രു തൂവാലയുടെ നാലു വശങ്ങളിലും ഞാൻ നിന്റേതാണു എന്ന് തുന്നിക്കൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. ഒരു പ്രണയാതുരയായ പെൺകുട്ടിയുടെ കണ്ണുകളിൽ കൊളുത്തിവെച്ച വിളക്ക് അവളുടെ കണ്ണുകളിൽ കാണാനുണ്ടായിരുന്നില്ല. മുട്ടോളമെത്തുന്ന ഒരു പാവാടയും അതിനു ചേരുന്ന ഇറുകിയതോ അയഞ്ഞതോ അല്ലാത്ത ഒരു ഉടുപ്പുമാണു അവൾ ധരിച്ചിരുന്നത്. ഒരു ചൂരൽ കസേരയിൽ ചാഞ്ഞുകിടന്ന് അത്യവശ്യം ഉയരമുള്ള മേശമേലേയ്ക്ക് കാലുകൾ കയറ്റി വച്ച് അത്രയും സൂക്ഷ്മതയോടെ അവൾ തുന്നിക്കൊണ്ടിരുന്നു. അവളുടെ ഇടതുവശത്ത് ഭംഗിയുള്ള ഒരു ട്രേയിൽ വർണ്ണനൂലുകളും പലവലിപ്പത്തിലുള്ള സൂചികളും ഉണ്ടായിരുന്നു. ജീവിതത്തിൽ ഇന്നുവരെ ഉപയോഗിച്ചിട്ടില്ലാത്തതുപോലെ അവ വൃത്തിയായി അടുക്കിവെച്ചിരുന്നു.

ഇനി ഞാൻ സംസാരിക്കേണ്ടത് അഭിനിവേശ ചരിത്രരചനയെപ്പറ്റിയാണു. ചരിത്രമെന്ന് കേൾക്കുമ്പോഴേയ്ക്കും നിങ്ങൾ നാലു കോട്ടുവായ് ഇട്ടുകാണുമെന്ന് എനിക്കറിയാവുന്നതുകൊണ്ട്, ഇല്ല! ആ സാഹസത്തിനു മുതിരുന്നില്ല. പക്ഷേ സമർത്ഥമാായി നമ്മെത്തന്നെ പറ്റിക്കാനായി ചമച്ചുണ്ടാക്കിയതാണു നമ്മളിന്നു പഠിക്കുന്ന ചരിത്രമെന്ന് പറയാതെവയ്യതാനും.

ഞാൻ ചരിത്രത്തെപ്പറ്റി പറഞ്ഞുതുടങ്ങിയ നേരത്ത് അപകടം മണത്തിട്ടെന്നപോലെ വാതിലിൽ ഒരു മുട്ടുകേട്ടിരുന്നു. മുട്ടുകയെന്നാൽ തികച്ചും കുലീനമായ ഒരു മുട്ടൽ. തുന്നിക്കൊണ്ടിരുന്ന തൂവാല മാറ്റിവച്ച് പെൺകുട്ടി ചെന്ന് വാതിൽ തുറക്കേണ്ടതാണു. പക്ഷെ ഇപ്പോൾ അവൾക്ക് ചെയ്യാനുള്ള ഒരേയൊരു കാര്യം തൂവാലതുന്നിക്കൊണ്ടിരിക്കുകയാണു എന്ന മട്ടിൽ അവൾ തുന്നിക്കൊണ്ടിരുന്നു. പക്ഷേ, ഞാൻ അത് ലോക്ക് ചെയ്തിട്ടില്ല, തുറന്നു വരൂ എന്ന് വിളിച്ചുപറഞ്ഞു. അതുമതിയായിരുന്നു കഥ മുന്നോട്ടുപോകാൻ. ആജാനബാഹുവായ ഒരാൾ മുറിയിലേക്ക് കടന്നുവന്നു.

അയാളുടെ പേരെന്തായിരുന്നുവെന്ന് എനിക്കറിയില്ല. നൂറ്റാണ്ടുകൾക്ക് പിന്നിൽനിന്നും വന്ന ഒരാളെപ്പോലെയുള്ളതരം അഴുക്കുപിടിച്ച കീറിയ ഉടുപ്പുകളും വളർന്നുതൂങ്ങിയ താടിയും മീശയും മുറിവു പറ്റിയ ശരീരവും എല്ലാം കൂടി അയാൾ ഏതോ നൂറ്റാണ്ടിൽ കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു യുദ്ധത്തിൽനിന്നും ഇറങ്ങിപ്പോന്നപോലെ തോന്നിച്ചു. അയാൾ വാതിൽ തുറന്നപ്പോഴേ ഞാൻ ഞെട്ടിയതാണു. ആരാണു ഇങ്ങനെ വിചിത്രമായ വേഷത്തോടെ ഒരാളെ കണ്ടാൽ ഞെട്ടാത്തത്? അവളല്ലാതെ. മൂന്നാമത്തെ വശത്തിൽ ഞാൻ എന്ന് തുന്നിത്തുടങ്ങുകയായിരുന്നു അവൾ. തൂവാലയിൽ നിന്നും കണ്ണെടുക്കാതെ പോയി കുളിച്ചു വരൂ. ഞാൻ ആഹാരം എടുത്തുവെയ്ക്കാം. അവൾ പറഞ്ഞു. വലിയ ട്രങ്കുപെട്ടിയും ചെറിയ തോൾസഞ്ചിയും മുറിയിൽവെച്ച് അയാൾ കുളിമുറിയിലേക്ക് പ്രാഞ്ചി പ്രാഞ്ചി നടന്നു. അപരിചിത്വം ഇത്ര നിസാരമായ ഒന്നാണെന്ന് ഇത്രകാലംകൊണ്ടും ഞാൻ മനസ്സിലാക്കിയിരുന്നില്ല.

അവ്യക്തമായ ഇംഗ്ലീഷിലും ദേവനാഗിരി ലിപിയിലും ആ പെട്ടിയ്ക്കുമേൽ എന്തോ എഴുതിവെച്ചിരുന്നു. നിങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം അയാൾ കുളിച്ചുവരാൻ എടുത്തേയ്ക്കുമെന്ന് എനിക്കറിയാമായിരുന്നുപക്ഷെ എന്റെ കണക്കുകൂട്ടലിലും കൂടുതൽ സമയമെടുത്താണു അയാൾ കുളിച്ചുവന്നത്. അന്നേരം പെൺകുട്ടി നാലാമത്തെ വശത്തിന്റെ അവസാന അക്ഷരം തുന്നുകയായിരുന്നു. പിന്നീട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ അയാളുടെ മുറിവുകൾ മരുന്നുവെച്ചുകെട്ടാൻ തുടങ്ങി. ഇടതുകൈത്തണ്ടയിൽ ആഴത്തിലൊരു മുറിവുണ്ടായിരുന്നു. എന്തെന്നറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അഭിസംബോധന ചെയ്യുംപോലെ എന്നാൽ അത്രമേൽ കരുണയോടെ സ്നേഹത്തോടെ അവൾ അയാളെ ചുംബിച്ചു. പിന്നെ ഞാൻ ആഹാരമെടുത്തുവെയ്ക്കാമെന്ന് പറഞ്ഞ് അകത്തേയ്ക്കുപോയി.

അയാൾ ഒരു മാന്യനാണെന്ന് ആഹാരം കഴിക്കുന്ന രീതികണ്ടാൽ അറിയാം. അതുമാത്രമല്ല ഒരു പട്ടാളക്കാരനാണെന്നും ഏറെനാളുകൾക്ക് പിന്നിൽനിന്നും വന്നതാണെന്നും മനസ്സിലാകുമായിരുന്നു. വലിയൊരു യുദ്ധം കഴിഞ്ഞ് ഉറങ്ങാത്ത രാവുകൾ താണ്ടി വന്നതുകൊണ്ടോ എന്തോ ഊണുകഴിഞ്ഞ് അയാൾ ഉറങ്ങുവാൻ തുടങ്ങി.

അയാൾ ഇപ്പോൾ ഉറങ്ങുകയാണു ഒരാവലാതികളുമില്ലാതെ അത്രമേൽ ശാന്തനായി സമാധാനത്തോടെ, പെൺകുട്ടി, ഉമ്മറക്കോലായിൽ വാതിലിനിപ്പുറം ഇടേണ്ട ചവിട്ടി ഉണ്ടാക്കുകയായിരുന്നു. പെണ്ണുങ്ങളുടെ ആകാംക്ഷയ്ക്കുണ്ടോ അതിരും പതിരും തിരിച്ചറിയുന്നു. അയാൾ ആരാണെന്നും എന്തിനിവിടെ വന്നുവെന്നും ഇത്രനാൾ എവിടെയായിരുന്നുവെന്നും എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. പെൺകുട്ടിയോട് ചോദിച്ചപ്പോൾ നിങ്ങളെക്കാൾ നന്നായി എനിക്കെങ്ങനെ അറിയാമെന്ന് അവൾ കൈമലർത്തി. ഒരു പരിചയവുമില്ലാത്ത ഒരുത്തനെ വീട്ടിൽ കയറ്റിയതെന്തിനെന്ന് ഞാൻ കണ്ണുതുറിക്കുന്ന നേരത്ത് പൂർത്തിയാകാത്ത ചവിട്ടിയെ ഉപേക്ഷിച്ച് അവൾ എന്നേയുംകൊണ്ട് എഴുത്തുമുറിയിലേക്ക് പോയി.

ഒരു പെൺകുട്ടി ഇത്രമാത്രം എഴുതിക്കൂട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അവൾ എല്ലായ്പ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതാണു ഞാൻ കാണാറുള്ളത്. അതിനിടയ്ക്ക് എപ്പോഴാണു ഈ എഴുത്തും വായനയുമൊക്കെ.

വെളുത്ത കടലാസിൽ ഇളംപിങ്ക് നിറമുള്ള മഷികൊണ്ട് എഴുതി ഒരുമിച്ചടുക്കി കെട്ടിവെച്ചിരിക്കുന്നു. ഭംഗിയുള്ള കട്ടിപ്പുറംചട്ടയുള്ള പുസ്തകങ്ങൾ. അരികിൽ അലങ്കോലമായി കിടക്കുന്ന എഴുത്തുമേശ. അടച്ചും തുറന്നും വെച്ച പുസ്തകങ്ങൾ. എഴുതി പകുതിയാക്കിയ കടലാസുകൾ. നിറമുള്ള കുറച്ചു മുത്തുകൾ. അങ്ങിനെയങ്ങിനെ.

അന്തിച്ചു നിൽക്കുന്ന എന്നെ കസേരയിലേക്ക് പിടിച്ചിരുത്തി അവൾ വെറുംനിലത്തേയ്ക്ക് ഊർന്നുവീണു. മുത്ത് താഴെവീഴുംപോലെ സംസാരിച്ചുതുടങ്ങി. യുദ്ധങ്ങളെപ്പറ്റി എന്താണു മനസ്സിലാക്കിവെച്ചിരിക്കുന്നത്? എന്റെ മറുപടി എന്തുതന്നെയായിരുന്നാലും അത് തന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്നപോലെ അവൾ സംസാരിച്ചുകൊണ്ടിരുന്നു. യുദ്ധങ്ങൾ ലോകപുനർനിർമ്മാണ കാര്യങ്ങളാണു. മാറ്റം ഉണ്ടായല്ലേ പറ്റൂ. എല്ലാം ഉടച്ചുവാർക്കപ്പെടണം. കഴുകി വൃത്തിയാക്കപ്പെടണം. ഏറ്റവും നല്ല ബുദ്ധി ഉപയോഗിക്കപ്പെടണം. ഏറ്റവും ആഴത്തിലുള്ള ചിന്തകൾ ഉണ്ടാകണം. പിന്നെ ശക്തരായവർ മാത്രം നിലനിൽക്കണം. തീർച്ചയായും അതൊരു വലിയ കാര്യമാണു. അതിനു വലിയ വില നൽകേണ്ടിവരും. പുഴുക്കളെപ്പോലെ മനുഷ്യർ ചത്തുവീഴും. നേതാവും പടയാളിയും ഒരേയിടത്തിലിരുന്ന് യുദ്ധം ചെയ്യേണ്ടിവരും. നാലു നാളുകൊണ്ട് വെറുമൊരു ഭടൻ സേനാനായകനാകും. രാജാവാകാനും മതി.

ഇളിവളിത്രമാത്രം സംസാരിക്കുമെന്നുമാത്രമാണു എനിക്കു മനസ്സിലായത്. പണ്ടേ വായിക്കുന്ന പിള്ളേറെ കണ്ടൂടായിരുന്നു. എഴുതുന്നവരേയും. എന്നാലും കഥയെഴുതുന്ന പെൺപിള്ളേരു കൊള്ളാം. പക്ഷേ ഈ തരത്തിലുള്ള ചിന്ത കൊണ്ടുനടക്കുന്നവരെ സഹിക്കാൻ വയ്യ, അങ്ങേയറ്റം പാടാണു.

ഇറ്റലിയുടെ ആദർശങ്ങൾ, ഇന്ത്യയിലെ പ്രഭുക്കന്മാർ, കോളനിവാഴ്ച, കുന്തം, കുടചക്രം, റോമക്സ് ഫീൽഡിലെ മുത്തശ്ശി പറഞ്ഞ കഥകൾ, റായ് മുത്തശ്ശന്റെ ഡയറിക്കുറിപ്പുകൾ എനിക്ക് വട്ട് പിടിച്ചുതുടങ്ങി.

കഥയുടെ ഈ രംഗത്തിലേയ്ക്ക് അയാൾക്ക് കടന്നുവരേണ്ടതുണ്ട് എന്നതുകൊണ്ട് മാത്രമല്ല, എനിക്ക് മനസ്സിലാവുന്നില്ല എന്നവൾക്ക് ബോധ്യപ്പെടുത്താൻ കൂടി വേണ്ടിയായിരുന്നു ചോദിച്ചത്. ഇക്കൂട്ടത്തിൽ പ്രേമകഥയൊന്നുമില്ലേ?

യുദ്ധത്തിന്റെയിടയ്ക്കാണു ഏറ്റവും നല്ല പ്രണയങ്ങളൊക്കെയും ഉണ്ടായിട്ടുള്ളത്. ആശുപത്രിയിലെ നഴ്സുമാർ രാജ്യം നോക്കാതെ ആളുകളെ പ്രണയിച്ചത്. ട്രഞ്ചുകളിലിരുന്നു കത്തെഴുതുന്ന ഒരു പട്ടാളക്കാരന്റെ പടം. എനിക്ക് ചിരിവന്നു. ഇതാണോ പ്രണയകഥ? ശ്രീദേവിയുടേയും ജോയ്സിയുടേയും കഥയൊന്നും വായിക്കാത്തതുകൊണ്ടാണു. എന്റെ മനസ്സു വായിച്ചിട്ടോ എന്തോ അതെല്ലാം തിരികെ അടുക്കിവച്ചുകൊണ്ട് അവൾ പറഞ്ഞു ഇനിയത്തെ പ്രണയകഥ അയാൾ പറയും.

സൂപ്പ് ഊതിക്കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അയാൾ ഞങ്ങളെ രണ്ടുവട്ടം മുഖമുയർത്തിനോക്കി. സൂപ്പിന്റെ കപ്പ് താഴെവെച്ച് എഴുന്നേറ്റ് മൂരിനിവർന്നു. പിന്നെ പതുക്കെ പറഞ്ഞുതുടങ്ങി.

പട്ടാളക്കാരന്റെ കഥ

ഒരു പട്ടാളക്കാരനായതുകൊണ്ടുതന്നെ എനിക്ക് കഥ പറയാൻ അറിയുകയില്ല. എങ്കിലും നൂറുവർഷങ്ങൾക്കിപ്പുറത്തേയ്ക്ക് ഞാൻ വരുമ്പോൾ മിണ്ടാതിരിക്കാനാവില്ലെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എനിക്കു പറയാനുള്ളത് ഒരു പട്ടാളകഥയല്ല. പ്രണയകഥയാണു.

(കഥാകാരി ഇടയ്ക്കുകയറി ഒന്നും പറഞ്ഞുകൂടാത്തതാണു. എങ്കിലും പറയാതെ വയ്യ. അതെനിക്ക് ഇഷ്ടമായി. പക്ഷേ ചരിത്രകാരിയ്ക്ക് ഒരു കൂസലുമില്ല).

യുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു എന്നറിഞ്ഞിരുന്നു. പട്ടാലക്യാമ്പിൽ പ്രഭുക്കന്മാരുടെ ദൂതന്മാർ കയറിയിറങ്ങി. ഇടയ്ക്കു കിട്ടുന്ന കടലാസിൽ യുദ്ധകഥകൾ അച്ചടിച്ചുവന്നു. പോകണമെന്നറിയാമായിരുന്നു. ക്യാമ്പിലെ തത്വജ്ഞാനി പറഞ്ഞു. ലോകരാഷ്ട്രങ്ങൾ ഭരണങ്ങൾ എല്ലാം അലങ്കോലപ്പെട്ടുകിടക്കുകയാണു. ഇതൊരു ശ്രമമാണു. നമ്മളും ഒരു കൈവയ്ക്കുന്നു. അത്രമാത്രം.

പോകുന്നതിനു ഒരുദിവസം മുമ്പേ എനിക്ക് പത്മയുടെ കത്തുകിട്ടി. അവളുടെ പ്രണയം, ഓരോ വാക്കിലും ഒളിപ്പിച്ചുവെച്ച സ്നേഹം. ഞങ്ങളുടെ കുഞ്ഞിന്റെ ആദ്യത്തെ അനക്കം. പിന്നേ എനിക്കു വേണ്ടി അവൾ തുന്നുന്ന കമ്പിളിക്കുപ്പായം. ആ കത്ത് ഓരോ രാത്രിയിലും വായിച്ചുവായിച്ചു നുരുമ്പിച്ചുപോയി.

യുദ്ധം അത്രമേൽ ഭീകരമാായിരുന്നു. ഒരുവാക്കുപോലും ഉരിയാടാതെ ദിവസങ്ങൾ തള്ളിനീക്കി. ആരെന്നുമെന്തെന്നുമറിയാതെ എത്ര പേരെ ഞാൻ തന്നെ കൊന്നുതള്ളിയെന്നോ? ഏതൊക്കെയോ നാട്ടുകാർ, ഏതൊക്കെയോ ഭാര്യമാർ കാത്തിരിക്കുന്ന ഭർത്താക്കന്മാർ. ഇടയ്ക്ക് ഒരുത്തന്റെ തോൾ സഞ്ചിയിൽ നിന്ന് എനിക്ക് അവൻ ഭാര്യയ്ക്കെഴുതിയ കത്തുകൾ കിട്ടി. അന്നു രാത്രിയിൽ ഞാനുറങ്ങിയിട്ടില്ലെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എത്രയോ ദിവസങ്ങൾ മൃതശരീരങ്ങളുടെ കൂടെ കിടന്നുറങ്ങി. ആരുടെയൊക്കെയോ തോൾസഞ്ചിയിൽ നിന്നും ഇൻലന്റുകൾ മോഷ്ടിച്ച് പത്മയ്ക്കെഴുതിക്കൊണ്ടിരുന്നു. ഇല്ലെങ്കിൽ ഞാൻ മരിച്ചു പോയേനെ. ബ്രിട്ടനിലേയും ഇന്ത്യയിലേയും പ്രഭുക്കന്മാർക്ക് ഒരുമിച്ചുനിൽക്കാൻ, ശക്തി കാണിക്കാൻ, സാമ്രാജ്യത്വ ശക്തികൾ നിലനിൽക്കാൻ എനിക്ക് ട്രഞ്ചുകളിലിരുന്ന് യുദ്ധം ചെയ്യേണ്ടായിരുന്നുപക്ഷേ എന്റെ വീട്ടിലെത്തിയാൽ മതിയായിരുന്നു. അവളുടെ വിരലുകളിൽ ഉമ്മ വെച്ചാൽ മതിയായിരുന്നു. പക്ഷേ ആയുധങ്ങൾക്കിടയിലൂടെ, അത്ര കനത്ത സംവിധാനങ്ങൾക്കിടയിലൂടെ എനിക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ആളെണ്ണിക്കൊണ്ടുപോയവരെയൊന്നും തിരികെ കൊണ്ടുവരാൻ ആരുമില്ലായിരുന്നു. എനിക്ക് നാട്ടിലേയ്ക്ക് വരാതെ പറ്റില്ലായിരുന്നു ഞങ്ങളുടെ കുഞ്ഞിനെ കാണാതെ വയ്യായിരുന്നു. പട്ടാളക്കാരൻ കഥ പറഞ്ഞ് നിർത്തുമ്പോൾ ചരിത്രകാരിക്ക് കണ്ണു നിറഞ്ഞിരുന്നു. അയാളുടെ കവിളിൽ ഉമ്മ വെച്ച് അവൾ പതിയെ എഴുന്നേറ്റു. അകത്തെ മുറിയിൽ ഇത്രനാളും ഞാൻപോലും കാണാതെ ഒളിച്ചുവച്ചിരുന്ന കമ്പിളിക്കുപ്പായങ്ങൾ എടുത്തുകൊണ്ടുവന്നു. മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ആ ഉടുപ്പുകൾ അയാൾ തിരിച്ചറിയുമെന്ന് എനിക്കറിയാമായിരുന്നു.

പ്രിയമുള്ളവരേ ഇനി കഥാകാരിക്ക് അരങ്ങിലിടമില്ല. ഞാനിറങ്ങുമ്പോൾ ഒരു ചുവന്ന പട്ടുസാരിയുടുത്ത് അതിന്റെ ഒരറ്റം തലയിലിട്ട് അവൾ ഒരു കമ്പിളിക്കുപ്പായം തുന്നുകയായിരുന്നു.

Comments

comments