണം ഇനിയും ചെയ്തു തീർക്കാനുണ്ട് അനേകം കാര്യങ്ങൾ! കഴിഞ്ഞ ആഴ്ച അമേരിക്കയിൽ എല്ലാ സംസ്ഥാനങ്ങളിലും സ്വവർഗവിവാഹങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള പ്രസ്താവന അവിടുത്തെ സുപ്രീംകോടതി പുറപ്പെടുവിച്ചപ്പോൾ ഇങ്ങു നമ്മുടെ കൊച്ചുകേരളത്തിൽ 3 – 4 ഗേ പിള്ളേർ അവർ ഗേആണെന്ന് തുറന്നു പറഞ്ഞു. ഇതൊരു ചെറിയ കാര്യമായി തോന്നിയേക്കാം, പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യം തന്നെ. കാരണം, മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നു. മഴവിൽ നിറം പാകിയ കിനാശ്ശേരി ഒന്നും സ്വപ്നം കാണുന്നില്ലെങ്കിലും അന്യന്റെ ലൈംഗികതയെ പഴി പറയാതെ അതിനെ സംസ്കാരത്തിന്റെയും, വിശ്വാസങ്ങളുടെയും പേരിൽ എതിർക്കാതെയുമിരിക്കുന്ന ഒരു ചുറ്റുപാടിൽ ജീവിക്കണം. അതിൽ കൂടുതൽ ഒന്നും വേണ്ട, അതിൽ കുറഞ്ഞതൊന്നും ഒട്ടും വേണ്ട!

നന്ദി

Comments

comments